തര്‍ജ്ജനി

രാജേഷ് ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കടലാസുകപ്പല്‍

ദുരന്തകഥയുടെ ശുഭാന്ത്യം

യഥാര്‍ത്ഥദുരന്തകഥകള്‍ക്കു് വായനക്കാര്‍ കുറവാണ്. വികാരവിരേചനത്തിന്റെ സുഖമൂര്‍ച്ഛപകരുന്ന കണ്ണീരിന്റെ ഇക്കിളിപ്പുസ്തകങ്ങളെപ്പറ്റിയല്ല ഇവിടെ പറയുന്നത്. ധര്‍മ്മത്തിന്റെ അനിവാര്യമായ വിജയത്തിലേക്കുള്ള കുതിപ്പിനിടയില്‍ കാലാള്‍ക്കരുക്കളെപ്പോലെ ചില ചെറുകിടകഥാപാത്രങ്ങളെ കുരുതികൊടുത്തുമുന്നേറുന്ന പടയോട്ടങ്ങളെപ്പറ്റിയുമല്ല. ശുദ്ധവായുവും വെളിച്ചവുംപോലും കടന്നുചെല്ലാത്ത ഗുഹാവ്യൂഹങ്ങള്‍ പോലുള്ള ജീവിതസന്ധികളില്‍ കഥാപാത്രങ്ങളെ കൊണ്ടുചെന്നുനിര്‍ത്തിയിട്ടു പിന്മാറുന്ന കഥകളെയാണ് ഉദ്ദേശിക്കുന്നത്. രാമായണത്തിന്റെ ഉത്തരകാണ്ഡവും, ധര്‍മ്മം അനാഥമാണെന്നു രണ്ടു കൈയുമുയര്‍ത്തി വിലപിയ്ക്കുന്ന മഹാഭാരതവും, നരച്ചനിറമുള്ള, പ്രതീക്ഷാശൂന്യമായ ഒരു ഭാവിയിലേക്ക് അനന്തമായിനീണ്ടുകിടക്കുന്ന ഓര്‍വെലിന്റെ 1984-ഉം പോലെ വായനക്കാരനെ തടവുകാരനാക്കുന്ന അത്തരമൊരു പുസ്തകമാണ് റിച്ചാഡ് യേറ്റ്സിന്റെ ‘റെവൊല്യൂഷനറിറോഡ്’ (1961).

അമേരിക്കന്‍ സാഹിത്യത്തിലെ അതികായന്മാരാല്‍ വാഴ്ത്തപ്പെട്ടിട്ടും നിരൂപകശ്രദ്ധയില്‍ നേടിയവിജയം വില്പനയില്‍ ആവര്‍ത്തിക്കാന്‍ കഴിയാതെപോയ ദുരന്തചരിത്രമാണ് ഈ നോവലിന്റേത്. തലക്കെട്ടിലെ റോഡ് ഏതെങ്കിലും വിപ്ലവാദര്‍ശങ്ങളുടെ യുദ്ധപാതയല്ല, മറിച്ച് പുത്തന്‍ പണവുമായി അണുകുടുംബങ്ങള്‍ നഗരത്തില്‍നിന്നു് പ്രാന്തപ്രദേശങ്ങളിലേക്ക് ചേക്കേറാന്‍ വരുന്ന പുതിയ ഹൈവേയാണെന്നത് ഈ കൃതിയിലെ എണ്ണമറ്റ കറുത്തഫലിതങ്ങളില്‍ ഒന്നുമാത്രം.

രണ്ടാംലോകമഹായുദ്ധത്തില്‍ വിജയംകൊയ്തു മടങ്ങിയെത്തിയവരുടെ തലമുറ സുഖസൌകര്യങ്ങളുടെയും ഉപഭോഗത്തിന്റെയും സുരക്ഷിതത്വത്തില്‍ അഭയംതേടുന്ന ആയിരത്തിത്തൊള്ളായിരത്തിഅമ്പതുകളാണ് കാലം. സാമ്പത്തികഭദ്രതയുള്ളതെങ്കിലും ആത്മാവിനുതരിമ്പുപോലും തൃപ്തിനല്കാത്ത ജോലിയില്‍ മുരടിയ്ക്കുന്ന മുപ്പതുകാരനായ നായകനും വീട്ടമ്മയായ ഭാര്യയും അയാളുടെ സ്വപ്നലോകമായ പാരീസിലേക്ക് രണ്ടു് കൊച്ചുകുട്ടികളടങ്ങുന്ന തങ്ങളുടെ കുടുംബത്തെ പറിച്ചുനടാന്‍ നടത്തുന്ന ശ്രമത്തിന്റെ ദുരന്തപരിണാമങ്ങളാണ് കഥ. ഭാഷയും സങ്കേതങ്ങളും പാത്രസൃഷ്ടിയുമെല്ലാം ഭ്രമാത്മകത തൊട്ടുതീണ്ടിയിട്ടില്ലാത്ത യാഥാതഥ്യത്തിന്റേതാണ്. കാലികയാഥാര്‍ത്ഥ്യം പേടിക്കഥകളെക്കാള്‍ ഭീകരമാകുമ്പോള്‍ അതിശയോക്തികള്‍ അസ്ഥാനത്തായിത്തീരുമല്ലോ.

തങ്ങളെക്കാള്‍ ധീരോദാരനായ നായകന്‍ വിധി തുടങ്ങിയ അമാനുഷശക്തികളോട് തന്റെ കഴിവിന്റെ പരമാവധി മല്ലടിച്ചിട്ടും തളര്‍ന്നുവീഴുന്ന കാഴ്ചയാണ് പുരാതനദുരന്തനാടകങ്ങളില്‍ പ്രേക്ഷകരെ ത്രസിപ്പിച്ചത്. എന്നാല്‍, തങ്ങളെപ്പോലെതന്നെ ന്യൂനതകളുള്ളകഥാപാത്രങ്ങള്‍ ആ ന്യൂനതകൾക്കും സമൂഹശക്തികൾക്കുമെതിരെ പൊരുതുന്നതിന്റെ വിപര്യയങ്ങളാണ് ആധുനികകാലത്തെ വായനക്കാരെ ആകർഷിക്കുന്നത്. അവിടെയാണ് റിയലിസത്തിന്റെ സങ്കേതങ്ങൾ എഴുത്തുകാരന്റെ സഹായത്തിനെത്തുന്നത്.

ഈ നോവലില്‍ 1950കളിലെ കോര്‍പ്പറേറ്റ് കോട്ടകളുടെ കുറവറ്റ ചിത്രീകരണമുണ്ട്. മിമിയോഗ്രാഫുകളും ഡിക്റ്റാഫോണുകളും കടലാസ് ഫയലുകളും മാര്‍ട്ടിനി ലഞ്ചുകളും സുഖോപകരണങ്ങളായ സെക്രട്ടറിമാരുമുള്ള ഈ ലോകത്തിന്റെ വര്‍ണ്ണന അന്നത്തെ വായനക്കാരന്‍ തങ്ങളുടെ സ്ഥലകാലങ്ങളിലേക്കു തിരിച്ചുപിടിച്ച കണ്ണാടിയായിവര്‍ത്തിക്കുകയും ചെയ്തിരിക്കാം. എന്നാല്‍, കൃത്യം അരനൂറ്റാണ്ടിനിപ്പുറത്തുനിന്ന് ഇന്ന് ഈ കൃതിവായിക്കുമ്പോള്‍ മറ്റേതോ കാലത്തിന്റെയും ജനതയുടെയും ദുരന്തകഥയാണല്ലോ ഇത് എന്ന ആശ്വാസമല്ല ഇതില്‍ കണ്ടെത്താന്‍ കഴിയുന്നത്. മറിച്ച്, സാങ്കേതികതയിലും ശാസ്ത്രത്തിലും നടന്ന കുതിപ്പുകള്‍ക്കിപ്പുറവും മനുഷ്യാത്മാവു് നേരിടുന്ന വെല്ലുവിളികള്‍ എത്ര മാറ്റമില്ലാത്തതാണ് എന്ന ബോധമാണ്.

നന്മയുടെ ദിശാസൂചിയായി ഒരു കഥാപാത്രത്തെപ്പോലും കണ്ടെത്താനാവാതെ, പ്രത്യാശയുടെ ഒരു കിരണംപോലും ബാക്കിയില്ലാതെ,അന്ധകാരം മാത്രം ഒരു കഥാന്ത്യത്തില്‍ അവശേഷിക്കുമ്പോള്‍ അനുവാചകമനസ്സില്‍ സംഭവിക്കുന്നതെന്താണെന്ന് ആലോചിക്കാന്‍ ഉപയോഗിക്കാവുന്ന ഉത്തമമായ അന്വേഷണോപാധിയാണ് ‘റെവൊല്യൂഷനറിറോഡ്’. യാഥാര്‍ത്ഥ്യപ്രതീതിയുണ്ടാക്കിക്കൊണ്ട് കാഥികന്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ പ്രപഞ്ചത്തില്‍ കഥാപാത്രങ്ങളോടൊപ്പം കുടുങ്ങിക്കിടക്കുകയാണ് വായനക്കാരും. വാക്കുകളിലൂടെ ഇന്ദ്രിയാനുഭൂതികളുടെ പ്രതീതി സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ പാടവം ഏറുന്നതിനനുസരിച്ച് ഈ അനുഭവത്തിന്റെ വിശ്വാസ്യതയുമേറും. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് കഥയുടെ അവസാനത്തിലെ ദുരന്തം സംഭവിക്കുന്നത്. ‘ഇനി ഈ കഥാപാത്രത്തിനു് പോംവഴികളില്ല‘ എന്ന സന്ദേശം‘തന്റെ വഴികള്‍ അടഞ്ഞിരിക്കുന്നു‘ എന്നു പരിഭാഷപ്പെടുത്തിയാണ് അപ്പോള്‍ വായനക്കാരന്റെ മനസ്സ് ഉള്‍ക്കൊള്ളുന്നത്. പരിഹാരങ്ങള്‍ക്കുവേണ്ടി കഥയ്ക്കുള്ളില്‍ നടത്തുന്ന മുട്ടിത്തിരിയലുകള്‍ ഒടുങ്ങുമ്പോള്‍ ആ അന്വേഷണങ്ങള്‍ കഥയ്ക്കുപുറത്തുള്ള ലോകത്തിലേക്കാണു് തിരിയുന്നത്. തന്റെ ജീവിതത്തിലും തന്റെ ലോകത്തിലുമുള്ള നീറുന്നപ്രശ്നങ്ങള്‍ക്കു് പരിഹാരത്തിനാണ് ആ ഊര്‍ജ്ജം ചെലവഴിയ്ക്കപ്പെടുന്നത്. അങ്ങനെയാലോചിക്കുമ്പോള്‍ ദുരന്തകഥയുടെ ശുഭാന്ത്യം കഥയ്ക്കുപുറത്താണ് സംഭവിക്കുന്നത്.

ബ്രെഹ്തിനെപ്പോലുള്ള ആധുനികര്‍ രൂപപരമായ സാഹസികത്വത്തിലൂടെ കലാസൃഷ്ടിയുടെ കൃത്രിമത്വം തുറന്നുകാട്ടി, അതിലൂടെയാണ് ബാഹ്യലോകത്തിന്റെ കൃത്രിമത്വത്തെ ചോദ്യംചെയ്യാന്‍ ആസ്വാദകനെ പ്രേരിപ്പിച്ചത്. എന്നാല്‍, റിച്ചാഡ് യെയ്റ്റ്സ് തന്റെ ദുരന്തകഥയില്‍ പരമ്പരാഗതമായ സങ്കേതങ്ങളുപയോഗിക്കുമ്പൊഴും സദൃശമായ ഫലങ്ങളാണു് കൈവരിക്കുന്നത് എന്നത് കൌതുകകരമാണ്. ബാഹ്യലോകത്തിന്റെ പരിവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ ആസ്വാദകനെ ക്ഷണിക്കുകയാണ് രണ്ടു തരത്തിലുള്ള സൃഷ്ടികളും ചെയ്യുന്നത്. കാലഘട്ടത്തിന്റെ തുടിപ്പുകളറിയുന്ന കലാസൃഷ്ടിയില്‍, അതിന്റെ സ്രഷ്ടാവിന്റെ സങ്കേതപരമായ പ്രതിബദ്ധതകള്‍ എന്തുതന്നെയായാലും കലാദര്‍ശങ്ങളുടെ മാറിയമുദ്ര പതിയാതിരിക്കില്ലല്ലോ.

അറുപതുകളില്‍ ഹിപ്പിമതത്തിന്റെ ആത്മാന്വേഷണത്വരയിലേക്ക് അമേരിക്കന്‍ യുവത്വം കൂട്ടത്തോടെ തിരിഞ്ഞതിനു പിന്നിലെ പ്രേരകശക്തികളില്‍ ഒന്നായിരുന്നിരിക്കണം ‘റെവൊല്യൂഷനറിറോഡ്’ പോലുള്ള കൃതികള്‍ വരച്ചിട്ട മിഴിവുറ്റ ദുരന്തചിത്രങ്ങളും.

Subscribe Tharjani |