തര്‍ജ്ജനി

രാജേഷ് ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കടലാസുകപ്പല്‍

ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ ആനിമല്‍ഫാം വായിക്കുമ്പോള്‍

രണ്ടാംലോകമഹായുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍, സോവിയറ്റുയൂണിയനിലെ പാര്‍ട്ടിസര്‍വാധിപത്യത്തിന്റെ തനിസ്വഭാവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയത്ത് എഴുതപ്പെട്ട ആനിമല്‍ ഫാമില്‍ അരനൂറ്റാണ്ടിനിപ്പുറം എന്താണു ബാക്കിയാകുന്നത്?ലെനിന്റെയും സ്റ്റാലിന്റെയും ട്രോട്സ്കിയുടെയും മുഖഛായയുള്ള മൃഗങ്ങളും, പഴക്കംചെന്ന യുദ്ധങ്ങളുടെയും ചേരിപ്പോരുകളുടെയും അന്താരാഷ്ട്രധാരണകളുടെയും ഹാസ്യാനുകരണങ്ങളായ സംഭവപരമ്പരയും നിറഞ്ഞ ഈ കഥയില്‍ ഈ നൂറ്റാണ്ടിലെ വായനക്കാരനു് എന്താണു് കാണാന്‍കഴിയുന്നത്?

ശീതയുദ്ധകാലത്ത്, കമ്യൂണിസ്റ്റ്വ്യവസ്ഥിതിയെക്കുറിച്ചുള്ള മുന്നറിയിപ്പെന്നനിലയില്‍ മുതലാളിത്തരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പാഠപുസ്തകരൂപത്തിലും മറ്റും വമ്പിച്ച പ്രചാരംനല്കിയിരുന്നു ഈ നോവലിന്. എന്നാല്‍ ഈ കൃതിയില്‍ നാം ഇന്നു ശ്രദ്ധിക്കുന്ന വസ്തുതകളിലൊന്ന്, ഇരുമ്പുമറയ്ക്കിപ്പുറമുള്ള രാജ്യങ്ങളെപ്പറ്റി ജോര്‍ജ് ഓര്‍വെലിനു് പറയാനുണ്ടായിരുന്നതും പ്രതീക്ഷാജനകമായ സംഗതികളായിരുന്നില്ല എന്നതാണ്. ചൂഷണത്തിന്റെയും പീഡനത്തിന്റെയും കെടുകാര്യസ്ഥതയുടെയും കാര്യത്തില്‍ കഥയിലെ ആനിമല്‍ ഫാമിനെക്കാള്‍ ഒട്ടും പിന്നിലല്ല ചുറ്റുപാടും നിലനില്ക്കുന്ന മനുഷ്യരുടെ കൃഷിയിടങ്ങളും. മൃഗകഥാപാത്രങ്ങളില്‍ നന്മയുടെയും നിഷ്കളങ്കതയുടെയും ആത്മാര്‍ത്ഥതയുടെയും പ്രതിനിധികളുള്ളപ്പോള്‍ മനുഷ്യകഥാപാത്രങ്ങള്‍ ഒന്നൊഴിയാതെ സൂത്രശാലികളും ചതിയരും തത്വദീക്ഷയില്ലാത്തവരുമാണ്.രണ്ടുതവണ ആനിമല്‍ ഫാം ചലച്ചിത്രരൂപത്തിലായപ്പോഴും അവയില്‍ നല്ലവരായ മനുഷ്യകഥാപാത്രങ്ങളും ശുഭമായ കഥാന്ത്യവും കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു എന്ന വസ്തുതയില്‍നിന്ന് പടിഞ്ഞാറന്‍രാജ്യങ്ങള്‍ ഈ ആക്ഷേപം കാണാതെപോയില്ല എന്ന് ഊഹിക്കാവുന്നതാണ്.

1984 പോലെ ഒരു മാസ്റ്റര്‍പീസ് താന്‍ പില്ക്കാലത്തു് രചിക്കുമെന്നറിഞ്ഞിരുന്നെങ്കില്‍ ഓര്‍വെല്‍ സ്ഥൂലചിത്രങ്ങള്‍നിറഞ്ഞ ആനിമല്‍ ഫാമിന്റെ നിര്‍മ്മിതിയ്ക്കൊരുമ്പെടുമായിരുന്നോ എന്നതും ചിന്തിക്കാവുന്നതാണ്. ആദിയും അന്തവുമില്ലാത്ത, കൂരിരുട്ടുതുളയ്ക്കാന്‍ പ്രതീക്ഷയുടെ ഒരു കിരണംപോലുമെത്താത്ത, പ്രതികരണശേഷിയെന്നല്ല ചിന്താശേഷിപോലും നിരന്തരനിരീക്ഷണത്തിനും അച്ചടക്കത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന, ചരിത്രവും ഭാഷയും കണ്‍മുമ്പില്‍വെച്ച് കപടവല്ക്കരിക്കപ്പെടുമ്പോഴും അതു തിരിച്ചറിയാന്‍പോലും കഴിയാതിരിക്കുന്ന ഒരു കാലംസൃഷ്ടിച്ച്, അതിന്റെ സാന്നിദ്ധ്യം ഓരോ അണുവിലും അനുഭവിപ്പിക്കുന്ന 1984ന്റെ നിര്‍മ്മാണത്തികവു് കണക്കിലെടുക്കുമ്പോള്‍ ആനിമല്‍ ഫാമിന്റെ ജന്തുകഥാരൂപം പ്രാകൃതമായി അനുഭവപ്പെട്ടെന്നുവരാം. എന്നാല്‍, അടിച്ചമര്‍ത്തലില്‍നിന്നു് പ്രതിരോധത്തിലേക്കും, പ്രതീക്ഷയില്‍നിന്നു് വീണ്ടും അടിച്ചമര്‍ത്തലലിലേക്കും പരിണമിക്കുന്ന ഒരു ലോകത്തിന്റെ അനന്യമായ സാക്ഷാത്കാരം ആനിമല്‍ ഫാമിന്റെ രചനയെ സഫലമാക്കുന്നു.

സ്വത്വവാദവും പോസ്റ്റ്-കൊളോണിയല്‍ ചിന്തകളും കരുത്താര്‍ജ്ജിച്ചുനില്ക്കുന്ന പുത്തന്‍ നൂറ്റാണ്ടിലിരുന്ന് ഈ കൃതി രചിയ്ക്കപ്പെട്ട കാലത്തിന്റെ മനോഭാവങ്ങളിലേക്കു് തിരിഞ്ഞുനോക്കുന്നതു് കൌതുകകരമാണ്. ജാത്യാലുള്ളതും തൂത്താല്‍ മായാത്തതുമായ ദൌര്‍ബല്യങ്ങളുള്ള മൃഗങ്ങള്‍ (അതിബുദ്ധികളായപന്നികള്‍, ചിന്താശൂന്യമായ കഠിനാധ്വാനം കൈമുതലാക്കിയ കുതിര, സുഖലോലുപയായ പൂച്ച, അന്ധമായ വിശ്വസ്തതയും ആക്രമണോത്സുകതയും സ്വഭാവമാക്കിയ നായ്ക്കള്‍, വിഡ്ഢികളായ ആടുകള്‍) മനുഷ്യവിഭാഗങ്ങളുടെ പ്രതിനിധികളായ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നതു് യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെ അവസാനനാളുകളിലെക്കാളും ഇന്നായിരിക്കും വായനക്കാരെ അസ്വസ്ഥരാക്കുക.

സോവിയറ്റ്യൂണിയനും ഉപഗ്രഹരാഷ്ട്രങ്ങളും ചൈനയും വിയറ്റ്നാമും തിരിച്ചറിയാത്തവിധം മാറിക്കഴിഞ്ഞ, ഉത്തരകൊറിയയും ക്യൂബയും അപ്രസക്തിയുടെയും അസംബന്ധത്തിന്റെയും വക്കില്‍ തൂങ്ങിക്കിടക്കുന്ന, ആഗോളീകരണവും പുത്തന്‍സാമ്രാജ്യത്വവും വിജയമാഘോഷിക്കാന്‍പോലും വിശ്രമിക്കാതെ മുന്നേറിക്കൊണ്ടിരിക്കുന്ന നമ്മുടെ പതിറ്റാണ്ടുകളില്‍, ഇന്നത്തെ മാറിയ യാഥാര്‍ത്ഥ്യങ്ങളെ നോക്കിക്കാണാന്‍ ഉതകുന്ന ഒരു അന്യാപദേശമല്ല ആനിമല്‍ ഫാമെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം.എന്നാല്‍, അഖിലലോകനന്മയ്ക്കായി അവതരിച്ച് അരമനകളിലൊതുങ്ങിപ്പോയ മതങ്ങളെയും, അഹിംസയില്‍ പിറന്ന് അണുബോംബിലെത്തിനില്ക്കുന്ന സ്വതന്ത്രഭാരതത്തെയുംപോലെ, എല്ലാ സമസുന്ദരലോകങ്ങളും വിദൂരത്തിലെ ഗന്ധര്‍വ്വപുരികളായി പരിണമിക്കുന്ന പ്രതിഭാസത്തിന്റെ സാക്ഷ്യമെന്നനിലയില്‍ ഇനിയും ഏറെനാള്‍ വായിക്കപ്പെടാനുള്ളത് ഈ കൃതിയിലുണ്ടെന്നതാണു് വാസ്തവം.

പരിവര്‍ത്തനേച്ഛ കൈമോശംവന്നിട്ടില്ലാത്ത പുതിയൊരു തലമുറ ലോകമൊട്ടാകെ ഭരണകൂടങ്ങള്‍ക്കെതിരെ മുന്നേറുന്നതു് പ്രത്യാശയോടെ നോക്കിനില്ക്കുമ്പോള്‍ത്തന്നെ, ഈ ഉട്ടോപ്യന്‍ സ്വപ്നങ്ങളുടെ പച്ചപ്പൊടിപ്പുകള്‍ക്കു നടുവിലും അഴിമതിയുടെയും അധികാരക്കൊതിയുടെയും സാദ്ധ്യതകള്‍ ബീജരൂപത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന മുന്നറിയിപ്പ് നമ്മളെ വരാനിരിക്കുന്ന നടുക്കങ്ങളില്‍ തുണയ്ക്കും. ‘ഒന്നേകിട്ടിയുള്ളൂ?’ എന്ന് അണ്ണാ ഹസാരേ ചോദിക്കുമ്പോള്‍, ഈ പുത്തന്‍പ്രക്ഷോഭങ്ങളുടെ വരുംനാളുകളിലും ഹിംസയുടെ കൊലവിളികള്‍ പതിയിരിപ്പുണ്ടെന്ന ഓര്‍വേലിയന്‍മന്ത്രണം നാം വീണ്ടും കേള്‍ക്കുന്നു.

Subscribe Tharjani |
Submitted by joy (not verified) on Wed, 2012-03-07 17:58.

ചെറുപ്പകാലത്ത് വായിച്ച നല്ല ഒരു മലയാളം നോവല്‍ ഓര്മ്മ വരുന്നു. പോസ്റ്റ്‌ വാര്‍ ജര്‍മ്മിനിയുടെ പശ്ചാത്തലത്തില്‍ എഴുതിയ അതിമനോഹരമായ രചന. ചില നല്ല യാത്രാവിവരണങ്ങളും അമേരിക്കന്‍ യാത്രയെ കുറിച്ചുള്ളത് ഇവരുടെ വായിച്ചതു ഓര്‍ക്കുന്നു. ഇവരുടെ പേര് മറന്നു പോയി. പക്ഷെ രചനകള്‍ ഒന്ന് കൂടി വായിക്കാന്‍ കൊതിയുണ്ട്. ആര്‍ക്കെങ്കിലും ഇവരെ തിരിച്ചറിയാമെങ്കില്‍ ഒന്ന് എഴുതുക. ക്രിസ്ത്യന്‍ പേരാണെന്നു തോന്നുന്നു. ഭര്‍ത്താവും പ്രശസ്തനാണെന്ന് തോന്നുന്നു. നന്ദി.
cijoy@london.com