തര്‍ജ്ജനി

അഷ്‌റഫ്‌ കടന്നപ്പള്ളി

മെയില്‍ : ashrafpulukool@yahoo.com

Visit Home Page ...

കഥ

ആത്മാവിന്റെ തോന്നലുകള്‍

തെഹ്രാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അസ്മാന്‍ എയറിന്റെ വിമാനം ദുബായ് ലക്ഷ്യമാക്കി പറന്നുയര്‍ന്നു. അതില്‍ ആറാമത്തെ വരിയിലെ സൈഡ് വിന്‍ഡോക്കഭിമുഖമായ ഇരിപ്പിടത്തില്‍ സയീദ്‌ അലി റീസ ഇരുന്നു. അന്നത്തെ സൂര്യനുറങ്ങിക്കിടന്ന പകലില്‍ ലൈലാ സെഖതിനോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ അവസാനത്തെ ആശ്രയമായി ആ യാത്രയെ അയാള്‍ കണ്ടു. ലൈലയും മക്കളും പ്രായമായ ഉമ്മയും ഇപ്പോള്‍ വാടകവീട്ടിലാണ്. ആകെയുള്ള കിടപ്പാടവും വിറ്റാണ് ഈ യാത്രക്കുള്ള പണം തരപ്പെടുത്തിയിരിക്കുന്നത്. ഒരു സുഹൃത്താണ് ഈ വഴി പറഞ്ഞുതന്നിരിക്കുന്നത്. ദുബായില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ഇറാന്‍ തീരത്തെത്തിച്ചു വില്പനനടത്തുക. നല്ല ലാഭമാണ്. അയാള്‍ ഈ വഴി തിരഞ്ഞെടുത്തു് ഇപ്പോള്‍ അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. നല്ല കാശ് ഉണ്ടാക്കിയെടുത്തു. ഒന്ന് പരീക്ഷിച്ചുനോക്കാനുള്ള അയാളുടെ ഉപദേശത്തെ ലൈലയും പിന്താങ്ങിയപ്പോള്‍ പിന്നെ ഇറങ്ങി പുറപ്പെട്ടതാണ്..
ഒരു നിശ്ചിത ഉയരത്തിലെത്തി വിമാനം ലംബാവസ്ഥയില്‍ ആകുന്നതുവരെ എല്ലാവര്‍ക്കും ചെറിയ ടെന്‍ഷന്‍ ആണ്. ആ ഒരവസ്ഥയില്‍ എത്തികഴിഞ്ഞാല്‍ മാത്രമേ യാത്രക്കാര്‍ ഒന്ന് ശ്വാസം നേരെ വിടുകയും അടുത്തുള്ള യാത്രക്കാരെ ശ്രദ്ധിക്കുവാനും തുടങ്ങുകയുള്ളൂ..
'സലാം' ഞാന്‍ മഹമൂദ് . അടുത്തുള്ള ആള്‍ അയാള്‍ക്ക് കൈകൊടുത്തു ഉപചാരവാക്ക് പറഞ്ഞു.

മഹമൂദിനെ ഒരു സാത്വികനെപ്പോലെ തോന്നിച്ചിരുന്നു. വലിയ വെളുത്ത താടിയും ഷിയാ ഇമാമുമാരുടെതുപോലുള്ള തലയില്‍ കെട്ടും.... കണ്ണുകളില്‍ ഒരു വല്ലാത്ത മാസ്മരികത....
" എന്താ നിങ്ങള്‍ വല്ലാതെ പരിക്ഷീണിതനെപ്പോലെ തോന്നിക്കുന്നല്ലോ" മഹമൂദ് വീണ്ടും.
അപ്പോഴേക്കും വിമാനകത്ത് നിന്നും സ്ത്രീകള്‍ അവരുടെ കറുത്ത മുഖമക്കനകളും പര്‍ദ്ദകളും അഴിച്ചുവെക്കാന്‍ തുടങ്ങിയിരുന്നു. പര്‍ദ്ദക്കുള്ളില്‍ മനോഹരമായ ജീന്‍സും ടീഷര്‍ട്ടും ധരിച്ചിട്ടുണ്ടായിരുന്നു അവര്‍. ആകാശത്ത് മതവിലക്കുകള്‍ ബാധകമല്ലാത്തത് കൊണ്ട് അവര്‍ ആ സ്വാതന്ത്ര്യം നല്ലവണ്ണം ആസ്വദിക്കുന്നുണ്ടായിരുന്നു.... ചില പെണ്ണുങ്ങളെ കണ്ടാല്‍ത്തോന്നും അവര്‍ ആ സ്വാതന്ത്ര്യം അനുഭവിക്കാനായി മാത്രമാണ് യാത്ര ചെയ്യുന്നത് എന്നുതന്നെ ..

" യുദ്ധങ്ങളും ഉപരോധങ്ങളും പിന്നെ സുഹൃത്തുക്കളുടെ വഞ്ചനയും മൂലം ബിസിനസ് തകര്‍ന്ന ഒരാളുടെ തളര്‍ച്ച.. അതാണ്‌ നിങ്ങളെന്റെ മുഖത്ത് കാണുന്നത്.." അയാള്‍ പറഞ്ഞു.

" നിങ്ങള്‍.. ഈ യാത്രയുടെ ഉദ്ദേശം എന്താ.. സാധാരണ നിങ്ങളെപ്പോലെയുള്ളവര്‍ ഇറാന് പുറത്തേക്കു പോകാറില്ലല്ലോ.." അയാളുടെ ചോദ്യത്തിന് മഹമൂദ് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.. പര്‍ദ്ദയും മുഖമക്കനയും കയ്യുറയും ധരിച്ച എയര്‍ ഹോസ്റ്റസുമാര്‍ കൊണ്ടുവന്ന പാനീയം കുടിക്കുന്നതിലായി രണ്ടു പേരുടെയും ശ്രദ്ധ..

" നിങ്ങള്‍ ഒരു ഖൊമേനി വിരുദ്ധനാണെന്ന് തോന്നുന്നു. " അല്പസമയത്തിനുശേഷം മഹമൂദ് ചോദിച്ചു.

അപ്പോള്‍ അയാള്‍ പുറത്ത് മേഘശകലങ്ങള്‍ കൂട്ടമായും ഒറ്റയായും തെന്നിയകലുന്നത് നോക്കിയിരിക്കുകയായിരുന്നു..

"ഈ മേഘശകലങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി പൂര്‍ണ്ണതകൈവരിച്ച് മഴയായി പെയ്യുന്നതിനു മുമ്പായി അവയെ പ്രത്യേകം തയ്യാറാക്കുന്ന ഗോലികള്‍ ഉപയോഗിച്ച് പൊടി പൊടിയാക്കി മഴ നേരത്തെ പെയ്യിക്കാമെന്ന് ശാസ്ത്രം തെളിയിച്ച കാര്യം നിങ്ങള്‍ക്കറിയാമോ? "

മഹമൂദിന്റെ ഖൊമേനിവിരുദ്ധനാണോ എന്ന ചോദ്യം അവഗണിച്ച് അയാള്‍ ചോദിച്ചു. നിങ്ങള്‍ ഇപ്പോഴും ഇരുണ്ടയുഗത്തിലാണ് ജീവിക്കുന്നതെന്നും ഒരു ജനതയെയും സംസ്കാരത്തെയും തടവറയിലാക്കി മതാന്ധത വളര്‍ത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത് എന്നും അയാളുടെ ചോദ്യത്തില്‍ ധ്വനിച്ചിരുന്നു.. എപ്പോഴും യുദ്ധം പ്രതീക്ഷിരിക്കേണ്ട ഒരു ജനതയുടെ മാനസികാവസ്ഥ....യുദ്ധം ഇവര്‍ക്കൊക്കെ എന്തുനല്കുന്നു..ആര്‍ക്കാണ് സ്വാതന്ത്ര്യം നല്കുന്നത്.. ആര്‍ക്കാണ് സംരക്ഷണം നല്കുന്നത്..ഇവ ചോദ്യങ്ങളായി പുറത്ത് വന്നാല്‍ അഴിക്കുള്ളില്‍ ബാക്കി ജീവിതം തള്ളിനീക്കാം..

അയാള്‍ മഹമൂദിന്റെ മുഖത്ത് നോക്കി.. അയാള്‍ കണ്ണുകളടച്ച് ഏതോ ധ്യാനത്തിലെന്ന പോലെ ഇരിക്കുകയായിരുന്നു..അതോ ഉറങ്ങുകയാണോ..

അങ്ങിനെ ചോദിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ടായിരുന്നു എന്ന് അയാള്‍ക്ക്‌ തോന്നി..
ഒരു മണിക്കൂറില്‍ താഴെ മാത്രമേ ഈ യാത്രക്ക് ആയുസ്സുള്ളൂ..അയാള്‍ കണ്ണുകളടച്ചു കിടന്നു.. ഉറങ്ങാന്‍ കഴിയുന്നില്ല.. അല്ലെങ്കിലും ഉറക്കം നഷ്ടപ്പെട്ടു നാളുകളെത്രയായി.. ലൈലയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേദന കൂടുന്നു.. സമ്പന്നതയില്‍ നിന്നും തന്റെകൂടെ കൂടിയവളാണ് .. അവളുടെ കുടുംബത്തിന്റെ സ്ഥിതിയും മോശം തന്നെയാ ഇപ്പോള്‍. വില്ക്കാനുള്ളതെല്ലാം വിറ്റുകഴിഞ്ഞു..

വിമാനം ലാന്റ് ചെയ്യുന്നതായി അറിയിപ്പുവന്നു.. സീറ്റ് ബെല്‍റ്റ്‌ ധരിച്ച് എല്ലാവരും തയ്യാറായി ഇരുന്നു.. വലിയ ഒരു കുലുക്കത്തോടെ വിമാനം ഭൂമിയെ തൊട്ടു..പിന്നെ മെല്ലെ മെല്ലെ വേഗത കുറച്ച് ഇഴഞ്ഞിഴഞ്ഞു ടെര്‍മിനലിലേക്ക്..

വീണ്ടും എപ്പോഴെങ്കിലും നാം തമ്മില്‍ കാണും എന്നുപറഞ്ഞ്‌, നിങ്ങളുടെ യാത്ര സഫലമാകട്ടെ എന്ന് പ്രാര്‍ത്ഥിച്ച് ഹസ്തദാനം തന്നു മഹമൂദ്‌ പോയി.. മഹമൂദിന്റെ കണ്ണുകള്‍ കണ്ടപ്പോള്‍ എന്തോ അയാളിലൊരു ഭയം നിറഞ്ഞു... പിന്നെ തന്റെ ബാഗും വലിച്ചു കൌണ്ടറിലേക്ക് നടന്നു...

****

അന്നത്തെ അയാളുടെ പുലര്‍ച്ചയിലേക്ക് സൂര്യന്‍ ഉദിച്ചില്ല. പുറത്ത് ജനല്‍ വിരികള്‍ക്കിടയിലൂടെ കാര്‍മേഘം മൂടിക്കെട്ടിയപോലുള്ള അന്തരീക്ഷം കണ്ട് അയാള്‍ ഗ്ലാസ് ഡോര്‍ തള്ളി തുറന്നു ബാല്‍ക്കണിയിലേക്കിറങ്ങി അകലെയല്ലാതെ കിടക്കുന്ന അബ്ര ഭാഗത്തേക്ക് നോക്കി. പതിനെട്ടുനിലകള്‍ ഉള്ള ആ ഫ്ലാറ്റിന്റെ ഏറ്റവും മുകളിലത്തെ നിലയിലായതുകൊണ്ട് അകലെയുള്ള കാഴ്ചകള്‍ പോലും കാണാം. അബ്ര* ഭാഗത്ത്‌ നിന്നും ഭീമാകാരങ്ങളായ പുകച്ചുരുളുകള്‍ ആകാശത്തിലേക്ക് ഉയരുന്ന കാഴ്ചയാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അബ്രയുടെ കരയിലുള്ള ഏതെങ്കിലും കെട്ടിടത്തിനു തീ പിടിച്ചതാകുമോ? .. ഈ ഉഷ്ണകാലത്ത് തീപിടിത്തം കൂടുതലാണിവിടെ.. കൂടുതലും എ സി യില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം.. അമിതമായ വൈദ്യുതി ഉപയോഗമാണ് ചൂട് കാലത്ത്.. അബ്രയോരത്ത് വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്ന ചരക്കുബോട്ടുകള്‍ ഇന്നലെയും കണ്‍കുളിര്‍ക്കെ കണ്ടു റൂമിലേക്ക്‌ വന്നതാണ്.. കാരണം ഉണ്ട് .. അതില്‍ സാധനങ്ങള്‍ നിറച്ച് തെഹ്‌റാന്‍ കര ലക്ഷ്യമാക്കി യാത്രക്ക് തയ്യാറായി നില്ക്കുന്ന മൂന്നു ചരക്കുബോട്ടുകള്‍ തനിക്കുള്ളതാണ്.. ക്ലിയറന്‍സ് ലെറ്റര്‍ കിട്ടിക്കഴിഞ്ഞാല്‍ ഇന്നോ നാളെയോ പുറപ്പെടും..

അയാളുടെ ഉള്ളിലേക്ക് പൊടുന്നനെ ഒരു ഭീതി ഇരച്ചു കയറി.. ഇനി ചരക്കുബോട്ടുകള്‍ക്കാകുമോ തീ പിടിച്ചത്.. കാല്‍പാദം മുതല്‍ തലയോട്ടി വരെ ഒരു വിറയല്‍ ഉയര്‍ന്നു. അല്പസമയത്തേക്ക് അയാളുടെ ചിന്തകള്‍ നിലച്ചു.. പിന്നെ വാതില്‍ തുറന്നു, ലിഫ്റ്റിറങ്ങി അബ്ര ലക്ഷ്യമാക്കി നടന്നു..അങ്ങോട്ടുള്ള പാതയില്‍ ആളുകളുടെ അലച്ചില്‍ തുടങ്ങിയിട്ടുണ്ട്.. അബ്രയില്‍ നിന്നും ഉയരുന്ന പുകച്ചുരുളുകള്‍ ആണ് സൂര്യനെ മറച്ച് മേഘപടലങ്ങളെ പോലെ ആകാശത്ത്‌ നിറഞ്ഞിരിക്കുന്നതെന്ന് അയാള്‍ക്ക്‌ മനസ്സിലായി.. അബ്രക്ക്‌ ഏകദേശം ഇരുന്നൂറു മീറ്റര്‍ അകലെ നിന്ന് തന്നെ പോലിസ് വലയം തീര്‍ത്തിട്ടുണ്ട്.. ആരെയും അങ്ങോട്ട്‌ പോകാന്‍ അനുവദിക്കുന്നില്ല.. പോലിസ് വണ്ടികളുടെയും ഫയര്‍ ഫോഴ്സ് വണ്ടികളുടെയും നീലച്ചോരവെളിച്ചങ്ങളും വിലാപധ്വനികളും ശീല്‍ക്കാരങ്ങളും .. ബോട്ടുകളില്‍നിന്നും ഇടയ്ക്കിടെ പടക്കം പൊട്ടുന്നപോലെ സാധനങ്ങള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദവും.. ഇരുപതോളം ബോട്ടുകള്‍ കത്തിക്കരിഞ്ഞിരിക്കാം എന്നു അടുത്തുള്ള ഒരാള്‍ മറ്റൊരാളോട് പറയുന്നത് കേട്ടു.

സ്വപ്നങ്ങളും പ്രതീക്ഷകളും നിറച്ച തന്റെ ബോട്ടുകള്‍ .. അതെവിടെയാണ് കിടന്നതെന്നു് തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല.. ഫയര്‍ഫോര്‍സിന്റെ കാതടപ്പിക്കുന്ന ശീല്‍കാരങ്ങള്‍ക്കിടയില്‍ മൊബൈല്‍ ഫോണിന്റെ റിംഗ് ടോണ്‍ കേട്ടില്ലെങ്കിലും വൈബ്രേറ്റര്‍ വഴി കോള്‍ വരുന്നുണ്ടെന്നറിഞ്ഞു കീശയില്‍ നിന്നും ഫോണെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി.. ലൈലയുടെ നമ്പര്‍.. ഇവിടെ എത്തിയത് മുതല്‍ എന്നും രാവിലെ അവള്‍ വിളിക്കും.. ഓരോ ദിവസവും കഴിഞ്ഞ വിശേഷങ്ങള്‍ അറിയാന്‍ ... ക്ലിയറന്‍സ് എല്ലാം കിട്ടിക്കഴിഞ്ഞാല്‍ നാളെയോ മറ്റന്നാളോ സാധനങ്ങളുമായി ബോട്ടുകള്‍ പുറപ്പെടുമെന്ന് അവളോട്‌ ഇന്നലെ പറഞ്ഞതാണ്.. ഇനി എന്താ അവളോട്‌ പറയുക.. മൊബൈല്‍ സ്ക്രീനിലേക്ക് തന്നെ നോക്കി കാഴ്ചകള്‍ മങ്ങി അയാള്‍ നിലത്തേക്ക് ഊര്‍ന്നുവീണു..

****

അയാള്‍ മെല്ലെ കണ്ണുകള്‍ തുറന്നു.. താന്‍ ഒരാളുടെ മടിത്തട്ടില്‍ തലചായ്ച്ചുകിടക്കുകയാണ്.. അയാള്‍ തന്നെ ..മഹമൂദ്.. അയാളുടെ മാസ്മരികത നിറഞ്ഞ കണ്ണുകള്‍ തന്നെ തന്നെ നോക്കുകയാണ്.. അയാളുടെ വെളുത്ത മെലിഞ്ഞുനീണ്ട വിരലുകള്‍ തന്നെ തലോടുകയാണ്.. ഒരു വല്ലാത്ത സുഖം തോന്നുന്നു..

"കണ്ണുകളടച്ചോളൂ.." അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു..

അയാള്‍ സാവധാനം കണ്ണുകള്‍ ചിമ്മി.. അസ്മാന്‍ എയറിന്റെ ഓഫീസിനു മുമ്പില്‍ ലൈലയും മക്കളും ക്യൂ നില്ക്കുകയാണ്.. തന്റെ പാസ്പോര്‍ട്ട് കോപ്പി അവളുടെ കയ്യിലുണ്ട്.. ഇന്‍ഷുറന്‍സ് തുകയ്ക്കുള്ള അപേക്ഷ നല്കാനാണ്..

****

അസ്മാന്‍ എയറിന്റെ വിമാനം ടെഹ്‌റാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരുമ്പോള്‍ ഓരോ യാത്രക്കരന്റെയടുത്തും കണ്ണുകളില്‍ മാസ്മരികതയൊളിപ്പിച്ച് ഓരോ വെളുത്ത താടിക്കാരന്‍ ഇരുന്നിരുന്നു.. എല്ലാ താടിക്കാരും കൊച്ചുവിശേഷങ്ങള്‍ മാത്രം യാത്രക്കാരോട് ചോദിച്ചു..

ഉയര്‍ന്നു പൊങ്ങിയ വിമാനം തീപിടിച്ചു തകര്‍ന്നുവീണു.. എല്ലാ യാത്രക്കാരും ക്ര്യൂസും തത്സമയം തന്നെ മരണപ്പെട്ടിരുന്നു..

ബാക്കിയെല്ലാം അയാളുടെ ആത്മാവിന്റെ തോന്നലുകള്‍ മാത്രം.. അതോ കഥാകാരന്റെയോ...

*അബ്ര : ചെറിയ കടലിടുക്ക്

Subscribe Tharjani |