തര്‍ജ്ജനി

വി. സി. ശ്രീജന്‍

ചാലില്‍ വീട്‌ ചൊവ്വ കണ്ണൂര്‍-670006
വെബ്ബ്:വി.സി.ശ്രീജന്‍

Visit Home Page ...

ലേഖനം

ചരിത്രത്തില്‍ വരാത്ത ഒരാള്‍

ജേതാക്കള്‍ എന്നും വിജയിച്ചുകൊണ്ടേയിരിക്കും, പരാജിതരെന്നും തോറ്റുകൊണ്ടേയിരിക്കും. ഒരിക്കല്‍ തോറ്റവരെ കൂടുതല്‍ വലിയ തോല്‍വികള്‍ പ്രതികാരബുദ്ധിയോടെ കാത്തിരിക്കുന്നു. എന്നാല്‍, തോറ്റുപോയി എന്നതുകൊണ്ട്‌ ഒരാള്‍ പ്രതിഭാശാലിയല്ലെന്നു വരുന്നില്ല. പ്രതിഭ മാത്രം പോരാ വിജയിക്കാന്‍, ഏറെ ഭാഗ്യം വേണം, സാഹചര്യങ്ങള്‍ ചേര്‍ന്നുവരികയും വേണം. ഭാഗ്യവും സാഹചര്യവും ഒത്തുവന്നിരുന്നെങ്കില്‍ ഇന്ന്‌ എം. മുകുന്ദന്റെയോ എന്‍. എസ്‌. മാധവന്റെയോ ഒപ്പം നില്ക്കുമായിരുന്ന, മലയാളത്തിനു നഷ്ടപ്പെട്ടുപോയ ഒരു എഴുത്തുകാരനെക്കുറിച്ചു ഞാന്‍ ഓര്‍മ്മിക്കുകയാണ്‌, എഴുപതുകളുടെ തുടക്കത്തില്‍ കുറച്ചുമാത്രം എഴുതി അപ്രത്യക്ഷനായ ഒരു എ. രവീന്ദ്രനെക്കുറിച്ച്‌. ഒരു കാലത്ത്‌ ഞങ്ങളുടെയെല്ലാം അടുത്ത സുഹൃത്തായിരുന്ന രവിയെക്കുറിച്ചു് ഇവിടെ എഴുതാന്‍ പോകുന്നതില്‍ അതിശയോക്തി കലര്‍ന്നുകൂടായ്കയില്ല. അതിനാല്‍, അവിടെയും ഇവിടെയുമായി അല്പാല്പം തട്ടിക്കിഴിച്ചുകൊള്ളുക.

വടകരക്കും മയ്യഴിക്കും ഇടയില്‍, അടുത്തടുത്തു കിടക്കുന്ന ഊരാളുങ്കല്‍, കണ്ണൂക്കര, ഒഞ്ചിയം, ചോമ്പാല്‍, മുക്കാളി എന്നീ ഗ്രാമങ്ങളില്‍നിന്നായി എ. രവീന്ദ്രന്‍, ഇ. വി. ശ്രീധരന്‍, സി. കെ. ഗംഗാധരന്‍, മൊയ്തു അഴിയൂര്‍, പി. കെ. നാണു, പി. സുരേന്ദ്രന്‍, പി. ശ്രീധരന്‍, സി. എച്ച്‌. അച്ചുതന്‍, എം. എം. സോമശേഖരന്‍, വി. കെ. പ്രഭാകരന്‍, പി. ഹുസൈന്‍, എസ്‌. അജ്മല്‍, കെ. എന്‍. രാജീവ്‌, രാജന്‍ സി. കണ്ണൂക്കര, കെ. ദിവാകരന്‍, കെ. പി. അശോകന്‍, ഒ. ടി. പുഷ്പരാജന്‍, സി. കെ. വിശ്വനാഥന്‍ തുടങ്ങി വലിയ ഒരു സംഘം ചെറുപ്പക്കാര്‍ മുഖ്യമായും സാഹിത്യത്തിലും പിന്നെ നാടകത്തിലും രാഷ്ട്രീയത്തിലുമെല്ലാം താത്പര്യവുമായി അക്കാലത്ത്‌ ഒത്തുകൂടുമായിരു ന്നു. എല്ലാവര്‍ക്കും ചെറുപ്പമാണ്‌. ഏതു രംഗത്താണ്‌ ഭാവിയില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്‌ എന്ന്‌ ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. രവിക്കും നാണുവിനും മൊയ്തു അഴിയൂരിനും മാത്രമേ ജോലി ഉണ്ടായിരുന്നുള്ളു. ഞങ്ങളുടെ കൂട്ടത്തില്‍ മുതിര്‍ന്നവരായ ശ്രീധരന്‍ കഥയും രവീന്ദ്രന്‍ കഥയും കവിതയും പി. കെ. നാണു കഥയും തങ്ങളുടെ മേഖലകളായി തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. സോമന്‍ കവിതയിലും രാജീവ്‌ കഥയിലും ഹുസൈന്‍ കഥയിലും കൈവെച്ചു തുടങ്ങുന്നു. നാടകത്തിലേക്കു തിരിഞ്ഞ പ്രഭാകരനും കഥയില്‍ ശ്രദ്ധപതിപ്പിച്ച അജ്മലും അക്കാലത്തെ ഏറ്റവും വലിയമത്സരമായിരുന്ന മാതൃഭൂമി സാഹിത്യമത്സരത്തില്‍ ഏകാങ്കവിഭാഗത്തിലും കഥാവിഭാഗത്തിലും സമ്മാനങ്ങള്‍ നേടുന്നു. വലുതായാല്‍ ചിത്രകാരനാവാനായിരുന്നു എന്റെ തീരുമാനം. എന്നാല്‍ എല്ലാം ഉപേക്ഷിച്ച്‌ ഭ്രാന്തമായ ആവേശത്തോടെ ഏകമനസ്കനായി ആഴ്ന്നിറങ്ങേണ്ട മണ്ഡലമാണ്‌ ചിത്രകല എന്നു മനസ്സിലായതോടെ ചിത്രകലാതാത്പര്യത്തെ ഞാന്‍ ഭയപ്പാടോടെ കൈയൊഴിഞ്ഞു. പത്താംക്ലാസില്‍ പഠിക്കുന്ന കാലത്ത്‌ കെ. ദാമോദരന്റെ ഇന്ത്യയുടെ ആത്മാവ്‌ എന്ന പുസ്തകം വായിച്ചതിനു ശേഷം തത്ത്വചിന്തയായിരിക്കും എന്റെ മണ്ഡലമെന്നു ഞാന്‍ രഹസ്യമായി തീരുമാനിച്ചു. തത്ത്വചിന്തയും പിന്നെ വെറും ആസ്വാദനത്തിനു മാത്രമായ സാഹിത്യവായനയും കുറച്ചു ചരിത്രതാത്പര്യവും ഇനിയല്പം ശാസ്ത്രതാത്പര്യവുമായി കഴിയുന്നതിനിടയില്‍ മടപ്പള്ളി സത്യാനന്ദന്‍ (മടപ്പള്ളി സദാനന്ദനല്ല; മടപ്പള്ളി സ്കൂള്‍ അദ്ധ്യാപകനായിരുന്ന കെ. എസ്‌. ശങ്കരനാരായണന്‍ മാസ്റ്റരുടെ മകന്‍ കെ. എസ്‌. സത്യനാഥന്‍ "മടപ്പള്ളി സത്യാനന്ദന്‍" എന്ന തൂലികാനാമത്തില്‍ ദേശാഭിമാനി വാരികയില്‍ അക്കാലത്ത്‌ തുടര്‍ച്ചയായി കവിതയെഴുതാറുണ്ടായിരുന്നു) ആണ്‌, "നിനക്ക്‌ ദേശാഭിമാനിക്കുവേണ്ടി ബുക്ക്‌ റിവ്യൂ എഴുതാന്‍ കഴിയുമോ" എന്നും ചോദിച്ച്‌ എന്നെ നിരൂപണത്തിലേക്ക്‌ തിരിച്ചുവിട്ടത്‌. ഇങ്ങനെ താത്പര്യം ഓരോരുത്തര്‍ക്കും ഓരോന്നിലായിരുന്നുവെങ്കിലും ആധുനികസാഹിത്യം ഒരു ചരടുപോലെ ഞങ്ങളെ കൂട്ടിയിണക്കി. പക്ഷെ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും ഞങ്ങളില്‍ പലരും ആധുനികസാഹിത്യത്തെ തള്ളിക്കളയുകയും ചെയ്തു.
ഞാന്‍ പരിചയപ്പെടുമ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സൊസൈയിറ്റിയില്‍ ക്ലാര്‍ക്ക്‌ ആയിരുന്നു രവി. വാഗ്ഭടാനന്ദന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചതും ഇന്ന്‌ അതിപ്രസിദ്ധവുമായ ഈ സ്ഥാപനത്തിന്റെ ഉന്നതമായ ഒരു സ്ഥാനത്ത്‌ രവി എത്തുമായിരുന്നു, "വിധി" മറ്റൊന്നായിരുന്നുവെങ്കില്‍. പക്ഷെ രവി ജോലി രാജിവെച്ചു സ്വയം തൊഴില്‍രഹിതനായി അലഞ്ഞു. വിജയന്റെയോ മുകുന്ദന്റെയോ കാക്കനാടന്റെയോ അല്ലെങ്കില്‍ കാഫ്കയുടെ തന്നെയോ കഥാപാത്രത്തെപ്പോലെയായിരുന്നു രവീന്ദ്രന്‍ എന്ന മനുഷ്യന്‍. ഇരുണ്ട വ്യസനങ്ങളിലൂടെ കടന്നുപോകുന്ന ചിന്താമഗ്നന്റെ സ്ഥായീഭാവം. എന്നാല്‍ ഞങ്ങള്‍ക്ക്‌ അതേ രവി ഉത്സാഹിയായ ഒരു തമാശക്കാരന്‍ കൂടിയായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ അഭിനയത്തിലും വോളിബോള്‍ കളിയിലും മിടുക്കനായിരുന്നു സുമുഖനായ രവി. തപസ്സുചെയ്യുന്ന ഭക്തന്റെ മുന്നില്‍ അവിചാരിതമായി പ്രത്യക്ഷപ്പെടുന്ന നരസിംഹത്തിന്റെ ഭയാനകരൂപം രവി അതേപടി ഒരു നിമിഷംകൊണ്ട്‌ അഭിനയിച്ചു കാട്ടും. ഒരിക്കല്‍ വടകരയിലെ പഴയ ബസ്‌ സ്റ്റാന്‍ഡ്‌ കെട്ടിടത്തിലെ ആളൊഴിഞ്ഞ മൂലയിലേക്ക്‌ സ്വകാര്യം പറയാന്‍ എന്ന നാട്യത്തില്‍ മൂടാടി കുഞ്ഞബ്ദുള്ള മാഷെ വിളിച്ചുകൊണ്ടുപോയി തന്റെ നരസിംഹരൂപം കാട്ടി രവി പേടിപ്പിച്ചുകളഞ്ഞിരുന്നു. "അരിയെവിടെ അരിയെവിടെയെന്നു ചോദിക്കുമ്പോള്‍ പാര്‍ക്കലാം പാര്‍ക്കലാം എന്നു പറയുന്ന പാണ്ടിപ്പണ്ടാരപ്പെരുച്ചാഴിക്കാമരാജനും..." എന്നിങ്ങനെ സി. എച്ച്‌. മുഹമ്മദ്‌ കോയയുടെ പ്രസിദ്ധമായ പ്രസംഗശൈലി രവി ഭംഗിയായി അനുകരിക്കും. ഒരു ദിവസം കടല്‍പ്പുറത്തെ അക്കാലത്ത്‌ വിശാലമായിരുന്ന പൂഴിപ്പരപ്പിലൂടെ നടക്കുമ്പോള്‍ "മ്മള്‍ വെള്ളത്തിനു മേലെക്കൂടി നടക്ക്ന്നാ" എന്നും പറഞ്ഞ്‌ രവി ഇളകുന്ന വെള്ളത്തിനു മുകളിലൂടെ എന്നപോലെ വേച്ചുവേച്ചു നടന്നു തുടങ്ങി. പിറകെ ഞാനും. എന്തിനാണ്‌ ഈ അഭിനയമെന്ന്‌ ആദ്യം എനിക്കു മനസ്സിലായില്ല. കുറച്ചുനേരം നടന്നപ്പോള്‍ "ഇനി ഞ്ഞി വെള്ളത്തില്‍ വീഴുന്നതുപോലെ കാട്ട്‌" എന്ന്‌ രവി പറഞ്ഞു. ഞാന്‍ വെള്ളത്തില്‍ ആഴുന്നതുപോലെ മുട്ടു കുത്തി പൂഴിയിലേക്കു താഴ്ന്നു. ഗംഭീരഭാവത്തില്‍ നിവര്‍ന്നുനിന്ന്‌ "വെള്ള"ത്തില്‍നിന്നു എന്നെ കൈപിടിച്ചുയര്‍ത്തി രവി ശാസിക്കുന്നു: "പീറ്റര്‍, ദൌ ഓഫ്‌ ലിറ്റ്ല്‍ ഫെയ്ഥ്‌!" രവി ക്രിസ്തുവും ഞാന്‍ പത്രോസുമായി ഗലീലിക്കടലില്‍ പടകിറങ്ങി വെള്ളത്തിനു മീതെ നടക്കുകയായിരുന്നുവെന്ന്‌ അപ്പോഴാണ്‌ എനിക്കു മനസ്സിലായത്‌.

ശാസ്ത്രീയമായി ചിത്രകല പഠിച്ചിട്ടില്ലെങ്കിലും രവി വരയ്ക്കുമായിരുന്നു. വരയില്‍ നല്ല അനുപാതവും പ്രക്ഷേപവുമാണ്‌. ഒരിക്കല്‍ കടല്‍പ്പുറത്തെ ഉറച്ച പൂഴിപ്പരപ്പിലൂടെ നടക്കുമ്പോള്‍ രവി ഒരു കക്ക പെറുക്കിയെടുത്ത്‌ നിലത്തു വരഞ്ഞുകൊണ്ട്‌ മുന്നോട്ടു നടന്നുതുടങ്ങി. "എന്താദ്‌" എന്നു ചോദിച്ചതിന്‌ ഉത്തരം തരാതെ, വരയുന്ന വിരല്‍ മാത്രം നോക്കിക്കൊണ്ട്‌ തല ഉയര്‍ത്തി മറ്റൊന്നും നോക്കാതെ പിറകെ ചെല്ലാന്‍ രവി പറഞ്ഞു. കുനിഞ്ഞ്‌ നിലത്തു വരഞ്ഞുകൊണ്ട്‌ നടക്കുന്ന രവിയുടെ പിറകെ ഞാന്‍ താഴേക്കു നോക്കിക്കൊണ്ടു നടന്നു. കുറെ ദൂരം ചെന്നതിനു ശേഷം വര തുടര്‍ന്നുകൊണ്ടു രവി തിരിച്ചുനടന്നു. എല്ലാം കൂടി പത്തിരുന്നൂറടി ദൂരം ചെന്നുകാണും. എല്ലാം കഴിഞ്ഞ്‌ തുടങ്ങിയേടത്ത്‌ മടങ്ങിയെത്തി. നിലത്ത്‌ ഒരു ചെറിയ വട്ടം വരച്ച്‌ അതില്‍ എന്നെ നിര്‍ത്തി പൂഴിയിലെ വരയിലേക്കു നോക്കാന്‍ ആവശ്യപ്പെട്ടു. നോക്കിയപ്പോള്‍ അതാ തലയ്ക്കു പിറകില്‍ കൈകള്‍ വെച്ചു ദൂരത്തേക്കു കണ്ണയച്ച്‌ നിവര്‍ന്നു നില്ക്കുന്ന ഒരു സ്ത്രീരൂപം! മറ്റെവിടെനിന്നു നോക്കിയാലും ആദ്യമായിട്ടാണ്‌ ആ രൂപം കാണുന്നതെങ്കില്‍ അതെന്തിന്റെ ചിത്രമാണെന്ന്‌ ആര്‍ക്കും മനസ്സിലാവില്ല. കുസൃതിച്ചിരിയോടെ മറ്റാരും കാണാതിരിക്കാന്‍ രവി വേഗം ആ ചിത്രം മായ്ച്ചുകളഞ്ഞു.

മറിച്ചുചൊല്ലുന്നതിലെ രവിയുടെ അപാരവൈദഗ്ദ്ധ്യം കണ്ട്‌ അമ്പരന്ന ഇ. വി. ശ്രീധരന്‍, രവി മറിച്ചുചൊല്ലിയതില്‍ ഒരു വാക്കെടുത്തു രവിക്കു പേരിട്ടതില്‍ പിന്നെ വെറും രവി ഞങ്ങള്‍ക്ക്‌ "കൂഷന്‍ രവി" ആയി. താന്‍ പാട്ടെഴുതി സംവിധാനംചെയ്ത ഒരു നാടകത്തിന്റെ നോട്ടീസില്‍ "ഗാനരചന - കൂഷന്‍" എന്ന്‌ രവി എഴുതിപ്പിച്ചതോര്‍ക്കുന്നു. തമാശയൊന്നുമില്ലാത്ത ഒരു സംഭവം വിവരിക്കുകയാണെങ്കില്‍ പോലും മുഖഭാവംകൊണ്ട്‌ അതില്‍ തമാശ വരുത്താന്‍ രവിക്കു കഴിയും. ഒരിക്കല്‍ വടകരയില്‍ സന്ദര്‍ശനത്തിനെത്തിയ വലിയ ഒരു സാഹിത്യകാരനെ കാണാന്‍ മടപ്പള്ളിയില്‍നിന്ന്‌ ഒരു യുവകവി വടകരയ്ക്കു പോയ കഥ അത്തരത്തില്‍ ഒന്നാണ്‌. യുവകവി എത്തുമ്പോള്‍ വലിയ സാഹിത്യകാരന്‍ വിശാലമായ ഒരു ഒഴിഞ്ഞ മുറിയുടെ ഒത്ത നടുക്കിട്ട ഒരു ചാരുകസേലയില്‍ ഇരുന്നു വിശ്രമിക്കുകയായിരുന്നു. മുറിയില്‍ മറ്റു ഫര്‍ണിച്ചറോ വേറെ ആളുകളോ ഇല്ല. തുറന്നിട്ട വാതില്‍ക്കല്‍ നിന്ന്‌ യുവകവി, ചാരുകസേലയില്‍ കഠോരഭാവത്തില്‍ ഒന്നും മിണ്ടാതെ ഇരിക്കുന്ന വലിയ സാഹിത്യകാരനെ നോക്കി കുറെ നേരം നിന്നു. എന്നിട്ട്‌ ഒന്നും മിണ്ടാതെ തിരിച്ചുവന്നു. നാട്ടിലെത്തിയ യുവകവിയോട്‌, "--നെ കണ്ടിട്ട്‌ എന്തായി" എന്ന്‌ രവി തിരക്കി. അതിന്‌ ഇതായിരുന്നു യുവകവിയുടെ മറുപടി, "വിവരംകൊണ്ട്‌ അങ്ങോട്ട്‌ അടുത്തുകൂടാ!" എന്ന്‌. ഈ ഒരു സംഭവം വിവരിക്കുമ്പോള്‍ രവിയുടെ മുഖത്തു പരന്ന ചിരി ഒരിക്കലും ഞാന്‍ മറക്കുകയില്ല.
ഒരു ഒഴിവുദിവസം ഒഞ്ചിയത്തെ എം. കെ. കണ്ണന്‍ സ്മാരകവായനശാലയിലെ ഒഴിഞ്ഞ മേശയ്ക്കു മുന്നിലിരുന്ന്‌ ഫൂള്‍സ്കാപ്പ്‌ കടലാസുകള്‍ കുത്തനെ കീറിയത്‌ അട്ടിവെച്ച്‌ കുനുകുനാ എഴുതുന്ന നിലയിലാണ്‌ ആദ്യമായി ഞാന്‍ രവിയെ കാണുന്നത്‌. വലിപ്പം വെച്ചുനോക്കിയാല്‍ അത്‌ ഒരു നോവലായിരുന്നിരിക്കണം. പത്രങ്ങളിലേക്ക്‌ രചനകള്‍ അയക്കുന്നത്‌ ഇങ്ങനെ നെടുകെ കീറിയ കടലാസില്‍ വേണമെന്ന്‌ കേട്ടിരുന്നു. കമ്പോസിറ്റര്‍ക്ക്‌ ഇടംകൈ കൊണ്ട്‌ പിടിക്കാന്‍ അതാണത്രേ സൌകര്യം. ഇത്തരം കടലാസുകെട്ടുകളില്‍ രവി ഒന്നോ രണ്ടോ നോവലുകള്‍ എഴുതിക്കാണും. അതിനിടയില്‍ രവി ചന്ദ്രിക, ദേശാഭിമാനി, കഥ എന്നീ പ്രസിദ്ധീകരണങ്ങളില്‍ അനേകം കഥകളും കവിതകളും എഴുതുന്നുണ്ടായിരുന്നു. അക്കാലത്ത്‌ വാരികകളില്‍ എന്തെങ്കിലും പ്രസിദ്ധീകരിച്ചു കിട്ടാന്‍ വലിയ പ്രയാസമായിരുന്നു. തുടക്കക്കാര്‍ക്ക്‌ ധൈര്യമായി രചനകള്‍ അയക്കാന്‍ ഒരു വാരിക മാത്രമേ ഉണ്ടായിരു ന്നുള്ളൂ, കണ്ണൂരില്‍നിന്നു പി. വി. കെ. നെടുങ്ങാടിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ദേശമിത്രം ആഴ്ചപ്പതിപ്പ്‌. ദേശാഭിമാനി പത്രാധിപരായിരുന്ന എം. എന്‍. കുറുപ്പിനെ യുവകവി മടപ്പള്ളി സത്യാനന്ദന്‍ പരിചയപ്പെടുത്തിത്തന്നതുകൊണ്ട്‌ എനിക്കും ചിലതൊക്കെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. ആയിടയ്ക്ക്‌ എസ്‌. ജയചന്ദ്രന്‍ നായരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരണം തുടങ്ങിയ കലാകൌമുദിയില്‍ മാത്രം ശുപാര്‍ശ വേണ്ട, രചനകള്‍ ഗുണം നോക്കി അവര്‍ പ്രസിദ്ധീകരിക്കും. രവി അന്ന്‌ മാതൃഭൂമി ആഴചപ്പതിപ്പ്‌ ഒഴികെ മറ്റെല്ലാ വാരികകളിലും എഴുതിയിരുന്നു എന്നാണ്‌ ഓര്‍മ്മ.

തീവ്രദുഃഖത്തിന്റെ ചായക്കൂട്ട്‌

ഇന്നെന്നപോലെ അന്നും എഴുത്ത്‌, സാഹിത്യം എന്നൊക്കെ പറഞ്ഞാല്‍ പ്രായോഗികബുദ്ധി ഒട്ടുമില്ലാത്ത ഭോഷന്മാരുടെ കായികവിനോദം മാത്രമായിരുന്നു. എഴുത്തിന്റെ പേരില്‍ ഒരാളില്‍നിന്നും നല്ല വാക്കു കിട്ടുകയില്ല. എങ്ങാനും എഴുതിപ്പോയെങ്കില്‍ കടുത്ത ശത്രുതയല്ലാതെ പ്രോത്സാഹനത്തിന്റെ തരിമ്പുപോലും പ്രതീക്ഷിക്കുകയും വേണ്ട. എഴുതിത്തുടങ്ങിയ കാലത്ത്‌ ആരും തന്നെ പ്രോത്സാഹിപ്പിക്കാനുണ്ടായിരുന്നില്ല എന്ന്‌ പള്ളിക്കര വി. പി. മുഹമ്മദ്‌ ഖേദത്തോടെ ഓര്‍മ്മിക്കുമായിരുന്നു. അതുകൊണ്ട്‌ ചെറുപ്പക്കാരെ പ്രശംസിക്കുന്നതില്‍ അദ്ദേഹം ഒരിക്കലും പിശുക്കു കാട്ടിയില്ല, പള്ളിക്കരയുടെ പ്രശംസ ചിലപ്പോള്‍ അതിരുകടന്നേക്കാം എന്ന ഒരു കുഴപ്പമുണ്ടെങ്കിലും. രവിയുടെ നോവല്‍ വിജയന്റെയും മുകുന്ദന്റെയും കാക്കനാടന്റെയും നോവലുകളെക്കാള്‍ എത്രയോ മേലെയാണെന്ന്‌ പള്ളിക്കര പറയുമായിരുന്നു. തന്റെ പ്രോത്സാഹനം അദ്ദേഹം വെറുംവാക്കില്‍ ഒതുക്കിയില്ല. രവിയുടെ പ്രസിദ്ധീകരിച്ച ഏകനോവല്‍, സ്വദേശത്തേക്കു വീണ്ടും എന്‍. ബി. എസ്സിനെക്കൊണ്ട്‌ പ്രസിദ്ധീകരിപ്പിക്കാന്‍ അദ്ദേഹം രവിയെ സഹായിച്ചു. എന്നിട്ടുപോലും 70 - 71 കാലത്ത്‌ എഴുതിത്തീര്‍ത്ത ആ നോവല്‍ 1977ലേ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞുള്ളൂ. പ്രസിദ്ധീകരണത്തിനു ശേഷം ആരുടെയും ശ്രദ്ധയില്‍പെടാതെ, ഒരു റിവ്യൂ പോലും വരാതെ അത്‌ എങ്ങോ മറഞ്ഞുപോയി.

രവി എഴുതിയ "ആസ്ഥാനകവി," "അതിജീവിച്ച മനുഷ്യന്‍," "തിരിച്ചുപോകുന്നവര്‍" എന്നീ കഥകളും "ആത്മഗതം" എന്ന കവിതയും സ്വദേശത്തേക്കു വീണ്ടും എന്ന നോവലും എനിക്കു ഈയിടെ കണ്ടെത്താന്‍ കഴിഞ്ഞു. മറ്റെല്ലാ രചനകളും നഷ്ടപ്പെട്ടു. കഥമാസികയില്‍ വന്ന രവിയുടെ ഒരു കഥ, അതിലെ ദേവന്‍ എന്ന കഥാപാത്രം കാരണം ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു. തന്റെ കാമുകിയെ കെമിസ്ട്രി ലാബില്‍ വെച്ച്‌ ചുംബിക്കുകയും അവള്‍ക്കു വായിക്കാനായി കോളേജ്‌ മാഗസിനില്‍ "പ്രവാചകന്റെ മരണം" എന്ന ലേഖനം -- രവിയുടെ ഭാവന നോക്കണേ, കാമുകി വായിക്കാന്‍ എഴുതുന്നത്‌ കാല്‍പനികം മെഴുകിയ ഗാനമോ കവിതയോ കഥയോ അല്ല, ഒരു ലേഖനം! -- എഴുതുകയും ചെയ്ത ഒരു വിദ്യാര്‍ത്ഥിയാണ്‌ ഈ ദേവന്‍. ഈ കഥ കാണിച്ചുതന്നിട്ട്‌ രവി എന്നോടു പറഞ്ഞു, "ഇതിലെ ദേവന്‍ നീയാണ്‌" എന്ന്‌! 1972-ലെ മടപ്പള്ളി കോളേജ്‌ മാഗസിനില്‍ ഞാന്‍ "പ്രവാചകന്റെ മരണം" എന്ന ലേഖനം എഴുതിയത്‌ സത്യമാണെങ്കിലും ഒരു പ്രണയിനി എനിക്ക്‌ ഉണ്ടായിരുന്നില്ല.

രവിയുടെ "ആത്മഗതം" ചെറിയ കവിതയായതുകൊണ്ട്‌ മുഴുവനായും താഴെ ചേര്‍ക്കാം:

ആത്മഗതം

ഒരു മാന്തളിര്‍ച്ചോപ്പി
ലുറങ്ങും സ്വപ്നത്തിനാ;
യൊരു, പൂവിതള്‍ച്ചുണ്ടി
ലുലയും ദുഃഖത്തിനാ;
യെന്റെ നെഞ്ചിലെ-
പ്പക്ഷി,
യുറങ്ങാതെന്നും,
തീവ്ര-
ദാഹമാ-
യിളം തൂവലുയര്‍ത്തി
കുതിക്കുവാ;
നറിയാതൊരു തുള്ളി
വേദനനുണഞ്ഞുകൊ-
ണ്ടോര്‍മ്മ വിട്ടുണര്‍
ന്നെങ്ങോ മായുവാന്‍;
കൊതിയ്ക്കുന്നൂ...
(എന്റെ നെഞ്ചിലെപ്പക്ഷി;
പേരില്ല;
നിറ
മിളം ചുവപ്പാ;
ണെന്നും പാടും
സ്വപ്നസിന്ധുവെപ്പറ്റി)
പാത
യുണ്ടെന്റെ മുന്നി;
ലുണ്ടെന്റെ പിന്നില്‍,
ക്കുളിര്‍ മഞ്ഞല
വളരുന്ന ഭൂതമാ,
യലയുന്നൂ...
പക്ഷീ
യെന്റെ നെഞ്ചിലെപ്പക്ഷീ,
പേരില്ലാപ്പക്ഷീ
നിന്റെ ഗാനത്തില്‍ ലയിച്ചു ഞാ-
നിവിടെ-
യിപ്പാതയില്‍
തളര്‍ന്നു വീഴും....
പക്ഷീ പറക്കാന്‍ കൊതിപൂണ്ടു
പാടൊല്ല; യെനിക്കെന്റെ
പാത
യുണ്ടകലുവാന്‍....
അസ്ഥിതന്നഴിക്കൂട്ടി-
ലെന്റെ
യാത്ര തന്‍ പാദ
പതനം ശ്രവി-
ച്ചെന്നുമുണര്‍ന്നേ
നില്‍ക്കാവൂ നീ....

തീവ്രദുഃഖത്തിന്റെ ചായക്കൂട്ടുകൊണ്ടു വരച്ച കാല്പനികചിത്രമാണ്‌ ഈ വരികളില്‍. ദുഃഖസാന്ദ്രമായ ഈ സംബോധനകള്‍ കീറ്റ്സിന്റെ കവിതകളെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ കവിയുടെ വിളിപ്പുറത്തെ "ആത്മഗത"ത്തിലെ പക്ഷി, സന്ധ്യയ്ക്ക്‌ ഇരുണ്ട വള്ളിക്കുടിലിനകത്ത്‌ സുഗന്ധങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയോ ചുവന്ന ആകാശങ്ങളില്‍ കറുത്തപൊട്ടായി പാറിനടക്കുകയോ അല്ല. അസ്ഥികള്‍കൊണ്ട്‌ നിര്‍മ്മിച്ച കൂട്ടിനകത്ത്‌ ആ പേരില്ലാപ്പറവ ചിറകടിക്കുകയാണ്‌. കവിയുടെ നെഞ്ചിന്‍ കൂട്ടിലിരുന്ന്‌ ചിറകടിക്കുന്ന പക്ഷി സ്വപ്നസിന്ധുവെക്കുറിച്ചു പാടിക്കൊണ്ടിരിക്കുന്നു. കവിയുടെ വ്യക്തിത്വം പരസ്പരം സംവദിച്ചുകൊണ്ടിരിക്കുന്ന രണ്ടു തലങ്ങളായി വേറിടുന്നതു പോലെ. ലക്ഷ്യമില്ലാത്ത ഒരു ദീര്‍ഘയാത്രയിലാണ്‌ കവി. മുന്നിലും പിന്നിലും വഴികള്‍. ഭൂതമായി അലയുന്ന മഞ്ഞല. യാത്ര ചെയ്തുകൊണ്ട്‌, യാത്രയ്ക്കിടയില്‍ അവസാനിപ്പിക്കേണ്ടിവരുന്ന ജീവിതം.

ലക്ഷ്യമില്ലാത്ത ജീവിതത്തിന്റെ പാരവശ്യം രവിയ്ക്ക്‌ എന്നും പ്രിയങ്കരമായിരുന്നു. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു നാടകഗാനത്തില്‍ രവി,
സാഗരമെന്നുമെന്നും വിതുമ്പീ
നോവിന്നലകളാലേ
എന്നും,
ദുഃഖത്തിന്‍ മൌനഗാനം
ഉള്ളിലൊതുക്കി
എത്രയേകാന്തപാന്ഥരീ
മണ്ണില്‍ തളര്‍ന്നു വീണു
എന്നും എഴുതിയത്‌ ഇപ്പോഴും ഞാന്‍ ഓര്‍മ്മിക്കുന്നു. അനന്തവും ലക്ഷ്യരഹിതവുമായ യാത്രയ്ക്കിടയില്‍ കൊഴിഞ്ഞു വീഴുന്ന ജീവിതങ്ങളില്‍ ഒന്നാണ്‌ തന്റേതും എന്ന്‌ രവി സങ്കല്പിച്ചിരുന്നു. പഴയ രചനകള്‍ ഒന്നും രവി സൂക്ഷിച്ചുവെച്ചിട്ടില്ല. ഈ പഴയ സൃഷ്ടികള്‍ വായിക്കുമ്പോള്‍ ഇവയില്‍ കാലികപ്രസക്തിയൊന്നും കണ്ടെത്താന്‍ കഴിയുകയില്ല. "ആസ്ഥാനകവി" എന്ന കഥയില്‍ കാഫ്കയുടെ ശക്തമായ സ്വാധീനം കാണുന്നു. രാജകൊട്ടാരത്തില്‍ ആസ്ഥാനകവിയുടെ ഒഴിവുണ്ടെന്നറിഞ്ഞ്‌ ആ സ്ഥാനത്തിനായി രാജാവിനെ കാണാനെത്തുന്ന ഒരു യുവകവിയുടെ കഥയാണത്‌. കാഫ്കയുടെ കോട്ടപോലെ ദൂരത്തുനിന്നു കാണാവുന്ന ഒരു കുന്നിന്മേലാണ്‌ രാജകൊട്ടാരം. നാട്ടില്‍ രാജഭരണമാണെങ്കിലും തീവണ്ടി, പാശ്ചാത്യവേഷം തുടങ്ങിയ പരിഷ്കാരങ്ങള്‍ എത്തിക്കഴിഞ്ഞിരുന്നു. രാജാവിനെ കാണാന്‍ വരുന്നവരെ നിരീക്ഷിക്കാന്‍ ബസ്‌ സ്റ്റോപ്പിലും തെരുവിലുമായി ഒരു ചാരന്‍ ചുറ്റിക്കറങ്ങുന്നു. അവന്റെ തൊഴില്‍പ്പേര്‌ പക്ഷെ സി. ഐ. ഡി. എന്നാണ്‌. പരിചയമില്ലാത്ത സ്ഥലത്ത്‌ വണ്ടിയിറങ്ങിയ കവി ആദ്യം സി. ഐ. ഡിയെയും പിന്നെ കൊട്ടാരത്തിലെ അരിവെപ്പുകാരനായ ഗോപാലനെയും കണ്ടുമുട്ടുന്നു. കവിയോട്‌ സി. ഐ. ഡി തിരിച്ചു പോകാന്‍ പറയുന്നു. കാരണം കൊട്ടാരത്തില്‍ കവികളുടെ ആവശ്യമില്ല. ഇപ്പോള്‍തന്നെ കൊട്ടാരത്തില്‍ വേണ്ടതിലധികമായ കവികളെക്കൊണ്ട്‌ ബഹളമാണ്‌. പക്ഷെ തിരിച്ചുപോകാന്‍ വന്നവനായിരുന്നില്ല കവി. അയാള്‍ നടത്തം തുടര്‍ന്നു. സന്ധ്യയ്ക്ക്‌ കുന്നിന്റെ ഉച്ചിയില്‍ രാജകൊട്ടാരം കറുത്ത നിഴലായി രൂപാന്തരപ്പെട്ടു. അയാള്‍ കുന്നുകയറാന്‍ തുടങ്ങുമ്പോള്‍ ഇരുട്ടിലൂടെ രണ്ടു പേര്‍ മുന്നോട്ടു കടന്നുവരുന്നു. അത്‌ സി. ഐ. ഡിയും ഗോപാലനുമായിരുന്നു. "പോയില്ലേ, എന്നാല്‍ വരൂ പോകാം" എന്ന്‌ ശാന്തസ്വരത്തില്‍ പറഞ്ഞ്‌ അവര്‍ കവിയെ കൂട്ടിക്കൊണ്ടു പോകുന്നു. കവി കാണാതെ അവര്‍ ഇരുട്ടില്‍ എന്തോ ആംഗ്യം കാട്ടി. അനന്തരം ഇരുട്ടില്‍ പിസ്റ്റള്‍ ശബ്ദിച്ചു. കമിഴ്ന്നടിച്ചു വീണു ഞരങ്ങുന്നതിനിടയില്‍ കവി മന്ത്രിച്ചു: "ഇതെനിക്കറിയാമായിരുന്നു... ഇതെനിക്കറിയാമായിരുന്നു..." ജീവിതം നിരര്‍ത്ഥകമാണെന്നതുപോലെ മരണവും നിരര്‍ത്ഥകമാവുന്ന ഒരു ആധുനികസന്ദര്‍ഭം. കാഫ്കയുടെ വിചാരണയിലെ ജോസഫ്‌ കെ. കുത്തേറ്റു കാഴ്ച മങ്ങി മരിക്കുമ്പോള്‍ "ഒരു പട്ടിയെപ്പോലെ!" എന്നു പറഞ്ഞതുമായി കവിയുടെ മരണത്തിനു വിദൂരച്ഛായ കാണാം. കവിയോട്‌ അനുഭാവം തോന്നും മട്ടിലാണ്‍്‌ രവി കഥ പറയുന്നതെങ്കിലും കവിശല്യം കൊണ്ടു ബുദ്ധിമുട്ടുന്ന രാജകൊട്ടാരത്തിലേക്ക്‌ പുതിയൊരു കവി കൂടി കവിതപ്പണിക്കുവന്ന്‌ ഒഴിയാബാധയായി തിരിഞ്ഞുകളിക്കുമ്പോള്‍ അവനെ ഒഴിവാക്കാന്‍ വേറെന്തു വഴി എന്നു വായനക്കാര്‍ ആലോചിച്ചുകൂടായ്കയില്ല.

ശാന്തമായ പക്വത

"അതിജീവിച്ച മനുഷ്യന്‍," രോഗപീഡയുടെയും ദാരിദ്ര്യത്തിന്റെ യും ആത്മഹത്യയുടെയും കൂട്ടത്തില്‍ അവിശ്വസ്തതയുടെയും സങ്കരകഥയാണ്‌. അതിഭാവുകത്വത്തിലേക്കു വഴുതാവുന്ന പ്രമേയമായിട്ടും കറുത്തിരുണ്ട അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ രവി അതിനെ ഒരു ഭീകരകഥയാക്കിയിരിക്കുന്നു. ന്യൂമോണിയ പിടിച്ച്‌ അവശനായി കടലില്‍ പോകാന്‍ വയ്യാതിരിക്കുന്ന കുഞ്ഞാണ്ടിയുടെ അവശസ്വരമാണ്‌ കഥയ്ക്കും. കടലിനു തൊട്ടടുത്തു താമസിക്കുന്ന കുഞ്ഞാണ്ടിയുടെ കുടിലിനടുത്തേക്ക്‌ നീങ്ങുന്ന കടലിനെ, ഇഴഞ്ഞുനീങ്ങുന്ന കഴുകനോട്‌ രവി ഉപമിക്കുന്നു. തന്നെയും തന്റെ കുഞ്ഞുങ്ങളെയും വിഴുങ്ങാന്‍ രോമംകൊഴിഞ്ഞ കഴുത്തുമായി മുന്നോട്ടിഴഞ്ഞുവരുന്ന കടലിന്റെ ദൃശ്യം പലവട്ടം കുഞ്ഞാണ്ടി കുടിലിന്റെ ഓലപ്പഴുതുകള്‍ക്കിടയിലൂടെ കണ്ടു. കുഞ്ഞാണ്ടിയുടെ രോഗത്തെയും ദാരിദ്ര്യത്തെയും പട്ടിണിയെയും പരിഹസിച്ചുകൊണ്ട്‌ പണവുമായി അപരിചിതര്‍ നിഴലുകളായി അവന്റെ ഭാര്യയെ സന്ധിക്കാനെത്തുന്നു. എഴുന്നേറ്റുനില്ക്കാന്‍പോലും കെല്പില്ലാത്ത ആ ദുര്‍ബലശരീരത്തില്‍ ചിലപ്പോള്‍ ഉഗ്രമായ ശക്തി ആവേശിച്ചെന്നുവരും. അടഞ്ഞുകിടക്കുന്ന പ്രതികാരവാഞ്ഛ അവന്റെ മെല്ലിച്ച ശരീരത്തെ വിറപ്പിക്കുന്നു. ജീവിക്കാന്‍ പണമില്ല, അദ്ധ്വാനിക്കാന്‍ ആരോഗ്യമില്ല - ഇങ്ങനെയൊക്കെയിരിക്കുന്ന ആ ക്ഷീണിതശരീരം പ്രതികാരബുദ്ധികൊണ്ട്‌ വിറക്കാന്‍ കാരണം അവന്റെ ഭാര്യയുടെ അവിശ്വസ്തതയാണ്‌. താന്‍ തുടരെ പട്ടിണിക്കിട്ടാല്‍ പോലും ഭാര്യ ചാരിത്രശുദ്ധിയോടെ അടങ്ങിക്കഴിയണമെന്ന ആദര്‍ശം രവിയും അംഗീകരിക്കുന്നു. സ്ത്രീകള്‍ക്ക്‌ വലിയ സ്ഥാനമില്ലാത്ത ലോകമാണ്‌ രവിയുടേത്‌. കൈയെത്തിപ്പിടിക്കാന്‍ വയ്യാത്തത്ര ദൂരെ, അങ്ങോട്ടു നോക്കുന്നവരെ കൊതിപ്പിച്ചു കൊണ്ടു നില്ക്കു കാമസാദ്ധ്യതകള്‍ മാത്രമാണ്‌ രവിയുടെ രചനകളിലെ സ്ത്രീകള്‍. രവിയുടെ നോവലിലെ നായകകഥാപാത്രം താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയോട്‌, "പെണ്ണുങ്ങളെപ്പോലെ ബുദ്ധിയുള്ളവരാരുണ്ട്‌" എന്നും പറഞ്ഞ്‌ തമാശയോടെ അവളുടെ കവിളില്‍ നുള്ളി നോവിക്കുന്നു(38). ഒരു കുടുംബത്തെ പോറ്റേണ്ട ബാദ്ധ്യതയുമായി ബുദ്ധിമുട്ടുന്നതിനിടയില്‍ തന്നോട്‌ അല്പം അനുഭാവം കാണിച്ചു എന്ന കുറ്റം മാത്രംചെയ്ത ആ പെണ്‍കുട്ടിയോട്‌ അവന്‍ ഒരിക്കലും ഇങ്ങനെ ഒരു തമാശ പറയരുതായിരുന്നു. എന്നിരിക്കിലും എന്തു കാര്യത്തിലായിരിക്കും പെണ്ണുങ്ങള്‍ ശ്രീധരന്‍ അതിശയിക്കുന്ന വിധത്തില്‍ "ബുദ്ധി" കാണിച്ചത്‌? അത്‌ ശാരീരികമായ നിലനില്പിന്റെയും അതിജീവനത്തിന്റെയും കാര്യത്തിലാവാനാണ്‌ വഴി. വാസ്തവത്തില്‍ ശ്രീധരനും ശാരീരികമായ നിലനില്പിന്റെയും അതിജീവനത്തിന്റെയും വഴികളാണ്‌ ആധിയോടെ തിരഞ്ഞുകൊണ്ടിരുന്നത്‌. ആധുനികതയുടെയും അതിനു തൊട്ടുപിറകെ വന്ന ചുവന്നദശകത്തിന്റെയും ഏകകാലസാധീനം ഈ കഥകളില്‍ നിഴലിക്കുന്നു.

എന്നാല്‍ ഇതിനെക്കാള്‍ ശ്രദ്ധേയമായ കാര്യം ഭാഷയില്‍ രവി അന്നേ പ്രദര്‍ശിപ്പിച്ച അസൂയാവഹമായ കൈയടക്കവും വൈദഗ്ദ്ധ്യവുമാണ്‌. അലങ്കാരരഹിതവും ലളിതവും യഥാതഥവുമായ ഭാഷ ഉപയോഗിച്ച്‌ ദുഃഖത്തിന്റെയും ലക്ഷ്യരാഹിത്യത്തിന്റെയും ഇരുണ്ട നിഴലുകള്‍ വരച്ചുചേര്‍ക്കാന്‍ രവിക്കു കഴിഞ്ഞു. ആധുനികതയിലെ പ്രമേയങ്ങള്‍ ആധുനികതയിലെ പതിവുവാക്കുകള്‍ ഉപയോഗിക്കാതെ അവതരിപ്പിച്ചതുകൊണ്ട്‌ രവിയുടെ എഴുത്തിന്‌ പ്രകടനസ്വഭാവം ഇല്ലായിരുന്നു. അസ്തിത്വദുഃഖമെന്നോ രുഗ്ണമെന്നോ സന്ത്രാസമെന്നോ ആര്‍ത്തവരക്തമെന്നോ ആധിയെന്നോ നിരര്‍ത്ഥകതയെന്നോ ജനിമൃതിയെന്നോ ജനിതകപരമ്പരയെന്നോ എല്‍. എസ്‌. ഡി., ചരസ്‌, ഭാംഗ്‌, കഞ്ചാവുകളെന്നോ രവി കഥകളില്‍ എഴുതുകയില്ല. വാക്കുകളുടെ തെരഞ്ഞെടുപ്പിലും കൂട്ടിച്ചേര്‍പ്പിലും കര്‍ക്കശമായ മിതത്വവും ഒതുക്കവും ദൃശ്യമാണ്‌. എല്ലാം യഥാതഥശൈലിയിലുമാണ്‌. ഇയാള്‍ എഴുതുന്നത്‌ ഇയാള്‍ക്ക്‌ ബോദ്ധ്യമായ കാര്യങ്ങള്‍ മാത്രമാണെന്ന്‌ ആര്‍ക്കും തോന്നും. രതിയെക്കുറിച്ച്‌ തുറന്നെഴുതി വായനക്കാരെ ഞെട്ടിക്കാനും രവി മുതിര്‍ന്നില്ല. എന്നാല്‍ രതിയെ സ്പര്‍ശിക്കാതിരുന്നിട്ടുമില്ല. രവിയുടെ എല്ലാ രചനകളിലും ശാന്തമായ ഒരു പക്വത കാണാമായിരുന്നു.

ആധുനികപ്രമേയങ്ങള്‍ കൈകാര്യംചെയ്ത അന്നത്തെ വലിയ എഴുത്തുകാര്‍, ആത്മാര്‍ത്ഥതയില്ലാത്തവരായിരുന്നു എന്ന വിമര്‍ശനം അക്കാലത്ത്‌ ഉയര്‍ന്നിരുന്നു. വലിയ നഗരങ്ങളിലെ സുഖജീവിതം നയിച്ചുകൊണ്ട്‌ ഈ എഴുത്തുകാര്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ ജീവിച്ച ചെറുപ്പക്കാരെ നിസ്സഹായരും ജീവിതവിമുഖരും ആക്കിമാറ്റുകയാണ്‌ എന്നു മനസ്സിലാക്കിയവര്‍ ഏറെയായിരുന്നു. മദ്യം തൊടാത്ത, കഞ്ചാവു വലിക്കാത്ത, മയക്കുമരുന്നുകള്‍ ഉപയോഗിക്കാത്ത, വൃത്തിയായി വേഷം ധരിക്കുന്ന, ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ആധുനികര്‍ ഇതിനെല്ലാം നേര്‍വിപരീതമായി അരാജകജീവിതം നയിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും തങ്ങള്‍ ജീവിച്ച മഹാനഗരങ്ങളുടെ ആധികാരികതയോടെ ആരാധനാപാത്രങ്ങള്‍ എന്ന കള്ളനാട്യത്തില്‍ കേരളത്തിലെ ഗ്രാമീണര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. നോവലുകളാണ്‌ മാതൃകാജീവിതം എന്നു തെറ്റിദ്ധരിച്ചു ജീവിതം തുലച്ച ചെറുപ്പക്കാര്‍ ഏറെയുണ്ട്‌ എന്നു കേള്‍ക്കുന്നു. നേരിട്ടുപോയി എല്ലാം സത്യമോ എന്ന്‌ അന്വേഷിച്ചു നോക്കിയിട്ടില്ല. എന്നാല്‍ രവി ആ കൂട്ടത്തില്‍ ഉള്‍പ്പെടുകയില്ല. രവിക്ക്‌ രവിയുടേതായ പ്രശ്നങ്ങള്‍ വേറെ ഉണ്ടായിരുന്നു. പോരാത്തതിന്‌ മുകുന്ദനോ കാക്കനാടനോ വിജയനോ രവിയെ സ്വാധീനിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അവരെക്കാള്‍ എത്രയോ മേലെയാണ്‌ താനെന്ന്‌ രവിക്ക്‌ അറിയാം. വലിയൊരാള്‍ ചെറിയ ആളുകളുടെ സ്വാധീനത്തില്‍ വീഴുകയില്ല. ആധുനികരുടെ സ്വാധീനംകൊണ്ടല്ലെങ്കിലും തന്റെ രചനകള്‍ക്ക്‌ സ്വന്തം ജീവിതംകൊണ്ട്‌ രവി അടിവരയിടുകയായിരുന്നു. ഈ അര്‍ത്ഥത്തില്‍ ആധുനികരില്‍ ആര്‍ക്കുമുണ്ടായിട്ടില്ലാത്ത ആത്മാര്‍ത്ഥത രവി തന്റെ രചനകളില്‍ കാണിച്ചു എന്നു പറയാം. ഭാഷയില്‍ രവിക്കുണ്ടായിരുന്ന കൈയടക്കം അയാളുടെ ആത്മാര്‍ത്ഥതയുടെ അന്തിമഫലവും മൂലകാരണവുമായിരുന്നു.

നോവലിലെ ലോകം

ഉണ്ടായിരുന്ന ചെറിയൊരു തൊഴില്‍ നഷ്ടപ്പെട്ട്‌ ബോംബെയിലേക്കു വണ്ടി കയറുന്ന ശ്രീധരന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ്‌ സ്വദേശത്തേക്കു വീണ്ടും. കുറെക്കാലം ബോംബെയില്‍ റെയില്‍വെജോലി ചെയ്തിരുന്ന രവിക്ക്‌ അറിയാവുന്ന നഗരത്തിലെ ജീവിതമാണെങ്കിലും നോവലില്‍ പറഞ്ഞ സംഭവങ്ങള്‍ ഒന്നും രവി സ്വന്തം അനുഭവങ്ങളില്‍നിന്ന്‌ എടുത്തതല്ല. എങ്കിലും രവിക്ക്‌ ഏറെ പ്രിയങ്കരമായിരുന്നു ഈ നോവലും അതിന്റെ രചനയും. അതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ പോലും രവിക്ക്‌ പ്രിയപ്പെട്ടവയായിരുന്നു. അക്കാലത്ത്‌ രവിയുടെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഇ. വി. ശ്രീധരനായിരുന്നു. എന്നാല്‍ ശ്രീധരനുമായി കഥയിലെ ശ്രീധരന്‌ ഒരു സാദൃശ്യവും ഇല്ല. കഥയില്‍ ഒരിക്കല്‍ മാത്രം റോഡിലൂടെ നടന്നു മറയുന്ന കവികൂടിയായ മാഹി കോളേജ്‌ ലക്ചറര്‍ മോഹന്‍ദാസ്‌ നിരൂപകനും ഇപ്പോള്‍ മാഹി കോളേജിലെ പ്രിന്‍സിപ്പലായി വിരമിച്ച കെ. പി. മോഹനന്‍മാഷാണെന്ന്‌ ഞങ്ങള്‍ വിചാരിച്ചു. ബോംബേയില്‍വെച്ച്‌ ശ്രീധരനെ പരിചയപ്പെടുന്ന കവി എടത്തട്ടയുടെ പേര്‌, പേരു മാത്രം, എടത്തട്ട നാരായണനില്‍നിന്നു വന്നുചേര്‍ന്നതാവാം.

ഈ നോവലിലെ ഏറ്റവും സാന്ദ്രമായ രംഗം അച്ഛന്‍ മരിച്ചു കുറച്ചു ദിവസങ്ങള്‍ക്കുശേഷം ശ്രീധരന്‍ ബോംബെയ്ക്കു വണ്ടി കയറുന്ന ഭാഗമാണ്‌:
"രാത്രി അവന്‍ വാതില്‍ അടച്ചു പൂട്ടി. വിളക്കണച്ചു ചുമരില്‍ത്തന്നെ തൂക്കി. ഇറങ്ങി നടന്നു. നനഞ്ഞ രാത്രിയായിരുന്നു അത്‌. അവിടവിടെ നിലാവിന്റെ കീറുകള്‍ തെളിഞ്ഞു കാണാമായിരുന്നു. തെങ്ങോലകളുടെ നിഴലുകള്‍ അവയെ മായ്ക്കാന്‍ ശ്രമിച്ചു. ചെളി കെട്ടിക്കിടക്കുന്ന ഇരുണ്ട പാടങ്ങളിലൂടെ അകന്നകന്നു പോകവെ എവിടെനിന്നോ കുട്ടികള്‍ ആര്‍ത്തു ചിരിക്കുന്നത്‌ അവന്‍ കേട്ടു. ഒരിക്കല്‍ എവിടെയോവെച്ച്‌ അവന്‍ ആ ചിരിയെക്കുറിച്ച്‌ ഓര്‍ത്തിരുന്നു(40)."

"അകന്നകന്നു പോകുന്ന നിലാവുവീണ വയല്‍വരമ്പുകള്‍ നോക്കി" ശ്രീധരന്‍ വണ്ടിയില്‍ അങ്ങനെ ഇരിക്കുന്നതും "താഴുകയും ഉയരുകയും ചെയ്യുന്ന വണ്ടിയുടെ നിലയ്ക്കാത്ത താളത്തില്‍ ലയിച്ചുകൊണ്ട്‌ എവിടെയൊക്കെയോ സഞ്ചരി" ക്കുന്നതും(41) അങ്ങനെ ദുഃഖിക്കുന്നതും ഏകാകിതയുടെ വ്യാകുലമായ ഒരു പരാവര്‍ത്തനമാണ്‌. നിലാവിന്റെ ആഴത്തില്‍നിന്ന്‌ ഉയരുന്ന നിലവിളിയാണ്‌ ഈ വരികള്‍. നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവനതു സാധിക്കുന്നില്ല. ഒടുവില്‍ മരണമെന്ന സ്വദേശത്തേക്ക്‌ തിരിച്ചുപോകേണ്ടിവന്നു. വിശദാംശങ്ങളും സംഭവങ്ങളും കുറവായ ഈ നോവലിന്റെ തുടക്കം കുടുംബത്തിന്റെ പൂര്‍ണ്ണമായ ശൈഥില്യത്തില്‍നിന്നാണ്‌. കഥയുടെ ഒരു ഭാഗവും വീടുകള്‍ക്കകത്തുവെച്ചു നടക്കുന്നില്ല, മറിച്ച്‌ മുനിസിപ്പാലിറ്റി റോഡ്‌, ആശുപത്രി, ബസ്‌ സ്റ്റാന്‍ഡ്‌, തെരുവുകള്‍, തീവണ്ടി, റെയില്‍വേസ്റ്റേഷന്‍, ഹോട്ടല്‍ മുറികള്‍, അവിവാഹിതര്‍ താമസിക്കുന്ന ലോഡ്ജു കള്‍ എന്നിവിടങ്ങളിലാണ്‌. കഥയില്‍ ആകെ കടന്നുവരുന്ന ഒരേയൊരു കുടുംബം ശ്രീധരന്റെ കൂടെ ജോലിചെയ്യുന്ന ഉഷയുടെതാണ്‌. കുടുംബം നിലനിര്‍ത്താന്‍ പണം വേണം. തുച്ഛമായ വരുമാനംകൊണ്ട്‌ ജീവിക്കുന്ന ശ്രീധരന്‌ അതിനു കഴിയുന്നില്ല. അവന്റെ ജീവിതം എന്നും വീടിനു വെളിയിലായിരുന്നു. കുറച്ചായി ശ്രീധരന്റെ വീട്‌ അടഞ്ഞുകിടക്കുകയാണ്‌. രോഗിയായി ധര്‍മ്മാശുപത്രിയില്‍ മരണവും കാത്തുകിടക്കുകയാണ്‌ അവന്റെ അച്ഛന്‍. ആ കുടുംബത്തില്‍ അച്ഛനും മകനും മാത്രമാണ്‌. അമ്മ മുമ്പേ മരിച്ചുപോയിരുന്നു. സഹോദരങ്ങള്‍ ആരുമില്ല. മകന്‍ വൃദ്ധനായ അച്ഛനെ ശുശ്രൂഷിക്കുന്നുണ്ടെങ്കിലും അജ്ഞാതമായ കാരണങ്ങളാല്‍ അവരുടെ ബന്ധത്തില്‍ അയുക്തികമായ ഉദാസീനത കടന്നു വന്നിരുന്നു.

കാക്കനാടന്റെ സാക്ഷിയില്‍ സ്വന്തം അച്ഛനെക്കുറിച്ച്‌, "കിട്ടുക്കുറുപ്പ്‌ മരിച്ചു" എന്നു പറഞ്ഞ നാരായണന്‍കുട്ടിയെയോ, കാമുവിന്റെ അപരിചിതനില്‍ "അമ്മ മരിച്ചു, ഇന്നോ ഇന്നലെയോ" എന്നു സംശയിക്കുന്ന മെര്‍സോയെയോ ശ്രീധരന്‍ ഓര്‍മ്മിപ്പിക്കും. അമ്മ മരിച്ചാല്‍ ഒരുവനു സാധാരണമായി തോന്നുന്ന വികാരങ്ങള്‍ ഒന്നും തോന്നാത്ത കഥാപാത്രമാണ്‌ കാമുവിന്റെ മെര്‍സോ. അമ്മയുടെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ സ്ഥലത്തെത്തുന്നുണ്ടെങ്കിലും മൃതശരീരം കാണാന്‍ അയാള്‍ കൂട്ടാക്കുന്നില്ല. കാമുവിന്റെ നോവലിലെ നിര്‍വികാരത സത്യത്തോട്‌ പ്രതിബദ്ധമാണ്‌. നോവലിന്റെ 1955ലെ പതിപ്പിനു കാമു എഴുതിയ അനന്തരക്കുറിപ്പില്‍ താന്‍ ഒറ്റ വാക്യത്തിലെ ഒരു വിരോധാഭാസത്തില്‍ തന്റെ നോവലിനെ സംഗ്രഹിച്ച കാര്യം എഴുതുന്നു. "സ്വന്തം അമ്മയുടെ മരണത്തില്‍ കരയാത്ത ഒരുവനെ നമ്മുടെ സമൂഹം മരണശിക്ഷ വിധിക്കാനിടയുണ്ട്‌" എന്നതായിരുന്നു ആ സംഗ്രഹം. തന്റെ കഥയിലെ നായകന്‌ വധശിക്ഷ വിധിക്കുന്നത്‌ അയാള്‍ തന്റെ യഥാര്‍ത്ഥവികാരങ്ങള്‍ മറച്ചുവെയ്ക്കാന്‍ കൂട്ടാക്കാത്തതുകൊണ്ടാണെന്നും കാമു എഴുതുന്നു. അസത്യം പറയുന്നതു മാത്രമല്ല നുണ, ഉള്ള സത്യത്തെ കൂട്ടിപ്പറയുന്നതും നുണയാണ്‌. വികാരങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഇല്ലാത്ത വികാരങ്ങള്‍ ഉണ്ടെന്നു നടിക്കുന്നതും നുണയാവും. സത്യത്തോട്‌ ഇങ്ങനെയൊരു പ്രതിബദ്ധത കാമുവിന്റെ കഥാപാത്രത്തില്‍ കാണുന്നു. താന്‍ ഇന്നതാണെന്ന്‌ മെര്‍സോ സത്യമായി പറയുന്നു. സ്വന്തം വികാരങ്ങളെ അയാള്‍ മറച്ചുവെയ്ക്കുന്നില്ല. അയാളുടെ ഈ നിലപാട്‌ സമൂഹം ഒരു ഭീഷണിയായി കണക്കാക്കുന്നു.

കാമുവിന്റെ അമ്മയെ രവി അച്ഛനാക്കി, മെര്‍സോയെ ശ്രീധരനും എന്നു പറയാം. എന്നാല്‍ തന്റെ സ്വത്വത്തോടും വികാരങ്ങളോടും സത്യസന്ധനാവുക എന്ന ലക്ഷ്യം ശ്രീധരനില്ല. അവന്‍ കരയാത്തതോ ശവസംസ്കാരത്തില്‍ പങ്കെടുക്കാത്തതോ സമൂഹം ഗൌരവമായി എടുക്കുന്നുമില്ല. വികാരങ്ങളുടെ പ്രകടനം എവിടെയോ വഴിതടഞ്ഞുനില്ക്കുന്നപ്രതീതിയാണ്‌ ശ്രീധരന്റെ കഥയില്‍. പിതൃപുത്രബന്ധത്തില്‍ പ്രതീക്ഷിക്കാവുന്ന അടുപ്പം പാടേ ഇല്ലാതായിരിക്കുന്നു. രോഗം കൂടി അച്ഛന്‍ മരിച്ചിട്ടും ശ്രീധരന്‌ ദുഃഖം തോന്നുന്നില്ല. വിശേഷിച്ച്‌ ഒരു വികാരവും തോന്നുന്നില്ല, "ഒന്നു കരയാനാഗ്രഹിച്ചപ്പോള്‍ നേരിയ ചിരിയാണ്‌ വന്നത്‌ (29)." ആശുപത്രിയിലെ നേഴ്സുമാരും ഡോക്ടര്‍മാരും അവനെ വിചിത്രജീവിയെ എന്നപോലെ നോക്കുന്നു. ശവസംസ്കാരത്തിന്റെ ഏര്‍പ്പാടുകളെല്ലാം നാട്ടുകാര്‍ ചെയ്യുന്നു. ദഹിപ്പിക്കാന്‍ നേരം അച്ഛനെ കാണുന്നില്ലേ എന്നു നാട്ടുകാരന്‍ ചോദിക്കുമ്പോള്‍ ചിരിച്ചുകൊണ്ട്‌ "സെലാമുണ്ട്‌ ഞാനില്ല" എന്നു പറയുകയാണ്‌ ശ്രീധരന്‍. എന്നാല്‍ നാട്ടുകാര്‍ ശ്രീധരന്റെ വിചിത്രമായ ഈ പെരുമാറ്റത്തില്‍ അസാധാരണമായി ഒന്നും കാണുന്നില്ല. അവര്‍ മുന്‍കൈയെടുത്ത്‌ മാവു മുറിക്കുന്നു, ശവമെടുത്തുകൊണ്ടുപോയി ദഹിപ്പിക്കുന്നു. ഈ സമയമെല്ലാം ശ്രീധരന്‍ അകത്ത്‌ വെറുതെയിരിക്കുകയും.
മകന്‌ അച്ഛനോടു ബഹുമാനം തോന്നിയാല്‍ മതി, സ്നേഹമോ ആശ്രിതത്വമോ വേണമെന്നില്ല എന്ന ആശയം നോവലിലുണ്ട്‌. ബഹുമാനവും അച്ഛന്റെ പ്രതാപം നിലവിലുള്ള കാലത്തോളം മതി. ആശുപത്രിയില്‍ വെച്ച്‌ അച്ഛന്‍ കാണ്‍കെ ഒരു ബീഡിയെടുത്തു കൊളുത്തി വലിക്കുമ്പോള്‍, "അച്ഛനെ ബഹുമാനിക്കേണ്ട കാലം കഴിഞ്ഞു" (11) എന്നാണ്‌ ശ്രീധരന്റെ വിചാരം. ഇത്തരമൊരു സ്നേഹശൂന്യതയില്‍ അവന്‍ എത്തിച്ചേരാന്‍ എന്താണു് കാരണമെന്ന്‌ കഥയില്‍ വിശദമാക്കുന്നില്ല. അത്‌ കഥയുടെ അജ്ഞാതമായ ഭൂതകാലത്തില്‍ മറഞ്ഞുപോയിരിക്കുന്നു. എന്നാല്‍ കഥയിലെ വക്താവ്‌ ശ്രീധരന്റെ ഉദാസീനത തിരിച്ചറിയാതിരിക്കുന്നില്ല. ആശുപത്രിയില്‍ കിടക്കുന്ന രോഗിയായ അച്ഛനെ വേണ്ടവിധം ശ്രദ്ധിക്കാത്തതില്‍ നേഴ്സ്‌ തങ്കമ്മ അവനെ ശാസിക്കുന്നു. "നിങ്ങള്‍ രോഗിയെക്കാള്‍ കഷ്ടമാണല്ലോ" എന്ന്‌ അവര്‍ ചോദിക്കുന്നു (11). കഥ പറയുന്ന യഥാതഥവക്താവ്‌ ശ്രീധരനെ നിരുപാധികം ന്യായീകരിക്കുന്നില്ല എന്നാണ്‌ ഇതിനര്‍ത്ഥം. അച്ഛന്‍ മരിച്ചതില്‍ ദുഃഖംതോന്നാത്തതെന്തുകൊണ്ടാണ്‌ എന്ന്‌ ഉഷ ചോദിച്ചപ്പോള്‍, "അച്ഛന്‍ മരിച്ചാല്‍ ആര്‍ക്കാണ്‌ ദുഃഖം തോന്നുക" എന്ന മറുചോദ്യമാണ്‌ അവന്റെ ഉത്തരം(32). ഇങ്ങനെയൊക്കെയാണെങ്കിലും, അവന്‍ "രാത്രിയായപ്പോള്‍ അച്ഛനെക്കുറിച്ച്‌ എന്തൊക്കെയോ അസംബന്ധങ്ങളോര്‍ത്തുകൊണ്ടാണ്‌ കിടന്നുറങ്ങിയത്‌. ഇടയ്ക്കിടെ അവന്‍ ഇരുട്ടില്‍ എഴുന്നേറ്റിരുന്നു. നേരം പുലര്‍ന്നപ്പോള്‍, മരിച്ചാലെന്തെന്നുതോന്നി(37)." തനിക്ക്‌ ഉള്ളുകൊണ്ട്‌ അടുപ്പമില്ലെങ്കിലും അച്ഛന്‍ മരിച്ച്‌ താന്‍ ഒറ്റയ്ക്കായ വീട്ടില്‍ രാത്രി അച്ഛനെക്കുറിച്ച്‌ അസംബന്ധങ്ങള്‍ ഓര്‍ത്തുകിടക്കുകയും ഇടയ്ക്കിടെ ഉറക്കം ഞെട്ടി ഇരുട്ടില്‍ എഴുനേറ്റിരിക്കുകയും ചെയ്യുന്ന ഇരുണ്ട ഈ ചിത്രം അവ്യാഖ്യേയമത്രെ.

അനുഭവങ്ങളോടുള്ള നിര്‍മ്മമത

പൊതുവെ പിതൃനിഷേധത്തിന്റെ ദശകമായിരുന്നു ആധുനികത. രോഗിയായ അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്റെ കൈയില്‍ ആകെയുണ്ടായിരുന്ന പതിനഞ്ചുരൂപയുമായി, "അച്ഛനും രോഗവും ഒക്കെ പോയി തുലയട്ടെ (24)," എന്നും പറഞ്ഞ്‌ ലിക്കറടിക്കാന്‍ മാഹിയിലേക്കു ബസ്സുകയറുന്ന ചെറുപ്പക്കാര്‍ അന്നത്തെ കഥകളിലേ കാണൂ. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ "പാപിയുടെ കാഷായം" ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ അപ്പോഴും നിലച്ചിട്ടുണ്ടായിരുന്നില്ല. കാഫ്ക തന്റെ പിതാവിന്‌ എഴുതിയ അയക്കാത്ത ആ കത്തിനെ("ലെറ്റര്‍ റ്റു ഫാദര്‍")ക്കുറിച്ച്‌ ഇടയ്ക്ക്‌ രവി പറയുമായിരുന്നു, മറ്റു പിതാക്കന്മാരെപ്പോലെ അഭിനയിക്കാന്‍ തനിക്ക്‌ അറിയില്ല എന്നു കാഫ്കയുടെ പിതാവു് പറഞ്ഞ കാര്യവും മറ്റും. കുട്ടിക്കാലത്ത്‌ ഒരു രാത്രി ശാഠ്യംപിടിച്ചു കരഞ്ഞ തന്നെ പിതാവ്‌ പുറത്ത്‌ ബാല്‍ക്കണിയില്‍ കൊണ്ടുപോയി നിറുത്തിയതായി കാഫ്ക എഴുതിയ കാര്യവും രവി പറഞ്ഞു. കാഫ്കയുമായി വൈയക്തികമായ ഏതോ തലത്തില്‍ രവി തന്മയീഭവിച്ചു. കാഫ്കയുടെ ഒരു ഫോട്ടോയില്‍ ക്യാമറയെ പേടിച്ചുനില്‍ക്കുന്ന ഒരു മനുഷ്യന്റെ മുഖമാണെന്ന്‌ ചൂണ്ടിക്കാട്ടിയതും രവി തന്നെ. കാഫ്കയുടെയും സാര്‍ത്രിന്റെയും കാമുവിന്റെയും പുസ്തകങ്ങള്‍ രവിയാണ്‌ എനിക്ക്‌ വായിക്കാന്‍ തന്നത്‌. രവി തന്ന, അനേകം പേര്‍ വായിച്ചു പഴകി മഞ്ഞനിറമായ ട്രയലിന്റെ പെന്‍ഗ്വിന്‍ പ്രതി ഇപ്പോഴും ഞാന്‍ ഓര്‍മ്മിക്കുന്നു.

സ്നേഹവും വാത്സല്യവും പുറത്തുകാട്ടാതെ ഉള്ളിലൊളിപ്പിച്ചു കഴിയുന്ന ഒരു സമ്പ്രദായം അക്കാലത്ത്‌ ഉണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെയും പങ്കപ്പാടിന്റെയും പട്ടിണിയുടെയും പീഡനകാലത്ത്‌ കുട്ടികളോടു കാണിക്കാവുന്ന ഏറ്റവും വലിയ സ്നേഹം അവരെ തീറ്റുക എന്നതായിരിക്കുമല്ലോ. അപ്പോള്‍ വാക്കുകളിലൂടെ സ്നേഹം പ്രകടിപ്പിക്കേണ്ട കാര്യമില്ല. വികാരങ്ങള്‍ പുറത്തുകാണിക്കാത്ത മുതിര്‍ന്നവരെ കണ്ട്‌ കുട്ടിയും വികാരങ്ങള്‍ അടക്കിവെക്കാന്‍ പഠിക്കുന്നു. പിന്നെ അത്‌ വൈകാരികമായ ജാഡ്യത്തില്‍ അവസാനിക്കുന്നു. ഇങ്ങനെ വളര്‍ന്ന തലമുറയുടെ പ്രതിനിധിയായ ശ്രീധരനില്‍ സ്നേഹശൂന്യതയെക്കാള്‍ വികാരങ്ങളുടെ ശൈത്യമാണ്‌ അനുഭവപ്പെടുക. "ജീവിതം മഹാബോറെ"ന്ന ആധുനികരോദനമല്ല ശ്രീധരന്റേത്‌. തങ്ങളെ രസിപ്പിക്കാനുള്ള തുടര്‍മിമിക്രിയാണ്‌ ജീവിതം എന്ന ബാലിശമായ തെറ്റിദ്ധാരണയില്‍നിന്നാണ്‌ ആധുനികരുടെ പ്രതിഷേധം വരുന്നത്‌. ജീവിതം വിരസമാണെന്നു തോന്നുന്ന ഒരു കഥാപാത്രം ഈ നോവലിലുണ്ടെങ്കിലും അത്‌ ശ്രീധരനല്ല, അവന്‍ ബോംബെയില്‍ കാണാന്‍ പോയ പഴയ ചങ്ങാതിയായ അബ്ദുള്ളയത്രെ.

ആശുപത്രിയിലെ രോഗക്കിടക്കയില്‍ തുടങ്ങിയ ഈ നോവലില്‍ അവിടവിടെ ശവങ്ങള്‍ ദൃശ്യമാവുന്നു; ടാക്സിയില്‍നിന്ന്‌ രണ്ടുപേരുടെ കൈകളിലൂടെ മെല്ലെ പുറത്തേക്കു നീളുന്ന ശവം(10), ശ്രീധരന്റെ അച്ഛന്റെ ശവം(29), ജന്മിയുടെ ഗുണ്ടകള്‍ വെടിവെച്ചുകൊന്ന തൊഴിലാളിയുടെ ശവം(37), റെയില്‍വെ പ്ലാറ്റ്ഫോറത്തില്‍ കാണപ്പെട്ട മരപ്പെട്ടിയിലെ യുവതിയുടെ ശവം(60), ടെറസ്സില്‍നിന്നു താഴേക്കുചാടി ആത്മഹത്യചെയ്ത ചെറുപ്പക്കാരന്റെ ശവം(64), അബ്ദുള്ളയുടെ ശവം(71), ശ്രീധരന്‍ ഫുട്പാത്തില്‍ കണ്ട ശവം(95). തലയ്ക്കു സുഖമില്ലാതെ കുതറിയോടുന്ന പ്രഭാകരന്‍ എന്ന കഥാപാത്രത്തെ ആളുകള്‍ "ഒരു ശവമഞ്ചം വഹിച്ചുകൊണ്ടു പോകുമ്പോഴുണ്ടാവുന്ന മൂളലോടെ" എടുത്തുകൊണ്ടുപോവുന്നു(40). രോഗത്തിന്റെയും കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും നീണ്ടചരിത്രങ്ങള്‍ ശവങ്ങളുടെ രൂപത്തില്‍ സംഗ്രഹിയ്ക്കപ്പെടുന്നു. അബ്ദുള്ളയുടെയും ശ്രീധരന്റെയും കാര്യത്തില്‍ ജീവിതവും മരണവും തമ്മിലെ വ്യത്യാസം വളരെ ലോലമാണ്‌. ഒരു ദിവസം ട്രെയിനിനു കുടുങ്ങിയ ഒരാള്‍ ചോരയില്‍ പിടയുന്ന കാഴ്ച കണ്ടിട്ടാണ്‌ അബ്ദുള്ള മുറിയിലെത്തിയത്‌(57). ചിലപ്പോള്‍ താന്‍ മരിച്ചതുപോലെ അബ്ദുള്ളക്കു തോന്നുന്നു(58). അയാള്‍ ആപ്പീസില്‍ ജോലിചെയ്യുകയാവാം, പക്ഷെ വീട്ടില്‍ ഉമ്മയുടെ അടുത്തിരുന്നു ജിന്നുകളെക്കുറിച്ച്‌ ഓര്‍മ്മിക്കുകയാണ്‌, ചിലപ്പോള്‍ കുളത്തില്‍ മുങ്ങിക്കുളിക്കുകയാവും(59). ഇതുപോലെ മറ്റു കഥാപാത്രങ്ങളും ജീവിതവും മരണവും ഒരേപോലിരിക്കുന്ന ഇടനാഴിയിലൂടെ കടന്നുപോകുന്നു.

കള്ളക്കടത്തുപണിയ്ക്ക്‌ ചേരാന്‍ പോകുന്ന ശ്രീധരനെ സംഘനേതാവ്‌ ജോസഫ്‌ അഭിമുഖം പരീക്ഷിക്കുന്ന ഒരു രംഗം കഥയിലുണ്ട്‌. അതിലെ ജോസഫിന്റെ ചോദ്യവും ശ്രീധരന്റെ ഉത്തരവും അഭിമുഖത്തിന്റെ എന്നപോലെ നോവലിന്റെയും പാരമ്യമാണ്‌. അതിങ്ങനെ:
"മരിച്ചാലെങ്ങനെയിരിക്കും ശ്രീധരാ?"
"ജീവിക്കുന്നപോലെ."
"ജീവിച്ചാലോ?"
"മരിക്കുന്നപോലെ"
"ന്നാ, കൈകൊട്‌"
അയാള്‍ കൈനീട്ടി. ശ്രീധരന്‍ കൈപിടിച്ചു കുലുക്കി(98-99).
കള്ളക്കടത്തുകാരുടെ അപകടംപിടിച്ച പണി വിജയിക്കണമെങ്കില്‍ ജീവിതത്തെയും മരണത്തെയും ഒരുപോലെ നിസ്സംഗമായി കാണാന്‍ കഴിയണം. തൊഴിലില്ലാത്ത ചെറുപ്പക്കാരനും കള്ളക്കടത്തുകാരനും തീവ്രവാദിക്കും ഒരേ ജീവിതസങ്കേതം! ശ്രീധരന്റെ തെരഞ്ഞെടുപ്പുകളില്‍ നന്മതിന്മകളോ ശരിതെറ്റുകളോ നീതിശാസ്ത്രങ്ങളോ ഒരിടത്തും കടന്നുവരുന്നില്ല. അത്യഹം എന്നു പറയുന്നതിന്റെ പൂര്‍ണ്ണവും കേവലവുമായ തിരോഭാവമാണ്‌ ശ്രീധരന്‍ എന്ന കഥാപാത്രം. ജോസഫ്‌ അഭിമുഖത്തില്‍ ശ്രീധരനോട്‌ ചോദിക്കുന്ന മറ്റൊരു ചോദ്യം എത്രവരെ പഠിച്ചു എന്നായിരുന്നു. ഈ ചോദ്യത്തിന്‌, "ബൂര്‍ഷ്വാ എഡിക്കേഷനായതുകൊണ്ട്‌ പഠിച്ചിട്ടില്ല"(98) എന്ന ഒരു ക്യൂബാമുകുന്ദന്‍ ഉത്തരം ശ്രീധരന്‍ കൊടുക്കുന്നു. എന്നാല്‍ ജീവിക്കണമെങ്കില്‍ എന്തെങ്കിലുമൊന്ന്‌ പഠിക്കണം, അത്‌ കള്ളക്കടത്തിന്റെ സാങ്കേതികവിദ്യയായാലും മതി എന്ന സമീപനമാണ്‌ ജോസഫിന്റേത്‌. മനഃസാക്ഷിയുടെയോ നീതിബോധത്തിന്റെയോ അനാവശ്യഭാരങ്ങളില്ലാത്ത ശ്രീധരന്‌ കള്ളക്കടത്തും തീവ്രവാദരാഷ്ട്രീയവും ഒരുപോലെയാണ്‌. പോലീസ്‌ പിടിച്ചാല്‍ എന്നും ഭക്ഷണം കിട്ടുമല്ലോ എന്നായിരുന്നു അവന്റെ ആശ്വാസം.

ജീവിക്കുന്നത്‌ മരിക്കുന്നപോലെയും മരിക്കുന്നത്‌ ജീവിക്കുന്നതുപോലെയുമാണ്‌ എന്ന ശ്രീധരന്റെ വിവേകം ജീവിതത്തിനിന്ന്‌ അവന്‍ നേടിയെടുത്ത സാരാംശമാണ്‌. മനുഷ്യനായി ജീവിക്കാന്‍ ശ്രീധരന്‌ കഴിഞ്ഞിട്ടില്ല. ദാര്‍ശനികമായ അതിചിന്തകള്‍ക്ക്‌ മുട്ടില്ലാത്ത ഭക്ഷണം, താമസം, മറ്റു സൌകര്യങ്ങള്‍ എന്നീ ഭൌതികഘടകങ്ങള്‍ ആവശ്യമാണ്‌. ഇതൊന്നുമില്ലാത്ത ശ്രീധരന്‌ ദര്‍ശനവും അതിഭൌതികവും താങ്ങാനാവാത്ത ആഡംബരങ്ങള്‍ മാത്രം. ജീവിതത്തില്‍ മരണത്തെ സാക്ഷാത്കരിച്ച ഒരുവന്‌ മരണത്തിനപ്പുറത്തെ അതിഭൌതികത്തില്‍ ആസക്തി കാണില്ല. ഭൌതികജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന അസ്തിത്വസംബന്ധിയായ ദര്‍ശനങ്ങളിലും അവന്‌ താത്പര്യമുണ്ടാവില്ല. ജീവനില്ലാത്ത പദാര്‍ത്ഥം പോലെ നിലനിന്നുപോരുന്ന ശ്രീധരന്‌ കാലം അന്യമായ അനുഭവമാണ്‌. ശ്രീധരനെ പരിചയപ്പെടുന്ന ജോസഫിന്റെ കൂട്ടുകാരന്‍ സ്വാമി നന്ദന്‍ ബോംബെയില്‍ വന്നിട്ടെത്രയായെന്ന്‌ ചോദിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു ശ്രീധരന്റെ ഉത്തരം. അതിന്‌, നമ്മളെല്ലാം ഒരേ തരക്കാര്‍തന്നെ എന്ന്‌ സ്വാമി നന്ദന്‍(100). സ്വാമിവേഷത്തില്‍ നടക്കുന്ന കള്ളക്കടത്തുകാരനെ സംബന്ധിച്ചും കാലം അപ്രസക്തവും നിശ്ചലവുമായി നില്‍ക്കുകയാണ്‌, സര്‍വ്വസംഗപരിത്യാഗിയായ സംന്യാസിയുടെ കാര്യത്തില്‍ എന്നപോലെ!

ശ്രീധരനെപ്പോലെ ജോസഫും ജീവിക്കുന്നത്‌ മരിക്കുന്നതു പോലെയും മരിക്കുന്നത്‌ ജീവിക്കുന്നതുപോലെയുമാണ്‌ എന്നു വിചാരിക്കുന്നു. ജോസഫിലും അവ്യക്തമായ ചില വ്യക്തിത്വഘടകങ്ങള്‍ ഉണ്ട്‌. കഥയിലെ മറ്റേതു കഥാപാത്രങ്ങളേക്കാളും കൂടുതലായി പരസ്പരം സംവദിക്കുന്നത്‌ ശ്രീധരനും ജോസഫുമാണെന്നു പറയാം. അധികം ചിരിച്ചുകാണാത്ത ശ്രീധരന്‍ ഏറെനേരം ചിരിക്കാനിടയാക്കുന്ന ഒരു സന്ദര്‍ഭം കാണുക:
ശ്രീധരന്‍ കസാരയില്‍ ഇരുന്നു.
നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം ജോസഫ്‌ ചോദിച്ചു:
"നെപ്പോളിയനെപ്പറ്റി കേട്ടിട്ടുണ്ടോ ശ്രീധരന്‍?"
"ഹിസ്റ്റോറിക്കല്‍ നെപ്പോളിയനാണോ?"
"യെസ്‌."
"ധാരാളം."
"എങ്കില്‍ അത്‌ ഞാനാണ്‌."
"ഏത്‌?"
"ഹിസ്റ്റോറിക്കല്‍ നെപ്പോളിയന്‍."
"വെരി, വെരി ഗുഡ്‌" ശ്രീധരന്‍ ചിരിച്ചു.
ആ ചിരി ഏറെ നേരം നീണ്ടുനിന്നു(100-101).
ജോസഫ്‌ ഉദ്ദേശിക്കുന്നത്‌ ഫ്രഞ്ച്‌ ബ്രാണ്ടിയോ അല്ലെങ്കില്‍ ആ പേരുള്ള ഏതെങ്കിലും ആളോ എന്ന്‌ ഉറപ്പുവരുത്താനാണ്‌ ശ്രീധരന്‍ "ഹിസ്റ്റോറിക്കല്‍ നെപ്പോളിയനോ" എന്നു ചോദിച്ചത്‌. ഞാനാണ്‌ രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്ന നെപ്പോളിയന്‍ എന്ന്‌ ജോസഫ്‌ പ്രഖ്യാപിക്കുമ്പോള്‍, നല്ലത്‌, വളരെ നല്ലത്‌ എന്ന്‌ ശ്രീധരന്‍ കൂടെ ചേരുന്നു. കള്ളക്കടത്തുചരക്കുകളുടെ കൂമ്പാരമാണ്‌ ജോസഫ്‌ എന്ന നെപ്പോളിയന്‍ വെട്ടിപ്പിടിച്ച സാമ്രാജ്യം. ജോസഫിന്റെ വീരവാദം കേട്ട്‌ ശ്രീധരന്‍ ഏറെ നേരം ചിരിക്കുന്നതിന്റെ യുക്തി രവിയുടെ ആഖ്യാനത്തിന്റെ സാമാന്യയുക്തിയാണ്‌; അതിന്റെ മര്‍മ്മം മനുഷ്യജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത നിസ്സാരതയും. മരിച്ചുപോയ മഹാപുരുഷന്മാര്‍ തിരിച്ചറിയാനാവാത്ത, ഒരു പ്രത്യേകതയുമില്ലാത്ത, സാധാരണക്കാരായി വര്‍ത്തമാനകാലത്തില്‍ പുനര്‍ജ്ജനിക്കും എന്ന്‌ രവി വിശ്വസിച്ചിരുന്നു. മഹത്വത്തിനു നിദാനമായ സ്വഭാവസവിശേഷതകള്‍ മഹാന്റെ മരണത്തോടെ മറഞ്ഞുപോവുന്നു. അവന്റെ വ്യക്തിത്വത്തിലെ സാധാരണമായവശങ്ങള്‍ മരണത്തിനുശേഷം ഇന്നത്തെ ഏതെങ്കിലുമൊരു സാധാരണക്കാരനായി പുനര്‍ജ്ജനിക്കുന്നു. നമ്മള്‍ അറിയുന്നില്ല, ഈ നിമിഷത്തില്‍ നമ്മള്‍ ജീവിക്കുന്നത്‌ ബുദ്ധന്റെയും സോക്രട്ടീസിന്റെയും ലെനിന്റെയും ബുള്‍ഗാനിന്റെയും അംശാവതാരങ്ങളുടെ കൂടെയാണെന്ന്‌!

നോവലിന്റെ തുടക്കം മുതല്‍ ഒടുക്കംവരെ, ശ്രീധരന്‍ എന്ന വ്യക്തിയുടെ കഥയ്ക്കു സമാന്തരമായി രാഷ്ട്രീയസമീപനങ്ങളുടെ അനുബന്ധം കാണാം. വടകര അഞ്ചുവിളക്കിലെ ഗാന്ധിപ്രതിമയുടെ അടുത്തു ശ്രീധരനെ നിര്‍ത്തിയാണ്‌ നോവല്‍ തുടങ്ങുന്നത്‌. അതിനടുത്ത കാലം വരെ തുറന്നിട്ടിരുന്ന ഗാന്ധിപ്രതിമയ്ക്കു മുനിസിപ്പാലിറ്റി ഒരു കമ്പിയഴിക്കൂടുണ്ടാക്കിയത്‌ അന്നത്തെ വടകരയിലെ പൊതുജനങ്ങള്‍ ഒരു രാഷ്ട്രീയരൂപകമായി കണ്ടു, ഗാന്ധിദര്‍ശനം കാലഹരണപ്പെട്ടു, ഉപയോഗശൂന്യമായി എന്ന അര്‍ത്ഥത്തില്‍. കോണ്‍ഗ്രസ്‌ രാഷ്ട്രീയം അപ്രസക്തമായെന്ന സന്ദേശവും കൂട്ടിലായ ഗാന്ധി കൈമാറുന്നുണ്ടായിരുന്നു. ഗാന്ധിക്കുവന്ന ഈ ഗതികേട്‌ വടകരക്കാര്‍ക്ക്‌ അന്ന്‌ രസകരമായിത്തോന്നി. മടപ്പള്ളി സത്യാനന്ദന്‍ ദേശാഭിമാനി വാരികയില്‍ ഈ സംഭവം മുന്‍നിര്‍ത്തി "ഗാന്ധിജി ജയിലില്‍" എന്ന ഒരു കവിത എഴുതിയിരുന്നു. വടകരഗാന്ധിപ്രമേയം രവി കൈകാര്യംചെയ്യുന്നതു നോക്കുക:
"ഗാന്ധിപ്രതിമ കമ്പിവലയ്ക്കുള്ളിലാക്കിയത്‌ അവന്‍ ആദ്യമായിട്ടാണ്‌ കാണുന്നത്‌. ഗാന്ധിജി രണ്ടുമൂന്നാഴ്ച മുമ്പ്‌ വളരെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. പക്ഷികള്‍ ആ മഹാത്മാവിന്റെ ശിരസ്സില്‍ കാഷ്ടങ്ങള്‍ നിറയ്ക്കുന്നതുകൊണ്ടായിരിക്കാം, മുനിസിപ്പാലിറ്റിക്കാര്‍ അദ്ദേഹത്തെ കമ്പിവലയ്ക്കുള്ളിലാക്കിയത്‌. തൊട്ടടുത്ത്‌ രണ്ടു മാന്യന്മാര്‍ രാഷ്ട്രീയചര്‍ച്ചയിലേര്‍പ്പെട്ടിരിക്കുന്നത്‌ ശ്രീധരന്‍ കുറേനേരമായി ശ്രദ്ധിക്കുന്നു(7)."

വഴിമുട്ടിയവന്റെ പ്രതികരണം

രാഷ്ട്രീയം പറയുന്നതിനിടയില്‍ "നമ്മുടെ നാടെങ്ങോട്ടാ," എന്നും പറഞ്ഞ്‌ കഷണ്ടിത്തലയന്‍ ആകാശത്തിലേക്കു നോക്കിയപ്പോള്‍ ശ്രീധരനും അറിയാതെ ഒന്നു ആകാശത്തിലേക്കു നോക്കി. നമ്മുടെ നാട്‌ ആകാശത്തിലേക്കാണ്‌ പോകുന്നതെന്ന തമാശ തോന്നിക്കാന്‍ ഈ നോട്ടങ്ങള്‍ക്കു കഴിയുന്നു. രാഷ്ട്രീയമാണ്‌ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്ന അരാഷ്ട്രീയവാദമാണ്‌ മാന്യരിലൊരാള്‍ക്ക്‌. എന്നാല്‍ രാഷ്ട്രീയമില്ലായ്മയ്ക്കും ഒരു രാഷ്ട്രീയമുണ്ടെന്ന കാര്യം വായനക്കാര്‍ക്കെന്നപോലെ മറ്റേ മാന്യനും അറിയാം. നടപ്പുകക്ഷിരാഷ്ട്രീയം ജനങ്ങളെ രക്ഷിക്കില്ല എന്നതിന്‌ ശ്രീധരന്റെയും ഉഷയുടെയും പ്രഭാകരന്റെയും ജീവിതം നല്ല സാക്ഷ്യമാണ്‌. മുതലാളിമാര്‍ക്ക്‌ ഇഷ്ടംപോലെ നിയമിക്കുകയോ പിരിച്ചുവിടുകയോ ചെയ്യാവുന്ന തൊഴില്‍ജീവിതമാണ്‌ ഇവരുടേത്‌. പരസ്പരസംശയത്തിന്റെ നിഴലിലാണ്‌ മുതലാളിയും തൊഴിലാളിയും. അച്ഛന്‌ രോഗമായതിനാല്‍ സഹായം ചോദിച്ച്‌ ആപ്പീസിലെത്തിയ ശ്രീധരനെ മുതലാളി കുറെ നേരം സൂക്ഷിച്ചുനോക്കുന്നു. മുതലാളിയുടെ ആശങ്കയില്‍ ശ്രീധരന്റെ സംശയം ഇതായിരുന്നു: "മുതലാളിയെന്തിനാണിങ്ങനെ തുറിച്ചുനോക്കുന്നത്‌? അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്തുകളയുമോ എന്ന ആശങ്കകൊണ്ടായിരിക്കുമോ? എങ്കില്‍ കൊണ്ടാണ്‌(17)." എന്നിരിക്കിലും പാഠപുസ്തകത്തിലെ വില്ലനല്ലായ്കയാല്‍ മുതലാളി ശ്രീധരന്‌ ഒരു ഇരുപത്തിയഞ്ചുരൂപാ കൊടുത്തു സഹായിക്കുകയും അച്ഛന്റെ സുഖവിവരം അന്വേഷിക്കുകയും ചെയ്യുന്നു.

മനുഷ്യര്‍ എന്ന നിലയില്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്‌ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ തുടക്കം എന്നതുകൊണ്ട്കുറെ ബീഡിത്തൊഴിലാളികളെയും നെയ്ത്തുതൊഴിലാളികളെയും സംഘടിപ്പിച്ച്‌ ശ്രീധരന്റെ ചങ്ങാതിയായ പ്രഭാകരന്‍ ഒരു സ്റ്റഡിക്ലാസ്സ്‌ തുടങ്ങുന്നു. ആദ്യം ഇംഗ്ലീഷ്‌, പിന്നെ ലളിതമായ രീതിയില്‍ തത്ത്വചിന്ത, പിന്നീട്‌ മാര്‍ക്സിസം ഇതാണ്‌ പാഠ്യക്രമം. ശ്രീധരന്‍ ബോംബെയില്‍ എത്തിയതിനു ശേഷം അവിടത്തെ ഒരു രാഷ്ട്രീയഗ്രൂപ്പുമായി ബന്ധപ്പെടുന്നു. കരുണനും അബ്ദുള്ളയും ആ ഗ്രൂപ്പിലെ അംഗങ്ങളാണ്‌. മാവോസാഹിത്യം വായിക്കുക, ബുദ്ധിജീവികള്‍ സംഘടിക്കുക അങ്ങനെയാണ്‌ തുടക്കം. അവര്‍ പൂര്‍ണ്ണമായ ഒരു സായുധസമരത്തില്‍ വിശ്വസിക്കുന്നു. കരുണന്റെ ഭാഷയില്‍, "കുന്നിന്‍പുറത്തുള്ള ആളുകള്‌ നാട്ടിന്‍പുറത്തെ വളയുക, നാട്ടിന്‍പുറത്തെ ആളുകള്‍ പ്രധാനവ്യാപാരകേന്ദ്രങ്ങളായ തെരുവുകള്‍ വളയുക, പിന്നെപ്പിന്നെ തെരുവിലുള്ളവര്‍ നഗരത്തെയും രാജ്യത്തെയും വളഞ്ഞ്‌ പുതിയ ഒരു വ്യവസ്ഥ സൃഷ്ടിക്കുക, ചേര്‍മാന്റെ വാദം അതാണ്‌." പാലൈ ചെന്ന്‌ മുല്ലൈയെ വളയുന്നു, മുല്ലൈ ചെന്ന്‌ മരുതത്തെ വളയുന്നു എന്ന ശൈലിയില്‍ മാറ്റിയെഴുതാവുന്ന ഒരു തിണാധിഷ്ഠിതവിപ്ലവസിദ്ധാന്തം! ഇനിയാണ്‌ രവിയുടെ പരിഹാസം വരുന്നത്‌. "ആരാണ്‌ ഈ ചെയര്‍മാന്‍" എന്നു ശ്രീധരന്‍ കരുണനോടു ചോദിക്കുന്നു. കരുണന്റെ ഉത്തരമാണ്‌:

"ചൈനാക്കാരുടെ ചേര്‍മാന്‍...അതായത്‌, നമ്മുടെ ചേര്‍മാന്‍... (66)."

തുടര്‍ന്ന്‌ ചില അന്താരാഷ്ട്രവിപ്ലവവൈകല്യങ്ങളും കരുണന്‍ ചൂണ്ടിക്കാണിക്കുന്നു. ശ്രീകാകുളത്ത്‌ വിപ്ലവം പരാജയപ്പെടാന്‍ കാരണം ഗറില്ലാമുറ പയറ്റാത്തതാണ്‌; ചെ ഗുവേരയ്ക്കു പറ്റിയ പാളിച്ച ക്യൂബയിലിരുന്ന്‌ ഭരണം നടത്തുന്നതിനു പകരം ബൊളീവിയയില്‍ ചെന്ന്‌ ഒളിയുദ്ധം സംഘടിപ്പിച്ചതാണ്‌, എന്നും മറ്റും. ഗുഹയിലൂടെ പിറകോട്ടു മാറിമാറി ഒടുവില്‍ അങ്ങേയറ്റമെത്തി വഴിമുട്ടിയവന്‍ നില്ക്കക്കള്ളിയില്ലാതെ അവസാനമായി എന്തും നേരിടാന്‍ തിരിഞ്ഞുനില്ക്കുന്നതാണ്‌ രവിയുടെ കഥകളിലെ തീവ്രവാദരാഷ്ട്രീയം. "തിരിച്ചുപോകുന്നവര്‍" എന്ന കഥയില്‍ തൊഴിലില്ലാതെ ഗതികെട്ട്‌ നാടുവിടുന്ന ഗൌതമനും കൂട്ടുകാരനും അവിടെയും ഗതിപിടിക്കാതെ ആത്മഹത്യചെയ്യാനുറച്ച്‌ റെയിലില്‍ തലവെക്കുന്ന ഒരു രംഗമുണ്ട്‌. അവസാനം തീരുമാനം മാറ്റുകയാണ്‌ ഗൌതമന്‍. അതൊരു മാനംകെട്ട മരണമാണെന്നും മരിക്കുന്നുണ്ടെങ്കില്‍ അന്തസ്സോടെ മരിക്കണമെന്നും അവന്‍ പറയുന്നു. മുഷ്ടി അന്തരീക്ഷത്തിലേക്കുയര്‍ത്തി പല്ലുഞ്ഞെരിച്ചുകൊണ്ട്‌, "നമ്മുടെ ശരീരത്തിലേക്ക്‌ വെടിയുണ്ടകള്‍ തുളച്ചുകയറട്ടെ..." എന്ന്‌ ഗൌതമന്‍ അലറി. സാഹസികമായ ഈ തീരുമാനവുമായി ഇരുവരും പുലര്‍കാലം നാട്ടിലേക്ക്‌ കള്ളവണ്ടി കയറുന്നു.

ആസുരമായ ഉയരത്തില്‍നിന്ന്‌ രവി താഴത്തെ യാഥാര്‍ത്ഥ്യങ്ങളെ നോക്കി. ട്രെയിന്‍ വിക്ടോറിയ ടെര്‍മിനസ്സില്‍ എത്തിയപ്പോള്‍ അവന്‍ കാണുന്നു, "എങ്ങും ഉറുമ്പുകളെപ്പോലെ ഇളകിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍(47)." ഒരിടത്ത്‌, "ഇരുളില്‍ നിന്നും മനുഷ്യര്‍ എലികളെപ്പോലെ കണ്ണു മിഴിച്ചു(53)" എന്നു രവി എഴുതുന്നു. മറ്റൊരിടത്ത്‌, നഗരത്തിന്റെ നിശാദൃശ്യത്തില്‍ "എങ്ങും ഉറുമ്പുകളെപ്പോലെ മനുഷ്യര്‍ നീങ്ങിക്കൊണ്ടിരിക്കുന്നു" എന്നും(57). അച്ഛനെയും താങ്ങിപ്പിടിച്ച്‌ ആശുപത്രിയിലെ കക്കൂസിലേക്കു കൊണ്ടുപോകുമ്പോള്‍ രവിയുടെ ശ്രീധരന്‍ ചിന്തിക്കുന്നു: "കക്കൂസുമുറി എന്ന നരകത്തിനുള്ളില്‍ മനുഷ്യകീടങ്ങള്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു(11)." വിസര്‍ജ്ജനം അസഹ്യമായ പ്രവൃത്തിയാണ്‌. അത്‌ ആശുപത്രിയിലെ വൃത്തിയില്ലാത്ത കക്കൂസിനകത്താകുമ്പോള്‍ നരകമാവുന്നു. വിവരിക്കുന്ന സംഭവങ്ങളിലെ യാന്ത്രികമായ അംശങ്ങളെയാണ്‌ രവി തെരഞ്ഞുപിടിക്കാറ്‌. ഒരദ്ധ്യായം തുടങ്ങുന്നതു കാണുക:

"ഉറക്കമുണര്‍ന്നപ്പോള്‍ കിഴക്കു വെള്ളകീറിയിരുന്നു. ഒന്നു കുളിച്ചു. മുണ്ടും ഷര്‍ട്ടും മാറി വാതില്‍പൂട്ടി അവന്‍ ആശുപത്രിയിലേക്കു നടന്നു. തെരുവില്‍ മനുഷ്യര്‍ പതിവുപോലെ മ്ലാനമായ മുഖഭാവത്തോടെ ചലിച്ചുകൊണ്ടിരുന്നു(28)." അച്ഛന്‍ മരിച്ചതറിയാതെ ആശുപത്രിയിലെത്തിയ ശ്രീധരന്‍ മരണവാര്‍ത്ത അറിയുന്നത്‌ രവി വിവരിക്കുന്നത്‌ ഇങ്ങനെയാണ്‌: "ശ്രീധരന്‌ കാല്‍ക്കീഴിലെവിടെയോ നേരിയ വിറയലനുഭവപ്പെട്ടു. ഏറെനേരത്തേക്ക്‌ ഒന്നും ശബ്ദിക്കാന്‍ കഴിഞ്ഞില്ല. മൂടിക്കെട്ടിയ ആകാശത്തില്‍ സൂര്യന്‍ തെളിഞ്ഞു. എങ്ങും വെയില്‍ക്കീറുകള്‍ വീണു. ശ്രീധരന്‍ ഏറെനേരം അപരിചിതനെ തറപ്പിച്ചുനോക്കി(29)." വികാരങ്ങള്‍ ശാരീരികമായ പ്രതികരണങ്ങളായി ചുരുങ്ങുകയോ വികസിക്കുകയോ ആണെന്ന്‌ ഈ വാക്യം ധ്വനിപ്പിക്കുന്നു. കൂടെ കഥാപാത്രത്തിന്‌ അനുഭവപ്പെടുന്നത്‌ ദുഃഖമാണോ സന്തോഷമാണോ എന്നു തീരുമാനിക്കാന്‍ വയ്യാത്ത വിധം വൈരുദ്ധ്യങ്ങള്‍ അതില്‍ ഇടകലരുകയും.

മഴ ഒരു രൂപകമോ പശ്ചാത്തലമോ ആയി കഥയില്‍ അവിടവിടെ കടന്നു വരുന്നു. നോവല്‍ തുടങ്ങുന്നതും അവസാനിക്കുന്നതും മഴനനഞ്ഞ തെരുവുകളിലാണ്‌. മഴനനഞ്ഞ ബോംബെ നഗരത്തെ ശ്രീധരന്‍ നോക്കുകയാണ്‌: "മഴ പെയ്ത നഗരം വെളിച്ചത്തില്‍ കുതിര്‍ന്നു കിടക്കുന്ന കാഴ്ച മനോഹരമായിരിക്കുന്നു. പക്ഷെ ഒന്നും വ്യക്തമല്ല. ഒരു മോഡേണ്‍ പെയിന്റിംഗിലേക്കു നോക്കുമ്പോഴുണ്ടാവുന്ന ദുഃഖമാണ്‌ തോന്നുന്നത്‌. പിക്കാസ്സോ ചിത്രങ്ങളിലെ അറ്റം കൂര്‍ത്ത ഇമേജുകളാണെങ്ങും(45)." കഥയില്‍ വേറെ ഒരിടത്തും ശ്രീധരനില്‍നിന്ന്‌ ഈ മട്ടില്‍ കലാത്മകമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. ഇത്‌ മുഴുവനായും രവിയുടെ നിരീക്ഷണമാണ്‌. തുടര്‍ന്ന്‌ നഗരത്തില്‍ രണ്ടു ദൃശ്യങ്ങള്‍ ശ്രീധരന്‍ കാണുന്നു: "ട്രെയിന്‍ ഭാണ്ഡൂപ്പ്‌ എന്ന സ്റ്റേഷന്‍ കടന്നു കഴിഞ്ഞപ്പോള്‍ ശ്രീധരന്‍ അശ്ലീലമെന്നു പറയാവുന്ന ഒരു കാഴ്ച കണ്ടു. ഭ്രാന്തിയായ ഒരു യുവതി സ്വന്തം നഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ പൊട്ടിച്ചിരിക്കുന്നു. ശ്രീധരന്‍ അങ്ങോട്ടു നോക്കിയില്ല(45-46)." തകര്‍ന്നു പോയ ഒരു സ്ത്രീയുടെ പ്രതികാരവും പരിഹാസവും ഭ്രാന്തിന്റെ യുക്തിയിലൂടെ പുറത്തുവരുന്നതായിരിക്കാം ഈ പൊട്ടിച്ചിരി. അടുത്തതില്‍ ഒരു യുവതി ശ്രീധരന്റെ അടുത്തു വന്നു അവനെ മുട്ടിയുരുമ്മി ഇരിക്കുകയാണ്‌: "തൊട്ടടുത്ത്‌ ഒരാംഗ്ലോഇന്ത്യന്‍ യുവതി മാംസളമായ കൈയില്‍ ബാഗ്‌ തൂക്കിയിട്ടുകൊണ്ട്‌ കൊഴുത്ത ഏതോ ഒരു മൃഗത്തെപ്പോലെ തുള്ളിച്ചാടിക്കൊണ്ട്‌ ശ്രീധരന്റെ അടുത്തുവന്നിരുന്നു. ഒരു സ്ത്രീയുടെ സ്പര്‍ശം അവനില്‍ ലൈംഗികവികാരമുണര്‍ത്തി. എങ്കിലും അവന്‍ സ്വയം നിയന്ത്രിച്ചുകൊണ്ട്‌ അല്പം മാറിയിരുന്നു(47)." ശ്രീധരനില്‍ ഒരിടപാടുകാരനെ കണ്ടിട്ടാണ്‌ അവള്‍ വരുന്നത്‌. വരവില്‍ പ്രസരിപ്പും ആരോഗ്യവും ചേര്‍ക്കാന്‍ രവിയുടെ രൂപകത്തിനു കഴിയുന്നു. എന്നാല്‍ ആ ആംഗ്ലോഇന്ത്യന്‍യുവതിയുടെ സ്പര്‍ശമല്ല, "ഒരു" സ്ത്രീയുടെ സ്പര്‍ശമാണ്‌ ശ്രീധരനില്‍ ലൈംഗികവികാരമുണര്‍ത്തിയത്‌. തുടര്‍ന്ന്‌ ഒരു സ്വാമി അവനെ വിളിച്ചുകൊണ്ടുപോകുമ്പോള്‍ ശ്രീധരന്‍ ഭോഗവസ്തുവായി മാറാനിരിക്കുകയാണല്ലോ.

നോവലിന്റെ ആദ്യഭാഗത്ത്‌ ശ്രീധരന്‍ കാണുന്ന ഒരു തെരുവുദൃശ്യമുണ്ട്‌. പതിനാറുവയസ്സുവരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി സദാചാരവാദിയായ ഒരു യുവാവ്‌ അവളുടെ മുടി കത്രിച്ചിടുകയാണ്‌. പെണ്‍കുട്ടി ദീനമായ സ്വരത്തില്‍ കരഞ്ഞുകൊണ്ടിരിക്കുന്നു(9). വേശ്യയാണ്‌ എന്നതാണ്‌ അവള്‍ ചെയ്ത കുറ്റം. ജനക്കൂട്ടം ആ കാഴ്ച കണ്ടുനില്‍ക്കുന്നു. പെണ്‍കുട്ടി വേശ്യയാണെങ്കില്‍ സദാചാരക്കാരന്‌ എന്തിനാണ്‌ അതില്‍ വയറുവേദന, ജനത്തിന്‌ അതിലെന്താണ്‌ കാര്യം? സന്മാര്‍ഗ്ഗികള്‍ അവളുടെ അടുത്തു പോകാതിരുന്നാല്‍ പോരേ? പക്ഷെ ജനങ്ങളില്‍ അലിഞ്ഞുചേര്‍ന്ന അക്രമവാസന പറയുന്നത്‌ അതു പോരാ എന്നാണ്‌. അവളെ കല്ലെറിയണം, മുടിമുറിച്ചു കോലം കെടുത്തണം. അതാണ്‌ അക്രമവാസനയുടെ യുക്തി. ദീനം പിടിച്ച സ്വരത്തില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ ശ്രദ്ധിക്കുന്ന ശ്രീധരനില്‍ ലോലഭാവങ്ങളുണ്ടെങ്കിലും അവ എങ്ങോ തടഞ്ഞുനിന്നുപോയിരിക്കുന്നു. തന്റെ നേരെ കൈ നീട്ടിയ യാചകിയ്ക്ക്‌ ഒരുറുപ്പികയുടെ നോട്ടെടുത്ത്‌ എറിഞ്ഞുകൊടുക്കാന്‍ ഒരിക്കല്‍ ശ്രീധരനു തോന്നിയത്‌ അതുകൊണ്ടാണ്‌(24). ട്രെയിനിനു കുടുങ്ങിയ ഒരാള്‍ ചോരയില്‍ പിടയുന്ന കാഴ്ച കണ്ട കാര്യം അബ്ദുള്ള പറയുമ്പോള്‍, "ശ്രീധരന്‌ എവിടെയോ നൊന്തു. അവന്‍ കണ്ണടച്ചു തിരിഞ്ഞുകിടന്നു. ദൂരെ എവിടെയോനിന്ന്‌ വിമാനത്തിന്റെ ഗര്‍ജ്ജനമുയര്‍ന്നു. അവന്‍ ഗാഢനിദ്രയില്‍ ലയിച്ചു(57)" എന്ന സന്ദര്‍ഭത്തിലും അവന്റെ അനുതാപം ഉണരുന്നത്‌ വായനക്കാരന്‍ ശ്രദ്ധിച്ചേക്കാം.

സ്ത്രീയെപ്പോലെ പുരുഷനും ശക്തന്റെ ബലാത്സംഗത്തിന്‌ ഇരയാവാം. കഥയില്‍ ശ്രീധരനെ രണ്ടുപേര്‍ സ്വവര്‍ഗ്ഗഭോഗം ചെയ്യുന്നു. ഒരാള്‍ തീവണ്ടിയില്‍ വെച്ചു പരിചയപ്പെട്ട ഒരു സ്വാമിജി, മറ്റൊന്ന്‌ കള്ളക്കടത്തു സംഘത്തിലെ മേലങ്കിക്കാരന്‍. ശ്രീധരന്‍ ബോംബെയില്‍ എത്തിയതിനു ശേഷം ആദ്യമായി നടന്ന സംഭവം സ്വാമിജി അവനെ ഹോട്ടല്‍മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി സ്വവര്‍ഗ്ഗഭോഗം ചെയ്തതാണ്‌. സ്വാമിജി അവനെ തട്ടിയുണര്‍ത്താന്‍ ശ്രമിച്ചിട്ടൊന്നും അവന്‍ ഉണരുന്നില്ല. തനിക്ക്‌ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ക്കു മുതിരുന്ന സ്വാമിജിയെ അവന്‍ തടയുന്നില്ല. പകരം അവന്റെ കണ്ണുകള്‍ നിറയുകയും അവന്‍ സ്ത്രീകളെ സ്വപ്നം കാണാന്‍ തുടങ്ങുകയും ചെയ്യുന്നു. ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളോ പ്രത്യാശകളോ അവന്‌ ഉണ്ടായിരുന്നില്ല. പരിമിതവും ശാരീരികവുമായ ചെറിയ അഭിലാഷങ്ങള്‍ മാത്രം. അതിങ്ങനെ ആണിന്റെ ലാളനയില്‍ മരവിച്ചുപോകുന്നതില്‍ അവന്റെ കണ്ണുകള്‍ നിറയുന്നു. ഭൂമിയിലെ സ്ത്രീകള്‍ ഒന്നടങ്കം ശ്രീധരനില്‍നിന്നു വഴുതിമാറി അജ്ഞാതമായ സ്വപ്നലോകത്തേക്ക്‌ ഒളിവില്‍ പോയിരിക്കുകയാണ്‌. ശ്രീധരന്റെ മെത്തയിലേക്ക്‌ പൂര്‍ണ്ണനഗ്നനായ സ്വാമിജി "ഒരു വെളുത്ത അരയന്നത്തിന്റെ പ്രൌഢിയോടെ വന്നിരിക്കുന്നു(51)." രവിയുടെ അലങ്കാരകല്പനയുടെ മികച്ച ഒരു സൃഷ്ടിയാണ്‌ "വെളുത്ത അരയന്നത്തിന്റെ പ്രൌഢി," സൂക്ഷ്മമായ രൂപകാലങ്കാരം.

നോവല്‍ തീരാറാവുന്ന സന്ദര്‍ഭത്തില്‍ കള്ളക്കടത്തുകാരുടെ നേതാവും ശ്രീധരനെ ഭോഗിക്കുന്നുണ്ട്‌. ഇങ്ങനെ, കല്പനയും അനുസരണയും:
"അഡ്രസ്സ്‌..." മേലങ്കിക്കാരന്‍ വിരല്‍ ചൂണ്ടി.
"ന്ന്വേച്ചാല്‍?"
"അണ്‍-ഡ്രസ്സ്‌..."

ശ്രീധരന്‍ നാരാണേട്ടന്‍ കൊടുത്ത അയഞ്ഞ പേന്റ്സഴിച്ചു. നഗ്നനായി മുറിയില്‍ നിവര്‍ന്നുനിന്നു. ഒരു ഞൊടിയിടയില്‍ മേലങ്കിക്കാരനും നഗ്നനായി. അയാള്‍ അവന്റെ ശരീരത്തിലൂടെ ഡ്രൈവുചെയ്യുന്ന ലാഘവത്തോടെ ഇഴഞ്ഞു. എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ ശീര്‍ഷാസനം തുടങ്ങി. നഗ്നനായ നിലയില്‍തന്നെ... ആ ഭീകരമായ കാഴ്ച ശ്രീധരനെ നടുക്കി(103).

ശ്രീധരന്‍ പുരുഷപ്രിയനല്ല. ജനിതകമായ വ്യത്യാസം നിമിത്തം സ്ത്രീയുടെ മനോഘടനകൈവന്ന്‌ അവന്‍ സ്വവര്‍ഗ്ഗപ്രണയത്തില്‍ എത്തിയിട്ടുമില്ല. അങ്ങനെ ഒരാളോട്‌ അതിക്രമം കാട്ടുന്നതാണ്‌ ഇതിലെ ഭീകരത.

ശ്രീധരന്‌ പേരിനെങ്കിലും ഒരു കൂട്ടുകാരിയുണ്ടായിരുന്നു, കൂടെ ജോലിചെയ്യുന്ന ഉഷ. എന്നാല്‍ അവന്റെ പത്രപ്രവര്‍ത്തകസുഹൃത്തായ പ്രഭാകരന്റെ കാര്യം വളരെ ദയനീയമാണ്‌. പണമില്ലായ്മ, ഭക്ഷണമില്ലായ്മ, പാര്‍പ്പിടമില്ലായ്മ എന്നീ ദാരിദ്ര്യങ്ങള്‍ കൂടാതെ പുറത്തു പറയാനാവാത്ത ലിംഗദാരിദ്ര്യവും അവന്‍ അനുഭവിക്കുന്നു. പ്രഭാകരന്റെ നിത്യശല്യം ലിംഗദാരിദ്ര്യമാണ്‌. നാടുനന്നാക്കുന്നതും ആലോചിച്ചുനടക്കുന്ന പ്രഭാകരന്‍ മദ്യംനല്കിയ സ്വാതന്ത്ര്യത്തില്‍ വിളിച്ചുപറയുന്നതു കേള്‍ക്കുക:

"എനിക്കു മരിക്കണ്ട ... എനിക്കൊരു പെണ്ണിന്റെ കൂടെ ഒന്നു കിടക്കണം..." ശ്രീധരന്‍ തത്ത്വചിന്തകനെപ്പോലെ ചോദിക്കുന്നു:
"പെണ്ണ്‌! എന്താണൊരു പെണ്ണ്‌?"
പ്രഭാകരന്റെ ഉത്തരമാണ്‌: "യോനി... മുല... ചുണ്ട്‌... കണ്ണ്‌... മൂക്ക്‌... ഇതാണ്‌ പെണ്ണ്‌... എനിക്കൊരു പെണ്ണിനെ വേണം." അവന്‍ പൂഴിയില്‍ തലയിട്ടടിച്ച്‌ നിലവിളിച്ചു(26).

പക്ഷെ നിന്റെ ആശ നടക്കില്ല, വെറുതെ വാശിപിടിക്കേണ്ട എന്ന്‌ ശ്രീധരന്‍. രതി എന്നത്‌ അന്യയായ മറ്റൊരു മനുഷ്യവ്യക്തിയെ സമീപിച്ചും അവളെ ആശ്രയിച്ചും സാധിക്കേണ്ട സംഗതിയാണ്‌. സംതൃപ്തിക്കു മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്നു എന്ന പോരായ്മ രതിയെ അസാദ്ധ്യവും ദുസ്സഹവുമാക്കുന്നു. എല്ലാ താത്ത്വികപ്രശ്നങ്ങള്‍ക്കും ഉത്തരം പറയാന്‍ സദാചാരസംഹിതകള്‍ക്കു കഴിയും. എന്നാല്‍ തൊഴിലില്ലാത്തവരും അസമര്‍ത്ഥരുമായ അവിവാഹിതര്‍ കാമത്തിന്‌ എന്തുചെയ്യും? "ലോകത്തിലെ ഏറ്റവും പ്രാചീനമായ തൊഴില്‍" എന്ന്‌ ഉത്തരം. എന്നാല്‍ കഥയിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ചെയ്തത്‌ അതല്ല, തിരക്കുകൂടിയ "ലോകനാര്‍കാവ്‌-പൂഴിത്തല ബസ്സില്‍ കയറി മാഹിയിലെത്തുന്നതുവരെ സ്ത്രീകളുടെ നിതംബത്തോട്‌ പററിച്ചേര്‍ന്ന്‌ നില്‍ക്കുകയാണ്‌(24-25)." ഇന്നത്തെ നിയമപശ്ചാത്തലത്തില്‍ ആ യാത്ര സ്ത്രീപീഡനമാകുമെങ്കിലും കഥയിലെ അവതരണത്തില്‍ അത്‌ ദയനീയമായ കാഴ്ചയായിരുന്നു.

സ്ത്രീകളോട്‌ ശ്രീധരന്‌ എന്തോ ഒരു അകല്‍ച്ചയാണ്‌. നഗരത്തില്‍ ഒരു പാര്‍ക്കിലിരിക്കുമ്പോള്‍ കുറെ പെണ്‍കുട്ടികള്‍ സംഘംചേര്‍ന്ന്‌ അവന്റെ മുമ്പില്‍ വന്നിരുന്നു. കുറെ നേരം അവന്‍ വെറുതെ അവരെ നോക്കി. ഒടുവില്‍ ഒരുത്തി അടുത്തുവന്നിരുന്നു. അവന്‍ അല്പം മാറിയിരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവളുടെ ശരീരത്തിന്റെ ഗന്ധം അത്ര ലഹരിപിടിപ്പിക്കുന്നതായിരുന്നില്ല എന്ന്‌ അവനു തോന്നുന്നു. അവന്‍ കുറച്ചകലെ മാറിയിരുന്നു. താഴെയിരിക്കുന്ന ചിലര്‍ ഒളികണ്ണിട്ടു ശ്രദ്ധിക്കുന്നതില്‍ അസഹ്യത തോന്നിയപ്പോള്‍ അവന്‍ തിരക്കുഴിയിലേക്കു നടന്നു. പിന്നാലെ പെണ്‍കുട്ടികളും. അവന്‍ ചോദ്യഭാവത്തില്‍ തിരിഞ്ഞുനിന്നപ്പോള്‍ അവര്‍ ചിതറിപ്പോയി. പിന്നീട്‌ "കോയീ ചാവല്‍ ഖാനേവാലാ മദ്രാസി..." എന്നും പറഞ്ഞ്‌ പൊട്ടിച്ചിരിച്ചുകൊണ്ട്‌ കൂട്ടമായി അകലുകയാണ്‌(61-62). ഒന്നിനുംകൊള്ളാത്തവനാണ്‌ എന്ന്‌ തോന്നിയിരിക്കണം. അവരിലൊരുത്തിയെ വേണമെങ്കില്‍ പോലും അവന്റെ കൈയില്‍ പണമില്ല, പണമുണ്ടെങ്കില്‍ സമ്പ്രദായം അറിയില്ല. പതിവറിഞ്ഞാലും അവരുടെ ഗന്ധം അവനു പിടിക്കുകയില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ്‌ അവന്‍ ഭോഗിക്കുന്നത്‌, സാമാന്യം ഭേദപ്പെട്ട ഒരു രതിത്തൊഴില്‍ക്കാരിയുടെ കൂടെ. കള്ളക്കടത്തുകാരുടെ സംഘത്തില്‍ ചേരുന്നതിനു തൊട്ടുമുമ്പെ, അതിനൊരു കൈക്കൂലി എന്ന മട്ടില്‍ നാരാണേട്ടന്‍ അവനെ ഒരു കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയതായിരുന്നു. അതവന്റെ ആദ്യാനുഭവമാകണം, കാരണം മുറിയിലെ പട്ടുസാരിയുടുത്ത യുവതിയുടെ ശരീരത്തില്‍ അവന്‍ "ഭയാനകമായ ഒരു നിഗൂഢത" ദര്‍ശിക്കുന്നു(82). അവര്‍ ഏറെനേരം കെട്ടുപിണഞ്ഞ്‌ കട്ടിലിലൂടെ ഉരുളുകയും ഒടുവില്‍ നഗ്നത മറയ്ക്കാതെ ബോധമറ്റ്‌ മയങ്ങുകയും ചെയ്തു. ഉറക്കത്തില്‍നിന്ന്‌ ഉണര്‍ന്നപ്പോള്‍ ദൈവികമായ ഒരു ദൃശ്യം അവന്‍ കാണുന്നു. അവന്‍ അപ്പോള്‍ നാരാണേട്ടന്റെ മുറിയിലാണ്‌. നാരാണേട്ടന്‍ എഴുന്നേറ്റ്‌ സരസ്വതിയുടെ ചിത്രത്തിനു മുമ്പില്‍ തൊഴുകൈയോടെ നില്ക്കുന്നു. പിന്നെ കണ്ണടച്ച്‌ അയാള്‍ ധ്യാനത്തിന്റെ അഗാധതകളിലേക്കു താഴുന്നു. മാനുഷികമായ സ്ത്രൈണതയില്‍നിന്ന്‌ ദൈവികമായ സ്ത്രൈണതയിലേക്ക്‌ ഒരു കയറ്റം.

മഹാവൃക്ഷമെന്ന രൂപകം

സ്വയം ആവിഷ്കരിക്കാന്‍ ഒട്ടും പരിശീലനം കിട്ടിയിട്ടില്ലാത്ത, താന്‍ കലാകാരനാണെന്ന്‌ തിരിച്ചറിയുകപോലും ചെയ്തിട്ടില്ലാത്ത ഒരു കലാകാരന്റെ സൂക്ഷ്മ നിരീക്ഷണങ്ങള്‍ ശ്രീധരന്റെ പാത്രരചനയിലുണ്ട്‌. പ്രകൃതിയിലും അന്യരിലും തന്നില്‍ത്തന്നെയും വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും അവന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കൊച്ചുവാചകങ്ങള്‍ കൊണ്ട്‌ അവന്‍ സ്വയം വെളിപ്പെടുത്തുന്നു. മൌനത്തിന്റെ സംവേദനശക്തിയെ കാവ്യാത്മകമായി ഉപയോഗിക്കുന്നു. എന്നാല്‍ കഥയോ കവിതയോ പ്രസിദ്ധീകരണരംഗമോ അവന്റെ മനോലോകത്തിലേക്ക്‌ പ്രവേശിച്ചിട്ടേയില്ല. കലാകാരന്മാരോട്‌ അവന്‌ അടുപ്പമില്ല. ബോംബെയില്‍ വെച്ച്‌ അവനെ കാണാന്‍ മുന്‍പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ എത്തുന്നു. ആള്‍ താടിയും മുടിയും നീട്ടിയിട്ടുണ്ട്‌. കവിയാണ്‌, പേര്‌ "എടത്തട്ട" എന്നയാള്‍ സ്വയം പരിചയപ്പെടുത്തുന്നു. എന്തിനാണ്‌ തന്നെ പരിചയപ്പെടാന്‍ ഈ കവി എത്തിയത്‌ എന്ന്‌ ശ്രീധരനും അറിയില്ല. ഒരു പക്ഷെ അയാളും അബ്ദുള്ള പ്രവര്‍ത്തിക്കുന്ന വിപ്ലവസംഘത്തില്‍ അംഗമായിരിക്കാം. കൂടുതല്‍ അന്വേഷണത്തിനു മുതിരാതെ ഏതാനും വാക്കുകളില്‍ ശ്രീധരന്‍ അയാളെ നിരുത്സാഹപ്പെടുത്തി പറഞ്ഞയക്കുന്നു(56). കവി സ്ഥലംവിട്ടപ്പോള്‍ ശ്രീധരന്‌ ആശ്വാസമായി. കവിതയോടോ കവിവേഷങ്ങളോടോ എന്തോ പകപോലെ. ശ്രീധരന്റെ ഈ പ്രതികരണത്തിന്‌ പൊതുവെ നിഷ്ഠുരമായ സാഹിത്യവിമര്‍ശനത്തിന്റെ സ്വഭാവമാണ്‌.

അധീശവര്‍ഗ്ഗങ്ങളുടെ മര്‍ദ്ദനം, ഭരണകൂടത്തിന്റെ മര്‍ദ്ദനം, പോലീസിന്റെ, സൈന്യത്തിന്റെ, മാഫിയയുടെ അങ്ങനെയെല്ലാം കേള്‍ക്കുന്നതാണ്‌. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി, അമൂര്‍ത്തവും അപരിഹാര്യവുമായ ഒരു അക്രമവാസന സാധാരണജനങ്ങളില്‍ ഗാഢമായി ലയിച്ചുകിടക്കുന്നു എന്നും സാമാന്യജനതയുടെ പുറമെ കാണുന്ന കരുണരസം കരകവിയുന്ന നിസ്സഹായത അവരുടെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന അക്രമവാസനയ്ക്ക്‌ മറ മാത്രമാണെന്നും രവിയുടെ നോവല്‍ ധ്വനിപ്പിക്കുന്നു. നഗരത്തില്‍ അഞ്ചു കൊലപാതകം ചെയ്ത മാനസികരോഗിയും (92) സ്വര്‍ണ്ണവ്യാപാരിയുടെ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ ബലാത്സംഗംചെയ്തുകൊന്ന രത്തന്‍സിങ്ങ്‌ എന്ന കൊലപാതകിയും അവനെ അടിച്ചുകൊന്ന ആളുകളും(104) രത്തന്‍സിങ്ങിന്റെ രക്തത്തിന്‌ പകരം ചോദിക്കാനായി നഗരത്തില്‍ കലാപം അഴിച്ചുവിട്ട ആളുകളുമെല്ലാം അക്രമമെന്ന മാതൃഭാഷ സംസാരിക്കുന്നു.

കള്ളക്കടത്തുകാരുടെ കൂട്ടത്തില്‍ ചേര്‍ന്ന ശ്രീധരന്‍ പോലീസിന്റെ പിടിയിലാവുകയും അവന്റെ ഫോട്ടോ ടൈംസ്‌ ഓഫ്‌ ഇന്‍ഡ്യയില്‍ അച്ചടിച്ചുവരികയും ചെയ്യുന്നു. അറസ്റ്റിലായാലും പത്രത്തില്‍ ഫോട്ടോ വന്നതുകൊണ്ട്‌ അവന്‍ ഭാഗ്യവാനാണ്‌ എന്നാണ്‌ കാവല്‍നില്ക്കുന്ന പോലീസുകാരന്റെ അഭിപ്രായം. അറസ്റ്റിലായ ഉടനെ അവനു കുറെ അടിയും തൊഴിയും കിട്ടുന്നുണ്ടെങ്കിലും പോലീസും കോടതിയും അവനോട്‌ അത്ര കടുത്തു പെരുമാറുന്നില്ല. കോടതി അവനെ ശിക്ഷിക്കാതെ വെറുതെ വിടുകയാണ്‌. ആത്മഹത്യചെയ്യാന്‍ ശ്രമിച്ച കരുണനോട്‌, "നിങ്ങള്‍ മലയാളീസിന്‌ എന്തുപറ്റി?" എന്ന്‌ അനുഭാവത്തോടെ തിരക്കുന്ന കന്നഡക്കാരനായ സബ്‌ ഇന്‍സ്പെക്ടര്‍ കാര്‍ക്കശ്യംകുറഞ്ഞ പോലീസിനും കോടതിയ്ക്കും ചേര്‍ന്നവന്‍ തന്നെ. രവിയുടെ ലോകത്തില്‍ ക്രൂരതയുടെ അങ്കക്കലിയുമായി ഇളകിപ്പുറപ്പെടുന്നത്‌ പോലീസോ പട്ടാളമോ മാഫിയയോ അല്ല, ജനക്കൂട്ടമാണ്‌, കലാപലഹരിയില്‍ ഇളകി മറിയുന്ന ജനക്കൂട്ടം. കോടതി ശ്രീധരനെ വെറുതെ വിട്ട ദിവസം മഴവെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന റോഡിലൂടെ നടക്കുമ്പോള്‍ അവന്റെ നെറ്റിയില്‍ ഒരു കല്ലു വന്നുകൊണ്ടു. ദൂരെനിന്നും എന്തോ പൊട്ടിത്തെറിക്കുന്നു. വലിയ ഒരു ജനക്കൂട്ടത്തിന്റെ ആരവം അടുത്തെത്തി. കുന്തവും കഠാരിയുമേന്തിയ ജനക്കൂട്ടം. വീണ്ടും ശക്തിയോടെ ഒരു കല്ല്‌ അവന്റെ നെഞ്ചില്‍ വന്നു വീണു. നോവല്‍ അവസാനിക്കുകയാണ്‌:

"സൂര്യവെളിച്ചത്തെ സ്നേഹിച്ച ഏതോ ഒരു മഹാവൃക്ഷത്തിന്റെ നില വിളിയോടെ അവന്‍ പാതയില്‍ കടപുഴങ്ങിവീണു.
അവന്റെ രക്തത്തിലൂടെ കാലുകളകന്നു...
മനുഷ്യരുടെ എണ്ണമറ്റ കാലുകള്‍...(107)."

സ്വകാര്യമായ ദുഃഖങ്ങളുടെയും സാമൂഹികമായ അകലത്തിന്റെയും വൈയക്തികമായ അവ്യക്തതയുടെയും അസ്തിത്വസമസ്യകളില്‍ ഉഴലുകയായിരുന്നു എന്നു തോന്നിപ്പിച്ച ശ്രീധരന്‌ നോവലിന്റെ അവസാനത്തെ വരികളില്‍ മഹാവൃക്ഷമെന്ന രൂപകത്തിലൂടെ പ്രാകൃതികമായ ജീവചൈതന്യം എന്ന കേവലമായ അര്‍ത്ഥം കൈവരുന്നു. ജനിക്കാനും വളരാനും പെരുകാനും ജീവനിലെ കേവലമായ വാസനകള്‍ അവന്റെ യാത്രകളില്‍ മൂര്‍ത്തരൂപം സ്വീകരിക്കുന്നു. ജൈവമായ നിലനില്പ് ഒന്നുമാത്രമാണ്‌ അവന്റെ ലക്ഷ്യമെന്ന്‌ കഥയുടെ അന്ത്യമാവുമ്പോള്‍ അറിയാം. ചിന്താശക്തിയോ വിശേഷബുദ്ധിയോ ഇല്ലാത്ത ചെടി, അല്ലെങ്കില്‍ ഒരു ജീവി എങ്ങനെ തന്നില്‍ എഴുതപ്പെട്ട വാസനകളാല്‍ അബോധമായി മുന്നോട്ടു നീങ്ങുന്നുവോ, അതേ രീതിയില്‍ നിശ്ചിന്തനായി ശ്രീധരനും മുന്നോട്ടുപോയ്ക്കൊണ്ടിരുന്നു.

കള്ളക്കടത്തുമായി കഴിയുന്നതിനിടയില്‍ ശ്രീധരന്‌ നാട്ടിലേക്കു പോകണം എന്ന ആഗ്രഹം തോന്നിയിരുന്നു(102). കാരണമൊന്നുമില്ലാതെ ഒരു വിചാരം. എന്നാല്‍ ആ തോന്നല്‍ നല്ലതല്ല എന്ന്‌ ജോസഫ്‌. നാട്ടില്‍ അവനെ ആരും കാത്തിരിക്കാനില്ല. ഉഷയെ അവന്‍ പാടേ മറന്നിരുന്നു. ബോംബെയില്‍ എത്തിയതില്‍പ്പിന്നെ ഒരിക്കല്‍പ്പോലും അവന്‍ അവളെ ഓര്‍ത്തിരുന്നില്ല. വീടുവിട്ടിറങ്ങുമ്പോള്‍ ഇനിയൊരിക്കല്‍ തിരിച്ചു വരികയാണെങ്കില്‍ വീണ്ടും എടുക്കാന്‍ എന്നോണം കെടുത്തിയ ഒരു മുട്ടവിളക്ക്‌ അവന്‍ തന്റെ വീടിന്റെ ചുമരില്‍ തൂക്കിയിരുന്നല്ലോ(40), നാട്ടില്‍ അവനെ കാത്തിരിക്കാന്‍ ആ വിളക്കും അടച്ചുപൂട്ടിയ വാതിലും ആളൊഴിഞ്ഞ വീടും മാത്രം. ആളൊഴിഞ്ഞ്‌ ഇരുളില്‍ അടഞ്ഞുകിടക്കുന്ന ആ വീട്‌ ഏതൊരുവനും അവസാനം മടങ്ങിച്ചെല്ലാന്‍ കൊതിക്കുന്ന സ്വന്തം വീടിന്റെ നിറം മങ്ങിയ ഛായാചിത്രം തന്നെ. എന്നാല്‍ ശ്രീധരന്‌ നാട്ടിലേക്കു മടങ്ങാനായില്ല. മരണം ഇടയ്ക്കു കയറിവന്ന്‌ അവന്റെ യാത്ര അവസാനിപ്പിച്ചു.

ശ്രീധരന്‍ മരിക്കാന്‍ ഇടയായ ആ കലാപം ആരുടേതാണ്‌, ആര്‍ക്കെതിരെയാണ്‌ എന്നു രവി പറഞ്ഞിട്ടില്ല. കലാപത്തിന്റെ സ്വഭാവമെന്തെന്നും അറിയില്ല. അത്‌ ഹിന്ദുക്കളുടെ സംഘമാവാം, അല്ലെങ്കില്‍ മുസ്ലിങ്ങളുടെ സംഘമാവാം. ഏതെങ്കിലും ജാതിക്കാരുടെതാവാം. ഒന്നുമല്ലെങ്കില്‍ രാഷ്ട്രീയകക്ഷികളുടെ കലാപമാവാം. മതമോ രാഷ്ട്രീയമോ ഇല്ലാത്ത സമൂഹവിരുദ്ധന്മാര്‍ കൊള്ളയ്ക്കും ബലാത്സംഗത്തിനും മാത്രമായി കരുതിക്കൂട്ടി തുടങ്ങിയ ലഹളയാവാം. പക്ഷം പിടിക്കാനോ, സാധൂകരിക്കാനോ, തുടങ്ങിവെച്ചത്‌ ഞങ്ങളല്ല അവരാണ്‌ എന്നു വാദിക്കാനോ വായനക്കാര്‍ക്ക്‌ ഇടംകൊടുക്കാതെ രവി അക്കാര്യം പറയാതെ വിട്ടിരിക്കുന്നു. കലാപം ആരുണ്ടാക്കി എന്നത്‌ രവിക്കു പ്രശ്നമല്ല. കലാപം നടക്കുന്നു, ഇനിയും നടക്കും എന്നതാണ്‌ പ്രധാനം. കലാപങ്ങളില്‍ ഇങ്ങനെയും ചിലര്‍ മരിച്ചുവീണേക്കാം എന്ന്‌ രവി തന്റെ പതിഞ്ഞ ശബ്ദത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

ഉദ്ധരിച്ച കൃതികള്‍
രവീന്ദ്രന്‍, എ. "ആസ്ഥാനകവി." ചന്ദ്രിക ആഴ്ചപ്പതിപ്പ്‌. 16 ഒക്ടോബര്‍ 1971.
-- --. "ആത്മഗതം." ചന്ദ്രിക ആഴ്ചപ്പതിപ്പ്‌. 23 ഒക്ടോബര്‍ 1971.
-- --. "അതിജീവിച്ച മനുഷ്യന്‍." ദേശാഭിമാനി വാരിക. 10 സപ്തംബര്‍ 1972.
-- --. "തിരിച്ചുപോകുന്നവര്‍." ദേശാഭിമാനി വാരിക. 26 ആഗസ്ത്‌ 1973.
-- --. സ്വദേശത്തേക്കു വീണ്ടും. കോട്ടയം: എന്‍ ബി എസ്‌, 1977.

Subscribe Tharjani |