തര്‍ജ്ജനി

ഇ എം ഹാഷിം

Visit Home Page ...

ലേഖനം

ഇങ്ങിനെയും ഒരാള്‍

ദാര്‍ശനികനും കവിയും ചിത്രകാരനുമായ അബ്ദുല്‍ വഹദ് അല്‍മല്ലവി എന്ന ഖത്തറുകാരനെ പതിനെട്ടു് വര്‍ഷങ്ങള്‍ക്കു മുമ്പാണു് ദുബായില്‍ വച്ചു് ആദ്യമായി കാണുന്നതു്. അന്നെനിക്കു് ഒരു പത്രത്തിലായിരുന്നു ജോലി. മറ്റൊരു പത്രത്തിലെ വാരാന്ത്യപ്പതിപ്പില്‍ അച്ചടിച്ചുവന്ന അദ്ദേഹത്തിന്റെ മുഖാമുഖത്തിലെ ചിത്രത്തിനു പിന്നില്‍ ബുദ്ധന്റെയും കൃഷ്ണന്റെയും കണ്‍ഫ്യൂഷ്യസ്സിന്റെയും ലാവോത്സുവിന്റെയും പെയിന്റികൂകളുടെ വലിയ ഒരു കൊളാഷുണ്ടായിരുന്നു. അതിലാണു് ആദ്യം കണ്ണുപതിച്ചതു്. ആദ്യമായിട്ടായിരുന്നു അത്തരമൊരു വേറിട്ട ഇന്റര്‍വ്യൂ ഒരു ഗള്‍ഫു് ദിനപത്രത്തില്‍ കാണുന്നതു്. മുഖാമുഖം വായിച്ചവസാനിപ്പിച്ചപ്പോള്‍ സന്തോഷവും, അന്നു് ഗള്‍ഫില്‍ നിലനിന്നിരുന്ന സെന്‍സര്‍ പ്രശ്നം ആലോചിച്ചപ്പോള്‍ ഭയവും തോന്നി. സ്വാഭിപ്രായം തുറന്നു് പറയാന്‍ അദ്ദേഹം കാണിച്ച ചങ്കൂറ്റം ശ്ലാഘനിയമായിരുന്നു. വായനക്കാരനു് അതുവരെ ഉണ്ടായിരുന്ന ജഢത മാറിക്കിട്ടാന്‍ ആ മുഖാമുഖം ഒട്ടൊന്നുമല്ല സഹായിച്ചതു്. ചില നിസ്സാരകാരണങ്ങള്‍ക്കു് ഞങ്ങളുടെ പത്രം ആകാലത്തു് പലതവണ നിരോധിക്കപ്പെട്ടിരുന്നു. ആ ഭയമായിരുന്നു ഉള്ളില്‍. ഒരിക്കല്‍ ഞാനും സെന്‍സര്‍കാരുടെ മുന്നില്‍ എത്തപ്പെട്ടിരുന്നു. ബുദ്ധന്റെ നിര്‍വ്വാണാവസ്ഥയെയും മനുഷ്യന്റെ സത്യാന്വേഷണത്വരയെയും മിസ്റ്റിക്കല്‍അനുഭവങ്ങളെയും ശുദ്ധആത്മിയതയെയും വിവരിക്കുന്നതായിരുന്നു ചോദ്യോത്തരങ്ങള്‍. സനാതനമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു സത്യാന്വേഷിയുടെ ഹൃദയത്തുടിപ്പുകള്‍ അതിലെ ഉത്തരങ്ങളില്‍ നിറച്ചുമുണ്ടായിരുന്നു. അതിനു മുമ്പോ പിന്നീടോ അത്തരം അഭിപ്രായങ്ങള്‍ അവിടുത്തെ ഒരു പ്രസിദ്ധീകരണങ്ങളിലും കണ്ടിട്ടില്ല.

ഞങ്ങളുടെതായിരുന്നു ദുബായില്‍ ആരംഭിച്ച ആദ്യ ഇംഗ്ലീഷു് ദിനപത്രം. പിന്നീടാണു് മറ്റൊരുപത്രം ആരംഭിച്ചതു്. ഞങ്ങളുടെ പത്രത്തിനു് ആ പത്രം ഭീഷണിയായപ്പോള്‍ ആരും മറ്റേ പത്രത്തിലെ ഒരാളെയും ബന്ധപ്പെടരുതെന്നു് മേനേജു്‌മെന്റു് വിലക്കു കല്പിച്ചിരുന്നു. അതുകൊണ്ടു് പേരു് പറഞ്ഞു് അന്വേഷിക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തെ പരിചയപ്പെടുകയും വേണം. അറ്റകൈ എന്ന നിലയില്‍ ഇന്റര്‍വ്യൂ ചെയ്ത ഹനാ ഇബ്രാഹിമിനെ മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നു് വിളിച്ചു് അബ്ദുല്‍ വഹദുമായി സംസാരിക്കണമെന്ന ആഗ്രഹം അറിയിച്ചു. അദ്ദേഹത്തോടു് ചോദിച്ചു മാത്രമേ ഉത്തരം പറയാനാവൂ എന്ന മറുപടിയാണു് ഹനയില്‍നിന്നും ലഭിച്ചതു്. എന്റെ സ്വകാര്യനമ്പര്‍ കൊടുത്തു് നന്ദിപറഞ്ഞു ഫോണ്‍ വച്ചു. പിറ്റേന്നു് വൈകുന്നേരം അബ്ദുല്‍വഹദു് നേരിട്ടു് ഫോണ്‍ ചെയ്തു. തമ്മില്‍ കാണാനുള്ള ആഗ്രഹത്തിന്നു അനുകൂലമായ മറുപടിയും കിട്ടി.

ഒരു സന്ധ്യക്കാണു് അദ്ദേഹത്തിന്റെ വില്ലയിലേക്കു് ആര്‍ട്ടിസ്റ്റു് ഇക്ബാലിനൊപ്പം കയറിച്ചെന്നതു്. വെളിച്ചംകൊണ്ടു് രാത്രികളെ പകലുകളാക്കി മാറ്റിയിരുന്ന ദുബായിലെ ജുമേരാ ബീച്ചു് റോഡിന്റെ ഇടതു വശത്തുള്ള നിരവധി വില്ലകളില്‍ ഒന്നിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നതു്. അകത്തു് കയറിയപ്പോള്‍ ഇരുട്ടു് നിറഞ്ഞ മുറ്റമാണു് കണ്ടതു്. മണലാരണ്യപ്പുല്ലുകളുടെ നിബിഢത ഇരുട്ടിനൊപ്പം അവിടെ കനത്തുനില്ക്കുന്നുണ്ടായിരുന്നു. ഒന്നും വെട്ടിമാറ്റിയിട്ടില്ല. ഇത്തരം ഒരു വില്ല ദുബായ്ജീവിതത്തില്‍ അതുവരെ കണ്ടിട്ടില്ലായിരുന്നു. കെട്ടിടസമുച്ചയങ്ങളും വമ്പന്‍പാലങ്ങളും ഫ്ലൈഓവറുകളും ടൂറിസവും റീയല്‍ എസ്റ്റേറ്റ്ബിസ്സിനസ്സും കൊണ്ടു് ദുബായ് നഗരം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതിനും മുമ്പെയാണിതെന്നു് ഓര്‍ക്കണം. പഴയ ആ വില്ല ഇപ്പോഴില്ല. അവിടെ ഒരു ആധുനികകെട്ടിടസമുച്ചയം ഉയര്‍ന്നിരിക്കുന്നു.

മുറ്റത്തുനിന്നും അകത്തേക്കു് കടന്നതു് പ്രകൃതി വെളിച്ചത്തിലായിരുന്നു. നഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ നിന്നകന്നു് തനിയെ കഴിയുന്ന ഒരാളെ ഗള്‍ഫ് രാജ്യത്തു് സങ്കല്പിക്കുക പ്രയാസമായിരുന്നു. പുറംവാതിലും പ്രവേശനവാതിലും അടച്ചിരുന്നില്ല. അകത്തു് കയറി സലാം ചൊല്ലി. അദ്ദേഹം തിരിച്ചും. വിശാലമായ ഹാളിന്റെ ഒരറ്റത്തു് തലയണയില്‍ കൈകുത്തി ഇരിക്കുകയായിരുന്നു അബ്ദുല്‍ വഹദു് അല്‍ മല്ലവി. നാലു് മുറികളുള്ള വലിയ വില്ലയായിരുന്നു അതു്. എല്ലാമുറികളിലും പുസ്തകങ്ങള്‍. ചുമരില്‍ അദ്ദേഹത്തിന്റെതന്നെ പെയിന്റിംഗുകള്‍. ഇരിപ്പടത്തിനു പിന്നിലായി മുഖാമുഖത്തില്‍ക്കണ്ട കൊളാഷു്. നിലത്തു് നിരവധി വലിയ തലയണകള്‍. ടി വിയോ ഫര്‍ണിച്ചറുകളോ ഒന്നും ഇല്ല. നിശ്ശബ്ദമാണു് ചുറ്റുപാടും. അദ്ദേഹത്തിന്റെ അടുത്തായി കാര്‍പ്പറ്റില്‍ ഇരുന്നു. പത്രത്തിലെ അഭിമുഖം വളരെ ഇഷ്ടമായെന്നു് പറഞ്ഞു. എങ്ങിനെയാണു് ഇത്രയും ധൈര്യപൂര്‍വ്വം സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു് പറഞ്ഞതെന്ന ചോദ്യത്തിലായിരുന്നു തുടക്കം. ആഗ്രഹങ്ങളില്ലാത്തവനു് ഭയമുണ്ടാവാറില്ലന്നു് അദ്ദേഹം ഉത്തരമായിപ്പറഞ്ഞു. സ്വാതന്ത്ര്യമാണു് ഒരാള്‍ അത്യന്തികമായി ആഗ്രഹിക്കുന്നതു്. അതിനു് തടസ്സമായി നില്ക്കുന്നതെന്താണെന്നറിഞ്ഞു് അവ അകലത്തു് നിറുത്തിയാല്‍ മതി. അവനവനു് വേണ്ടുന്നതു് സ്വയം അറിഞ്ഞുകൊള്ളും. ജീവിതം നാം കരുതുന്നപോലെ അത്രയൊന്നും സീരിയസ്സായ സംഗതിയല്ല.

മറ്റൊരിക്കല്‍ പറഞ്ഞു. സൂക്ഷിച്ചില്ലങ്കില്‍ സമ്പന്നത അസ്വാതന്ത്ര്യം ഉണ്ടാക്കും. ഒരു ജ്ഞാനിയും പ്രവാചകനും സമ്പത്തിന്റെയോ പ്രസിദ്ധിയുടെയോ പിന്നാലെ പോയിട്ടില്ല. പലരും അതെല്ലാം നിരാകരിച്ചിട്ടുണ്ടു്. ഓരോ വ്യക്തിയും അവനവന്റെ ബോധമനുസരിച്ചാണു് ചിന്തിക്കുന്നതു്. ഒരാള്‍ക്കു് മറ്റൊരാളുടെ ബോധമണ്ഡലത്തിലെത്താന്‍ ഒരിക്കലും കഴിയില്ല.

പിന്നീടു് പലതവണ അദ്ദേഹത്തെ ചെന്നു കണ്ടു. സന്ദര്‍ശനം പതിവായി. നിരവധികാര്യങ്ങള്‍ ചോദിക്കുകയും അദ്ദേഹം അതിനൊക്കെ ഉത്തരങ്ങള്‍ തരികയും ചെയ്തു. ഇന്ത്യയുടെ ആദ്ധ്യാത്മികസമ്പന്നത മറ്റൊരു രാജ്യത്തും ഇല്ലാത്തതാണെന്നും എല്ലാമതങ്ങളെയും സിദ്ധാന്തങ്ങളെയും സ്വീകരിക്കാന്‍ ഇന്ത്യക്കായതു് പുതിയവയെ സ്വീകരിക്കാനുള്ള അതിന്റെ സന്നദ്ധതകൊണ്ടാണെന്നും പറഞ്ഞു. ഉറപ്പുള്ള ഒരു തത്വശാസ്ത്രത്തിനു മാത്രമേ മറ്റു സിദ്ധാന്തങ്ങള്‍ സ്വീകരിക്കാന്‍ സാദ്ധ്യമാവൂ.

വര്‍ഷങ്ങള്‍ ഒഴുകിപ്പോയി. ആദ്ധ്യാത്മികതയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെയും പരിഷ്ക്കരണങ്ങളെയും വളരെ ശ്രദ്ധയോടെയാണു് താന്‍ കാണുന്നതെന്നും ആത്മാന്വേഷണം ഒരിക്കലും അവസാനിക്കുന്നില്ലന്നും ജ്ഞാനത്തിന്റെ ഉറവ വറ്റില്ലെന്നും അദ്ദേഹം പലപ്പോഴായിപ്പറഞ്ഞു. ഏതൊരു പ്രസ്ഥാനത്തിലും അകക്കാമ്പായി ഉള്ള ഒന്നാണു് മിസ്റ്റിസിസം. അതിനു് ഹാനി സംഭവിക്കുമ്പോഴാണു് അതു് തുരുമ്പിക്കുന്നതു്. നിരവധിപ്പേരിലൂടെ നിരവധി രാജ്യങ്ങള്‍ക്കു് ജ്ഞാനപ്രകാശം ലഭിച്ചു. സൂര്യവെളിച്ചം ഇലകളിലും പുഴകളിലും കടലിലും മലകളിലും കെട്ടിടങ്ങളിലും പുല്ലിലും പൂവിലും ഏതിലും എന്തിലും നിപതിക്കുന്നതുപോലെ എല്ലാമനുഷ്യരിലേക്കും എത്തിച്ചേരാനുള്ളതാണു് ആത്മീയത. അതാരുടെയും സ്വന്തമല്ല. ആ പ്രകാശധാരയുടെ കിരണങ്ങള്‍ ആസ്വദിക്കുന്നവനാണു് ഒരു യഥാര്‍ത്ഥ മിസ്റ്റിക്. ലാളിത്യമാണു് അവരുടെ മുഖമുദ്ര. അതിനാലവര്‍ക്കു് കുമിച്ചു കൂട്ടാനാവില്ല. ബോധോദയം ലഭിച്ചവരില്‍ മിക്കവാറാളുകളും വിദ്യ അഭ്യസിക്കാത്തവരായിരുന്നു.

ബോധോദയത്തെക്കുറിച്ചു് നിരവധി ഉദാഹരണങ്ങളും, എന്താണു് ബോധോദയം എന്ന ജോണ്‍ വൈറ്റു് എഴുതിയ പ്രസിദ്ധമായ പുസ്തകവും തന്നു. നാലായിരത്തിലധികം പുസ്തകങ്ങളില്‍ നിന്നു് ഒരെണ്ണത്തെപ്പറ്റിപ്പറയുമ്പോള്‍ കയ്യെത്തിച്ചു് അതെടുക്കും. വളരെക്കുറച്ചു് പുസ്തകങ്ങള്‍ മാത്രമേ അദ്ദേഹത്തില്‍നിന്നു് ഞാന്‍ കടമായി എടുത്തിട്ടുള്ളു. മിസ്റ്റിക്കല്‍ എക്‌സ്പീരിയന്‍സ് എന്ന ഇപ്പോള്‍കിട്ടാനില്ലാത്ത പുസ്കകം കടമായി വാങ്ങിവയില്‍പ്പെടും. ആ പുസ്തകവും അതുപോലുള്ള മറ്റു ചിലമഹദ്ഗ്രന്ഥങ്ങളും കാണാനും തൊടാനുമുള്ള ഭാഗ്യം ഉണ്ടായതു് അബ്ദുല്‍വഹദിനെ പരിചയപ്പെട്ടതിനു ശേഷമാണു്. വായനയെ മാത്രമല്ല അത്തരം ഗ്രന്ഥങ്ങള്‍ പുഷ്ടിപ്പെടുത്തിയതു്. അതുവരെ കൊണ്ടുനടന്നിരുന്ന അസ്വതന്ത്രമായ ചില വിശ്വാസങ്ങളെക്കൂടിയായിരുന്നു. അബ്ദുല്‍ വഹദിനോടുള്ള എന്റെ ആദരവു് വര്‍ദ്ധിക്കുകയായിരുന്നു. ആത്മീയനോവുകള്‍ക്കു് പഴയ സിദ്ധാന്തങ്ങളുടെ മരുന്നിനു പകരം ആത്മാന്വേഷണത്തിന്റെ മരുന്നു കുറിക്കുകയായിരുന്നു അദ്ദേഹം. ജ്ഞാനചക്രവാളത്തിലെ നിരവധി കുഞ്ഞുകുഞ്ഞുനക്ഷത്രങ്ങളെ അദ്ദേഹം എനിക്കു പരിചയപ്പെടുത്തിത്തന്നു. സയന്‍സില്‍ നല്ല ബോധവും ബേങ്കിങ്ങില്‍ ബിരുദവും സംഗീതത്തില്‍ അവഗാഹതയും ഉണ്ടായിരുന്ന അബ്ദുല്‍ വഹദിന്റെ പെയിന്റിംഗുകള്‍ അറബ്-ഗള്‍ഫ് രാജ്യങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവയും ആയിരുന്നു.

ഏതു് വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും തന്റെതായ നിഗമനങ്ങള്‍ നിരത്തും. ഒന്നും തീര്‍ത്തും ശരിയാണെന്നു് പറയില്ല. ഇതു് ഇപ്പോഴത്തെ ശരി. നാളെ ഇതു തെറ്റാവാം. സ്ഥിരമായ ഒരു ശരിയില്ല, തെറ്റുമില്ല എന്നു പറയുകയും ചെയ്യും എപ്പോഴും. പുസ്തകശേഖരത്തില്‍ പ്രസിദ്ധങ്ങളായ നിരവധി ക്ലാസിക്കുകള്‍ ഉണ്ടായിരുന്നു. ശാസ്ത്രപുസ്തകങ്ങള്‍ മുതല്‍ മിസ്റ്റിക് പുസ്തകങ്ങള്‍ വരെ. നോവലുകള്‍, കവിതകള്‍, ഖുര്‍ ആന്‍, ബൈബിള്‍, ഉപനിഷത്തുകള്‍, ബോധിധര്‍മ്മ. ഓഷോ, ജിദ്ദു, നിസ്സര്‍ഗ ദത്തവരെ. അറബി, ഫാര്‍സി പുസ്തകങ്ങളും ഉണ്ടായിരുന്നു കുറേ. അതിപുരാതനമായ നിരവധി പുസ്തകങ്ങള്‍ കാണുമ്പോള്‍ പുസ്കകങ്ങളോടുള്ള ആ മനുഷ്യന്റെ ഗാഢബന്ധം വ്യക്തമാകും. ചുമരില്‍ കല്ലുവെച്ചുണ്ടാക്കിയ തട്ടുകളിലായിരുന്നു പുസ്തകങ്ങള്‍ അടുക്കി വച്ചിരുന്നതു്. ആവശ്യം ഉള്ളതു് തിരഞ്ഞെടുക്കുന്നതും, പുസ്തകങ്ങളിലെ പേജുകളില്‍ അടയാളപ്പെടുത്തിയവ സംഭാഷണങ്ങള്‍ക്കിടയില്‍ കാണിക്കാറുള്ളതും കാണുമ്പോഴാണു് അത്രയും പുസ്കകങ്ങളിലൂടെ അദ്ദേഹം കടന്നു പോയ കാര്യം നമുക്കു് സാക്ഷ്യമാവുക. അവയൊക്കെ ഒതുക്കിവെച്ച രീതിയിലുമുണ്ടായിരുന്നു വ്യത്യസ്ഥത. റൂമിയെക്കുറിച്ചു് ആദ്യമായി വ്യക്തത കിട്ടിയതും ഇമാം ഗസ്സാലി, ഇബു്‌നു അറബി, അത്താര്‍, സനായി, ഹാഫിസ്, ഖയ്യാം, മുല്ലാ നസറുദ്ദീന്‍, തുടങ്ങിയവരെക്കുറിച്ചും ഇന്ത്യയിലും അറബു് രാജ്യങ്ങളിലും പേര്‍ഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ജീവിച്ചിരുന്ന മിസ്റ്റിക്കുകളെക്കുറിച്ചു് അറിവുണ്ടായതും അദ്ദേഹത്തിലൂടെയായിരുന്നു. പുതിയ പുസ്തകങ്ങളെക്കുറിച്ചും മദ്ധ്യപൗരസ്ത്യദേശത്തെ രാഷ്ട്രീയാവസ്ഥയെക്കുറിച്ചും വളരെ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടു് അബ്ദുല്‍വഹദിനു്. ഒപ്പമിരുന്നാല്‍ ചുരുങ്ങിയതു് ആറു മണിക്കൂറെങ്കിലും വേണം ഒരു വിഷയം മുഴുവനായി പറഞ്ഞു തീര്‍ക്കാന്‍. അതുവരെ എഴുന്നേല്കാനാവില്ല. ആസ്വാദന ക്ഷമതയുള്ളവരാണെങ്കില്‍ അറിവു് അനായസമായി നേടാം. അഹന്ത പുറത്തുവെച്ചുവേണം അകത്തു് കടക്കാന്‍ എന്നുമാത്രം.

പത്തു് വര്‍ഷങ്ങളോളം എന്നോടു് ജനിച്ച മതമേതെന്നോ വിവാഹിതനാണോ മക്കളുണ്ടോ എന്നൊന്നും ചോദിച്ചിരുന്നില്ല. പേരു് നോക്കി മതം മനസ്സിലാക്കാന്‍ അദ്ദേഹത്തിന്നറിയില്ലായിരുന്നു. ഞങ്ങള്‍ക്കിടയില്‍ മതം ഒരിക്കലും ചര്‍ച്ചാവിഷയമായതുമില്ല. എല്ലാവരെയും മനുഷ്യരായി കണക്കാക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റെതു്. പല സുഹൃത്തുക്കളെയും പരിചയപ്പെടുത്തിയപ്പോള്‍ ഒരിക്കല്‍പ്പോലും അവരുടെ വിശ്വാസം അന്വേഷിച്ചിരുന്നുമില്ല. ആര്‍ക്കും പ്രത്യേകപരിഗണന നല്കിയുമില്ല. ഓരോരാള്‍ക്കും ആവശ്യമായതെന്തന്നു് അറിയുകയും അവയെക്കുറിച്ചു് തന്റെ നിഗമനങ്ങള്‍ പറയുകയുമായിരുന്നു അദ്ദേഹത്തിന്റെ രീതി. ജര്‍മ്മന്‍കാരിയായ ഒരു പെണ്‍സുഹൃത്തിനെ ഒരിക്കല്‍ പരിചയപ്പെടുത്തി. ഗള്‍ഫില്‍ എന്തു ബിസ്സിനസ്സു് നടത്താം എന്നറിയാനുള്ള ആഗ്രഹവുമായാണു് അവള്‍ പരിചയപ്പെട്ടതു്. ഒരു രാത്രി സംസാരിച്ച് മടങ്ങവേ അവള്‍ക്കു് അദ്ദേഹത്തോടു് പ്രണയം തോന്നിത്തുടങ്ങിയ കാര്യം എന്നോടു് പറഞ്ഞപ്പോള്‍ ഞാനതു് പറഞ്ഞു. ഒരു തുറന്ന ചിരിയായിരുന്നു മറുപടി. ആ പ്രണയാപേക്ഷ അങ്ങിനെ ഒരു ചിരിയില്‍ ഒതുക്കിക്കളഞ്ഞു അദ്ദേഹം. അവള്‍ പിന്നെ ആഭാഗത്തു് ചെന്നുമില്ല. ഒരു ഭിക്ഷുവിന്റെ ജീവിതമായിരുന്നു അബ്ദുല്‍ വഹദിന്റേതു്. ആവശ്യങ്ങള്‍ ക്ലിപ്തം. പെയിന്റിംഗുകള്‍ വിറ്റാണു് ജീവിതം. മിതമായ ഭക്ഷണം, ഉറക്കം, സംസാരം. ഒരു സൂഫിയുടെ മാതൃക. എന്നാല്‍ സൂഫിസത്തില്‍ വലിയ താല്പര്യമില്ലതാനും. സുഭിക്ഷവും സമ്പന്നവുമായ ഒരു കുടുംബം ഉള്ളപ്പോള്‍ എന്തിനാണിങ്ങനെ ഒരാള്‍ തനിയെ ജീവിക്കുന്നതു് എന്നു് അദ്ദേഹത്തെ പരിചയപ്പെട്ട സ്നേഹിതന്മാര്‍ ചോദിക്കാറുണ്ടു്. പണം വാരുന്ന ഒരു ലോകത്തു് പ്രത്യേകിച്ചും. ഉത്തരമായി ഒരു കാര്യമേ എനിക്കു പറയാനുണ്ടായിരുന്നുള്ളു. ഒരാള്‍ എന്തായിത്തീരണമെന്നു് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അവകാശം അയാള്‍ക്കു മാത്രമാണു്. മറ്റൊരാള്‍ക്കു് അപരന്റെ ബോധത്തില്‍ പ്രവേശിക്കാനുള്ള അവകാശമില്ല. രൂപപ്പെടുത്തിയ ചട്ടവട്ടങ്ങളില്‍ മാത്രം വിഹരിക്കുന്ന ഒരാളുടെ ബോധം എപ്പോഴും നിദ്രയിലായിരിക്കും. ബോധത്തില്‍ അനക്കം സംഭവിക്കുന്ന ഒരാള്‍ക്കു് ഹൃദയത്തിന്റെ സ്വരം മാത്രമേ കേള്‍ക്കാനാവൂ. ഒരിക്കലും ഒരു ഗുരുവോ ജ്ഞാനിയോ ആകാന്‍ ശ്രമിച്ചിരുന്നില്ല. ഒരു സാധാരണ മനുഷ്യനായി ജീവിക്കാനാണു് എപ്പോഴും ശ്രമിച്ചതു്. ഗുരുസങ്കല്പം ദൗബ്ബല്യതകൊണ്ടുണ്ടാവുന്നതാണെന്നു പറയും. അവനവന്റെ സ്വാതന്ത്ര്യം ഒരിക്കലും ആര്‍ക്കും പണയം വെയ്ക്കരുതു് എന്നും.

ഒരു സന്ധ്യക്കു് അദ്ദേഹം തന്റെ സ്വകാര്യതയുടെ കെട്ടു് തുറന്നു. സര്‍ക്കാര്‍ സഹായത്തോടെ അമേരിക്കയിലായിരുന്നു പഠനം. രാഷ്ട്രീയവും മെഡിസിനും ബാങ്കിംഗും വിഷയങ്ങളായിന്നു. സ്വന്തം രാജ്യത്തു് ആദ്യമായി സ്ത്രീകള്‍ക്കു് മാത്രമായി ഒരു ബാങ്ക് തുടങ്ങിയതു് അദ്ദേഹമാണു്. അമേരിക്കയില്‍വച്ചു് ഒന്നിച്ചു പഠിച്ച ഒരമേരിക്കക്കാരി സ്നേഹിതയായി. ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിവാഹിതരായി. അന്യനാട്ടുകാരിയെ വിവാഹം കഴിച്ചാല്‍ അന്നു് ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ലായിരുന്നു. അതിനാല്‍ ദുബായിക്കു വന്നു. ഒരു മകളുണ്ടായി. നൂറ. വെളിച്ചം എന്നര്‍ത്ഥം. കുറച്ചു് കാലം മാത്രമേ ആ ബന്ധം നിലനിന്നുള്ളൂ. അബ്ദുല്‍ വഹദിന്റെ ജീവിതവുമായി പൊരുത്തപ്പെടാനാവാഞ്ഞപ്പോള്‍ മകളും ഭാര്യയും തിരിച്ചുപോയി. പിന്നീടിതുവരെ അവരെക്കാണാനായിട്ടില്ല. ജീവിതത്തിനു് ആദ്യകാലങ്ങളില്‍ ചില കുഴമറിച്ചിലുകള്‍ സംഭവിച്ചു. പിന്നീടു് അതിന്റെ പാളിച്ചകളും ന്യൂനതകളും സത്തയുമറിഞ്ഞു. വായിക്കുന്നു. നിശ്ശബ്ദനാവുന്നു. വരക്കുന്നു. ചിന്തിക്കുന്നു.

വളരെക്കുറച്ചു് പേരെ മാത്രമേ അദ്ദേഹം കണ്ടിരുന്നുള്ളൂ. ഒരു ഇംഗ്ലീഷു് പത്രത്തിലെ വാരാന്ത്യത്തില്‍ ലാസ്റ്റു് പേജു് എന്ന പേരില്‍ ഒരു കോളം ചെയ്യാന്‍ തുടങ്ങിയപ്പോഴാണു് ജനശ്രദ്ധയിലെത്തുന്നതു്. വായനക്കാരെ ഏറ്റവും ആകര്‍ഷിച്ച പംക്തിയായിരുന്നു അതു്. സ്നേഹത്തെക്കുറിച്ചായിരുന്നു ആദ്യലേഖനം. തുടര്‍ന്നു് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മനുഷ്യന്റെ ആര്‍ത്തിയെക്കുറിച്ചും നഷ്ടപ്പെട്ടുപോകുന്ന സംസ്കാരത്തെക്കുറിച്ചും വിമര്‍ശാത്മകമായും സരസമായും എഴുതിയ ലേഖനമായിരുന്നു അവസാനത്തേതു്. പിന്നീടു് അബ്ദുല്‍ വഹദിന്റെ ഒരു ലേഖനവും ഒരു പ്രസിദ്ധീകരണത്തിലും വന്നില്ല. ഖത്തറില്‍ പുതിയ ഭരണാധികാരി സ്ഥാനമേറ്റു. പുറത്തു് ജീവിക്കുന്ന ധിഷണാശാലികളായ ഖത്തറികളെ തിരിച്ചു വിളിക്കാന്‍ പുതിയ ഭരണാധികാരി ശ്രമം തുടങ്ങി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിര്‍ബ്ബന്ധം വന്നപ്പോള്‍ അബ്ദുല്‍ വഹദു് ജന്മനാട്ടിലേക്കു തിരിച്ചുപോയി. അദ്ദേഹത്തെക്കാണാന്‍ ഇടക്കിടെ ഞാന്‍ അവിടേക്കു് പോകും. വലിയൊരു വില്ലയില്‍ ഏകനായി പുസ്തകങ്ങള്‍ക്കിടയില്‍ കഴിയുന്ന അബ്ദുല്‍ വഹദു് അല്‍മല്ലവിയെ കണ്ടു് തിരിച്ചെത്തുമ്പോള്‍ മനസ്സു് നിര്‍വൃതമാകും. ഓരോ സന്ദര്‍ശ്ശനങ്ങളും ഓരോ അനുഭവമായി മാറുകയും ചെയ്യും. ഭൂതവര്‍ത്തമാനങ്ങളെക്കുറിച്ചു് ആധിയില്ലാതെയും ഭാവി എന്താണെന്നറിയില്ലന്ന തീരുമാനത്തോടെയും ജീവിക്കുന്ന അബ്ദുല്‍ വഹദു് ഒരിക്കലും നിരാശനായിക്കണ്ടിട്ടില്ല. ഏകനായി ജീവിക്കുന്ന ചിലരില്‍ കണ്ടിരുന്ന മനോവിഷമവും, അസ്വസ്ഥതയും ഒരിക്കലും അദ്ദേഹത്തിന്നുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ ധ്യാനത്തിലിരുന്നു പുറംജീവിതത്തില്‍ ഒന്നും ചെയ്യാനാവാതെ വിഷമിക്കുന്ന നിരവധിപ്പേരില്‍നിന്നും ഇദ്ദേഹം മാറിനില്ക്കുന്നതു് ഒന്നിലും അടിമപ്പെടാത്തതുകൊണ്ടാണു്. എഴുതിവെച്ചവയില്‍ മാത്രം തൂങ്ങിനില്ക്കാതെ ആത്മാന്വേഷണപാത സ്വീകരിക്കുന്ന ഒരാള്‍ക്കു് ലഭിക്കുന്നതു് ശാശ്വതമായ സമാധാനമാണെന്നു് മനസ്സിലായതു് ഇദ്ദേഹത്തിലൂടെ. ഓരോരാളുടെയും ഗുരു അവനവന്‍ തന്നെയാണു് എന്നു് എപ്പോഴും പറയാറുള്ള അബ്ദല്‍ വഹദു് ഗുരുശിഷ്യ ബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ല. പുറംമോടിയില്‍ അഭിരമിച്ചും ചെപ്പടിവിദ്യകള്‍ കാണിച്ചും ജീവിക്കുന്ന ഗുരുക്കന്മാര്‍ക്കു് ഒരാളുടെ ബോധവളര്‍ച്ചയ്ക്കു് ഒന്നും നല്‍കാനാവില്ലന്നു് അദ്ദേഹം തീര്‍ത്തുപറയും. ഒരു ടെലഫോണ്‍ വിളിച്ചാല്‍ എല്ലാം ലഭിക്കുമായിരുന്നിട്ടും തന്റെ ഇടത്തില്‍ അമര്‍ന്നിരിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നതു്, ലഭ്യതയില്‍ ലാളിത്യം അനുഭവിക്കുന്നതു കൊണ്ടാണു്. അതിഭാവുകത്വം ഇല്ലാത്തതുകൊണ്ടാണു്. ഇപ്പോള്‍ ഒരു ആശുപത്രിയുടെ അധിപനായി ജോലി ചെയ്യുന്ന അബ്ദുല്‍ വഹദു് ആ സ്ഥാപനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ അഭൂതപൂര്‍വ്വമാണു്. ലോകത്തിലെ മികച്ച ആശുപത്രികളില്‍ ഒന്നായി ഈ ആശുപത്രിയെ മാറ്റാന്‍ അദ്ദേഹം സ്വീകരിച്ച ഏകമാര്‍ഗം സ്നേഹമെന്ന വിലപിടിപ്പുള്ള മരുന്നുപയോഗിച്ചാണു്. രോഗികളെ ആശുപത്രിസന്ദര്‍ശ്ശകരായും ഡോക്ടര്‍മാരെ സേവകരായും കണക്കാക്കി ആതുരസേവനത്തിന്നു് പുതിയ മൂല്യം കണ്ടെത്തിയതിനു് ഈയിടെയാണു് ലോകാരോഗ്യ സംഘടനയുടെ അവാര്‍ഡു് കിട്ടിയതു്.

ഒഴുക്കിനൊപ്പം നീന്തുക നിഷ്പ്രയാസം. തോന്നും പോലെ ഒഴുകുക വളരെ പ്രയാസവും. സ്വാതന്ത്ര്യത്തിന്റെ സ്വാദു് നന്നായി അനുഭവിക്കുന്ന വളരെക്കുറച്ചുപേരില്‍ ഒരാളാണു് അബ്ദുല്‍ വഹദ്. അദ്ദേഹത്തെ ആത്മമിത്രവും വഴികാട്ടിയും ആയി കിട്ടിയതു് എന്റെ ഭാഗ്യമാണു്. ബോധത്തില്‍ അറിവിന്റെ പനിനീര്‍ തെളിക്കാന്‍ കാരണക്കാരനായ ആ മഹാമനുഷ്യന്റെ ഓര്‍മ്മ എനിക്കു് എപ്പോഴും തൃപ്തിതരുന്നു. അടുത്ത പ്രാവശ്യം കാണുമ്പോള്‍ ചോദിക്കാനായി എന്റെ മനസ്സില്‍ ഇനിയുമൊരുപാടു് ചോദ്യങ്ങളുണ്ടു്. മാറിവരുന്ന ആധുനികജീവിതത്തിലും ആത്മിയതയിലും ഊന്നിയുള്ളവ. ചോദ്യങ്ങള്‍ അവസാനിക്കുന്ന ഒരു സമുഹം മരിച്ചതിനു തുല്യമാണെന്നു് അബ്ദുല്‍വഹദു് ഇടക്കിടെ പറയാറുള്ളതും ആണു്. ജീവിക്കുന്നു എന്ന ബോധം ഇടക്കിടയ്ക്ക് ഉണ്ടാവുന്നതു് അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോഴാണു്.

പ്രവാസജീവിതത്തില്‍ എനിക്കു ലഭിച്ച ഒരു തണല്‍മരമാണു് അബ്ദുല്‍ വഹദു് അല്‍ മല്ലവി.

Subscribe Tharjani |
Submitted by Joseph Athirumkal (not verified) on Tue, 2011-12-27 22:23.

Dear Shri Hashim,
Very informative, heart touching, congrats
Regards
Athirumkal