തര്‍ജ്ജനി

നസീര്‍ കടിക്കാട്

പോസ്റ്റ് ബോക്സ് നമ്പര്‍ 5473
അബു ദാബി.

ബ്ലോഗ് : www.samkramanam.blogspot.com

Visit Home Page ...

കവിത

(ബ്രാ)ക്കറ്റ്

(ഇസഡോറാ)
നെഞ്ചിലീ
തീവണ്ടിപ്പാളത്തില്‍
കൈക്കുഞ്ഞാവുക,
പറ്റിച്ചേര്‍ന്നു കിടക്കുക
നിനക്കു ഞാനച്ഛന്‍.

ഇന്ന്
നിന്റെ ജന്മദിനം.

ദീര്‍ഘദൂരസഞ്ചാരികള്‍
കൂകിയോടുന്ന
നിന്റെ കുഞ്ഞുടലില്‍
പ്രാചീനശിലകളുടെ
നൃത്തരം‌ഗങ്ങള്‍.

പുരാണനഗരത്തില്‍നിന്നു
താഴ്വരയിലേക്കു പാഞ്ഞ
തീവണ്ടിയാണ്
നിന്റെ അച്ഛന്‍.

ഉപേക്ഷിക്കപ്പെട്ട
ഗ്രാമത്തിന്റെ പേര്
നിനക്ക്.

കഥ കേള്‍ക്കുക,
ഇരുമ്പുപാളങ്ങള്‍ തുളച്ച്
നിന്റെ ഭൂഖണ്ഡം
മുളച്ചു വരും.
ഗ്രാമത്തിന്റെ ചില്ലലമാരയില്‍
വീണ്ടും ഭ്രമണം ചെയ്യും.

ഇടുങ്ങിപ്പോയ വഴികളിലെ
കല്ലറകള്‍,
വീടുകളുടെ
ചുരുണ്ട മൂലകള്‍,
വിരുന്നു സല്‍ക്കാരങ്ങളിലെ
ഒഴിഞ്ഞ മണ്‍പാത്രങ്ങള്‍;

തിരശ്ശീലയ്ക്കു പിന്നില്‍ നീ,
തീപിടിച്ചു വെന്ത വെയില്‍
കൊഴിഞ്ഞുകൊണ്ട മഴ
ഉറഞ്ഞു കുന്നായ മഞ്ഞ്
ഇല കീറിയ കാറ്റ് (...)

പായലുകളില്‍ നിന്നിറുത്ത
കൃഷ്ണമണികളുമായി
കൂട്ടുകാരന്‍
ജന്മദിനപ്പൂക്കളുമായി വരും.
ചെണ്ടുമല്ലി
തെച്ചി
പിച്ചകം.

മണത്തു നോക്കുക,
വിദൂരമായ
നിന്റെ കൈവെള്ളയിലെ
മുള്ളുവേലികള്‍
നീളന്‍ വരമ്പുകള്‍
പാലമരങ്ങള്‍
പറങ്കിക്കാടുകള്‍.

പാട്ടു കിളിര്‍ത്ത
തവളപ്പൊത്തുകള്‍
വിഷം തീണ്ടിയ
മണ്ണടരുകള്‍
മുങ്ങിമരിച്ച
ജലാശയങ്ങള്‍
കഴുത്തു മുറുകിയ
ഊഞ്ഞാലുകള്‍.

നീ വളര്‍ന്നു വലുതാകുന്നു.
കുഞ്ഞുടുപ്പുകള്‍
തിരിച്ചു പോകുന്നു.
നീളന്‍ കുപ്പായം
ഓടി വരുന്നു.

ഞൊറികളില്‍
പേടികളുടെ പക്ഷിക്ക്
സ്വര്‍ണ്ണനൂലില്‍
അനേകം കൂടുകള്‍.

പറന്നു നോക്കുക,
തിരിച്ചു വിളിക്കുന്നുണ്ട്
പക്ഷികളുടെ പേരുകള്‍ക്കൊപ്പം
ഒരക്ഷരത്തില്‍
നിന്റെയാ പേര് .

(ഇസഡോറാ)
നമ്മുടെ നിറം
കറുപ്പോ വെളുപ്പോ,
നാം സമപ്രായക്കാര്‍.

ഒരേ കാല്പെരുമാറ്റം
ഒരേ കൈയക്ഷരം
ഒരേ തിരിഞ്ഞുനോട്ടം
ഒരേ ദേശഭക്തിഗാനം.

മരവും മണ്ണും
കുഴച്ചു പടുത്ത വീട്
അനക്കമില്ലാതെ
കിടക്കുന്ന കൈത്തോട്
വെള്ളി നിറമുള്ള
പരല്‍മീനുകള്‍.

നീ
ഞാന്‍
വാകപ്പൂക്കള്‍
പുന്നമരക്കായകള്‍
കൈതയനക്കങ്ങള്‍
തൊട്ടാവാടിപ്പടര്‍പ്പുകള്‍ (...)

നിന്നെ മാത്രം
നോക്കിനില്ക്കുന്നു.

ജലസസ്യങ്ങള്‍ പടുത്ത
വിജനസാമ്രാജ്യങ്ങളില്‍
നിന്റെ വിരല്‍മുദ്രകള്‍
സമുദ്രങ്ങളിലേക്കു
നൃത്തം ചെയ്യുന്നു.

തൊട്ടുപിന്നില്‍
തിരമാലകള്‍ പിറക്കുന്നുവെന്നും,
മത്സ്യങ്ങള്‍
മാഞ്ഞുപോയ
കൊത്തുപണികളാണെന്നും
നിര്‍ത്താതെ പാടുന്നു.

മുത്തശ്ശിമാരുടെ ആകാശം
കുനിഞ്ഞിറങ്ങി
നിനക്കു വേണ്ടി
പുതപ്പു നെയ്യുന്നു.

ചിറകു നിവര്‍ത്തി
തുഴഞ്ഞു പോവുക;
എന്റെ
ചിത്രപുസ്തകത്തില്‍ നീ
മഞ്ഞനിറം തേച്ചു വരച്ചതല്ലേ
തെളിഞ്ഞൊരീ കൈത്തോട് ?

വയലറ്റ് മതിയായിരുന്നു.
ഒലിച്ചൊലിച്ച്
വെള്ളാരം കല്ലുകളേയും
കടലുപ്പിനേയും
വയലറ്റു പൂക്കളുടെ
താഴ്വാരമാക്കാമായിരുന്നു.

തിളങ്ങുന്ന ചെതുമ്പലുകളുടെ
ജനാല
തുറന്നു നോക്കുക;
പരല്‍മീനുകളോടൊത്ത്
വയലറ്റു നിറമുള്ള
നിന്റെ കുഞ്ഞുടുപ്പുകള്‍
മറന്നു പോയ നിന്റെ പേര്
ഓര്‍ത്തു വിളിക്കും.

(ഇസഡോറാ)
ഞാന്‍ നിന്നോടൊപ്പവും
നീ എന്നോടൊപ്പവും
നടന്നു പോകുന്നു.
രാജാക്കന്മാരുടെ
കഥകള്‍ കേട്ടു മൂളുന്നു.
അന്തപ്പുരങ്ങളില്‍ ഉറങ്ങുന്നതു
സ്വപ്നം കാണുന്നു.

രാത്രിയെ
രണ്ടായി പിളര്‍ന്ന്
കുതിരകള്‍
രഥങ്ങള്‍
ഉറുമികള്‍
വെടിയുണ്ടകള്‍
ഒന്നിച്ചു നിലവിളിക്കുന്നു.

ഒരു വീട് - രണ്ടു വീട്
ഒരു മുറി - രണ്ടു മുറി
ഒരു കട്ടില്‍ - രണ്ടു കട്ടില്‍
ഒരു തലയണ - രണ്ടു തലയണ

ഉറക്കത്തില്‍ നാം
രണ്ടായി മുറിഞ്ഞു പോകുന്നു.

പകല്‍ മുഴുവന്‍ നീ
പാടി നടന്ന സംഗീതം
ചോരയുടെ കപ്പല്‍ച്ചാലിലൂടെ
തുറമുഖങ്ങളിലേക്ക്
ഒളിച്ചു കടക്കുന്നു.

ഭൂമിക്കടിയില്‍ആണ്ടുപോയ
നഗരത്തിലെ പൂമരങ്ങള്‍
നിന്റെ സം‌ഗീതം
ഉച്ചത്തില്‍ പാടുന്നു.
നിന്റെ ചുവടുകള്‍
ആടിത്തിമിര്‍ക്കുന്നു.

ചോര നിറമുള്ള
പതാകകള്‍ വീശി
നമ്മുടെ പ്രായത്തിലുള്ള കുട്ടികള്‍
ഒരേ വരിയില്‍
ഓടിപ്പോകുന്നു.

ചോരയില്‍ തൊട്ടു നോക്കുക;
എന്റെ വിളറിയ ചുണ്ടില്‍
നീ കണ്ണെഴുതി
കറുപ്പിച്ചതല്ലേ
ഈ രക്തരൂക്ഷിത ഗാനം (...)

നീ കരയുകയായിരുന്നു.
കര്‍ക്കിടകമായിരുന്നു.
പെരുമഴയായിരുന്നു.

ചതുപ്പുകള്‍
വയലുകള്‍
മലഞ്ചെരിവുകള്‍
നാം ചേര്‍ന്നുനിന്ന്
ഛായാഗ്രഹണത്തിന്റെ
ദൂരദേശങ്ങളില്‍
ഒഴുകി മായുകയായിരുന്നു.

ജലപ്രവാഹങ്ങളുടെ
ഗിത്താറില്‍ വിരല്‍തൊട്ട്
നീ
നിന്റെ ഉടലില്‍ മൂളുക;
കാര്‍ഘങ്ങളായി വന്നു മൂടും
നീലഞരമ്പുകളില്‍ പറന്ന
മഴപ്പാറ്റകളുടെ
നനഞ്ഞൊട്ടിയ പേരുകള്‍.

(ഇസഡോറാ)
ഞാന്‍ കാട്ടില്‍,
മരങ്ങളോട്
പക്ഷികളോട്
വന്യമൃഗങ്ങളോട്
ചീവീടുകളോട്
നൃത്തശാലയിലേക്കുള്ള
വഴി ചോദിക്കുന്നു.

പല ശബ്ദങ്ങളില്‍
നിന്റെ പേര്
ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
എല്ലാവരും
നിന്റെ വെളുത്ത
നീളന്‍കുപ്പായം മാത്രം
ഓര്‍മ്മിക്കുന്നു.

നിന്റെ
മുടിയിഴകളുടെ നിറമേതെന്നു
മരങ്ങള്‍ ഉലയുന്നു.
ചുണ്ടുകളുടെ മധുരമെന്തെന്നു
പക്ഷികള്‍ കലഹിക്കുന്നു.
മുലകളുടെ നിലവിളി എങ്ങിനെയെന്നു
മൃഗങ്ങള്‍ കടിച്ചുകീറുന്നു.
അരക്കെട്ടിന്റെ ഏകാന്തത എത്രയെന്നു
ചീവീടുകള്‍ ഉറക്കത്തിലേക്കു തെന്നുന്നു.

നമ്മുടെ ദൈവം
കാട്ടില്‍നിന്നു തുടങ്ങുന്നു.

മുയലുകളുടെ വീട്ടില്‍
ഉറങ്ങാതെ കാത്തിരിക്കുന്ന
ആരുടേയോ
അഴുക്കു പിടിച്ച രോമക്കുപ്പായം
കാട്ടുചെടികളെ താരാട്ടുന്നു.

ചില ചെടികള്‍
പേടിയോടെ പൂക്കുന്നു.
മണക്കുന്നു
നിന്നെ മണക്കുന്നു.

നീ
നിന്നെ ചും‌ബിക്കുക;
നെറ്റിയില്‍
കഴുത്തില്‍
മാര്‍വ്വിടത്തില്‍ (...)

അനേകം മണങ്ങളുടെ
അംഗചലനങ്ങളല്ലേ
ഈ രാത്രി ?

നീ മറന്നു പോകുന്നു.
നൃത്തശാലയില്‍ വെളിച്ചം
കാട്ടുതീയുടെ ചായം പുരട്ടുന്നു.

കെട്ടിടങ്ങള്‍
തീവണ്ടിപ്പാതകള്‍
മ്യൂസിയങ്ങള്‍
ജയിലുകള്‍
മോര്‍ച്ചറികള്‍

രാത്രി
എല്ലാറ്റിനേയും കൊന്നു
കുഴിച്ചു മൂടുന്നു.

പൊടിഞ്ഞു പോയ നക്ഷത്രങ്ങളുടെ
ശിലാഫലകങ്ങള്‍
വായിച്ചെടുക്കുക;
ഓടി വന്ന് അടക്കിപ്പിടിക്കും
രാപ്പക്ഷികള്‍
നിന്റെ കണ്ണുകളില്‍ കൊത്തിയ
മറ്റനേകം പേരുകള്‍.

(ഇസഡോറാ)
നാം രണ്ടുപേര്‍
ഗ്രാമത്തില്‍ തിരിച്ചെത്തുന്നു
നഗരത്തില്‍ തിരിച്ചെത്തുന്നു
കാട്ടില്‍ തിരിച്ചെത്തുന്നു
സമുദ്രത്തില്‍ തിരിച്ചെത്തുന്നു.

ഞാന്‍
നിന്റെ ആകാശത്ത്
കൈക്കുഞ്ഞാവുന്നു,
പറ്റിച്ചേര്‍ന്നുകിടക്കുന്നു
നീയെനിക്കമ്മ.

പാടുക
നൃത്തം ചെയ്യുക
വെളുത്ത നീളന്‍ കുപ്പായത്തിന്റെ
വാതിലുകള്‍ തുറന്നിടുക.

പതിഞ്ഞ ശ്വാസത്തില്‍
പുറത്തേക്കു നോക്കുക;
പുരാണത്തിലെ തെരുവുവീഥിയിലൂടെ
പാട്ട കൊട്ടി
ആടിപ്പാടി പോകുന്ന
കുട്ടികളുടെ സംഘം.

നീ മാത്രം കേള്‍ക്കെ
അവര്‍
മേഘങ്ങളിലേക്കു പറന്നു പോകുന്ന
ഒരേ ശ്രുതി.

പെയ്യാന്‍ തുടങ്ങുന്ന മഴ
നീട്ടി വിളിക്കുന്ന
നിന്റെ പേര് .

(...)

വിഖ്യാതനര്‍ത്തകി ഇസഡോറ ഡങ്കന്റെ ആത്മകഥ വായിച്ചതിനുശേഷം കാല്പനികത ഇടപെട്ടത്

Subscribe Tharjani |
Submitted by faisalbava (not verified) on Thu, 2012-04-26 18:29.

"തിരശ്ശീലയ്ക്കു പിന്നില്‍ നീ,
തീപിടിച്ചു വെന്ത വെയില്‍
കൊഴിഞ്ഞുകൊണ്ട മഴ
ഉറഞ്ഞു കുന്നായ മഞ്ഞ്
ഇല കീറിയ കാറ്റ് " (...)

"ദീര്‍ഘദൂരസഞ്ചാരികള്‍
കൂകിയോടുന്ന
നിന്റെ കുഞ്ഞുടലില്‍
പ്രാചീനശിലകളുടെ
നൃത്തരം‌ഗങ്ങള്‍".

നസീറിന്റെ കവിത നന്നായി, നീറി പുകയുന്ന കവിത,
Faisalbava