തര്‍ജ്ജനി

സാബു ശങ്കര്‍

ഇ മെയില്‍ : sabusankar@gmail.com

Visit Home Page ...

കഥ

പ്രകാശത്തിന്റെ ശാസ്ത്രജ്ഞന്‍ കേള്‍ക്കുന്നത്‌

അരണ്ടവെളിച്ചത്തില്‍ ചെടികള്‍ക്കു പിന്നിലും ജനല്‍ച്ചില്ലരികിലും നടപ്പാതയിലെ നിഴലിലും കാണപ്പെട്ട കണ്ണുകള്‍ മനുഷ്യരുടേതു തന്നെയായിരുന്നു. ഒളിഞ്ഞിരുന്നും പതുങ്ങിനിന്നും ആരൊക്കെയോ നിരന്തരം നിരീക്ഷിക്കുന്നതുപോലെ. കണ്ണുകള്‍ പലപ്പോഴും അപരിചിതങ്ങളെന്ന പോലെതന്നെ ചിരപരിചിതങ്ങളുമായിരുന്നു. ബന്ധുമിത്രാദികളുടേതോ അയല്‍ക്കാരുടേതോ മാത്രമല്ല രക്തബന്ധമുള്ളവരുടേതു പോലെയും തോന്നിച്ചു.

മുറിയ്ക്കകത്ത്‌ അപ്പോള്‍ വിളക്കു പ്രകാശിക്കുന്നുണ്ടായിരുന്നു. രാത്രിയിലെന്നതുപോലെ പകലും പ്രകാശിക്കുന്ന വിളക്ക്‌. കെടാവിളക്ക്‌! അതു സര്‍വ്വവ്യാപിയെന്നോണം ചീറിപ്പായിക്കുന്ന പ്രകാശത്തിനു മരണമില്ല എന്നു ചിലര്‍ പറയുമെങ്കിലും ത്രീഡൈമന്‍ഷന്‍ കണ്ണുകളുള്ളവര്‍ ക്യത്യമായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌: ആ പ്രകാശത്തിനും മരണമുണ്ടാ കുമെന്ന്‌. അതു മനുഷ്യജീവിതം പോലെയാണെന്ന്‌. മനുഷ്യജീവിതം എപ്പോഴും പ്രകാശിക്കാം. അണയ്ക്കപ്പെടാം. പൂര്‍വ്വികരുടെ ആത്മാവുകള്‍ കൊച്ചുമക്കള്‍ക്ക്‌ സ്വപ്നങ്ങളില്‍ മരമണി കറക്കി അറിവു പകരാറുണ്ട്‌: സൂക്ഷിക്കണം; എപ്പോഴും ശ്രദ്ധ വേണം; എങ്കില്‍ മാത്രമേ ഐശ്വര്യത്തിളക്കമുള്ള പ്രകാശം നിലനില്‍ക്കൂ: കള്ളന്മാര്‍ കൊണ്ടുപോകാതെയിരിക്കണം. ചതിയന്മാര്‍ അണയ്ക്കാതെയിരിക്കണം: അസൂയക്കാരായ ബന്ധുക്കള്‍ തന്ത്രങ്ങളിലൂടെ കൈവശപ്പെടുത്താതിരിക്കണം: പ്രകാശം ജീവിതം തന്നെയാണ്‌: ജീവിതം പ്രകാശിക്കാനുള്ളതാണ്‌.

ഇപ്പോള്‍ ഇരുട്ടാണ്‌. കണ്ണു കാണാത്ത കുറ്റാകൂരിരുട്ടില്‍ തപ്പിത്തടഞ്ഞ്‌ ഇഴഞ്ഞുനടക്കുന്ന ഓര്‍മ്മകളില്‍നിന്ന്‌ സെബാസ്റ്റ്യന്‍ മൂന്നാമന്‍ തന്നെത്തന്നെ സ്വയം വലിച്ചൂരിയെടുത്ത്‌ ചുറ്റിലും ശ്രദ്ധിച്ചു.

അടുത്ത മുറിയില്‍ നിന്ന്‌ എഫ്‌.എം. റേഡിയോ ഗാനം ഉയര്‍ന്നു മറിയുന്നു. ഉത്സവപ്രതീതിയുള്ള മല്‍പ്പിടുത്തം കണക്കെ. പുതിയ ചലച്ചിത്രഗാനങ്ങള്‍ക്ക്‌ സര്‍ഗ്ഗാത്മകമായ ആശയബിംബങ്ങളില്ല. ഭാവങ്ങളാകട്ടെ കൃത്രിമവും. പക്ഷേ അതൊക്കെ ഹിറ്റുകളാണ്‌. അതെങ്ങനെ യഥാര്‍ത്ഥത്തില്‍ ഹിറ്റുകളാവും? ആസ്വാദനത്തിന്റെ ആഗോളീകരണകാലത്ത്‌ ഗാനങ്ങള്‍ പൊള്ളയാവുകയാണോ?

അടുക്കളയില്‍ നിന്ന്‌ പാത്രങ്ങളനങ്ങുന്നുണ്ട്‌. ഉണക്കച്ചെമ്മീന്‍ വറുക്കുന്ന രൂക്ഷഗന്ധം ഭോപ്പാല്‍ വാതകം പരക്കുന്നതുപോലെ. വീടിനു പുറത്ത്‌ മതിലിനരികില്‍ ചാഞ്ഞുനിന്ന ശീലാന്തിയുടെ കൊമ്പില്‍ ഇരുവശത്തേക്കു കാലുകളിട്ട്‌, തൊട്ടടുത്ത വീടിന്റെ രണ്ടാം നിലയിലെ കൂട്ടിലെ കുഞ്ഞുക്കിളികളെ ഇടയ്ക്കിടെ നോക്കിയും പാട്ടു കേട്ടും സന്തോഷകരമായി മയങ്ങിക്കൊണ്ടിരുന്ന കണ്ടന്‍പൂച്ച, തന്റെ മൂക്കിന്റെ അധികാരപരിധിയിലേക്ക്‌ പ്രകോപനപരമായ ഉണക്കമീന്‍മണം കടത്തിവിടരുതെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.

പച്ച മീനിനു വില കൂടുമ്പോള്‍ ചിലര്‍ ഉണക്കമീനിലേക്കു കടക്കുക പതിവാണ്‌. അല്ലെങ്കിലും വില ഏതു കാലത്താണ്‌ കുറഞ്ഞിട്ടുള്ളത്‌? മനുഷ്യത്വത്തിനു മാത്രമാണ്‌ വിലക്കുറവുള്ളത്‌. അതിനു വിലനിലവാരമോ തറവിലയോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ ബഡ്ജറ്റിലെങ്കിലും ഗവണ്‍മെന്റിനു തീരുമാനിക്കാമായിരുന്നു. വിലക്കയറ്റമില്ലാത്ത മനുഷ്യര്‍ ഉണക്കമനുഷ്യരായി തീരുകയാണ്‌. പെട്ടെന്ന്‌ സെബാസ്റ്റ്യന്‍ മൂന്നാമന്‍ നഷ്ടപ്പെട്ടുപോയ കെടാവിളക്കിനെയും പ്രകാശത്തെയും കുറിച്ചോര്‍ത്തു.

സെബാസ്റ്റ്യന്‍ ഒന്നാമന്‍ കിസ്സിയോളജി സര്‍വ്വകലാശാലയുടെ വൈസ്‌ ചാന്‍സലറായിരുന്നു. ഗവേഷണവിഷയത്തിനുള്ളില്‍ കടന്ന്‌ സ്വര്‍ഗ്ഗാരോഹണം ചെയ്തതായി വിശ്വസിക്കപ്പെടുന്നു. സെബാസ്റ്റ്യന്‍ രണ്ടാമന്‍ ജനിച്ചതേയില്ല. ഭ്രൂണാവസ്ഥയില്‍ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. മൂലകോശമെടുത്ത്‌ ഭ്രൂണപരീക്ഷണം നടത്തുവാനായി ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്‌. ഗാട്ട്‌ കരാര്‍ വന്നതിനുശേഷമുള്ള ഒരു ഉടമ്പടിപ്രകാരം കേരളത്തില്‍ നിന്ന്‌ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോയി. സെബാസ്റ്റ്യന്‍ മൂന്നാമനാവട്ടെ, ജീവിതം പ്രകാശിക്കുന്നത്‌ എങ്ങനെയെന്ന്‌ പരീക്ഷിച്ചറിഞ്ഞ ഒരു സാധാരണക്കാരനും.

വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം, ഉത്തരാധുനിക മുതലാളിത്ത ജീവിതം, ആഗോളീകരണകാലത്തെ സോഷ്യലിസ്റ്റ്‌ ജീവിതം എന്നിവ പ്രകാശിക്കുന്നതെങ്ങനെയെന്ന്‌ ബോധോദയം സിദ്ധിച്ചവന്‍. അതിനു പ്രധാന കാരണക്കാരനാവട്ടെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ്‌ റീഗന്‍ എന്ന ചലച്ചിത്രനടനും!

തൊഴിലില്ലാതെ തല പുകഞ്ഞ യുവജനങ്ങള്‍ പ്രസിഡന്റിനോട്‌ തൊഴിലെവിടെ, നിത്യവരുമാനമെവിടെ, ജീവിതം പ്രകാശിക്കുന്നതെങ്ങനെ എന്നൊക്കെ ചോദ്യങ്ങളെറിഞ്ഞപ്പോള്‍ റീഗന്‍ വൈറ്റ്ഹൌസിന്റെ ടെറസ്സില്‍ കെട്ടിക്കിടന്ന മഴവെള്ളത്തിനു മീതെ അത്ഭുതകരമായി നടന്ന്‌, അഞ്ചു ഡോളറെടുത്തു വീശി. ശേഷം പോക്കറ്റില്‍ നിക്ഷേപിച്ച്‌ വീണ്ടും പുറത്തെടുത്തു നിവര്‍ത്തി. അപ്പോഴത്‌ അയ്യായിരം ഡോളറുണ്ടായിരുന്നു. എന്നിട്ടു ലോകത്തിലെ തൊഴില്‍രഹിതരും, സാധാരണക്കാരും നിരാശിതരുമായ യുവജനങ്ങളോടും സെബാസ്റ്റ്യന്‍ മൂന്നാമനോടുമായി പറഞ്ഞു. 'പോകൂ, അന്വേഷിക്കൂ, ഈ ലോകം ഒരു മുത്തുച്ചിപ്പിയാണ്‌. തീര്‍ച്ചയായും നിരവധി ചിപ്പികള്‍ മുത്തുകളുമായി നിങ്ങളെ കാത്തു കിടപ്പുണ്ട്‌. പോകൂ, അന്വേഷിക്കൂ. ചിപ്പികള്‍ പെറുക്കൂ.. മുത്തുകള്‍ കണ്ടെത്തി ധനികരാകൂ...'

കേരളത്തിലന്ന്‌ ടെലിവിഷന്‍ സംപ്രേഷണം വ്യാപിച്ചിരുന്നതുകൊണ്ട്‌ റീഗന്റെ ആഹ്വാനം തൊട്ടുമുന്നില്‍ നിന്ന്‌ ഉള്‍ക്കൊള്ളാന്‍ സെബാസ്റ്റ്യന്‍ മൂന്നാമന്‌ സാധിച്ചു.
വ്യക്തിജീവിതം പ്രകാശിക്കുന്ന വിദ്യയാണ്‌ ആദ്യം അഭ്യസിച്ചുതുടങ്ങിയത്‌. പ്രകാശം ഇരുപത്തിനാലു മണിക്കൂറും വേണം. അങ്ങനെ ചെയ്യാന്‍ വൈദ്യുതിവകുപ്പിനു പോലും, എന്തിന്‌ സൂര്യനു പോലും സാധിക്കുകയില്ലല്ലോ. സൂര്യന്റേതു പകലിന്റെ വെളിച്ചം മാത്രം. രാത്രിയിലേതു ചാന്ദ്രവെളിച്ചം. ദൈനംദിന ജീവിതം പ്രകാശിക്കണമെങ്കില്‍ അതിനായി ഒരു വിളക്കു വേണമെന്ന്‌ ഏതോ രാത്രിയിലെ സ്വപ്നത്തില്‍ നാലു തലമുറകള്‍ക്കപ്പുറത്തുനിന്ന്‌ ഒരു പൂര്‍വ്വികന്റെ ആത്മാവ്‌ സെബാസ്റ്റ്യന്‍ മൂന്നാമനു വെളിപാടു കൊടുത്തു. വിളക്കെന്നു വെച്ചാല്‍ കെടാവിളക്ക്‌! അനുകരണീയമല്ലാത്തത്‌!!
എല്ലാവരുടെയും ജീവിതം പ്രകാശിക്കുന്നത്‌ ഓരോ തരത്തിലാണെന്ന വസ്തുത വളരെ ആഴത്തില്‍ വെച്ച്‌ മനസ്സിലാക്കപ്പെടുന്ന ഒന്നാം നിമിഷം മുതല്‍ അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ കെടാവിളക്ക്‌ മനസ്സില്‍ തെളിഞ്ഞിരിക്കണം. അല്ലെങ്കില്‍ അതേതു രൂപത്തിലാണെന്നു കണ്ടെത്തുക അതീവ വിഷമകരമായ ജോലിയാവും. വളരെ സത്യസന്ധതയോടും തുറവിയുള്ള പഞ്ചേന്ദൃയങ്ങളോടും കൂടി കാര്യങ്ങള്‍ ചികയുന്ന ഒരു മനസ്സിന്‌ കെടാവിളക്ക്‌ തെളിഞ്ഞു കിട്ടേണ്ടതു തന്നെയാണ്‌. പൊതുവെ അങ്ങനെയാണ്‌ സംഭവിക്കുക. സാധാരണക്കാരനായ സെബാസ്റ്റ്യന്‍ മൂന്നാമനും അങ്ങനെ തന്നെ സംഭവിച്ചു.

കടയില്‍ നിന്നു പണം കൊടുത്താലോ കടലില്‍ നിന്നു വലയെറിഞ്ഞാലോ കിട്ടുന്ന വിളക്കുകളൊന്നും തന്നെ അതിസൂക്ഷ്മമായ കാലത്തിന്റെ കണികയില്‍ നിന്ന്‌ ഒരുവന്റെ പ്രകാശത്തെ തേടിപ്പിടിക്കുവാന്‍ യോഗ്യമല്ല. മറ്റൊരിടത്തു കാണപ്പെടുന്നതു യോജ്യവുമല്ല. ഏതെങ്കിലും ആകൃതിയെ അനുകരിക്കാവുന്നതുമല്ല. ഇതാണ്‌ യഥാര്‍ത്ഥ പ്രശ്നമെന്ന്‌ സെബാസ്റ്റ്യന്‍ രണ്ടാമന്‍ ഭ്രൂണാവസ്ഥയിലിരുന്നുകൊണ്ട്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. റീഗന്‍ പറഞ്ഞതുപോലെ, പോകൂ, അന്വേഷിക്കൂ, ചിപ്പികള്‍ തിരഞ്ഞു കൊണ്ടേയിരിക്കൂ, വിശ്വാസപൂര്‍വ്വം തളര്‍ച്ചയില്ലാതെ, ഒരൊറ്റയാള്‍പ്പട്ടാളം പോലെ, രാത്രിയോടും പകലിനോടും പൊരുതൂ. കാരണം നിങ്ങള്‍ക്ക്‌ അങ്ങനെ നിങ്ങളുടെ ജീവിതത്തിന്റെ ആകൃതിയെയും അനന്യതയെയും ബോധ്യപ്പെടുകയാണ്‌. നിങ്ങളില്‍ നിന്നുതന്നെ ശില്‍പഭദ്രമായിത്തീരുന്നതത്രേ ആ കെടാവിളക്ക്‌. അതിനു മാത്രമേ നിങ്ങളുടേതായ പ്രകാശത്തെ നിത്യവും ഐശ്വര്യപൂര്‍ണ്ണമായി പ്രസരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതാണ്‌ കഴിഞ്ഞ രണ്ടു ദശകങ്ങളായി, ആഗോളീകരണകാലത്തെ പ്രതിഭാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രബലമായിത്തീര്‍ന്ന വാദം.
വ്യക്തിജീവിതം പ്രകാശിക്കുന്നതെങ്ങനെയെന്ന്‌ പരീക്ഷിക്കുന്നതിനിടയില്‍ സെബാസ്റ്റ്യന്‍ മൂന്നാമന്‌ മറ്റൊരു പരമാര്‍ത്ഥം കൂടി വെളിപ്പെടുകയുണ്ടായി. കെടാവിളക്കിന്‌ പിണ്ഡം ഉണ്ടെന്ന്‌! വൈദ്യുതചാര്‍ജ്ജും ഉണ്ടെന്ന്‌!
സെബാസ്റ്റ്യന്‍ മൂന്നാമന്‍ വെറും ഒരു സാധാരണക്കാരന്‍ ആയിരുന്നുവെങ്കിലും ഒരു പരമാര്‍ത്ഥത്തിന്റെ കണ്ടുപിടുത്തം സാധാരണമായതല്ല. അണുഭൌതികത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന റൂഥര്‍ ഫോര്‍ഡ്‌ 1889 മുതല്‍ നിരവധി വര്‍ഷങ്ങള്‍ പണിപ്പെട്ടിട്ടാണ്‌ പിണ്ഡവും വൈദ്യുത ചാര്‍ജ്ജുമുള്ള അണുമാതൃക കണ്ടെത്തിയത്‌! ഏതാണ്ട്‌ 100 വര്‍ഷം പിന്നിടുമ്പോള്‍ത്തന്നെ, ഉത്തരാധുനിക മുതലാളിത്ത ജീവിതം, ആഗോളീകരണ കാലത്തെ സോഷ്യലിസ്റ്റ്‌ ജീവിതം തുടങ്ങിയവ പ്രകാശിക്കുന്നതു സംബന്ധിച്ച അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വ്യക്തിജീവിതം പ്രകാശിക്കുന്നതിനു പിന്നിലുള്ള കെടാവിളക്കിന്റെ പിണ്ഡവും വൈദ്യുതചാര്‍ജ്ജും വളരെ പ്രധാനപ്പെട്ട പരമാര്‍ത്ഥം തന്നെയായിരുന്നു.

അണുമാതൃകയായ പിണ്ഡവും പോസിറ്റെവ്‌ വൈദ്യുതചാര്‍ജ്ജും കേന്ദ്രീകരിച്ചിരിക്കുന്നത്‌ അണുകേന്ദ്രത്തിലാണെന്നതു പോലെ, കെടാവിളക്കിന്റെ പരമാര്‍ത്ഥം കേന്ദ്രീകരിച്ചിരിക്കുന്നത്‌, അതായത്‌ അതിന്റെ പിണ്ഡവും പോസിറ്റെവ്‌ വൈദ്യുതചാര്‍ജ്ജും സ്ഥിതി ചെയ്യുന്നത്‌, പൂര്‍വ്വികരും പ്രകൃതിയും ചേര്‍ന്ന്‌ തയ്യാറാക്കി കൈമാറിക്കൊണ്ടിരുന്ന ഒരു തരം എണ്ണയിലാണ്‌ എന്ന വെളിപ്പെടുത്തല്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

പ്രകൃതി, നമുക്ക്‌ സ്വപ്നങ്ങള്‍ തരുന്നില്ലെന്ന്‌ ആര്‍ക്കാണു പറയാന്‍ കഴിയുക?
ആ സ്വപ്നങ്ങളില്‍ എത്രയെത്രയോ പൂര്‍വ്വികരുടെ ആത്മാവുകള്‍ ശബ്ദിക്കുന്നുണ്ടാവും.!
പ്രകാശിക്കുക, പ്രകാശിക്കുക എന്ന്‌ എത്രയോ പ്രാവശ്യം ഓരോ നിദ്രയിലെയും ശൂന്യവേളയില്‍ അനുഗ്രഹിക്കുന്നുണ്ടാവും!!

ഇതു കേള്‍ക്കാന്‍ കാതു വേറെ വേണമെന്ന്‌ ഒരു പഴമൊഴിയുണ്ട്‌. എന്നാല്‍, ഇതൊരു വസ്തുത കൂടിയാണെന്ന്‌ ഭ്രൂണാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന സെബാസ്റ്റ്യന്‍ രണ്ടാമന്റെ കോശമെടുത്ത്‌ സൃഷ്ടിച്ച മറ്റൊരു ഭ്രൂണത്തില്‍ തെളിഞ്ഞിട്ടുള്ളതാണ്‌.
സെബാസ്റ്റ്യന്‍ മൂന്നാമന്‍ ഇപ്പോള്‍ ഇരുട്ടിലാണ്‌. കാരണം അയാള്‍ക്ക്‌ അയാളുടേതായ കെടാവിളക്ക്‌ എപ്പോഴോ നഷ്ടപ്പെട്ടിരിക്കുന്നു. അയാളുടെ ഉറ്റബന്ധുക്കളോ മിത്രങ്ങളോ സഹപ്രവര്‍ത്തകരോ കെടാവിളക്ക്‌ മോഷ്ടിച്ചെടുത്തിരിക്കുന്നു. ചതിയില്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ശ്രദ്ധയില്ലാത്തതിന്റെ പ്രശ്നമാണെന്നും അതല്ല വര്‍ഗ്ഗസര്‍വ്വാധിപത്യത്തെ വിശ്വസിച്ചതുകൊണ്ടുള്ള പ്രശ്നമാണെന്നും ഇനി വിലപിച്ചതുകൊണ്ട്‌ എന്തു കാര്യം? ജീവിതം പ്രകാശിക്കുകയില്ല. ആ കെടാവിളക്കിന്റേതായ കാലം തിരിച്ചെത്തുകയുമില്ല. പക്ഷേ അയാള്‍ നിരാശിതനായില്ല എന്നത്‌ അന്വേഷണത്തിന്റെ മറ്റൊരു ഘട്ടത്തിനു വഴി തുറക്കുന്നു.
അയാള്‍ക്ക്‌ പൂര്‍വ്വികരും പ്രകൃതിയും തയ്യാറാക്കിക്കൊടുത്ത ഒരു തരം എണ്ണ ഇനിയും രഹസ്യമായി അവശേഷിക്കുന്നുണ്ട്‌. അറേബ്യന്‍ മണലാരണ്യങ്ങളുടെ ഗര്‍ഭപാത്രത്തില്‍ എണ്ണപ്പാടങ്ങളുണ്ട്‌ എന്നത്‌ എപ്പോഴും പ്രതീക്ഷ നല്‍കുന്ന കാര്യമായതിനാല്‍ തങ്ങളുടെ ഭൂമി വെറും മണല്‍ക്കുന്നുകളാണല്ലോ എന്നോര്‍ത്ത്‌ തദ്ദേശീയര്‍ നിരാശപ്പെടുന്നില്ല. അതുപോലെ പ്രകാശം വറ്റിപ്പോയി എന്നോര്‍ത്ത്‌ സെബാസ്റ്റ്യന്‍ മൂന്നാമനും നിരാശയുടെ കിണര്‍ത്തടവറയിലല്ല.

ഉത്തരാധുനിക മുതലാളിത്ത ജീവിതം, ആഗോളീകരണ കാലത്തെ സോഷ്യലിസ്റ്റ്‌ ജീവിതം തുടങ്ങിയവ പ്രകാശിക്കുന്നതെങ്ങനെയെന്ന്‌ ഘട്ടംഘട്ടമായി പരീക്ഷിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നുവല്ലോ പ്രകാശിച്ചുകൊണ്ടിരുന്ന വ്യക്തിജീവിതത്തിന്റെ കെടാവിളക്ക്‌ അയാള്‍ക്ക്‌ യാദൃച്ഛികമായി നഷ്ടമായത്‌.
യാദൃച്ഛികം എന്നതു ഒരു വശം. പരിണതഫലം എന്നതാണ്‌ മറുവശം. ഉത്തരാധുനിക മുതലാളിത്ത ലോകത്ത്‌ സോഷ്യലിസ്റ്റ്‌ ജീവിതം പ്രകാശിക്കുന്നതെങ്ങനെയെന്ന്‌ അയാള്‍ അന്വേഷിച്ചുകൊണ്ടിരുന്നപ്പോള്‍ അയാളുടേതായ കെടാവിളക്ക്‌ സൂക്ഷിക്കപ്പെടാനായി വീട്ടില്‍ത്തന്നെ എരിയുന്നുണ്ടായിരുന്നു. അവിടെനിന്ന്‌ അതെങ്ങനെ നഷ്ടപ്പെട്ടുവെന്നോ നഷ്ടപ്പെടുത്തിയെന്നോ വിചാരണ ചെയ്യേണ്ടതില്ല. എല്ലാം വ്യക്തമായിരുന്നു. ആ കണ്ണുകള്‍! അതേ കണ്ണുകള്‍! ചുറ്റിലും പമ്മിയും പതുങ്ങിയും മുഖദാവില്‍ വന്നു പൊയ്ക്കൊണ്ടിരുന്ന, ഇളിച്ച പല്ലുകള്‍ക്കു മുകളിലുള്ള ആ കണ്ണുകള്‍ക്കറിയാം എല്ലാം!
ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌ ഇഴഞ്ഞു നടക്കുന്ന ഓര്‍മ്മകളുടെ അറയില്‍, പൂര്‍വ്വികരുടെ ആത്മാക്കളും പ്രകൃതിയുടെ സ്വപ്നങ്ങളും ചേര്‍ന്നു പകര്‍ന്നുവെച്ച ഒരു തരം എണ്ണ സൂക്ഷിക്കപ്പെടുന്നതുകൊണ്ട്‌, സെബാസ്റ്റ്യന്‍ മൂന്നാമന്‍ മറ്റു പരീക്ഷണങ്ങള്‍ പാതിവഴിയ്ക്കു നിര്‍ത്തിവെച്ച്‌, വീണ്ടും സ്വന്തമായൊരു പുതിയ കെടാവിളക്കു കണ്ടെത്തുവാന്‍, ഇന്നലെ രാത്രിയില്‍ തിമിര്‍ത്തു പെയ്ത മഴയില്‍ മെല്ലെ ഇറങ്ങിവന്ന ഒരു ഇടിമിന്നലിലൂടെ, അഞ്ചു തലമുറകള്‍ക്കു മുമ്പുള്ള ഒരു പൂര്‍വ്വികയുടെ ആത്മാവ്‌ അയാളോടു രഹസ്യമായി വെളിപ്പെടുത്തുകയുണ്ടായി.

ഇപ്പോള്‍ ഈ കുറ്റാകൂരിരുട്ടില്‍ കള്ളന്‍ കണ്ടന്‍പൂച്ചയുടെ കൂര്‍ക്കംവലി എത്ര രസകരം!
ഉണക്കച്ചെമ്മീന്‍ വറുക്കുന്ന ഗന്ധം എത്ര സുഖദായകം!!

എഫ്‌.എം. റേഡിയോയില്‍ നിന്നുയരുന്ന പുതിയ ചലച്ചിത്രഗാനം എത്ര മനോഹരം!!!
'പോകൂ, അന്വേഷിക്കൂ, ഈ ലോകം ഒരു മുത്തുച്ചിപ്പിയാണ്‌....'.

Subscribe Tharjani |