തര്‍ജ്ജനി

ഫൈസല്‍ ബാവ

അറക്കക്കാട്ടില്‍ ഹൗസ്‌,
ആമയം,
ചെവറല്ലൂര്‍ പി.ഒ,
മലപ്പുറം ജില്ല.
പിന്‍: 679 575
ഇ മെയില്‍: faisalbava75@gmail.com
ബ്ലോഗ്: faisalbavap.blogspot.com
വെബ് സൈറ്റ്: www.epathram.com

Visit Home Page ...

ലേഖനം

അവയവബാങ്കുകള്‍ സാര്‍വത്രികമാകുമ്പോള്‍

മനുഷ്യരാശിയുടെ ചരിത്രം തിരുത്തിക്കുറിച്ചാണ് ജൈവസാങ്കേതികവിദ്യ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ജീനുകളുടെ കണ്ടെത്തലുകള്‍ തുടങ്ങി ക്ലോണിംഗ് വരെ നീളുന്ന ജീവശാസ്ത്രശാഖയിലെ വിപ്ലവകരമായ ഓരോ കണ്ടെത്തലുകളും അതുവരെ നാം വിശ്വസിച്ചുപോരുന്ന പലതിനെയും തകര്‍ക്കുന്നതായിരുന്നു. വ്രണത്തില്‍ നിന്ന് പൊടിയുന്ന ചലത്തില്‍ നിന്ന് ഡി. എന്‍. എയെ ആദ്യമായി വേര്‍തിരിച്ചെടുത്തത് 1856ല്‍ ജോഹാന്‍ ഫ്രീഡ്രിക്ക് മീസ്ചെര്‍ എന്ന ശാസ്ത്രജ്ഞനാണ്. ഈ കണ്ടുപിടുത്തം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങള്‍ക്കു വഴിവെച്ചു. തുടര്‍ന്ന് 1953ല്‍ ജെയിംസ് ഡി വാട്സണും ഫ്രാന്‍സിസ്‌ ക്രിക്കും ചേര്‍ന്ന് ഡി. എന്‍. എയുടെ തന്മാത്രീയഘടനയെ കണ്ടുപിടിച്ച് ഇരുപതാംനൂറ്റാണ്ടിലെ ജീവശാസ്ത്രശാഖയില്‍ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കി. ജീവശാസ്ത്രരംഗത്തെ ഈ മുന്നേറ്റം ഇന്ന് വികസിച്ച് മാതൃകോശത്തില്‍ നിന്നും അവയവങ്ങള്‍ സൃഷ്ടിച്ചെടുക്കാനാവുമെന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. ഇത് ഒട്ടേറെ മാരകരോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവുമെന്ന പ്രതീക്ഷ വളര്‍ത്തി. ഒരാളുടെ മാതൃകോശമുപയോഗിച്ചു തന്നെ അയാളുടെ ഏതു അവയവവും, കോശസമൂഹവും സൃഷ്ടിക്കാന്‍ സാധിക്കുമെന്നതാണ് സ്റ്റെംസെല്‍ ഗവേഷണരംഗം വിജയകരമാകുന്നതിലൂടെയുള്ള പ്രയോജനം. 1980ല്‍ തുടക്കമിട്ട ഈ ഗവേഷണം ഇന്ന് ഏറെ മുന്നേറിക്കഴിഞ്ഞു.

കോടാനുകോടി കോശങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ശരീരം സൃഷിക്കപ്പെട്ടത് ഒറ്റ ഭ്രൂണത്തില്‍ നിന്നാണ്. ഭ്രൂണം വളരുംതോറും മാതൃകോശത്തില്‍ നിന്ന് പ്രത്യേക ധര്‍മങ്ങള്‍ക്കനുസരിച്ച കോശങ്ങള്‍ ഉണ്ടായി അവയവങ്ങള്‍ക്ക് രൂപം നല്‍കുന്നു. ഇങ്ങനെ രൂപപ്പെടുന്ന ശരീരത്തിലെ വിവിധഅവയവങ്ങളുടെ സര്‍വസ്വഭാവവും മാതൃകോശത്തില്‍ അടങ്ങിയിരിക്കും. അതുകൊണ്ടാണ് മാതൃകോശത്തില്‍ നിന്ന് ആവശ്യമായ കോശങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നത്. ശരീരത്തില്‍ നിന്നും നശിച്ചുപോയതോ കേടുവന്നതോ ആയ കോശങ്ങളെ സ്വന്തം മാതൃകോശത്തില്‍നിന്നുതന്നെ സ്വീകരിക്കുന്നതിനാല്‍ ശരീരം അതിനെ പുറന്തള്ളുകയില്ലെന്നതാണ് പ്രത്യേകത. എന്നാല്‍ വളര്‍ച്ച പ്രാപിച്ച കോശസമൂഹങ്ങളില്‍ നിന്നും മാതൃകോശങ്ങളെ വേര്‍ത്തിരിച്ചെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് നവജാതശിശുക്കളുടെ പൊക്കിള്‍ക്കൊടിയില്‍നിന്നുള്ള രക്തത്തില്‍ അടങ്ങിയ മാതൃകോശം ശേഖരിച്ച് സൂക്ഷിച്ചുവെക്കുന്ന രീതി ലോകത്ത്‌ വ്യാപിച്ചത്. ഈ രീതി വ്യാപകമാകുന്നതോടെ അവയവബാങ്കുകളെന്ന സങ്കല്‍പ്പം സാര്‍വത്രികമായി മാറി. ഇപ്പോള്‍ തന്നെ യൂറോപ്പിലും അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും സ്റ്റെംസെല്‍ ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. ഗുണപരമായ ഈ കണ്ടുപിടുത്തത്തെ കച്ചവടലാഭത്തിനായി ഉപയോഗിച്ചു തുടങ്ങിയാല്‍ ഉണ്ടാകുന്ന സാമൂഹികപ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.

പാര്‍ക്കിന്‍സന്‍സ്, ഹൃദയരോഗങ്ങള്‍, അല്‍ഷിമേഴ്സ്‌, തീപൊള്ളല്‍, പേശീ വൈകല്യങ്ങള്‍, സുഷുംനയുടെ പരിക്ക്, ഓസ്‌റ്റിയോ-റുമാറ്റോയ്സ്-ആര്‍ത്രൈറ്റിസ്‌ (സന്ധിവാതം), കരള്‍രോഗങ്ങള്‍, കണ്ണിലെ റെറ്റിനയുടെ തകരാറ് തുടങ്ങി തലമുടിയുണ്ടാക്കുന്ന സ്റ്റെംസെല്‍ പ്രവത്തിക്കാന്‍ വരെ ഈ ചികില്‍സാരീതിയിലൂടെ കഴിയും. കൂടാതെ കാന്‍സര്‍, ഉപാചയവൈകല്യങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവക്കും സ്റ്റെംസെല്‍ ഉപയോഗിച്ചു കൊണ്ടുള്ള ചികില്‍സാരീതിയും പരീക്ഷണഘട്ടത്തില്‍ നിന്നും ഏറെ മുന്നേറിക്കഴിഞ്ഞു. ഇത്രയും പ്രയോജനപ്രദമായ ചികില്‍സാരീതിയെ നാം വേണ്ടവിധത്തില്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ മുതലാളിത്തത്തിന് എളുപ്പത്തില്‍ ഹൈജാക്ക് ചെയ്യാനാവും എന്ന അവസ്ഥയെ ഭയത്തോടെ വേണം കാണാന്‍. ജനിതക എഞ്ചിനീയറിംഗ് രംഗത്തെ കോര്‍പ്പറേറ്റ്‌ ശക്തികളുടെ കടന്നുകയറ്റം പോലെ മരുന്നുല്പാദനരംഗത്തും ചികില്‍സാരംഗത്തും മുതലാളിത്തം അധിനിവേശം നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കരുതലോടെ വേണം മുന്നോട്ടു നീങ്ങാന്‍. ഇവര്‍ നടത്തുന്ന അറിവിന്റെ അധിനിവേശം മൂന്നാം ലോകരാജ്യങ്ങളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. പുതിയ രോഗങ്ങള്‍ താനേ സൃഷ്ടിച്ച് മരുന്നുവിപണി സജ്ജീവമാക്കുന്ന കുത്തകക്കമ്പനികളും മുതലാളിത്തരാജ്യങ്ങളും ഈ ചികില്‍സാരീതിയെ ഹൈജാക്ക്‌ ചെയ്താല്‍ മൂന്നാംലോകരാജ്യങ്ങളുടെ മനുഷ്യരുടെ അവയവങ്ങളും ജീവനും പണയംവെക്കുന്ന സ്ഥിതി സംജാതമാകും.

കൃഷിയിലും വിവരസാങ്കേതികവിദ്യയിലും അത്തരം പണയപ്പെടലുകള്‍ക്ക് ഇരയാവേണ്ടി വന്നവരാണ് മൂന്നാംലോകജനത. മനുഷ്യന് ഗുണകരമായി മാറേണ്ട പല കണ്ടുപിടുത്തങ്ങളും അവന്റെ നാശത്തിനായാണ് പലപ്പോഴും ഉപയോഗിച്ച് വരുന്നത്. തങ്ങളുടെ അധികാരവും കച്ചവടവും വ്യാപിപ്പിക്കാന്‍ സാമ്രാജ്യത്വശക്തികള്‍ ഏറെയും ഉപയോഗിക്കുന്നത് ശാസ്ത്രസാങ്കേതികവിദ്യയെയാണ്. മൂന്നാംലോകരാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ ഗുണകരമായ ആവശ്യങ്ങള്‍ക്കുള്ള സാങ്കേതികവിദ്യയെ സ്വയം വളര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്. സാമ്രാജ്യത്വ അധിനിവേശങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനോടൊപ്പം പുരോഗതിയിലേക്കും കുതിക്കുന്ന നയങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഓരോ രാജ്യങ്ങളും ആയുധ മത്സരത്തിന് മുടക്കുന്ന സമ്പത്തിന്റെ പകുതിയെങ്കിലും ജൈവസാങ്കേതികരംഗത്തെ വളര്‍ച്ചക്ക് ഉപയോഗിക്കുന്നില്ല എന്നതാണ് സമകാലീനാവസ്ഥ.

എന്തായാലും സ്റ്റെംസെല്‍ ബാങ്കുകള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് ഇപ്പോഴേ ഉണ്ടാവണം. ജനതയുടെ ആരോഗ്യപരിപാലനത്തിനുള്ള സ്റ്റെംസെല്‍ ബാങ്കുകള്‍ ഗവണ്മെന്റ്തന്നെ തുറക്കുന്നതില്‍ തെറ്റൊന്നുമില്ല. അതല്ലെങ്കില്‍ ഇന്നോ നാളെയോ അതും സ്വകാര്യമേഖല കയ്യടക്കും. അതോടെ വിദ്യഭ്യാസം, ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളില്‍ സ്വകാര്യസ്ഥാപനങ്ങള്‍ വാഴുന്നപോലെ സ്റ്റെംസെല്‍ ബാങ്കുകള്‍ രാജ്യത്താകമാനം കൂണുപോലെ പൊന്തിവരും.

എന്നാല്‍ ഇന്ത്യ ഈ രംഗത്ത്‌ അഭിമാനകരമായ മുന്നേറ്റം നടത്തിയിട്ടുണ്ട് എന്നുള്ളത് ആശ്വാസമേകുന്ന വാര്‍ത്തയാണ്. പൂനെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സ്, കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്, മുംബൈ, സി. സി. എം. ബി. ഹൈദരാബാദ് എന്നിവിടങ്ങളിലെ ബയോ ടെക്നോളജി വിഭാഗം ഏറെ നേട്ടമുണ്ടാക്കിയത് നമുക്ക്‌ അഭിമാനിക്കാം. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയാരംഗത്ത് സ്റ്റെംസെല്‍ ചികില്‍സാരീതി ഫലവത്തായി പ്രയോഗിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്ത്യയെപ്പോലുള്ള ജൈവവൈവിദ്ധ്യവും, മനുഷ്യശേഷിയിയുമുള്ള രാജ്യങ്ങളെയാണ് മുതലാളിത്തം കണ്ണുവെക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയാവസ്ഥ മുതലെടുത്ത്‌ എളുപ്പത്തില്‍ ഇവര്‍ക്ക് ചേക്കേറാന്‍ പറ്റുമെന്നത് ഗാട്ട്, പേറ്റന്‍റ്, ആണവകരാര്‍ എന്നിവയിലൂടെ പലവട്ടം നമുക്ക് ബോദ്ധ്യപ്പെട്ടതാണ്. ഇപ്പോഴിതാ ചെറുകിടമേഖലയെ കുത്തകകള്‍ക്ക് തുറന്നു കൊടുക്കുന്നു. അതിനാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഇത്തരം മേഖലകളെ സമ്പന്ധിച്ച നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഏറെ ജാഗരൂകരാകണം. അല്ലെങ്കില്‍ ഉണ്ടാകുന്ന നഷ്ടംവളരെ വലുതായിരിക്കുമെന്ന തിരിച്ചറിവാണ് ഭരണകൂടങ്ങള്‍ക്ക് ഉണ്ടാവേണ്ടത്. അതിനാല്‍ സ്റ്റെംസെല്‍ ഗവേഷണം പോലുള്ള വിപ്ലവകരമായ കണ്ടിപിടുത്തങ്ങള്‍ അതിന്റെ എല്ലാ സാദ്ധ്യതകളും പഠിച്ച് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ വളര്‍ത്തികൊണ്ടുവരണം.

Subscribe Tharjani |
Submitted by Sureshkumar Punjhayil (not verified) on Sun, 2011-12-11 22:04.

Good one. Best wishes...!!!

Submitted by Abdulla Yusef (not verified) on Mon, 2011-12-12 18:40.

ഈ ലേഖനം തീര്ച്ചയായും വളരെ ഉപകാരപ്രദമാണ്, ഇങ്ങനെ ഒരറിവ് എനിക്ക് പുതിയതാണ്, ഇത്തരത്തില്‍ ബാങ്കുകള്‍ ഉണ്ടായാല്‍ ഒരുപാട് പ്രശ്നങ്ങള്ക്ക് വഴിവെക്കും എന്നുറപ്പ്. നല്ല കണ്ടുപിടുത്തങ്ങള്‍ ഒക്കെ ഇങ്ങനെ ഹൈജാക്ക് ചെയ്തിട്ടുണ്ട് എന്ന് ലേഖകന്‍ തന്നെ പറയുന്നുണ്ട്. ലേഖനംഎഴുതിയ ഫൈസല്‍ ബാവക്കും അത് കാര്യമായി കൊടുത്ത തര്ജ്ജനിക്കും നന്ദി. ഇത് ഞാന്‍ കുറെ പേര്ക്ക് അയച്ചു കൊടുത്തു.

Submitted by Neeraja (not verified) on Tue, 2011-12-13 01:22.

Very Informative article.....

Submitted by Suresh Nellikode (not verified) on Tue, 2011-12-13 04:52.

ജൈവസാങ്കേതികതാപഠനങ്ങളുടെ ആധികാരികതാനിര്‍ണ്ണയത്തിലുള്ള കരാറുകളില്‍ നാം പലപ്പോഴും പിന്തള്ളപ്പെടുകയോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ ചെയ്യാറുണ്ട്. അതേസമയം, നാം പ്രധാനകാര്‍മ്മികത്വം വഹിച്ച്‌ മുന്നേറിയ പല കണ്ടുപിടുത്തങ്ങളും മറ്റുള്ളവരുടെ കുപ്പായമണിഞ്ഞ് ഇന്ത്യന്‍ വിപണികള്‍ കീഴടക്കുന്ന, അന്തര്‍ദ്ദേശീയ വിപണനനയത്തെ നോക്കിനിന്ന്‌ വെള്ളമിറക്കേണ്ട വിധിവൈപരീത്യവും നാം നേരിടേണ്ടി വരുന്നു. ഫൈസല്‍ ബാവയുടെ ലേഖനം ഇത്തരം കാര്യങ്ങളിലേയ്ക്കുള്ള ശ്രദ്ധക്ഷണിക്കലാണ്‌. അഭിനന്ദനങ്ങള്‍.

Submitted by ഡോ.ബി.ഇക്ബാൽ (not verified) on Tue, 2011-12-13 12:03.

ജനിതകസാങ്കേതികവിദ്യാവിപ്ലവം ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ വലിയ സാദ്ധ്യതകള്‍ തുറന്നിട്ടുണ്ട്. ഇപ്പോള്‍ ചികിത്സ ലഭ്യമല്ലാത്ത നിരവധി രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാനും പാര്‍ശ്വഫലങ്ങളില്ലാത്ത ജൈവഔഷധങ്ങള്‍ ചെലവുകുറച്ച് നിര്‍മ്മിക്കാനും കഴിയും. എന്നാല്‍ മറ്റ് പല മേഖലയുടേയും കാര്യത്തിലെന്നപോലെ ബഹുരാഷ്ട്രകുത്തകകള്‍ ഇവിടെയും പിടിമുറുക്കുകയാണ് (ജീവശാസ്ത്ര വ്യവസായം Life Science Industry). സര്‍ക്കാര്‍തലത്തില്‍ പൊതുഗവേഷണസ്ഥപനങ്ങള്‍ വഴി ജൈവസാങ്കേതികവിദ്യാഗവേഷണത്തിനു ഊന്നല്‍ നല്കണം. കേരളത്തിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‍നോളജിക്കും മറ്റും വലിയ സംഭാവന ചെയ്യാന്‍ കഴിയും. അതോടൊപ്പം ജൈവസാങ്കേതികവിദ്യകള്‍ ഉയര്‍ത്തുന്ന സാമൂഹ്യ-സാമ്പത്തിക-നൈതിക വെല്ലുവിളികള്‍ ചര്‍ച്ചചെയ്യപ്പെടുകയും വേണം.

Submitted by shehabu (not verified) on Tue, 2011-12-13 12:11.

informative..
thanks.

Submitted by MINI.M.B (not verified) on Wed, 2011-12-14 07:39.

നല്ലൊരു ലേഖനം. പുതിയ ഒട്ടേറെ വിവരങ്ങള്‍ പകര്‍ന്നുതന്നു.

Submitted by Neeraja (not verified) on Wed, 2011-12-14 20:20.

ലേഖനം വായിച്ചു... ഒരു പുതിയ അറിവ് കൂടി കിട്ടി. ലേഖകന് അഭിനന്ദനങ്ങള്‍...
ആഗോളവല്‍ക്കരണം ഇങ്ങനെ പേടിക്കേണ്ട ആവശ്യമുണ്ടോ? ലേഖകന്‍ പേടിയോടെയാണ് ആഗോളവല്‍ക്കരണത്തെ കാണുന്നത്. എന്തോ മുന്‍വിധി ഉള്ള പോലെ... അതിന്റെ ആവശ്യമുണ്ടോ?......എന്നാലും ലേഖകന്റെ രാഷ്ട്രീയം മാറ്റിവെച്ചാല്‍ ലേഖനം നന്നായിട്ടുണ്ട്. ഏതു പുതിയ അറിവും വലുത് തന്നെ...

Submitted by Narayanan (not verified) on Thu, 2011-12-15 10:50.

Very informative essays, well language, all type of persons under stud…keep it up.
Best Wishes to all

Submitted by Faisal Bava (not verified) on Sat, 2011-12-17 13:23.

ആഗോളവല്ക്കരണം ഇന്ന് പേടിപ്പെടുത്തുന്ന ഒന്ന് മാത്രമല്ല, ഓരോ രാജ്യത്തെയും കാര്‍ന്നു തിന്നുന്ന ഒന്നായി മാറിയിരിക്കുന്നു, എല്ലാം കോര്‍പറേറ്റ് ശക്തികള്‍ക്ക് അടിയറവുവെച്ചുകൊണ്ടുള്ള ഒരു കാലം തീര്‍ച്ചയായും പേടിപ്പെടുത്തുന്ന ഒന്നാണ്, ഈ പേടി യാഥാര്‍ത്ഥ്യമാകുമോ എന്ന ആകുലത പേറുന്ന നിരവധി പേരിലൊരാളാണ് ഈ ഞാനും. പ്രകൃതിയെയും മനുഷ്യനെയും വെറും വിപണിമാത്രമായി കാണുന്ന ഒട്ടും സര്‍ഗ്ഗാത്മകമല്ലാത്ത ഒന്നായി ആഗോളവല്ക്കകരണം മാറുന്നതോടെ ജീവിക്കുവാന്‍ വേണ്ടി ഓരോരുത്തരും നെട്ടോട്ടത്തിലാണ്... ഇതിനെതിരെ ഒരു രാഷ്ട്രീയം ഉണ്ടാവുന്നതില്‍ ഒരു മുന്‍വിധിയും ഇല്ല..