തര്‍ജ്ജനി

മുഖമൊഴി

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കു് മൂക്കുകയറിടുമ്പോള്‍

അണ്ണാ ഹസാരെയുടെ സമരം വിവരസാങ്കേതികവിദ്യയുടേയും ഇന്റര്‍നെറ്റിന്റേയും സഹായത്തോടെ പ്രചരണം നടത്തുന്നതിന്റെ സാദ്ധ്യതകള്‍ ബോദ്ധ്യപ്പെടുത്തിയതിന് സര്‍ക്കാര്‍പക്ഷത്തുനിന്നും പ്രതികരണം ഉണ്ടായിരിക്കുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സേവനദാതാക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക! ഒരു ജനാധിപത്യസമൂഹത്തിന്റെ സാര്‍ത്ഥകമായ നിലനില്പ് വിവരങ്ങളുടെ സ്വതന്ത്രമായലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. വിവരാവകാശനിയമം ഇന്ത്യയില്‍ നടപ്പിലായപ്പോള്‍ അതിന്റെ ഫലം എത്രത്തോളം ദുരവ്യാപകമാവും എന്ന് നമ്മുടെ അര്‍ദ്ധസാക്ഷരരായ രാഷ്ട്രീയക്കാരും അവരുടെ കയ്യാളുകളായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറുന്നത് അവിടെ പൊതുജനത്തിന് കടന്നുചെന്ന് വിവരങ്ങള്‍ അന്വേഷിക്കുവാന്‍ ആവില്ല എന്നതിനാലാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിലപേശലിന് കീഴടങ്ങിക്കൊടുക്കേണ്ടിവന്നവര്‍ ഇപ്പോള്‍ തങ്ങളുടെ അപേക്ഷയില്‍ കൈക്കൊണ്ട നടപടിയെന്ത് എന്ന് രേഖാമൂലം അറിയിക്കാന്‍ വിവരാവകാശനിയമം ഉപയോഗിച്ച് ആവശ്യപ്പെടുന്നു. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത രേഖകള്‍ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് നല്കാതിരിക്കുകയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കേന്ദ്ര വിവരാവകാശകമ്മീഷന്‍ വിവരങ്ങള്‍ നല്കാന്‍ ഉത്തരവിട്ടാലും തങ്ങളുടെ സംരക്ഷിതാവകാശം ലംഘിക്കപ്പെടുന്നുവെന്ന വാദത്തില്‍ അപേക്ഷകനെ കോടതി കയറ്റുകയാണിപ്പോള്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ദല്‍ഹി ഹൈക്കോടതിയിലും ഇത്തരം അപേക്ഷകള്‍ തീര്‍പ്പാവാതെ കിടക്കുന്നു. അഴിമതിക്കാരന്‍ സംരക്ഷിക്കപ്പെടുകയും പൊതുജനം പ്രതിക്കൂട്ടിലാവുകയും ചെയ്യുന്ന വിധത്തില്‍ നിയമത്തെ ദുരുപയോഗം ചെയ്യപ്പെടുന്നഘട്ടത്തില്‍ വിവരാകാശനിയമത്തിലെ വ്യവസ്ഥകളില്‍ വെള്ളംചേര്‍ക്കാനും ശ്രമങ്ങള്‍ സജീവമായി നടക്കുന്നു. ബഹുജനപക്ഷത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചെലവുകുറഞ്ഞതും ഫലപ്രദവുമായ വിവരവിനിമയസംവിധാനം എന്ന നിലയില്‍ ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗും ഉപയോഗപ്പെടുത്തുന്നത് അതിനാല്‍ത്തന്നെ അഴിമതിക്കാരെ സംബന്ധിച്ച് പ്രയാസകകരമായിത്തീരുന്നു. ലോപാല്‍ ബില്ലിനായുള്ള ഹസാരെയുടെ സമരം ഇത്തരം പ്രവര്‍ത്തനം എത്രത്തോളം ഫലപ്രദമാവുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും സാമൂഹികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും തടയാന്‍ നമ്മുടെ നിയമസംവിധാനത്തില്‍ വ്യവസ്ഥകളുണ്ട്. രാജ്യസുരക്ഷ അപകടപ്പെടുത്തുന്ന ഏത് പ്രവര്‍ത്തനവും ചെറുക്കപ്പെടേണ്ടതാണ്. മത-സാമുദായികസ്പര്‍ദ്ധ സൃഷ്ടിക്കുന്നത് കുറ്റകരമായ പ്രവര്‍ത്തനം തന്നെയാണ്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവില്‍ നമ്മുടെ നിയമസംവിധാനത്തിലുള്ള വ്യവസ്ഥകള്‍ അപര്യാപ്തമായതിനാലാണോ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്? അതോ സര്‍ക്കാര്‍പക്ഷത്തും മറുപക്ഷത്തുമുള്ള അഴിമതിക്കാരായ രാഷ്ട്രീയക്കാരേയും അവരുടെ കയ്യാളുകളായ ഉദ്യോഗസ്ഥരേയും സംരക്ഷിക്കാനാണോ എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നുവന്നിരിക്കുന്നു. സ്വന്തം പ്രവര്‍ത്തനത്തെ ജനപക്ഷത്തുനിന്നുകൊണ്ട് നീതീരിക്കുവാനോ വിശദീകരിക്കാനോ തയ്യാറാവാതെ വിവരവിനിമയശൃംഖലകളെ കടിഞ്ഞാണിടുവാനുള്ള ശ്രമമാണ് നാമിപ്പോള്‍ കാണുന്നത്. നിയമജ്ഞന്‍ എന്ന നിലയില്‍ പ്രശസ്തനും പരമോന്നതകോടതിയിലെ ഏറ്റവും വിലകൂടിയ അഭിഭാഷകരിലൊരാളുമാണ് നിയമമന്ത്രി. ഇക്കഴിഞ്ഞ നാളുകളില്‍ മാദ്ധ്യമങ്ങളുടെ മുന്നില്‍ വിലകുറഞ്ഞ കോമാളിത്തരങ്ങളായി അദ്ദേഹത്തിന്റെ പല വിശദീകരണങ്ങളും. വിവേകത്താല്‍ വികാരവും ഉത്തരവാദിത്തബോധത്തെക്കാള്‍ ഗൂഢതാല്പര്യങ്ങളും ഒരാളെ നയിക്കുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന അപചയമല്ലേ ഇതെന്ന് ആര്‍ക്കും തോന്നും. ഹസാരെയുടെ സമരത്തെ നേരിടാനായി അദ്ദേഹം നടത്തിയ വിശദീകരണങ്ങള്‍ പൊതുജനങ്ങള്‍ക്കാകെ അപമാനകരമായവിധത്തില്‍ നീതിബോധമില്ലാത്തതായി.

ദില്ലിയിലെ ഒരു പത്രപ്രവര്‍ത്തകനായ വിനയ് റായ് സമര്‍പ്പിച്ച പരാതിയുടെ വിചാരണയിലാണ് ഫേസ് ബുക്ക് ഉള്‍പ്പെടെ പതിനെട്ട് വെബ്‌സൈറ്റുകള്‍ക്കെതിരെ വിചാരണയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കിയത്. അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്, ഈ സൈറ്റുകളില്‍ പലതും അപകീത്തികരവും അസത്യാത്മകവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അത് സാമുദായിസൗഹാര്‍ദ്ദത്തിന് കോട്ടംതട്ടിക്കുമെന്നുമാണ്. ഇദ്ദേഹത്തിന്റെ പരാതി കോടതിയില്‍ വരുന്നതിനു മുമ്പേ തന്നെ നിയമമന്ത്രി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ നിയന്ത്രിക്കപ്പെടേണ്ടതിനെക്കുറിച്ച് സംസാരിച്ചിരുന്നു. കാക്കയും വന്നു പനമ്പഴവും വീണു എന്നമട്ടില്‍ കാണാവുന്നത്ര നിഷ്കളങ്കമായ കാര്യമായി ഇതിനെ കണക്കാക്കാനാവുമോ? സംശയമാണ്.

സാധാരണനിലയില്‍ അച്ചടി മാദ്ധ്യമവും ദൃശ്യമാദ്ധ്യമവും പ്രസിദ്ധീകരക്കാനിടയില്ലാത്ത വിവരങ്ങളാണ് വെബ്ബ്‌വഴി പ്രചരിക്കുന്നത്. ഉപയോക്താക്കള്‍ വിവരദാതാക്കളാവുകയും വിമര്‍ശകരാവുകയും ചെയ്യുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ അച്ചടി-ദൃശ്യമാദ്ധ്യമങ്ങളെപ്പോലെ സര്‍ക്കാരിനെ ആശ്രയിച്ച് നില്ക്കുന്നവയല്ല. ലോകത്തെിന്റെ ഏതോ കോണില്‍ കിടക്കുന്ന സെര്‍വ്വറുകളില്‍ നിന്ന് പ്രസരിപ്പിക്കുന്ന ഈ വിവരങ്ങളെ കൈപ്പിടിയില്‍ ഒതുക്കി മെരുക്കിയെടുക്കുവാന്‍ പ്രയാസമാണ്. അതിനാല്‍ നിയന്ത്രണം സാദ്ധ്യമാവാതിരിക്കുമ്പോള്‍ നിരോധനമാവും ഉണ്ടാവുക. ജനാധിപത്യത്തിന്റെ ശ്വാസവായുവായ ആശയവിനിമയസ്വാതന്ത്ര്യമാണ് അപ്പോള്‍ നിഹനിക്കപ്പെടുക. സര്‍ക്കാര്‍ അംഗീകൃതവും സര്‍ക്കാരിന് തൃപ്തികരവുമായ വിവരങ്ങള്‍ മാത്രമേ പ്രചരിപ്പിക്കാവൂ എന്ന് വ്യവസ്ഥചെയ്യുന്നതാവും അതിനേക്കാള്‍ നല്ലത്. അങ്ങനെ ഒരു കാലഘട്ടം നമ്മുടെ ഓര്‍മ്മയില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. വിവരങ്ങള്‍ അറിയുവാനുള്ള സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുമ്പോള്‍ ജനാധിപത്യം തന്നെയാണ് ഇല്ലാതാവുക.

Subscribe Tharjani |
Submitted by Faisalbava (not verified) on Sun, 2012-02-05 16:11.

ലോകം പുതിയ ഒരു ദിശ തേടി അലയാന്‍ തുടങ്ങിയതിന്റെ ഒരു ലക്ഷണം ലോകമെമ്പാടും നമുക്ക് കാണാം, ഒരു പുതിയ ലോകം കെട്ടിപ്പടുക്കാന്‍ വെമ്പുന്ന മനസുകള്‍ എല്ലായിടത്തും പരസ്പരം ചോദിച്ചു തുടങ്ങിയിരിക്കുന്നു, നമുക്ക്‌ ഒരു മാറ്റമില്ലെ? നാം എന്നും ഇങ്ങനെ മതിയോ? ആരെല്ലാമോ ഭരിക്കുന്നു നാം സ്വതന്ത്രര്‍ എന്ന് വിളിച്ചു പറയുന്നു.. ഈ സ്വാതന്ത്ര്യം യാഥാര്‍ത്യമാണോ? ഇത്തരത്തില്‍ സ്വയം ചോദിക്കലുകള്‍ പരസ്പരം കൈമാറിയതിന്റെ ഫലമാണ് ചില മാറ്റങ്ങള്‍ ലോകത്ത്‌ നാം കണ്ടത്‌. എന്നാല്‍ എന്നും പരമ്പരാഗതരീതിയില്‍ നമ്മെ ഭരിക്കുകയും, ചൂഷണം ചെയ്യുകയും ചെയ്തുവരുന്ന നമ്മുടെ ഭരണവര്‍ഗ്ഗം അടക്കമുള്ള ഒരു വിഭാഗത്തിന് ഈ മാറിയുള്ള ചിന്ത അത്ര പിടിക്കുന്നില്ല. ഒരു ജനത എത്രകണ്ടു ചിന്തിക്കാതിരിക്കുന്നുവോ അത്രയും സുഖമാണ് അതാത് ഭരണകൂടങ്ങള്‍ക്ക്. ഇന്റര്‍നെറ്റ്‌ എന്ന വലിയ സാങ്കേതികവിപ്ലവം ഇങ്ങനെ ജനതയെ മോണിട്ടറിനു മുന്നില്‍ ഒതുക്കിയിരുത്തുന്ന ഒന്നായി ചുരുങ്ങിയിരുന്നെങ്കില്‍ ഒരിക്കലും സോഷ്യല്‍നെറ്റ്്വര്‍ക്ക് സൈറ്റുകള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ സംഭവിച്ചത്‌ മറ്റൊന്നാണ്. ഈ സൈറ്റുകള്‍ വഴി തങ്ങളെ ചൂഷണം ചെയ്യുന്ന ഭരണവര്‍ഗത്തെ തിരിച്ചറിയാനും അവരെ പറ്റി തുറന്നചര്‍ച്ച നടത്തുവാനും സാധാരണക്കാരായ പ്രജകള്‍ക്ക് സാധിച്ചു. അതോടെ പല സിംഹാസനങ്ങളും തെറിച്ചു, ഇളകിയാടി... അമിതമായി അമേരിക്കയോട് വിധേയത്വം പുലര്‍ത്തുന്ന നമ്മുടെ ഭരണകൂടത്തിനും ഈ ഭയം തുടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഇത്തരത്തില്‍ വിധേയത്വം തുടര്‍ന്നാല്‍ ജനങ്ങള്‍ വെറുതെയിരിക്കില്ല എന്ന കാര്യം സംശയമില്ല. അതിനാല്‍ ഈ സോഷ്യല്‍ നെറ്റ്വ്ര്‍ക്ക് സൈറ്റുകളെ ഇവര്‍ കൂച്ചുവിലങ്ങിടാന്‍ ആവുന്നതും ശ്രമിക്കും. അതിന്റെ ആദ്യ ലക്ഷണമാണ് ഇന്ന് ഇന്ത്യയില്‍ നാം കാണുന്നത്... ഈ തിരിച്ചറിവ് നമുക്ക്‌ പ്രധാനമാണ്. ഇതിനെതിരെ നാം ഒന്നിക്കേണ്ടിയിരിക്കുന്നു...

Submitted by V P Gangadharan (Sydney) (not verified) on Tue, 2012-02-21 14:09.

Faisalbava, you can say it again!