തര്‍ജ്ജനി

യാമിനി ജേക്കബ്‌

ഗവേഷകവിദ്യാര്‍ത്ഥി,
ബയോകെമിസ്ട്രി വിഭാഗം,
കേരള സര്‍വ്വകലാശാല,
കാര്യവട്ടം, തിരുവനന്തപുരം. 695 581.
ഇ മെയില്‍ : jacob.yamini@gmail.com

Visit Home Page ...

കവിത

പാവം പൂച്ചകള്‍!!!

വെളിച്ചത്തില്‍ പിറന്ന്
നേര്‍ത്ത അന്ധകാരത്തില്‍ വളര്‍ന്ന്
ഇരുട്ടില്‍ അവസാനിക്കുന്ന
നീളന്‍ വരാന്ത.
വരാന്തക്കിരുപുറവും
തുറന്നടയുന്ന അനേകം വാതിലുകള്‍.

ഓരോ വാതിലും തുറക്കപ്പെടുന്നത്
ഓരോ കാരണങ്ങളിലേക്ക്.
ഉദ്ദേശ്യങ്ങള്‍ പതിയിരിക്കുന്ന മുറികള്‍.

ചിരപരിചിതമായ അടുക്കളയുടെ,
ഉമ്മറത്തിന്റെ, ഊട്ടുമുറിയുടെ
അടുപ്പം തൊട്ടുതീണ്ടാത്തമുറികള്‍.

ഇതൊന്നുമറിയാതെ
നടത്തത്തിന് ഇറങ്ങിയ പൂച്ച!!!
വാതിലുകള്‍ കടന്ന്‌, കാല്പനികത തേടി-
വിലക്കപ്പെട്ട കനിയുടെ മധുരം തേടി.

ഒരു പൂച്ചക്കൊരു മുറിയില്‍
കുടുങ്ങാന്‍
എത്ര നേരം വേണം?

വാതില്‍ തുറന്നടയുന്ന നിമിഷാര്‍ദ്ധങ്ങള്‍.
ഉള്ളിലേക്ക് കടക്കുംതോറും
ചുരുള്‍നിവരുന്ന ഗൂഢലക്ഷ്യങ്ങള്‍,
സ്വാര്‍ത്ഥതകള്‍.

തുടക്കത്തിലേ സംഭ്രമത്തിനൊടുവില്‍
അനാഥമാകുന്ന ആര്‍ത്തനാദങ്ങള്‍.
മുറികള്‍ക്കുള്ളില്‍ അകപ്പെട്ടുപോകുന്ന
പൂച്ചകള്‍ ഒക്കെയും
കൊത്തി മുറിക്കപ്പെടുന്നു,
കാലാകാലങ്ങളായി!!!

Subscribe Tharjani |