തര്‍ജ്ജനി

ഡോ. കെ. എം. ഭരതന്‍

മലയാളവിഭാഗം,
എം.ജി.ഗവ. ആര്‍ട്സ് കോളേജ്,
ന്യൂ മാഹി. 673 311

Visit Home Page ...

ലേഖനം

ഫോക്‍ലോര്‍ : ജനാധിപത്യവല്‍ക്കരണത്തിന്റെയും കമ്പോളവല്‍ക്കരണത്തിന്റെയും പ്രശ്നങ്ങള്‍

ഉത്തരകേരളത്തിലെ അനുഷ്ഠാനകലകളെ മുന്‍നിര്‍ത്തി ഒരന്വേഷണം.

കേരളത്തിലെ നാടന്‍കലകളെ അനുഷ്ഠാനം, അനുഷ്ഠാനേതരം എന്ന്‌ പൊതുവെ രണ്ടായി തിരിക്കാം. അനുഷ്ഠാനങ്ങള്‍ വ്യത്യസ്ത മതം, ജാതി, ഗോത്രം, ദേശം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അനുഷ്ഠാനേതരകലകള്‍ തൊഴില്‍, സാമൂഹ്യാചാരം, വിനോദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന്‌ നാം കല്പിക്കുന്ന അര്‍ത്ഥത്തിലുള്ള വിനോദങ്ങളോ വിനോദകലകളോ പ്രാചീന ഫോക്‍സമൂഹങ്ങളില്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല. വിനോദത്തിനുവേണ്ടിയുള്ള കേവലവിനോദങ്ങളും സ്വാഭാവികജീവിതത്തില്‍ നിന്നു വിട്ടുമാറിയുള്ള വിനോദങ്ങളുമാണ്‌ ഇന്ന്‌ നമുക്കുള്ളത്‌. വടക്കന്‍പാട്ടുകള്‍ അനുഷ്ഠാനേതരസ്വഭാവമുള്ള പാട്ടുസമ്പ്രദായമാണ്‌. എന്നാല്‍ അത്‌ അരവുപാട്ടും ഞാട്ടിപ്പാട്ടുമായാണ്‌ നമ്മുടെ സമൂഹത്തില്‍ പാടി വന്നത്‌. അപ്പോള്‍ അത്‌ വിനോദമല്ല, മറിച്ച്‌ തൊഴിലവസരങ്ങളില്‍ തൊഴിലിനെ ലക്ഷ്യംവെച്ചു കൊണ്ടുള്ള പാട്ടുകളാണ്‌. വിനോദകല എന്ന്‌ ഇന്ന്‌ ചിലരെങ്കിലും വ്യവഹരിക്കുന്ന കോല്‍ക്കളിപോലും സാമൂഹ്യാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ്‌ അരങ്ങേറിയിരുന്നത്‌. ആധുനികപൂര്‍വ്വ ഫോക്‍സമൂഹങ്ങളിലെ നാടന്‍കലകളെല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതും പ്രവചനീയവുമായ ജീവിതസന്ദര്‍ഭങ്ങളില്‍ അരങ്ങേറിയവയാണ്‌. ആധുനികാര്‍ത്ഥത്തിലുള്ള കലയുടെയോ വിനോദത്തിന്റെയോ സാന്നിദ്ധ്യം അതിലുണ്ടായിരുന്നില്ല. പകരം, അവരുടെ പ്രാഥമികജീവിതാവശ്യങ്ങളെ പരിഹരിക്കാനും സാമൂഹ്യമായ ഉത്കണ്ഠകളെ ശമിപ്പിക്കുവാനും ഉള്ളവയായിരുന്നു, അവ.

ആധുനികത ശക്തമായതോടെ നാം ജാതിസമൂഹത്തില്‍ നിന്ന്‌ പൌരസമൂഹത്തിലേക്ക്‌ പരിണമിച്ചു തുടങ്ങി. നിരവധി ഫോക്‍സമൂഹങ്ങള്‍ പരസ്പരം പങ്കുവെക്കുന്ന പൊതുമണ്ഡലം രൂപപ്പെട്ടു. ദേശരാഷ്ട്രം, ആഗോളവ്യവസ്ഥ തുടങ്ങിയ പുതിയ സാമൂഹ്യ - രാഷ്ട്രീയഘടനകളും അനുബന്ധമായ അധികാരഘടനകളും രൂപപ്പെട്ടു. ആധുനികവും ആധുനികോത്തരവുമായ പുതിയ കലാരൂപങ്ങളും നമുക്കുണ്ടായി. അവയ്ക്കെല്ലാം പുതിയ മാദ്ധ്യമങ്ങളുമുണ്ടായി. പാരമ്പര്യകലകളില്‍ നിന്ന്‌ വ്യത്യസ്തമായി ജനകീയവും ജനപ്രിയവുമായ കലാരൂപങ്ങള്‍ കൂടി നമുക്കുണ്ടായി. ഇവയെല്ലാം പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്ന ഒരു പൊതുമണ്ഡലത്തിന്‌ അകത്താണ്‌ നമ്മുടെ നാടന്‍കലകളും നിലനിന്നുവന്നത്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാടന്‍കലകളെയും അത്‌ സംബന്ധിച്ചുള്ള ബോദ്ധ്യങ്ങളെയും വലിയ മാറ്റങ്ങള്‍ക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌. താരതമ്യേന മാറ്റങ്ങളെ പ്രതിരോധിക്കുന്ന അനുഷ്ഠാനങ്ങള്‍ പോലും മാറിത്തീര്‍ന്നിട്ടുണ്ട്‌. അതില്‍ ഏറ്റവും പ്രധാനമാണ്‌ അനുഷ്ഠാനത്തില്‍ നിന്ന്‌ അനുഷ്ഠാനകലയിലേക്കും പിന്നീട്‌ കലയിലേക്കുമുള്ള മാറ്റം. തെയ്യം, തിറ, നിണബലി, എണ്ണമന്ത്രം, ബലിക്കള, കളമെഴുത്ത്‌ പാട്ട്‌, തിരിയുഴിച്ചില്‍ തുടങ്ങിയ അനുഷ്ഠാനങ്ങളെ മുന്‍നിര്‍ത്തി ഈ മാറ്റത്തെ വിശദീകരിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌.

തെയ്യം, തിറ, കളമെഴുത്ത്‌ പാട്ട്‌, തിരിഉഴിച്ചില്‍ എന്നിവ കാവുകളില്‍ നടന്നുവരുന്ന അനുഷ്ഠാനങ്ങളാണ്‌. നിണബലി, എണ്ണമന്ത്രം, ബലിക്കള എന്നിവ ഒരു കാലത്ത്‌ നിലനിന്നിരുന്ന മാന്ത്രിക-ഉച്ചാടനകര്‍മ്മങ്ങളാണ്‌. ഇന്നു പഴയ അര്‍ത്ഥത്തില്‍ നിലവിലില്ലാത്തവയുമാണിവ. വാസ്തുപ്രീതി, ശത്രുദോഷം എന്നിവയ്ക്കായി വീടുകളില്‍ നടത്തിവന്നിരുന്ന അനുഷ്ഠാനമാണ്‌ നിണബലി. കാളി - ദരിക യുദ്ധമാണ്‌ ഇതിന്റെ ഇതിവൃത്തം. തികച്ചും നാടകീയമായ ഒരവതരണം കൂടിയാണ്‌ ഇതിനുള്ളത്‌. ഇന്ന്‌ അപൂര്‍വ്വമായി മാത്രം ഒരു പ്രദര്‍ശനകലയായി ഇത്‌ പൊതുവേദികളില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്‌. ബാധോച്ചാടനത്തിന്‌ വേണ്ടി - വിശേഷിച്ചും ഗര്‍ഭിണികളെ ബാധിക്കുന്ന ബാധകളെ ഒഴിപ്പിക്കുന്നതിന്‌ വേണ്ടി - വീടുകളില്‍ നടത്തിയിരുന്ന അനുഷ്ഠാനങ്ങളാണ്‌ എണ്ണമന്ത്രവും ബലിക്കളയും. ഇതും ഇന്ന്‌ അത്യപൂര്‍വ്വമായി പൊതുവേദികളില്‍ മാത്രം അരങ്ങേറുന്ന ഒരു കലാരൂപമായി മാറിയിരിക്കുന്നു. ഈ മാറ്റം പൊതുവെ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്‌.എന്നാല്‍ കാവുകളില്‍ ഇന്നും സജീവമായിരിക്കുന്ന അനുഷ്ഠാനങ്ങളായ തെയ്യം, തിറ, കളമെഴുത്ത്‌, തിരിയുഴിച്ചില്‍ തുടങ്ങിയവ കലാപദവിയിലേക്ക്‌ പരിണമിക്കുന്നതിനെ സ്വീകരിക്കുന്നതില്‍ ഒരു തരം വൈമനസ്യം ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്‌. ഈ ഒരു പശ്ചാത്തലത്തില്‍ വേണം അനുഷ്ഠാനം എന്ന നിലയില്‍ നിന്ന്‌ കലയിലേക്കുളള ഇവയുടെ മാറ്റത്തെ വിലയിരുത്താന്‍. കാവുകള്‍ക്കും വീടുകളിലെ നേര്‍ച്ചകള്‍ക്കും പുറത്ത്‌ ആധുനികജീവിതത്തിന്റെ ഭാഗമായി ഉണ്ടായ പുതിയ സന്ദര്‍ഭങ്ങളില്‍ ഈ അനുഷ്ഠാനങ്ങള്‍ വ്യാപകമായി അവതരിപ്പിക്കപ്പെടുന്നുണ്ട്‌. നാടകം, സിനിമ, ഇലക്ട്രോണിക്‍മാദ്ധ്യമങ്ങള്‍ തുടങ്ങിയവയിലും ഇവ ഇന്ന്‌ സജീവസാന്നിദ്ധ്യമാണ്‌. അപ്പോഴും കല എന്ന നിലയില്‍ ഇതിനെ സ്വീകരിക്കാന്‍ മടിക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ ഏറെയുണ്ട്‌.
അനുഷ്ഠാനങ്ങളുടെ കലാവല്‍ക്കരണത്തിന്റെ പ്രശ്നങ്ങളെ രണ്ടുനിലയില്‍ അന്വേഷിക്കേണ്ടതുണ്ട്‌. 1. പാരമ്പര്യമായി അതു നിലനിന്നുവന്ന സന്ദര്‍ഭങ്ങളില്‍ അനുഷ്ഠാനമെന്ന നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ അതിന്‌ വന്നുചേര്‍ന്ന മാറ്റങ്ങള്‍. 2. പുതിയ സന്ദര്‍ഭങ്ങള്‍ കലാത്മകതയ്ക്ക്‌ മുന്‍തൂക്കമുള്ള അവതരണങ്ങളായി തീരുമ്പോള്‍ അതിന്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.

പുതിയ സന്ദര്‍ഭങ്ങളിലുള്ള അനുഷ്ഠാനഅവതരണങ്ങളെ എതിര്‍ക്കുന്നവര്‍ കാവുകള്‍ക്കകത്ത്‌ തന്നെയുള്ള അതിന്റെ സന്നിഹിതവും വിദൂരവുമായ സന്ദര്‍ഭങ്ങളിലെ മാറ്റത്തെ തിരിച്ചറിയാത്തവരാണ്‌. കാവുകളും അതിന്റെ ഘടനയും സംഘാടനവും സമൂഹവും എല്ലാം മാറിത്തീര്‍ന്നിട്ടുണ്ട്‌. ആധുനികപൂര്‍വ്വസമൂഹം അനുഷ്ഠാനങ്ങളെ വീക്ഷിച്ച നിലയിലല്ല നാം ഇന്ന്‌ വീക്ഷിക്കുന്നത്‌. തനതുസാഹചര്യത്തിനകത്തുതന്നെ ആളുകള്‍ അതിനെ കലയായി തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്‌. അവതാരകസമൂഹവും അതിന്‌ അനുസരിച്ച്‌ അവതരണത്തെ പൊലിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. പുതിയ താളങ്ങളും, കലാശങ്ങളും ചുവടുകളും ഈ കലാരൂപത്തിലേക്ക്‌ കടന്നുവരുന്നുണ്ട്‌. അവതരണത്തിലുള്ള ജനപങ്കാളിത്തത്തിന്റെ സ്വഭാവത്തില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്‌. സമയം, നിറം, നിറബോധം, ചമയവസ്തുക്കള്‍, അവതരണത്തിന്റെ ദൈര്‍ഘ്യം, സമയക്രമം ഇത്യാദികളിലെല്ലാം മാറ്റംവരുന്നുണ്ട്‌. അത്തരമൊരു മാറ്റമായി മാത്രമേ അവതരണസന്ദര്‍ഭത്തിലെ മാറ്റത്തെയും കണക്കാക്കേണ്ടതുള്ളൂ.

കാവുകള്‍ക്ക്‌ പുറമെ അപൂര്‍വ്വം തെയ്യങ്ങള്‍ക്ക്‌ ചിലപ്പോള്‍ ദേശം തന്നെയും വേദിയായി മാറും. ജാതിക്കാവുകള്‍, പൊതുജനകാവുകളാകുമ്പോള്‍ വേദിയും മാറുന്നുണ്ട്‌ (folk to the public). ഈ മാറ്റം ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായുണ്ടായ മാറ്റമാണ്‌. അപ്പോഴും കാവുകളില്‍ ഓരോ ജാതിക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളുണ്ട്‌. അതുകൂടി ഇല്ലാതായി എല്ലാവരും തമ്മില്‍ കലര്‍ന്ന്‌ ഇടപെടുമ്പോള്‍ വേദി പിന്നെയും മാറുന്നുണ്ട്‌. തെയ്യത്തിന്റെ വാചാലുകളില്‍ ഈണഭേദവും സ്ഥായീഭേദവും ഉച്ചാരണഭേദവും ഉണ്ടാകുന്നുണ്ട്‌. ജനാധിപത്യം മതാത്മകമായി തീരുമ്പോള്‍ കാവുകള്‍ ഹിന്ദുക്കളുടേത്‌ മാത്രമായി തീരുകയും ഈ മതാത്മകതയുടെ നിഴലുകള്‍ അവതരണങ്ങളില്‍ പതിക്കുകയും ചെയ്യുന്നുണ്ട്‌.

70കളില്‍ ഉണ്ടായ രാഷ്ട്രീയഉണര്‍വും, യുക്തിചിന്തയും അനുഷ്ഠാനാവതരണങ്ങളില്‍ നേരിട്ട്‌ ഇടപെട്ട നിരവധി സന്ദര്‍ഭങ്ങളുണ്ട്‌. ഇത്‌ അതിന്റെ അനുഷ്ഠാനാത്മകതയെയും സൌന്ദര്യാത്മകതയെയും സ്വാധീനിക്കുകയും അതുമായി ബന്ധപ്പെട്ട പൊതുബോധത്തെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്‌. കാവിനകത്തും പുറത്തും നടന്ന ഇത്തരം ജനാധിപത്യ ഇടപെടലുകളാണ്‌ കാവിനകത്ത്‌ അനുഷ്ഠാനാത്മകതക്കൊപ്പം കലാത്മകതയെയും പ്രതിഷ്ഠിച്ചത്‌. നമ്മുടെ ജനാധിപത്യത്തില്‍ എവിടെയെല്ലാം സവര്‍ണ്ണത പ്രബലമായിരുന്നുവോ അവിടെയെല്ലാം ഈ അനുഷ്ഠാനാത്മകതയും കലാത്മകതയും സവര്‍ണ്ണീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്‌.

അക്കാദമികമായ ഇടപെടലുകള്‍ അനുഷ്ഠാനങ്ങള്‍ ഉള്‍പ്പെടെയുള്ള നാടന്‍കലകളുടെ ചരിത്രാത്മകത സാമൂഹ്യപരത തുടങ്ങിയവയെക്കുറിച്ച്‌ ശക്തമായ പൊതുബോധരൂപീകരണത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. ആത്യന്തികമായി ഇതെല്ലാം അനുഷ്ഠാനവുമായി ബന്ധപ്പെട്ട സൌന്ദര്യാത്മകതയെയും സ്വാധീനിച്ചിട്ടുണ്ട്‌. കമ്പോളവും മാദ്ധ്യമങ്ങളും ഈ കലകളുടെ മോട്ടീഫുകളെ പല മട്ടില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്‌. മറ്റു കലകളിലും സാഹിത്യങ്ങളിലും ഇത്‌ പുതിയ രൂപഭാവങ്ങളോടെ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഇവയും പൊതുമനസ്സില്‍ ഇത്തരം കഥകളെ കുറിച്ച്‌ വേറിട്ട്‌ നില്ക്കുന്ന സൌന്ദര്യാത്മകത രൂപപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്‌.

ഇലക്‍ട്രോണിക്‌ മാദ്ധ്യമങ്ങളിലും ആധുനികസമൂഹത്തിന്റെ ആഘോഷമായ ഫെസ്റ്റുകളിലും കാര്‍ണ്ണിവലുകളിലും ഇത്തരം കലകളെ ചരക്കുകളായി അവതരിപ്പിക്കുന്നുണ്ട്‌. പബ്ലിക്‌ ഫോക്‍ലോര്‍ എന്നൊരു സങ്കല്പനം തന്നെ വികസിപ്പിച്ചുകൊണ്ട്‌ അമേരിക്കന്‍ ഫോക്‍ലോറിലെ ഒരു വിഭാഗം അക്കാദമിക്‌ ഫോക്‍ലോറിസ്റ്റുകള്‍ ഈ മാറ്റത്തെ ശക്തമായി പിന്തുണയ്ക്കുന്നുമുണ്ട്‌.

ഇന്ന്‌ സജീവമായിനില്ക്കുന്ന അനുഷ്ഠാനങ്ങളില്‍ പലതും കലാപദവിയിലേക്ക്‌ വികസിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ വികാസത്തില്‍ ജനാധിപത്യവും, കമ്പോളവും മാറി മാറി സ്വാധീനം പുലര്‍ത്തുന്നുണ്ട്‌. ആധുനികതയുടെ കാലത്ത്‌ ജനാധിപത്യപരമായ സ്വാധീനതകളാണ്‌ ഈ മാറ്റത്തെ നയിച്ചിരുന്നതെങ്കില്‍ വിപണിയുടെ സ്വാധീനതകളാണ്‌ ഇന്ന്‌ അതിനെ നയിക്കുന്നത്‌. ഇത്‌ ഒരു പാരമ്പര്യസമൂഹത്തിന്റെ ജീവത്തായ സംസ്കാരത്തോടും അതിന്റെ വൈകാരികതയോടും ചരിത്രത്തോടും നീതി പുലര്‍ത്തുന്നതല്ല.

Subscribe Tharjani |