തര്‍ജ്ജനി

കടലാസുകപ്പല്‍

ദിശാസൂചികള്‍

‘ഇതു ഞാന്‍ വിശ്വസിക്കുന്നു’ എന്ന സമാഹാരത്തില്‍ നൂറോളം കുറിപ്പുകളുണ്ട്. ജീവിതത്തിന്റെ നാനാതുറകളില്‍ വിജയംനേടിയ, പ്രശസ്തരും അപ്രശസ്തരുമായ മനുഷ്യരോട് സ്വന്തം വിശ്വാസസംഹിതകളെ ആറ്റിക്കുറുക്കിയെടുത്ത് അഞ്ചുമിനിറ്റുകൊണ്ടു് വായിച്ചുതീര്‍ക്കാവുന്നമട്ടില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉടലെടുത്തതാണ് ഈ ചെറുലേഖനങ്ങള്‍. ഒരറ്റത്തുനിന്ന് അന്ധവിശ്വാസവും അസഹിഷ്ണുതയും, മറ്റേയറ്റത്തുനിന്ന് ദോഷൈകദൃഷ്ടിയും ശൂന്യതാവാദവും ലോകത്തിനുമേല്‍ പിടിമുറുക്കുമ്പോള്‍ നമ്മളെക്കാള്‍,ഏറെവ്യത്യസ്തരല്ലാത്ത ഈ മനുഷ്യര്‍ എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങള്‍ക്കാവശ്യമായ ഗതികോര്‍ജ്ജം കണ്ടെത്തുന്നതെന്ന് നോക്കിക്കാണുന്നത് ചിന്തോദ്ദീപകവും കൌതുകകരവുമാണ്.

ഈ സമാഹാരത്തില്‍ നിന്നുള്ള ഒരു കുറിപ്പ് പൂര്‍ണ്ണരൂപത്തില്‍ താഴെകൊടുക്കുന്നു. ഇതെഴുതിയ ഡോക്ടര്‍ ബെഞ്ജമിന്‍ കാഴ്സണ്‍ വിഖ്യാതമായ ജോണ്‍സ് ഹോപ്കിന്‍സ് ശിശുചികിത്സാകേന്ദ്രത്തിലെ ഡയറക്ടറാണ്. സയാമീസ്ഇരട്ടകളെ വേര്‍പെടുത്തുന്നതിലും ചുഴലിരോഗം ഭേദപ്പെടുത്തുന്നതിനു് തലച്ചോറില്‍ നടത്തുന്ന ശസ്ത്രക്രിയകളിലും വിദഗ്ധനാണ് അദ്ദേഹം. കോളജ് വിദ്യാര്‍ത്ഥികള്‍ക്കു് സാമ്പത്തികസഹായം നല്കാനായി അദ്ദേഹം സ്ഥാപിച്ച സ്കോളര്‍ഷിപ്പ് രണ്ടായിരത്തോളം പേരെ ഇതിനകം സഹായിച്ചുകഴിഞ്ഞു. അമ്മ അദ്ദേഹത്തോടൊപ്പം വിശ്രമജീവിതം നയിക്കുന്നു.

കുട്ടികളെ വളര്‍ത്തുന്നതിനെക്കാള്‍ പ്രധാനപ്പെട്ട ജോലി ഇല്ല
ബെഞ്ജമിന്‍ കാഴ്സണ്‍

എന്റെ വിശ്വാസം ഏറ്റവും ലളിതമായി ഇങ്ങനെ പറയാം: ഞാന്‍ എന്റെ അമ്മയില്‍ വിശ്വസിക്കുന്നു. ഒരു ഡോക്ടറായിത്തീരണമെന്ന് സ്വപ്നംകണ്ടുനടന്നിരുന്ന കുട്ടിക്കാലംതൊട്ടേ ഈ വിശ്വാസം എന്നോടൊപ്പമുണ്ടായിരുന്നു.
എന്റെ അമ്മ ഒരു വീട്ടുജോലിക്കാരിയായിരുന്നു. താന്‍ വേലയ്ക്കുപോകുന്ന വീടുകളില്‍ നിന്ന് അവര്‍ കണ്ടുമനസ്സിലാക്കിയ വസ്തുതയാണ് ജീവിതവിജയംനേടിയവര്‍ ടെലിവിഷന്‍ കാണുന്നതിലും വളരെയേറെ സമയം വായനയ്ക്കു ചെലവഴിയ്ക്കുന്നുണ്ടെന്ന്. അതിനെത്തുടര്‍ന്ന് ഞങ്ങള്‍ രണ്ടുമക്കളും ആഴ്ചയില്‍ രണ്ടോ മൂന്നോ തെരഞ്ഞെടുത്ത ടിവി പരിപാടികള്‍ മാത്രമേ കാണാന്‍ പാടുള്ളൂ എന്ന നിബന്ധന നടപ്പിലായി. ബാക്കി സമയത്ത് ഡിട്രോയ്റ്റ് പബ്ലിക് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങളെടുത്ത്, ആഴ്ചയില്‍ ഒന്നോ രണ്ടോ എണ്ണം വായിച്ച്, അവയെക്കുറിച്ച് റിപ്പോര്‍ട്ടെഴുതി അമ്മയ്ക്കു കൊടുക്കണം. അവരതുവായിച്ച് അതില്‍ പ്രധാനഭാഗങ്ങള്‍ അടയാളപ്പെടുത്തുകയും ചിലയിടത്ത് ശരിയടയാളങ്ങളിടുകയും ചെയ്യും. ഈ അടയാളങ്ങള്‍ അമ്മയുടെ സൂത്രമായിരുന്നു എന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. അക്ഷരാഭ്യാസമില്ലായിരുന്ന അമ്മയ്ക്ക് ഞങ്ങളെഴുതുന്നതു് വായിച്ചുമനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല.

പണമില്ലാത്ത കുടുംബത്തില്‍ വളരുമ്പോഴും, പുസ്തകങ്ങളുടെ ലോകത്തില്‍ എവിടെയും സഞ്ചരിക്കാനും, എന്തുംനേടാനും, ആരുമായിത്തീരാനും എനിക്കും കഴിഞ്ഞു.

ഹൈസ്കൂളില്‍ ചേരുമ്പോള്‍ സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. എന്നാല്‍, വൈകാതെ അതില്‍ മാറ്റംവന്നു. വിലകൂടിയ ഉടുപ്പുകളണിയാനും സുഹൃത്തുക്കളോടൊത്തു കൂട്ടുകൂടിനടക്കാനും ജനപ്രീതിനേടാനുമായിഎന്റെ മോഹം. പഠിത്തത്തില്‍ പിന്നോക്കമായതില്‍ ഞാന്‍ സങ്കടപ്പെട്ടില്ല. കൂട്ടുകാരുടെ അംഗീകാരവും ആരാധനയും എനിക്കു് ധാരാളമായിരുന്നു.

ഒരുദിവസം, ഒന്നിലധികം സ്ഥലത്തെ ജോലികഴിഞ്ഞു രാത്രി വീട്ടിലെത്തിയ അമ്മയോട് ഇറ്റാലിയന്‍ ഷര്‍ട്ടുകളുടെ എണ്ണം കുറഞ്ഞുപോയതിനെപ്പറ്റി ഞാന്‍ പരാതിപറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു: “ശരി. കക്കൂസുകഴുകിയും തറതുടച്ചും ഈയാഴ്ച ഞാനുണ്ടാക്കിയ പണംമുഴുവന്‍ നിനക്കു തരാം. ഭക്ഷണവും വീട്ടിലെ മറ്റാവശ്യങ്ങള്‍ക്കുമുള്ള പണം നീ കൊടുക്കുക. ബാക്കിവരുന്നതുകൊണ്ട് എത്ര ഇറ്റാലിയന്‍ ഷര്‍ട്ടു് വേണമെങ്കില്‍ നീ വാങ്ങിക്കോ.”

എനിക്കു് സന്തോഷമായി. എന്നാല്‍, ആ പണം ചെലവാക്കിത്തുടങ്ങിയപ്പോഴാണ് അത് ഒന്നിനും മതിയാകില്ലെന്ന് വ്യക്തമായത്. പാര്‍പ്പിടത്തിനും ഭക്ഷണത്തിനും പുറമേ ഞങ്ങളുടെ മറ്റാവശ്യങ്ങളും സാധിക്കാന്‍ കഴിയുന്ന അമ്മ ഒരു സാമ്പത്തികപ്രതിഭയില്‍ കുറഞ്ഞൊന്നുമല്ലെന്ന് ഞാന്‍ മനസ്സിലാക്കി.

ആനന്ദത്തിലേക്കുള്ളകുറുക്കുവഴികള്‍ എന്നെ എങ്ങുമെത്തിക്കില്ലെന്ന് അന്നെനിയ്ക്കു വ്യക്തമായി. വിജയത്തിലെത്തിച്ചേരാന്‍ ബൌദ്ധികമായ നീണ്ടതയ്യാറെടുപ്പ് ആവശ്യമാണ്.

ഞാന്‍ വീണ്ടും പഠിത്തത്തില്‍ ശ്രദ്ധിയ്ക്കുകയും നല്ലമാര്‍ക്കു് നേടുകയും ചെയ്തു. ഡോക്ടറായിത്തീരാനുള്ള എന്റെ ആഗ്രഹവും കാലാന്തരത്തില്‍ സഫലമായി.
ബുദ്ധിമുട്ടുള്ള ശസ്ത്രക്രിയകള്‍ ചെയ്യേണ്ടിവന്നപ്പോഴും, രോഗം എന്റെ സ്വന്തം ശരീരത്തെ ആക്രമിച്ചപ്പോഴും, എന്നല്ല എന്റെ ജീവിതകാലം മുഴുവന്‍തന്നെ, അമ്മയുടെ അചഞ്ചലമായ ദൈവഭക്തി എനിക്കു് കരുത്തുപകര്‍ന്നു.

കുറച്ചുകൊല്ലംമുമ്പ്, പെട്ടെന്നു പടരുന്ന ഒരുതരം പ്രോസ്റ്റെയ്റ്റ് കാന്‍സര്‍ എന്നെ ബാധിച്ചു. എന്റെ സുഷുമ്നാനാഡിയിലേക്ക് അതു വ്യാപിച്ചിരിക്കാം എന്നായിരുന്നു ഊഹം. എന്നാല്‍, ഇളകാത്ത ദൈവവിശ്വാസിയായ അമ്മ ഒരിയ്ക്കലും അതോര്‍ത്തു വ്യാകുലപ്പെട്ടില്ല. ദൈവത്തിന് എന്നെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞിട്ടില്ലെന്നും, അതുകൊണ്ട് രോഗത്തിന് എന്നെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അവര്‍ വിശ്വസിച്ചു. നട്ടെല്ലിലെ വളര്‍ച്ച നിരുപദ്രവമാണെന്ന് വൈകാതെ വ്യക്തമായി. ശസ്ത്രക്രിയയെത്തുടര്‍ന്ന് ഞാന്‍ പൂര്‍ണ്ണമായും രോഗവിമുക്തനായി.

എന്റെകഥ വാസ്തവത്തില്‍ എന്റെ അമ്മയുടെ കഥയാണ് – പണമോ അക്ഷരാഭ്യാസമോ ഇല്ലാത്ത ഒരു സ്ത്രീ അമ്മയെന്നുള്ള സ്ഥാനം ഫലപ്രദമായി ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള അനേകം മനുഷ്യജീവിതങ്ങളെ മെച്ചപ്പെടുത്തിയ കഥ. കുട്ടികളെ വളര്‍ത്തുന്നതിനെക്കാള്‍ പ്രധാനപ്പെട്ട ഒരു ജോലി ഇല്ല. ഇതു ഞാന്‍ വിശ്വസിക്കുന്നു.

Subscribe Tharjani |