തര്‍ജ്ജനി

വി. കെ. ആദര്‍ശ്

ഇ-മെയില്‍:adarshpillai@gmail.com

വെബ്:www.adarshpillai.in

Visit Home Page ...

ലേഖനം

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ജനാധിപത്യം

പോയവര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്, വിവിധ ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ നിന്നും മറ്റും നിറഞ്ഞ് നിന്ന് ചര്‍ച്ചയായ പല വിഷയങ്ങളും നിരത്തുകളിലേക്ക് ഇറങ്ങി, അതാത് ഭരണകൂടങ്ങള്‍ക്ക് താക്കീതാവുന്ന തരത്തില്‍ ഒരു സാമൂഹികമാറ്റമായി മാറി എന്നതാണ്. ജനാധിപത്യബോധം തൊട്ടുതീണ്ടാത്ത സേച്ഛാധിപതികളായ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം ഇത് കണ്‍‌മുന്നില്‍ നടന്ന, ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത വിപ്ലവം തന്നെയായിരുന്നു. 2011 ഡിസംബറില്‍ ട്യുണീഷ്യയില്‍ നിന്നാരംഭിച്ച ഈ കൂട്ടായ്മ അവിടെ നിന്ന് ഈജിപ്‌റ്റ്, ലിബിയ, യമന്‍ ,സിറിയ എന്നീ രാജ്യങ്ങളെയും പിടിച്ച് കുലുക്കി. ചില രാജ്യങ്ങളില്‍ അധികാരത്തില്‍ അമര്‍ന്നിരുന്നവര്‍ കൊല്ലപ്പെടുക പോലും ചെയ്തു. അവരുടെ മരണചിത്രങ്ങളും വാര്‍ത്തയും വര്‍ദ്ധിച്ച സന്തോഷത്തോടെ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് മാദ്ധ്യമങ്ങള്‍വഴി പങ്കിട്ട് ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ സൈബര്‍വഴികളിലൂടെ നടത്തിയ ഈ ഒരുമ യഥാര്‍ത്ഥസ്വാതന്ത്ര്യത്തിലേക്ക് എത്തുമോ അതോ അരാജകത്വം സൃഷ്ടിക്കുമോ എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല. കാരണം ഒരു നേതാവോ അല്ലെങ്കില്‍ സുശക്തമായ ആശയ പിന്തുണ ഉള്ള ഒരു നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം അല്ല ഇവര്‍ നിരത്തിലേക്ക് ഇറങ്ങിയതും ഒത്തുചേര്‍ന്ന് അടരാടിയതും. പലപ്പോഴും കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമെതിരെ പ്രയോഗിക്കുന്നതിന്റെ വിശദവിവരണം ഇന്റര്‍നെറ്റിലെത്തുന്നത് പരസ്പരം കൈമാറുകയും അവസാനം ആ കൂട്ടായ്മ വികസിക്കുന്നതിനൊപ്പം തന്നെ സമാനമായ അനുഭവം പല സാധാരണക്കാരും ഇതേ പ്ലാറ്റ്ഫോമില്‍ എത്തിക്കുകയും ചെയ്യുന്നു, എത്തുന്ന കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ അതാത് ഭരണകൂടഭീകരതയുടെ നേര്‍ചിത്രങ്ങളായിരുന്നു.

അറബ് വസന്തമെന്നോ അല്ലെങ്കില്‍ മുല്ലപ്പൂവിപ്ലവമെന്നോ അറിയപ്പെടുന്ന ഈ മാറ്റത്തിന്റെ തുടക്കം തന്നെ ഉദാഹരണം. തെരുവീഥിയില്‍ കച്ചവടം നടത്താന്‍ അനുമതി നിഷേധിച്ചതില്‍ മനം‌നൊന്ത് മുഹമ്മദ് ബൌസി എന്ന യുവാവ് ആത്മാഹുതി ചെയ്തിടത്താണ് ടുണീഷ്യയിലെ വിപ്ലവത്തുടക്കം. ഇത്തരം ദുരന്തക്കാഴ്ചകളുടെ വിവരണപാഠങ്ങള്‍ക്കോ വീഡിയോയ്ക്കോ ഇന്ന് ആയിരം വെടിയുണ്ടകളെക്കാള്‍ പ്രഹരശേഷി ഉണ്ടെന്ന് ഭരണകൂടങ്ങള്‍ തിരിച്ചറിയുന്നു. ലിബിയന്‍ സേച്ഛാധിപതി ഗദ്ദാഫിയുടെ ജീവനെടുക്കുന്ന തരത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് കൂട്ടായ്മകള്‍ കരുത്തറിയിച്ചു. ഒരു പക്ഷെ ഈ ഇന്റര്‍നെറ്റ് ചെറുപ്പക്കാര്‍ വെറുതെ സമയം കളയുകയാണന്നും തികഞ്ഞ അരാഷ്‌ട്രീയവാദികള്‍ ആണെന്നുമുള്ള ആരോപണങ്ങളുടെ ചോദ്യമുന ഒടിക്കുന്ന തരത്തിലായിരുന്നു ഈ മാറ്റങ്ങളെല്ലാം. സൂക്ഷ്മവായനയില്‍ ഇപ്പോഴും അരാഷ്‌ട്രീയവാദം എന്ന ആരോപണം ഒരു പരിധിവരെയെങ്കിലും ശരിയാണങ്കിലും.

ഈ സൈബര്‍ - പൊതുനിരത്ത് ജനക്കൂട്ടം സേച്ഛാധിപതികള്‍ക്ക് മാത്രമല്ല അപായമണി ഉയര്‍ത്തിയത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മൂലധനവിപണിയുടെയും മെക്കയായ അമേരിക്കയിലെ വാള്‍‌സ്‌ട്രീറ്റില്‍ ഒത്തുകൂടിയത് ഒരു തരത്തില്‍ കൈയ്യടക്കല്‍ സമരം തന്നെയായിരുന്നു, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ. occupy Wallstreat എന്ന് പേരിട്ട ഈ സമരം അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്പന്നാനുകൂലനയങ്ങള്‍ക്ക് എതിരായിരുന്നു. ഒരു പക്ഷെ ഈ ഒരു സമരം അമേരിക്കയില്‍ നിന്ന് വന്നത് നല്ല മാറ്റങ്ങള്‍ക്ക് ലോകമാകമാനം തുടക്കമിടും എന്ന് കരുതാം. ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കിവരുകയും അതേ നയം അനുസരിച്ച് തന്നെ അതിസമ്പന്നര്‍ക്ക് വാരിക്കോരി ഇളവ് നല്‍കുകയും ചെയ്യുന്ന അമേരിക്കന്‍ നയത്തിന് മാത്രമല്ല ഇതേ പാതയില്‍ അതിവേഗം ബഹുദൂരം നീങ്ങുന്ന പല സര്‍ക്കാരുകള്‍ക്കും വരുംനാളില്‍ തലവേദനയാകും എന്നതില്‍ തര്‍ക്കമില്ല. ഒന്നിനെതിരെ തൊണ്ണൂറ്റൊമ്പത് (99 Vs 1) എന്നാണ് വാള്‍‌സ്ട്രീറ്റ് പ്രക്ഷോഭത്തെ നെറ്റിസണ്‍മാരും മാദ്ധ്യമങ്ങളും വിളിച്ചത്. അതായത് സര്‍ക്കാരിന്റെ നയംമാറ്റനേട്ടങ്ങള്‍ എല്ലാം കേവലം അതിസമ്പന്നവെണ്ണപ്പാളിയായ ഒരു ശതമാനത്തിന് മാത്രമാണ് പ്രയോജനപ്പെടുന്നതെന്ന് എന്ന തിരിച്ചറിവിന്റെ സമരം.

ഇനി ഇത് ഇന്ത്യയിലേക്ക് വന്നാല്‍ മറ്റൊരുതരത്തിലാണ് ഭരണകൂടഅപ്രീതിക്ക് പാത്രമാകുന്നതെന്ന് കാണാം. അണ്ണാഹസാരെ ടീം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെയും എസ് എം എസ് ചാനലുകളെയും സമര്‍ത്ഥമായി ഉപയോഗിച്ചാണ് വിപുലമായ രീതിയില്‍ ആളിനെക്കൂട്ടി സമരാഗ്നി പടര്‍ത്തിയത്. തികച്ചും അരാഷ്ട്രീയമായ ജനക്കൂട്ടമെന്ന് പലതരത്തിലും വിവക്ഷിക്കാമെങ്കിലും അടുത്ത കാലത്ത് ഉയര്‍ന്ന കേട്ട ലക്ഷം കോടി അഴിമതി കഥകളില്‍ മനം‌നൊന്ത സാധാരണക്കാര്‍ ഒരുമിക്കുന്ന കാഴ്ചയാണ് നമ്മുടെ നാട്ടില്‍ കണ്ടത്. ഒരു പക്ഷെ വര്‍ഷം പൊലിയുമ്പോള്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഒരു വര്‍ത്തമാനവും നമ്മള്‍ കേന്ദ്രമന്ത്രിയില്‍ നിന്ന് അറിയാനിടയായി. ഫേസ്‌ബുക്ക്, ട്വിറ്റര്‍ , ഗൂഗിള്‍ പ്ലസ്, യൂ ട്യൂബ് തുടങ്ങിയ വിവരപങ്കിടല്‍ സൈറ്റുകളില്‍ ഉള്ളടക്കനിയന്ത്രണം വേണമെന്ന് !

വാള്‍‌സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ നിന്ന് കയ്പുനീരിന്റെ രുചിയറിഞ്ഞ അമേരിക്ക പോലും ചെയ്യാത്ത കൃത്യം ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയുന്ന ഇന്ത്യയില്‍ നിന്ന് വന്നതില്‍ കുപിതരായ സൈബര്‍ജനക്കൂട്ടം ഇതിനെതിരെ തല്‍‌ക്ഷണം പ്രതിഷേധിച്ചു എന്നിടത്ത് തീര്‍ക്കാനാകുമോ? യഥാര്‍ത്ഥപ്രശ്നം കാത്തിരുന്ന് കാണാം. എതായാലും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഇരുതലമൂര്‍ച്ചയുള്ള വാളാണ്. അത് എങ്ങനെ ഉപയോഗിക്കുന്നു ആര്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്റര്‍നെറ്റ് കൂട്ടായ്മകളുടെ ഭാവി. ഏതായാലും ഒരു കാര്യം ഉറപ്പാണ് സേച്ഛാധിപതികളായാലും ജനാധിപത്യസര്‍ക്കാരുകളായാലും ഈ ജനക്കൂ‍ട്ടത്തെ അവഗണിക്കാനാവില്ല. പക്ഷെ ഈ അവസരം ഏത് തരത്തില്‍ പ്രയോജനപ്പെടുത്തും എന്നതിനെ ആശ്രയിച്ച് മാത്രമേ ഇതിനെ ഒരു വിപ്ലവം എന്ന് വിളിക്കാനാകൂ. വിപ്ലവം എന്നത് കേവലം ഒരു വാക്കല്ലല്ലോ?

Subscribe Tharjani |
Submitted by faisalbava (not verified) on Wed, 2012-01-18 13:11.

വളരെ പ്രയോജനകരമായ ലേഖനം, സോഷ്യല്‍ നെറ്റ്വര്‍ക്ക് മേഖലയില്‍ വിഹരിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനം. ലേഖകന് അഭിനന്ദനങ്ങള്‍.

Submitted by Sapna George (not verified) on Thu, 2012-01-19 10:20.

നല്ല ഒരു വായന ആദര്‍ശ്