തര്‍ജ്ജനി

കവിതയുടെ നിര്‍വ്വചനങ്ങള്‍

കവിത കേള്‍ക്കാനും വായിക്കാനും പറ്റും. ചിലര്‍ക്ക്‌ കേട്ടു മനസ്സിലാക്കാനാണ്‌ ഇഷ്ടം. ചിത്രകാരനായ ഒരു സുഹൃത്തിന്‌ കവിത കേള്‍ക്കുന്നത്‌ ഇഷ്ടമല്ല. വായിക്കാനാണ്‌ ഇഷ്ടം. ഇപ്പോഴത്തെ കവിതകള്‍ മിക്കവാറും ഗദ്യത്തിലാകയാല്‍ വായനയാണ്‌ ആവശ്യപ്പെടുന്നതെന്ന്‌ പറയാം. കവിത ഉറക്കെ ചൊല്ലുകയോ ഈണത്തില്‍ ചൊല്ലുകയോ ചെയ്യുന്ന ഏര്‍പ്പാട്‌ ചുരുങ്ങിച്ചുരുങ്ങി വന്നിട്ടുണ്ട്‌. എന്റെ ചില കവിതകള്‍ ചൊല്ലാനോ പറയാനോ എനിക്ക്‌ തോന്നാറില്ല. പറയാന്‍ പറ്റാത്ത, പാടാന്‍ പറ്റാത്ത കാര്യങ്ങള്‍ എഴുതിക്കൊടുക്കുന്ന മട്ടിലാണ്‌ അത്തരം കവിതകള്‍. പുതിയ കവിതകള്‍ ഗദ്യത്തിലാകയാല്‍ ചില സാധ്യതകള്‍ ഉണ്ട്‌. പദ്യത്തില്‍ വെളിപ്പെടുത്താന്‍ പറ്റാതിരുന്ന ചില അനുഭവങ്ങള്‍ ഗദ്യത്തില്‍ വെളിപ്പെടുത്താം.

ഗദ്യം പദ്യത്തെ അപേക്ഷിച്ച്‌ കെട്ടുപാടില്ലാത്തതാണ്‌. സുതാര്യമാണ്‌. നേരിട്ടുളളതാണ്‌. പുതിയ കവിതകള്‍ക്ക്‌ ഉറക്കെ പാടാന്‍ പറ്റാത്ത, ഉറക്കെ പറയാന്‍പോലും പറ്റാത്ത ഒരു ചുറ്റുപാടുണ്ട്‌. തീര്‍ച്ചയായുമുണ്ട്‌. ഈണത്തില്‍ ചൊല്ലുമ്പോള്‍ അവയുടെ ഗൌരവം പോകും. നാടകീയമായ അവതരണം ചിരിപ്പിക്കും.

എസ്‌. ജോസഫ്‌ എഴുതുന്നു, പുതിയ കവിത തെറ്റായ നിര്‍വ്വചനങ്ങള്‍, പുഴ.കോം