തര്‍ജ്ജനി

എം. ശ്രീജിത

ശ്രീജയം
ഉമ്മഞ്ചിറ പി. ഒ.
തലശ്ശേരി.
ഇ മെയില്‍ : sreeshouri@gmail.com

Visit Home Page ...

പുസ്തകം

നവോത്ഥാനവിചാരങ്ങളും വര്‍ത്തമാനവും

എം. വി. ദേവന്റെ ദേവസ്പര്‍ശം എന്ന പുസ്തകത്തെക്കുറിച്ച്

വാമൊഴി വരമൊഴിയായും വരമൊഴി തിരമൊഴിയായും മാറിക്കഴിഞ്ഞ ഇന്നത്തെ സാഹചര്യത്തിലും ഓരോ മലയാളിയും വായിച്ചിരിക്കേണ്ട പുസ്തകമാണ്‌ എം. വി. ദേവന്റെ പുതിയ പുസ്തകമായ ദേവസ്പര്‍ശം. കല ദൈവവീകമാണ്‌. പാശ്ചാത്യസാഹിത്യദര്‍ശനത്തിലെ പരമാചാര്യനായ പ്ലാറ്റോ പറഞ്ഞതാണിത്‌. ആ നിലയ്ക്ക്‌ ദേവസ്പര്‍ശമല്ല, ദേവാശ്ലേഷം തന്നെ ലഭിച്ച പ്രതിഭാശാലിയാണ്‌ എം. വി. ദേവന്‍. ഒരു കലാകാരന്റെ സാമൂഹികപ്രതിജ്ഞാബദ്ധതയുടെ മുഴക്കമാണ്‌ ഈ പുസ്തകത്തിലെ ഓരോ ലേഖനവും. ഒരാള്‍ കലാകാരനാണെങ്കില്‍ അയാള്‍ ഒരു നല്ല മനുഷ്യസ്നേഹിയുമായിരിക്കുമെന്നാണല്ലോ. അതു കൊണ്ടുതന്നെയായിരിക്കാം ഇതിലെ വിമര്‍ശനങ്ങള്‍ ഇത്ര തീക്ഷണമായതും.

കാഴ്ച എല്ലാ ജീവികള്‍ക്കും ഉണ്ട്‌. എന്നാല്‍ ഭാഷയും സാഹിത്യാദികലകളും രൂപപ്പെടുത്തുന്ന ഉള്‍ക്കാഴ്ചയാണ്‌ (ഇന്‍സൈറ്റ്‌) മൃഗങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി മനുഷ്യനെ സംസ്ക്കാരസമ്പന്നനാക്കുന്നത്‌. എന്നാല്‍ ഇന്‍സൈറ്റ്‌ വെബ്ബ്സൈറ്റിനു വഴി മാറിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ തന്റെ ചുറ്റും എല്ലാ മേഖലകളിലും സംസ്ക്കാരം മലിനമായിരിക്കുന്നുവെന്ന്‌ ലേഖകന്‍ കണ്ടെത്തുന്നു. ഗുരുവചനത്തെ അല്പം മാറ്റിയെഴുതിക്കൊണ്ട്‌ ഇതിനുള്ള പോംവഴി അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. രാഷ്ട്രീയമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു്‌. വിദ്യാഭ്യാസം, കല, സാഹിത്യം തുടങ്ങി എല്ലാ മേഖലകളിലും താന്‍ പിന്നിട്ട വഴികളിലേക്ക്‌ തിരിഞ്ഞു നടക്കുകയും സമകാലികയാഥാര്‍ത്ഥ്യം ചികഞ്ഞു പുറത്തിടുകയുമാണ്‌ അദ്ദേഹം.

മൂല്യച്യുതിയുടെ അടിസ്ഥാനകാരണമായി ഇന്നത്തെ വിദ്യാഭ്യാസരീതിയുടെ പോരായ്മയിലേക്ക്‌ അദ്ദേഹം വിരല്‍ ചൂണ്ടുന്നു. വിദ്യകൊണ്ട്‌ സ്വതന്ത്രരാവുക എന്ന ഗുരുവചനം ഭ്രാന്തില്ലാത്ത ഒരു അവസ്ഥയിലേക്ക്‌ കേരളത്തെ എത്തിച്ചെന്നും അതിനിടയിലേക്ക്‌ മതമില്ലാത്ത ജീവന്‍ സുനാമിപോലെ ഉരുണ്ടുകയറിയെന്നും. ഇക്കൂട്ടരൊക്കെയാണ്‌ വീണ്ടും ഭ്രാന്തിന്‌ തിരി തെളിയിക്കുന്നവര്‍ എന്നും മുഖം നോക്കിത്തന്നെ അദ്ദേഹം തുറന്നടിക്കുന്നു. (പേജ്‌ 42, 43) മാനവികതയുടെ വികാസത്തിന്‌ ഊര്‍ജ്ജം നല്കുന്നതാവണം വിദ്യാഭ്യാസം എന്ന തത്വം നാം മറന്നുകളഞ്ഞിരിക്കുന്നു. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന സ്ഥാനത്ത്‌ ധനമുണ്ടെങ്കിലേ വിദ്യയുള്ളു എന്ന അവസ്ഥ. ജോലിക്കുവേണ്ടി മാത്രമായി വിദ്യാഭ്യാസം പരിമിതപ്പെട്ടിരിക്കുന്നു എന്ന സ്ഥിതിയാണല്ലോ ഇന്നുള്ളത്. വിദ്യാഭ്യാസത്തില്‍ നിന്ന്‌ സംസ്ക്കാരം ചോര്‍ന്നുപോയിരിക്കുന്നു. എന്തായിരുന്നു ഗുരുവിന്റെ മതദര്‍ശനം. ഏകമതം എന്നതു കൊണ്ട്‌ മതനിരാസമല്ല ഗുരു അര്‍ത്ഥമാക്കിയത്‌. എല്ലാ മതതത്വവും എല്ലാ മതക്കാരും തുല്യപരിഗണനയോടെ പഠിക്കണം. ഇങ്ങനെ പഠിച്ചുകഴിഞ്ഞാല്‍ സാരാംശത്തില്‍ ഇവ തമ്മില്‍ വ്യത്യാസമില്ലെന്ന്‌ ബോദ്ധ്യപ്പെടും. ഇങ്ങനെ വെളിപ്പെട്ടുകിട്ടുന്നതാണ്‌ ഗുരു ഉപദര്‍ശിക്കുന്ന ഏകമതം. ഓരോരുത്തനും അവനവന്‍ വിശ്വസിക്കുന്ന മതത്തെ അനുസരിക്കുക തന്നെ വേണം. അങ്ങനെ അനുസരിക്കുന്നവര്‍, ദൈവത്തെ പേടിയുള്ളവര്‍, ഒരിക്കലും തെറ്റു ചെയ്യാന്‍ മുതിരുകയില്ല. ദൈവത്തെക്കൂടി പേടിയില്ലാത്ത ഇന്നത്തെ യുവാക്കളില്‍ ചിലരാണ്‌ മതമില്ലാത്ത ജീവനുകളായി ഇന്നു സംസ്ക്കാരത്തെ മലീമസമാക്കുന്നത്.

നവോത്ഥാനമൂല്യങ്ങളുടെ അപചയത്തെക്കുറിച്ച്‌ അദ്ദേഹം വേവലാതിപ്പെടുന്നു, ഒരു അദ്ധ്യായത്തില്‍. ജാതീയമായും മതപരമായും ശ്രേണീവല്‍ക്കരിക്കപ്പെട്ട മിക്ക കലാരൂപങ്ങളും പൊതുവേദിയിലേക്കും പൊതുസദസ്സിലേക്കും പൊതുജനങ്ങളിലേക്കും ഇടംമാറി വന്നത്‌ നവോത്ഥാനകാലഘട്ടത്തിലായിരുന്നു. കല സാര്‍വ്വജനീനമാവുകയും സാഹിത്യാദികലകള്‍ സംസ്കാരത്തെ നിര്‍ണ്ണയിക്കുകയും ചെയ്തിരുന്നു അന്ന്‌. പിന്നെ എപ്പോഴാണ്‌ ഈ നവോത്ഥാനമൂല്യങ്ങള്‍ നാം കൈവിട്ടത്‌ ? 1970കള്‍ക്കു ശേഷം ആധുനികതയുടെ വരവോടെ എന്ന്‌ സാമാന്യമായി പറയാം. മലയാളത്തിലെ പ്രമുഖ അക്കാദമിക്‌നിരൂപകനായ ഡോക്ടര്‍ ഡി.ബെഞ്ചമിന്റെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ. "പാശ്ചാത്യ സാഹിത്യത്തിന്റെ ശക്തമായ പ്രഭാവത്തിന്‌ വിധേയമായി തങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ സമര്‍ത്ഥരചനകള്‍ സൃഷ്ടിച്ചുവിടുകയായിരുന്നു ഈ എഴുത്തുകാര്‍ ചെയ്തത്‌. പക്ഷെ അവ ഒരു തലമുറയുടെ ജീവിതത്തെ എത്ര മാരകമായാണ്‌ ബാധിച്ചത്‌ എന്നതിനെക്കുറിച്ച്‌ ചിന്തിക്കാനുള്ള സാമൂഹികബോധം പോലും അവയെ വാഴ്ത്തിപ്പാടിയ വിമര്‍ശകരായ ബുദ്ധിജീവികള്‍ പ്രകടിപ്പിച്ചില്ലെന്നതാണ്‌ പരിതാപകരമായ സത്യം." (നോവല്‍സാഹിത്യപഠനങ്ങള്‍) ഈ നവീനസാഹിത്യം മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും നിരുത്തരവാദപരമായ ജീവിതചര്യയുടെയും വ്യാപനത്തെ ത്വരിതപ്പെടുത്തുകയും സാമൂഹികമായ മൂല്യബോധത്തെ മലിനീകരിക്കുകയും ചെയ്തു. (ആഖ്യാനതന്ത്രത്തിലെ പുതുമയും ഭാഷാപ്രയോഗത്തിന്റെ നവത്വവും ആധുനികസാഹിത്യത്തിന്റെ നല്ല ഗുണങ്ങളായി അദ്ദേഹം എടുത്തു പറയുന്നുണ്ട്‌. കൂടാതെ ഒ.വി.വിജയന്‍, മുകുന്ദന്‍, കാക്കനാടന്‍ തുടങ്ങിയവര്‍ ഈ തട്ടകം മാറ്റിയിരിക്കുന്നുവെന്നും തുടര്‍ന്നു പറയുന്നുണ്ട്‌).


കാരിക്കേച്ചര്‍: നിഷാന്ത്

ഇന്നത്തെ സാഹിത്യത്തെക്കുറിച്ച്‌ ദേവസ്പര്‍ശത്തില്‍ ദേവന്‍ പറയുന്നു. നിരൂപണത്തിന്റെ മോഹിനീവേഷം കെട്ടിയ പൈശാചികമായി സംഹാരതാണ്ഡവത്തിനപ്പുറം സാഹിത്യമുണ്ടെന്ന്‌ വ്യക്തമാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്‌. (പേജ്‌ 195) ഇന്നത്തെ സാഹിത്യമാസികകളിലൂടെ കണ്ണോടിക്കുമ്പോള്‍ കൂടുതലായും നാം കാണുന്നത്‌ എഴുത്തുകാരുടെ എഴുത്തനുഭവങ്ങളും അഭിമുഖങ്ങളുമാണ്‌. അല്ലെങ്കില്‍ ഇന്നലെമാത്രം കയറിവന്ന സിനിമാരംഗത്തുള്ളവരുടെ വീട്ടുവിശേഷങ്ങള്‍. ചില രചനകളാകട്ടെ വായിച്ചാല്‍ മനസ്സിലാകരുത്‌ എന്ന ഉദ്ദേശത്തോടെ എഴുതിയതാണെന്ന്‌ തോന്നും. ചുരുക്കത്തില്‍ വായിച്ചാല്‍ മനസ്സിലാകാത്തതെന്തോ അതാണ്‌ സാഹിത്യം എന്നായിരിക്കുന്നു ഇന്നത്തെ പല സൃഷ്ടികളുടെയും അവസ്ഥ. അതിന്‌ സ്തുതിപാടാനോ ധാരാളം നിരൂപകരും . രാജാവ്‌ നഗ്നനാണ്‌ എന്ന്‌ വിളിച്ചു പറയാന്‍ ധൈര്യമുള്ള നിരൂപകരാണ്‌ ഈ കാലഘട്ടത്തിന്‌ ആവശ്യം.

ബഷീര്‍, ഇടശ്ശേരി തുടങ്ങിയവരെക്കുറിച്ചുള്ള ഓര്‍മ്മകളും ഈ പുസ്തകം പങ്കുവെക്കുന്നു. ബഷീറിനെ ഹിമാലയസദൃശനായ ആഖ്യായികാകാരനായി അദ്ദേഹം കാണുന്നു. അദ്ദേഹത്തിന്‌ ജാതിയുണ്ടായിരുന്നില്ല, മതമുണ്ടായിരുന്നില്ല, കീഴാളനുണ്ടായിരുന്നുല്ല, മേലാളനുണ്ടായിരുന്നില്ല. മനുഷ്യനില്‍ പൂര്‍ണ്ണമായും വിശ്വസിച്ച ഒരാളായിരുന്നു ബഷീര്‍. (പേജ്‌ 172) ഒരിക്കല്‍ എട്ടുകാലി മമ്മൂഞ്ഞിന്റെ മീശ വരക്കാന്‍ മറന്നുപോയ കാര്യം ഇതില്‍ പറയുന്നുണ്ട്‌. ബഷീറിയന്‍ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ നമ്മ എട്ടുകാലി മമ്മൂഞ്ഞോട മീസയെ പുടുങ്കിയ ദേവന്‍മാഷുടെ കണ്ണില്‍ ബഷീര്‍ തന്റെ ഭ്രാന്തിനെഴുതുന്ന കണ്‍മഷിയിട്ടു കൊടുത്ത രംഗവും കണ്ണെരിഞ്ഞ്‌ എരിപൊരികൊള്ളുന്ന ദേവന്‍മാഷുടെ ചിത്രവും കാന്‍വാസില്‍ വരഞ്ഞ ചിത്രങ്ങളായി നമുക്ക്‌ മുന്നില്‍ വരുന്നു.

272 പേജുകളിലായി ആനുകാലികപ്രാധാന്യമുള്ള ധാരാളം വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യുന്നു. നമ്മെപ്പോലുള്ള സാധാരണക്കാര്‍ക്ക്‌ സമൂഹത്തോട്‌ വിളിച്ചു പറയണം എന്നു തോന്നുന്ന കാര്യങ്ങളാണ്‌ അവക്രമായ ഭാഷയില്‍ ലളിതമായി അദ്ദേഹം പറഞ്ഞിരിക്കുന്നത്‌. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന ഈ കൃതി ഔപചാരികതയുടെ നേര്‍ത്ത മറപോലുമില്ലാതെ വായനക്കാരനോട്‌ സംവദിക്കുന്നു.

Subscribe Tharjani |