തര്‍ജ്ജനി

ആര്‍ .എസ് .രാജീവ്‌.

ഹരിത,
ഉളിയകോവില്‍,
കൊല്ലം 19.
www.entepookkal.blogspot.com
www.drrsrajeevac.blogspot.com
www.rsrajeev.blogspot.com

Visit Home Page ...

കവിത

ഉറക്കം നഷ്ടപ്പെടുമ്പോള്‍ ...

1
ഒരു ഉഷസ്സില്‍
കിടക്കയില്‍ നിന്ന് എന്നെ ഉണര്‍ത്തി
ജാലകപ്പഴുതിലെ വെളിച്ചത്തിലേയ്ക്കു നിര്‍ത്തി
ദൈവം പറഞ്ഞു:
ഉണ്ണീ എഴുനേല്‍ക്കുക,
ഒരു വരമുണ്ടെന്റെ നെഞ്ചില്‍.
ഉറക്കച്ചടവിന്റെ ലാസ്യത്തില്‍
ഞാന്‍ പറഞ്ഞു:
അത് നീ സാത്താന് നല്‍കുക.
അവന്‍ ഒരു മനുഷ്യനാകട്ടെ!

2

ഒരു ഉച്ചയില്‍
കിടക്ക മേല്‍ വീണു മയങ്ങാന്‍ ഒരുങ്ങവേ
തുറന്നിട്ട വാതിലിലുടെ അകത്തേക്ക് കയറിയ മനുഷ്യന്‍ പറഞ്ഞു:
ഉണ്ണീ ഉറങ്ങരുത്.
ഒരു ആയുധമുണ്ടെന്റെ കയ്യില്‍.
സിരകളില്‍ പടര്‍ന്നു കയറിയ നിദ്ര
വിട്ടു പോകുമ്പോള്‍ ഞാന്‍ പറഞ്ഞു:
അത് നീ എന്‍റെ ശത്രുവിന് നല്‍കുക;
അവന്റെ ജീവിതത്തിനു അര്‍ഥം ഉണ്ടാകട്ടെ !

3

ഒരു രാവില്‍
കിടക്കയില്‍ ഉറക്കത്തെ ഞാന്‍ തേടവേ,
കുട്ടാകുറ്റിരുട്ടില്‍ കൂര്‍ത്ത നഖങ്ങളും
കോമ്പല്ലുകളും തെളിച്ചു പിശാചു എന്നോട് പറഞ്ഞു:
ഉണ്ണീ ഉറക്കമൊഴിഞ്ഞ് വരിക,
നിനക്ക് ഞാന്‍ മോക്ഷമേകാം !
ഉറക്കം ഒഴിഞ്ഞ മടുപ്പോടെ ഞാന്‍ പറഞ്ഞു:
അത് നീ എന്‍റെ സുഹൃത്തിനു നല്‍കുക...
അവന്‍ എന്നെ ശപിക്കട്ടെ !

Subscribe Tharjani |