തര്‍ജ്ജനി

മുഖമൊഴി

പുതിയ കീഴ്വഴക്കങ്ങള്‍

നമ്മുടെ കാലത്ത് രാഷ്ട്രീയം ആദര്‍ശത്തിന്റെ അലോസരമില്ലാത്തതും എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ളതുമായ മാര്‍ഗ്ഗമാണ്. അതിനിടയില്‍ ആദര്‍ശത്തിന്റെ മേല്‍വിലാസത്തില്‍ കാലയാപനം ചെയ്യുന്ന എ.കെ. ആന്റണിയെപ്പോലെ ചിലരുണ്ട്. അവര്‍ വ്യക്തിപരമായി കാശുണ്ടാക്കുകയോ അഴിമതി നടത്തുകയോ ചെയ്യുകയില്ല എന്നേയുള്ളൂ. തന്റെ പാര്‍ട്ടിയില്‍ അഴിമതിയും സ്വജനപക്ഷപാതവും അധാര്‍മ്മികമായ ധനസമ്പാദനവും നടത്തുന്നവരാണ് ഭൂരിപക്ഷം എന്നതിലൊന്നും അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരിരുന്നിരിക്കാന്‍ സാദ്ധ്യതയില്ല. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം പണ്ടേ ഈ പണി നിറുത്തിപ്പോകുമായിരുന്നുവല്ലോ. എല്ലാവിധത്തിലുമുള്ള ജീര്‍ണ്ണതകളും കൊടികുത്തിവാഴുന്ന പാര്‍ട്ടികള്‍ക്കകത്ത് അഴിമതിവിരുദ്ധനായി നിലക്കൊള്ളുന്നത് ചില്ലറ തമാശയല്ല. ദേശീയതലത്തില്‍ അഴിമതിവിരുദ്ധതരംഗമുണ്ടായപ്പോള്‍, ആ തരംഗത്തിന് കാരണക്കാരായവരും തങ്ങളെക്കാള്‍ മോശമല്ല എന്ന് ദേശീയതലത്തില്‍ പ്രചരിപ്പിക്കാന്‍ തന്റെ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമ്പോള്‍ അദ്ദേഹം ആ തീരുമാനത്തെ എതിര്‍ത്തതായി നാം എവിടെയും വായിച്ചില്ല. അഴിമതിവിരുദ്ധപ്രസ്ഥാനക്കാരെ അഴിമതിക്കാരായി ചിത്രീകരിക്കാന്‍ പാര്‍ട്ടി പണവും സമയവും ഊര്‍ജ്ജവും ചിലവഴിക്കുമ്പോഴും അദ്ദേഹം നിര്‍വ്വികല്പസമാധിയില്‍ത്തന്നെയായിരുന്നു. കേരളത്തില്‍ അദ്ദേഹത്തിന്റെ മുന്നണിയിലെ ഒരു മുന്‍മന്ത്രി അഴിമതിക്കേസില്‍ സുപ്രീം കോടതിയാല്‍ ശിക്ഷിക്കപ്പെട്ടപ്പോഴും അദ്ദേഹം മൌനത്തില്‍ത്തന്നെയായിരുന്നു. അങ്ങനെയല്ലാതെയാവാന്‍ തൊഴില്‍പരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് ആവുമായിരുന്നില്ല. അപ്പാടെ അഴിമതിയില്‍ക്കളിച്ച ഈ സംവിധാനം പൊതുജനങ്ങളുടെ മുന്നില്‍ അശേഷം വിശ്വാസ്യതയില്ലാതെ നാണംകെടുമ്പോള്‍ നാണം മറയ്ക്കാന്‍ ഒരു ആദര്‍ശബിംബം പാര്‍ട്ടിക്ക് വേണം. അതിനപ്പുറം ആദര്‍ശത്തെ സഹിക്കാനൊന്നും ഒരു പാര്‍ട്ടിക്കും സാദ്ധ്യമല്ല. അതിനാല്‍ സ്വന്തം പ്രതിച്ഛായ കളങ്കമേല്ക്കാതെ കൊണ്ടുനടക്കുകയല്ലാതെ അഴിമതിയെ ചെറുക്കുകയോ അഴിമതി എടുത്തുകാട്ടുകയോ ചെയ്താല്‍ പണി നഷ്ടപ്പെടും. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആര്‍ത്തിപിടിച്ച് പണം സമ്പാദിക്കാനായി പാടുപെടുന്ന രാഷ്ടീയക്കാരെയെല്ലാം ജനങ്ങള്‍ക്കറിയാം. അവരിലാണ് ജനങ്ങളുടെ പ്രതീക്ഷ. വഴിവിട്ട് വല്ലതും ചെയ്തുകിട്ടണമെങ്കില്‍ ആദര്‍ശക്കാരെ സമീപിച്ചിട്ട് കാര്യമില്ലല്ലോ.

ചെറുതും വലുതുമായ അഴിമതിയുടെ ബലത്തില്‍ നടത്തിക്കൊണ്ടുപോകുന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുകയാണ് അഴിമതിവിരുദ്ധപ്രസ്ഥാനക്കാര്‍. അഴിമതിയില്ലാതെ പാര്‍ട്ടി നടത്തിക്കൊണ്ടുപോകുവാന്‍ മഹാത്മാഗാന്ധിക്കുപോലും ഇക്കാലത്ത് സാധിക്കില്ലെന്ന് പരസ്യമാക്കിയത് കര്‍ണ്ണാടകത്തിലെ ഒരു നിഷ്കളങ്കന്‍ രാഷ്ട്രീയക്കാരനാണ്. അഴിമതിക്കല്ലെങ്കില്‍ പിന്നെന്തിനാണ് രാഷ്ട്രീയം എന്ന എളുപ്പമുള്ള ചോദ്യം, വിനയം കാരണമാവാം അദ്ദേഹം പത്രക്കാരോട് തിരിച്ചു ചോദിച്ചില്ല! ദില്ലിയില്‍ മാത്രമല്ല, കര്‍ണ്ണാടകത്തിലും ഭരണാധികാരം ഉപയോഗിച്ച് അഴിമതി നടത്തുകയും ധനസമ്പാദനം നടത്തുകയും ചെയ്തവര്‍ ജയിലിലായി. മുമ്പൊന്നും സംഭവിക്കാത്ത കാര്യങ്ങളാണിതെല്ലാം. എന്നാലും രാഷ്ട്രീയം ഉപേക്ഷിക്കുവാനോ അഴിമതി ചെയ്യാതിരിക്കുവാനോ ഈ മേഖലയിലുള്ളവര്‍ക്ക് സാധിക്കില്ല. കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കുന്നതിന് പകരം ആളുകളെ കബളിപ്പിച്ച് ജീവിച്ചു ശീലിച്ചവര്‍ ഈ ജന്മത്തില്‍ നേരെയാവില്ല. അടുത്ത ജന്മത്തില്‍പോലും ഈ ജന്മത്തിലെ സുന്ദരജീവിതത്തിന്റെ വിലോഭനീയസ്മരണകള്‍ അവരിലുണ്ടായേക്കും. അതിനാല്‍ ഈ രംഗത്തുള്ളവരെ ആകാവുന്ന നിലയിലെല്ലാം സംരക്ഷിക്കുകയാണ് രാഷ്ട്രീയക്കാരെല്ലാം ചെയ്യുന്നത്. അതില്‍ എല്ലാ വിഭാഗക്കാരും ഒറ്റക്കെട്ടാണ്. ആരോപണപ്രത്യാരോപണങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാവും. എന്നാല്‍ അതെല്ലാം ഒരു പരിധിക്കപ്പുറം പോവില്ല. ഒരേ തൊഴില്‍ ചെയ്യുന്നവരുടെ ഇടയിലെ ഐക്യമാണത്. നിയമസഭാസാമാജികരുടേയും പാര്‍ലമെന്റ് അംഗങ്ങളുടേയും വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം എത്രത്തോളം ഐക്യത്തോടെയാണോ കൈക്കൊള്ളുന്നത്, അതേ അളവിലുള്ള ഐക്യമാണ് ഇക്കാര്യത്തിലും ഉണ്ടാവുക. നിര്‍മ്മല്‍ മാധവന്‍ എന്ന ഒരു എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ കോളേജ്പ്രവേശനത്തിലെ അഴിമതിക്കെതിരെ വിനിയോഗിച്ച ഊര്‍ജ്ജത്തിന്റെ എത്ര പങ്ക് മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനത്തിലെ അധാര്‍മ്മികതയ്ക്കും നിയമവിരുദ്ധതയ്ക്കുമെതിരെ ഉപയോഗിക്കപ്പെട്ടുവെന്ന താരതമ്യം ഈ വസ്തുത വ്യക്തമാക്കും. കുറ്റകൃത്യംചെയ്ത് കേസില്‍പ്പെട്ട പോലീസുകാരനെ സഹപോലീസുകാര്‍ മാദ്ധ്യമപ്രവര്‍ത്തകരില്‍ നിന്നും രക്ഷിക്കുന്നതുപോലെ ഒരു സഹജീവിസ്നേഹമാണിത്. പോലീസുകാര്‍ ആവേശവും രോഷവും കാരണം കുറ്റം ചെയ്തിട്ടില്ലാത്ത മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ജനങ്ങള്‍ക്കുനേരെയും കയ്യേറ്റത്തിനുപോലും മുതിരുന്നത് നാം ആവര്‍ത്തിച്ച് കാണുന്നതാണല്ലോ.

കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുകയും കുറ്റം ചെയ്യാത്തവര്‍ അവഹേളനത്തിന് വിധേയരായിത്തീരുകയും ചെയ്യുന്നത് വളരെ ഗൌരവമുള്ള പ്രശ്നമാണ്. സുപ്രീം കോടതിവരെ എത്തുകയും ചെലവുകൂടിയ വക്കീലുമാരെ ഏര്‍പ്പെടുത്തി വാദിച്ചിട്ടും രക്ഷകിട്ടാതിരുന്ന ഒരു അഴിമതിക്കേസിലാണ് ബാലകൃഷ്ണപിള്ളയ്ക്ക് തടവുശിക്ഷ ലഭിച്ചത്. അസാധാരണമായ സംഭവമായിരുന്നിട്ടും മുഴുവന്‍ മാദ്ധ്യമങ്ങളുടേയും ജനങ്ങളുടേയും ശ്രദ്ധപതിയുന്ന വിഷയമായിരുന്നിട്ടും ആകാവുന്ന എല്ലാ പഴുതുകളും ഉപയോഗിച്ച് ജയിലില്‍ കിടക്കേണ്ടയാളെ ആശുപത്രിയിലും വീട്ടിലുമെല്ലാമായി കഴിയുവാന്‍ സംവിധാനമുണ്ടാക്കിയത് സര്‍ക്കാരാണല്ലോ. ഒരു കുറ്റവും ചെയ്യാത്ത വഴിയാത്രക്കാരന്‍ പോക്കറ്റടിക്കുറ്റം ആരോപിക്കപ്പെട്ട് തല്ലിക്കൊല്ലപ്പെട്ട നാടാണ് കേരളം. അവിടെയാണ്, ഈ നീതിനടത്തിപ്പുകാരുടെ ഇടയിലാണ് സുപ്രീം കോടതി ജയിലിലേക്കയച്ച കുറ്റവാളി നാമമാത്രമായ ജയില്‍ ശിക്ഷയനുഭവിച്ച് ലഭിക്കാവുന്നതിനേക്കാളേറെ പെരുത്ത ഇളവുനേടി ജയില്‍ മോചിതനാവുന്നത്. ഇക്കാര്യത്തില്‍ എന്താണ് സംഭവിക്കാനിരിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം. എന്നാല്‍, ഇവിടെ രാഷ്ട്രീയക്കാര്‍ക്കെല്ലാം വേണ്ടി ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിക്കപ്പെട്ടിരിക്കയാണ്. അധികാരത്തിന്റെ പരിധിക്കപ്പുറം പോയിട്ടാണെങ്കിലും തങ്ങളുടെ സഹപ്രവര്‍ത്തകനെ ജയില്‍മോചിതനാക്കുന്ന കീഴ്വഴക്കം. ഇത്തരം കീഴ്വഴക്കങ്ങളാണ് നിയമങ്ങളേക്കാളും നീതിബോധത്തേക്കാളും ജനതാല്പര്യത്തെക്കാളും നമ്മുടെ രാഷ്ട്രീയക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗദീപമായി ഉപയോഗിക്കുന്നത്. എസ്. എന്‍.സി ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്കാതെ മുമ്പ് കേരളത്തിലെ നിയമസഭ മറ്റൊരു കീഴ്വഴക്കം ഉണ്ടാക്കിയതും ഓര്‍ക്കാം.

അഴിമതിക്കാരനായല്ലാതെ ജീവിക്കുന്നത് കുറ്റകരമാണെന്ന് അധികം വൈകാതെ നിയമനിര്‍മ്മാണം നടന്നേക്കാം. അഴിമതിക്കാരല്ലാത്തവരെ നാടുകടത്തുവാനോ തടവിലിടുവാനോ വ്യവസ്ഥചെയ്യപ്പെട്ടേക്കാം.

Subscribe Tharjani |
Submitted by ബിജി.എസ് (not verified) on Sun, 2011-11-06 13:21.

അഴിമതി അലങ്കാരമായ ഈ കാലത്ത് അതില്‍ പെടാതിരിക്കാന്‍ നല്ല സംയമനവും പോരാട്ടവും ആവശ്യമാണ്. സഹപ്രവര്‍ത്തകരുടെ പ്രലോഭനങ്ങള്‍, പരിഭവങ്ങള്‍, കുടുക്കുകള്‍ ഇവയില്‍ ഒന്നും പെടാതെയും അഴിമതിക്ക് വഴങ്ങാതെയോ കൂട്ടുനില്‍ക്കാതെയോ വരുമ്പോള്‍ നാം അറിയാതെ ഉണ്ടാവുന്ന ശത്രുക്കള്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ പെടാതെയും മുന്നോട്ടുപോകാന്‍ നല്ല മെയ് വഴക്കം വേണ്ടിയിരിക്കുന്നു. അത് വിമര്‍ശനം പോലെ അത്ര ഏളുപ്പമുളള കാര്യമല്ല. അതിനിടയിലാണ് മറ്റുളളവരുടെ അഴിമതിക്കെതിരെ കൂടെ പോരാടിയാലേ അംഗീകരിക്കൂ എന്ന വെളിപാട്. ഈ നിലപാട് അഴിമതിക്കാര്‍ക്ക് കുടപിടിക്കലാണ്. അഴിമതി ചെയ്യാതിരിക്കല്‍ അത്ര എളുപ്പമല്ല. അഴിമതിയില്ലാത്തവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ മനസ് ഇടുങ്ങിയതായാല്‍ മാത്രം പോരാ, അല്‍പം മനോരോഗസാന്നിദ്ധ്യമോ അഴിമതിയുടെ കുറ്റബോധമോ കൂടിവേണമെന്ന് തോന്നുന്നു..............................