തര്‍ജ്ജനി

സാല്‍ജോ ജോസഫ്

വെബ് : www.saljojoseph.com
ഇ മെയില്‍ : saljojoseph@gmail.com

Visit Home Page ...

സിനിമ

കോഴി, മുട്ട, പന്നി, മലം, കാക്ക, സന്തോഷ് പണ്ഡിറ്റ്

How do you keep a wave upon the sand?
സൗണ്ട് ഓഫ് മ്യൂസിക്കിലെ ഗാനം, പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത ഒരുവേള അമ്മു പുറത്തിറക്കിവിട്ടതുകൊണ്ട് എസ്‌ത തീയേറ്ററിനു വെളിയിലിറങ്ങി ഉച്ചത്തില്‍ പാടുന്നുണ്ടല്ലോ, അരുദ്ധതിറോയ്‌യുടെ ഗോഡ് ഓഫ് സ്മോള്‍ തിങ്സില്‍. സന്തോഷ് പണ്ഡിറ്റെന്ന കൃശഗാത്രനായ ചെറുപ്പക്കാരന്‍ ഇന്റര്‍നെറ്റ് എന്ന മാദ്ധ്യമത്തിന്റെ സാദ്ധ്യതകളെ അറിഞ്ഞോ അറിയാതെയോ പ്രയോജനപ്പെടുത്തി കൃഷ്ണനും രാധയും സൃഷ്ടിച്ചപ്പോളും തിയേറ്ററുകളില്‍ സംഭവിച്ചത് ഇതാണ്. പിടിച്ചുനിര്‍ത്താനാവാതെ സന്തോഷിന്റെ ഓരോ ഗാനവും മുഴുവന്‍ പ്രേക്ഷകനും ഏറ്റുപാടി. തീയേറ്ററില്‍ മാത്രം സംഭവിക്കാവുന്ന ഈ പ്രതിഭാസം മലയാളസിനിമയുടെ തിരിച്ചുവരവല്ല, മറിച്ച് അധഃപതനത്തെ ചൂണ്ടിക്കാണിക്കുന്നതാണെന്ന് നിസ്സംശയം പറയാം.

കഥാസാരമെന്ന അതിസാരം
ജോണ്‍ എന്ന ക്രിസ്ത്യാനിയുവാവ്, രാധ എന്ന ഹിന്ദുപെണ്‍കുട്ടിയെ പ്രേമിക്കുകയും, രജിസ്റ്റര്‍വിവാഹം ചെയ്ത് ഒരു വാടകവീട്ടിലെത്തുന്നതും, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വീട്ടുടമസ്ഥയുടെ പെണ്‍കുട്ടിയെക്കൊണ്ട് ജോണ്‍ ഈണം നല്കുന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിപ്പിക്കുകയും ചെയ്യുന്നു. രാധയുടെ അനുജത്തിയെയും, ജോണിന്റെ അനിയനെയും സാമൂഹികവിരുദ്ധരില്‍ നിന്നു രക്ഷിക്കുന്നു. ഭര്‍ത്താവ് മരിച്ച ഒരു പെണ്‍കുട്ടിയെ ജോണ്‍ മനഃശാസ്ത്രപരമായ സമീപനങ്ങളാല്‍ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നു. അഭ്യസ്തവിദ്യയായ രാധ ഒരു ജോലിക്കുവേണ്ടി കൗണ്‍സിലറായ തോമസിന്റെ ഓഫീസില്‍ ജോലിക്കെത്തുന്നു. അപമര്യാദയായി പെരുമാറിയ തോമസിനെ ജോണ്‍ ആക്രമിക്കുന്നു. പിന്നീട്, ഇതില്‍ പകപൂണ്ട തോമസ് മറ്റൊരവസരത്തില്‍ രാധയെ കൊല്ലുന്നു. കൃഷ്ണനെന്ന കള്ളപ്പേരില്‍ വാടകവീട്ടില്‍ താമസിച്ചതിന് വീട്ടുടമസ്ഥ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. രാധയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അതുകൊണ്ടുതന്നെ ആരും സ്ഥലം നല്കുന്നില്ല. മൃതദേഹവുമായി ജോണ്‍ രാത്രി കഴിച്ചുകൂട്ടുന്നു. ഒടുവില്‍, കുറെ സ്വാമിമാരുടെയും മറ്റും ഇടപെടലുകള്‍ മൂലം അവിശ്വാസിയായ ജോണ്‍ ദൈവമുണ്ടെന്ന് തിരിച്ചറിയുന്നു. കൗണ്സിലറെയും, മറ്റ് എതിരാളികളെയും ജോണ്‍ വെടിവച്ചുകൊല്ലുന്നു. ജീവപര്യന്തം ശിക്ഷകഴിഞ്ഞിറങ്ങിയ ജോണ്‍ ഭര്‍ത്താവുമരിച്ച പെണ്‍കുട്ടിയെ എല്ലാവരുടെയും നിര്‍ബന്ധപ്രകാരം ഭാര്യയായി സ്വീകരിക്കുന്നു.

സന്തോഷെന്ന പാഠപുസ്തകം

സിനിമയില്‍ കോഴി, മുട്ട, പന്നി, മലം, കാക്ക തുടങ്ങി മൃഗങ്ങളെ കൂട്ടുപിടിച്ചുപമിക്കുന്ന മസിലുപിടിക്കുന്ന സന്തോഷിന്റെ 'പ്രകടനങ്ങള്‍' ഇന്റര്‍നെറ്റില്‍ ഇതിനോടകം ഭൂരിപക്ഷവും കണ്ടുകഴിഞ്ഞുകാണണം.ടച്ചപ്പ് എന്ന മേക്കപ്പ് അസിസ്റ്റും, (വിയര്‍പ്പിറ്റുന്ന കഥാപാത്രങ്ങള്‍ കഥയിലുടനീളമുണ്ട്) ക്യാമറ ഒഴിച്ച് എല്ലാം സന്തോഷ് സ്വയം നിര്‍വ്വഹിച്ച ഈ ഇളക്കിമറിക്കല്‍ സിനിമ ഒരു പാഠപുസ്തകമാണ്. ഒരു സിനിമയുടെ തിരക്കഥാമാനദണ്ഡങ്ങള്‍, പ്രേക്ഷകമുന്‍വിധികളെ അതിശയിപ്പിക്കല്‍, നിര്‍വ്വികാരമായ ചേഷ്ഠകളും അഭിനയവും തമ്മിലുള്ള വ്യത്യാസം, സാങ്കേതികവിദ്യയുടെ വളര്‍ച്ചയും അതിന്റെ പ്രയോഗരീതിയുടെ പാളിച്ചകളും, സംഗീതവും രചനാരീതിയും പ്രേക്ഷകനിലെത്തിക്കുന്ന വ്യത്യാസം തുടങ്ങി നിരവധിക്കാര്യങ്ങള്‍ സിനിമയ്ക്കുള്ളില്‍ നിന്ന് ചികഞ്ഞെടുത്താല്‍ സിനിമ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമാക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ ('സിനിമയ്ക്ക് പഠനങ്ങള്‍ ആവശ്യമില്ല അനുഭവങ്ങള്‍ മതി' എന്ന വാദം ചേര്‍ത്ത് വച്ച്) സിനിമ അനുഭവമാക്കി സ്വയം പഠിക്കുക എന്ന സന്തോഷിന്റെ രീതി ഒരു ലഘുചിത്രംകൊണ്ടുപോലും ജനാധിപത്യവത്കരിക്കാന്‍ കഴിയാത്ത പുതിയ സിനിമാവിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചു മനസിലാക്കേണ്ട നിര്‍മ്മിതിയാണ്.

സന്തോഷെന്ന 'വെണ്ണക്കള്ളന്‍
ഇന്റര്‍നെറ്റില്‍ മികച്ച പരസ്യവരുമാനം ലഭ്യമാക്കാന്‍ കഴിയുന്ന സെക്സിനും നടന്മാര്‍ക്കുമേല്‍ ചൊരിയുന്ന തെറിവിളിക്കള്‍ക്കുമപ്പുറം മറ്റെന്തെങ്കിലും മാര്‍ക്കറ്റ് ചെയ്യുക എന്ന മാര്‍ക്കറ്റിംഗ് കമ്പനികളുടെ ലക്ഷ്യം അവിചാരിതമായി സന്തോഷെന്ന നിഷ്കളങ്കനായ, കൃശഗാത്രനായ ബ്രാന്‍ഡിലെത്തി. സന്തോഷ് ആടിപ്പാടിയത് ഒറ്റയ്ക്കായിരുന്നുവെങ്കില്‍ തെറിവിളികളില്‍ മാത്രം ഒതുങ്ങേണ്ട ഗാനരംഗങ്ങള്‍ പക്ഷേ സന്തോഷ് സുന്ദരികളായ, അല്പവസ്ത്രധാരികളെ കൂടെക്കൂട്ടിയതുവഴി, 'ഇത് മാര്‍ക്കറ്റാവും' എന്നകാര്യത്തില്‍ സന്തോഷിനെ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് സംശയമൊന്നുമില്ലായിരുന്നു. ചുറ്റുപാടുമുള്ള എല്ലാത്തിനെയും വിമര്‍ശിച്ച് (മാത്രം) നേരെയാക്കാന്‍ താല്പര്യമുള്ള ഒരു ജനത ഇവിടെ നിലനില്ക്കുന്നെന്ന ധാരണ അതിന് ആക്കം കൂട്ടുകയും.

ഓ പ്രിയേ എന്ന ഗാനം വെറുതെ 'വായ്‌ക്കുവരുന്നത് കോതയ്‌ക്ക് പാട്ട്' എന്ന ലൈനില്‍ എഴുതിയ സന്തോഷ് പിന്നീട് സിനിമ നിര്‍മ്മിക്കാനും മാര്‍ക്കറ്റുള്ള ഇതേ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും തീരുമാനിച്ചു. ഇത് സിനിമയ്ക്കുവേണ്ടിമാത്രം പ്രിയ എന്ന കഥാപാത്രത്തെ ഉദ്ദേശിച്ച് മുമ്പേ തന്നെ എഴുതിയ വരികളാണെന്നും വെറുതെ എഴുതിയതല്ലെന്നും സന്തോഷ് ആവര്‍ത്തിക്കുമ്പോഴും, 'ഓ പ്രിയേ എന്ന ഗാനം യൂട്യൂബില്‍ കേട്ട് പ്രിയ (ജോണുമായി കല്യാണം ഉറപ്പിച്ച പെണ്‍കുട്ടി) അത് പ്രിയയെ ഉദ്ദേശിച്ചെഴുതിയതാണെന്ന് പ്രിയ തെറ്റിദ്ധരിച്ചു' എന്ന് സിനിമയില്‍ വ്യക്തമായിപ്പറയുന്നു. എന്നുവച്ചാല്‍ സന്തോഷ് ഗാനങ്ങളെ കൂട്ടിയിണക്കി സിനിമയുണ്ടാക്കി എന്ന സത്യം മൂടിവയ്ക്കുന്നു. കൂടാതെ വെറുതെ ഗോവയിലേയ്ക്ക് എന്ന് പറഞ്ഞ് മറ്റൊരു പെണ്ണിനൊപ്പം ആടിപ്പാടുന്ന ഗാനം (മ മ മ മായാവി.!) സിനിമയ്ക്ക് വേണ്ടിയല്ല ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാണ്, 'അംഗനവാടി ടീച്ചറേ' എന്ന ഗാനവും ഇതുതന്നെ. അഞ്ചോ ആറോ പെണ്‍കുട്ടികളെ കെട്ടിപ്പുണര്‍ന്ന് സന്തോഷ് കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങള്‍, സ്ത്രീയുടെ നഗ്നമായ മാറും കാലും അല്പമൊന്ന് പ്രദര്‍ശിപ്പിക്കുക വഴി 'ആളെക്കൂട്ടാനുള്ള' വഴിതേടുകയുമായിരുന്നു. സന്തോഷിന്റെയുള്ളിലെ നിഷ്കളങ്ക കള്ളന് എങ്ങനെ ഇത് മാര്‍ക്കറ്റ് ചെയ്യണമെന്ന് അറിയാമെന്ന് വ്യക്തം. കൂടെ മുഖ്യധാരാ നടന്മാരെ അനുസ്മരിപ്പിക്കും വിധം പുതിയ നായികമാരെ/ഇതരഭാഷാ നായികമാരെ മാറി മാറി സ്ക്രീനിലെത്തുക എന്ന കൊച്ചുകള്ളത്തരവും.

'ദേഹമില്ല ദേഹി'യില്ല മലയാള സിനിമയ്ക്കിപ്പോള്‍.

മലയാള സിനിമയുടെ 20-20 കളികള്‍ക്ക് വിരാമമുണ്ടാവാന്‍ വഴിയില്ല. ഇന്റര്‍നെറ്റെന്ന മാദ്ധ്യമത്തിന്റെ മറ്റൊരു വികലപ്രതിഫലനമെന്ന വ്യാഖാനമേ 'കൃഷ്‌ണനും രാധയും' ചരിത്രത്തില്‍ സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളൂ. ഇന്റര്‍നെറ്റെന്ന മാര്‍ക്കറ്റിന്റെ അനന്തസാദ്ധ്യതകളും ആരും കാണാനിടയില്ല. ഇന്റര്‍നെറ്റിലൂടെ മാത്രം വ്യാജസിനിമകള്‍ കാണുന്ന പ്രേക്ഷകസമൂഹം തീയേറ്ററുകളിലെത്തി എന്നു വ്യാഖ്യാനിച്ച് സിനിമാനിരീക്ഷകര്‍ സായൂജ്യമടയുക മാത്രം ചെയ്യുന്നു. ഇന്റര്‍നെറ്റ് എന്ന മാദ്ധ്യമത്തെ അംഗീകരിക്കാനുള്ള മടിതന്നെ കാരണം.

ഇന്നും, പേപ്പറുകളില്‍, പേനകൊണ്ടെഴുതുന്നതേ സാഹിത്യമായുള്ളൂ എന്നും, ബ്രഷ് പെയിന്റി‌ല്‍ മുക്കി ക്യാന്‍വാസില്‍ ചാര്‍ത്തുന്നതിനെമാത്രം പെയിന്റിംഗെന്നും ചിന്തിക്കാന്‍ നമ്മള്‍ നമ്മളെത്തന്നെ പരിമിതപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ നമുക്ക് എന്നും സിനിമ തുപ്പല്‍ തെറിപ്പിക്കുന്ന സംഭാഷണങ്ങളും നായകന്‍ വില്ലന്റെ കഴുത്തില്‍ ചവിട്ടിനിന്ന് അടിവസ്ത്രങ്ങള്‍ കാണിക്കുന്നതും മാത്രമാണ്. മറിച്ചൊരഭിപ്രായം പ്രേക്ഷകനുണ്ടെങ്കിലും, സിനിമാപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവാന്‍ വഴിയില്ല. പ്രമേയമോ, പ്രതിബദ്ധതയോ, മറ്റുമേന്മകളോ ഒന്നുമില്ലാതെ ആവര്‍ത്തനവിരസങ്ങളായ സമീപകാല സിനിമകളെ കൊഞ്ഞനം കുത്തലാണ് ഈ സിനിമ മറ്റൊരര്‍ത്ഥത്തില്‍. കാശുണ്ടെങ്കില്‍ ഏത് ആന്റണിപെരുമ്പാവൂരിനും സിനിമ പിടിക്കാമെന്നും ഏതു തുളസിദാസിനും സംവിധാനം ചെയ്യാമെന്നും ഏത് അഴീക്കോടിനും വിവാദങ്ങള്‍ സൃഷ്ടിക്കാമെന്നും ഏതുദിലീപിനും എത്രനായികമാരെ വേണമെങ്കിലും സൃഷ്ടിക്കാമെന്നും സന്തോഷ് ബോദ്ധ്യപ്പെടുത്തുന്നു, നിസ്സാരവ‌ത്കരിക്കുന്നു. അപക്വമായ സമീപകാലമലയാളസിനിമകള്‍ക്കു മുന്നില്‍ നിന്ന് സന്തോഷ് എന്ന കൃശഗാത്രന്‍ കൊഞ്ഞനം കുത്തുന്നത് അവര്‍ (മലയാള സിനിമയിലെ സന്തോഷ് പണ്ഡിറ്റുമാര്‍) കാണുന്നുണ്ടോ?

Subscribe Tharjani |
Submitted by George Joseph (not verified) on Tue, 2011-11-08 15:47.

This exercise by that Santosh boy is a lesson to all those who treat cinema as an industry. Earlier, cinema was considered as a form of art. As an industry, this boy has done something and put it up. But those who love cinema as an art should show far more seriousness so that we protect the sanctity of this art. Do we still have that body called censor board or that is wound up? Any Tom, Dick and Harry can do anything these days and exhibit; there are Toms, Dicks and Harries to clap. Strange ways are ahead of us. We must find out means to escape from this sad state of affairs.

Submitted by Anonymous (not verified) on Thu, 2011-11-10 07:49.

പുതിയ ഒരു പ്രേക്ഷകസമൂഹത്തിന്റെ ആവിര്‍ഭാവമാണ് സന്തോഷ് പണ്ഡിറ്റിന്റെ വിപണിവിജയത്തിനും മലയാളത്തിലെ സമകാലിക മുഖ്യധാരാസിനിമയുടെ പതനത്തിനും കാരണമെന്ന് തോന്നുന്നു. ബോക്സ് ഓഫീസ് വിജയം ഗ്യാറണ്ടി ചെയ്യാവുന്ന ഏതെങ്കിലും നടന്‍ മലയാളത്തിലുണ്ടോ? തമിഴകത്തും ഹിന്ദിയിലുമെല്ലാം അത്തരം വിജയത്തിന്റെ പേരില്‍ സൂപ്പര്‍താരങ്ങളാവുമ്പോള്‍, കേരളത്തില്‍ തിണ്ണമിടുക്കുകൊണ്ട് ആളാവുകയല്ലേ? അവിടെയാണ് സന്തോഷ് പണ്ഡിറ്റ് ഒരു ബ്രാന്റ്നെയിമായി വിജയിക്കുന്നത്. മുഖ്യധാരയോട് വിധേയത്വം പുലര്‍ത്തേണ്ടതില്ലാത്ത ഒരു സമൂഹമാണ് സന്തോഷ് പണ്ഡിറ്റിനെ കണ്ടെത്തി പ്രശസ്തനാക്കുന്നത്. അവരുടെ കൂക്കിവിളികളും തെറിപറച്ചിലുകളും ആവിഷ്കരിക്കാനുള്ള ഉപാധിയാകുന്നു ഈ സിനിമാക്കാരന്‍.

ടിവി ഷോകളില്‍ അയാള്‍ നടത്തുന്ന പ്രകടനം അപാരം തന്നെ. നിഷ്കളങ്കതയോ അജ്ഞതയോ ഒന്നുമല്ലെന്നാണ് തോന്നിയിട്ടുള്ളത്. പുതിയ സമൂഹത്തെ ഉപയോഗപ്പെടുത്തുന്ന തന്ത്രം തന്നെയാവും ഇത്.

Submitted by Anonymous (not verified) on Wed, 2011-11-23 22:09.

സന്തോഷ് പണ്ഡിറ്റ് നല്കുന്ന സന്ദേശം

ഒരു കാലത്ത് സിനിമ ഒരു ഹരമായിരുന്നു. തിയേറ്ററുകളില്‍നിന്ന് ഇറങ്ങാതെ സിനിമ കണ്ടു നടന്നിരുന്നു എന്നൊക്കെ അതിശയോക്തി കലര്‍ത്തി പറയാം. അത്രയ്ക്കുണ്ടായിരുന്നു സിനിമാ കമ്പം. സിനിമാമാസികകള്‍ പലതിന്റെയും സ്ഥിരം വരിക്കാരനുമായിരുന്നു. ചെറുതും വലുതുമായ നടീനടന്മാരുടെയൊക്കെ പേരുകളും മുഖങ്ങളുമൊക്കെ വ്യക്തമായി അറിയാമായിരുന്നു. സിനിമാക്കാരുടെ വിശേഷങ്ങള്‍ അറിയാന്‍ അന്നൊക്കെ വലിയ കൌതുകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്ന പതിവ് നിര്‍ത്തിയിട്ട് ഒരുപാട് നാളായി. വര്‍ദ്ധിച്ച ടിക്കറ്റ് ചാര്‍ജും രണ്ടു രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ചെലവഴിക്കുന്നതിലുള്ള താല്പര്യമില്ലായ്മയും മറ്റുമാണ്. എങ്കിലും സമയം കിട്ടുമ്പോള്‍ സി.ഡി ഇട്ടും ടി.വി ചാനലുകളിലും സിനിമ കാണാറുണ്ട്. സിനിമ ഇഷ്ടവുമാണ്. എന്നാല്‍ താര-വീരാധനയൊന്നും ഇല്ല. ആരുടെ സിനിമയും കാണും. ആസ്വദിക്കും. ഇഷ്ടപ്പെട്ടെങ്കില്‍ ഇഷ്ടപ്പെട്ടെന്ന് പറയും. ഇല്ലെങ്കിലില്ല!

ഇവിടെ എല്ലാ മേഖലയും എത്തിപ്പെട്ടവരുടെ നിയന്ത്രണത്തിലായിരിക്കുമല്ലോ. സിനിമയിലും അങ്ങനെ തന്നെ. ഏതെങ്കിലും വിധത്തില്‍ എത്തിപ്പെട്ട് വിജയം നേടുന്നവര്‍ പുതുതായി മറ്റാരെയും കടന്നുവരാന്‍ അനുവദിക്കില്ല. രാഷ്ട്രീയത്തിലും അങ്ങനെയാണല്ലോ. നേതാക്കളുടെ നിരയില്‍ എത്തിപ്പെട്ടവര്‍ പിന്നെ പരസ്പരം ഒരു യൂണിയനായി നിന്ന് തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്യുക. പിന്നെ ആരൊക്കെ കടന്നുവന്ന് എന്തൊക്കെ ആകണമെന്ന് അവര്‍ തീരുമാനിക്കും. രാഷ്ട്രീയവും സിനിമയും മാത്രമല്ല എല്ലാ മേഖലകളും അങ്ങനെതന്നെ. സിനിമാമേഖലയുടെ കാര്യം പ്രത്യേകം പറയാനുമില്ല. എത്തിപ്പെട്ടവരുടെ സമഗ്രാധിപത്യമാണിവിടെ. നിര്‍മ്മാതാക്കളും സംവിധായകരും സൂപ്പര്‍താരങ്ങളും ഒക്കെ അടങ്ങുന്ന ഒരു ചെറു വിഭാഗമാണ് സിനിമാക്കച്ചവടത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നത്. സൂപ്പര്‍താരങ്ങള്‍ സ്വയം തീരുമാനിക്കുന്നതാണ് അവരുടെ റേറ്റ്. അതിനൊപ്പം തുള്ളാന്‍ നിര്‍മ്മാതാക്കളും. പത്ത് ലക്ഷം രൂപയ്ക്ക് ചിത്രീകരിക്കാവുന്ന ഒരു ചിത്രം നിര്‍മ്മാതാവിനെക്കൊണ്ട് കോടികള്‍ മുടക്കിയാകും നിര്‍മ്മിക്കുക. നിര്‍മ്മാതാവിനാകട്ടെ പരമാവധി ലാഭം എന്ന ഇച്ഛയാണ് മുന്നില്‍ നില്ക്കുക. അതിനയാളെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.

ഇന്ന് മലയാളസിനിമ പ്രതിസന്ധിയിലാണ് പ്രതിസന്ധിയിലാണ് എന്ന് പറയുന്നു. എന്തു പ്രതിസന്ധി? ആരുണ്ടാക്കുന്ന പ്രതിസന്ധി? അനാവശ്യമായ കീഴ്വഴക്കങ്ങളും നിയമങ്ങളും നിബന്ധനകളും ഉണ്ടാക്കി വയ്ക്കുകയും തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയുള്ള അഥവാ തങ്ങളുടെ സാമ്പത്തികതാല്പര്യം സംരക്ഷിക്കുവാന്‍ ഉതകുന്ന വിധത്തിലുള്ള ഒരു ആസ്വാദനസംസ്കാരം സൃഷ്ടിക്കുവാനും അത് നിലനിര്‍ത്തുവാനുമാണ് സിനിമാ അധോലോകം ശ്രമിക്കുക. കോടികള്‍ മുടക്കി നിര്‍മ്മിച്ചാലേ സിനിമയാകൂ, സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടെങ്കിലേ നല്ല സിനിമയാകൂ തുടങ്ങി ഒട്ടേറെ വികലധാരണകള്‍ സിനിമാക്കാര്‍ ജനങ്ങളിലേയ്ക്ക് അടിച്ചേല്പിക്കുന്നുണ്ട്. സുപ്പര്‍താരങ്ങളല്ലാത്തവരെ വച്ച് സിനിമ പിടിച്ച് വിജയിപ്പിച്ചു കാണിച്ചുകൊടുക്കാനുള്ള ആര്‍ജ്ജവം സിനിമാലോകത്ത് എത്തിപ്പെട്ടവര്‍ക്കുണ്ട്. ഒരു സിനിമയുടെ മൊത്തം നിര്‍മ്മാണച്ചെലവിനേക്കാള്‍ വലിയ തുക പ്രതിഫലം പറ്റുന്ന സൂപ്പര്‍താരങ്ങളെ വച്ച് മാത്രമേ പടമെടുക്കൂ എന്ന വാശി ഒഴിവാക്കിയാല്‍ത്തന്നെ നമ്മുടെ സിനിമാലോകം പറഞ്ഞു പെരുപ്പിക്കുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയും.

സൂപ്പർ താരങ്ങളെ സൃഷ്ടിക്കുക, അവരെ ഉപയോഗപ്പെടുത്തി സിനിമ മാർക്കറ്റ് ചെയ്യുക എന്ന തന്ത്രമാണ് സിനിമാ ലോബി ചെയ്തുകൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങളില്ലാതെ സിനിമ വിജയിക്കില്ലെന്നും നഷ്ടം ഭയന്ന് നിർമ്മാതാക്കൾ കാശ് മുടക്കാൻ തയ്യാറാകില്ലെന്നുമാണ് സിനിമാ ലോബി പറയുന്നത്. സൂപ്പർ താരങ്ങളും മറ്റ് സൂപ്പർ ടെക്നീഷ്യന്മാരുമൊന്നുമില്ലാതെ പടമെടുക്കുന്ന ഒരു പതിവ് തുടങ്ങി വച്ചാൽ ഭാവിയിൽ പ്രേക്ഷകർ അതുമായി അങ്ങ് താദാത്മ്യം പ്രാപിച്ചുകൊള്ളും. സൂപ്പർ താരങ്ങളുടെ ശരീര ഭാഷയ്ക്കനുസരിച്ച് തിരക്കഥയുണ്ടാക്കുന്ന ശീലം മതിയാക്കിയാൽ ആരെ വച്ചും പടമെടുത്ത് വിജയിപ്പിക്കാം. പുതുമുഖങ്ങളെ വച്ച് എത്രയോ പടങ്ങൾ വിജയിച്ചിരിക്കുന്നു. റേറ്റ് ക്രമാതീതമായി കൂട്ടുമ്പോൾ വേറെ ആളെ തിരക്കണം. പിന്നല്ലാതെ! നഷ്ടം, പ്രതിസന്ധി എന്നും മറ്റും മുറവിളികൂട്ടുക, ബദൽ മാർഗ്ഗങ്ങൾ ആരായാതിരിക്കുക! പിന്നെങ്ങനെ മലയാള സിനിമ രക്ഷപ്പെടും? എന്തിനാണ് ഈ സൂപ്പർതാര പദവി? എങ്ങനെയെങ്കിലും ഒരു മേഖലയിൽ എത്തിപ്പെടുന്നവർക്ക് അവിടം മൊത്തമായും വെട്ടിപ്പിടിക്കണം, ആ മേഖല മുഴുവൻ കുത്തകയാക്കി വയ്ക്കണം എന്ന മനോഭാവം സിനിമാക്കാരെന്നല്ല ആരും, ഒരു മേഖലയിലും വച്ചു പുലർത്തുന്നത് ശരിയല്ല.

ഇപ്പോൾ ഈ അടുത്ത കുറച്ചുനാളുകളായി സന്തോഷ് പണ്ഡിറ്റ് എന്നൊരവതാരം ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. ഇതുസംബന്ധിച്ച് ഇന്റെർനെറ്റ്, പത്രവാർത്തകൾ, ചാനൽ ചർച്ചകൾ ഇവയിലൂടെ ഞാനും സന്തോഷ് പണ്ഡിറ്റിനെപ്പറ്റി കേട്ടിരുന്നു. യൂട്യൂബിൽ അദ്ദേഹത്തിന്റെ സിനിമയിലെ ചില പാട്ടുരംഗങ്ങൾ കാണുകയും ചെയ്തു. അതിനൊക്കെ ലഭിച്ചിരിക്കുന്ന തെറി കമന്റുകൾ അല്പം അതിരു കടന്നവയായിപ്പോയി എന്നു തോന്നാതിരുന്നില്ല. സർവ്വ പരിധികളും ലംഘിക്കുന്ന തെറികൾ! ഈ തെറികൾ എഴുതിയവർ ഈ സന്തോഷ് പണ്ഡിറ്റ് മാത്രമല്ല ആ സൈറ്റിൽ വന്ന് നോക്കുന്നത്, ആയിരക്കണക്കിന് അമ്മപെങ്ങന്മാരാരും കൂടിയാണെന്ന ന്ന കാര്യം വിസ്മരിക്കരുതായിരുന്നു. ആരെങ്കിലും തെറി അർഹിക്കുന്നുവെന്നു തോന്നിയാൽ ചിലരെങ്കിലും ഒന്നോരണ്ടോ തെറി പറയുന്നത് സ്വാഭാവികമാണ്. പക്ഷെ ഒരാളെ തെറി പറയുന്നതിനും തെറിയുടേതായ ഒരു സാംസ്കാരിക നിലവാരം ഉണ്ട്. അത് പാലിക്കണം. അച്ഛന്റെ തേങ്ങ, എന്നു പറയാതെ പിതാവിന്റെ നാളീകേരം എന്നൊന്നു വളച്ചുകെട്ടിപ്പറയാനെങ്കിലുമുള്ള സാമാന്യ മര്യാദ കാണിക്കണ്ടേ? സന്തോഷ് പണ്ഡിറ്റ് ആൾ ബുദ്ധിമാൻ തന്നെ. സ്വയം പരിഹാസ്യനായിക്കൊണ്ടാണെങ്കിലും ഒരു സമൂഹത്തെ മുഴുവൻ അയാൾ പരിഹസിക്കുകയാണ്.

സന്തോഷ് പണ്ഡിറ്റ് നോർമലോ അബ്നോർമലോ ആകട്ടെ. അയാൾക്ക് ഒരു ഇന്ത്യൻ പൌരൻ എന്ന നിലയ്ക്ക് സെൻസർ ബോർഡിന്റെ അനുവാദത്തോടെ ഒരു സിനിമ നിർമ്മിച്ച് പ്രദർശിപ്പിക്കുവാൻ അവകാശമുണ്ട്. തിയേറ്ററുകൾ ഏതെങ്കിലും സിനിമ പ്രദർശിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ തെരുവിലോ കല്യാണ മണ്ഡപങ്ങളിലോ മറ്റെവിടെയെങ്കിലുമോ പ്രദർശിപ്പിക്കും. അതിനെ ആർക്കും തടയാൻ അവകാശമില്ല. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ മോശമാണെന്നറിഞ്ഞാൽ അത് കാണാതിരിക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഇനി അഥവാ കണ്ട് ഇഷ്ടപ്പെടാതെ വന്നാൽ നാളിതുവരെ കണ്ട നിലവാരമില്ലാത്ത സിനിമകളിൽ ഒന്നായി അതിനെ തള്ളിക്കളയാം. വിമർശിക്കുകയും ചെയ്യാം. അല്ലാതെ ഇവിടെ ചില ചാനൽ ചർച്ചകളിൽ വന്നിരുന്ന് പ്രാമാണികരായ (എന്ന് ധരിക്കുന്ന) ചില സിനിമാക്കാർ പറയുന്നതുപോലെ ഇത്തരം സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നൊന്നും പറയാൻ ആർക്കും അധികാരമില്ല. തങ്ങൾ ചിലർക്ക് മാത്രമേ സിനിമയെടുക്കാവൂ എന്ന് പറയാൻ ഇവരാരാ? സിനിമാ രംഗം ആരെങ്കിലും അവർക്ക് തീറെഴുതിക്കൊടുത്തിട്ടുണ്ടോ? സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കിയ സിനിമയേക്കാൾ നിലവാരമില്ലാത്ത പല സിനിമകളും ഇവിടെ ഉണ്ടായിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണുന്നവർക്ക് ഒരു തമാശയെങ്കിലുമാണ് (പക്ഷെ സന്തോഷ് പണ്ഡിറ്റ് വളരെ ഗൌരവത്തിലെടുത്തതാണത്രേ). തൊലിക്കട്ടി ഉള്ളവർക്ക് ഇങ്ങനെയും കാട്ടിക്കൂട്ടാം. പക്ഷെ അത് അയാളുടെ അവകാശമാണ്. സ്വാതന്ത്ര്യമാണ്. സന്തോഷ് പണ്ഡിറ്റിന്റെ കാട്ടിക്കൂട്ട് എന്തായാലും സെക്സ്-വയലൻസ് സിനിമകളെ പോലെ അപകടകാരിയല്ല.

എന്തായാലും വലിയ സിനിമാക്കാർ എന്ന് മേനി നടിച്ച് നടക്കുന്നവർക്ക് സന്തോഷ് പണ്ഡിറ്റ് ഒരു പാഠമാണ്. കൈയ്യിൽ കുറച്ച് കാശും സന്തോഷ് പൻഡിറ്റിനെ പോലെ ഒരു മനസും ഉണ്ടെങ്കിൽ ആർക്കും സിനിമയെടുക്കാം. നമ്മളാണിതിന്റെ ഉസ്താദുമാർ എന്നു പറഞ്ഞ് ആരും നെഗളിക്കേണ്ട. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയുടെ നിലവാരം, സന്തോഷ് പണ്ഡിറ്റിന്റെ വിചിത്രമായി തോന്നുന്ന സ്വഭാവ രീതികൾ എന്നിവ വച്ച് മാത്രം ഈ കാര്യത്തെ വിലയിരുത്തിക്കൂടാത്തതാണ്. നാളെ കുറച്ചു കൂടി കാര്യ ഗൌരവമുള്ളവരും അഞ്ചു ലക്ഷം രൂപയോ അതിൽ കുറവോ ചെലവിൽ സിനിമ എടുത്തെന്നിരിക്കും. നിലവാരം അല്പം കുറഞ്ഞുപോയാലും സിനിമ സിനിമ തന്നല്ലോ. ആർക്കും മനസുവച്ചാൽ ചുരുങ്ങിയ ചെലവിൽ സിനിമ നിർമ്മിക്കാം എന്ന് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും സിനിമ തെളിയിച്ചിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇനിയും ഇത്തരം ഉദ്യമങ്ങളുമായി വരുന്നവർ എല്ലാം സന്തോഷ് പണ്ഡിറ്റുമാരോ അവരുടെ സിനിമകൾ കൃഷ്ണനും രാധയും പോലെയോ ഉള്ളവയാകണമെന്നില്ലല്ലോ. സന്തോഷ് പണ്ഡിറ്റ് ചെലവാക്കിയതിലും ചെറിയ തുകയും നല്ല കഥയും നല്ല ആർട്ടിസ്റ്റുകളുമൊക്കെയായി പുതിയപുതിയ ആളുകൾ കടന്നുവന്നാൽ, അവരെ ഇവിടെ ഇപ്പോൾ സിനിമാ രംഗം അടക്കിവാഴുന്നവരും സിനിമാ സംഘടനകളും പിടിച്ച് മൂക്കിൽ കയറ്റുമോ? സിനിമ പ്രദർശിപ്പിക്കുവാൻ സിനിമാതിയേറ്ററുകൾ തന്നെ വേണമെന്ന് നിർബന്ധമൊന്നുമില്ല. അല്പം ഇരുട്ടുള്ള എവിടെയും, ഏതു ഹാളിലും അവ പ്രദർശിപ്പിക്കാം. അത് ആവിഷ്കാര സ്വാതന്ത്ര്യമാണ്.

Submitted by saljo joseph (not verified) on Fri, 2011-12-02 11:12.

കമന്റിനു നന്ദി.

മലയാള സിനിമാ പ്രതിസന്ധിക്കുകാരണം തിരക്കഥ മാത്രമാണെന്ന് ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നു. നല്ല കാമ്പുള്ള കഥകള്‍ കൊണ്ടുവരാന്‍ കഴിവുള്ള തിരക്കഥാകൃത്തുക്കള്‍ മലയാളത്തില്‍ ഉണ്ടോ എന്ന് 'കവടി നിരത്തി' നോക്കേണ്ട അവസ്ഥയാണ്. നല്ല പ്രമേയങ്ങളെ തിരക്കഥകളാക്കി സിനിമയാക്കിയാല്‍ സൂപ്പര്‍താരങ്ങള്‍ സ്വയം പിന്‍വാങ്ങിക്കൊള്ളും. സൂപ്പര്‍താരങ്ങളോട് മാറിനില്ക്കാന്‍ പറയാന്‍ കഴിയില്ല, പക്ഷേ സമാന്തരമായി നല്ല സിനിമകള്‍ സൃഷ്ടിച്ചാല്‍ ജനം അത് കാണും എന്നത് തീര്‍ച്ചയാണ്.

Submitted by Anonymous (not verified) on Sat, 2011-12-03 03:24.

NICE CRITICISE... IT PEALS THE TRUTH THAT ACTUALLY HAPPENS IN OUR MALAYALAM FILM INDUSTRY.. I WRITE HERE IN ENGLISH BECAUSE I DONT HAVE MALAYALAM TYPING.. PLS. EXCUSE ME..