തര്‍ജ്ജനി

രാജേഷ്‌ ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കടലാസുകപ്പല്‍

കപ്പിത്താന്‍ കോണകത്തിങ്കല്‍

സാറേ, സാറേ സാമ്പാറേ
സാറിന്റെ വീട്ടില്‍ കല്യാണം
അട്ടയെ വെട്ടിയതുപ്പേരി
കോഴിത്തീട്ടം ചമ്മന്തി
“ഇതൊക്കെ പറഞ്ഞുനടക്കാനുള്ള ഉത്സാഹം പഠിക്കുന്ന കാര്യത്തിലുണ്ടായിരുന്നെങ്കില്‍” എന്നു കുട്ടികളോട് ആവര്‍ത്തിച്ചുപറയുന്ന മുതിര്‍ന്നവര്‍ മറന്നിരിക്കും ചെറുപ്പത്തില്‍ തങ്ങള്‍ക്ക് ചീത്തവാക്കുകള്‍ തന്നിരുന്ന ആനന്ദം. ഇതൊക്കെ പറയാനും കേള്‍ക്കാനും കുട്ടികള്‍ക്കുള്ള ഉത്സാഹത്തെ അറിവിലേക്കു വഴിതിരിച്ചുവിടാന്‍ ഏറെ എഴുത്തുകാരൊന്നും ശ്രമിക്കാത്തതിനു പിന്നിലുള്ള കാരണവും അച്ഛനമ്മമാരുടെയും അദ്ധ്യാപകരുടെയും അപ്രീതിയെക്കുറിച്ചുള്ള പേടി തന്നെയായിരിക്കണം. ശരീരവിസര്‍ജ്ജ്യങ്ങളെച്ചൊല്ലി തമാശപറഞ്ഞു ചിരിച്ചുതളരുന്ന പ്രായത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി എഴുതി വ്യാപകമായ കച്ചവടവിജയം നേടിയ ലോകത്താദ്യത്തെ പുസ്തകപരമ്പരയായിരിക്കണം ഡെയ്‌വ് പില്‍ക്കിയുടെ ക്യാപ്റ്റന്‍ അണ്ടര്‍പാന്റ്സ്. ഒന്നരക്കോടി പ്രതി വിറ്റഴിയുന്നതിനുമുമ്പ് അനേകം പ്രസാധകരുടെ തിരസ്കാരം ഏറ്റുവാങ്ങിയ കൃതിയാണിത്.

ജോര്‍ജ് എന്നും ഹാരള്‍ഡ് എന്നും പേരായ കുസൃതികളായ രണ്ടു നാലാംക്ലാസ്സുകാരാണ് ഈ പുസ്തകങ്ങളിലെ നായകന്മാര്‍. പഠിത്തത്തിന്റെ സകല‌ ആനന്ദവും ചോര്‍ത്തിക്കളയുന്നതില്‍ ദത്തശ്രദ്ധരായ അദ്ധ്യാപകരും, ഓരോ കാരണം പറഞ്ഞ് സ്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളെല്ലാം നിരോധിച്ചുകഴിഞ്ഞ ലൈബ്രേറിയനുമുള്‍പ്പെടുന്ന ദുഷ്ടക്കൂട്ടത്തിനുകീഴില്‍ നരകിക്കുന്ന തങ്ങളുടെ സഹപാഠികള്‍ക്കുവായിക്കാന്‍വേണ്ടി ജോര്‍ജും ഹാരള്‍ഡും കൈകൊണ്ടുവരച്ച്, സ്കൂളില്‍ വില്പന നടത്തുന്ന ചിത്രകഥകളിലെ വീരനായകനാണ് ക്യാപ്റ്റന്‍ അണ്ടര്‍പാന്റ്സ്. ദുഷ്ടതയുടെ പര്യായമായ സ്കൂള്‍ പ്രിന്‍സിപ്പലില്‍നിന്നു രക്ഷപ്പെടാനായി അവര്‍ അയാളെ ഹിപ്നോട്ടൈസ് ചെയ്ത് തങ്ങളുടെ ആജ്ഞാനുവര്‍ത്തിയാക്കുകയും അയാള്‍ മേല്‍വസ്ത്രങ്ങളും വെയ്പുമുടിയുമെല്ലാം ഉരിഞ്ഞെറിഞ്ഞ്, താന്‍ ക്യാപ്റ്റനാണെന്നുകരുതി തിന്മയ്ക്കെതിരെ പോരാട്ടത്തിനിറങ്ങുന്നതും കഥയുടെ തുടക്കമേയാകുന്നുള്ളൂ.

മൂക്കളയെയും അടിവസ്ത്രങ്ങളെയും വിയര്‍പ്പിനെയും വിസര്‍ജ്ജ്യങ്ങളെയുംകുറിച്ചുള്ള തമാശകള്‍ ഈ കാഥികന് ഒരു തുടക്കം‌മാത്രമാണെന്നതാണ് വാസ്തവം. പുസ്തകങ്ങളില്‍നിന്നു പുസ്തകങ്ങളിലേക്കു പുരോഗമിക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ രസകരകരമാവുന്ന കഥാസന്ദര്‍ഭങ്ങളാണ് ഇവയെ വമ്പിച്ചവിജയമാക്കുന്നത്. ഫലിതമയമെങ്കിലും ഉദ്വേഗജനകമായ കഥാഗതി, നീളംകുറഞ്ഞ അദ്ധ്യായങ്ങള്‍, ധാരാളം ചിത്രങ്ങള്‍, സമയസഞ്ചാരവും ബഹിരാകാശക്കപ്പലുകളും ഭീകരജീവികളും യന്ത്രമനുഷ്യരുമുള്‍പ്പെടുന്ന ശാസ്ത്രകഥാസങ്കേതങ്ങള്‍, കഥയ്ക്കുള്ളിലെ കഥകള്‍ ഇവയൊക്കെ കോര്‍ത്തിണക്കി, ഒരു നിമിഷം അടങ്ങിയിരിക്കാന്‍ വയ്യാത്ത കുസൃതിക്കുട്ടികളെപ്പോലും ഒറ്റയിരിപ്പില്‍ വായിപ്പിച്ചുകളയുന്ന ചേരുവയാണ് ഈ പുസ്തകങ്ങളുടേത്. കുട്ടികള്‍ക്കെന്നല്ല, മുതിര്‍ന്നവര്‍ക്കുപോലും ഒരിക്കല്‍ കൈയിലെടുത്താല്‍ താഴെവെക്കാന്‍കഴിയാത്ത ആകര്‍ഷണമാണ് ഇവയുടേത്. ആശയങ്ങള്‍ക്കു പാപ്പരത്തം നേരിടുമ്പോള്‍ നമ്മുടെ സിനിമാക്കാരും മിമിക്രിക്കാരും മറ്റും ചെയ്യുന്നതുപോലെ ഫലിതത്തിനായി അശ്ലീലത്തെ ആശ്രയിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.

എന്നാല്‍, അവയെക്കാളെല്ലാം പ്രധാനമായി, ഈ പുസ്തകങ്ങളില്‍നിന്നു കുട്ടികള്‍ക്കു കിട്ടുന്ന ഏറ്റവും മധുരമായ സമ്മാനം ഭാഷയുടേതാണ് എന്നതും ശ്രദ്ധേയമാണ്. വ്യാകരണവും പകര്‍ത്തെഴുത്തും നിയമങ്ങളുടെ ജലപിശാചുകളും ചിന്തകളുടെ സ്വതന്ത്രവിഹാരങ്ങളെ തളര്‍ത്തിക്കളയുന്നതിനുമുമ്പ് ഭാഷ തങ്ങള്‍ക്ക് എന്തായിരുന്നുവെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത മുതിര്‍ന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളാണ് ഇവ. ആദ്യപ്രാ‍സം, അന്ത്യപ്രാസം, അനുപ്രാസം, ശ്ലേഷം, യമകം, താളം, നിരര്‍ത്ഥകശബ്ദങ്ങളുടെ ഉപയോഗം, നാവിനു വഴങ്ങാത്ത വാക്കുകള്‍ ഇവയൊക്കെ ചോദ്യക്കടലാസിലെ ചതിക്കുഴികളാവുന്നതിനുമുമ്പ് ആനന്ദത്തിന്റെ ഉറവിടങ്ങളായിരുന്നു നമുക്ക്. ഇവയുടെ നിസ്സങ്കോചമായ ഉപയോഗത്തിലൂടെ പിഞ്ചുനാവുകളെയും മനസ്സുകളെയും അക്ഷരങ്ങളുടെ പ്രപഞ്ചത്തിന്റെ അനന്തതകളിലേക്കു വിളിക്കുകയാണ് ഈ കുസൃതിക്കഥകള്‍.

തുടര്‍ച്ചയായി ഒരു കാര്യത്തില്‍ ശ്രദ്ധിച്ചിരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്റ്റിവിറ്റി ഡിസോഡര്‍ എന്ന പഠനവൈകല്യവും വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഡിസ്‌ലെക്സിയയും ഉള്ള കുട്ടിയായിരുന്നു ഗ്രന്ഥകര്‍ത്താവായ ഡെയ്‌വ് പില്‍ക്കി. ക്ലാസ്സില്‍ ശല്യമുണ്ടാ‍ക്കിയതിന് മിക്കപ്പോഴും പുറത്തെ ഇടനാഴിയിലിരിക്കേണ്ടിവന്നപ്പോള്‍ സമയംകളയാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ചിത്രകഥകള്‍ എഴുതലും വരയ്ക്കലും. പീഡനമായിമാറിയ സ്കൂള്‍ജീവിതത്തെ അതിജീവിക്കാന്‍ മാതാപിതാക്കളുടെ സഹായമൊന്നുകൊണ്ടുമാത്രമാണ് തനിക്കുകഴിഞ്ഞതെന്ന് ലോകപ്രശസ്തനായ ഈ ഗ്രന്ഥകാരന്‍ പറയുമ്പോള്‍ ഇതുപോലെ എത്രപ്രതിഭാശാലികളെ ഭാവനാശൂന്യമായ വിദ്യാഭ്യാസയന്ത്രങ്ങള്‍ ചവറ്റുകുട്ടകളിലേക്ക് ചവച്ചെറിഞ്ഞിട്ടുണ്ടാവാമെന്ന് നാം ചിന്തിച്ചുപോവും.

ജോര്‍ജ്ജിന്റെയും ഹാരള്‍ഡിന്റെയും പള്ളിക്കൂടത്തില്‍ കുസൃതികള്‍ക്കു ശിക്ഷയായി അദ്ധ്യാപകര്‍ അവരെക്കൊണ്ട് വിരസമായ ജോലികള്‍ ചെയ്യിക്കുകയും ഗൃഹപാഠത്തിന്റെ കൂമ്പാരത്തിനടിയില്‍ മൂടുകയും ചെയ്യുമ്പോള്‍പ്പോലും അടിക്കുകയോ ശരീരോപദ്രവമേല്പിക്കുകയോ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. കടിഞ്ഞാണഴിഞ്ഞ ഭാവനയുടെ സൃഷ്ടികളായ ഈ കഥകളുടെ അസംബന്ധലോകത്തിനുമപ്പുറത്താണ് നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഇന്നും നിലവിലുള്ള ക്രൂരമായ ശിക്ഷാമുറകള്‍ എന്നര്‍ത്ഥം. നമ്മുടെ ഒരു പ്രമുഖസാംസ്കാരികവാരികയില്‍ കാണുന്ന വിദ്യാലയസ്മരണകളുടെ പംക്തിയുടെ പേരുപോലും “മധുരച്ചൂരല്‍“ എന്നാണ്. കുറച്ചുനാള്‍ മുമ്പ് സ്കൂളുകളില്‍ അടി നിരോധിച്ചുകൊണ്ട് കോടതിവിധിയുണ്ടായപ്പോള്‍ ആ വിധിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പത്രത്താളുകളില്‍ അണിനിരന്നത് കേരളത്തിലെ വിദ്യാഭ്യാസവും നീതിന്യായവുമുള്‍പ്പെടെ വിവിധമേഖലകളിലെ ഉന്നതരാണ്. ഇത്തരം കടല്‍ക്കിഴവന്മാരുടെ കാല്‍ക്കൂട്ടില്‍ ഞെരിഞ്ഞമരുകയാണ് ഇന്ത്യന്‍ വിദ്യാഭ്യാസരംഗം എന്നതിനു തെളിവായിരിക്കുമോ ഈ പുസ്തകത്തിന്റെ വിതരണക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമില്ലാത്തത്? അമേരിക്കയൊട്ടാകെയുള്ള സ്കൂള്‍ ലൈബ്രറികളിലെ കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകങ്ങളായിരിക്കുമ്പോള്‍പ്പോലും അധികാരസ്ഥാപനങ്ങളോടു ധിക്കാരമനോഭാവം വളര്‍ത്തുന്നു എന്ന പേരില്‍ ഏറ്റവുമധികം രക്ഷാകര്‍ത്താക്കളുടെ പരാതി ഏറ്റുവാങ്ങേണ്ടിവന്ന ഇത്തരത്തിലൊരു പുസ്തകം നമുക്കെങ്ങനെ ദഹിക്കാന്‍? ഇക്കൊല്ലത്തെ വിശിഷ്ടവ്യക്തിയായി ‘പ്രതിഷേധപ്രകടനക്കാരെ’ ടൈം മാഗസീന്‍ തെരഞ്ഞെടുത്ത കാലഘട്ടത്തിലെങ്കിലും അധികാരസ്ഥാപനങ്ങളിലെ ശരികേടുകള്‍ തിരിച്ചറിയാനും പ്രതിഷേധിക്കാനുമുള്ള കഴിവും വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കേണ്ടതാണെന്നു ചിന്തിക്കാന്‍ നമുക്കു കഴിയേണ്ടതല്ലേ?

Subscribe Tharjani |