തര്‍ജ്ജനി

രാജേഷ് ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കടലാസുകപ്പല്‍

സൂപ്പര്‍മാന്‍: ചുവപ്പിന്റെ മകന്‍

ആള്‍ക്കൂട്ടത്തിന്റെ ഭീതികള്‍ക്ക് ഇന്ധനം പകര്‍ന്നും, ഒപ്പം തന്നെ അവയ്ക്ക് ശമനമരുളിയുമാണല്ലോ ജനപ്രിയകലകളിലെ അതിമാനുഷര്‍ ജനചേതനയില്‍ ഇടംപിടിക്കുന്നത്. അമേരിക്കന്‍ ചിത്രകഥകളിലെ വീരനായകരില്‍ അഗ്രഗണ്യനായ സൂപ്പര്‍മാനും ഇക്കാര്യത്തില്‍ വ്യത്യസ്തനല്ല.

ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളില്‍, കടലാസുസ്വപ്നങ്ങളുടെ ചിത്രത്താളുകളില്‍ പിറന്നുവീണനാള്‍ മുതല്‍ തന്നെ, സൂപ്പര്‍മാന്‍കഥകള്‍ അമേരിക്കന്‍ ഭീതികള്‍ക്ക് സാന്ത്വനമരുളി. പേടിസ്വപ്നം കണ്ടുണര്‍ന്ന കുട്ടികള്‍ അര്‍ജ്ജുനന്റെ പേരുകള്‍ ഉരുക്കഴിച്ച് നിദ്ര പ്രാപിക്കുംപോലെ, കാലാകാലങ്ങളിലെ ആധികളെ നിറമുള്ള ചതുരക്കളങ്ങളില്‍ പൊരുതിത്തോല്പിക്കുന്ന ഈ നായകനില്‍ അമേരിക്കന്‍ മനസ്സ് അഭയംതേടി. പൂഴ്ത്തിവെയ്പിനും കരിഞ്ചന്തയ്ക്കുമെതിരെയുള്ള പോരാട്ടത്തോടെ രംഗപ്രവേശം ചെയ്ത 'ഉരുക്കുമനുഷ്യന്‍' ശീതസമരത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അണ്വായുധാക്രമങ്ങളെ ചെറുക്കാന്‍ കരുത്താര്‍ജ്ജിച്ചു. ശീതസമരത്തിന്റെ അവസാനത്തില്‍ ലോകത്ത് ഒരു വന്‍ശക്തിമാത്രം ബാക്കിയായപ്പോള്‍, പുതിയ ഭീതികളുടെ അഭാവത്തില്‍, ചിത്രകഥകളുടെ വില്പനയും കുത്തനെ ഇടിഞ്ഞു. സമാധാനത്തിന്റെ നാളുകള്‍ ദൈവങ്ങള്‍ക്കെന്നപോലെ സ്വപ്നവ്യാപാരികള്‍ക്കും കഷ്ടകാലമാണല്ലോ. 2001 സെപ്റ്റംബര്‍ 11-ന്റെ വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണത്തോടെ പഴയഭീതികള്‍ വീണ്ടും ഉണര്‍ന്നപ്പോഴാണ് പിന്നെ, ചിത്രകഥകള്‍ക്കും പിന്നെ പഴയപ്രതാപം വീണ്ടെടുക്കാനായത്.

ദേശാഭിമാനത്തിന്റെ പര്യായമായിരുന്നു തുടക്കം മുതല്‍തന്നെ സൂപ്പര്‍മാന്‍. അമേരിക്കന്‍ പതാകയിലെ നിറങ്ങളുള്ള ഉടുപ്പണിഞ്ഞ്, രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ നിതാന്തജാഗ്രതയോടെ ആകാശത്തുനിലകൊണ്ട സൂപ്പര്‍മാന്റെയും കൂട്ടാളികളുടെയും മുദ്രാവാക്യം തന്നെ 'സത്യം, നീതി, അമേരിക്കന്‍ ജീവിതരീതി' എന്നതായിരുന്നു. രണ്ടാംലോകമഹായുദ്ധക്കാലത്ത് അമേരിക്കന്‍ പട്ടാളത്തിനുവേണ്ടി ധനശേഖരണത്തിനായി പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു സൂപ്പര്‍മാന്‍. അമേരിക്കന്‍ പ്രസിഡന്റ്മാരുമായും പട്ടാളത്തലവന്മാരുമായും സുരക്ഷാസംഘടനകളുമായും ഒരുമിച്ചു പ്രവര്‍ത്തിച്ചു അവര്‍. തൊള്ളായിരാമത്തെ ലക്കത്തില്‍ സൂപ്പര്‍മാന്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ചേക്കും എന്ന വാര്‍ത്ത പരന്നപ്പോള്‍ ഇന്റര്‍നെറ്റിലും മറ്റും നടന്ന ചൂടുപിടിച്ച ചര്‍ച്ചകള്‍ ഈ വീരനായകന്റെ അമേരിക്കന്‍ സ്വത്വം ആരാധകര്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്നതിന്റെ തെളിവായിരുന്നു. എന്നാല്‍, 'അറബ് വസന്ത'ത്തില്‍ പങ്കെടുക്കാനായിട്ടാണ് 'സൂപ്പ്' ഈ കടുംകൈ ചെയ്യുന്നതെന്നു വ്യക്തമായപ്പോള്‍, രാജാവിനെക്കാള്‍ രാജ്യഭക്തി പ്രകടിപ്പിച്ച്, ചെറിയൊരു വിവാദം സൃഷ്ടിച്ച്, വില്പനയുയര്‍ത്തിയതിനുശേഷം 'മായ്ച്ചുകളഞ്ഞു, എല്ലാം മായ്ച്ചുകളഞ്ഞു' എന്നു പറഞ്ഞ് പഴയ നിലയിലേക്കു മടങ്ങാനുള്ള ഒരു പൊടിക്കൈയാണിതെന്ന് വൈകാതെ വ്യക്തമായി. തങ്ങളുടെ സൂപ്പര്‍മാന്‍ മരിക്കില്ലെന്ന് ഉറപ്പുള്ള അനുവാചകര്‍ 'സൂപ്പര്‍മാന്റെ മരണം' പോലെയുള്ള വിദ്യകള്‍ മുമ്പും കണ്ടിട്ടുള്ളവരാണല്ലോ.

അങ്ങനെയെല്ലാമിരിക്കുന്ന സൂപ്പര്‍മാന്‍ ഒരു സോവിയറ്റ് വീരനായകനാകുന്നു എന്ന വാര്‍ത്തയില്‍ കൗതുകം തോന്നാതിരിക്കുമോ? സൂപ്പര്‍മാന്റെ പ്രസാധകരായ ഡി.സി. കോമിക്സ് തന്നെ പ്രസിദ്ധീകരിച്ച 'മറുലോകങ്ങള്‍' എന്ന പരമ്പരയിലെ 'സൂപ്പര്‍മാന്‍: ചുവപ്പിന്റെ മകന്‍' (2003) എന്ന ചിത്രകഥ കൈയിലെടുത്തത് വളരെ പ്രതീക്ഷയോടെയാണ്. അമേരിക്കന്‍ സാമ്രാജ്യത്വവും മുതലാളിത്തവും വില്ലന്മാരാകുന്ന ഒരു സൂപ്പര്‍മാന്‍ കഥയോ? വീരനായകസങ്കല്പം തന്നെ ജനമനസ്സിലെ ഭീതികളുടെ സൃഷ്ടിയാണെന്നും, ചിത്രകഥകള്‍ എങ്ങനെ ദേശാഭിമാനത്തിന്റെ പ്രചരണസാഹിത്യത്തിലെ ഒരു ഭാവഭേദം മാത്രമാണെന്നും വ്യക്തമാക്കുന്ന, അമേരിക്കയുടെ ശത്രുക്കള്‍ തങ്ങളുടെ രാജ്യത്തെ എങ്ങനെ കാണുന്നു എന്നന്വേഷിക്കാന്‍ മെനക്കെടുന്ന, പണക്കൊതിയെയും ഉപഭോഗത്വരയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു ഭാവനാലോകത്തിന്റെ സാദ്ധ്യതകള്‍ ആ പ്രതീക്ഷകള്‍ പാടേ അസ്ഥാനത്താക്കിക്കളഞ്ഞു, ഈ പുസ്തകം. പണ്ടേ മണ്മറഞ്ഞ സോവിയറ്റ് വ്യവസ്ഥിതിയുടെ ദൗര്‍ബല്യങ്ങളും ക്രൂരതകളും മാത്രമാണ് ഈ കഥയിലേയും വിഷയം. വിശന്നുവലഞ്ഞ് ക്യൂവില്‍നില്ക്കുന്ന സാധുക്കള്‍, സ്റ്റാലിന്റെ അവിഹിതസന്തതിയായ കെ. ജി. ബി. തലവന്‍, ഒളിപ്പോരാടുന്ന വിമതര്‍, മനംമടുപ്പിക്കുന്ന കമ്യൂണിസ്റ്റ് പ്രചരണകല ഇതൊക്കെ കോര്‍ത്തിണക്കിയ കഥ പുതുമയുടെ തോന്നലുണ്ടാക്കുകപോലും ചെയ്യാതെ അവസാനിക്കുന്നു.

ശീതസമരത്തിനുശേഷമുള്ള ഏകധ്രുവലോകത്തിന്റെ പുതിയ വെല്ലുവിളികളെന്താണെന്നതു പരിഗണിക്കുന്നതിനു പകരം ഒരു ഏകാധിപത്യസംവിധാനം സൂപ്പര്‍മാനെപ്പോലും അധികാരക്കൊതിയനാക്കുമായിരുന്നു എന്ന സൗകര്യപ്രദമായ നിഗമനത്തിലേക്ക് കുതിയ്ക്കുകയാണ് ഈ കഥ. സോവിയറ്റ് ചിത്രകലയുടെയുടെ മനോഹരമായ അനുകരണം കലര്‍ത്തിയ ചിത്രീകരണവും ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയിലെ ലോകത്തിന്റെ ശ്രദ്ധാപൂര്‍വ്വമായ പുനര്‍നിര്‍മ്മിതിയുമെല്ലാം ആത്യന്തികമായി ഒരു വൃഥാവ്യായാമമായി മാറുന്നു.

അല്ലെങ്കിലും, ജനകോടികളുടെ സ്വപ്നങ്ങളെ നാണയങ്ങളാക്കിമാറ്റുന്നതില്‍ കണ്ണുനട്ടിരിക്കുന്ന പ്രസാധനസ്ഥാപനങ്ങളില്‍നിന്ന് എന്തു പുതുമയാണ് പ്രതീക്ഷിക്കാവുന്നത്? ലാഭത്തിന്റെ സര്‍വ്വാധിപത്യം നിലനില്ക്കുന്ന ഒരു വ്യവസ്ഥിതിയ്ക്കുകീഴില്‍, ഏത് അതിമാനുഷനും അതിന്റെ ഇച്ഛയ്ക്കൊത്തല്ലേ ചലിയ്ക്കൂ.

Subscribe Tharjani |