തര്‍ജ്ജനി

മുഖമൊഴി

മുല്ലപ്പെരിയാറില്‍ ഇനിയെന്ത്?


കേരളത്തില്‍നിന്നുമുള്ള എം.പിമാര്‍ ഡല്‍ഹിയില്‍ പ്രതിഷേധപ്രകടനം നടത്തുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് അണക്കെട്ടിന്റെ നിര്‍മ്മാണകാലത്തോളം പഴക്കമുണ്ട്. 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രസിഡന്‍സിയുടെ ഭാഗമായ മധുര, തേനി, ഡിണ്ടിഗല്‍, രാമനാഥപുരം പ്രദേശങ്ങള്‍ അനുഭവിക്കുന്ന കടുത്ത ജലക്ഷാമത്തിന് പരിഹാരം തേടിയ കൊളോണിയല്‍ ഭരണാധികാരികളുടെ കണ്ടെത്തലായിരുന്നു മുല്ലപ്പെരിയാറിലെ അണക്കെട്ട്. ഈ അണക്കെട്ടില്‍ നിന്നും 999 വര്‍ഷം ജലസേചനത്തിനായി തമിഴ് നാട്ടിന് വെള്ളം നല്കുവാനും അതിന് പ്രതിഫലമായി പണം വാങ്ങുവാനുമുള്ള കരാര്‍ അക്കാലത്തുതന്നെ ഉണ്ടാക്കിയിരുന്നു. ആ കരാറില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഒപ്പുവെച്ച തിരുവിതാംകൂര്‍ രാജാവ് വിശാഖം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാന്‍ ഈ കരാര്‍ ഒപ്പുവയ്ക്കുന്നത് എന്നാണ് അന്ന് പറഞ്ഞത്. കൊളോണിയല്‍ രാഷ്ട്രീയസമ്മര്‍ദ്ദത്തിന് കീഴടങ്ങേണ്ടിവന്ന ഒരു ഭരണാധികാരിയുടെ വേദനയാണ് ഈ വാക്കുകളില്‍ നമ്മളിന്ന് അറിയുന്നത്.

മുല്ലപ്പെരിയാറിലെ അണ കെട്ടുന്നകാലത്ത് ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ചു പണിത അണക്കെട്ട് ഇന്ന് ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിലൊന്നാണ്. ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ന്ന സുര്‍ക്കി എന്ന മിശ്രിതം ഉപയോഗിച്ചാണ് അണക്കെട്ട് നിര്‍മിച്ചത്. 1964ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ച കണ്ട് തുടങ്ങിയത്. അണക്കെട്ടിന്റെ സുരക്ഷിതത്വം അപ്പോഴാണ് ഒരു പ്രശ്നം എന്ന നിലയില്‍ ഉയര്‍ന്നുവന്നത്. അതിനു മുമ്പേ ജലം പങ്കിടുന്നതിന്റെയും അതിന്റെ ഉപയോഗത്തെക്കുറിച്ചുമുള്ള തര്‍ക്കപ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്. അണക്കെട്ട് പണിത് 40 വര്‍ഷംകഴിഞ്ഞാണ് തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. ജലസേചനത്തിനായി നല്‍കിയ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്പാദനത്തിന് മദിരാശി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്. ആദ്യ കരാര്‍ ലംഘനവും ഇതാണ്. തര്‍ക്കം കോടതിയിലെത്തുകയും തര്‍ക്ക പരിഹാരത്തിനായി അമ്പയററെ നിയമിക്കപ്പെടുകയും ചെയ്തു. അമ്പയര്‍ മുമ്പാകെ തിരുവിതാംകൂറിന് വേണ്ടി വാദിച്ചത് സര്‍ സി.പി. രാമസ്വാമി അയ്യരാണ്. ജലസേചനത്തിന് വേണ്ടി നല്കിയ വെള്ളം കുടിക്കാന്‍ പോലും അവകാശമില്ലെന്ന്, വൈദ്യുതി ഉല്പാദനത്തെ എതിര്‍ത്ത സര്‍ സി.പി വാദിച്ചു. 1941 മെയ് 21ന് അമ്പയര്‍ വിധി പുറപ്പെടുവിച്ചു. പെരിയാര്‍ പാട്ടക്കരാര്‍ അനുസരിച്ച് ജലസേചനത്തിന് നല്കിയ ജലം മറ്റൊരു ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ചരിത്രപ്രസിദ്ധമായ വിധി. പക്ഷെ അക്കാലം മുതല്‍ തര്‍ക്കം തുടരുകയും അത് ഇക്കാലം വരെ തുടരുകയും ചെയ്തു. അതെല്ലാം ജലം പങ്കിടുന്നതിനെക്കുറിച്ചും അതിനായി ഉണ്ടാക്കിയ കരാറിന്റെ വ്യവസ്ഥകളെക്കുറിച്ചും കരാര്‍ ലംഘനത്തെക്കുറിച്ചുമായിരുന്നു.

2000-ല്‍ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പുതിയൊരുമാനം കൈവരുന്നത്. ഭൂചലനസാദ്ധ്യതയുള്ള ഒരു പ്രദേശത്തു് സ്ഥിതിചെയ്യുന്ന അണക്കെട്ട്, അതില്‍ ഇതിനകം രൂപപ്പെട്ട ചോര്‍ച്ചയും വിള്ളലുമെല്ലാമിരിക്കെ എത്രമാത്രം സുരക്ഷിതമാണെന്ന ആലോചനകള്‍ക്ക് അതോടെയാണ് തുടക്കമാവുന്നത്. ഇന്ന് നമ്മുടെ മുന്നിലെ പ്രശ്നവും അതാണ്.പഴയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മ്മിച്ച അണക്കെട്ടിനെ ബലപ്പെടുത്തുവാനുള്ള നിരവധി പരിശ്രമങ്ങള്‍ക്കു ശേഷവും വിള്ളലും ചോര്‍ച്ചയും അവശേഷിക്കുമ്പോള്‍ ഇത് പ്രസക്തമായ പ്രശ്നമാണ്. അണക്കെട്ട് തകര്‍ന്നാല്‍ കേരളത്തിലെ നാല് ജില്ലകള്‍‌ കുത്തിയൊഴുകുന്ന വെള്ളത്തില്‍ തുടച്ചുനീക്കപ്പെടുമെന്ന് ഇതിനകം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇന്ന് മുല്ലപ്പെരിയാര്‍ ജലം പങ്കിടുന്നതിന്റെ പ്രശ്നമോ അതുമായി ബന്ധപ്പെട്ട കരാര്‍ പാലിക്കുന്നതിന്റെയോ പ്രശ്നമല്ല.സുരക്ഷിതത്വത്തിന്റെ പ്രശ്നമാണ്. അണ തകര്‍ന്നാല്‍ തമിഴ് നാടിന് വെള്ളം കിട്ടാതെ പോവുകയേ ഉള്ളൂ. കേരളത്തിന്റെ പ്രശ്നം അതല്ല.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അഭിപ്രായൈക്യവും ജനകീയമുന്നേറ്റവും ഇപ്പോള്‍ ഈ വിഷയത്തില്‍ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്.ഭൂചലനഭീഷണി നിലനില്ക്കുന്ന സ്ഥലത്തെ ദുര്‍ബ്ബലമായ അണക്കെട്ടിന്റെ കാര്യത്തില്‍ ചെയ്യാനായി ഒരു കാര്യമേയുള്ളൂ. അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്യുക. പക്ഷെ എന്താണ് സംഭവിക്കുക എന്ന് വരാനുള്ള നാളുകളില്‍ നമ്മള്‍ കാണാനിരിക്കുന്നതേയുള്ളൂ.

Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2011-12-11 22:40.

സര്‍ സി.പിയുടെ ആത്മാവിന് ശാന്തിയുണ്ടാകട്ടെ. തമിഴ് ചെട്ടി വാദിക്കാന്‍പോയ കാര്യം ദേശീയസ്വത്വവികാരത്തില്‍ ഒലിച്ചുപോയില്ലല്ലോ. വികാരത്തെക്കാള്‍ വിചാരവും വിവേകവുമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നുള്ള പാഠവും സര്‍ സി.പിയുടെ വാദത്തിലില്ലേ? കേരളത്തിലെ വിമര്‍ശകര്‍ക്ക് ഇതു രണ്ടുമില്ല. അവരും പേട്ട് മാദ്ധ്യമങ്ങളും ചേര്‍ന്നു കൊളുത്തിയ തീയില്‍ എന്തെല്ലാം കത്തുമെന്ന് കാത്തിരുന്ന് കാണാം.

999 സിനിമ തമിഴ് നാട്ടിലല്ല അച്ചുമ്മാമയോ ജോസഫച്ചായനോ ഇ.എസ് ബിജിമോളോ അല്ല ഉമ്മന്‍ചാണ്ടിയാണ് ബോധത്തോടെ സംസാരിക്കുന്നത്. ദുരന്തമുണ്ടായാല്‍ കേരളം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന്, ജനതയില്‍ ഭ്രാന്ത് കുത്തിവെക്കുന്ന പൊട്ടത്തരങ്ങള്‍ പറയാതെ സാദ്ധ്യതകളും വഴികളും വിശദീകരിച്ച കുറ്റത്തിന് ദണ്ഡപാണിയെ വിചാരണചെയ്ത കോമാളിമാദ്ധ്യമങ്ങളേയും അതിന്റെ പിന്തുടരുന്ന ബുദ്ധിവിഹീനരായ കോമാളി നേതാക്കളും തീക്കൊള്ളികൊണ്ട് തലചൊറിയുകമാത്രമാണ് ചെയ്യുന്നത്. തമിഴ് വഴലു രാഷ്ട്രീയത്തെക്കാള്‍ ഒട്ടും ഭേദമല്ല കേരള കോണ്‍ഗ്രസ്സും അച്ചുമ്മാമ രാഷ്ട്രീയവും. അവരുടെയൊക്കെ അഭിനയമത്സരം പ്രശ്നപരിഹാരത്തിനുള്ളതല്ല.

നിലവിലുള്ള അണക്കെട്ട് നിലനില്‍ക്കെ തന്നെ താഴെ സംരക്ഷണ അണക്കെട്ട് കെട്ടാനല്ലേ കേരളം ശ്രമിക്കേണ്ടത്? അതിന് കേന്ദ്രം ഫണ്ട് തരണമെന്നും ആവശ്യപ്പെടാമല്ലോ.

കരാറു പാലിക്കാത്തതിനും പറ്റിക്കുന്നതിനും കേസ് നടത്തണം. അതിന് വിവരമുള്ള വക്കീലന്മാരെ കണ്ടെത്തണം. കേരളത്തില്‍ LLB പഠിച്ച വക്കീലന്മാരെക്കൊണ്ട് കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.

ഭാഷാ-ദേശീയതാഭ്രാന്ത് പടക്കുന്ന കോമാളികള്‍ തുലയട്ടെ.

Submitted by edacheri dasan (not verified) on Sun, 2011-12-11 23:22.

ഹലോ സാര്‍, താങ്കളുടെ ഗൌരവമേറിയ ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു എന്ന് ഞാന്‍ കരുതുന്ന രണ്ടുകാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തണം എന്നാഗ്രഹിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട തമിഴ്‌ സഹോദരന്മാരുടെ അഞ്ചു ജില്ലകള്‍ വരണ്ടുണങ്ങിപ്പോകരുതേ എന്നും, അഞ്ചു ആറും മണിക്കൂറുകള്‍ വൈദ്യുതിയില്ലാതെ നരകയാതന അനുഭവിക്കുന്ന തമിഴ്‌ മക്കള്‍ക്കു വെളിച്ചമില്ലാതെ ഇരുട്ടിലാവരുതേ എന്നും ഉള്ളുനൊന്തുരുകുന്ന ഞങ്ങളെ കൊല്ലരുതേ കൊല്ലരുതേ എന്നു സംസ്ഥനത്തെ മൂന്നേകാല്‍ കോടിയോളം ജനങ്ങളും അവരെ പ്രതിനീധികരിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും MLA മാരും, സംസ്ഥനമന്ത്രിമാരും, MP മാരും കേന്ദ്രമന്ത്രിമാരും നെഞ്ഞുപൊട്ടുമാറുച്ഛത്തില്‍ നിലവിളിച്ചിട്ടും, നമ്മുടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നിരുത്തര വാദപരമായ,കുറ്റകരമായ പൊട്ടന്‍കളിയേക്കുറിച്ചു, വൃത്തികെട്ട സങ്കുചിതരാഷ്ട്രീയത്തെ ക്കുറിച്ച്‌ വേണ്ടത്ര സ്പര്‍ശിച്ചില്ല എന്നതാണ്‌. അതില്‍ (ഒന്ന്,) DMKയുടെ പിന്തുണയില്ലാതെ കേന്ദ്രസര്‍ക്കാറിനു നിലനില്‍ക്കാന്‍ കഴിയില്ല എന്ന കോണ്‍ഗ്രസ്സുകാരന്റെ തിരിച്ചറിവിനേക്കുറിച്ച്‌. (രണ്ടാമത്‌,)അണക്കെട്ടു പൊട്ടുന്നപക്ഷം സംഭവിക്കാനിരിക്കുന്ന വലിയൊരു ദുരന്തത്തെ അതിജീവിക്കുന്നതിനായി ഒട്ടനവധി വിദഗ്ദര്‍ നിര്‍ദ്ദേശിച്ച സുരക്ഷാസംവിധാനങ്ങളില്‍ ഒന്നുപോലും ഇന്നുവരെ നടപ്പിലാക്കാത്ത നമ്മുടെ സര്‍ക്കാരിന്റെ അനാസ്ഥയേയും കുറിച്ചാണ്... .എങ്കിലും ഒരു ജനതയുടെ ജീവത്തായ വിഷയത്തോടുള്ള താങ്കളുടെ ഫലവത്തായ ഇടപെടലിനെ മാനിക്കുന്നു, ഉയര്‍ത്തിപ്പിടിക്കുന്നു. അഭിവാദ്യങ്ങള്‍

Submitted by Subrahmanya Sharma (not verified) on Tue, 2011-12-13 20:08.

The comment by anonymous titled - branthi... thulayatte is a sane voice . The main article Mullaperiyaril inientha is empty of content .