തര്‍ജ്ജനി

ഹക്കിം ചോലയില്‍

പി. ബി. നമ്പര്‍: 136873
ജിദ്ദ: 21313
സൗദി അറേബ്യ.

Visit Home Page ...

കഥ

മാര്‍ജ്ജാരപുത്രന്‍

ജോലിസമയം തീരാന്‍ ഏതാനും മിനുട്ടുകള്‍ ബാക്കിയുള്ളപ്പോള്‍ മുന്നിലേക്ക്‌ ഒരു കെട്ട് ഫയലുകളും തൂക്കി മാനേജര്‍ കനത്ത മുഖത്തോടെ വരുന്നത്‌ കണ്ടപ്പോള്‍ ഒരു ഫ്ലാഷ്‌ ലൈറ്റിന്റെ വെള്ളിപ്രഭയോടെ അവന്റെ മുഖം അയാളുടെ മനസ്സില്‍ മിന്നി. എഴുന്നേല്ക്കുമ്പോള്‍ ഒരു കളളച്ചിരിയോടെ കണ്ണാടിയുടെ മുന്നില്‍ നിന്ന് ഗോഷ്ടികാണിച്ചും തിരക്കിട്ട് കുളിമുറിയിലേക്ക്‌ ഓടിക്കയറുമ്പോള്‍ പെട്ടെന്ന് വിസര്‍ജനം നടത്തി ഒരു പരിഹാസച്ചിരിയോടെ ഓടി മറഞ്ഞും പ്രാതല്‍ കഴിക്കാന്‍ ഡൈനിംഗ്‌ ടേബിളിലേക്ക്‌ നീങ്ങിയാല്‍ കറിയുടെ കിണ്ണം തട്ടിത്തെറിപ്പിച്ചും ക്ഷമയെ നിരന്തരം പരീക്ഷിക്കുന്ന കരുണാരഹിതമായ അവന്റെ പ്രവര്‍ത്തികളുടെ തുടരന്‍രംഗങ്ങളിലെതുപോലെ അവന്റെ ചുണ്ടില്‍ അപ്പോഴും ആ പരിഹാസചിരിയുണ്ടായിരുന്നു. അവനെ കണികാണുന്ന ദിവസങ്ങളിലൊക്കെയും ഇത്തരം ഏടാകൂടങ്ങളില്‍ അയാള്‍ ചാടുക പതിവായിരുന്നു.

മാനേജരുടെ മംഗോളിയന്‍ മുഖത്തേക്ക്‌ നോക്കി ചില പച്ചത്തെറികള്‍ പല്ലുകള്‍ക്കിടയില്‍ അമര്‍ത്തി ഫയലുകളിലേക്ക്‌ മുഖം പൂഴ്ത്തി ഇരുന്നു, അയാള്‍. അവന്റെ ശല്യങ്ങള്‍ ഈയിടെയായി കൂടിക്കൊണ്ടിരിക്കുകയാണ്‌. സ്വകാര്യതകളിലേക്ക്‌ ആരോ നിരന്തരമായി ചുഴിഞ്ഞുനോക്കുതുപോലെ ഇപ്പോള്‍ അവന്റെ സാന്നിദ്ധ്യം അലോസരപ്പെടുത്തുവാന്‍ തുടങ്ങിയിട്ടുണ്ട്‌.

പെട്ടെന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് നോക്കി മൂല്യനിര്‍ണ്ണയം നടത്താന്‍ മാനേജര്‍ക്ക്‌ സമയം കിട്ടുന്നതിനുമുമ്പേ അയാള്‍ വേഗം യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി. മീനമാസമായിരുന്നെങ്കിലും മഴചാറിത്തുടങ്ങിയിരുന്നു. ചരല്‍വാരിയെറിയുന്നതുപോലെ മഴ മുഖത്തും ശിരസ്സിലും വന്നുവീണു. തോരുന്ന മുനിസിപ്പാലിറ്റിയുടെ ബസ്‌ സ്റ്റാന്‍ഡിലാണെങ്കില്‍ അന്ന് പതിവിലേറെ തിരക്കുമുണ്ടായിരുന്നു.

താങ്ങാവുന്നതിലേറെ ഭാരം ചുമന്ന് ഒരു ഗര്‍ഭിണിയുടെ ആലസ്യത്തോടെയാണ്‌ ബസ്‌ സ്റ്റാന്റില്‍ വന്ന് നിന്നത്‌. ഇഴഞ്ഞുനീങ്ങുന്ന ബസ്സിലെ തിരക്കിലേക്കും അവന്റെ പരിഹാസച്ചിരി ഇടറി വീഴുന്നുണ്ടെന്ന് അയാള്‍ക്ക്‌ തോന്നി. രണ്ടിലധികം തവണ അവനെ കരകടത്തിയതാണ്‌. ദൂരെ, ഒരിക്കലും തിരിച്ചുവരാനാവാത്തവിധം ദൂരെ. എവിടെ ഉപേക്ഷിച്ചാലും നേരം പുലരുമ്പോഴേക്കും അവന്‍ വീട്ടിലെത്തിയിട്ടുണ്ടാവും. എഴുന്നേല്‍ക്കുമ്പോള്‍ കണികാണാന്‍ പാകത്തില്‍ ഡ്രസ്സിങ്‌ ടേബിളിലോ അല്ലെങ്കില്‍ അലമാരയുടെ മീതെയോ നിലയുറപ്പിച്ചിരിക്കും. ഒരു വടിയുമായി അടിക്കാന്‍ ചെല്ലുമ്പോഴാവട്ടെ, ഒരു സീല്‍ക്കാരത്തോടെ കണ്ണുകളില്‍ അമര്‍ത്തിയ ചിരി ഒളിപ്പിച്ച്‌ അവന്‍ ഓടി മറയും.

'നിങ്ങളെന്താ കട്ട്യോളെ പോലെ. അതെവിടെയെങ്കിലും നിന്നോട്ടെ. നിങ്ങക്കെന്താ?' കൌസല്യ അങ്ങനെയാണ്‌ ചോദിക്കുക. അല്ലെങ്കിലും അവള്‍ക്കവനോട്‌ ഒരു സോഫ്ട്‌ കോര്‍ണര്‍ ഉണ്ട്‌, ഏതോ ബന്ധുവീട്ടില്‍ നിന്ന് കൊണ്ടുവന്നുവെന്ന അധികാരഭാവവും.
ഇരുട്ടുവീണ വഴികളില്‍ മഴ പശിമയായി പറ്റിപ്പിടിച്ചു. ഘോരമായ ഇടിമിന്നലിലെപ്പോഴോ ശ്വാസം നിലച്ച്‌ കറണ്ട്‌ ഇരുട്ടില്‍ ഒളിച്ചിരുന്നു. കടവാതിലുകള്‍ പോലെ ഇടിമിന്നലില്‍ നിഴലുകള്‍ മഴയില്‍ വീണു കലമ്പി.

മഴയില്‍ കുതിര്‍ന്ന് ചാവടിയില്‍ അവന്‍ കിടക്കുന്നതു തയൊണ്‌ വീട്ടിലേക്ക്‌ കയറിയപ്പോള്‍ ആദ്യമായി കണ്ടത്‌. സ്വീകരണമുറിയിലെ മെഴുകുതിരിയുടെ നേര്‍ത്ത നിലാവില്‍ രണ്ടു വൈഡൂര്യങ്ങള്‍ ഉരുണ്ടുമറിഞ്ഞു തിളങ്ങി. മുറ്റത്തെ ഓട്ടുകിണ്ടി ചലിക്കുന്നതുകണ്ടാവണം ശത്രുവിനെ കണ്ട വെപ്രാളത്തോടെ അവന്‍ ഒരു നിമിഷം പിടഞ്ഞുണര്‍ന്നു. പിന്നെ അത്മരക്ഷയ്ക്കെന്നോണം ഏതോ വനിതാമാസികയില്‍ മനസ്സര്‍പ്പിച്ചിരിക്കുന്ന കൌസല്യയുടെ കാല്‍പാദങ്ങള്‍ക്കരികിലേക്ക്‌ പതുങ്ങി നീങ്ങി.
ചോറ്റുപാത്രവും കണ്ണടയും മേശപ്പുറത്ത്‌ വച്ചപ്പോഴും കൌസല്യ പുസ്തകത്തില്‍ നിന്നും മുഖമുയര്‍ത്തിയില്ല. അവളുടെ മടുപ്പിന്റെ കാര്‍മേഘങ്ങള്‍ക്കുള്ളില്‍ ആണ്ടുപോയ മുഖവും കണ്‍തടങ്ങളില്‍ ഈയിടെയായി പ്രത്യക്ഷപ്പെട്ട കറുത്ത പാടുകളും അയാളെ കുറച്ചു ദിവസങ്ങളായി അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. ചലനമറ്റുള്ള അവളുടെ ഇരിപ്പില്‍ അയാള്‍ക്ക്‌ അല്‍പം നീരസം തോന്നാതിരുന്നില്ല. എന്നാല്‍ അക്ഷരങ്ങളുടെ സ്വപ്നലോകത്തുനിന്നും പൊടുന്നനെ വര്‍ത്തമാനത്തിന്റെ ഇരുണ്ട വെളിമ്പ്രദേശത്തേക്ക്‌ അവളെ വലിച്ചിടാന്‍ അയാള്‍ അപ്പോള്‍ തീര്‍ച്ചയായും ആഗ്രഹിച്ചില്ല.

മൂട്ടവിളക്ക്‌ കത്തിച്ച്‌ കുടയെടുത്ത്‌ അയാള്‍ കുളിക്കാനായി പുറത്തേക്ക്‌ നടന്നു. മഴ അല്‍പം ശമിച്ചിരുന്നു. കപ്പിയില്‍ കയറുരയുമ്പോഴുണ്ടാകുന്ന അരോചകമായ സ്വരം പോലെ സന്ധികളിലെ വേദനയും അസഹ്യമാണെന്ന് അയാള്‍ക്ക്‌ തോന്നി. ശരീരത്തിന്റെ പ്രതിഷേധങ്ങള്‍ക്ക്‌ പ്രായത്തിന്റെ പിന്തുണകൂടിയുണ്ടാകുമ്പോള്‍ മനസ്സിലെ അവശേഷിക്കുന്ന വെളിച്ചവും കെട്ടുപോകും.

രാത്രി, കൌസല്യ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം, പെന്‍ടോര്‍ച്ച്‌ തെളിച്ച്‌ മച്ചിലേക്ക്‌ കയറുമ്പോള്‍ കുട്ടിക്കാലത്തെപ്പോഴോ കള്ളനായി അഭിനയിച്ചത്‌ അയാള്‍ക്ക്‌ ഓര്‍മ്മവന്നു. പലകയിളകിയ കോണിയുടെ അഴികളില്‍ നിന്ന് ഒരു നിമിഷം കിതപ്പാറ്റി അയാള്‍ കൈയിലെ ചാക്ക്‌ നിവര്‍ത്തിപ്പിടിച്ചു. പെന്‍ടോര്‍ച്ചിന്റെ തീഷ്ണമായ വെളിച്ചം അവനെ ചകിതനാക്കിയിരിക്കണം. ഒരു സ്വപ്നത്തിന്റെ വിഭ്രാന്തിയിലെവിടെയോ അകപ്പെട്ടത്‌ പോലെ അവന്‍ സ്തംഭിച്ചുനിന്ന ഒരു നിമിഷം ധാരളമായിരുന്നു, തുറന്നുപിടിച്ച ചാക്കിന്റെ ഇരുട്ടിലേക്ക്‌ അവനെ താഴ്ത്തിയിടാന്‍. ഒരു നേര്‍ത്ത വിലാപം പോലും അവനില്‍ നിന്നുണരാന്‍ ഇട നല്‍കാതെ അയാള്‍ ചാക്ക്‌ കൂട്ടിക്കെട്ടി. വിഫലമായ പരാക്രമത്തിനൊടുവില്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ അവന്‍ ചാക്കിന്റെ തടവറയെ അറിഞ്ഞു.

പുറത്ത്‌, ഇരുട്ട് അലിയാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ചാക്കുമായി പതുക്കെ കോണിയിറങ്ങി. കാലുകള്‍ അമരുമ്പോള്‍ മഴയില്‍ കുതിര്‍ന്ന പച്ചിലകളില്‍ ഭൂമിയുടെ ജൈവം ഈര്‍പ്പമായി കിനിഞ്ഞു. വലത്തോട്ട് തിരിഞ്ഞ്‌ ഇടതൂര്‍ന്ന റബ്ബര്‍ മരങ്ങള്‍ പിന്നിട്ട് ഇത്തിരികൂടി നടക്കണം, പുഴയിലെത്താന്‍. പുഴ കടത്തിവിട്ടാല്‍ അവന്‌ തിരിച്ചുവരാന്‍ കഴിയില്ലെന്ന പ്യൂണ്‍ നാരായണന്‍കുട്ടിയുടെ ഉപദേശം അവന്റെ എല്ലാവിധ ശല്യങ്ങളില്‍ നിന്നും തന്നെ എന്നെന്നേക്കുമായി രക്ഷപ്പെടുത്തുമെന്നുതന്നെ അയാള്‍ വിചാരിച്ചു.

കാവല്‍മാടത്തില്‍, ഒരു ബീഡിയുടെ അതിഭാവുകത്വത്തില്‍ മുഴുകിയിരിക്കുകയായിരുന്ന അദ്രുമാന്‍ ചാക്കുകെട്ടിലേക്ക്‌ സംശയത്തോടെ ഒന്നു നോക്കി. ഒരു കള്ളന്റെ ചേഷ്ടകള്‍ ഏതൊരാള്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രദര്‍ശിപ്പിക്കാതെ വയ്യെന്ന് ആ നിമിഷം അയാള്‍ക്ക്‌ ബോദ്ധ്യമായി.

'ചാക്കിലെന്താ മാഷെ ..............'

കഴുക്കോലെടുത്ത്‌ തോണി പുഴയിലേക്കിറക്കുമ്പോള്‍ ഭയപ്പെട്ടിരുന്ന ചോദ്യം അദ്രുമാന്റെ ബീഡിപ്പുക കറപിടിപ്പിച്ച ചുണ്ടുകളില്‍ നിന്ന് തെന്നിത്തെറിച്ചു.

'ഇതിത്തിരി തേങ്ങ്യാ'

പ്രതീക്ഷിക്കാത്ത ഉത്തരത്തിന്റെ സംശയം കലര്‍ന്ന ചിരിയോടെ അദ്രുമാന്‍ മീനുകളുടെ കുസൃതികളില്‍ പുളഞ്ഞു രസിക്കുന്ന പുഴയിലേക്ക്‌ കഴുക്കോല്‍ അമര്‍ത്തിയൂന്നി. ഇക്കിളികൊണ്ടിട്ടെന്ന പോലെ ഒട്ടിളകിമറിഞ്ഞ്‌, പിന്നെ പുതിയ പുളകങ്ങള്‍ക്കായി കാത്ത്‌ പുഴ പതുക്കെ ഓളങ്ങളിളക്കി തോണിയെ തടസ്സമില്ലാതെ കടന്നുപോകാന്‍ അനുവദിച്ചു.

തോണിയില്‍ നിന്നിറങ്ങുമ്പോഴും അദ്രുമാന്റെ കണ്ണുകള്‍ ചാക്ക്‌ കെട്ടിലാണെന്ന് അയാള്‍ കണ്ടു. വേഗം വരാം എന്നോ മറ്റൊ തീര്‍ച്ചയില്ലാത്ത ഒരു മൂളലോടെ അയാള്‍ വേഗം പുഴയില്‍ നിന്ന് കയറി.

കണ്ണീര്‍ചാലുപോലെ ഈര്‍പ്പമുറ്റിനില്‍ക്കുന്ന ഇടുങ്ങിയ വഴി വിജനമായി കിടന്നു. ഒന്തം കയറുന്നത്‌ ചെറിയ ഒരങ്ങാടിയിലേക്കാണ്‌. അതുകഴിഞ്ഞാല്‍ പകലും ഇരുള്‍മറ സൃഷ്ടിച്ച്‌ നില്‍ക്കുന്ന റബ്ബര്‍ക്കാടുകളുടെ ഇടതടവില്ലാത്ത നിരകള്‍. ചായക്കടയില്‍ നിന്ന് തെന്നിത്തെറിച്ച വെളിച്ചം വെള്ളത്തില്‍ വീണ എണ്ണക്കനപ്പോടെ പുലരിവെട്ടത്തിലും തെളിഞ്ഞുനിന്നു. ധൃതിയില്‍ ചായക്കട മുറിച്ചുകടപ്പോള്‍ ചീവീടിന്റെ മൂര്‍ച്ചയില്‍ ഒരു വിളി കാതിലേക്ക്‌ അലച്ചുവീണു.

'മാഷെ ഒന്ന് നിന്നേ.......'

പൊടുന്നനെ നാലാഞ്ചാളുകള്‍ ചായക്കടയില്‍ നിന്ന് ഇറങ്ങിവരുന്നത്‌ കണ്ടു അയാള്‍ നടുങ്ങി.

'എന്താ മാഷെ ചാക്കില്‌ ?'

ഇടുപ്പില്‍ കൈകുത്തി, പരുക്കനെന്ന് തോന്നിക്കുന്ന ഒരാള്‍ മുന്നോട്ട് കടന്നുനിന്നു ചോദിച്ചു.

'ഇതൊരു പൂച്ച്യാണ്‌. ഇവനെക്കൊണ്ടാകെ പൊറുതിമുട്ടിയിരിക്ക്യാ. ഇതിനെ കരകടത്താന്ന് വിചാരിച്ച്‌..........'

'അപ്പോ ഇങ്ങളാണ്‌ ഈ പേപിടിച്ച പൂച്ചേനൊക്കെ ഇങ്ങട്ട് കരകടത്തണത്‌. അല്ലേ? അതിവിടെ ശര്യാവൂല മാഷെ..........'

ആഗതന്റെ മുഖത്തെ ഭാവം അയാള്‍ പ്രതീക്ഷിച്ചതുപോലെ ക്രൂരമോ അമര്‍ഷം നിറഞ്ഞതോ ആയിരുന്നില്ല. ഭീതിയും നിന്ദയും എന്നാല്‍ നിസ്സഹായതയുടെ എല്ലാ നിറക്കൂട്ടുകളും അയാളുടെ മുഖത്ത്‌ കൂടുകെട്ടിനിന്നു.

'ഇവിടെ ഞങ്ങള്‍ സ്വസ്ഥമായി കഴിയാ. അതിനിടക്ക്‌ ഈ പേപ്പിടിച്ച പൂച്ചകളെ ഇങ്ങട്ട് കരകയറ്റണ്ട. ഇതിവിടെ ശര്യാവൂല്ല.'

ചെറിയ ഒരു കാറ്റില്‍ പോലും അടിതെറ്റിവീഴാവുന്ന ഒരു വൃദ്ധന്‍, വാര്‍ദ്ധക്യത്തിന്റെ പരാധീനതകളൊന്നുമില്ലാത്ത കനത്ത സ്വരത്തില്‍ പറഞ്ഞു.

എന്തുചെയ്യണമെറിയാതെ അയാള്‍ ഒരു നിമിഷം നിന്നു, ഒരു പൂച്ചയെ കരകടത്തുന്നത്‌ നിന്ദ്യവും ക്രൂരവുമായ പരിഹാസ്യമായിത്തീരുന്നതിലെ യുക്തി അന്വേഷിച്ചുകൊണ്ട്.

'എന്താ ഇവ്ടെ പ്രശ്നം?'

അദ്രുമാന്‍ അവിടേക്ക്‌ ഓടിവന്നത്‌ പെട്ടെന്നായിരുന്നു. മൌനത്തിന്റെ കൂടിനുള്ളില്‍ സ്വയം അകപ്പെട്ടുപോയ അയാളുടെ കയ്യില്‍ നിന്ന് ചാക്കു് ബലമായി പിടിച്ചുവാങ്ങി അദ്രുമാന്‍ കെട്ടഴിച്ചതും ഒരു നിലവിളിയോടെ അവന്‍ പുറത്തേക്ക്‌ ചാടിയതും ഒരുമിച്ചായിരുന്നു. ഇടിവെട്ടേറ്റപോലെ മിഴിച്ചുനില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ അദ്രുമാന്‍ പെട്ടെന്ന് അയാളെയും കൊണ്ട്‌ പുഴയോരത്തേക്ക്‌ വലിഞ്ഞ്‌ നടന്നു.

പ്രതീക്ഷിച്ചതുപോലെ പിറ്റേദിവസം തെ‍ ഫലം കണ്ടുതുടങ്ങി. മാനേജര്‍ ഒരാഴ്ചത്തെ ലീവെടുത്ത്‌ കടയിലേക്ക്‌ പോയതും സൂപ്രണ്ടിന്റെ അമ്മായിയപ്പന്‍ ഒരാക്സിഡന്റില്‍ മരണമടഞ്ഞതും ഓഫിസിലെ പണി പകുതിയായി കുറച്ചു. വീട്ടില്‍, കൌസല്യയുടെ മുഖം മാത്രം കടന്നല്‍കുത്തേറ്റപോലെ പൊള്ളച്ചുകിടന്നു. അവനെവിടെ പോയി എന്ന് എങ്ങും തൊടാതെ ഇടയ്ക്ക്‌ ചോദിക്കുകയും എന്നാല്‍ മച്ചില്‍, അതിന്റെ സ്ഥിരം സങ്കേതമായ വീഞ്ഞപലക പെട്ടിയില്‍ പലതവണ അവള്‍ പോയി നോക്കുകയും ചെയ്തു.

'കളിപറഞ്ഞാലും നിങ്ങള്‍ സത്യായിട്ടും അതിനെ കൊണ്ടുകളയുമെന്ന് ഞാന്‍ വിചാരിച്ചില്ല. നിങ്ങക്കെങ്ങനെ ഇത്ര ക്രൂരനാകാന്‍ കഴിഞ്ഞു?'

മുന്നാമത്തെ ദിവസം രാത്രി, ഒരു സ്വപ്നത്തിലെ സുതാര്യമായ നിമിഷങ്ങളിലെ പോലെ കൌസല്യ ചോദിച്ചു. അത്‌ യാഥാര്‍ഥ്യമാണെന്ന് വിശ്വസിക്കാന്‍ അയാളും അപ്പോള്‍ ആഗ്രഹിച്ചില്ല. എന്തുകൊണ്ടൊല്‍, പത്തുവര്‍ഷത്തെ ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ അവരുടെ ദാമ്പത്യജീവിതത്തില്‍ ആദ്യമായി ഉയര്‍ന്ന കുറ്റപ്പെടുത്തലിന്റെ സ്വരമായിരുന്നു അത്‌.

'അത്‌വ്ടെ ഒണ്ടായിരുതായിരുന്നു, ന്റെ ആകണ്ടാര്‍ന്ന ആശ്വാസം. കുട്ടികളില്ലാത്ത ഒരമ്മേടെ ഏകാന്തത നിങ്ങക്കൊരിക്കലും മനസിലാവൂല്ല.'

കൌസല്യ കര്‍ക്കിടകമാസത്തിലെ ആകാശം കണക്കെ പെട്ടെന്ന് പൊട്ടിപ്പിളര്‍ന്നു. മുറിയില്‍ പരന്നുകിടക്കുന്ന ബെഡ് ലാമ്പിന്റെ കരിന്തിരി വെട്ടത്തില്‍ അവരുടെ ഉടല്‍ വിറകൊള്ളുന്നതും കരച്ചിലിന്‌ ശക്തികൂടുന്നതും അയാള്‍ കണ്ടു. ഇരുവര്‍ക്കുമിടയിലെ അജ്ഞാതമായ അകലങ്ങളിലെവിടെയോ ഇരുന്ന് അവന്‍ കനിവോടെ നോക്കുന്നത്‌ പോലെ അയാള്‍ക്കന്നേരം തോന്നി.

കാറ്റ്‌ മഴയെ എവിടേക്കോ പിടിച്ചുവലിക്കുന്നതുപോലെ ലോപിച്ച്‌ ഒടുവില്‍ കനത്ത ഏകാന്തതയോടെ കൌസല്യയുടെ രോദനം ഒടുങ്ങുന്ന നിമിഷത്തെയാണ്‌ അയാള്‍ ഭയന്നത്‌. അവളുടെ ഉള്ളിലെ മൌനത്തെ അകറ്റാന്‍ മറുമരുന്നില്ലാത്തതിന്റെ നിസ്സഹായതയോടെ എഴുന്നേറ്റ് അയാള്‍ പുറത്തെ കനത്ത ഇരുട്ടിലേക്ക്‌ അല്പനിമിഷം നോക്കിനിന്നു. പകലന്തിയോളം സൂര്യന്‍ ചുട്ടുപഴുപ്പിച്ച സകലതിന്റെയും സ്വയമേറ്റെടുത്ത പശ്ചാത്താപത്തോടെ ഇരുട്ട്, ഒരു ഇളംസാന്ത്വനത്തോടെ പുറത്ത്‌ പെയ്തൊടുങ്ങുകയാണ്‌.
കൌസല്യയുടെ തേങ്ങലുകള്‍ നേര്‍ത്തുതുടങ്ങിയതോടെ അയാളുടെ ചങ്കിടിക്കാന്‍ തുടങ്ങി. അവരുടെ കരച്ചിലിന്റെ ചീളുകളിലും ഇടയ്ക്കുയരുന്ന കിതപ്പുകളിലും തോടുള്ള അമര്‍ഷമുണ്ടോ? സ്വയം ഒളിപ്പിച്ചുവെച്ച വാക്കുകള്‍ അവരില്‍ നിന്ന് ഏതു നിമിഷവും പുറത്തുചാടുമെന്ന ആധിയോടെ നാലുസെല്ലുള്ള ടോര്‍ച്ച്‌ ഇരുട്ടില്‍തപ്പിയെടുത്ത് അയാള്‍ തിടുക്കത്തില്‍ പുറത്തിറങ്ങി.

രാത്രിയുടെ മൂന്നാംയാമത്തിലെ കട്ടപിടിച്ച ഇരുട്ടിലെവിടെയോ രണ്ടുവൈഡൂര്യക്കണ്ണുകളെ പ്രതീക്ഷിച്ച്‌, ഓരോ കാല്‍വെയ്പ്പുകളിലൂം കിതപ്പും വേദനയും പിടഞ്ഞമരുതറിയാതെ, ടോര്‍ച്ച്‌ തെളിയിച്ച്‌ നാട്ടുവഴിയിലൂടെ അയാള്‍ എവിടേക്കെന്നിലാതെ അതിവേഗം നടന്നു.

Subscribe Tharjani |
Submitted by saji.bahrain (not verified) on Sat, 2011-12-17 22:51.

nannayittundu mashe...saji.Bahrain