തര്‍ജ്ജനി

മുഖമൊഴി

സ്നേഹം, സേവനം പിന്നെ ചൂഷണവും

കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലിചെയ്യുന്ന നേഴ്‌സിംഗ് ജീവനക്കാര്‍ വേതനവര്‍ദ്ധനവിനായി നടത്തിയ സമരം മാനേജ്‌മെന്റിന്റെ ആളുകള്‍ നേരിട്ട രീതി കഴിഞ്ഞമാസം പത്രവാര്‍ത്തയായിരുന്നു. ഈ മെഡിക്കല്‍ കോളേജ് സ്വകാര്യമേഖലയിലുള്ളതാണ്. അവരുടെ ആശുപത്രിയും സ്വകാര്യമേഖലയിലാണ്. എന്നാല്‍ അവിടത്തെ അദ്ധ്യാപകരുടെയും നേഴ്‌സിംഗ് വിഭാഗം ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും സേവനവേതനവ്യവസ്ഥകള്‍ ആരാണ് നിശ്ചയിക്കുന്നത്, എന്താണ് ഇതിന്റെ മാനദണ്ഡം എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഒരു സമരമായിരുന്നു അത്. വാസ്തവത്തില്‍ സേവനമേഖലയിലെ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ എന്തെന്ന് നിശ്ചയിച്ചുകൊണ്ടുള്ള വല്ല നിയമവും കേരളത്തില്‍ നടപ്പിലുണ്ടോ എന്നതാണ് ആര്‍ക്കും അറിയാത്ത വിഷയം. ആതുരശുശ്രൂഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് സേവനസന്നദ്ധരായി സ്വകാര്യസംരംഭകര്‍ തിക്കിത്തിരക്കിയെത്തുന്നത്. ഇവരാരുംതന്നെ സേവനം ലക്ഷ്യമാക്കിയല്ല, ലാഭം നോക്കിയാണ് രംഗത്തിറങ്ങുന്നതെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം. ആത്മീയതയുടെ പുറംപൂച്ചുള്ള സംഘടനകള്‍ മുതല്‍ സാക്ഷാല്‍ കച്ചവടക്കാര്‍വരെ സേവനമേഖലയില്‍ ഞാനാദ്യം എന്ന് ചാടിയിറങ്ങുന്നതിന്റെ രഹസ്യവും പരസ്യമാണ്. കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ലാഭം ആകാവുത്ര എളുപ്പത്തില്‍ എന്നതാണല്ലോ കച്ചവടത്തിന്റെ ന്യായം. അതേ ന്യായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മീയതക്കാരായാലും നവോത്ഥാനസംഘടനക്കാരായാലും ആരായാലും കച്ചവടക്കാര്‍ തന്നെയാണ്. തങ്ങള്‍ കൊയ്യുന്ന ലാഭത്തില്‍ ഒരല്പം പോലും നഷ്ടപ്പെടുത്താന്‍ തയ്യാറല്ലാത്ത ഇത്തരം കച്ചവടക്കാര്‍ കണ്ണില്‍ ചോരയില്ലാതെ പെരുമാറും. അതാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്‌സിംഗ് ജീവനക്കാരുടെ സമരത്തില്‍ നാം കണ്ടത്.

കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നേഴ്‌സിംഗ് ജീവനക്കാരുടെ സമരത്തെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. തുച്ഛമായ വേതനമാണ് സര്‍ക്കാര്‍ സര്‍വ്വീസിലെ തത്തുല്യജോലിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ അമൃതാനന്ദമയിയുടെ പേരിലുള്ള ഈ സ്ഥാപനത്തിലെ നേഴ്‌സുമാര്‍ക്ക് നല്കിപ്പോന്നിരുന്നത്. സൂപ്പര്‍ സെ്പഷ്യാലിറ്റി ആശുപത്രി എന്ന പേരില്‍ പ്രശസ്തമായ ഈ സ്ഥാപനത്തില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് തുച്ഛമായ വേതനമേ നല്കുന്നുള്ളൂവെങ്കിലും ഈ സ്ഥാപനം നല്കുന്ന സേവനത്തിനെല്ലാം തുച്ഛമല്ലാത്ത തുക പ്രതിഫലമായി ഇവര്‍ വാങ്ങുന്നുണ്ട്. ഇവര്‍ മാത്രമല്ല എല്ലാ സ്വകാര്യ ആശുപത്രികളും ബില്ലിന്റെ കാര്യത്തില്‍ സേവനത്തെക്കാള്‍ പണം പ്രധാനമായി കണക്കാക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവരുടേതിനേക്കാള്‍ നാലിലൊന്നോ അതില്‍ കുറവോ വേതനം പറ്റുന്ന ജീവനക്കാര്‍ മെച്ചപ്പെട്ട സേവന-വേതനവ്യവസ്ഥകള്‍ക്കായി എറെ നാളുകളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനായി അവര്‍ ഒരു സംഘടന രൂപീകരിച്ചു. യുനൈറ്റഡ് നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ എന്നായിരുന്നു സംഘടനയുടെ പേര്. മൂന്നൂറോളം നേഴ്‌സുമാര്‍ ഈ സംഘടനയില്‍ അംഗത്വമെടുത്തു. അതോടെ സംഘടനയുടെ യൂനിറ്റ് പ്രസിഡന്റ് ശ്രീകുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. മെച്ചപ്പെട്ട സേവന-വേതനവ്യവസ്ഥയ്ക്കും തൊഴില്‍പീഢനത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന സംഘടനാഭാരവാഹികളെ ചര്‍ച്ചയ്ക്കായി മാനേജ്‌മെന്റ് വിളിച്ചുവരുത്തി. ചര്‍ച്ചയെ്ക്കത്തിയ ഭാരവാഹികളെ മുറിക്കകത്ത് അടച്ചുപൂട്ടി മര്‍ദ്ദിക്കുക എന്ന പുത്തന്‍ സേവനരീതിയാണ് ഈ മെഡിക്കല്‍ കോളേജും അതിന്റെ ആശുപത്രിയും അതിന്റെ മാനേജ്‌മെന്‍റും കേരളീയസമൂഹത്തിന് നല്കിയ സംഭാവന. ഓര്‍ഗനൈസേഷന്റെ സംസ്ഥാനപ്രസിഡന്റ് ജാസ്മിന്‍ ഷായുടെ കൈ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഒടിഞ്ഞു. തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ദീപുവിന്റെ തുടയെല്ല് പൊട്ടി. ഇതുപോലെ വേറെ രണ്ട് ഭാരവാഹികള്‍ക്കും സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ തല്ലിയവര്‍തന്നെ കാഷ്വാലിറ്റിയിലെത്തിച്ചെങ്കിലും ചികിത്സ തൃപ്തികരമല്ലാത്തതിനാല്‍ ഇവരെ സഹകരണാശുപത്രിയിലേക്ക് മാറ്റി. അതോടെ അഞ്ഞൂറോളം വരുന്ന നഴ്‌സുമാര്‍ പണിമുടക്കി ആശുപത്രിക്കുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി.

കേരളത്തിലെ എണ്ണം പറഞ്ഞ ഒരു സ്വകാര്യമെഡിക്കല്‍ കോളേജിലും അതിന്റെ ആശുപത്രിയിലും നടന്ന കാര്യമാണിത്. ആ കോളേജാവട്ടെ സേ്‌നഹത്തിന്റെയും മാതൃഭാവത്തിന്റേയും പേരില്‍ അറിയപ്പെടുന്ന മാതാ അമൃതാനന്ദമയിയുടെ പേരിലുള്ളതും. അവകാശങ്ങള്‍ നേടിയെടുക്കാനായി സംഘടന രൂപീകരിച്ചവരെ ചര്‍ച്ചയ്ക്കുവിളിച്ച് ഗുണ്ടകളെ ഏല്പിച്ച് മര്‍ദ്ദിച്ചൊതുക്കുന്ന ഒരു രീതി എന്ത് സേ്‌നഹസന്ദേശമാണ് നല്കുന്നത് ? കണ്ണില്‍ ചോരയില്ലാത്ത, അറുത്ത കൈക്ക് ഉപ്പുതേയ്ക്കാത്ത നിഷ്ഠുരന്മാരായ ജന്മികളോ മുതലാളിമാരോ ഇത് ചെയ്തുവെങ്കില്‍ അവരെ പഴിചാരാമായിരുന്നു. പോലീസില്‍ നിന്നും കോടതിയില്‍ നിന്നും കിട്ടാവുന്ന നീതിയെന്തെന്ന് നോക്കാമായിരുന്നു. പാവം നേഴ്‌സ്മക്കള്‍ അര്‍ഹമായ ശമ്പളം ചോദിച്ചാല്‍, തൊഴില്‍ പീഢനത്തിനെതിരെ സംഘടിച്ചാല്‍, അവരെ ഗുണ്ടകള്‍ക്ക് കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുന്നതിലെ ആത്മീയതയും സേ്‌നഹവും മനസ്സിലാക്കാന്‍ പ്രയാസമാണ്.

അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലെ നേഴ്‌സിംഗ് ജീവനക്കാരുടെ സമരം കേരളത്തിലെ സ്വകാര്യമേഖലയിലും സഹകരണമേഖലയിലും പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ ജീവക്കാരുടെ സേവന-വേതനവ്യവസ്ഥകളെക്കുറിച്ച് പൊതുചര്‍ച്ചയ്ക്ക് വഴിതുറക്കേണ്ടതായിരുന്നു. പക്ഷെ, അതുണ്ടായില്ല. രാഷ്ട്രീയപാര്‍ട്ടികളാണ് സഹകരണപ്രസ്ഥാനം കയ്യടക്കിവെച്ചിരിക്കുന്നത്. സഹകരണമേഖലയില്‍ രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്നത് ബാങ്കുകളാണ്. പിന്നീട് ഇത് ലാഭകരമായ വ്യവസായമായ ആശുപത്രികളിലേക്ക് വ്യാപിച്ചു. കണ്ണൂരില്‍ എ. കെ. ജിയുടെ പേരില്‍ സി. പി. എം. ആരംഭിച്ച ആശുപത്രിയായിരുന്നു ഇക്കൂട്ടത്തില്‍ ആദ്യത്തേത്. കാപ്പിത്തോട്ടത്തിലെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കോഫീ വര്‍ക്കേഴ്‌സ് കോപ്പറേറ്റീസ് സൊസൈറ്റി സംഘടിപ്പിക്കുകയും അതിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കോഫീഹൗസ് എന്ന റെസ്റ്റോറന്റ് ചെയിന്‍ ആരംഭിക്കുകയും ചെയ്ത എ. കെ. ഗോപാലന്റെ പേരില്‍ ഒരു സഹകരണസ്ഥാപനം സ്ഥാപിക്കപ്പെടുന്നത് മാതൃകാപരം തന്നെ. എന്നാല്‍ അത്തരം ഒരു സ്ഥാപനം ഇന്ത്യന്‍ കോഫി ഹൗസിലെന്നതുപോലെ തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കേണ്ടതല്ലേ? ജീവനക്കാരുടെ സേവന-വേതനവ്യവസ്ഥയ്ക്ക് മാതൃകാപരമായ തൊഴിലാളിവര്‍ഗ്ഗബദല്‍ കാണിച്ചുകൊടുക്കേണ്ടതായിരുന്നില്ലേ? വാസ്തവത്തില്‍ അത് സഹകരണ ആശുപത്രിയില്‍ ഉണ്ടായോ? അവിടെ സ്വകാര്യാശുപത്രികള്‍ നടത്തുന്നവരുടെ മാതൃകയിലേക്ക് കൂട്ടത്തിലേക്ക് എ. കെ. ഗോപാലന്റെ പേര് ഉപയോഗിക്കുന്നവര്‍ താഴ്ന്നുപോയത് എന്തുകൊണ്ടാണോ അതേ കാരണത്താലാണ് മാതാ അമൃതാനന്ദമയിയുടെ പേരിലുള്ള സ്ഥാപനവും മുകളില്‍ പറഞ്ഞതുപോലെ ഹീനമായ പ്രവര്‍ത്തനത്തിന് മുതിരുന്നത്.

ലാഭകരമായ വ്യവസായങ്ങള്‍ നടത്താനുള്ള സുരക്ഷിതമായ മറയായി രാഷ്ട്രീയവും ആത്മീയതയും മതവും ഉപയോഗിക്കപ്പെടുന്ന അതീവലജ്ജാവഹമായ ഒരു അവസ്ഥ ഇന്ന് കേരളത്തില്‍ പ്രബലമാണ്. നിയമങ്ങള്‍ ലംഘിച്ചും, എന്തിന്, മനുഷ്യാവകാശംപോലും ലംഘിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരും ചോദ്യം ചെയ്യാതിരിക്കാനുള്ള മറയാണ് രാഷ്ട്രീയവും ആത്മീയതയും മതവും എന്നു നാം മനസ്സിലാക്കുന്നു. സേവനമേഖല എന്ന പേരില്‍ അറിയപ്പെടുന്നതെല്ലാം ചൂഷണത്തിന്റേയും കൊള്ളയുടേയും കൂത്തരങ്ങുകളാണ് എന്ന് മനസ്സിലാക്കാന്‍ നാം ബാദ്ധ്യസ്ഥരാവുന്നു.

Subscribe Tharjani |
Submitted by കൊട്ടോട്ടിക്കാരൻ (not verified) on Tue, 2012-01-24 22:22.

രാജ്യത്ത് ഇന്നു നിലവിലുള്ള കച്ചവടങ്ങളില്‍ ഏറ്റവും ലാഭകരവും ഒരിയ്ക്കലും നഷ്ടക്കച്ചവടം സംഭവിക്കാത്തതുമായ ഒരു മേഖലയുണ്ടെങ്കില്‍ അതു മെഡിക്കല്‍ രംഗമാണ്. മനുഷ്യനും അവന്റെ ജീവിതവും അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ അതിനെക്കാള്‍ വേഗത്തില്‍ രോഗവും അതിനുള്ള ചികിത്സാസമ്പ്രദായങ്ങളുംകൂടി വികസിയ്ക്കുന്നുണ്ട്. അപ്പോള്‍ ആരോഗ്യരംഗത്ത് പുരോഗതി പടവലക്കായ പോലെയാണെന്നു പറയുന്നതില്‍ തെറ്റുകാണാന്‍ പറ്റുന്നില്ല. പക്ഷേ ഇവിടെ ആരോഗ്യരംഗം വെറും കച്ചവടമേഖലയാകുമ്പോള്‍ അങ്ങനെ പറയാനും വയ്യ. ഈ കച്ചവടത്തില്‍ ആത്മീയനേതാക്കളും ദൈവങ്ങളുമായവരുള്‍പ്പടെ കൊള്ളലാഭം വാരുമ്പോള്‍ അവര്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്ന നഴ്‌സുമാരെക്കുറിച്ച് അവര്‍ക്കു ചിന്തിക്കാന്‍ കഴിയില്ലെന്നതു നമ്മള്‍ ഓര്‍ത്തിരിയ്ക്കേണ്ട ഒന്നാണ്. പണമെറിഞ്ഞില്ലേല്‍ ഡോക്ടര്‍മാര്‍ അവരുടെ വഴിയ്ക്കു പോകും, പിന്നെ മുതലാളിമാര്‍ക്കു പിഴിയാന്‍ നഴ്‌സുമാരുള്‍പ്പടെയുള്ള ബാക്കി സ്റ്റാഫുകള്‍ മാത്രമേ കാണൂ എന്നത് പരമാര്‍ത്ഥമാണ്.