തര്‍ജ്ജനി

കാഴ്ച

കെ. സുധീഷിന്റെ ചിത്രങ്ങള്‍

കെ. സുധീഷിന്റെ ഏകാംഗപ്രദര്‍ശനം, ചേരളംദ്വീപ് : നട്ടുച്ചയ്ക്കിരുട്ട് എന്ന ശീര്‍ഷകത്തില്‍ ഈയിടെ തലശ്ശേരിയില്‍ സംഘടിപ്പിക്കപ്പെടുകയുണ്ടായി. കോഴിക്കോട് യൂനിവേഴ്സല്‍ ആര്‍ട്സിലും തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജിലും പഠിച്ച സുധീഷ്, സാമാന്യം നീണ്ട ഒരിടവേളയ്ക്കുശേഷമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രകാരനായി ജീവിക്കുന്നതിനേക്കാളും പ്രയാസം സ്വബോധത്തോടെ ജീവിക്കുന്നതാണ് എന്ന് വിശ്വസിക്കുന്നു ഈ ചിത്രകാരന്‍.

തന്റെ കലയെ സ്വാധീനിച്ച ആചാര്യന്മാരില്‍ ഭൂപേന്‍ കാക്കറിനെ സുധീഷ് എടുത്തുപറയുന്നു. മനുഷ്യരൂപങ്ങളോട് ഭൂപേന്‍ കാക്കറിന്റേതില്‍ നിന്നും വ്യത്യസ്തമായ വീക്ഷണമാണ് സുധീഷ് പുലര്‍ത്തുന്നത്. തൃശ്ശൂരിലെ പഠനകാലത്ത് റാഡിക്കല്‍ ചിത്രകാരന്മാരുമായി ഉണ്ടായ സഹവാസത്തിന്റെ ഗാഢമുദ്രകളാണ് മനുഷ്യചിത്രണത്തില്‍ സുധീഷില്‍ പ്രകടമാവുന്നത്. വ്യക്തികളല്ല, സമൂഹം തന്നെയാണ് സുധീഷിന്റെ ചിത്രങ്ങള്‍ അവതരിപ്പിക്കുന്നത്. വ്യഥിതരും തിരസ്കൃതരുമൊക്കെയാണെങ്കിലും അവര്‍ കൂട്ടമായാണ് ഈ ചിത്രങ്ങളില്‍ ദൃശ്യമാവുന്നത്.

ഒരു വലിയ ഭൂഭാഗത്തു് നടക്കുന്ന വ്യത്യസ്തമായ ക്രിയകള്‍ ഒരു തലത്തില്‍ വിന്യസിക്കുന്ന വിദൂരക്കാഴ്ചകളാണ് ചില ചിത്രങ്ങളെങ്കില്‍ പലപ്പോഴും സൂക്ഷ്മമായ മുഖഭാവങ്ങള്‍ നിരീക്ഷിക്കുന്ന രീതിയും അതോടൊപ്പം അവയില്‍ ഈ ചിത്രകാരന്‍ അവലംബിക്കുന്നു, ഒരു തരം ക്ലോസപ്പുകളായി അവ മാറുന്നുണ്ട്. അതാവട്ടെ നിരവധി മനുഷ്യരൂപങ്ങളുടെ രൂപഭാവവൈവിദ്ധ്യം പ്രകടമാക്കുന്ന ഭൂഭാഗചിത്രം പോലെയാണ് സുധീഷ് ചിട്ടപ്പെടുത്തുന്നത്. മനുഷ്യമുഖങ്ങളുടെ ഒരു ലാന്റ്സ്കേപ്. ബ്രുഗേലിന്റെ സ്വാധീനം പ്രകടമാക്കുന്നവയാണ് ഈ ചിത്രങ്ങള്‍. തന്നെ സ്വാധീനിച്ചവരില്‍ ബ്രുഗേലിനെ സുധീഷ് എടുത്തുപറയുന്നുണ്ട്.

സുധീഷിന്റെ ചിത്രങ്ങളിലെ സ്ഥലരാശി അസാമാന്യമായ വിസ്തൃതിയുള്ള, ബഹുവിധക്രിയകളുടെ അരങ്ങാണ്. ഉത്സവം, തെരുവുസര്‍ക്കസ്സുകാരന്റെ പ്രകടവേദി, കാല്പന്തുകളിയിടം എന്തുമാവട്ടെ വിഷയം, അവിടെ മനുഷ്യരുടെ ബഹുവിധഭാവങ്ങളാല്‍ ലോകത്തിന്റെ പരിച്ഛേദം വരയാനാണ് സുധീഷ് ശ്രമിക്കുന്നത്.

ഒരു ബൊമ്മക്കൊലുവിലെന്നപോലെ നിരനിരയായും അടുക്കായും രൂപങ്ങള്‍‌ വിന്യസിക്കപ്പെട്ടിരിക്കുന്നു. അവ പലേടങ്ങളിലായുള്ള ക്രിയകളാവുമ്പോഴും ഒരു സ്ഥലരാശിയില്‍ അവയെ പരസ്പരബന്ധത്തോടെ വിന്യസിച്ചുകൊണ്ട് ഭൌതികസ്ഥലത്തിന്റെ പരിമിതിയെ മറികടക്കുകയാണ് ചിത്രകാരന്‍. ചടുലവും ഊര്‍ജ്ജസ്വലവുമായ വര്‍ണ്ണങ്ങളില്‍ ചിത്രീകരിക്കപ്പെടുന്ന ലോകം എന്നാല്‍ അത്രത്തോളം ഹൃദയഹാരിയല്ല.

Subscribe Tharjani |
Submitted by രാജേഷ് (not verified) on Tue, 2011-11-08 06:02.

ഓരോ ചിത്രത്തിലും അവസാനമില്ലാത്ത ഓരോ പേടിസ്വപ്നങ്ങള്‍ പകര്‍ത്തിവെച്ചിരിക്കുന്നു. ഭയങ്കരം.

Submitted by Sapna Anu B. George (not verified) on Wed, 2011-11-09 09:38.

അതിസുന്ദരമായിരിക്കുന്നു രാജേഷ്....എവിടെയെങ്കിലും പ്രദര്‍ശനങ്ങള്‍ നടത്താറുണ്ടോ? എന്താണീ ഭയം, പേടി, ഇവയൊക്കെ ഇത്രമാത്രം ചിത്രങ്ങളില്‍ പ്രകടമാകുന്നത്???