തര്‍ജ്ജനി

ഡി. യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

ഏണും കോണും കെട്ടവന്റെ വാഴ് വ്

നഗരം
ശ്മശാനങ്ങള്‍ക്കുമേല്‍ പണിത ശ്മശാനംപോല്‍
എല്ലാ ചുടലഭൂതങ്ങളുടെയും സാന്നിദ്ധ്യത്തില്‍
അത്യാഹിതവാഹനത്തിന്റെ സൈറണില്‍
നിലവിളിച്ചുകൊണ്ടുതന്നെ
നിര്‍വികാരം കിടക്കുന്നു,
കിതയ്ക്കുന്നു
ചതയ്ക്കുന്നു
മുന്നോട്ടെന്നു തോന്നിച്ചുകൊണ്ട്
ഒരച്ചുതണ്ടില്‍
വിശന്ന എരുമയെപ്പോലെ കറങ്ങുന്നു,
പിച്ചും പേയും നുരയ്ക്കുന്നു…

ഇതേ സമയം,
കവിത എന്ന പെണ്‍കുട്ടി
-ഇംഗ്ലിഷ് മീഡിയം മലയാളി-
ആത്മഹത്യ ചെയ്ത
(ഇല്ലാത്ത) സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റില്‍
പല്ലിയായ് വന്നിരുന്ന്
നഗ്നഗാനരംഗത്തിന്റെ ഷൂട്ടിംഗ് കണ്ട്
ഒരു കൊലപാതകത്തിനു സാക്ഷ്യം വഹിക്കുന്നു…

ഗ്രമത്തിലേയ്ക്കുള്ള വഴി പോലെ
ജീവിതത്തിന്റെ അര്‍ത്ഥം തേടുകയായിരുന്ന എനിക്കാകട്ടെ
ഉന്മാദത്തിലേയ്ക്കു ഇറക്കിവച്ച കിണര്‍പോലെ
ഭൂമിയുടെ ആകാശം കാണിക്കുന്നു ജീവിതം
എന്നൊരു ഇമേജുണ്ട് കിട്ടുന്നു….

Subscribe Tharjani |