തര്‍ജ്ജനി

മുഖമൊഴി

ഫൈവ് സ്റ്റാര്‍ തടവുകാര്‍

കേരളത്തില്‍ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നുവെന്നത് മുമ്പൊരിക്കല്‍ മുഖമൊഴിയില്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. അഴിമതിയുടെ പേരില്‍ ഒരു മുന്‍മന്ത്രി തടവുകാരനാക്കപ്പെട്ടിരിക്കുന്നു. പണ്ടൊക്കെ ആരോപണപ്രത്യാരോപണങ്ങളും അതിനപ്പുറം പരമാവധി ഒരു അന്വേഷണത്തിനായുള്ള ഉത്തരവും കടന്ന് കാര്യങ്ങള്‍ പോകാറില്ല. നിയമസഭാതലത്തില്‍ എരിവും ചൂടുമുള്ള പ്രകടനം ചേരിതിരിഞ്ഞ് കാഴ്ചവെച്ച് പൊജനവിസ്മൃതിയിലേക്ക് അഴിമതിക്കഥ പിന്‍മടങ്ങുമായിരുന്നു. ആ പതിവാണ് ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസത്തോടെ ഇല്ലാതാവുന്നത്. അഴിമതിക്കുറ്റത്തിന് തടവുശിക്ഷ അനുഭവിച്ച കേരളത്തിലെ ആദ്യമന്ത്രിയെന്ന സ്ഥാനം അതോടെ ബാലകൃഷ്ണപിള്ളയ്ക്ക് സ്വന്തമായി. എന്നാല്‍ അതോടെ ജയില്‍വാസികളെന്ന സമൂഹത്തിന്റെ രീതികള്‍ തന്നെ ആലോചനാവിഷയമാകുന്ന ചില അനുബന്ധപ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. കുറ്റവാളിസമൂഹത്തില്‍ ഒരു മുന്‍മന്ത്രി എന്ന അപൂര്‍വ്വപദവി ഉയര്‍ത്തുന്ന പ്രശ്നങ്ങളാണത്.

തടവിലാക്കപ്പെട്ടതിനുശേഷം, രോഗാവസ്ഥയെത്തുടര്‍ന്ന് ഏറെ നാളുകള്‍ ബാലകൃഷ്ണപിള്ള ആശുപത്രിയിലായിരുന്നു. തടവുകാര്‍ക്ക് ലഭിക്കുന്ന പരോള്‍ ആനുകൂല്യവും ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചു. തടവുകാരന് ജയിലിനു പുറത്തുകടക്കാന്‍ കിട്ടാവുന്ന എല്ലാ പഴുതുകളും ഉപയോഗിച്ച് തടവുകാലത്തിന്റെ പരമാവധി ജയിലിനു പുറത്തുകഴിയുവാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തുന്നതെന്ന് ആര് ആരോപിച്ചാലും കുറ്റം പറയാനാവില്ല. സവിശേഷപരിഗണന ലഭിക്കേണ്ടവരാണ് രാഷ്ട്രീയക്കാര്‍ എന്ന സാമാന്യബോധത്തിന്റെ അടിസ്ഥാനത്തില്‍, ബാലകൃഷ്ണപിള്ളയ്ക്കും രാഷ്ട്രീയക്കാരായ സഹപ്രവര്‍ത്തകര്‍ക്കും ഇതില്‍ അസ്വാഭാവികതയൊന്നും തോന്നാനിടയില്ല. ഇദ്ദേഹം മാത്രമല്ല, രാഷ്ട്രീയക്കാരായ തടവുകാരെല്ലാം പൊതുവേ ജയിലില്‍ വിശിഷ്ടവ്യക്തികളായാണ് പെരുമാറുന്നത്. അവര്‍ക്ക് ജയില്‍ ജീവനക്കാര്‍ ആ പരിഗണന നല്കുകയും ചെയ്യാറുണ്ട്. നാളെ യജമാനനായി വരാനിടയുള്ളയാളെ ശത്രുവാക്കുന്നത് പ്രയാസമുണ്ടാക്കുമെന്നതിനാലും, നിലവില്‍ തടവുകാരന് ഉള്ള ബന്ധങ്ങള്‍ ഉപയോഗിച്ച് ചെയ്യാവുന്ന ദ്രോഹങ്ങള്‍ ഭയന്നുമാണ് ജയില്‍ ജീവനക്കാര്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേകപരിഗണന നല്കുന്നത്.

തടവുകാരുടെ ജീവിതത്തെക്കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ടവയിലെല്ലാം ജയില്‍ ക്ലേശകരമായ സ്ഥലമാണ്. മോഴിക്കുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ ഖിലാഫത്ത് സ്മരണയോളം ക്ലേശകരമായ ജയിലനുഭവവിവരണം വേറെയുണ്ടോ എന്ന് സംശയമാണ്. എന്നാലും പുകയിലയും തീപ്പെട്ടിയും കടലാസും പെന്‍സിലുമെല്ലാം പിശുക്കി ഉപയോഗിക്കുന്ന തടവുകാരന്റെ അവസ്ഥയാണ് നമ്മുടെ മനസ്സിലുള്ളത്. എന്നാല്‍ പത്രവാര്‍ത്തകളില്‍ കുറേക്കാലമായി കാണുന്നത് തടവുകാരില്‍ രാഷ്ട്രീയക്കാര്‍ ജയിലിനകത്ത് സംഘം ചേരുന്നതും സ്വന്തമായി ഇഷ്ടഭക്ഷണം പാകം ചെയ്യുന്നതും മദ്യപിക്കുന്നതും മൊബെല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നുമെല്ലാമാണ്. അവരെ നിയന്ത്രിക്കാന്‍ വല്ലവരും ശ്രമിക്കുകയാണെങ്കില്‍ അവരെ ഭീഷണിപ്പെടുത്തുന്നുവെന്നും എതിരാളികളെ മര്‍ദ്ദിക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. തടവറയ്ക്കകത്തും അവര്‍ ഗുണ്ടായിസം കാണിക്കുന്നുവെന്നും അത് നിയന്ത്രണാതീതമാണെന്നും പത്രവാര്‍ത്തകളിലൂടെ നാം മനസ്സിലാക്കിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയസംഘട്ടനക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതിനെക്കുറിച്ചും കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ ഒരു വിഭാഗത്തെ വിയ്യൂരിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടതായും വന്നു.

ഇപ്പോള്‍ പുതിയ വിവാദം ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നു. തടവുകാരനായ ബാലകൃഷ്മപിള്ള ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്നതാണ് വിവാദത്തിന് അടിസ്ഥാനമായ വസ്തുത. കണ്ണൂരിലെ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ തെരച്ചിലില്‍ നിരവധി മൊബൈല്‍ ഫോണുകള്‍, ചാര്‍ജ്ജറുകള്‍, ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളും മസാലകളും എന്നിങ്ങനെ പിടിച്ചെടുത്ത വസ്തുക്കള്‍ നിരവധിയാണ്. അവയുടെ വിവരം കേട്ടാല്‍ ഈ തടവുകാരുടെ ജയില്‍ജീവിതം എങ്ങനെയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും സുലഭമായി ജയിലില്‍ അവര്‍ക്ക് ലഭിക്കുമായിരുന്നു. കേരളത്തിലെ അന്നത്തെ ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ച് നിരന്തരമായി ആവശ്യങ്ങള്‍ ഉന്നയിച്ചുതുടങ്ങിയപ്പോള്‍ അത് നിയന്ത്രിക്കാനായി മൊബൈല്‍ ജാമര്‍ സ്ഥാപിക്കുകയുണ്ടായി. അതാവട്ടെ തടവുകാര്‍ കേടുവരുത്തുകയും ചെയ്തുപോന്നു.

ജയിലിലെ രാഷ്ട്രീയക്കാരായ തടവുകാരും അങ്ങനെയല്ലാത്ത തടവുകാരും രണ്ടുതരം പരിഗണനകള്‍ അനുഭവിക്കുന്നവരാണ്. രാഷ്ട്രീയക്കാരാണ് നാട് ഭരിക്കുന്നത് എന്നതിനാല്‍ ഇതില്‍ വലിയ അന്യായമൊന്നും ആരും കണ്ടിരുന്നില്ല. ജയിലില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിക്കേണ്ടിടത്തോളം കാര്യങ്ങള്‍ ചെന്നെത്തിയിട്ടും ഫോണ്‍വിളിയുടെ പേരില്‍ ബാലകൃഷ്ണപിള്ള ജയില്‍ ചട്ടം ലംഘിച്ചുവെന്ന് ആരോപിക്കുന്നവര്‍ ഒരു വിമര്‍ശനവും ഉന്നയിച്ചിരുന്നില്ല. എതിരാളി ചെയ്യുന്നതാണ് കുറ്റം, ആ കാര്യം അവനവന്‍ ചെയ്യുമ്പോള്‍ ന്യായമാണ് എന്ന് കാണുന്ന വികലദര്‍ശനമാണ് രാഷ്ട്രീയക്കാരുടേത്. അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിക്കുമ്പോഴും ചട്ടങ്ങളൊന്നും തനിക്ക് ബാധകമല്ലെന്ന് കരുതുന്ന ഈ രാഷ്ട്രീയക്കാരനായിരുന്നുവല്ലോ നിയമസഭയിലിരുന്ന് നിയമനിര്‍മ്മാണം നടത്തിയിരുന്നത്!! അത്ഭുതം തോന്നുന്നുപോലുമില്ല. നിയമവും നിയമലംഘനവും നിയമരാഹിത്യവുമെല്ലാം സമഞ്ജസമായി മേളിക്കുന്ന വര്‍ത്തമാനകാലാവസ്ഥയില്‍ എന്തിനോട് എപ്പോള്‍ പ്രതികരിക്കാം എന്നെല്ലാം ഇതിനിടയില്‍ ശീലത്തിന്റെ അടിസ്ഥാനത്തില്‍ നാം പഠിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ.

Subscribe Tharjani |
Submitted by Subrahmanya Sharma (not verified) on Sat, 2011-10-15 11:20.

Sir, Please take note that law enforcing agencies are overwhelmed by crimes. Criminals and politicians appreciate this situation better than the moralist/constitutionalists/anti-graft agitators. Their repeated requests for C.B.I enquiries is a taunt to the state -ഇതും ഒരു വകയില്‍ വെല്ലുവിളിയാണു എന്ന് മനസിലാക്കുക.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയസംഘട്ടനക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെക്കുറിച്ചും കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ ഒരു വിഭാഗത്തെ വിയ്യൂരിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടതായും വന്നു. This is Mexico/Brazil re-enacted. And India now bears some features of a failed state.