തര്‍ജ്ജനി

ഡോ. വി. അബ്ദുള്‍ ലത്തീഫ്

"ചെമ്പരത്തി"
ചെലവൂര്‍ പി.ഒ.
കോഴിക്കോട്. 673571
മെയില്‍ : lathiefchelavoor@gmail.com

Visit Home Page ...

ലേഖനം

ഇ-കവിതയുടെ രൂപഘടന

സെറീനയുടെ ഇപ്പോഴില്ലാത്ത വീട്, അതിന്റെ മരം എന്ന രചനയില്‍ തലക്കെട്ടിനും ഒരു ചിത്രത്തിനും പുറമെ രണ്ടുവരികള്‍ മാത്രമെയുള്ളു. ചിത്രം നീക്കംചെയ്താല്‍ ഈ രചനയുടെ സംവേദനക്ഷമത റദ്ദുചെയ്യപ്പെടും. ചിത്രത്തിനുള്ള അടിക്കുറിപ്പെന്നോ ചിത്രത്താല്‍ പ്രകാശമാനമാക്കപ്പെട്ട കവിതയെന്നോ രചയിതാവിനും വായനക്കാരനും തീര്‍ച്ചയില്ലാത്ത ഇത്തരം രചനകള്‍ വേറെയുമുണ്ട്, സെറീനയുടെ ബ്ലോഗില്‍. ബോധപൂര്‍വ്വമാണ് ഇവയെ കവിതകളെന്നു വിളിക്കാത്തത്. ഭാഷയ്ക്കുള്ളില്‍ പുതുഭാഷ സൃഷ്ടിച്ച് ജീവിതത്തോട് സര്‍ഗ്ഗാത്മകമായി പ്രതികരിക്കുന്ന കവിതയുടെ വര്‍ത്തമാനത്തില്‍ പുതിയ ജനുസ്സായി വരവറിയിക്കുകയാണ് ഇത്തരം രചനകള്‍. അച്ചടിക്കവിതയ്ക്കു പുറത്ത് കമ്പ്യട്ടറും ഇന്റര്‍നെറ്റും ചേര്‍ന്നൊരുക്കുന്ന ഇ-ഇടത്തില്‍ (Cyber Space) പിറവിയെടുക്കുകയും നിലനില്ക്കുകയുംചെയ്യുന്ന കവിതയുടെ ഇത്തരം മാതൃകകളെ ‘ഇ-കവിത’കളെന്ന് വിശേഷിപ്പിക്കാം. കമ്പ്യൂട്ടറിന്റെയും മറ്റു ഡിജിറ്റല്‍ ഇടങ്ങളുടെയും അയഥാര്‍ത്ഥയാഥാര്‍ത്ഥ്യത്തില്‍ (Virtual Reality) ഇന്റര്‍നെറ്റിനാല്‍ പല ലോകങ്ങളിലേക്കു് കണ്ണിചേര്‍ക്കപ്പെട്ടുകിടക്കുന്ന കവിതയുടെ പുതുരൂപമാണിത്. കവിത അടയാളപ്പെടുത്തുന്ന ജീവിതത്തെയും ജീവിതത്തെ അടയാളപ്പെടുത്താനുള്ള കവിതയുടെ പുതുരൂപങ്ങളെയും പരിശോധിക്കുന്ന ചര്‍ച്ചയില്‍ ‘ഇ-കവിത’യെക്കൂടി പരിഗണിക്കേണ്ടതുണ്ട്.

പരസ്പരം നിരന്തരമായി പരിഷ്ക്കരിക്കപ്പെടുന്ന സംസ്കാരഘടനകളുടെയും കവിതയുടെയും ചരിത്രം സാങ്കേതികവിദ്യയുടെ വികാസപരിണാമങ്ങളുടെ ചരിത്രം കൂടിയാണ്. കവിതയെ മാത്രം ആവേശിക്കുകയും ഇടപെടുകയും ചെയ്ത ഒന്നല്ല സാങ്കേതികവിദ്യ. സമൂഹഘടനയുടെ ബന്ധവൈവിദ്ധ്യങ്ങളെ പില്ക്കാലത്ത് അനുഗുണമെന്ന് വിശേഷിപ്പിക്കപ്പെട്ട വിധം മാറ്റിത്തീര്‍ക്കുന്നതില്‍ പ്രതിഭാശാലികളായ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ക്കൊപ്പം സാങ്കേതികവിദ്യയും ഇടപെട്ടിട്ടുണ്ട്. ഫ്യൂഡല്‍ സാമൂഹ്യബന്ധങ്ങളെ മുതലാളിത്തത്തിലേക്കും ജനാധിപത്യത്തിലേക്കും പരിവര്‍ത്തിപ്പിക്കുകയും അയിത്തോച്ചാടനം പോലുള്ള തിരുത്തലുകള്‍ വരുത്തുകയും ചെയ്തതിനു പിന്നില്‍ സാങ്കേതികവിദ്യയുടെ സാന്നിദ്ധ്യമുണ്ട്. ഛന്ദോബദ്ധമായ കവിത ശ്ലഥഛന്ദസ്സിലേക്കും മുക്തഛന്ദസ്സിലേക്കും വഴിമാറിയാണ് ശകലിതാഖ്യാനത്തിന്റെ പുതുവഴിയില്‍ പ്രവേശിക്കുന്നത്. പ്രത്യയശാസ്ത്രബോദ്ധ്യങ്ങളെയും കര്‍തൃ - സ്വത്വബോധങ്ങളെയും അരേഖീയമാക്കിയും കവിത തുടര്‍ന്നുവന്ന മാനവികതാസങ്കല്പത്തെ മറിച്ചിട്ടും മാനകഭാഷയ്ക്കു പകരം നാട്ടുമൊഴികള്‍ സ്വീകരിച്ചും അലങ്കാര / ബിംബകല്പനകളിലൂടെ പരന്നൊഴുകിയ കവിതയെ വ്യവഹാരഗദ്യത്തിന്റെ ഒറ്റവാക്കുകളിലേക്ക് ചുരുക്കിയുമാണ് കവിത പുതുരൂപമാര്‍ജ്ജിച്ചത്. കവിതയുടെ രൂപപരവും ഭാവുകത്വപരവുമായ പുതുപാകങ്ങള്‍ക്ക് കാവ്യശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്. അതോടൊപ്പം തികച്ചും സാങ്കേതികമായ (Technological) ഘടകങ്ങളും കവിതയെ സ്വാധീനി‌‌‌‌ച്ചിട്ടുണ്ട്. കവിതയുടെ പുതിയ പ്രകാശനമാദ്ധ്യമമായ ഇ-ഇടത്തില്‍ (Cyber Space) കവിത രൂപപരമായി എങ്ങനെയാണ് പരിവര്‍ത്തനത്തിന് വിധേമാകുന്നത് എന്നാണ് ഈ പ്രബന്ധം പരിശോധിക്കുന്നത്.

പൗരാണികകാലംമുതല്‍ ശബ്ദശരീരത്തില്‍ സഞ്ചരിച്ച കവിതയുടെ രൂപപരമായ ആദ്യവിപ്ലവം, അത് രേഖപ്പെടുത്തിയപ്പോഴാണ് സംഭവിച്ചത്. ഭാഷയെത്തന്നെ വരമൊഴിയെന്നും വാമൊഴിയെന്നും വിഭജിച്ച ഈ പ്രാചീനസാങ്കേതികവിദ്യ കവിതയെ ശ്രാവ്യരൂപത്തില്‍നിന്ന് ദൃശ്യരൂപത്തിലേക്ക് പകര്‍ത്തിവച്ചതിനപ്പുറം ആവിഷ്കാരമാദ്ധ്യമമെന്ന രീതിയില്‍ കവിതയെ കാര്യമായി സ്വാധീനിച്ചിട്ടില്ല. അച്ചടിയിലൂടെ കാഴ്ചയുടെ നിശ്ചലതയിലേക്ക് രൂപംമാറിയ കവിത അനുഭവതലത്തില്‍ കേള്‍വിയെത്തന്നെ ഉന്നംവെക്കുന്നുവെന്നാണ്‌ ഹാര്‍വേ ഗ്രോസ്‌, റിച്ചാര്‍ഡ്‌ ഡി. ക്യുറെടോണ്‍ എന്നിവരുടെ ശ്രാവ്യഭാവന എന്ന സങ്കല്പനം മുന്നോട്ടുവെക്കുന്ന വാദം. ക്യുറെടോണിന്റെ സിദ്ധാന്തം മനോജ് കുറൂര്‍ സംഗ്രഹിച്ചത് ഇങ്ങനെയാണ്:
“എഴുതപ്പെട്ട വാക്കിന്‌ അധീശത്വമുള്ള സമകാലികസംസ്കാരത്തില്‍ കവിതയുടെ താളപരമായ ഏകകങ്ങള്‍ അച്ചടിച്ച വരികളായി പ്രത്യക്ഷപ്പെടുന്നു. അങ്ങനെ കാവ്യപരമായ താളചലനത്തെക്കുറിച്ചുള്ള നമ്മുടെ ചിന്ത കേള്‍ക്കുന്ന വരികള്‍ എന്നതിനെക്കാള്‍ കാണുന്ന വരികള്‍ എന്ന തരത്തിലാണ്‌ വികസിക്കുന്നത്‌. എങ്കിലും വാക്കുകളില്‍ കാണുന്നതെന്തെന്നു വിവരിക്കുമ്പോള്‍ത്തന്നെ രൂപകാത്മകമായ ഭാഷയില്‍ നാം കേള്‍വിയിലൂടെയുള്ള സംവേദനവും ആര്‍ജ്ജിക്കാന്‍ ശ്രമിക്കുന്നു. ഏതായാലും നമ്മുടെ ശ്രാവ്യാനുഭവങ്ങള്‍ അവയുടെ ചലനാത്മകവും ക്ഷണികവുമായ സ്വഭാവത്തിലൂടെ ദൃശ്യാനുഭവങ്ങളുടെ പൊതുസ്വഭാവമായ മനസ്സിന്റെ ഭൗതികമായ പ്രവര്‍ത്തനങ്ങളില്‍നിന്നു രക്ഷപ്പെടുന്നു. അതുകൊണ്ടുതന്നെ അവ ഭാഷയുടെ പ്രതീകാത്മകമായ ശക്തിക്കു വിഷയീഭവിക്കാന്‍ വിസമ്മതിക്കുന്നു.” (മനോജ് : 2011)

രേഖപ്പെടുത്തിയ കവിതയുടെയും ശരീരം ശബ്ദമാണെന്നുറപ്പിച്ചു പറയുന്നു, അതിന്റെ ഛന്ദോബദ്ധതയും പ്രാസനിഷ്ഠയും. കടലാസും അച്ചടിയും വന്നപ്പോഴും ശബ്ദമാദ്ധ്യമത്തില്‍ ആവിഷ്കരിക്കപ്പെട്ടതിനെ രേഖപ്പെടുത്തുക, ദൃശ്യവല്ക്കരിക്കുക തുടങ്ങിയ ചെറുധര്‍മ്മങ്ങളേ കവിതയെ സംബന്ധിച്ച് എഴുത്തിന് നിര്‍വ്വഹിക്കാനുണ്ടായിരുന്നുള്ളൂ. കൃത്യമായും അച്ചടിയിലേക്കു പിറന്നുവീണ ഒരു തലമുറയാണ് സാമൂഹ്യശാസ്ത്രപരവും ലാവണ്യവാദപരവുമായ മറ്റു കാരണങ്ങളോടൊപ്പം എഴുത്തിനെ / അച്ചടിയെ കവിതയുടെ ആവിഷ്കാരമാദ്ധ്യമമായി വളര്‍ത്തുന്നത്. ഇവിടെ എഴുത്ത് കേവലം രേഖപ്പെടുത്തലോ ശബ്ദരൂപത്തെ ദൃശ്യരൂപത്തിലേക്ക് പരിവര്‍ത്തിപ്പിക്കലോ മാത്രമല്ല, കവിതയുടെ രൂപം തന്നെയാണ്. ശബ്ദരൂപത്തിലുള്ള ആവിഷ്ക്കാരത്തിന് അനിവാര്യമായ താളവും പ്രാസാദികാര്യങ്ങളും അക്ഷരവിന്യാസം കലയായി സ്വീകരിച്ച അച്ചടിക്കവിത ഉപേക്ഷിച്ചു. മലയാളകവിതയെ സംബന്ധിച്ച് രൂപപരമായ ഈ മാറ്റത്തിലേക്കുള്ള സൈദ്ധാന്തിക ഒരുക്കങ്ങള്‍ പഴയ ‘പ്രാസവാദത്തില്‍’ കാണാം. ഭാഷയ്ക്കുള്ളില്‍ മറ്റൊരു ഭാഷ നിര്‍മ്മിച്ച് ഭാവുകത്വപരമായ അമ്പരപ്പുകള്‍ തീര്‍ക്കുന്ന കവിത ആവിഷ്കാരമാദ്ധ്യമമായി എഴുത്തിനെ / അച്ചടിയെ സ്വീകരിച്ചപ്പോള്‍ അക്ഷരപദവിന്യാസങ്ങളെ ഭാവരൂപവത്കരണത്തിന് ഉപയോഗിച്ചതിന്റെ ഉദാഹരണങ്ങള്‍ മാധവന്‍ അയ്യപ്പത്തിന്റെയും അയ്യപ്പപ്പണിക്കരുടെയും കടമ്മനിട്ടയുടെയും കവിതകളികളിലൂടെ മലയാളി ആദ്യമായി പരിചയപ്പെട്ടു. കവിതയുടെ ദൃശ്യപരത ഭാവുകത്വനിര്‍മ്മിതിക്കു പ്രയോജനപ്പെടുത്തിയ ഇവര്‍പോലും അതിന്റെ ശബ്ദസംസ്കാരത്തെ പാടെ ഉപേക്ഷിച്ചിരുന്നില്ല. ജീവിതത്തിന്റെയും ചിന്തയുടെയും ഓരങ്ങളില്‍നിന്നുള്ള ശബ്ദങ്ങളെ കവിതയിലേക്കു കൊണ്ടുവരിക എന്ന ദൗത്യം കൂടി അവര്‍ക്കുണ്ടായിരുന്നു.

ബ്ലോഗുകളിലും ഇ-ജേണലുകളിലും കമ്യൂണിറ്റി നെറ്റ് വര്‍ക്കുകളിലെ സൗഹൃദക്കൂട്ടങ്ങളിലും പ്രത്യക്ഷപ്പെടുന്ന കവിതകളില്‍നിന്നാണ് ഇ-കവിതയെ ലക്ഷ്യ- ലക്ഷണനിര്‍ണ്ണയം ചെയ്തെടുക്കേണ്ടത്. 1994-ല്‍ അമേരിക്കയിലെ സാർത് മോർ കോളേജിലെ ജസ്റ്റിന്‍ ഹാള്‍ നടത്തിയ ഓണ്‍ലൈന്‍ ആശയവിനിമയം വികസിച്ചുണ്ടായ ബ്ലോഗിംഗ് ഇന്റര്‍നെറ്റിന്റെയും അനുബന്ധസേങ്കേതികവിദ്യകളുടെയും സഹായത്തോടെ വളര്‍ന്നതും ഇറാഖ് യുദ്ധകാലത്ത് സലാംപാക്സിന്റെ ‘where we read’ എന്ന ബ്ലോഗ് പത്രപ്രവര്‍ത്തനത്തിന്റെ പുതുമുഖമായി വികസിച്ചതും ഇ-എഴുത്തിനെ ജനകീയമാക്കി. രണ്ടായിരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ മലയാളത്തിലും ബ്ലോഗെഴുത്ത് ആരംഭിച്ചിരുന്നു. 2005-ല്‍ ബ്രിട്ടണിലെ ‘ദ ഗാര്‍ഡിയന്‍’ ദിനപത്രത്തിന്റെ രണ്ടാം പേജില്‍ ബ്ലോഗ് സംബന്ധിയായ ദൈനംദിന ചര്‍ച്ചയാരംഭിച്ചതും ഏതാനും വര്‍ഷങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പ് ബ്ലോഗന എന്ന പംക്തിയാരംഭിച്ചതും ബ്ലോഗുകള്‍ക്കുള്ള ആദ്യകാല അംഗീകാരങ്ങളാണ്.

ഇ-കവിതയുടെ രൂപഭാവങ്ങളുടെ വിശദമായ പരിശോധനയിലേക്കു കടക്കുക്കുന്നതിനു മുമ്പ് ഇ-ഇടത്തെ നിര്‍മ്മിക്കുകയും ജനകീയമാക്കുകയും ചെയ്ത സാങ്കേതിവളര്‍ച്ചയുടെ ചില പുറങ്ങള്‍കൂടി വിശദീകരിക്കേണ്ടതുണ്ട്. കമ്പ്യൂട്ടറും അനുബന്ധസാമഗ്രികളും നഗരങ്ങളിലെങ്കിലും നിത്യജീവിത്തിന്റെ ഭാഗമാകേണ്ടത് കഴിഞ്ഞ ദശകത്തിന്റെ അടിയന്തിരാവശ്യമായിരുന്നു. സാര്‍വ്വത്രികമായ ഈ കമ്പ്യൂട്ടര്‍വല്ക്കരണത്തിന്റെ ഉപോല്പന്നമാണ് പ്രാദേശികതയുടെയും മറ്റ് ഓരവത്കൃതചിന്തകളുടെയും സൈബര്‍ സമാന്തരങ്ങള്‍. വാണിജ്യതാല്പര്യങ്ങളോടൊപ്പം അറിവ്, അറിവിന്റെ വിതരണം എന്നിവയെ സംബന്ധിച്ച പ്രായോഗികരാഷ്ട്രീയ ഇടപെടലുകളും ചേര്‍ന്ന് ആവിഷ്കാരത്തിന്റെ സൗജന്യ ഇ-ഇടങ്ങളെ രൂപപ്പെടുത്തി. എണ്‍പതുകളില്‍ കമ്പ്യൂട്ടര്‍ തലകാണിച്ചപ്പോള്‍ ഇനിയങ്ങോട്ട് കമ്പ്യൂട്ടര്‍ മാത്രമാണെന്നും കമ്പ്യൂട്ടറിന്റെ ഭാഷയായ ഇംഗ്ലീഷല്ലാതെ വേറെ രക്ഷയില്ലെന്നും പേടിച്ചവരുണ്ട്. ഈ പേടി ലാറ്റിനധിഷ്ഠിത ലിപികളുപയോഗിക്കാത്ത എല്ലാ ഭാഷാസമൂഹങ്ങള്‍ക്കുമുണ്ടായിരുന്നു. മേല്‍സൂചിപ്പിച്ച അറിവിന്റെ രാഷ്ട്രീയമാണ് ഇതിനെ മറികടക്കാനായി ലാഭേച്ഛയില്ലാത്ത യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തിന് വഴിയൊരുക്കുന്നത്. ഇന്നിപ്പോള്‍ ചെറുഭാഷകള്‍ പോലും സൈബര്‍ലോകത്തിന്റെ മൊഴിയാനും തിരയാനും പകരാനുമുള്ള തീവ്രവേഗങ്ങളോട് മുടന്താതെ ചേര്‍ന്നു നില്ക്കുന്നു. സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നതുപോലെ (സച്ചിദാനന്ദന്‍, കെ. : 2010) ‘കവിത ഏറ്റവും ഹൃദയാഭിമുഖമായ - ഇന്റിമേറ്റ് ആയ – ആവിഷ്കാരരൂപമാണെന്നതും അതിന്റെ രൂപം പുതിയ സ്പെയ്സിനും പുതിയ ജീവിതത്തിന്റെ വേഗത്തിനും നന്നായി ഇണങ്ങുന്നതാണെന്നതും’ ആയതുകൊണ്ടാണ് മറ്റ് സാഹിത്യരൂപങ്ങളെ പിന്തള്ളി എഴുത്തിന്റെ ഇ-ഇടത്തില്‍ കവിത മുന്നിട്ടു നില്ക്കുന്നത്.

ബ്ലോഗുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ സൗഹൃദക്കൂട്ടങ്ങളിലുമൊക്കെയായി കഴിഞ്ഞ അഞ്ച്, ആറ് വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇന്നുകാണുന്ന ബ്ലോഗിലും മറ്റ് ഇ-ഇടങ്ങളിലും കവികള്‍ സജീവമായത്. അവനവന്‍ തന്നെ പ്രസാധകനാവുകയും എഴുത്തുകാരും വായനക്കാരും ഒന്നു തന്നെയാവുകയും ചെയ്യുന്ന, അച്ചടിക്കെതിരായി, തോന്നുമ്പോള്‍ എഴുതാനും അപ്പോള്‍ത്തന്നെ വെളിച്ചം കാണിക്കാനും പറ്റുന്ന ‘വെച്ചടി’ പ്രസ്ഥാനം ചരിത്രത്തിലൂടെയും കാലത്തിലൂടെയും നിരന്തരസംവാദങ്ങളിലൂടെ വളര്‍ന്ന കവിതയുടെ മുന്നണിയ്ക്കു മുമ്പില്‍ മൂപ്പില്ലായ്മയെയും കാണിക്കുന്നുണ്ട്. “കൊണ്ടാടപ്പെടുന്ന പല യുവകവികളെക്കാളും ഭാവുകത്വപരമായി മുന്നിലാണെന്ന് ” സച്ചിദാനന്ദനെപ്പോലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്ന കുഴൂര്‍ വിത്സന്‍, നസീര്‍ കടിക്കാട്, പ്രഭാ സക്കറിയാസ്, ദേവസേന, ഡോണ മയൂര, സറീന, പി. എ. അനീഷ് എന്നീ കവികളെയും വിഷ്ണുപ്രസാദ്. റഫീഖ് തിരുവള്ളൂര്‍ തുടങ്ങിയവരെയും ഇവരില്‍നിന്ന് വേറിട്ട് കാണേണ്ടതുമുണ്ട്. പക്ഷേ, പൊതുവെ ഇ-ഇടങ്ങളിലെ കവികളുടെ സ്വയംബോധം താഴെ കൊടുക്കുന്ന വരികളില്‍ തെളിയുന്നു:

ഞാന്‍,
പത്രക്കടലാസിന്റെ പൂണൂലണിഞ്ഞിട്ടില്ല
വിഗ്രഹങ്ങള്‍ക്ക് മാലകൊരുത്ത് കഴകം ചെയ്തിട്ടില്ല
ബ്ലോഗനയില്‍ ഓച്ചാനിച്ച് നിന്ന് മേനവനാ‍യിട്ടില്ല
തിരുശേഷിപ്പുകള്‍ മുത്തുവാനായി വരിനിന്നിട്ടില്ല
വാക്കുകളുടെ മുഴപ്പുകളെ പര്‍ദ്ദയിട്ട് മൂടിയിട്ടില്ല. (ഉമ രാജീവ് : 2011)

ഇങ്ങനെ മാറിനില്ക്കുന്ന എഴുത്തിന്റെ അപരലോകത്തുനിന്നാണ് ഇ-കവിതയെ നിര്‍ണയിച്ചെടുക്കേണ്ടത്. ഭാഷയിലും ആഖ്യാനത്തിലും കാവ്യപ്രമേയത്തിലുമുള്ള വ്യതിരിക്തതകളെ ചേര്‍ത്തുവച്ച് മുഖ്യധാരാകവിതകളില്‍നിന്ന് വ്യത്യസ്തമായ ഭാവുകത്വപരിസരത്തെ നിരീക്ഷിച്ചാണ് മിക്ക നിരൂപകരും ഇ-കവിതയെ അടയാളപ്പെടുത്തുന്നത്. (രാജ്, നീട്ടിയത്ത് :2007) സൈബര്‍ലോകമൊരുക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സൗജന്യത്തിന്റെയും സാദ്ധ്യതകളില്‍പ്പിറക്കുന്ന മിക്ക കവിതാപരീക്ഷണങ്ങളെയും അച്ചടിക്കവിതയുടെ മറുപുറമായേ കാണാനാകൂ. അപ്പോള്‍ അച്ചടിക്കവിത നിലനില്ക്കുമ്പോള്‍ത്തന്നെ സവിശേഷമായ അസ്തിത്വമുള്ള ‘ഇ-കവിത’കളെ ഭാഷാപരമായ ഭാവുകത്വപരിസരത്തിന് പുറത്ത് അന്വേഷിക്കണം. അതായത് കടലാസില്‍ എഴുതപ്പെട്ട കവിതയുടെ ഇ-ഇടത്തിലേക്കുള്ള മൊഴിമാറ്റം മാത്രമല്ല ഇ-കവിത എന്നര്‍ത്ഥം.

കടലാസും പേനയും അച്ചടിമഷിയുമില്ലാതെ ഇ-ഇടത്തിലെ അയഥാര്‍ത്ഥയാഥാര്‍ത്ഥ്യത്തില്‍ (Virtual Reality) നേരിട്ട് വിരിയുന്ന കവിതളെ ഇ-കവിതയായി പരിഗണിക്കാത്തതുപോലെ കവിതയുടെ ഡിജിറ്റല്‍ രൂപങ്ങളെയും ഇ-കവിതയില്‍നിന്നു വേറിട്ടു കാണേണ്ടതുണ്ട്. അച്ചടിച്ച പേജുകളെ സ്കാന്‍ചെയ്തും ടൈപ്പുചെയ്ത പേജുകള്‍ പി.ഡി.എഫ്. രൂപത്തിലാക്കിയും ശബ്ദഫയലുകളായും കവിതകളെ ഡിജിറ്റല്‍രൂപത്തിലേക്കു മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിനെയും പൂര്‍ണാര്‍ത്ഥത്തില്‍ ഇ-കവിതയെന്നു വിളിക്കാനാവില്ല. റേഡിയോ, കവിതയുടെ ശബ്ദരൂപത്തെ ഒരുപാടുകാലം കൊണ്ടാടിയിരുന്നു. ഇടശ്ശേരിയുടെ ‘പൂതപ്പാട്ട് ’ റേഡിയോയിലൂടെയാണ് പുറത്തുവന്നത്. പിന്നെ കാസറ്റുകളിലും സി.ഡി.റോമിലും എം.പി.3 രൂപത്തിലും കവിതകള്‍ ശേഖരിക്കപ്പെട്ടു. ടെലിവിഷന്റെ വരവോടെ കവിത ചലിക്കുന്ന ദൃശ്യാനുഭവമായി മാറി. ഇ-ലോകത്ത് ഇവയുടെയൊക്കെ സാന്നിദ്ധ്യമുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ കവിതകളും ശബ്ദം, ലിഖിതം, ദൃശ്യം തുടങ്ങിയ രൂപങ്ങളില്‍ ഇ-ലോകത്ത് കാണാം. ഇവയൊന്നും പൂര്‍ണ്ണമായും ഇ-കവിതയുടെ പരിധിയില്‍ വരുന്നില്ല. ഇ-ഇടത്തിന്റെ സവിശേഷസൗകര്യങ്ങളെ കവിതയുടെ സൂക്ഷ്മസംവേദനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമ്പോഴാണ് കവിതയുടെ വേറിട്ടവഴികളിലൊന്നായി ഇ-കവിത പിറവിയെടുക്കുന്നത്.

ബിറ്റ്സ് ഓഫ് പോയട്രി എന്ന കവിതാസൈറ്റില്‍ മൗസ് ക്ലിക്കുകളിലൂടെ അനുഭവിക്കുന്ന കവിതകള്‍ ഇ-ഇടത്തില്‍ മാത്രമാണ് പൂര്‍ണ്ണമായും സംവേദനക്ഷമമാകുന്നത്. ഉചിതമായ പശ്ചാത്തലസംഗീതത്തോടൊപ്പം വാക്കുകള്‍ അനുവാചകന്റെ മുന്നിലേക്ക് തെറിച്ചു വീണുകൊണ്ടിരിക്കുകയാണ്. അക്ഷരങ്ങളുടെ വലിപ്പം, ദൃശ്യപഥത്തില്‍ വാക്കുകളും വരികളും എത്രനേരം തങ്ങിനില്ക്കണം തുടങ്ങിയ കാര്യങ്ങള്‍ രചയിതാവ് നിശ്ചയിക്കുന്നു. കടലാസില്‍ വായിക്കുന്ന കവിതകള്‍ക്കോ കടലാസിലെഴുതുന്നതിനു പകരം ഇ-ഇടത്തില്‍ അച്ചുനിരത്തിയ കവിതകള്‍ക്കോ ഈ അനുഭവം പകര്‍ന്നുതരാനാവില്ല. മറ്റൊരു സൈറ്റായ [url=http://india.poetryinternationalweb. org/piw_cms/cms/cms_module/index.php?obj_id=12087]ഇമേജസ് എറൗണ്ട് ഇന്ത്യന്‍ പോയട്രി[/url]-യില്‍ കവിതയുടെ ആത്മാവിനിണങ്ങുന്ന ഓരോ വീഡിയോ ക്ലിപ്പ് ചേര്‍ത്തിരിക്കുന്നു. കവിതയുടെ ലിഖിതരൂപവും ഒപ്പം കാണാം. ഇത്തരത്തില്‍ ഇ-ഇടത്തിന്റെ സാദ്ധ്യതകള്‍ കവിതയുടെ സംവേദനക്ഷമതയോട് ചേര്‍ത്തുനിര്‍ത്തുന്ന രചനകളെയാണ് ഇ-കവിതകള്‍ എന്നു വിശേഷിപ്പിക്കുന്നത്.

ജാന്‍ വീറ്റന്‍സും ജാന്‍ വാന്‍ ലൂയിയും (Jan Baetens and Jan Van Looy : 2005) ഇ-കവിതയുടെ ലക്ഷണങ്ങളായി നിരീക്ഷിക്കുന്നത് ഇവയാണ്.
ഇ-കവിത എഴുത്തിനും വായനയ്ക്കുമിടയില്‍ ഇന്ററാക്ടീവ് ആയിരിക്കണം,
ദൃശ്യശ്രാവ്യസങ്കേതങ്ങള്‍ ഉപയോഗിച്ചിരിക്കണം,
ഇ-കവിത സഞ്ചാരസന്നദ്ധവും ചലനാത്മകവും ബഹുരൂപിയുമായിരിക്കണം.
എഴുത്തുകാരനും വായനക്കാരനും വെച്ചുമാറി ഒന്നാകുന്ന രചനാ-വായനാലോകത്തിന്റെ സൃഷ്ടിയാണ് ഇ-കവിതയുടെ ഒന്നാമത്തെ സവിശേഷതയായി പരിഗണിക്കപ്പെടുന്നത്. ഒരു കവിത ഇ-ഇടത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ത്തന്നെ മൊബൈല്‍ഫോണിലെ ഇ-മെയില്‍ അലര്‍ട്ട് വഴി അത് വായനക്കൂട്ടത്തിലെത്തും. വായനയും പ്രതികരണങ്ങളും കവികൂടി ഇടപെടുന്ന ചര്‍ച്ചകളും അപ്പോള്‍ത്തന്നെ ആരംഭിക്കും. ഇത്തരം ചര്‍ച്ചകള്‍ പിന്തുടരുന്ന അനുവാചകന് കവിതയുടെ ജ്ഞാനബോധങ്ങള്‍ ഏകപക്ഷീയമാവില്ല. എഴുത്തിനും വായനയ്ക്കുമിടയില്‍ ഇത്തരമൊരു സംവാദം അച്ചടിരൂപത്തില്‍ സാദ്ധ്യമല്ല.
ഇ-കവിതയുടെ രണ്ടാമത്തെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന ദൃശ്യശ്രാവ്യസങ്കേതങ്ങളുടെ ഉപയോഗം അച്ചടിക്കവിതയില്‍നിന്ന് ഇ-കവിതയെ വ്യാവര്‍ത്തിപ്പിക്കുന്നതില്‍ പ്രധാനമാണ്. അക്ഷരങ്ങളെക്കാള്‍ ഇ-ഇടത്തില്‍ ശബ്ദവും ബഹുവര്‍ണ്ണദൃശ്യങ്ങളും ചലച്ചിത്രങ്ങളുമാണ് യഥാതഥം. അക്ഷരങ്ങള്‍തന്നെ ബഹുവര്‍ണ്ണദൃശ്യങ്ങളാണ്. കവിതയോയൊപ്പം സംഗീതം, കവിതയുടെ ആലാപനം മറ്റേതെങ്കിലും ശബ്ദങ്ങള്‍ എന്നിവ തനിച്ചോ ഒന്നിച്ചോ ഉള്‍പ്പെടുത്താം. മലയാളത്തില്‍ ബഹുവ്രീഹി എന്ന ബ്ലോഗില്‍ കവിതയുടെ ലിഖിതപാഠത്തോടൊപ്പം മനോഹരമായ ആലാപനവും കേള്‍ക്കാം. അക്ഷരങ്ങളെ പല രീതിയില്‍ പ്രത്യക്ഷപ്പെടുത്താനും ചലിപ്പിക്കാനും പിന്‍വലിക്കാനും ഇ-ഇടത്തില്‍ സൗകര്യമുണ്ട്.

ഇ-കവിതയുടെ മറ്റൊരു സവിശേഷത അതിന്റെ ഇടം നിശ്ചിതമല്ല എന്നതാണ്. ഒരേസമയം ഒന്നിലധികം വേദികളില്‍ പ്രത്യക്ഷമാവാനുള്ള ശേഷി അതിനുണ്ട്. സ്വന്തം ബ്ലോഗിലും ഫെയ്സ്ബുക്ക് പോലുള്ള ഒന്നിലധികം സൗഹൃദക്കൂട്ടങ്ങളിലും അനേകായിരം മെയില്‍ബോക്സുകളിലും ഒരേ സമയം പ്രത്യക്ഷമാവാന്‍ ഇ-കവിതയ്ക്കാവും. പ്രത്യക്ഷമാവുന്നതുപോലെ അപ്രത്യക്ഷമാവാനും രൂപമാറ്റത്തിന് വിധേയമാവാനും ഇ-കവിതയ്ക്കു സാധിക്കും. പ്രസിദ്ധീകരിച്ച് എപ്പോള്‍ വേണമെങ്കിലും ഏതുവിധത്തിലും പരിഷ്കരിക്കാനുള്ള ഇ-കവിതയുടെ കരുത്ത് കവിതയുടെ മറ്റു രൂപങ്ങള്‍ക്കൊന്നും ഇല്ലാത്തതാണ്.

ഇതിനോടൊപ്പം അരേഖീയവായനയിലേക്കു നയിക്കുന്ന (None linear Reading) കണ്ണിചേര്‍ക്കലുകളുടെ (Hyperlink) സാദ്ധ്യതയും ഇ-കവിത ഉപയോഗിക്കും. കടലാസിന്റെ വെളുത്തപ്രതലത്തിലേക്ക് വലിപ്പത്തിലും നിറത്തിലും ഏകതാനമായി നിരന്നുനില്ക്കുന്ന കറുത്തഅക്ഷരങ്ങളിലൂടെ മാത്രം ആവിഷ്കരിക്കപ്പെടേണ്ട ഗതികേട് ഇ-കവിതയ്ക്കില്ല. ഒരു മൗസ് ക്ലിക്കില്‍ ഏതു ദൂരത്തെയും കീഴടക്കുന്ന കണ്ണിചേര്‍ക്കല്‍ സാങ്കേതമുപയോഗിച്ച് അക്ഷരവിന്യാസത്തോടൊപ്പം വൈവിദ്ധ്യമാര്‍ന്ന ദൃശ്യശ്രാവ്യാനുഭവങ്ങളെക്കൂടി കവിതയിലേക്ക് സന്നിവേശിക്കാവുന്നതേയുള്ളൂ. വാക്കുകളില്‍ നേരിട്ട് കണ്ണിചേര്‍ക്കുന്ന രീതി കവിതകളില്‍ കാണാനായിട്ടില്ല. വിഷ്ണുപ്രസാദിന്റെ ഗെയിം എന്ന കവിത ഈ സാദ്ധ്യതയെ മനോഹരമായി ഉപയോഗപ്പെടുത്തിയ രചനയാണ്. ഭാഷയ്ക്കുള്ളില്‍ മറ്റൊരു ഭാഷനിര്‍മ്മിച്ച് ജീവിതത്തോട് വൈവിദ്ധ്യമാര്‍ന്ന വഴികളില്‍ പ്രതികരിക്കുകയെന്ന പ്രാഥമികമായ കാവ്യധര്‍മ്മത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇ-ഇടത്തിന്റെ സംവിധാനങ്ങള്‍ ഭാവുകത്വനിര്‍മ്മിതിക്കുപയോഗിക്കുകയാണ് ആകെക്കൂടി ഇ-കവിതയുടെ മര്‍മ്മം. സെറീനയുടെ രചനയില്‍നിന്ന് ചിത്രം നീക്കം ചെയ്താലെന്നപോലെ ഇത്തരം സൃഷ്ടികളില്‍നിന്ന് ഇ-ഇടത്തിന്റേതായ ഘടകങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കവിതയുടെ സംവേദനക്ഷമത നിശ്ചലമാകും.

ഇ-കവിതയുടെ ദൃശ്യശ്രാവ്യസാദ്ധ്യതകള്‍ കവിതയുടെ രൂപഘടനയില്‍ സ്വീകരിക്കുന്നതിനെക്കാള്‍ പശ്ചാത്തലത്തില്‍ നിക്ഷേപിക്കാനാണ് മലയാളത്തിലെ ഇ-ലോകം താല്പര്യം കാണിക്കുന്നത്. പശ്ചാത്തലത്തില്‍ ചിത്രങ്ങള്‍ നല്കിയും ശബ്ദഫയലുകള്‍ തിരുകിയും കവിയെ സചിത്രം പരിചയപ്പെടുത്തിയും രുചിഭേദങ്ങള്‍ സൂചിപ്പിച്ചുമാണ് മലയാളത്തിലെ ഇ-കവി പശ്ചാത്തലത്തെ വര്‍ണ്ണമനോഹരവും ശബ്ദമുഖരിതവുമാക്കുന്നത്. മറ്റ് വായനാലോകങ്ങളിലേക്കും എഴുത്തിടങ്ങളിലേക്കുമുള്ള വഴിസൂചനകള്‍ കണ്ണിചേര്‍ക്കുക എന്ന സാദ്ധ്യതയെ മിക്കകവികളും പ്രയോജനപ്പെടുത്തുന്നുണ്ട്. കവിതയില്‍ വിന്യസിച്ച വാക്കുകളിലേക്ക് നേരിട്ട് ദൃശ്യശ്രാവ്യലോകങ്ങളുടെ അപരലോകങ്ങളെ കണ്ണിചേര്‍ത്ത കവിതകള്‍ കണ്ടെത്താനായിട്ടില്ല. കാവ്യഭാവനയെ ആന്തരികമായി നിര്‍ണ്ണയിക്കുംവിധം ചിത്രങ്ങള്‍ വിന്യസിക്കുകയും കൊളുത്തുകളിലൂടെ (Hyperlink) കണ്ണിചേര്‍ക്കുകയും ചെയ്ത ‘ഗെയിം’ എന്ന വിഷ്ണുപ്രസാദിന്റെ കവിത മാത്രമാണ് എന്റെ പരിചയത്തില്‍ രൂപപരമായും ഭാവുകത്വപരമായും ഇ-കവിത എന്നു വിളിക്കാവുന്ന മലയാളത്തിലെ ഏകരചന.
കടലാസിലെഴുതുന്ന കവിക്ക് ഭാഷയുപയോഗിച്ച് നവഭാവുകത്വം തീര്‍ക്കാനുള്ള സര്‍ഗ്ഗശേഷി മാത്രം മതി. എന്നാല്‍ ഇ-കവിതയ്ക്ക് ഇ-ഇടത്തിന്റെ സാങ്കേതികവിദ്യ പ്രയോഗിക്കാനുള്ള കൈത്തഴക്കം കൂടി ആവശ്യമുണ്ട്.

ദൈനംദിനജീവിതപ്രാരാബ്ദങ്ങളുമായി നിരവധി പേര്‍ ഇ-ഇടത്തിലേക്ക് പുതുതായി കുടിയേറുമ്പോള്‍ കവിതയെഴുത്തിനായി മാത്രം സാങ്കേതികവിദ്യ സ്വായത്തമാക്കേണ്ടിവരുന്നില്ല. എന്നാലും അച്ചടിക്കവിത എഴുത്തുകാരന്റെയും എഡിറ്ററുടെയും പ്രസാധകന്റെയും കൂട്ടുപ്രയത്നമാകുന്നതു പോലെ ഇ-കവിതയ്ക്കും സാദ്ധ്യതയുണ്ട്. ഇ-ജേണലുകളില്‍ പ്രത്യക്ഷപ്പെടുന്ന കവിതകളിലാണ് കവിത കൂട്ടായൊരുക്കുന്നതിന്റെ സാദ്ധ്യതകള്‍ കാണുന്നത്. മലയാളത്തില്‍ ഹരിതകം, പുതുകവിത, ബൂലോകകവിത തുടങ്ങിയ കവിക്കൂട്ടായ്മകളിലാണ് ഇത്തരം കവിതകള്‍ കാണാനാവുന്നത്.

ആവിഷ്കാരമാദ്ധ്യമം കവിതയെ രൂപപരമായി സ്വാധീനത്തിന്റെ ഫലമാണ് ഇ-കവിത. ലോകത്താകമാനം ഇ-കവിത വികസിച്ചു വരുന്നേയുള്ളൂ. അതുകൊണ്ടുതന്നെ അത് പ്രവചനാതീതമായ പുതുവഴികള്‍ തേടിയേക്കാം. രൂപപരമായ ഇത്തരം പരീക്ഷണങ്ങള്‍ കൃത്യമായ ഏതെങ്കിലും ബിന്ദുവില്‍ സംഭവിക്കുന്നതോ എന്നെന്നേക്കുമായി സംഭവിക്കുന്നതോ ആയിരിക്കില്ല. കവിതയുടെ വൈവിദ്ധ്യമാര്‍ന്ന വഴികളില്‍ പരസ്പരം കൊണ്ടും കൊടുത്തും മുന്നേറാനുള്ള സാദ്ധ്യതകള്‍ തുറന്നിടുന്ന പുതിയൊരു കൈവഴികൂടി പുറപ്പെടുന്നു എന്നു മാത്രം. പുതുകവിതാചര്‍ച്ചയ്ക്ക് സമാന്തരമായി പരിഗണിക്കേണ്ട ഇ-കവിതയും ഇങ്ങനെയൊരു പുതുവഴിയാണ്. ശബ്ദശരീരത്തിലൂടെ സഞ്ചരിച്ച കവിത പ്രകാശിപ്പിക്കപ്പെട്ട മാദ്ധ്യമത്തിനനുസരിച്ച് പുതുരൂപങ്ങള്‍ സ്വീകരിച്ചെങ്കിലും കവിതയുടെ എല്ലാ രൂപങ്ങളും ഇപ്പോഴും നിലവിലുണ്ട്. പുതിയ ഇ-പരിസരങ്ങള്‍ കവിതയുടെ ഏതു പരിസരത്തെയും നിലനിര്‍ത്താന്‍ സഹായകവുമാണ്. എന്നാല്‍ കടലാസിനും അച്ചടിക്കും പ്രാധാന്യം കുറയുന്ന ഭാവിയുടെ പ്രധാന കാവ്യരൂപം ഇ-കവിതയാകാനാണ് സാദ്ധ്യത.

സഹായകഗ്രന്ഥങ്ങള്‍

ആദര്‍ശ്, വി. കെ., 2011. ഇനി വായന ഇ-വായന : ഡി.സി.ബുക്സ്, കോട്ടയം.

മനോജ് കുറൂര്‍, കവിതയും നവമാദ്ധ്യമങ്ങളും : ഹരിതകം.കോം

രാജ്, നീട്ടിയത്ത്, 2007, മലയാണ്മയിലെ ബ്ലോഗുകാലം : സൈബര്‍ മലയാളം, കറന്റ് ബുക്സ്, തൃശ്ശൂര്‍.

വിഷ്ണുപ്രസാദ്, 2011.,വിഷ്ണുപ്രസാദിന്റെ കവിതകള്‍ : http://prathibhasha.blogspot.com

സച്ചിദാനന്ദന്‍, കെ., 2010., നാലാമിടം : ഡി.സി.ബുക്സ്, കോട്ടയം.

സെറീന, 2011., ഒറ്റമഴ : http://ottamazha.blogspot.com

പോയട്രി ഇന്റര്‍ നാഷണല്‍, http://media.poetryinternational.org/bop/index.html
ബഹുവ്രീഹി, http://bahuvreehi.blogspot.com

Jan Baetens and Jan Van Looy, 2008., Poetry between Image and Performance:
A Cultural Analysis : Dartmouth College Library, Trustees of Dartmouth College. Available at www.google.com

Subscribe Tharjani |
Submitted by vishnuprsad wayanad (not verified) on Sun, 2012-03-11 23:04.

ഒരു പരീക്ഷണം കൂടി ഇവിടെ കാണാം
http://www.ottal.blogspot.in/

Submitted by Kalavallabhan (not verified) on Tue, 2012-03-13 11:31.

"മാദ്ധ്യമത്തിനനുസരിച്ച് പുതുരൂപങ്ങള്‍ സ്വീകരിച്ചെങ്കിലും കവിതയുടെ എല്ലാ രൂപങ്ങളും ഇപ്പോഴും നിലവിലുണ്ട്."

ഇ-മാദ്ധ്യമത്തില്‍ കവിതയുടെ എല്ലാ രൂപങ്ങളും ഉണ്ടെന്നു അവസാനമെങ്കിലും പറഞ്ഞത്‌ നന്നായി. പഴമ നിലനിര്‍ത്തുന്ന ഇത്തരം കവിതകളിലെ പുതുമകള്‍കൂടി പഠന വിധേയമാവേണ്ടതാണ്‌.
എഴുതുന്നവന്റെ എളുപ്പവഴിയല്ലേ കൊട്ടിഘോഷിക്കുന്ന ഗദ്യകവിതകള്‍ എന്നുകൂടി പരിശോധിക്കേണ്ടിയിരുന്നു.