തര്‍ജ്ജനി

മണിലാല്‍

ഇ മെയില്‍ : manilalbodhi@gmail.com
ബ്ലോഗ് : http://marjaaran.blogspot.com

Visit Home Page ...

മറുപക്ഷം

ഞങ്ങളെ ആരും ഭരിക്കേണ്ട എന്ന് പറയുന്ന സ്വതന്ത്രരായ ഒരു വലിയ മനുഷ്യസമൂഹം ലോകത്തിലുണ്ട്

ലോകത്തിന്റെ പൊതുധാരയില്‍ കാണുക ഭരണംനോക്കി മരുഷ്യരെയാണ്.(അല്ലാത്തവരെയും കാണാം, വേറിട്ട നോട്ടത്തില്‍. ലോകത്തെ മറ്റൊരു രീതിയില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നവരെ ശ്രീരാമേട്ടന്റെ വേറിട്ടകാഴ്ചകളില്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഹാങ്ങോവറില്‍ നടന്നപ്പോള്‍ ഇത്തരം മനുഷ്യരെമാത്രമേ കാണുമെന്നായി. കാവേരിനദി പൊങ്ങി കുന്ദംകുളത്തെ ഒരു ചെറിയ തോടില്‍ വെള്ളം ഉയരുമെന്ന വേവലാതിയില്‍ സ്വന്തം ഓലക്കൂരയില്‍ കിട്ടുന്ന പൈസക്കൊക്കെ കോണ്‍ക്രീറ്റ് കാലുകള്‍ നിര്‍മ്മിക്കുന്ന വേലയുധനെ, പകല്‍ പലിശക്ക് പണം കൊടുക്കുകയും തിരികെ വാങ്ങിക്കുകയും രാത്രിയായാല്‍ ഇടിഞ്ഞുപൊളിഞ്ഞ വീടിന്റെ മുകളില്‍നിന്ന് ദൈവഘോഷണം നടത്തുകയും ചെയ്യുന്ന കൊച്ചുബേബി എന്നിവരെയൊക്കെ ഞങ്ങളന്ന് കാമറയിലാക്കി വേറിട്ടകാഴ്ചകള്‍ നിര്‍മ്മിച്ചു.)

ഭരണത്തെ അപ്പി കണ്ടതുപോലെ മാറിനടക്കുന്ന മനുഷ്യരും ലോകത്തിലുണ്ട്. അവരുടെ മുഖത്ത് വലിഞ്ഞുമുറുക്കങ്ങളില്ല, വിവാഹിതരുടെ മുഖത്തേതുപോലെ.

നാടോടികള്‍ എന്നോ നായടികള്‍ എന്നൊ നമുക്കവരെ വിളിക്കാം. അവര്‍ സ്ഥിരമായി എവിടെയുമില്ല. വീടുവെക്കില്ല, വിദ്യക്ക് കുട്ടികളെ സ്കൂളില്‍ അയക്കില്ല. ആരോഗ്യത്തിനുവേണ്ടി ആശുപത്രിയില്‍ പോകില്ല, നീതിക്കുവേണ്ടി കൊഞ്ഞാണന്‍ കോടതിയുടെ തിണ്ണനിരങ്ങില്ല. വിവാഹം തീരെ കഴിക്കില്ല. ചൂരിനും ചൂടിനും ആരെയെങ്കിലും കൂടെ കൂട്ടിയേക്കാം. ഒരാളില്‍ നില്കണമെന്നുമില്ല. അവര്‍ക്ക് റേഷന്‍ കാര്‍ഡില്ല. ആധാര്‍ എന്ന് കേട്ടാല്‍ അവര്‍ ചിരിച്ച് ചിരിച്ച് മണ്ണുകപ്പും. ഇതിനു വേണ്ടി വെയില്‍കൊണ്ടു നില്കുന്നവരെ നോക്കി സഹതപിക്കും.

മുംബൈയിലാണെങ്കില്‍ മണ്ണെണ്ണ സ്റ്റൌ തുടങ്ങിയവ കേടുപാടുകള്‍ തീര്‍ക്കുന്നവരുടെ ഗണത്തിലാണവര്‍. കൊല്‍ക്കൊത്തയിലാണെങ്കില്‍ ഇതു പോലെ വേറേ പണിയിലേര്‍പ്പെട്ടവര്‍. ബാവുള്‍ ഗായകരും ഇതേ ഗണക്കാരാണെന്ന് തോന്നുന്നു. അവരുടെ അലച്ചില്‍ കാണുമ്പോള്‍, പാട്ടു കേള്‍ക്കുമ്പോള്‍.

അവര്‍ ക്യൂ വില്‍ നിന്ന് അപമാനിതരാവില്ല. റേഷന്‍ കാര്‍ഡുള്ള എല്ലാ പൌരന്മാര്‍ക്കും ദിവസവും പോലീസിന്റെ അഞ്ചടി നിയമമാക്കിയാല്‍ എത്രയും നേരത്തെ പോയി വാങ്ങി തൃപ്തിയടയുന്ന സംസ്കാരസമ്പന്നര്‍ ഇവരെ പ്രാകൃതര്‍ എന്ന് വിളിച്ചുകളിയാക്കിയേക്കും. വരച്ചവരയില്‍ നിന്നും ഒരാളും തെറ്റി നടക്കുന്നത് ഭരണകൂടത്തിന് ഇഷ്ടമല്ല. അവര്‍ അപ്പക്കഷ്ണങ്ങള്‍ കാട്ടി കളത്തിലേക്ക് പ്രലോഭിപ്പിച്ചു നിര്‍ത്തും. അപ്പക്കഷ്ണങ്ങളില്‍ കൂടുതല്‍ അഭിരമിക്കുന്നത് എഴുത്തും വായന തുടങ്ങിയ ദോഷങ്ങള്‍ ഉള്ളവരും സിനിമയടക്കം മറ്റു ഗണത്തിലുള്ളവരുമാണ്.

നട്ടെല്ലു വളക്കാനുള്ള വിദ്യാഭ്യാസമാണൊ സാക്ഷരത എന്ന് സംശയം തോന്നുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.

ആദിവാസികളോട് സംസ്കൃതര്‍ കാണിക്കുന്നതും ഇതു തന്നെയാണ്. കാട്ടില്‍ നിന്നിറക്കി അവരെ നാടന്‍ മുണ്ടുടുപ്പിച്ചു, പട്ടയടിപ്പിച്ചു. എന്നിട്ട് നമ്മള്‍ കാട്ടില്‍ കയറി കട്ടുമുടിച്ചു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കാടിനെതിരാണ്. വനംവകുപ്പിനും ചില എന്‍.ജി.ഓ സംഘങ്ങള്‍ക്കും കാട്ടില്‍ കയറാനും കൊള്ളയടിക്കാനും വേണ്ടിയാണ് വനവാസികളെ കാട്ടില്‍ നിന്നിറക്കിയതെന്നാണ് പുതിയ വര്‍ത്തമാനങ്ങള്‍. ആനക്ക് വെള്ളം കുടിക്കാന്‍ ചോലകളില്‍ തടയണ കെട്ടുന്നു. ഒരു കാട്ടുചോലയില്‍ തന്നെ അഞ്ചും ആറും അണകള്‍. ഈയിടെ അണകളില്‍ ഒന്ന് പൊട്ടി. തുടര്‍ന്ന് ഓരോന്നോരാന്നായി പൊട്ടി. വലിയ വെള്ളപ്പൊക്കമുണ്ടായി. കുറെ മരങ്ങള്‍ വീണൊഴികിപ്പോയി.

എന്‍.ജി.ഒ കളുടെ കയ്യിലേക്ക് വനസംരക്ഷണത്തിന് കോടികളാണ് ഒഴുകുന്നത്. ആനക്ക് സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചാലും ആരും മൂക്കത്ത് കൈവെച്ചുപോകരുത്. ദയാ ബായി എന്ന സാമൂഹ്യപ്രവര്‍ത്തക പറഞ്ഞതു പോലെ സര്‍ക്കരിതരസംഘടനകള്‍ പ്രൊജക്റ്റ് ഓറിയന്റാണ്, പീപ്പിള്‍ ഓറിയന്റല്ല. ഇതേക്കാള്‍ യോജിച്ച നിര്‍വ്വചനം എന്‍.ജി.ഓ കള്‍ കൊടുക്കാനില്ല.

കാശിനു വഹയുണ്ടെങ്കില്‍ എന്‍.ജി.ഓ കള്‍ എന്തു പണിയും ചെയ്യും. വിപ്ലവം പോലും നടത്തിത്തരും.

മുതലാളിത്തത്തിലായാലും ജനാധിപത്യത്തിലായാലും എന്തിനേറെ സോഷ്യലിസത്തിലായാലും ഇത് വ്യതസ്തമല്ല. മഴയിലേക്ക് തെറിച്ചുപോകുന്ന കുട്ടികളെ അമ്മമാര്‍ കുടയിലേക്ക് വലിച്ചുകയറ്റുന്നതു പോലെയാണ് ഭരണകൂടം ഭരണത്തെ മാനിക്കാത്തവരോട് പെരുമാറുന്നത്. അമ്മയുടെ പിടിപോലെ മൃദുലമല്ലെന്ന് മാത്രം.

മുംബയിലെ കാന്തിവില്ലിയില്‍ സുഹൃത്ത് മുരളിയുടെ ഫ്ലാറ്റില്‍ താമസിച്ച ദിവസങ്ങളില്‍ കറങ്ങിയ പരിസരങ്ങളില്‍ ഇവരെ കാണാന്‍ കഴിഞ്ഞു. നട്ടവെയിലില്‍ പഴയ മണ്ണെണ്ണ സ്റ്റൌ നന്നാക്കുന്ന ഒന്നു രണ്ടാളുകള്‍. വെറുതെ നോക്കി നിന്നു. കുറെ നേരം വെയില്‍കൊണ്ടത് വെറുതെ. അവര്‍ എന്നെ പരിഗണിച്ചതേയില്ല. സാധാരണ മനുഷ്യര്‍ അവര്‍ക്ക് ഭരണകൂടത്തിന്റെ വളര്‍ത്തുമൃഗങ്ങളാണ്. എന്തിനവര്‍ നോക്കണം. മുരളിയാണ് പറഞ്ഞത്. സെന്‍സസ് സമയത്ത് ഇവരെ ഒന്നിച്ച് പിടിക്കാന്‍ സര്‍ക്കാറിന്റെ പിണിയാളുകള്‍ പദ്ധതി തയ്യാറാക്കും. സമയം നിശ്ചയിച്ച് അവര്‍ വരും, പോലീസ് സന്നാഹത്തോടെ. ഭരണത്തെ പേടിച്ചോ അറച്ചോ അവര്‍ മറ്റൊരിടത്തേക്ക് പലായനം ചെയ്യും. കാര്യങ്ങള്‍ അറിഞ്ഞതോടെ ഇവരോടെനിക്ക് ബഹമാനമായി. കൊല്‍ക്കൊത്തയിലും ഇത്തരക്കാരെ ധാരാളം കണ്ടു.

2

കലാകാരന്മാരും ഇങ്ങിനെയൊക്കെ സഞ്ചരിച്ചവര്‍ ആയിരുന്നു. അധികാരത്തില്‍ നിന്നകന്ന്, തെന്നി മാറി. സവര്‍ണ്ണകാലം പോലെ. പക്ഷെ അപ്പോഴും ഉയരത്തില്‍ നിന്നത് കലാകാരന്മാരായിരുന്നു. അവര്‍ പട്ടും വളയും കിട്ടാന്‍ വേണ്ടി ശരീരം വില്ലുപോലെ വളച്ചില്ല. ആയതിനാല്‍ ചരിത്രത്തില്‍ നിന്ന് കാലങ്ങളിലേക്ക് നീണ്ടു നിവര്‍ന്നു കിടക്കുന്നതായി അവരുടെ കലയും വ്യക്തിത്വവും. സ്വാതന്ത്ര്യദാഹികളായ മനുഷ്യര്‍ അങ്ങിനെയാണ്. അവര്‍ക്ക് ഏറ്റവും മുകളില്‍ നില്‍ക്കണം. ഏതിനും മുകളില്‍. അധികാരത്തിനും പണത്തിനും പ്രശസ്തിക്കും എല്ലാം മുകളില്‍.

ഉയരങ്ങള്‍ സ്വാതന്ത്ര്യമാണ്. ഉയരങ്ങള്‍ക്കിന്ന് പുതിയ നിര്‍വ്വചനമാണ്. അത് അധികാരത്തോട് ചേര്‍ന്നു നില്‍ക്കുന്നു. ഭരണത്തിന്റെ കുടക്കിഴില്‍ വെയില്‍ കൊള്ളാതെ നില്‍ക്കുക എന്നുള്ളതാണ് കലാലോകത്തിന്റെ ഇന്നത്തെ പ്രമാണം. അതാണത്രെ ജീവല്‍സാഹിത്യം അല്ലെങ്കില്‍ജീവിച്ചു പോകാനുള്ള ഒരു സാഹിത്യം. സാഹിത്യകാരന്മാര്‍ മാത്രമല്ല സിനിമക്കാരും ഇതില്‍പ്പെടുന്നു. ആയതിനാല്‍ ഭരണകൂടത്തിന്റെ ബ്രോയിലര്‍ കോഴികളായി അവര്‍ മാറി, ഒന്നു കൂകാന്‍ പോലും പറ്റാത്തവരായി അവര്‍ നിശബ്ദരാക്കപ്പെട്ടു.

മലയാള സിനിമയുടെ കാര്യം എടുക്കുക. സര്‍ഗ്ഗാത്മകതയെ ചുരുക്കുന്ന എത്രയെത്ര സ്ഥാപങ്ങളാണിന്ന്. സദാചാരം, സെന്‍സര്‍ഷിപ്, മാക്ട, ഫെഫ്ക, അമ്മ, താരങ്ങള്‍ അങ്ങിനെയെത്രയെത്ര വ്യവസ്ഥാപിതസ്ഥാപങ്ങള്‍ക്കു കീഴില്‍ എല്ലാം ചുരുക്കപ്പെടുന്നു. സിനിമയെടുക്കുന്നവന്റെ (സിനിമയെടുക്കുന്നവര്‍ എല്ലാം സിനിമക്കാരല്ല) സ്വാതന്ത്ര്യം എത്രയോ പ്രധാനപ്പെട്ടതാണ്. ഈ സ്വാതന്ത്ര്യത്തിലാണ് സ്ഥാപങ്ങള്‍ അധികാരപ്രയോഗം കൊണ്ട് കത്തിവെക്കുന്നത്.

ഇവിടെ സന്തോഷ് പണ്ഡിറ്റിന് ലാല്‍ സലാം പറയാന്‍ തോന്നുന്നു. മണ്ടത്തരം കൊണ്ടും മഹത്തരം കൊണ്ടു ചിലര്‍ ചരിത്രത്തില്‍ ചില കോറലുകള്‍ ഉണ്ടാക്കും. സ്ഥാപനങ്ങളെ വെല്ലുവിളിച്ചതാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രസക്തി. സിനിമയുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കാനേപാടില്ലാത്ത വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ് എന്ന് ഞാന്‍ കരുതുന്നു.(അയാള്‍ എന്തോ ചെയ്യുന്നു. അത് കാമറയിലായതിനാല്‍ സിനിമ എന്ന് ചിലര്‍ വിളിക്കുന്നു. അയാള്‍ മാത്രമല്ല മലയാള സിനിമയിലെ പലരും സിനിമയൊന്നുമല്ല ചെയ്യുന്നത്. ഒരിഞ്ചു വ്യത്യാസത്തിന് സന്തോഷ് പണ്ഡിറ്റ് ആവാതെ പോയവരും ആവാന്‍ പോകുന്നവരും എത്രയെത്ര ഇവിടെയുണ്ട്) സന്തോഷ് പണ്ഡിറ്റ് സിനിമാ വൃത്തങ്ങളെ അസ്വസ്ഥരാക്കി എന്നറിയാന്‍ ഈയിടെ ഗള്‍ഫില്‍ നടന്ന ഒരു ചാനലിന്റെ പരിപാടി കണ്ടാല്‍ മതി. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാന്‍ അവര്‍ എടുത്ത സമയം നോക്കിയാല്‍ മതി. എത്രയെത്ര നടീനടന്മാരാണ് സന്തോഷ് പണ്ഡിറ്റിനെ അപകീര്‍ത്തിപ്പെടുത്താന്‍ രംഗത്തുവന്നത്.

വിചാരിച്ചതിലും കൂടുതലാണ് സന്തോഷ് പണ്ഡിറ്റ് ഏല്പിച്ച പ്രഹരശക്തി. സ്ഥാപനങ്ങള്‍ എപ്പോഴും അരക്ഷിതരാണ് എന്ന് ഇത് തെളിയിക്കുകയും ചെയ്യും. അരാജകവാദത്തിന്റെ പ്രസക്തി ഇവിടെയാണ്. സ്വതന്ത്രനായ ഒരു മനുഷ്യനെയും എല്ലാവരും ഭയക്കുന്നു, സ്വാതന്ത്ര്യത്തേയും. സംഘബലം കൂടും തോറും മനുഷ്യര്‍ കൂടുതല്‍ അരക്ഷിതരാവുകയാണോ. അരക്ഷിതരാണ് എന്നും കൈകോര്‍ത്തിരുന്നത്. ഇന്നത് തകിടം മറിയുകയാണൊ.

കൂട്ടായ്മകള്‍ എന്നും മനോഹരമായ നിമിഷങ്ങളാണ് കാലത്തിന് സമ്മാനിച്ചിട്ടുള്ളത്. കൂട്ടായ്മകള്‍ പോരാ, എന്തെങ്കിലും പുതുചിന്തകളുള്ള കൂട്ടായ്മകള്‍ വേണം. സിനിമയുടെ ചരിത്രം കൂട്ടായ്മയുടെയും ചരിത്രമാണ്. ഇതിന്റെ പ്രകടമായ ചിത്രങ്ങള്‍ ഫ്രാന്‍സില്‍ നിന്നാണ്. കഹെ ദു എന്ന പേരില്‍ പ്രശസ്തമായ കൂട്ടില്‍ നിന്നാണ്. ഈ കൂട്ട് പരസ്പരം ചര്‍ച്ച ചെയ്തും കലഹിച്ചും തെറ്റിപ്പിരിഞ്ഞും ശക്തിപ്പെട്ടതാണ്. അവിടെ സിനിമയില്‍ കാതലായ മാറ്റത്തിന് സിനിമ വിധേയമായി.

മലയാളത്തിലും ഇത്തരത്തില്‍ വിപുലമായൊരു സംഘം ഉണ്ടായിരുന്നു. നവസിനിമക്കുവേണ്ടി ശ്വാസോച്ഛാസം ചെയ്തവരായിരുന്നു അവര്‍. രാമു കാര്യാട്ടും പി.ഭാസ്കരനും വിന്‍സന്റ് മാഷും ശോഭനാ പരമേശ്വരന്‍ നായരും വയലാറും ദേവരാജനും എം.ടി.വാസുദേവന്‍ നായരും പി.എന്‍.മേനോനും ബാബുരാജും വൈക്കം മുഹമ്മദ് ബഷീറും മലയാറ്റൂരും സേതുമാധവനും. ഇങ്ങനെ നിരവധി പേര്‍ ഇതില്‍പ്പെടുന്നു. ഇതിന്റെ തുടര്‍ച്ചകളും സജീവമായിരുന്നു. അരവിന്ദനും കെ.ജി.ജോര്‍ജ്ജും അടൂരും പത്മരാജനും ജോണ്‍ എബ്രഹാമും കെ.ആര്‍.മോഹനനും കെ.പി.കുമാരനും ബക്കറും ജി.എസ്.പണിക്കറും പവിത്രനും രവീന്ദ്രനുമൊക്കെ.

സിനിമയെ നേര്‍വഴിക്ക് നടത്താന്‍ സിനിമക്ക് പുറത്തും ഒരു വലിയ സമൂഹം കര്‍മ്മ ക്ഷമമായിരുന്നു. ഫിലിം സൊസൈറ്റികള്‍ അതിന്റെ പ്രത്യക്ഷരൂപങ്ങളായിരുന്നു.

എഴുപതുകള്‍ നമുക്ക് തന്നത് കൂടിച്ചേരലിന്റെ സൗന്ദര്യമായിരുന്നു. ഇന്നത്തെ മലയാളസിനിമ പോലെ പ്രേക്ഷകരെ പിഴിയുന്നതിനുള്ള കോക്കസ് ആയിരുന്നില്ല. ഇന്ന് സിനിമ ഇറങ്ങിയാല്‍ പ്രേക്ഷകരടക്കം സംസാരിക്കുന്നത് അതിന്റെ വിറ്റുവരവിനെക്കുറിച്ചാണ്. മറ്റു കാര്യങ്ങള്‍ വേണമെങ്കില്‍ സംസാരിക്കാം എന്നൊരു അലസനിലപാട്. അടിമുടി മനുഷ്യന്‍ മാറിയിരിക്കുന്നു.

ലാഭത്തില്‍ മാത്രം ഊന്നുന്ന ഒന്നും നിലനില്‍ക്കാന്‍ അര്‍ഹതനേടുന്നില്ല. മനുഷ്യസമൂഹമെന്ന നിലയില്‍ പ്രത്യേകിച്ചും. പുതിയകാലം വരും. മുകളില്‍ നിന്നുള്ള ഉത്തരവു കിട്ടിയാല്‍ മാത്രം ശ്വാസം വിടുന്ന ഗതികെട്ട കാലത്തെ അതിജീവിക്കുന്ന പുതിയ മനുഷ്യര്‍ വരും.

സാങ്കേതികതയുടെ പുതിയ വഴിത്തിരിവില്‍ മലയാളസിനിമക്ക് അടിമുടി മാറും. വേറെ വഴികളില്ല. സെന്‍സര്‍ ബോര്‍ഡ്, സര്‍ക്കാര്‍, അമ്മ, ഫെഫ്ക, മാക്ട, മോഹന്‍ ലാല്‍, മമ്മൂട്ടി എന്നിങ്ങനെ സര്‍ഗ്ഗാത്മകതയെ ചുരുക്കുന്ന സ്ഥാപനങ്ങളെ മറികടക്കുന്ന പുതിയ സിനിമകള്‍ വരും. അടക്കി വെച്ച് ജീവിക്കുന്ന സമൂഹത്തിന്റെ ഒറ്റ നെടുവീര്‍പ്പുമതി ലോകമെല്ലാം മാറി മറയാന്‍. സിനിമയില്‍ സംഭവിക്കാന്‍ പോകുന്നതും അതാണ്. അതിന്റെ സൂചനകള്‍ വന്നു തുടങ്ങി. വിഗ്രഹങ്ങള്‍ തകരുകയും സ്ഥാപനങ്ങള്‍ ചിതറുകയും ചെയ്യുന്ന കാലം വരാതിരിക്കില്ല.

Subscribe Tharjani |
Submitted by Anonymous (not verified) on Mon, 2012-02-06 23:23.

സന്തോഷ് പണ്ഡിറ്റിന്റെ തലയില്‍ കയറി കാഷ്ടിച്ച് ആളാവാന്‍ മുഖ്യധാരാസിനിമക്കാര്‍ കളിക്കുന്നത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ പ്രണയത്താല്‍ ഒരുവള്‍ക്ക് എന്തോ സംഭവിക്കും എന്ന കുഞ്ഞുസിനിമയുണ്ടാക്കിയ മണിലാലും അക്കൂട്ടത്തില്‍ കേറി വര്‍ത്തമാനം പറയുന്നത് സ്വയം പരിഹസിക്കലാണ്. സിനിമ എന്ന കലാരൂപവും കച്ചവടവും രണ്ട് വഴിക്കാണ് പണ്ടേ പോയിരുന്നത്, ഇവിടെയും എവിടെയും. മുഴുനീള സിനമയുണ്ടാക്കാന്‍ കാശുമായി ഒരു പ്രൊഡ്യൂസര്‍ ഉണ്ടെങ്കില്‍ മണിലാല്‍ സ്വതന്ത്രസിനിമയാവും ഉണ്ടാക്കുക എന്ന് വിശ്വസിക്കാന്‍ പ്രണയത്താല്‍ ഒരുവള്‍ ..... എന്ന പൈങ്കിളി സമ്മതിക്കുന്നില്ല. സ്വതന്ത്രകലാപ്രവര്‍ത്തനത്തെപ്പറ്റി വികാരഭരിതനാവുന്നതിനു മുമ്പേ ആത്മപരിശോധന നടത്തുന്നതിന് ചിലവൊന്നുമില്ലല്ലോ....... അത് നടത്തുക. സന്തോഷ് പണ്ഡിറ്റിനെ വെറുതെ വിടുക.

Submitted by മണിലാല്‍ (not verified) on Tue, 2012-02-07 12:20.

മലയാളനാടകവേദി പുതിയ ചുവടുകള്‍ വെക്കുകയാണ്. തൃശൂര്‍ നാടക ഫെസ്റ്റിവലില്‍ അവതരിപ്പിച്ച നാടകം ‘ദി വാട്ടര്‍ സ്റ്റേഷന്‍’അരങ്ങില്‍ പുതിയ കാഴ്ചയും അനുഭവവുമാണ്. സംവിധാനം ശങ്കര്‍ വെങ്കിടേശ്വരന്‍. മനുഷ്യവികാരങ്ങള്‍ വിചാരങ്ങള്‍ എല്ലാം സംഭാഷണമില്ലാത്ത ഈ നാടകം തൊട്ടുനില്‍ക്കുന്നു. സ്ലോ മോഷന്‍ ഈ നാടകത്തിന്റെ അടിസ്ഥാന സങ്കേതം. മികച്ച നടീ നടന്മാര്‍, ശബ്ദം, സംഗീതം, സെറ്റ്, ലൈറ്റ് എന്നിവയില്‍ കൂടി ഉയര്‍ന്ന സംവേദനവും സൌന്ദര്യവുമാണ് ഈ നാടകം സാദ്ധ്യമാക്കുന്നത്. അവറേജുകള്‍ മഹത്തരമായി ഘോഷിക്കപ്പെടുന്ന (രാഷ്ട്രീയത്തിലും കലയിലും സംസ്കാരത്തിലുമെല്ലാം) ഈ കാലത്ത് പുതിയ പ്രവണതകള്‍ക്കും ഇടമുണ്ടെന്ന് ഈ നാടകം കാട്ടിത്തരുന്നു. വിദേശ നടീനടന്മാര്‍ക്കുമൊപ്പം നമ്മുടെ ഗോപാലനും സ്മിതയുമൊക്കെ ഈ നാടകത്തിലുണ്ട്.