തര്‍ജ്ജനി

കെ. എ. ബീന

Visit Home Page ...

അനുഭവം

മതിലിനുള്ളില്‍

ബഷീറിന്റെ മതിലുകളിലൂടെയാണ് ജയില്‍ ഭീമാകാരംപൂണ്ടു് മനസ്സില്‍ നിറഞ്ഞത്. തീരെ ചെറിയ പ്രായത്തില്‍ എല്ലാത്തിനും വലുപ്പം കൂടുതലായിരിക്കുമല്ലോ...പണ്ടൊക്കെ ഊഞ്ഞാലിനെന്തൊരു വലിപ്പമായിരുന്നു? വീട്ടിനു പുറകിലെ വൈക്കോല്‍ത്തുറുവിന് മലയുടെ വലിപ്പമുണ്ടെന്നു കരുതിയത് ഞാന്‍ മാത്രമാണോ? എല്ലാമെല്ലാം വലുതാകുന്ന ആ കാലത്ത് വായിച്ചപ്പോള്‍ ജയിലിനു വലിപ്പം, ജയില്‍മതിലുകള്ക്ക് ആകാശത്തോളം പൊക്കം....

വായനയുടെ വഴികളില്‍ എന്നും കനത്ത മതില്ക്കെട്ടുകള്‍ തീര്ത്ത അസ്വാതന്ത്ര്യത്തിന്റെ വരികള്‍ ഉണ്ടായിരുന്നു.... ഒരു ജയിലറായിരുന്ന ജരാസന്ധന്‍ തീര്ത്ത ജയില്‍കഥകള്‍... നീതിപീഠവും താ മസിയും.. താമസി ബിമല്‍ റോയ് അഭ്രപാളികളിലെത്തിച്ചപ്പോള്‍ പേര് ബന്ദിനി എന്നായി... ജയില്‍ജീവിതം അനുഭവിക്കുന്ന നായികയുടെ ദുഃഖം ഉള്ളിലേക്ക് സംക്രമിപ്പിച്ച നൂതന്‍ ...

പഞ്ചാഗ്നിയും മതിലുകളും ജയിലിനെ മനസ്സില്‍ പതിപ്പിച്ചത് രണ്ടുതരം വികാരങ്ങളിലൂടെയായിരുന്നു... എസ്. എല്‍. പുരം സദാനന്ദന്റെ അഗ്നിശുദ്ധി, ആയിരം വര്ണ്ണങ്ങള്‍ .... മതില്ക്കെട്ടുകളുടെ നിരവധി വികാരങ്ങള്‍ പങ്കിട്ടു തന്നു.... പൊന്കുന്നം വര്ക്കി മാത്രമല്ല, ആ തലമുറയിലെ ആരാണ് ജയിലിനെ എഴുത്തിന്റെ ഭൂമിക ആക്കാത്തത്?

കലാകാരന്മാര്ക്ക് സ്വാതന്ത്ര്യം പ്രാണവായുവാണ്..

സ്വാതന്ത്ര്യവും സ്നേഹവും തമ്മില്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ സ്വാതന്ത്ര്യമേ തിരഞ്ഞെടുക്കൂ എന്ന് ഓഷോ പറഞ്ഞിട്ടുണ്ട്. ശാരീരികമായി തന്നെ സ്വതന്ത്യമില്ലാതെ കഴിയേണ്ടിവരുന്നതു് ഒരു മനുഷ്യജീവിക്കും സ്വീകാര്യമായിരിക്കില്ലല്ലോ..

ജയില്‍ ആധുനികമനുഷ്യന്റെ കണ്ടുപിടിത്തമല്ല. പഴയനിയമത്തില്‍ ജറുസലേമിലെ ജയിലുകളെക്കുറിച്ചു് പറയുന്നുണ്ടല്ലോ. ബൈബിളില്‍ ഈജിപ്തില്‍ ജോസെഫ് തടവറയില്‍ കിടന്നതിനെപ്പറ്റി പരാമര്ശങ്ങള്‍ ........ സൈബീരിയ, ആന്ഡമാന്‍ ... ചില സ്ഥലനാമങ്ങള്‍ കേട്ടാലെ ജയില്‍ ഓര്മ്മയില്‍..

പൂജപ്പുരജയില്‍..ഓര്മ്മവച്ച കാലംമുതല്‍ അതൊരു സങ്കല്പമാണ്.. സിനിമകള്‍ കാട്ടിത്തന്ന ജയില്‍ .. നീണ്ടൊരു പാതയുടെ അറ്റത്ത് വട്ടത്തില്‍ ഉള്ളൊരു കെട്ടിടം.. അതിനു മുകളില്‍ കാവല്ക്കാരന്‍.. ഉള്ളില്‍ ഉണ്ടും ഉറങ്ങിയും വേദനിച്ചും വേദനിപ്പിച്ചും ഒരുപാടു പേര്‍..
ഒരു നിമിഷത്തെ ചിത്തഭ്രമം കൊണ്ടെത്തിയവര്‍, ഒരുപാടുനാളായി മനുഷ്യത്വം മറന്നു പോയവര്‍, ചതിയിലൂടെ, വഞ്ചനയിലൂടെ ജയിലഴികള്ക്ക് പിന്നിലായവര്‍... അതെന്നും ഒരു വല്ലാത്തലോകം തന്നെയായിരുന്നു..

അവിടേക്ക് ഒരിക്കലും ചെന്നെത്തരുത് എന്നുതന്നെ ആയിരുന്നു എല്ലാ മനുഷ്യരെയും പോലെ എന്റെയും ആഗ്രഹം.. എന്നിട്ടും പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്, ജയിലൊന്ന് കാണണം... അവിടുത്തെ അന്തരീക്ഷം, ജയില്‍ മുറ്റം, മനുഷ്യര്‍,.. പിന്നെ അഴികളിട്ട ആ തടവറകള്‍... വായുവില്‍പ്പോലും നിറയുന്ന പാരതന്ത്ര്യം...

പേടിപ്പെടുത്തുന്ന ഒരോര്മ്മയായി ജയില്‍ എന്നും മനസ്സില്‍....

എന്നിട്ട്...

ഞാന്‍ ജയിലില്‍ പോയി...കഴിഞ്ഞ ആഴ്ച..

പൂജപ്പുര ജയില്‍മതിലിനു പുറത്ത് കൂടി കാറില്‍ പോകുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ഓര്മ്മവന്നു.. ഒന്ന് മതിലുകളില്‍ ബഷീറും നാരായണിയും സ്നേഹം പങ്കുവച്ചത്.. ഈയിടെ ഫോട്ടോഗ്രാഫര്‍ എന്‍. എ. നസീറിന്റെ അനുഭവക്കുറിപ്പുകള്‍ വായിച്ചപ്പോള്‍ ഇടുക്കി ഡാമിന്റെ ഭീമന്‍ മതിലിനുചുവട്ടില്‍ കാതോര്ത്തു ശബ്ദം കേട്ടതിനെ കുറിച്ചുമോര്ത്തു.... ആ ശബ്ദം വന്യമായ ഒന്നായിരുന്നു.. നാശത്തിന്റെ മഹാകാഹളം..

ജയിലിനു മുന്നില്‍ കാര്‍ നിന്നു.... ഭീമന്‍ഗേറ്റ് ... ഒരു ചെറിയ ഗേറ്റ് ഉണ്ട്.. ആളുകള്ക്ക് കയറാനും ഇറങ്ങാനും.... ഞാന്‍ പോയ കാറിനു മുന്നില്‍ ആ വലിയ ഗേറ്റ് തുറന്നു വന്നു.. ജീപ്പ് അകത്തേക്ക്...

ഞാനൊന്നു വിറച്ചു.. ആകാശം മുട്ടുന്നൊരു മതില്ക്കെട്ട്.. അതിനുള്ളിലായി ഞാന്‍ .... പുറത്ത് ലോകം പറവകളെപ്പോലെ.. അകത്തു നിറഞ്ഞുകവിയുന്ന തടവിന്റെ ഭീതിദമായ അസ്വസ്ഥത... ചിറകുകള്‍ മുറിഞ്ഞുപോയതുപോലെ ...

ജയില്‍സൂപ്രണ്ട് സന്തോഷ് പൂച്ചെണ്ടുമായി വന്നു... ജയില്‍ദിനാഘോഷം പൊടി പൊടിക്കുകയാണ്.. എങ്ങും ചിമ്മുന്ന പലനിറംവിളക്കുകള്‍.. നിരവധി നിറങ്ങളില്‍ പാറിപ്പറക്കുന്ന പതാകകള്‍., വര്ണ്ണനക്ഷത്രങ്ങള്‍.. നക്ഷത്രവിളക്കുകള്‍.. ഒരാള്‍ പാടുന്നു... മനോഹരമായി.. വേദിയില്‍ പ്രശസ്തര്‍, മന്ത്രിയും ഡപ്യൂട്ടി സ്പീക്കറും.. സിനിമാസംവിധായകന്‍, എഴുത്തുകാരുടെ പ്രതിനിധിയായിട്ടാണ് ഞാനെത്തിയിരിക്കുന്നത്....

ഇങ്ങനെ ഒരു ആഘോഷം ആദ്യമെന്നു സ്വാഗതപ്രസംഗത്തില്‍....

പുതിയ ജയില്‍ചിന്തകള്‍ ആണ് ഇത്തരം പരിപാടികള്ക്ക് പിന്നിലെന്ന് സൂപ്രണ്ട് സന്തോഷ്.... ഞാന്‍ അന്തംവിട്ടു് ഇരുന്നു... 300ഓളം വരുന്ന പുരുഷതടവുകാര്‍.. ഒരു സ്ത്രീയായി ഞാന്‍.... എന്താണ് പ്രസംഗിക്കുക..

എല്ലാവരും ഉപദേശങ്ങളുടെ കൊട്ടകള് അഴിച്ചുവാരിച്ചൊരിഞ്ഞുകഴിഞ്ഞു.... ഇനിയെന്താണ് പറയുക.... ഈ പുരുഷന്മാരുടെ അസ്വതന്ത്രലോകത്ത് ഞാന്‍ എന്തിനുവന്നു..?

പേര് വിളിച്ചപ്പോള്‍ ഞാന്‍ സ്വയം പഴിച്ചു..

മൈക്കിനു മുന്നില്‍ വാക്കുകള്ക്ക് തട്ടും തടവും..

".എനിക്ക് ഒന്നറിയാം.. ഇവിടെ കഴിയുന്ന നിങ്ങളെക്കാള്‍ അക്രമികളും ക്രൂരരും അസ്വസ്ഥരുമാണ് പുറത്തു കഴിയുന്ന ഞങ്ങള്‍.... സാഹചര്യം നിങ്ങളെ ഇവിടെ എത്തിച്ചു.... ഭാഗ്യം കൊണ്ട് ഞങ്ങള്‍ പുറത്ത്..."

നിലയ്ക്കാത്ത കരഘോഷം..

പിന്നെ ഞാന്‍ പറഞ്ഞതൊക്കെ സ്നേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു.... അവര്‍ സ്വീകരിച്ചതും അങ്ങനെ തന്നെ..

ഓരോ മുഖവും എന്നോട് പറയുന്നുണ്ടായിരുന്നു.. ഇങ്ങനെ ആകാന്‍ ഞങ്ങള്ക്കിഷ്ടമല്ലായിരുന്നു... ഓരോ മനസ്സും മുരണ്ടു... ഞങ്ങളും മനുഷ്യര്‍...
യോഗം കഴിഞ്ഞിറങ്ങുമ്പോള്‍ പലരും വന്നു പറഞ്ഞു..... ഇപ്പോള്‍ ഒരുപാടു് ആശ്വാസം തോന്നുന്നു.... പുറത്തിറങ്ങിയാലും ഞങ്ങളെ ഇത് പോലെ എല്ലാവരും കരുതുമായിരുന്നെങ്കില്‍..

സൂപ്രണ്ട് പറഞ്ഞു ...
"ജയിലുകള്‍ ആരംഭിച്ചത് തെറ്റുകള്‍ ചെയാന്‍തോന്നുന്ന മാനസികനില മാറ്റാനുള്ള ധ്യാനകേന്ദ്രങ്ങളായിട്ടാണ്.... പിന്നീടവ ക്രിമിനല്‍ പരിശീലനകേന്ദ്രങ്ങളായി പോവുകയിരുന്നു..

ജയിലുകള്‍ ഇന്ന് പരിവര്ത്തനത്തിന്റെ പാതയിലാണ്.... തടവുപുള്ളികളെ മാനസികമായി ഔന്നത്യത്തില്‍ എത്തിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നു.."

ഞാന്‍ ആ നിലാവുള്ള രാത്രിയില്‍ ജയിനുള്ളില്‍ ഒരു മാത്ര കണ്ണടച്ചുനിന്നു് എന്നെത്തന്നെ നോക്കി.... വല്ലാതെ പേടിയായി.... മനസ്സിന്റെ നിമിഷനേരത്തെ വിഭ്രമങ്ങള്‍... അത് മാറ്റിമറിക്കുന്ന ജീവിതചിത്രങ്ങള്‍...

എത്ര പൊക്കം ഈ സെല്ലിന്,

എന്തൊരു വലിയ മതില്‍ ...

എന്താണീ ജീവിതം ....അകത്തുള്ളവര്‍, പുറത്തുള്ളവര്‍... ആരാണ് ശരി, ആരാണ് തെറ്റ് ?
ജയിലിലെ മരവിച്ച കാറ്റ് വീശാന്‍ മടിച്ചു് ശ്വാസംമുട്ടിനിന്നു ...

അപ്പോള്‍ എന്റെ മുന്നില്‍ ജയിലിന്റെ കൂറ്റന്‍ വാതില്‍ തുറന്നു.... പുറംലോകം ശരിയുടെ വലിയ വായോടെ എന്നെ വിഴുങ്ങി..

രാത്രി ഉറക്കം എന്നെ വിട്ടു പോയി.. ടെറസ്സില്‍ ആകാശം കണ്ടുകിടന്നു.... ശരി, തെറ്റ്, തെറ്റ്, ശരി... ഉത്തരങ്ങള്ക്കുവേണ്ടി ഞാന്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുതളര്ന്നു..

Subscribe Tharjani |
Submitted by sarala potteckat (not verified) on Mon, 2012-01-09 18:48.

എന്താണീ ജീവിതം ....അകത്തുള്ളവര്‍, പുറത്തുള്ളവര്‍... ആരാണ് ശരി, ആരാണ് തെറ്റ് ?

Submitted by roy netto (not verified) on Sat, 2012-01-21 12:51.

Really touching!

Submitted by Reeni Mambalam (not verified) on Sun, 2012-01-22 23:55.

നല്ല ആര്‍ട്ടിക്കിള്‍ ബീന!അഴിക്കുള്ളില്‍ കിടക്കുന്നവര്‍ക്കും പുറത്തുകഴിയുന്നവര്‍ക്കും വേണ്ടത് അല്പം സ്നേഹം പുരണ്ട വാക്കുകളാണ്. നിങ്ങള്‍ക്കത് കൊടുക്കാനായല്ലോ!

Submitted by p s (not verified) on Fri, 2012-01-27 18:17.

നന്നായി........