തര്‍ജ്ജനി

ലേഖനം

യു. പി ജയരാജനെ ഓര്‍ക്കുമ്പോള്‍

തലശ്ശേരി ആര്‍ട്സ് സൊസൈറ്റി സംഘടിപ്പിച്ച യു. പി. ജയരാജന്‍ അനുസ്മരണത്തില്‍ കെ. വേണു നടത്തിയ പ്രഭാഷണം

യു. പി ജയരാജന്‍ എന്നെ സംബന്ധിച്ചേടത്തോളം വളരെ സവിശേഷമായ ഒരു വ്യക്തിബന്ധത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നയാളാണ്. അടിയന്തരാവസ്ഥാക്കാലത്താണ് ജയരാജനെ പരിചയപ്പെടാനിടയായത്. സോമശേഖരനാണ് ജയരാജന്റെ മേല്‍വിലാസം എനിക്ക് തന്നത്. തൃശ്ശിനാപ്പള്ളിയിലെ ഓര്‍ഡനന്‍സ് എസ്റ്റേറ്റില്‍ജോലിചെയ്യുന്നു. ഇവിടെ അന്ന് കോളിളക്കം സൃഷ്ടിച്ച സംഭവിവികാസങ്ങള്‍ നടന്നിരിക്കുന്ന കാലഘട്ടം. കായണ്ണ പോലീസ് സ്റ്റേഷനാക്രമണവും പോലീസിന്റെ നരനായാട്ടുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന സമയം. സോമശേഖരനെയൊക്കെ അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞ കാലഘട്ടം. ആ സന്ദര്‍ഭത്തില്‍ അറസ്റ്റ് ചെയ്യപ്പെടാതിരുന്നവരില്‍ ഒരാളായിരുന്നു ഞാന്‍. അപ്പോഴാണ് ഈ അഡ്രസ്സ് ഉപയോഗിച്ച്, തമിഴ്നാട്ടില്‍ പോകേണ്ട ആവശ്യം വന്നപ്പോള്‍ തൃശ്ശിനാപ്പള്ളി വഴി ജയരാജനെയും കണ്ട് വരാമെന്ന് കരുതുന്നത്. അന്ന് ഞങ്ങള്‍ സ്വന്തം പേരു് ഉപയോഗിക്കില്ല എന്നതുകൊണ്ട് വ്യത്യസ്തമായ പേരുകളുപയോഗിച്ചാണ് പരിചയപ്പെടുന്നത്. എങ്കില്‍ത്തന്നെയും ജയരാജന് ഞാനാരാണെന്ന് മനസ്സിലായിക്കാണുമെന്നാണ് തോന്നുന്നത്.

അന്ന് എനിക്ക് കിട്ടിയ പ്രധാനപ്പെട്ട വിവരം, അന്നത്തെ ഞങ്ങളുടെ സംസ്ഥാനനേതൃത്വത്തിലുണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട സഖാവുമായുള്ള ബന്ധം നഷ്ടപ്പെട്ടുപോയിരുന്നു, ആ സഖാവ് ഒരു മാസം മുമ്പ് അവിടെ എത്തിയിരുന്നുവെന്നാണ്. അതറിഞ്ഞ് അതിയായ സന്തോഷം തോന്നി. അടുത്ത മാസം ഞാന്‍ വീണ്ടും വരുമെന്നും ആ സഖാവ് വന്നാല്‍ എന്നെ കാത്തിരിക്കണമെന്നും പറഞ്ഞാണ് ഞാനവിടെനിന്നും പോന്നത്. അടുത്ത മാസം ഞാന്‍ ആ സമയത്ത് അവിടെ ചെല്ലുന്നതിന് മുമ്പ്, എന്നെ കാത്തിരിക്കണം എന്ന് പറഞ്ഞ ആ സഖാവ് ബാംഗളൂരില്‍വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും അതിഭീകരമായി മര്‍ദ്ദനമേറ്റ് ആസന്നമരണനായിത്തീരുകയും, ആ അവസ്ഥയില്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ജയരാജന്റെ മേല്‍വിലാസം പോലീസിന് ലഭിക്കുകയും അവിടെ ഞാനെത്തുമെന്ന വിവരം അറിഞ്ഞിട്ട് കേരളത്തില്‍ നിന്ന് വന്‍പോലീസ് സന്നാഹം തൃശ്ശിനാപ്പള്ളിയില്‍ എത്തുകയും ചെയ്തിരുന്നു. അതിന്റെ നടുവിലേക്കാണ് ഞാന്‍ ചെന്നുകേറുന്നത്. ഒരു ഡി.വൈ. എസ്. പിയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും എന്നെയറിയാവുന്ന കോണ്‍സ്റ്റബിളും ഞാനവിടെ ചെല്ലുമ്പോള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ജയരാജന്‍ ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നു. കാരണം, രണ്ടു ദിവസം മുമ്പ് പോലീസ് ഓഫീസര്‍മാര്‍ അവിടെയെത്തി, ഏതാണ്ട് ഹൌസ് അറസ്റ്റ് പോലെ, ഓഫീസില്‍ പോകാനോ പുറത്തിറങ്ങാനോ അനുവദിക്കാതെ പോലീസുകാര്‍ തന്നെ ഭക്ഷണം വാങ്ങിക്കൊടുത്ത് നിര്‍ത്തിയിരിക്കയായിരുന്നു. അന്ന് ഞാന്‍ ജയരാജനെ കണ്ടിരുന്നു. വളരെയധികം ടെന്‍ഷന്‍ അനുഭവിക്കുന്ന അവസ്ഥയിലായിരുന്നു. പിന്നീട് ഒരു കഥയില്‍ ആ അവസ്ഥ പ്രതിഫലിപ്പിക്കാന്‍, പൂര്‍ണ്ണമായിട്ടല്ലെങ്കിലും, ജയരാജന്‍ ശ്രമിക്കുന്നുണ്ട്. ആ സംഭവങ്ങളെല്ലാം കഴിഞ്ഞ്, ഞാന്‍ ജയിലില്‍ നിന്നും പുറത്തുവന്നതിനുശേഷം ജയരാജനെ കാണുന്നുണ്ട്. അപ്പോഴാണ്, അന്നത്തെ സംഭവവികാസങ്ങളുടെ ടെന്‍ഷന്‍ ജയരാജന്‍ പറഞ്ഞത്.

എനിക്ക് ഒരു അബദ്ധം പിണഞ്ഞിട്ടുണ്ട്. ജയരാജനാണ് അന്ന് മുന്‍കരുതല്‍ എടുത്തിരുന്നത്. ഞാന്‍ ആദ്യം തൃശ്ശിനാപ്പള്ളിയില്‍ ചെന്നപ്പോള്‍ ജയരാജന്‍ തന്റെ വിശ്വസ്തനായ ഒരു സുഹൃത്തിന്റെ വിലാസം തരികയും പരിചയപ്പെടുത്തിത്തരികയും ചെയ്തിരുന്നു. നേരിട്ട് ജയരാജന്റെ ക്വാട്ടേഴ്സില്‍ പോകാതെ ആദ്യം സുഹൃത്തിനെ കാണണമെന്ന് ജയരാജന്‍ ചട്ടംകെട്ടിയിരുന്നു. അക്കാലത്ത് തമിഴ്നാട്ടിലെ നക്സലൈറ്റ് സുഹൃത്തുക്കളുമായി ജയരാജന് ബന്ധമുണ്ടായിരുന്നു. അതുകാരണം എനിക്ക് വിഷമം ഉണ്ടാവരുതെന്ന് കരുതി എടുത്ത മുന്‍കരുതലായിരുന്നു, അത്. എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ അറസ്റ്റ് ചെയ്യുന്നതിന് ഇടയാക്കരുത് എന്ന സദുദ്ദേശത്തോടെയാണ് ഈ മുന്‍കരുതല്‍ എടുത്തത്. ഞാനത് ഓര്‍ത്തുകൊണ്ടാണ് പോകുന്നത്. പക്ഷെ അവിടത്തെ ക്വാട്ടേഴ്സുകളുടെയെല്ലാം ഘടന ഒരുപോലെയായതിനാല്‍ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് വെച്ച് ഞാന്‍ ചെന്നെത്തിയത് ജയരാജന്റെ ക്വാട്ടേഴ്സിനടുത്തായിരുന്നു. അപ്പോള്‍ പ്രശ്നമൊന്നും കാണുന്നില്ല എന്നതിനാല്‍ ഞാന്‍ നേരെചെന്ന് കയറുകയായിരുന്നു. രണ്ടാം നിലയിലാണ് ജയരാജന്റെ ക്വാട്ടേഴ്സ്. അപ്പോള്‍ അവിടെ പോലീസ് കാത്തിരിക്കുകയായിരുന്നു. എന്റെ ഭാഗത്തുനിന്നും പറ്റിയ ഒരു വീഴ്ചയായിരുന്നു, അത്. വല്ല സൂചനയും ഉണ്ടായിരുന്നെങ്കില്‍ എനിക്കവിടെനിന്നും ഒഴിയാമായിരുന്നു. പക്ഷെ എന്നെ കിട്ടാതെ പോയിരുന്നെങ്കില്‍ പോലീസ് ജയരാജനെ അറസ്റ്റ് ചെയ്ത് മിസ തടവുകാരനാക്കുമായിരുന്നു. നിസ്സാരബന്ധങ്ങളുടെ പേരിലും പുസ്തകം കയ്യില്‍ വെച്ചതിനുമെല്ലാം ആളുകളെ മിസ പ്രകാരം അറസ്റ്റ് ചെയ്യുന്ന കാലഘട്ടമാണത്. എന്നെ കിട്ടിയതുകൊണ്ടാണ് അവര്‍ ജയരാജനെ കുഴപ്പമില്ലാത്തരീതിയില്‍ വിട്ടത്. പക്ഷെ ജയരാജന്‍ അതിന്റെ പേരില്‍ കടുത്ത മാനസികസംഘര്‍ഷം അനുഭവിക്കുകയുണ്ടായി. പിന്നീട് ഞങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ ജയരാജന്‍ അത് പറയുകയുണ്ടായി.

ബാംഗലൂരില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട സഖാവ് ഞാന്‍ വരുന്ന തിയ്യതി തെറ്റിയാണ് പറഞ്ഞത്. അദ്ദേഹത്തിന് ഒരബദ്ധം പറ്റി. ട്രിച്ചിയില്‍ നിന്ന് ബാംഗളൂരിലേക്ക് പോയ തീവണ്ടിട്ടിക്കറ്റ് സഖാവിന്റെ കയ്യിലുണ്ടായിരുന്നു. അക്കാലത്തെ ഞങ്ങളുടെ രീതിയനുസരിച്ച് റെയില്‍വേസ്റ്റേഷനില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ത്തന്നെ അത് നശിപ്പിക്കേണ്ടതായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ എവിടെ നിന്നാണ് വന്നത് എന്നതിന്റെ സൂചന ലഭിക്കാന്‍ പാടില്ല. വടകരയില്‍ നിന്നും ബാംഗളൂരില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഒരു ക്വാട്ടേഴ്സിലായിരുന്നു ആ സഖാവ് താമസിച്ചിരുന്നത്. പോലീസിന് എങ്ങനെയോ ഈ വിവരം കിട്ടിയിരുന്നു. വടകരയില്‍ നിന്നുള്ള വിവരം ശേഖരിച്ച് പോലീസ് അവിടെ ആ സഖാവിനെ കാത്തുനില്ക്കുകയായിരുന്നു. ട്രിച്ചിയില്‍ നിന്നാണ് വന്നതെന്നറിഞ്ഞപ്പോള്‍, ട്രിച്ചിയില്‍ എവിടെയാണ് പോയത് എന്നത് പറയാന്‍ നിര്‍ബ്ബന്ധിതമായി. പറയാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ, തിരുവനനന്തപുരത്തെ ശാസ്തമംഗലം ക്യാമ്പില്‍ രണ്ടാഴ്ചക്കാലം അതി കഠിനമായ മര്‍ദ്ധനമേറ്റ് ആസന്നമരണാവസ്ഥയിലായപ്പോഴാണ് ഈ വിവരം പോലീസിന് കിട്ടിയത്. അക്കൂട്ടത്തില്‍ അദ്ദേഹം ചെയ്തത് ഞാന്‍ തൃശ്ശിനാപ്പള്ളിയില്‍ എത്തുന്ന തിയ്യതി മാറ്റിപ്പറയുകയായിരുന്നു. അതിനാല്‍ നാലഞ്ച്ദിവസം മുമ്പേ പോലീസ് സന്നാഹം തൃശ്ശിനാപ്പള്ളിയിലെത്തി ജയരാജന്റെ സ്ഥലത്ത് കാത്തിരുന്നു. ഈ സമയം മുഴുവന്‍ ഏറെക്കുറേ ഹൌസ് അറസ്റ്റിന്റെ അവസ്ഥയിലായിരുന്നു ജയരാജന്‍.

ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം പലതവണ ഞാന്‍ ജയരാജനെ കണ്ടിട്ടുണ്ട്, അവിടെ പോയിട്ടുണ്ട്. അപ്പോഴെല്ലാം വളരെ സൌഹാര്‍ദ്ദത്തോടെയുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. ജയരാജനെ അവസാനമായി ഞാന്‍ കണ്ടത് തലശ്ശേരിയില്‍ വെച്ചായിരുന്നു. അമേരിക്ക ഇറാക്കില്‍ ഇടപെട്ടതിനെതിരെ ഇറാക്ക് യുദ്ധകാലത്ത് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴായിരുന്നു, അത്. ജയരാജന്‍ അന്ന് അവിടെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. വളരെ സൌഹൃദത്തിലാണ് അന്നും പിരിഞ്ഞത്. പക്ഷെ പിന്നീട് എന്റെ നിലപാടില്‍ മാറുകയും പഴയ നിലപാടുകള്‍ പൂര്‍ണ്ണമായും കയ്യൊഴിഞ്ഞുകൊണ്ടുള്ള പരസ്യപ്രസ്താവനകള്‍ വരികയും ചെയ്തതിനുശേഷം ഞങ്ങള്‍ തമ്മില്‍ കാണാനിടയായിട്ടില്ല. ജയരാജന് ഇക്കാര്യത്തില്‍ ശക്തമായ വിമര്‍ശനവും പ്രതിഷേധവുമെല്ലാം ഉണ്ടെന്ന് കഥകളിലൂടെയും ജയരാജന്റെ കത്തുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. വിപ്ലവത്തെക്കുറിച്ച് ഞാനെന്തിന് ഇങ്ങനെ പറയുന്നു, എനിക്ക് താല്പര്യമില്ലെങ്കില്‍ പിന്‍മാറിനിന്നാല്‍ പോരെ, എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന ചോദ്യം ജയരാജന്‍ ഉന്നയിക്കുകയുണ്ടായി. വലിയ രാഷ്ട്രീയവിമര്‍ശനം ഉള്‍ക്കൊള്ളുന്ന പില്‍ക്കാലകഥകളിലും അത് പ്രകടിപ്പിക്കുകയുണ്ടായി. എന്റെ നിലപാട് എന്ന രീതിയിലല്ല, പൊതുവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനം എന്ന നിലയിലാണത്.

ജയരാജന്റെ കഥകളെക്കുറിച്ച് വിലയിരുത്താന്‍ ഞാന്‍ ആളല്ല. സാഹിത്യപരമായ കാര്യങ്ങളില്‍ ഞാന്‍ വിലയിരുത്തല്‍ നടത്താറില്ല. മാവോയിസ്റ്റ് നിലപാടില്‍ നിന്നുകൊണ്ട് കമ്യൂണിസ്റ്റ് വിപ്ലവത്തെ നോക്കിക്കാണുന്ന ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലുള്ളവരെ പ്രചോദിപ്പിക്കുന്ന രീതിയിലുള്ള കഥകളെഴുതാന്‍ പട്ടത്തുവിള കരുണാകരന്‍ കഴിഞ്ഞാല്‍, അക്കാലത്ത് സാധിച്ചിരുന്നത് യു. പി. ജയരാജനായിരുന്നു. പട്ടത്തുവിള കരുണാകരന്റേത് പരിവര്‍ത്തനകാലഘട്ടത്തിന്റെ കഥകളായിരുന്നു, എം. സുകുമാരന്റേത് മറ്റൊരു ദിശയിലായിരുന്നു. ജയരാജനാണ് വ്യക്തമായ രാഷ്ട്രീയനിലപാടുകളോടെ സാമൂഹികവിമര്‍ശനപരമായ കഥകളെഴുതാന്‍ ശ്രമിച്ചത് എന്ന നിലയിലാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ആ നിലപാടുകളോടുള്ള ജയരാജന്റെ അര്‍പ്പണബോധം വളരെ ശക്തമായിരുന്നു.

അവസാനകാലത്തെ കാര്യങ്ങള്‍ വ്യക്തമായി എനിക്ക് അറിയുമായിരുന്നില്ല. അറിഞ്ഞിരുന്നത് അസുഖമാണെന്നാണ്. നേരില്‍ കാണണമെന്ന് എനിക്ക് താല്പര്യമുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല. അവസാനകാലഘട്ടത്തിലെ നിലപാടുകള്‍ എനിക്ക് കൃത്യമായി അറിയില്ല. ഗോവര്‍ദ്ധന്‍ പ്രസിദ്ധീകരിച്ച ജയരാജന്റെ കത്തുകളില്‍ നിന്നാണ് അവസാനകാലഘട്ടത്തിലെ നിലപാടുകള്‍ മനസ്സിലാക്കാന്‍ സാധിച്ചത്. എങ്കിലും അക്കാര്യത്തില്‍ ഒരു വ്യക്തത എനിക്കില്ല. അതിനാല്‍ അതിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മാത്രമല്ല, അത്തരം ഒരു വിലയിരുത്തലിന്റെ ആവശ്യകതയുമില്ല. ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന രാഷ്ട്രീയ-സാമൂഹ്യപ്രസ്ഥാനങ്ങളുടേയും സാഹിത്യപരമായ പ്രതിഫലനമെന്ന നിലയില്‍ ജയരാജന്റെ കഥകള്‍ ആ കാലഘട്ടത്തിന്റെ കഥകള്‍ എന്ന നിലയില്‍ ചരിത്രത്തില്‍ തെളിഞ്ഞുനില്ക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ആ ചരിത്രകാലഘട്ടവുമായി അവയ്ക്കുള്ള ബന്ധത്തെ ഏറ്റവും തീവ്രതരമായി പ്രകടമാക്കാന്‍ കഴിഞ്ഞ കഥകളെന്നനിലയില്‍ക്കൂടി അവ പ്രധാനമാണ്. പില്‍ക്കാലത്തുണ്ടാവുന്ന രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങള്‍ എന്തുതന്നെയായാലും ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന രചനകളെന്ന നിലയിലാവും അവ ചരിത്രത്തില്‍ സ്ഥാനംപിടിക്കുക. എഴുപതുകള്‍ - എണ്‍പതുകള്‍ എന്ന കേരളത്തിലെ സവിശേഷമായ രാഷ്ട്രീയകാലഘട്ടത്തെ എങ്ങനെ വിലയിരുത്തിയാലും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിരുന്നുവെന്നത് അവഗണിക്കാനാവാത്ത വസ്തുതയാണ്. നിര്‍ണ്ണായകസ്വാധീനം എന്നു പറയുന്നത്, അക്കാലത്തെ എല്ലാ സാമൂഹിക-രാഷ്ട്രീയപ്രസ്ഥാനങ്ങളേയും സ്വാധീനിച്ചുവെന്ന അര്‍ത്ഥത്തിലല്ല, മായ്ചുകളയാനാവാത്ത സ്വാധീനം എന്ന അര്‍ത്ഥത്തിലാണ്. ഇത് പൊതുവില്‍ അംഗീകരിക്കപ്പെട്ടതാണ്. ഇതിനെ വിമര്‍ശനാത്മകമായി പരിശോധിക്കുമ്പോഴും ആ കാലഘട്ടത്തിലെ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സ്വാധീനത്തെ നിഷേധിക്കാനാവില്ല. അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളാണ്. ഈ കാലഘട്ടത്തിന്റെ ഏറ്റവും മികച്ച പ്രതിഫലനം എന്ന നിലയിലായിരിക്കും ജയരാജന്റെ കഥകള്‍ നിലനില്ക്കുക. ജയരാജന്റെ സ്മരണ ആ കാലഘട്ടവുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ത്തന്നെ രേഖപ്പെടുത്തപ്പെടും എന്നു് ഞാന്‍ കരുതുന്നു. മലയാളത്തിന്റെ, നമ്മുടെ, സാംസ്കാരികചരിത്രത്തിലെ ഒരു നിര്‍ണ്ണായകകാലഘട്ടത്തിലെ പ്രധാനവ്യക്തിത്വങ്ങളിലൊന്നായി ജയരാജന്‍ സ്മരിക്കപ്പെടും. ഇപ്പോള്‍ ആ കാലഘട്ടത്തിലെ രാഷ്ട്രീയം വിസ്മരിക്കപ്പെടുന്നുണ്ട്. ചരിത്രത്തിന്റെ ഒരു രീതിയാണത്. തൊട്ടടുത്ത കാലഘട്ടം പലപ്പോഴും വിസ്മരിക്കപ്പെടും. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കാലഘട്ടം വീണ്ടും വിലയിരുത്തലിന് വിധേയമാവും. വൈകാരികതകളില്ലാതെ വസ്തുനിഷ്ഠമായി വിലയിരുത്തുവാനുള്ള അകലം വരുമ്പോഴാണ് കാലഘട്ടങ്ങള്‍ ശരിയായ രീതിയില്‍ വിലയിരുത്തപ്പെടാറുള്ളത്. എഴുപതുകളും എണ്‍പതുകളും ശരിയായ രീതിയില്‍ വിലയിരുത്തപ്പെടുക, ഒരുപക്ഷേ, കുറച്ചുകൂടി കാലം കഴിഞ്ഞിട്ടായിരിക്കും. അത്തരം ഒരു ഘട്ടത്തിലായിരിക്കും ഒരു ചരിത്രഘട്ടത്തില്‍ ജയരാജന്‍ വഹിച്ച പങ്ക് ശരിയായി വിലയിരുത്തപ്പെടുക.

Subscribe Tharjani |
Submitted by PJJ Antony (not verified) on Tue, 2011-10-11 12:00.

I have great respect for the political positions UP Jayaraj held dear to him, his art of writing and above all his commitment and integrity to his convictions. Though like many others I too do not share them completely but that doesn't dilute my respect for it. Thanks to K.Venu for his intellectual honesty, integrity and his frank and bold enquiries into the political culture of our times. Thanks to Tharjani for publishing interestingly relevant write up. - PJJ Antony