തര്‍ജ്ജനി

ബാല്യം

കുട്ടികളുടെ പാര്‍ക്കിനരികിലൂടെയാണ്‌ അയാള്‍ എന്നും ഓഫീസില്‍ നിന്ന്‌ മടങ്ങിവരുന്നത്‌. അയാള്‍ വരുമ്പോഴെയ്ക്കും അവിടം വിജനമായിട്ടുണ്ടാവും. അന്നത്തെ കളികളുടെ ബാക്കിയെന്നോണം ഉടഞ്ഞ കുപ്പിവളത്തുണ്ടുകളോ ആരെങ്കിലും മറന്നിട്ടിട്ടു പോയ കളിപ്പാട്ടങ്ങളോ മാത്രമാണ്‌ അയാള്‍ സാധാരണ കാണുന്നത്‌. വല്ലപ്പോഴും മാത്രം നേരം വൈകിയിട്ടും വീട്ടിലേയ്ക്ക്‌ മടങ്ങാതെ വഴക്കുകൂടുന്ന കുട്ടികളും.

പതിവില്ലാതെ അന്നയാള്‍ നേരത്തെ മടങ്ങിയതായിരുന്നു. വളവ്‌ തിരിയുമ്പോള്‍ തന്നെ പാര്‍ക്കില്‍ നിന്നുള്ള ആരവങ്ങള്‍ കേട്ട്‌ അയാള്‍ വേഗത്തില്‍ നടന്നു. പാര്‍ക്കിന്റെ മുന്നിലെത്തുമ്പോള്‍ കണ്ട കാഴ്ച്ചയില്‍ ലയിച്ച്‌ അയാള്‍ അറിയാതെ അവിടെ നിന്നു.

നിറയെ വര്‍ണ്ണങ്ങള്‍... ഊഞ്ഞാലിലും സ്പ്രിംഗ്‌ ഘടിപ്പിച്ച കളിക്കുതിരികളിലും ആര്‍ത്തുവിളിക്കുന്ന കുട്ടികള്‍... മണ്ണില്‍ കിടന്നുരുണ്ടും ഒളിക്കാന്‍ ഇടം തേടിയും ഓടി നടക്കുന്നവര്‍... മനസ്സ്‌ അറിയാതെ സ്വന്തം ബാല്യത്തെ തിരയാന്‍ തുടങ്ങി.

ഇരുട്ടിന്റെ ഒരു തുരുത്തില്‍ നിന്ന്‌ ജനലിന്റെ മരയഴികളില്‍ പിടിച്ച്‌ ചീലാന്തിയിലകള്‍ക്കിടയിലൂടെ വേലിയ്ക്കപ്പുറത്തെ വിജനമായ റോഡിലേയ്ക്ക്‌ നോക്കി നില്‍ക്കുന്ന കുഞ്ഞു മിഴികള്‍. വല്ലപ്പോഴും കടന്നു പോകുന്ന സൈക്കിള്‍ റിക്ഷകളും കാളവണ്ടികളും മാത്രമായിരുന്നു ആ കുട്ടിയുടെ അത്ഭുതക്കാഴ്ച്ചകള്‍. അച്ഛനും അമ്മയും എന്നും രാവിലെ പോകുന്ന പുറം ലോകം അപ്രാപ്യമായ ഒരു സ്വപ്നം പോലെ... കട്ടിലിനടുത്തെ ഷെല്‍ഫില്‍ നിറം മങ്ങിയ കളിപ്പാട്ടങ്ങള്‍ അനാഥമായിക്കിടന്നു.

"അങ്കിള്‍... കളിക്കാന്‍ വാാ‍ാ‍...."
ഓര്‍മ്മകളില്‍ നിന്നയാള്‍ ഉണരുമ്പോള്‍, മുന്നില്‍ ഇളകിമറിയുന്ന കുട്ടിക്കൂട്ടം. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്‌ ചുറ്റുമൊന്ന്‌ നോക്കി, കുട്ടികള്‍ക്ക്‌ നേരെ കൈ വീശി, മറുപടി ഒരു മന്ദസ്മിതത്തിലൊതുക്കി അയാള്‍ നടന്നു. നഷ്ടമായ ബാല്യത്തെക്കുറിച്ച്‌ അയാള്‍ അപ്പോള്‍ ഓര്‍ക്കുന്നുണ്ടായിരുന്നില്ല.