തര്‍ജ്ജനി

കെ. വി. ശശി

മലയാളവിഭാഗം,
സംസ്കൃതസര്‍വ്വകലാശാല,
കാലടി.
ഇ മെയില്‍: kvssimpa@gmail.com

Visit Home Page ...

ലേഖനം

താത്രിയുടെ ഭൂതങ്ങള്‍

ഇലയും മുള്ളും ഒരു ഇരട്ട രൂപകമാണ്‌; സംസ്കാരത്തില്‍ പെണ്ണിനെ മെരുക്കി,കീഴൊതുക്കി ഭരിക്കുന്ന ആണ്‍കോയ്മയുടെ അധീശയുക്തികള്‍ ഇരച്ചാര്‍ക്കുന്ന രൂപകം. അടങ്ങിയൊതുങ്ങി കഴിഞ്ഞുകൊള്ളുവിന്‍ അല്ലായ്കില്‍ മുള്ളുകള്‍ നിങ്ങളെ പിളര്‍ന്നു തകര്‍ക്കുക തന്നെ ചെയ്യുമെന്ന്‌ ഇത്‌ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. പെണ്ണിനെ ഇലയും ആണിനെ മുള്ളുമായി രൂപണം ചെയ്യുന്നതിലൂടെ മുള്‍സ്പര്‍ശത്തില്‍ പിളര്‍ന്നുതകരുന്ന തളിരുടലുകളായി സ്ത്രീയെ നിര്‍വചിച്ച്‌ സാമാന്യ(പുരുഷ)ബോധത്തില്‍ സാധൂകരിക്കുകയാണ്‌. നാട്ടുമൊഴികള്‍ മുതല്‍ തത്വചിന്തയും ശാസ്ത്രസാങ്കേതികജ്ഞാനമേഖലകളും വരെ സുദീര്‍ഘവിസ്തൃതമാണീ വ്യവഹാരം. ഇത്‌ പുരുഷനെ സകര്‍മകവും പെണ്ണിനെ അകര്‍മകവുമായി വിഭജിക്കുന്നു; പെണ്ണിനോട്‌ ആണില്‍നിന്നകന്നുനില്‍ക്കാനാവശ്യപ്പെടുന്നു. അങ്ങനെ, അകന്നുനിന്ന്‌ സംരക്ഷിക്കേണ്ട വിശുദ്ധിയെക്കുറിച്ച്‌ വാചാലമാവുന്നു. ഈ വിശുദ്ധിയാകട്ടെ ശരീരത്തിന്റെയും ലൈംഗികതയുടെയും മറ്റൊരു രൂപകവും. രൂപകങ്ങള്‍ ഇവിടെ സ്വയം ഇരട്ടിച്ചുകൊണ്ടേയിരിക്കുന്നുവെന്ന്‌ സാരം. സ്വശരീരത്തിനും ലൈംഗികതയ്ക്കും മേലുള്ള പെണ്ണിന്റെ അവകാശം അറുത്തുമാറ്റി പുരുഷന്റെ സ്വകാര്യസ്വത്താക്കി വിശദീകരിക്കുകയാണിവയുടെ പ്രത്യയശാസ്ത്രധര്‍മം. ഓക്കാനച്ചിരികൊണ്ട്‌ ഈ പെണ്‍വെറിയുടെ വ്യവഹാരങ്ങളെ അടിപിളര്‍ത്തി, പെണ്മയുടെ ബദല്‍വ്യവഹാരങ്ങള്‍ നിര്‍മിക്കാനുള്ള ഭാവനാത്മകമായ ടോര്‍പിഡോയാണ്‌ സിതാര.എസിന്റെ അഗ്നി എന്ന കഥ. പെണ്‍വിരുദ്ധതയുടെ ലിംഗവെറിപൂണ്ട ഒരു പുരുഷലോകത്തെ അതിന്റെ തന്നെ മാരകജൈവായുധങ്ങള്‍കൊണ്ട്‌ ചതച്ചൊതുക്കിയ പെണ്ണൊരുമ്പടലിന്റെ, ഒരുപക്ഷേ, കേരളത്തിലെ ആദ്യത്തെ ലിംഗയുദ്ധത്തിന്റെ ആള്‍പ്പേരാണ്‌ കുറിയേടത്തു താത്രിക്കുട്ടി. കേരളീയഅബോധത്തെ വിറളിപിടിപ്പിക്കുന്ന ആ ജൈവയുദ്ധത്തിന്റെ സാസ്കാരികപുനര്‍ജന്മങ്ങളിലൊന്നായി അഗ്നി വായിക്കാം. പുരുഷസ്പര്‍ശത്തില്‍ അഴുക്കാവുന്ന വസ്തുവല്ല പെണ്‍ശരീരമെന്ന്‌ കഥ നിശിതമായി ഓര്‍മപ്പെടുത്തുന്നു. തന്മാനിര്‍വചനത്തിലെ പഴയപാടുകള്‍ തിരസ്കരിക്കുന്നു. പുതിയ നിര്‍വചനയുക്തികള്‍ കൊണ്ടുവരുന്നു. ഭാവനയിലെ ഈ അതിക്രമം (്മിഴ്ലശ്ി‍) വിഭിന്നമായ വ്യവഹാരമാണ്‌. ജ്ഞാനസിദ്ധാന്തപരമായ ഈ വിച്ഛേദത്തെക്കുറിച്ചുള്ള അപരിചിതത്വം, അഗ്നി യില്‍ സ്ത്രീരാഷ്ട്രീയമല്ല ഉള്ളതെന്ന സംശയങ്ങളുയര്‍ത്തുന്നു. മുഖ്യധാരാപെണ്‍വിടുതിവാദങ്ങളില്‍ നിന്ന്‌ ജ്ഞാനശാസ്ത്രപരമായി വിഭിന്നമാണ്‌ അഗ്നിയെഴുത്തെന്ന്‌ സാരം.

ഭൂമിക

ഘടനാനന്തരവാദചിന്ത ചെറുതനിമകളുടെ അന്വേഷണപഠനങ്ങള്‍ക്ക്‌ വളക്കൂറുള്ള മണ്ണൊരുക്കിയിട്ടുണ്ട്‌. ചരിത്രത്തിന്റെ ഓരങ്ങളിലേക്ക്‌ ചവിട്ടിയൊതുക്കപ്പെട്ട സ്ത്രീ,ദളിത്‌,പരിസ്ഥിതി സംസ്കാരങ്ങളുടെ തന്മാസംബന്ധമായ അന്വേഷണങ്ങള്‍ സാദ്ധ്യമായിത്തീരുന്ന ആശയപരിസരം ഇതാണ്‌. സാഹിത്യം, ചരിത്രം, തത്വചിന്ത, ശാസ്ത്രം തുടങ്ങിയ ജ്ഞാനശാസ്ത്രമേഖലകളെല്ലാം ആണ്‍കോയ്മയുടെ ബലതന്ത്രങ്ങളാല്‍ നിര്‍മ്മിതമാണെന്ന ബോദ്ധ്യം ഇന്ന്‌ കൂടുതല്‍ തെളിമയാര്‍ന്നുവരുന്നു. ഈ വ്യവഹാരങ്ങള്‍ നിര്‍വചിച്ചുവന്ന സ്ത്രീത്വം ആണ്‍കോയ്മയുടെ നിര്‍മ്മിതികളാണന്നും ഇന്ന്‌ ബോദ്ധ്യമായിട്ടുണ്ട്‌. ഈ ലോകംതന്നെ പുരുഷന്റെ വാക്കാണെന്ന്‌ (ആനി ലെക്ലക്‌ 1995:74) സ്ത്രീവാദികള്‍ സമര്‍ത്ഥിക്കുന്നു. മാര്‍ക്സും ഫ്രോയ്റ്റും നീഷേയുമുള്‍പ്പെടുന്ന തത്വചിന്തകര്‍ തങ്ങളെ നിശ്ശബ്ദതയിലേയ്ക്ക്‌ തള്ളിയിടുകയായിരുന്നവെന്നും അവര്‍ പറയുന്നു. ഇത്തരം കാഴ്ചകളുടെ പശ്ചാത്തലത്തില്‍, ആത്മാവില്‍ അഗ്നി തിളയ്ക്കുന്ന പുതിയ സ്ത്രീബോധം ഉയിര്‍ത്തെണീക്കുന്നുണ്ട്‌. സമസ്തമാനവികവ്യവഹാരങ്ങളിലും സക്രിയമായി ഇടപെട്ട്‌ അവയെ രൂപപ്പെടുത്തുന്ന പുരുഷാധീശബലതന്ത്രങ്ങള്‍ അപനിര്‍മ്മിച്ച്‌ പെണ്മയുടെ ബദല്‍വ്യവഹാരങ്ങള്‍ നിര്‍മ്മിക്കാനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങള്‍ ഈ പുതുബോദ്ധ്യങ്ങളുടെ തുടര്‍ച്ചയാണ്‌.

വ്യവഹാരങ്ങളിലെ സ്ത്രീപരിചരണം

പൊതുബോധം സൂക്ഷ്മതലത്തില്‍ ത്രസിച്ചുനില്‍ക്കുന്ന വ്യവഹാരങ്ങളാണ്‌ അച്ചടിമാധ്യമങ്ങളിലെ വായനക്കാരുടെ കത്തുകള്‍. മലയാളത്തിലെ പ്രമുഖ ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച രണ്ട്‌ കത്തുകളും ഒരു ലേഖനവും ശ്രദ്ധിക്കുക:

സ്ത്രീകളെ മടക്കിവിളിക്കുക; ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചുവിളിച്ച്‌ പുരുഷന്മാര്‍ക്ക്‌ തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടുവളരെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകും. (മാധ്യമം ദിനപ്പത്രം,1998 മാര്‍ച്ച്‌ 15).

സ്ത്രീകള്‍ ഉന്നതബിരുദങ്ങള്‍ നേടുന്നതാണ്‌ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. പഠിപ്പുകൂടുമ്പോള്‍ അവര്‍ക്ക്‌ ഉദ്യോഗത്തിന്‌ പോകാന്‍ പ്രലോഭനമുണ്ടാവും. അതിനാല്‍ ആദ്യം ചെയ്യേണ്ടത്‌ സ്ത്രീകള്‍ പഠിക്കുന്നത്‌ എങ്ങനെയെങ്കിലും തടയുകയാണ്‌.(മാധ്യമം ദിനപ്പത്രം,1998 ഏപ്രില്‍ 4)

ദേശീയതാപാരമ്പര്യമവകാശപ്പെടുന്ന മറ്റൊരു പത്രത്തിന്റെ എഡിറ്റോറിയല്‍പേജില്‍ അഭ്യസ്തവിദ്യയായ ഉദ്യോഗസ്ഥ എഴുതിയ ലേഖനം ശ്രദ്ധിക്കുക:
ആര്‍ത്തവകാലത്ത്‌ സ്ത്രീകള്‍ക്ക്‌ തന്നെ സ്വയം ശരീരശുദ്ധിയില്‍ തൃപ്തി ഇല്ലാത്തതുകൊണ്ടാണ്‌ ആരുമറിയില്ലെങ്കില്‍പോലും ആ സമയത്ത്‌ അവര്‍ ക്ഷേത്രങ്ങളില്‍ പോകാത്തത്‌.(മാതൃഭൂമി ദിനപത്രം 2006 ഓഗസ്റ്റ്‌ 30)

പത്രത്തിന്റെ ഔദ്യോഗികനിലപാടല്ല ഈ കത്തുകളും ലേഖനവും. പക്ഷെ, സവിശേഷമായ സൂചകമാണ്‌. മലയാളപൊതുമണ്ഡലം എത്രമേല്‍ സ്ത്രീവിരുദ്ധമാണെന്നതിനൊപ്പം സ്ത്രീയെ എത്രമേല്‍ ഭയക്കുന്നുവെന്നും ഇവ പറയാതെ പറയുന്നുണ്ട്‌. ഇത്‌, കേസരി എ.ബാലകൃഷ്ണപിള്ള മറ്റൊരു സന്ദര്‍ഭത്തില്‍,വളരെ മുമ്പേ ചൂണ്ടിക്കാണിച്ചതുപോലെ, സ്ത്രീയെ പേറ്റുമൃഗവും അടുക്കളച്ചക്കിയുമാക്കി നിലനിര്‍ത്താനാഗ്രഹിക്കുന്നു. സ്ത്രീയെ വ്യക്തിയായംഗീകരിക്കുന്നതില്‍ രോഷംകൊള്ളുന്നു. സാമാന്യബോധത്തിന്റെ ഈ ജ്ഞാനപരിസരത്തുനിന്ന്‌ ഇനി കഥയിലേയ്ക്ക്‌:

പെണ്മയുടെ നാട്ടുവിദ്യ

വൈകുന്നേരം ഓഫീസില്‍നിന്നും വീട്ടിലേക്ക്‌ സൈക്കിളില്‍ മടങ്ങിവരുന്ന പ്രിയയെ അവതരിപ്പിച്ചുകൊണ്ട്‌ ആഖ്യാനം തുടങ്ങുന്നു: ഇവിടെനിന്നും വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്കു കടക്കുവാന്‍ അരികില്‍ കുറ്റിച്ചെടികള്‍ നിറഞ്ഞ ഒരു കൊച്ചു റോഡിലൂടെ പത്തു മിനിട്ടോളം സൈക്കിള്‍ ചവിട്ടണം. അവിടെയാണ്‌ പ്രശ്നം. ഒഴിഞ്ഞ ആ വഴിയിലൂടെ രാവിലെ നടക്കുമ്പോള്‍പോലും പ്രിയയ്ക്ക്‌ ചെറുതായി പേടി തോന്നും. എതിരെ വല്ലപ്പോഴും വരുന്ന മനുഷ്യരെ അവള്‍ സംശയത്തോടെ തുറിച്ചുനോക്കും, കണ്ണുകളില്‍ ആസക്തിയുമായി നടക്കുന്ന അപരിചിതന്‍ എന്ന ലേബല്‍ പതിക്കാവുന്നവനാണോ അയാള്‍ എന്ന്‌.

ഈ വഴിയില്‍ വച്ച്‌ പരിചിതരായ മൂന്നു യുവാക്കളാല്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടശേഷം, ഇതേ വഴിയിലൂടെ ഒഫീസില്‍ നിന്നും മടങ്ങിവരുന്ന സന്ദര്‍ഭം മറ്റൊരു വിധമാണ്‌ ആഖ്യാനത്തില്‍ വിവരിക്കുന്നത്‌: അന്നു റോഡിലൂടെ പോകുമ്പോള്‍ എന്തുകൊണ്ടോ ഭയം തോന്നിയില്ല. വളവും കുറ്റിച്ചെടികളും ഒരു നെടുവീര്‍പ്പോടെ മറികടന്ന്‌ അവള്‍ വീട്ടിലേക്ക്‌ സൈക്കിളോടിച്ചുപോയി.

ഈ രണ്ടു സന്ദര്‍ഭങ്ങള്‍ രണ്ടു സംഭവങ്ങളാണ്‌. ഒന്നാമത്തേതില്‍ നിന്നുള്ള പരിണതിയാണ്‌ രണ്ടാമത്തേത്‌. ഒരര്‍ത്ഥത്തില്‍ അതിന്റെ ഫലവും. ഭയത്തില്‍നിന്ന്‌ നിര്‍ഭയത്തിലേക്കുള്ള ഈ പരിണതി സവിശേഷമാമൊരു വ്യവഹാരത്തിന്റെ അഭിജ്ഞാനമാണ്‌. ഇത്‌ സാദ്ധ്യമാക്കുന്ന പാഠപ്രവര്‍ത്തനമാണ്‌ അഗ്നി.

ഈ പരിണതിയുടെ അര്‍ഥമെന്താണ്‌? പ്രിയയില്‍ ഭയം നിറയ്ക്കുന്നതും ഇല്ലാതാക്കുന്നതുമായ ഘടകങ്ങളേതാണ്‌? ഭൌതികസാഹചര്യമെന്താണ്‌? ഭയം തന്നെ എന്താണ്‌? ഇവയെ കഥയുടെ പ്രശ്നമണ്ഡലമെന്ന്‌ വിളിക്കാം. കണ്ണുകളില്‍ ആസക്തിയുമായി നടക്കുന്ന അപരിചിതനെക്കുറിച്ചുള്ള വിചാരമാണ്‌ പ്രിയയില്‍ ചെറിയപേടി ജനിപ്പിക്കുന്നത്‌. അപ്പോള്‍ പ്രശ്നം കണ്ണുകളില്‍ ആസക്തിയുമായി നടക്കുന്ന അപരിചിതനെ സംബന്ധിക്കുന്നവിചാരമാണ്‌. ഈ ആസക്തി വാസ്തവത്തില്‍ രതിതന്നെയാണ്‌; പുരുഷലൈംഗികതയെക്കുറിച്ചുള്ള അവ്യക്ത/അബോധാത്മകമായ വിചാരം. കഥയില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ഈ ആസക്തനെ പ്രിയ കണ്ടെത്തുന്നുമുണ്ട്‌. ഈ കണ്ടെത്തലാണ്‌ അവളിലെ ഭയം ഇല്ലായ്മ ചെയ്യുന്നത്‌. അതെ എന്റെ തോന്നലുകളില്‍, കണ്ണുകളില്‍ ആസക്തിയുമായി നടക്കുന്ന അപരിചിതനായ നീ എന്നും അലഞ്ഞുതിരിയാറുണ്ട്‌ എന്ന്‌ പ്രിയ രവിയോട്‌ പറയുന്ന സന്ദര്‍ഭം ഇവിടെ ഓര്‍മ്മിക്കാം. ഒരേസമയം ആസക്തി അന്വേഷണവും ഭയവുമായിത്തീരുന്നു. സ്ത്രീലൈംഗികതയെയും ശരീരത്തെയും സംബന്ധിച്ച്‌ വ്യവഹാരങ്ങള്‍ നിര്‍മിച്ച്‌ നിലനിര്‍ത്തുന്നതും പ്രകൃതിസഹജമെന്നവണ്ണം സ്വീകരിക്കുവാന്‍ സ്ത്രീ നിര്‍ബന്ധിക്കപ്പെടുന്നതുമായ കര്‍തൃപദവികള്‍ തന്നെയാണ്‌ ഈ ഭയം. അഹല്യയും സീതയും ശൂര്‍പ്പണഖയും മുതല്‍ രാജലക്ഷ്മിയും മാധവിക്കുട്ടിയും വരെ വലിയൊരു സ്ത്രൈണലോകാനുഭവം അവള്‍ക്കുമുന്നിലുണ്ട്‌. ലൈംഗികത പ്രകടിപ്പിക്കുന്ന സ്ത്രീ പുരുഷാധികാരത്തിന്റെ കടുത്തശിക്ഷ നേടുന്നു. സ്വന്തം രതിയിലും ശരീരത്തിലും സ്വയംനിര്‍ണയാവകാശം അവള്‍ക്കില്ല. സ്വന്തം ലൈംഗികസ്വത്വത്തിന്റെ അപരസാന്നിദ്ധ്യമാണ്‌ പ്രിയയില്‍ പേടി നിറയ്ക്കുന്നതെന്നു സാരം. അത്‌ കണ്ടെത്തുന്നതോടെ ഭയം ബാഷ്പീകരിക്കുന്നു. ലൈംഗികതകൊണ്ട്‌ സ്വയംനിര്‍വചിക്കുകയാണ്‌ പ്രിയ. പിന്നീട്‌ ബലാല്‍സംഗികളെ കീഴ്പ്പെടുത്തുവാനും ലൈംഗികത ആയുധമാക്കുന്നു. ഒരു കുറിയേടത്തു താത്രിയെ ഓര്‍മമിക്കുക, മീരാനായരുടെ കാമസൂത്രയിലും സമാനമായ സന്ദര്‍ഭം ഓര്‍മ്മിക്കുക. ലൈംഗികതയുടെ യുദ്ധതന്ത്രം എന്ന്‌ പറയാം. നിങ്ങള്‍ ഒട്ടും പോരായിരുന്നു,നിങ്ങള്‍ക്ക്‌ കരുത്ത്‌ കുറവാണ്‌. ഒരു പെണ്ണിനെ പൂര്‍ണമായും തൃപ്തിപ്പെടുത്തുവാന്‍ നിങ്ങള്‍ക്കാവുമെന്ന്‌ തോന്നുന്നില്ല. എന്ന്‌ ബലാല്‍സംഗികളിലൊരുവനെ ചൂണ്ടി പ്രിയ പറയുമ്പോള്‍ ലൈംഗികത ഇടിമിന്നലിന്റെ ഉഗ്രതയാര്‍ന്ന ആയുധമായിത്തീരുന്നു. ഇത്‌ പൌരുഷത്തിന്റെ ഉച്ഛൃംഖലതാനാട്യങ്ങളെ ഭസ്മമാക്കി മാറ്റുന്നു. ലൈംഗികത അപാരമായ സ്ത്രൈണോര്‍ജ്ജമായി തിരിച്ചറിഞ്ഞുപയോഗിക്കുന്നു പ്രിയയെന്നര്‍ഥം. സ്ത്രീലൈംഗികതയെന്നപോലെ പുരുഷലൈംഗികതയും വ്യാവഹാരികനിര്‍മ്മിതിയാണെന്ന്‌ പ്രിയയ്ക്ക്‌ ബോദ്ധ്യമാവുന്നു. വ്യവഹാരങ്ങള്‍ പണിതുയര്‍ത്തിയ പുരുഷവിഗ്രഹങ്ങള്‍, ഹെലന്‍ സിക്സ്യു പറയുന്നതുപോലെ, പെണ്‍നോട്ടത്തില്‍ ശിലകളായ്ത്തീരുന്നു. മലപോലെ വന്നത്‌ എലിപോലെ പോകുന്നുവെന്ന്‌ മലയാളനാട്ടുമൊഴി. ചുരുക്കത്തില്‍ കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന നാട്ടുവിദ്യപോലെ പുരുഷക്കോയ്മ പിടിച്ചൊതുക്കിയ ലൈംഗികതകൊണ്ടുതന്നെ പൌരുഷത്തിന്റെ വിഷമിറക്കുകയാണ്‌ കഥ. കടിച്ചപാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കുന്ന ഈ നാട്ടുവിദ്യയില്‍ ഒരു താത്രിയന്‍ അബോധം കെടാതെ കത്തിനില്ക്കുന്നുണ്ട്‌. പെണ്മയുടെ നാട്ടുവിദ്യ എന്നും പറയാം.

ഇലയും മുള്ളും

സംസ്കാരത്തിലെ സ്ത്രീപ്രതിനിധാനം എങ്ങനെയെന്നറിയുമ്പോള്‍ കഥയുടെ സാംസ്കാരികധര്‍മ്മം കൂടുതല്‍ വെളിവാകും. നാടോടിവാങ്മയങ്ങള്‍ മുതല്‍ ശാസ്ത്രീയചിന്തയുടെ മണ്ഡലങ്ങള്‍ വരെ സ്ത്രീയോട്‌ പുലര്‍ത്തുന്നത്‌ സമത്വത്തിന്റെ നീതിബോധമല്ല, മറിച്ച്‌ ബലവാന്‌ ദുര്‍ബലനോടുള്ള സഹതാപവും ഔദാര്യവുമാണ്‌. ഇന്ത്യന്‍ ചിന്തയുടെ ദീപ്തമുഖമായ വിവേകാനന്ദനെ ഉദ്ധരിക്കാം: അവര്‍ സ്വയം അവകാശപ്പെടുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യാറുള്ളതുപോലെ, എല്ലാ സ്ത്രീകളും പരിശുദ്ധകളും നല്ലവരുമാണെങ്കില്‍ ലോകത്ത്‌ ഒറ്റ പുരുഷനും വഴിവിട്ട്‌ നടക്കുമായിരുന്നില്ല. ചാരിത്ര്യവതിയായ ഒരു സ്ത്രീ തന്റെ ഭര്‍ത്താവൊഴികെയുള്ള എല്ലാ പുരുഷന്മാരെയും അമ്മ കുട്ടിയെ എന്നപോലെ വീക്ഷിക്കുകയാണെങ്കില്‍, പുരുഷന്മാര്‍ എത്ര നികൃഷ്ടരായാലും അവര്‍ക്ക്‌ വിശുദ്ധിയുടെ പരിവേഷമേ ഒരു സ്ത്രീയില്‍ ദര്‍ശിക്കാനാവൂ.(ടീച്ചിങ്ങ്സ്‌ ഓഫ്‌ വിവേകാനന്ദ)

വിശുദ്ധി, ചാരിത്ര്യം, അമ്മ, ഭര്‍ത്താവ്‌ എന്നിങ്ങനെ ആണധികാരനിര്‍മിതസ്ഥാപനങ്ങള്‍ കേന്ദ്രിതമായാണ്‌ വിവേകാനന്ദന്‍ പോലും സ്ത്രീയുടെ പദവി നിര്‍ണയിക്കാന്‍ ഒരുമ്പെടുന്നത്‌. സ്ത്രീയുടെ ശരീരവും ലൈംഗികതയും പുരുഷന്റെ സ്വകാര്യസ്വത്തായി പരിഗണിക്കുന്ന വ്യവസ്ഥയുടെ കാഴ്ചയാണ്‌ വിവേകാനന്ദനിലൂടെ പ്രകടമാവുന്നതെന്ന്‌ സാരം. ഇന്ത്യന്‍വ്യവഹാരങ്ങളുടെ മാതൃകയാണ്‌ ഈ നിരീക്ഷണം. പുരുഷനിര്‍മ്മിതിയുടെ ഈ ലക്ഷ്മണരേഖ അതിക്രമിക്കേണ്ടിവരുന്നിടത്ത്‌ ഭയം ജനിക്കുന്നു. പ്രിയ (കഥയുടെ ആരംഭത്തില്‍) അനുഭവിക്കുന്ന ഭയം സാംസ്കാരികനിര്‍മ്മിതിയാണെന്നര്‍ത്ഥം. ഈ ഭയം, കഥയുടെ ഒടുവിലെത്തുമ്പോള്‍ സാവധാനം തകര്‍ന്നുചിതറി ആവിയായിത്തീരുന്നു. ബലാല്‍സംഗത്തിന്റെ നിമിഷങ്ങളില്‍ ഭയവും അപമാനബോധവും തന്നെയാണ്‌ പ്രിയ അനുഭവിക്കുന്നത്‌. കഥയില്‍ ഇതിങ്ങനെ വായിക്കാം: രവിയുടെ ശരീരം തനിക്കുമേല്‍ കിതപ്പോടെ ഇളകിയപ്പോള്‍ ആണികളഴിഞ്ഞ ഒരു മരസ്സാമാനംപോലെ താന്‍ ഇളകിച്ചിതറിപ്പോവുകയാണന്ന്‌ പ്രിയയ്ക്കു തോന്നി. ലോകത്തില്‍ ഏറ്റവും അന്യാധീനപ്പെട്ട സ്ത്രീഅവള്‍ വിചാരിച്ചു. ഇതുവരെ തന്റേതുമാത്രമായിരുന്ന ആര്‍ത്തവരക്തത്തില്‍പ്പോലും മറ്റൊരാള്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.

ലൈംഗികതയുടെ രാഷ്ട്രീയം

മയക്കംവിട്ടെഴുന്നേറ്റപ്പോള്‍, ശരീരം ഓവുചാലായിത്തീര്‍ന്നിരിക്കുന്നുവെന്നവള്‍ മനസ്സിലാക്കുന്നു. വിയര്‍പ്പും കണ്ണീരും മറ്റെന്തൊക്കെയോ അഴുക്കുകളും തിങ്ങിയ ഓവുചാല്‍. അപമാനിക്കപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടിയുള്ള ടി.വി പരസ്യം അപ്പോള്‍ അവള്‍ ഓര്‍ക്കുന്നുണ്ട്‌. അഴുക്കുകള്‍ കഴുകിക്കളയുകവഴി തെളിവുകള്‍ നശിപ്പിക്കരുതെന്നാണ്‌ പരസ്യത്തിലെ മുന്നറിയിപ്പ്‌. പക്ഷെ എന്തഴുക്കാണ്‌ കഴുകിക്കളയരുതാത്തത്‌? അഥവാ ഈ അഴുക്കുകള്‍ കഴുകിയാല്‍ പോകുന്നതാണോ? അവള്‍ ആ വഴിയാണ്‌ ചിന്തിക്കുന്നത്‌. ഈ അഴുക്ക്‌ സാംസ്കാരികമായി നിര്‍മ്മിക്കപ്പട്ടുകൊണ്ടേയിരിക്കുന്നതാണ്‌. മറ്റുവാക്കുകളില്‍, ഒരു മനോഭാവം തന്നെയാണിത്‌. സ്ത്രീലൈംഗികതയ്ക്കും ശരീരത്തിനുംമേല്‍ പുരുഷാധികാരം സുദീര്‍ഘമായി നിലനിര്‍ത്തിയ ആധിപത്യചരിത്രത്തിന്റെ ചാപ്പ. ഈ ഭാഷണക്രമത്തെ അതിന്റെതന്നെ യുക്തികള്‍കൊണ്ടെതിരിടുകയാണ്‌ പ്രിയ. അതുകൊണ്ടാണ്‌ ടി.വി പരസ്യത്തെ അവഗണിച്ച്‌ അവള്‍ കുളിക്കുവാന്‍തന്നെ തീരുമാനിക്കുന്നതും പിറ്റേന്ന്‌ പതിവുപോലെ ഓഫീസില്‍ പോകുന്നതും. വഴിയില്‍ ആഭാസച്ചിരിയോടെ അവളെ നേരിട്ട്‌, ഭീഷണിസ്വരത്തില്‍ സംസാരിച്ച, ബലാല്‍സംഗികളിലൊരുവനായ സഞ്ജീവിനോട്‌, നിങ്ങള്‍ ഒട്ടും പോരായിരുന്നു. നിങ്ങള്‍ക്ക്‌ കരുത്ത്‌ കുറവാണ്‌. ഒരു പെണ്ണിനെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്കാവുമെന്ന്‌ തോന്നുന്നില്ല. എന്ന്‌ അക്ഷോഭ്യയായി അവള്‍ തിരിച്ചടിക്കുന്നു. സ്വന്തം ശരീരത്തിനുമേല്‍ നടന്ന കയ്യേറ്റത്തെ അതേ ആയുധംകൊണ്ട്‌ എരിരിടുകയാണ്‌ പ്രിയ. കുറ്റിയറ്റുപോകുന്ന ആങ്ങളമാരുടെ വംശത്തെ വിളിച്ച്‌ കരയാന്‍ അവള്‍ക്ക്‌ നേരമില്ല; ക്ഷമയും.

മറ്റേതൊരു സ്ത്രീയെയുംപോലെ അപമാനബോധവും ആത്മനിന്ദയും തന്നെയാണ്‌ പ്രിയയും ആദ്യമനുഭവിക്കുന്നത്‌. പക്ഷെ അവിടെ സകലവും തകര്‍ന്ന്‌ കരഞ്ഞൊടുങ്ങുകയല്ല അവള്‍. ആക്രമണത്തെ ശരീരത്തിനും ലൈംഗികതയ്ക്കുംമേലുള്ള കയ്യേറ്റമായി കണ്ട്‌, ശരീരവും ലൈംഗികതയും തന്നെ ആയുധമാക്കി അക്രമികളെ മര്‍മ്മത്തില്‍ കുത്തി വീഴ്ത്തി ജീവച്ഛവമാക്കിത്തീര്‍ക്കുന്നു പ്രിയ. ശരീരവും ലൈംഗികതയും ആത്മബോധത്തിന്റെ / കരുത്തിന്റെ ഉറവിടമായി കണ്ട്‌ യുദ്ധതന്ത്രത്തിനുപയോഗിക്കുന്നുവെന്നും പറയാം.

അടുത്ത ആഴ്ചയില്‍ എല്ലാ ദിവസവും പ്രിയ സഞ്ജീവിന്റെ ബൂത്തില്‍ ഫോണ്‍ചെയ്യാന്‍ പോയി. തന്നെ കാണുമ്പോള്‍ അയാളുടെ മുഖത്ത്‌ ഒരുതരം അപകര്‍ഷതാബോധം പടരുന്നത്‌ ഒരു പ്രതികാരത്തിന്റെ സുഖത്തില്‍ അറിഞ്ഞുകൊണ്ട്‌ അവള്‍ തനിക്ക്‌ നമ്പരറിയാവുന്ന എല്ലാ കൂട്ടുകാരെയും വിളിച്ചു സംസാരിച്ചു. കൊച്ചുകൊച്ചു വിജയങ്ങള്‍ പോലെ സംതൃപ്തി തരുന്ന വേറൊന്നില്ല, അപ്പോഴൊക്കെ അവള്‍ ഓര്‍ക്കുകയും ചെയ്തു. എന്ന്‌ ഈ ആക്രമണം ആഖ്യാനത്തില്‍ രേഖപ്പെടുത്തുന്നു. ഉദ്ധൃതപൌരുഷം മര്‍മ്മത്തില്‍ അടിയേറ്റ്‌ ചതഞ്ഞമര്‍ന്ന്‌ മണ്ണടിയാനൊരുങ്ങുന്ന ആര്‍ത്തനാദം ഇവിടെ കേള്‍ക്കാം. പെണ്‍വിടുതിയുടെ ഈ പുത്തന്‍പുതുമ മലയാളചിന്തയ്ക്ക്‌ പരിചിതമായി വരുന്നതേയുള്ളു.

ആരാണ്‌ പരിഹാസ്യന്‍/നീചന്‍? എന്ന ചോദ്യം അങ്ങനെ കീഴ്മേല്‍ മറിയുന്നു. അതിക്രമം കൊണ്ട്‌ അഴുക്ക്‌/നിന്ദ്യമായിത്തീരുന്നത്‌ ഇരയല്ല, അതിക്രമിതന്നെയാണ്‌ എന്നു സാരം. കാഴ്ചകളില്‍ നിന്ന്‌ കാഴ്ചപ്പാടുകളിലേക്കും വിധേയത്വത്തില്‍ നിന്നും കര്‍തൃപദവിലേക്കുമുള്ള ഈ വികാസമാണ്‌ അഗ്നിയുടെ ഉപപാഠം. അതെ എന്റെ തോന്നലുകളില്‍ കണ്ണുകളില്‍ ആസക്തിയുമായി നടക്കുന്ന അപരിചിതനായ നീ എന്നും അലഞ്ഞുതിരിയാറുണ്ട്‌. അതു നീയാണെന്ന്‌ എനിക്ക്‌ പിന്നീടാണ്‌ മനസ്സിലായതെന്നു മാത്രം. അന്നു നീയെന്നെ കീഴടക്കിയപ്പോള്‍ എനിക്കാദ്യം അപമാനമാണ്‌ തോന്നിയത്‌. പക്ഷെ പിന്നെ നിന്നെയെനിക്കിഷ്ടമായി. ആ ഇഷ്ടംകൊണ്ട്‌ നീയറിയാതെ നിന്നെ ഞാന്‍ കീഴ്പ്പെടുത്തിയെന്നും തോന്നി. മറ്റേ രണ്ടുപേരുടെയും കീഴ്പ്പെടുത്തല്‍പോലും നിന്നെ അളക്കാനുള്ള ഒരു അളവുകോലായിരുന്നു എനിക്ക്‌. ശരിക്ക്‌, എല്ലാ അര്‍ഥത്തിലും നീയാണ്‌ എന്റെ ആദ്യത്തെ പുരുഷന്‍. എന്ന്‌ രവിയോട്‌ മുഖത്തുനോക്കിപ്പറയാന്‍ പ്രിയയ്ക്കാവുന്നത്‌ കര്‍തൃപദവിയിലേക്കുള്ള മാറ്റത്തിന്റെ സന്ദര്‍ഭത്തിലാണ്‌. അവള്‍ സ്വന്തം ലൈംഗികതയുടെ അപര(വേല ീ‍വേലൃാ‍മായി കണ്ണുകളില്‍ ആസക്തിയുമായി നടക്കുന്ന അപരിചിതനെ/പുരുഷനെ കണ്ടെത്തുന്നു.
സ്വലൈംഗികതയുടെ അഭിവ്യക്തി ആത്മസ്ഥൈര്യമായി നിറയുന്നു. ഉണ്മയുടെ അഗ്നിയാണ്‌ ലൈംഗികതയെന്നവള്‍ തിരിച്ചറിയുന്നു. ഈ അഗ്നിയുടെ ഉണര്‍ച്ച സ്വന്തം ലൈംഗികത/സര്‍ഗാത്മകതതന്നെയാണെന്നു തിരിച്ചറിയുന്നതോടെ പ്രിയയിലെ ഭയം അസ്തമിക്കുന്നുവെന്ന കഥയിലെ സൂചന ഓര്‍മ്മിക്കുക. സ്ത്രീയെ സംബന്ധിച്ച പുരുഷാഖ്യാനങ്ങളിലെ ആന വെറും കുയ്യാനയാണെന്നറിയുന്ന നിമിഷം, പെണ്ണിന്‌ മുന്നില്‍ അതുവരെ നിലനിന്ന ലോകം ഇടിഞ്ഞുതകരുന്നു; പെണ്മയുടെ നക്ഷത്രങ്ങള്‍ തെളിയുന്ന പുതിയ ലോകോദയമാണത്‌; പുതിയ പ്രപഞ്ചാരംഭം. സ്ത്രീ സ്വയംനിര്‍വചിക്കുന്ന രീതികളിലൊന്നാണെന്നും പറയാം. ഇതാകട്ടെ പഴയ നിര്‍വചനങ്ങളെ അമ്പെ അട്ടിമറിക്കുന്നുവെന്നുകൂടി പറയണം. അധീശ/വിധേയബന്ധങ്ങളെ നിര്‍ണയിക്കുന്ന ലൈംഗികതയുടെ രാഷ്ട്രീയം (ടലഃൌ‍മഹ ജീഹശശേരെ‍) അടയാളപ്പെടുത്തുന്നു കഥാപാഠം. തന്റെ ശരീരത്തിന്റെ സ്പര്‍ശത്തില്‍ രവിയുടെ കൈകള്‍ തീപ്പൊള്ളലേറ്റവണ്ണം ഞെട്ടിത്തെറിച്ചത്‌ ശരീരംകൊണ്ടുതന്നെ അറിഞ്ഞു എന്നെഴുതുന്നത്‌ ഈ പ്രവര്‍ത്തനത്തിന്റെ സാക്ഷ്യമാണ്‌.

ശരീരത്തെ എഴുതുന്നു.

പെണ്ണെഴുത്തിന്റെ സവിശേഷത അതില്‍ പതിഞ്ഞുകാണുന്ന സ്ത്രീശരീരമുദ്രകളാണ്‌. ശരീരത്തിന്റെ സവിശേഷത പരാധീനതയായി കണ്ട്‌ നിരാശപ്പെടുന്നതിനുപകരം ക്രിയാത്മകതയുടെ ഖനിയായിക്കണ്ടു പ്രയോജനപ്പെടുത്തുകയാണാവശ്യമെന്ന്‌ ആന്‍ഡ്രിയന്‍ റിച്ച്‌ അഭിപ്രായപ്പെടുന്നു. സ്ത്രീകളുടെ എഴുത്ത്‌ അവരുടെ ശരീരത്തില്‍ നിന്നാണ്‌ വരുന്നത്‌. സ്ത്രീയുടെ ലൈംഗികവ്യത്യാസം തന്നെയാണ്‌ സ്ത്രീരചനകളുടെ ഉറവയെന്ന്‌ കരോളിന്‍ ജി.ബര്‍ക്ക്‌. അഗ്നിയില്‍ നിരക്കുന്ന സ്ത്രീശരീരമുദ്രകള്‍ ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ തെളിമയാര്‍ന്നു വരുന്നു. അഗ്നി, ശീര്‍ഷകം കൊണ്ടുതന്നെ ചിഹ്നവല്‍ക്കരിക്കുന്നത്‌ സ്ത്രീലൈംഗികതയാണ്‌. സ്ത്രീയുടെ ഉപസ്ഥം അഗ്നിയുടെ ഇരിപ്പിടമാണെന്നും സംഭോഗം ഈ അഗ്നിയെ കടഞ്ഞുണര്‍ത്തുന്ന യജ്ഞമാണെന്നും ഉപനിഷത്‌ സൂചനകളുണ്ട്‌. അവളുടെ ജനനേന്ദ്രിയം വേദി, ലോമങ്ങള്‍ ദര്‍ഭ, പാര്‍ശ്വഭാഗത്തെ മാംസഖണ്ഡങ്ങള്‍ മുഷ്ക്കങ്ങള്‍. അധിവഷണസ്മിത്തുകള്‍, ചര്‍മ്മമയമായ സോമഫലകങ്ങളാണ്‌. മധ്യഭാഗം അഗ്നിയാകുന്നു. നിശ്ചയമായും വാജപേയയജ്ഞത്താല്‍ യജമാനന്‌ പ്രാപ്തമാകുന്ന ലോകമാണ്‌; സന്തത്യുല്‍പാദനയജ്ഞത്തില്‍ യജമാനന്‌ പ്രാപ്തമാകുന്ന ലോകം. ഇങ്ങനെ അറിഞ്ഞ്‌ സന്തത്യുല്‍പാദനയജ്ഞം ചെയ്യുന്ന വിദ്വാന്‍ സ്ത്രീകളുടെ സുകൃതലോകത്തെ പ്രാപിക്കുന്നു. ഇതിന്റെ പവിത്രത അറിയാതെ വൃഥാ സന്തത്യുല്‍പാദനകര്‍മം ചെയ്യുന്ന അവിദ്വാന്‍ സ്ത്രീജിതനായി കഴിയുന്നു. (ബൃഹദാരണ്യ കോപനിഷത്ത്‌ 6:4:3, ഭാഷ്യം, നരേന്ദ്രഭൂഷണ്‍ : പുറം 359-360).(ഈ നിരീക്ഷണം പുരുഷാധികാരപരമായിരിക്കുമ്പോള്‍തന്നെ) ലൈംഗികോര്‍ജത്തിന്റെ/സര്‍ഗാത്മകതയുടെ രൂപകമായി അഗ്നി വായിക്കാമെന്നര്‍ഥം.

ആര്‍ത്തവരക്തം, സാനിട്ടറി നാപ്കിന്‍, അടിവസ്ത്രം നീക്കംചെയ്യപ്പെട്ട ശരീരം, എന്നിങ്ങനെ സ്ത്രീശരീരത്തോട്‌ ബന്ധമുള്ള സൂചകങ്ങള്‍ കഥയില്‍ നിര്‍വഹിക്കുന്ന ധര്‍മ്മവും ഇതുതന്നെ. പ്രിയയുടെ ശരീരസ്പര്‍ശം രവിയെ പൊളളിക്കുന്നതും അത്‌ സ്വശരീരംകൊണ്ട്‌ പ്രിയയറിയുന്നതും ഈയര്‍ഥത്തിലാണ്‌. ഇങ്ങനെ ശരീരംതന്നെ എഴുത്തായിത്തീരുന്നതുവഴി അഗ്നിയുടെ കഥാപാഠം രൂപപ്പെടുന്നു.

ഭാവിയുടെ ഓര്‍മ്മ

മദിച്ച കുതിരകളെപ്പോലെ ത്രസിച്ചു നടക്കുന്ന ആണത്തമെന്നപോലെതന്നെ നാണിച്ചൊതുങ്ങുന്ന പെണ്മയും വ്യാവഹാരികപ്രഭാവമാണെന്നു വരുന്നതോടെ അവയെ വിപരീതങ്ങളും മേല്‍/കീഴ്‌ കര്‍തൃപദവികളുമാക്കി വിഭജിച്ചുവന്ന ലിംഗാധികാരയുക്തികള്‍ നിര്‍വീര്യമാകുന്നു. വിപരീതങ്ങളെ നിര്‍ണ്ണയിക്കുന്ന അതിര്‍ത്തികള്‍ മായുമ്പോള്‍, അവര്‍ അധികാരത്തിന്റെ ആലഭാരങ്ങളൊഴിഞ്ഞ്‌ നഗ്നരായ കേവലം ആണും പെണ്ണുമായിത്തീരുന്നു. പ്രിയ രവിയെ സ്നേഹിക്കുന്നുവെന്നു പറയുന്ന സന്ദര്‍ഭം ഇതാണ്‌. അധികാരത്തിന്റെ വിഭജനയുക്തികള്‍ കൊഴിഞ്ഞകന്ന ഭാവിയുടെ ഓര്‍മ്മയെന്ന്‌ പറയാം. പൌരുഷത്തിന്റെ പ്രഭാവലയം തകര്‍ന്നൊഴിഞ്ഞ്‌ നഗ്നനായിത്തീരുമ്പോഴാണ്‌, അവള്‍ നോക്കി ചിരിക്കുമ്പോള്‍ അവന്‍ അസ്വസ്ഥനായി എന്നും ഒടുവില്‍ പ്രിയയെത്തേടിയെത്തി എന്നും കഥയില്‍ വായിക്കാനാവുന്നത്‌. ഇതാകട്ടെ, ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി സ്നേഹംകൊണ്ട്‌ ബലാല്‍സംഗിയെ കീഴ്പ്പടുത്താമെന്ന നിര്‍ദ്ദേശമോ ബലാല്‍സംഗത്തെ ന്യായീകരിക്കലോ അല്ല (ആകുന്നതെങ്ങനെ?); പെണ്മയുടെ പുതിയ ലോകബോധമാണ്‌. ആന്‍ഡ്രിയന്‍ റിച്ച്‌ സൂചിപ്പിക്കുന്ന, സ്ത്രീശരീരത്തിന്റെയും ലൈംഗികതയുടെയും അഗ്നിസിദ്ധി തിരിച്ചറിഞ്ഞുപയോഗപ്പെടുത്തലാണ്‌. പുരുഷാധികാരം നിര്‍വചിച്ച ശരീരത്തിന്റെയും ലൈംഗികതയുടെയുടെയും തടവറയില്‍നിന്നും അവള്‍ പുറത്തുകടക്കുന്നു. സഹതാപത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും വ്യവഹാരകവചങ്ങള്‍ കുടഞ്ഞെറിഞ്ഞ്‌ ശരീരവും ലൈംഗികതയും ആത്മബോധത്തിന്റെ അടയാളവ്യൂഹമാക്കിമാറ്റുകയാണ്‌ അഗ്നി. രതിയും ശരീരവും പുതുക്കിനിര്‍ചിക്കപ്പെടുന്ന ഈ സംസ്കാരപ്രക്രിയയാണ്‌ അഗ്നിയായെഴുതപ്പെടുന്നത്‌. അതുകൊണ്ട്‌, പെണ്‍വിടുതിയുടെ ആശയമണ്ഡലം കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ നടന്നകന്ന സൈദ്ധാന്തികവും ആനുഭവികവുമായ ദൂരമാണ്‌ അഗ്നി. ഈ ദൂരം അവഗണിക്കുകയാവും, അഗ്നി ബലാല്‍സംഗത്തെ ന്യായീകരിക്കുന്നുവെന്നമട്ടിലുള്ള അലസവചനങ്ങള്‍.

കുറിപ്പുകള്‍

1. Whose voice we hear in those great books we find in Libraries? Who speaks in the Capitol? Who speaks in the temple? Who speaks in the law courts and Whose voice is that we hear in laws? ... Men's. The worls is men's world. Man is the word of the world. Annie Leclerc: Womens's World, The Feminist Critique of Langauage, (Ed.)Deborah Camaron.

2. സിതാരയുടെ ഒരു കഥയുണ്ട്‌, അഗ്നി. ആ കഥയില്‍ സ്ത്രീരാഷ്ട്രീയമല്ല ഉള്ളത്‌. ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ബലാല്‍സംഗം ചെയ്തയാളെ സ്നേഹംകൊണ്ട്‌ കീഴ്പെടുത്താം എന്ന ഒരു നിര്‍ദ്ദശം മുന്നോട്ട്‌ വയ്ക്കുന്നുണ്ട്‌. സ്നേഹംകൊണ്ട്‌ കീഴടക്കാം എന്ന്‌ പറഞ്ഞ്‌ ബലാല്‍സംഗത്തെ ന്യായീകരിക്കുന്ന തലത്തിലേക്കിറങ്ങിവന്ന ഒരു വീക്ഷണം ഈ കഥയിലുണ്ട്‌..... ആ കഥയുടെ സന്ദേശം എത്രമാത്രം സ്ത്രീ അനുകൂലമാണ്‌ എന്നതില്‍ എനിക്ക്‌ സംശയമുണ്ട്‌.
സാറാ ജോസഫ്‌ : അരാഷ്ട്രീയരായിരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം?,
മാധ്യമം ആഴ്ചപ്പതിപ്പ്‌, 2002 നവംബര്‍ 8, ലക്കം 246,പുസ്തകം 8.

3. കുളിച്ച്‌, കഴിയുമെങ്കില്‍ ഈറന്‍വസ്ത്രങ്ങളോടെ, ഏറ്റവും ദേഹശുദ്ധിയോടെയാണ്‌ ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത്‌. ആര്‍ത്തവകാലത്ത്‌ സ്ത്രീകള്‍ക്ക്‌ തന്നെ സ്വയം ശരീരശുദ്ധിയില്‍ തൃപ്തി ഇല്ലാത്തതുകൊണ്ടാണ്‌ ആരും അറിയില്ലെങ്കില്‍പോലും ആ സമയത്ത്‌ അവര്‍ ക്ഷേത്രങ്ങളില്‍ പോകാത്തത്‌.
ലളിതാംബിക : ശബരിമലയും സ്ത്രീകളും, മാതൃഭൂമി ദിനപ്പത്രം 2006 ഓഗസ്റ്റ്‌ 30.

4. അവളുടെ ജനനേന്ദ്രിയം വേദി, ലോമങ്ങള്‍ ദര്‍ഭ, പാര്‍ശ്വഭാഗത്തെ മാംസഖണ്ഡങ്ങള്‍ മുഷ്ക്കങ്ങള്‍. അധിവഷണസ്മിത്തുകള്‍, അവചര്‍മമയമായ സോമഫലകങ്ങളാണ്‌. മധ്യഭാഗം അഗ്നിയാകുന്നു. നിശ്ചയമായും വാജപേയയജ്ഞത്താല്‍ യജമാനന്‌ പ്രാപ്തമാകുന്നലോകമാണ്‌; സന്തത്യുല്‍പാദനയജ്ഞത്തില്‍ യജമാനന്‌ പ്രാപ്തമാകുന്ന ലോകം. ഇങ്ങനെ അറിഞ്ഞ്‌ സന്തത്യുല്‍പാദനയജ്ഞം ചെയ്യുന്ന വിദ്വാന്‍ സ്ത്രീകളുടെ സുകൃതലോകത്തെ പ്രാപിക്കുന്നു. ഇതിന്റെ പവിത്രത അറിയാതെ വൃഥാ സന്തത്യുല്‍പാദനകര്‍മം ചെയ്യുന്ന അവിദ്വാന്‍ സ്ത്രീജിതനായി കഴിയുന്നു.
നരേന്ദ്രഭൂഷണ്‍ (ഭാഷ്യം) : ബൃഹദാരണ്യകോപനിഷത്ത്‌, പേജ്‌ 359-360.

ലേഖന/ഗ്രന്ഥസൂചി
നരേന്ദ്രഭൂഷണ്‍ (ഭാഷ്യം): ബൃഹദാരണ്യകോപനിഷത്ത്‌ 6:4:3
ലളിതാംബിക 2006 : ശബരിമലയും സ്ത്രീകളും, മാതൃഭൂമി ദിനപ്പത്രം,2006 ഓഗസ്റ്റ്‌ 30.
വിവേകാനന്ദന്‍: ടീച്ചിങ്ങ്സ്‌ ഓഫ്‌ വിവേകാനന്ദ,
സാറാ ജോസഫ്‌ 2002: അരാഷ്ട്രീയരായിരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം?, മാധ്യമം ആഴ്ചപ്പതിപ്പ്‌, 2002 നവംബര്‍ 8,
സിതാര.എസ്‌ 1999 : അഗ്നി, ഭാഷാപോഷിണി,1999 ജൂലൈ, മലയാളമനോരമ, കോട്ടയം.
Leclerc, Annie 1995: Womens's Word, The Feminsit Critique of Langauage, (Ed.) Deborah Camaron
Rich, Andraian 1977: Of Woman Born, Virago, London

Subscribe Tharjani |