തര്‍ജ്ജനി

ഉമ രാജീവ്

ബ്ലോഗ്‌: http://umavalapottukal.blogspot.com/

Visit Home Page ...

കവിത

പൊതിച്ചോറ്

ഉച്ചക്കുണ്ണാന്‍ വരുമ്പോള്‍
ടാറുരുകും പെരുവഴികള്‍
മണം പൊങ്ങും ഇടവഴികള്‍
ഒഴുകിയെത്തുന്ന ഉച്ചപ്പാട്ടുകള്‍
തുണിതല്ലിത്തിരുമ്മുന്ന ശബ്ദം.

കിലുങ്ങുന്ന ഇന്‍സ്ട്രുമെന്റ് ബോക്സ്
പുറകില്‍ നിന്നൊരു സൈക്കിള്‍ബെല്ല്
നെഞ്ചില്‍ ചേര്‍ത്തുവച്ച ഇംഗ്ലീഷ് ടെക്‍സ്റ്റ്
വിളമ്പിവച്ച ചൂട് ചോര്‍
ചെറിയ കിണ്ണത്തിലെ മഞ്ഞക്കൂട്ടാന്‍
മൊരിഞ്ഞ ഉപ്പേരി.

അമ്മയുടെസാരിത്തുമ്പില്‍ തുടച്ചോടി
തിരക്കിട്ടെടുക്കുന്നു ഗ്രാഫ് ബുക്ക്
ഒരു ഉപ്പുനെല്ലിക്ക ഇടംകവിളില്‍
മണി ഒന്നേനാല്പത്
ഞാന്‍പോയെട്ടോ എന്ന് പറയുന്നു
വഴിത്തുമ്പത്തെ കലുങ്കിലെ ഇല, കല്ല്.

കൊളുത്തിപ്പിടിക്കുന്ന വയര്‍
അമര്‍ത്തിപ്പിടിച്ചു കൊണ്ട് ഓടടാ ഓട്ടം
എന്നെ കടന്ന് പോകുന്ന സൈക്കിള്‍ബെല്ല്
ചെവിയോട് ചേര്‍ന്നൊഴുകുന്ന വിയര്‍പ്പുതുള്ളി
ഒന്നു പിച്ചിപരിഹസിക്കുന്നു
എന്തിനാണീ പെടാപാടെല്ലാം
പൊതിച്ചോറെടുത്തൂടെ?

Subscribe Tharjani |