തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

ചവറ്റിലക്കോഴികള്‍

മട്ടിക്കായകള്‍ക്കുള്ളില്‍
എങ്ങനെയാണ്
എട്ടുകാലിക്കുഞ്ഞുങ്ങളുണ്ടാകുന്നത്?!
മിണ്ടാമിണ്ടിക്കായകളുടെ കയ്പും
എന്റെ ഒച്ചയും തമ്മിലെന്ത്?!
പൊട്ടക്കാളയ്ക്കെങ്ങനെയാണ്
വാറ്റുചാരായത്തിന്റെ
മണം ലഭിച്ചത്?!
തൊടി വെട്ടിത്തെളിയ്ക്കുമ്പോള്‍
ചമ്മലക്കോഴികള്‍
എങ്ങോട്ടാണു പലായനം ചെയ്യുന്നത്?!
ഉത്തരമില്ലാച്ചോദ്യങ്ങളില്‍
കടങ്കഥക്കുട്ടികളായി ഞങ്ങള്‍.
കിട്ടത്ത ഉത്തരങ്ങളെ തേടിത്തേടി
മട്ടിച്ചൂലുണ്ടാക്കി
തൊടിയാകെ അടിച്ചുവാരി
കരിയിലക്കൂട്ടങ്ങളെ ഒന്നാകെ കത്തിയ്ക്കുമ്പോള്‍
വീടു നഷ്ടപ്പെട്ട ചമ്മല/ചവറ്റിലക്കോഴികള്‍
തലങ്ങും വിലങ്ങും പായും.
അശരണരായ കോഴികളെ
ചുട്ടും ചുടാതെയും തിന്നു
മനുഷ്യനും കുറുക്കനും.
ചവറ്റിലക്കോഴികളുടെ മുട്ടയന്വേഷിച്ച്
ഏറെ നടന്നിട്ടുണ്ട് അന്നൊക്കെ.
കണ്ടില്ല, ഇന്നോളം.
ഇന്നാകട്ടെ,
ഒരു തൊടിയിലുമില്ല,
ഒരു ചവറ്റിലക്കോഴി പോലും!!!

Subscribe Tharjani |