തര്‍ജ്ജനി

സോമനാഥന്‍ പി.

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

ലേഖനം

സ്ഥലത്തെ പ്രധാനദിവ്യന്മാരും മണ്ടന്‍ ബഷീറും

ബഷീറിനെപ്പോലെ തെറ്റിദ്ധരിക്കപ്പെട്ട ആളുകളുണ്ടോ എന്നു സംശയമാണു്. അദ്ദേഹത്തിന്റെ കൃതികളെല്ലാം ആത്മകഥകളാണു് എന്നു് ആരാധകന്മാര്‍ വാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ജീവിതയാത്രയുടെ മണിക്കൂറുകള്‍ തിട്ടപ്പെടുത്തി അതുമായി കൃതികളിലെ അനുഭവങ്ങള്‍ താരതമ്യം ചെയ്തുകൊണ്ടു് കൃതികളില്‍ പറയുന്നതു പലതും അതിശയോക്തിമാത്രമാണെന്നു് തെളിയിക്കാന്‍ എന്‍. എസ്. മാധവനെപ്പോലെയുള്ളവര്‍ ഗവേഷണം നടത്തുന്നു. ബഷീറിന്റെ കൃതികള്‍ സര്‍ഗ്ഗസാഹിത്യമല്ല വെറും വസ്തുസ്ഥിതികഥനമാണു് എന്ന കാര്യത്തില്‍ രണ്ടുകൂട്ടരും യോജിക്കുന്നു. ഐരാവതവും കുയ്യാനയും ഒന്നാകുന്നു! ഇത്തരം ഒരു വിചിത്രവിധി മറ്റേതെങ്കിലും സാഹിത്യകാരന്‍ നേരിട്ടിട്ടുണ്ടാവുമോ?

അഞ്ചാംക്ലാസ്സില്‍വെച്ചു് സ്ക്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തിയവന്‍. ആഖ്യയും ആഖ്യാതവും തിരിയാത്തതുകൊണ്ടു് വ്യാകരണം പാലിക്കാതെ ആഖ്യായികയെഴുതിയവന്‍. മറ്റാരും ഉപയോഗിച്ചിട്ടില്ലാത്ത, സ്വന്തമായ വാക്കുകള്‍ (?) ഉപയോഗിച്ചവന്‍. ഇങ്ങനെ അദ്ദേഹത്തിന്റെ ആരാധകര്‍തന്നെ ചാര്‍ത്തിക്കൊടുത്ത ബിരുദങ്ങള്‍ പലതുണ്ടു്. ഇതെല്ലാം കേട്ടു് മലയാളംകണ്ട ഏറ്റവും മണ്ടനായ സാഹിത്യകാരനാണു് ബഷീര്‍ എന്നു് ആരെങ്കിലും വിചാരിച്ചുപോയാല്‍ അത്ഭുതമില്ല.

അഞ്ചാംക്ലാസ്സും ഫിഫ്ത്‌ഫോറവും അവര്‍ക്കു് ഒന്നുതന്നെ. ആഖ്യയും ആഖ്യാതവും തെറ്റായി പ്രയോഗിച്ചാലും ആ എഴുത്തു് മലയാളംതന്നെ. ഇങ്ങനെ അനവധി ഉപജാപങ്ങള്‍ ആരാധകര്‍തന്നെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ വേറെ ശത്രുക്കള്‍ എന്തിനു് ! അവര്‍ക്കു മുന്നില്‍ 'ബഷീറിന്റെ കുയ്യാനകള്‍' എത്ര പാവങ്ങള്‍.

അദ്ദേഹത്തിനു് വ്യാകരണത്തില്‍ പിടിപാടില്ലെന്നു ആധികാരികമായത്തന്നെ വരുംതലമുറയോടു് പറയുന്നതില്‍ കേരളത്തിന്റെ വിദ്യാഭ്യാസവകുപ്പു് കാണിച്ച ശുഷ്ക്കാന്തിയാണു് ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതു്. പത്താം ക്ലാസ്സില്‍ ഉപപാഠപുസ്തകമായിരുന്ന ബഷീറിന്റെ 'പാത്തുമ്മായുടെ ആട് ' എന്ന നോവലിനെ ആസ്പദമാക്കി 2007-08 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു് മലയാളം രണ്ടാം പേപ്പറില്‍ വന്ന ഒരു ചോദ്യമിതാ:

"4. ചോദ്യാവലി തയ്യാറാക്കുക.
"പോടാ, എണീറ്റ് അവന്റെ ഒരു ലൊഡുക്കൂസ് ആഖ്യ........ അവന്റെ ഒരു പളുങ്കൂസന്‍ വ്യാകരണം!.''
ബഷീറിന്റെ ഈ വാചകങ്ങളില്‍ ശൈലിയെക്കുറിച്ചുള്ള ബഷീറിന്റെ സങ്കല്പമുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍, ചുവടെ കാണുന്ന മേഖലകള്‍ സ്പര്‍ശിച്ചു കൊണ്ട്, ബഷീറുമായി അഭിമുഖം നടത്തുന്നതിനു വേണ്ട ചോദ്യാവലി തയാറാക്കുക.
വിഷയബന്ധിയായ 4 ചോദ്യങ്ങളാണ് വേണ്ടത്.

  1. വ്യാകരണത്തിന്റെ ചിട്ടവട്ടങ്ങള്‍ പാലിച്ചില്ല.
  2. സാധാരണക്കാരന്റെ ഭാഷ.
  3. ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കരണം.
  4. സ്വന്തം പദങ്ങളും പ്രയോഗങ്ങളും.''

രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടു്. ബഷീര്‍ വ്യാകരണത്തിന്റെ ചിട്ടവട്ടങ്ങള്‍ പാലിച്ചില്ല. സാധാരണക്കാരന്റെ ഭാഷയാണദ്ദേഹത്തിന്റേതു്. അതായതു് സാധാരണക്കാരനു് വ്യാകരണമറിയില്ല. ബഷീറിനു് വ്യാകരണമറിയുമായിരുന്നോ എന്നു് ഉറപ്പില്ല. എന്തായാലും അതു സാധാരണക്കാരന്റെ രീതിയല്ല എന്നു് അദ്ദേഹത്തിനു് വ്യക്തമായറിയാമായിരുന്നു.

ചോദ്യത്തില്‍ കുത്തുകളിട്ടു് വിട്ടുകളഞ്ഞിരിക്കുന്നതായി കാണിച്ചിരിക്കുന്ന ഭാഗത്തു് ചട്ടുകാലനെക്കുറിച്ചുള്ള പരാമര്‍ശമല്ലാതെ ഇത്രയും കൂടിയുണ്ടു്
``ഞാന്‍ വര്‍ത്തമാനം പറയുന്ന മാതിരിതന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. ഇതില്‍ നിന്റെ ചട്ടുകാലന്‍ ആഖ്യാദമില്ലെങ്കിലെന്ത് ?''
എഴുത്തിന്റെ വ്യാകരണമല്ല വര്‍ത്തമാനം പറയുന്നതിന്റെ വ്യാകരണമാണു് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതു് എന്നു ബഷീര്‍തന്നെ വ്യക്തമാക്കുന്നുണ്ടു്. വ്യാകരണം രണ്ടുതരത്തിലാവാമെന്നും രണ്ടും തമ്മില്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ വ്യത്യാസമുണ്ടു് എന്നും അദ്ദേഹത്തിനറിയാമായിരുന്നു. അതായതു് വ്യാകരണത്തെക്കുറിച്ചു് അദ്ദേഹത്തിനു് യാതൊരു വിവരവുമുണ്ടായിരുന്നില്ല എന്ന വാദം തെറ്റാണു്.

വര്‍ത്തമാനം അങ്ങനെതന്നെ എഴുതുകയാണെന്നു് അദ്ദേഹം അവകാശപ്പെടുന്നില്ല. അതിന്റെ മാതിരിതന്നെ എന്നേ പറഞ്ഞിട്ടുള്ളൂ. ആഖ്യാതം' എന്നതിനു പകരം `ആഖ്യാദം' എന്നാണു് എഴുതിയിരിക്കുന്നതു്. `ത' മാറി `ദ' ആകുന്നതു് ബഷീറിന്റെ മൊഴിയില്‍ മാത്രമല്ല വ്യാകരണവാശിക്കാരനായ അബ്ദുള്‍ഖാദറിന്റെ മൊഴിയില്‍ക്കൂടിയാണു്. അതു് തനി മൊഴിമലയാളമല്ല. അതിനെ സൂചിപ്പിക്കുന്നതരത്തിലുള്ള ഒരു എഴുത്തുമലയാളമാണു്. മൊഴിമലയാളത്തില്‍ പലപ്പോഴും അക്ഷരങ്ങള്‍ വ്യക്തവും വ്യതിരിക്തവുമായി നില്ക്കുകയില്ല. അതിനാല്‍ത്തന്നെ അതു് അങ്ങനെതന്നെ എഴുതുക സാദ്ധ്യവുമല്ല. `അവന്റെ ഒരു ലൊഡുക്കൂസ് ആഖ്യ' എന്നതില്‍ `അവന്റെയൊരു' എന്നു് ചേര്‍ത്തല്ല `ഒരു' എന്നു് വേറിട്ടാണു് എഴുതിയിരിക്കുന്നതു്. മലയാളികള്‍ സാധാരണസംഭാഷണത്തില്‍ ഉപയോഗിക്കാത്ത ശബ്ദമാണു് അതിഖരമായ `ഖ'. ആഖ്യ എന്നതില്‍ `ക്യ' എന്നോ `ക്ക്യ' എന്നോ അല്ല `ഖ്യ' എന്നുതന്നെ വ്യക്തമായി എഴുതിയിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നതു്, സംസാരിക്കുന്ന മലയാളമല്ല അതു മാതിരിയുള്ള ഒരെഴുത്തുമലയാളമാണു് ബഷീര്‍ ഉപയോഗിച്ചിരിക്കുന്നതു് എന്നാണു്.

ബഷീറിനു് ആഖ്യയും ആഖ്യാതവുമറിയില്ല, വ്യാകരണം തീരെ അറിയില്ല എന്നൊക്കെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പലരും വിശ്വസിക്കുന്നുണ്ടു്. അതു മാത്രമല്ല അതാണു് അദ്ദേഹത്തിന്റെ മഹത്വം എന്നുകൂടി അവര്‍ വിശ്വസിക്കുന്നു. അദ്ദേഹം ഭ്രാന്താശുപത്രിയില്‍ ചികിത്സയ്ക്കു് വിധേയനായിട്ടുണ്ടു് എന്നതിനാല്‍ ഭ്രാന്തുള്ളതാണു് അദ്ദേഹത്തിന്റെ മഹത്വം എന്നാവും അവര്‍ ഇനി പ്രചരിപ്പിക്കുക. ഒന്നുകൂടി കടന്നു് അതിനു് ചികിത്സ നടത്തിയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മഹത്വം വാനോളം ഉയര്‍ന്നേനെ എന്നുകൂടി അവര്‍ വിലപിച്ചുകൂടായ്കയില്ല. അതപ്പടി വിദ്യാഭ്യാസവകുപ്പു് ചോദ്യമാക്കുകയും ചെയ്തേക്കാം. അതിനാല്‍ അദ്ദേഹത്തിന്റെ വ്യാകരണബോധത്തെക്കുറിച്ചു് ഒരു പരിശോധന ആവശ്യമാണു്.

എഴുത്തുഭാഷയിലല്ല സംസാരിക്കേണ്ടതു് എന്നു് അദ്ദേഹത്തിനറിയാം. അതുണ്ടാക്കുന്ന പൊല്ലാപ്പുകളും അറിയാം.
``അബ്ദുല്‍ഖാദര്‍ ഒരു സ്കൂള്‍ മാസ്റ്ററായിരുന്നു; വലിയ വ്യാകരണക്കാരനും. പണ്ടൊരിക്കല്‍ അവന്‍ ഉമ്മായോടു പറഞ്ഞു:

`മാതാവേ, കുറച്ചു ശുദ്ധജലം തന്നാലും'. അന്ന് ഉമ്മാ ചോറു വിളമ്പുന്ന വലിയ തവികൊണ്ടു തല്ലി. ബാപ്പാ അവനെ ആശ്വസിപ്പിച്ചു:

`നീ അങ്ങനെ പറഞ്ഞാ മതിയെടാ. നീ എന്നെ എന്തെന്നു വിളിക്കും?'
പിതാവെന്ന്.'

അതു കേട്ടപ്പോള്‍ തവികൊണ്ട് ഉമ്മാ ഒന്നുകൂടി കൊടുത്തു. പിന്നെ അവന്‍ ഉമ്മായെന്നും ബാപ്പായെന്നുമേ വിളിച്ചിരുന്നുള്ളൂ''(ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍, പുറം 952).

ബാല്യാകാലസഖി അച്ചടിക്കുമ്പോള്‍ `ബാപ്പാ' എന്നുള്ളിടത്തെല്ലാം `പിതാവു് ' എന്നു തിരുത്തി അച്ചടിച്ച പ്രസ്സിന്റെ മുന്നിലിട്ടു് അതിന്റെ കോപ്പികള്‍ മുഴുവന്‍ കത്തിച്ചുകളഞ്ഞത്രേ ബഷീര്‍. അദ്ദേഹമെഴുതിയതു് വ്യാകരണം പാലിക്കാതെയാണു് എന്നു പറയുന്നതു് ഒരു ബഹുമതിയായി അദ്ദേഹം കരുതുമായിരുന്നു എന്നു വിശ്വസിക്കാനാവില്ല. ചോദ്യപ്പേപ്പറില്‍ നല്കിയിരിക്കുന്ന സന്ദര്‍ഭം അതിനു് ഉപയോഗിക്കാനാവില്ല. എന്നു മാത്രമല്ല, മറിച്ചാണു് കാര്യമെന്നു തെളിയിക്കുന്നുമുണ്ടു്. ഏതര്‍ത്ഥത്തില്‍, ഏതു വികാരത്തിലാണു് ബഷീര്‍ അങ്ങനെയെഴുതുന്നതു് എന്നു മനസ്സിലാകണമെങ്കില്‍ അദ്ദേഹം അതു കൈകാര്യം ചെയ്തതിന്റെ സൂക്ഷ്മാംശങ്ങള്‍ പരിഗണിക്കണം. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ (1992 ലെ പതിപ്പു്) പ്രസ്തുതഭാഗം ചിഹ്നങ്ങളൊന്നും മാറ്റാതെ ചുവടെ കൊടുക്കുന്നു.

``.... അവനോടു നാലണകൂടി വാങ്ങിക്കാം. ആ വിശ്വോത്തരസൃഷ്ടികളുടെ കര്‍ത്താവായ അവന്റെ ജ്യേഷ്ഠനല്ലേ ചോദിക്കുന്നത്, അവന്‍ തരും. എന്നെല്ലാം വിചാരിച്ച് തിരികെ മുറിയില്‍ വന്നു. ഞാന്‍ നോക്കുമ്പോള്‍ അവന്‍ വായിച്ച എല്ലാ കടലാസിലും അവന്റെ തടിയന്‍പേനാകൊണ്ട് വരയിട്ടിട്ടുണ്ട് ! എന്തിനാണാ വര? ഞാന്‍ ഒരു ബീഡി കത്തിച്ചു കസേരയില്‍ ഇരുന്നപ്പോള്‍ അവന്‍ വിളിച്ചു:

`ഇയ്ക്കാക്കാ, ഇങ്ങോട്ടു വരൂ!'

എന്തോ അത്യാവശ്യകാര്യം ആയിരിക്കണം. ഞാന്‍ എണീറ്റുചെന്ന് അവന്റെ അടുത്തു പായില്‍ ഇരുന്നു. അവന്‍ ഏറ്റവും അവജ്ഞയോടെ എന്നെ ഒന്നു നോക്കി. എന്നിട്ട് ഒരു വാക്യം വായിച്ചു. സ്റ്റൈലന്‍ വാക്യമാണ്. പക്ഷേ, അവന്‍ ചോദിച്ചു:

`ഇതിലെ ആഖ്യാദം എവിടെ?'

`എനിക്കൊന്നും മനസ്സിലായില്ല. എന്താഖ്യാദം?'

അവന്‍ ഒരു കൊച്ചു വിദ്യാര്‍ത്ഥിയോടെന്നവണ്ണം എന്നോടു കുറെ സംസാരിച്ചു. അതില്‍ ആഖ്യ, ആഖ്യാദം, അന്വയം, ലൊട്ട്, ലൊടുക്ക് മുതലായ വ്യാകരണസംബന്ധിയായ ചപ്ലാച്ചി ചര്‍ച്ചകളാണ്. ലൊട്ട്, ലൊടുക്ക് എന്നൊന്നും അവന്‍ പറഞ്ഞില്ല. അര മണിക്കൂര്‍ നേരത്തെ വര്‍ത്തമാനത്തില്‍ അവന്‍ എന്നെ ഒരു അജ്ഞനാക്കിവെച്ചു. എന്നിട്ടു പറഞ്ഞു:

`ഇയ്ക്കാക്കാ വ്യാകരണം പഠിക്കണം!'

തന്നെയുമല്ല, കുറെ വ്യാകരണപ്പുസ്തകങ്ങളുടെ പേരുകളും അവന്‍ ഉപദേശിച്ചു തന്നു. എനിക്കങ്ങു ദേഷ്യം വന്നു. കിലുകിലാ വിറച്ചുകൊണ്ടു ഞാന്‍ പറഞ്ഞു:
`പോടാ, എണീറ്റ്. അവന്റെ ഒരു ലൊഡുക്കൂസ് ആഖ്യ! എടാ നീ അല്ലേ നെയ് കട്ടു തിന്നു ദീനമാണെന്നു പറഞ്ഞു നടന്ന പെരുങ്കള്ളന്‍! എടാ ഇതെല്ലാം ഞാന്‍ വര്‍ത്തമാനം പറയുന്ന മാതിരിതന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. ഇതില്‍ നിന്റെ ഒരു ചട്ടുകാലന്‍ ആഖ്യാദമില്ലെങ്കിലെന്ത്? അവന്റെ ഒരു പുളുങ്കൂസന്‍ വ്യാകരണം! ചട്ടന്‍!!'
അവന്‍ പറഞ്ഞു:

`ഇയ്ക്കാക്കാ എന്നെ എന്തു ചീത്ത വേണമെങ്കിലും പറഞ്ഞോളൂ. എനിക്കു വിരോധമില്ല. ഒരു സംഗതി മാത്രമുണ്ട്: `ഇയ്ക്കാക്കാ ഒരു കൊല്ലം ഞാന്‍ പറഞ്ഞ പുസ്തകങ്ങളെല്ലാം വായിച്ചു ശരിക്ക് എഴുത്തും വായനയും പഠിച്ചിട്ടെഴുതൂ. ഇയ്ക്കാക്കായ്ക്കു മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ടെന്നറിയാമോ? അതു പറ!'

`പോടാ നിന്റെ പാട്ടിന്!' കാലു മടക്കി അടിക്കാന്‍ വിചാരിച്ചതാണ്. സംസ്ക്കാരംകൊണ്ട് അടിച്ചില്ല. ഞാന്‍ പറഞ്ഞു: `ഞാന്‍ വീട്ടില്‍ എല്ലാവരേയും ചോദിച്ചതായി പറയണം - പ്രത്യേകിച്ചു ബാപ്പായേം ഉമ്മായേം. എനിക്കു കാശൊന്നും കിട്ടിത്തുടങ്ങീട്ടില്ലെന്നും പറഞ്ഞേക്ക്. അതാണ് ഒന്നും അയയ്ക്കാത്തത്.'

അവനോടു കാലണകൂടി കടം ചോദിച്ചില്ല. ചോദിക്കാനുള്ള മനക്കരുത്തുണ്ടായില്ല. അവന്റെ പുളിങ്കൂസ് വ്യാകരണം! മലയാളത്തിലെ അക്ഷരങ്ങള്‍!!

ആ കാലമെല്ലാം പോയി. ഇപ്പോള്‍ എന്റെ പുസ്തകങ്ങള്‍ വളരെ ആര്‍ത്തിയോടെ അവന്‍ വായിക്കും...''(ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍, പുറം 986- 87).

തനിക്കു് വ്യാകരണമറിയില്ലെന്ന അബ്ദുല്‍ഖാദറിന്റെ ആരോപണത്തെ അഭിമാനപൂര്‍വ്വം ശിരസ്സേറ്റുകയല്ല ബഷീര്‍ ചെയ്യുന്നതു്. തനിക്കു് വ്യാകരണമറിയില്ലെന്നു് സലജ്ജം സമ്മതിക്കുകയുമല്ല. സ്റ്റൈലന്‍ വാക്യങ്ങളാണു് താനെഴുതുന്നതെന്നും അതിനുവേണ്ട വ്യാകരണമെല്ലാം അതിലുണ്ടു് എന്നും സങ്കോചമില്ലാതെ പ്രഖ്യാപിക്കുകയാണദ്ദേഹം. അതിന്റെ പ്രയോഗമാകട്ടെ മലയാളവ്യാകരണത്തെ നിരാകരിക്കുന്നവയല്ലെന്നതാണു് ശ്രദ്ധേയം. `എനിക്കു് വ്യാകരണം തെല്ലും അറിയില്ല' എന്നു് ഒരാള്‍ പറയുമ്പോള്‍ അതു വാസ്തവമാണെന്നു വിചാരിക്കാം. എന്നാല്‍ ആ വാക്യത്തില്‍ വ്യാകരണപ്പിശകൊന്നും ഇല്ലാത്തതിനാല്‍ അതു് നുണയാണെന്നു തെളിയുന്നുമുണ്ടു്. എന്നാല്‍ `*വ്യാകരണം വളരെ ഞാന്‍ അറിയാം വ്യക്തം' എന്നു് ഒരാള്‍ പറഞ്ഞാല്‍ അദ്ദേഹത്തിനു് വ്യാകരണമറിയില്ലെന്നു് വേറെ പറയേണ്ടതില്ല.

*`അവന്റെ പോടാ, ഒരു എണീറ്റ് ആഖ്യ ലൊഡുക്കൂസ് ........ *പളുങ്കൂസന്‍ ഒരു വ്യാകരണം അവന്റെ!.' എന്നൊന്നും ബഷീര്‍ എഴുതാതിരുന്നതു് ഭാഗ്യം. എന്നാലും ഇതേ ചോദ്യം ചോദിക്കാമായിരുന്നു. അങ്ങനെ എഴുതാതിരുന്നതുകൊണ്ടുതന്നെ അദ്ദേഹം ചില ചിട്ടവട്ടങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നു വ്യക്തം. മേലുദ്ധരിച്ച ഭാഗത്തു് ബഷീര്‍ ഉപയോഗിച്ചിട്ടുള്ള ചിഹ്നങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി ഭാഷാപ്രയോഗത്തെക്കുറിച്ചു് അദ്ദേഹത്തിനു് നല്ല ഗ്രാഹ്യമുണ്ടെന്നു മനസ്സിലാകാന്‍. വിദ്യാഭ്യാസവകുപ്പിലെ പണ്ഡിതന്മാര്‍ക്കു്, ചോദ്യം രചിച്ച ആള്‍ക്കു മുതല്‍ അതു് അച്ചടിച്ചു വിതരണം ചെയ്തവര്‍ക്കു വരെ, മലയാളമെഴുത്തിനെക്കുറിച്ചു് ഗ്രാഹ്യം കമ്മിയാണെന്നു് അവരുടെ ചോദ്യക്കടലാസ്സിലെ ചിഹ്നങ്ങളും എഴുത്തും (ആദ്യ ഉദ്ധരണിയില്‍ നല്കിയ അടിവരകള്‍ ശ്രദ്ധിക്കുക) വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ബഷീറിനു് മലയാളവ്യാകരണമറിയില്ല എന്നു പറയുന്നവര്‍ സ്വന്തം അറിവല്ലായ്മയെ മലയാളത്തിലെ ഒരു വലിയ സാഹിത്യകാരന്റെമേല്‍ ആരോപിക്കുകയാണു്. അത്തരം മഞ്ഞക്കാമല മാറാന്‍ കീഴാര്‍നെല്ലി മതിയാവില്ല.

തന്നെ മലയാളം പഠിപ്പിച്ച അദ്ധ്യാപകനോടുള്ള ബഷീറിന്റെ സ്നേഹാദരങ്ങള്‍ കൂടി വ്യക്തമായോലേ ആരാധകര്‍ തങ്ങളുടെ അജ്ഞതകൊണ്ടു് ബഷീറിന്റെ മേല്‍ തേച്ചുപിടിപ്പിക്കുന്ന കരിയുടെ കടുപ്പം വ്യക്തമാകൂ.

``പുതുശ്ശേരി* നാരായണപിള്ളസാര്‍ ആയിരുന്നു അന്ന് ഒന്നാംക്ലാസ്സിലെ വാദ്ധ്യാര്. അദ്ദേഹമാണ് എനിക്കും അബ്ദുല്‍ഖാദറിനും `അ, ആ' എഴുതിത്തന്നത്.

അബ്ദുല്‍ഖാദര്‍ സ്കൂളിലും വെളിയിലും പോക്കിരിയായിരുന്നു. വീട്ടില്‍ ചെല്ലപ്പിള്ള. ഞാന്‍ സ്കൂളില്‍ മര്യാദക്കാരനായിരുന്നു. നാരായണപിള്ളസാര്‍ അവനെ വളരെ തല്ലിയിട്ടുണ്ട്.''

അടിക്കുറിപ്പായി ഇങ്ങനെ ചേര്‍ത്തിട്ടുണ്ടു്, `` ഈ നാരായണപിള്ളസാര്‍ മരിക്കുന്നതുവരെ എന്റെ അടുത്തു വരുമായിരുന്നു. ഞാന്‍ എഴുതിയിട്ടുള്ളതു വായിച്ച് എന്നെ അനുഗ്രഹിക്കുമായിരുന്നു. അദ്ദേഹം മരിച്ചുപോയി. ആത്മശാന്തി നേരുന്നു.'' (ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍, പുറം 953). ഇല്ലാവചനങ്ങള്‍ പറഞ്ഞുപറഞ്ഞു് തന്നെ വെറും അജ്ഞനാക്കിയ ആളെ കാലുമടക്കി അടിക്കാന്‍ ബഷീറിന്റെ സംസ്ക്കാരം അനുവദിച്ചില്ല. ഇതു് ഒരു അവസരമായിക്കരുതി ഇനിയും ബഷീറിനെ അവമാനിക്കരുതു്. മനുഷ്യരെ ആദരിച്ചില്ലെങ്കിലും അനാദരിക്കാതിരിക്കുകയെങ്കിലും ചെയ്യേണ്ടതാണു്. മണ്‍മറഞ്ഞവരെ പ്രത്യേകിച്ചും.

Subscribe Tharjani |