തര്‍ജ്ജനി

സമാഹരണം : സുനില്‍ കെ. ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

കഥ

ഏഴ് പഴങ്കഥകള്‍

ഒന്നു്

രാജകുമാരി തുന്നാന്‍ ഉപയോഗിക്കുന്ന സൂചിക്ക് ഭയങ്കര ഗമയായിരുന്നു. ഒരിക്കല്‍ അതിന്റെ കണ്ണ് ഒടിഞ്ഞപ്പോള്‍ രാജകുമാരി അത് അടുക്കളക്കാരിക്ക് കൊടുത്തു. സൂചി വിചാരിച്ചത് അത് ട്രാന്‍ഫര്‍ വിത്ത് പ്രമോഷനാണെന്നാണ്. അടുക്കളക്കരിയുടെ സ്‌കാര്‍ഫ് കെട്ടി ഉറപ്പിച്ച സൂചി പക്ഷെ അടുക്കളയിലെ സിങ്കില്‍ വീണ് ഡ്രെയിനേജ് വഴി കറുത്ത ലോകത്തേക്ക് യാത്രയായി. അവിടെ ആകെ തിളങ്ങിയിരുന്ന സൂചിയെക്കണ്ട് എല്ലാരും വണങ്ങിയപ്പോള്‍ രാജകുമാരന്റെ കുന്തമായിരുന്നു ഞാന്‍ എന്ന് വീമ്പിളക്കി സൂചി എല്ലാവരെയും തന്നെത്തന്നെയും പറ്റിച്ച് കുറച്ച് നാള്‍ കൂടി ജീവിച്ചു.

രണ്ടു്

ഒരു മുറിയിലെ അലങ്കാരങ്ങള്‍ തമ്മിലുള്ള ത്രികോണപ്രേമമാണ് മറ്റൊരു കഥക്ക് വിഷയം. മേശവിരിമേല്‍ അടുത്തടുത്തായി സ്ഥാപിച്ചിരുന്ന രണ്ട് പാവകള്‍ തമ്മില്‍ പ്രഥമദര്‍ശനത്തില്‍ അനുരാഗബദ്ധരായി. ഫാനിന്റെ കാറ്റില്‍ തലയിളക്കിക്കൊണ്ടിരുന്ന പഴയൊരു പാവക്ക് യുവസിറാമിക്പാവകളുടെ പ്രണയം പിടിച്ചില്ല. ചുമരിലെ ചൈനീസ് മുഖമൂടിയെക്കൊണ്ട് നിന്നെ ഞാന്‍ കെട്ടിക്കും എന്ന് 'ഡാംസല്‍ ഇന്‍ ഡിസ്‌ട്രസി'നെ ഭീഷണിപ്പെടുത്തി തലയാട്ടക്കാരി. കമിതാക്കള്‍ രണ്ടും ചിമ്മിനി വഴി രക്ഷപ്പെടുന്നതും കോലാഹലത്തിനിടയില്‍ വില്ലത്തിപ്പാവ താഴെവീഴുന്നതും വീട്ടുകാര്‍ അവളുടെ തല പശ വച്ച് ഒട്ടിക്കുന്നതുമാണ് ക്ലൈമാക്‌സ്. അത് കണ്ട് ചുമരിലെ ചൈനീസ് മുഖംമൂടി ഒന്നുകൂടി ഭീകരമായി.

മൂന്നു്

നിധി കിട്ടിയ കാര്യം അയാള്‍ക്ക് ഭാര്യയോട് പറയണമായിരുന്നു. അതേസമയം ഭാര്യ മറ്റാരോടും പറയാതിരിക്കണമായിരുന്നു. അതിനയാള്‍ നിധിയിരിക്കുന്ന സ്‌ഥലത്തിനടുത്ത മരത്തില്‍ ഒരു ചത്ത മത്സ്യത്തെ കെട്ടിത്തൂക്കി. രണ്ട് മുയലുകളെ കുട്ടയിലാക്കി നദിയില്‍ കെട്ടിയിട്ടു. പിറ്റേന്ന് അങ്ങോട്ട് പോകുമ്പോള്‍ ഈ അത്ഭുതക്കാഴ്‌ചകളോടൊപ്പം അവളെ നിധിയും കാട്ടിക്കൊടുത്തു. തിരികെ ഗ്രാമത്തില്‍ വന്ന് അവള്‍ അയല്‍ക്കാരോട് നിധിയുടെ കാര്യം പറഞ്ഞു തുടങ്ങി. അയാള്‍ പറഞ്ഞു, അവള്‍ക്ക് തലക്ക് വട്ടാണ്. അവളോട് ചോദിക്ക് മറ്റെന്തൊക്കെയാണ് കണ്ടതെന്ന്. മരത്തില്‍ വളരുന്ന മീനും നദിയില്‍ വളരുന്ന മുയലുകളും നാട്ടുകാരെ അവളില്‍ നിന്ന് ഓടിച്ചു.

നാല്

സംഗീതമത്സരം നടക്കുകയാണ്. സംഗീതദേവനായ അപ്പോളോയുടെ കിന്നരമാണോ ആട്ടിടയന്‍ ഒലാന്‍ഡറിന്റെ ഓടക്കുഴലാണോ മികച്ചതെന്ന് നിരൂപിക്കാതെ വിധികര്‍ത്താക്കളായ മ്യൂസുകള്‍ കുഴങ്ങി. അപ്പോളോ ഒരു നിര്‍ദ്ദേശം വച്ചു: സംഗീതോപകരണങ്ങള്‍ തിരിച്ചു പിടിച്ച് വായിക്കുക. എന്നിട്ട് കിന്നരം തിരിച്ച് പിടിച്ച് വായിക്കാന്‍ തുടങ്ങി. ഓടക്കുഴലിന്റെ ഊതുന്ന വശം ദേവനിര്‍ദ്ദേശത്താല്‍ നിഷേധിക്കപ്പെട്ട ആട്ടിടയന് വിധി സ്വീകരിക്കേണ്ടി വന്നു.

അഞ്ച്

ചോളപ്പാടത്തായിരുന്നു ആ കുരുവി സ്വന്തം കുഞ്ഞുങ്ങള്‍ക്കായി കൂടൊരുക്കിയത്. എല്ലാവര്‍ക്കും പറക്കാന്‍ പറ്റുന്ന സമയം വരെയും ചോളക്കൊയ്‌ത്ത് നീണ്ടു പോകണേ എന്നായിരുന്നു കുരുവിയുടെ പ്രാര്‍ത്ഥന. ഒരു ദിവസം തീറ്റ തേടി പോയി തിരികെ വന്ന അമ്മയോട് കുരുവിക്കുഞ്ഞുങ്ങള്‍ പറഞ്ഞു. വല്യ കര്‍ഷകന്‍ മക്കളോട് പറയുന്നത് കേട്ടു, കൊയ്‌ത്തിന് നാളെത്തന്നെ കൃഷിക്കാരെ ഏര്‍പ്പാടാക്കാന്‍. അമ്മക്കുരുവി പറഞ്ഞു, പേടിക്കേണ്ട, നാളെ ഒന്നും സംഭവിക്കില്ല. പിറ്റേന്ന് ഒന്നും സംഭവിച്ചില്ല. ആഴ്‌ചയൊന്ന് കഴിഞ്ഞപ്പോള്‍ ഇതേ രംഗം ആവര്‍ത്തിച്ചു. പക്ഷെ പിറ്റേ മാസം പിള്ളേര് പറഞ്ഞത്, പണിക്കാരെ കിട്ടാനില്ല, നമുക്കു തന്നെ കൊയ്യാമെന്ന് വല്യകര്‍ഷകന്‍ മക്കളോട് പറഞ്ഞതായിട്ടാണ്. അമ്മക്കുരുവി പറഞ്ഞു, നമുക്കു സ്ഥലം വിടാം.

ആറ്

ആമ-മുയല്‍ ഓട്ട മത്സരത്തില്‍ ഇക്കുറി വിനയായത് മുയലിന്റെ അതിരുകവിഞ്ഞ ആത്മവിശ്വാസമല്ല. പോകും വഴി പെണ്‍മുയലുകള്‍ പഠിക്കുന്ന ഹൈസ്‌ക്കൂള്‍ പ്രശ്‌നമായി. മതിലില്‍ കുണുങ്ങിയിരുന്ന മുയല്‍മണികള്‍ മത്സരാര്‍ത്ഥിയുടെ ശരവേഗത്തെയും വീരപ്രകടനങ്ങളെയും കൈയടിച്ച് പ്രോല്‍സാഹിപ്പിച്ചു. അവരെ ചിരിപ്പിച്ചും ഇളക്കിയും ഷോ ഓഫ് തുടര്‍ന്ന മുയല്‍ സ്വയം മറന്നു. ആമ വീണ്ടും ജയിച്ചു.

ഏഴ്

ഒരു ദിവസക്കാലം മുഴുവന്‍ ഒരു പോത്തിന്‍പുറത്തിരുന്ന് വിശ്രമിച്ച ഈച്ച വൈകുന്നേരം 'ഞാന്‍ പോവുകയാണ്' എന്ന് പോത്തിനോട് യാത്ര പറഞ്ഞു. താന്‍ വന്നിരുന്നത് ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന് പോത്ത്. എക്‌സിറ്റ് ഈച്ച. ഇത്രേയുള്ളൂ നമ്മുടെ അസ്‌തിത്വം എന്ന് അത് കണ്ട് കാക്ക കരഞ്ഞു.

Subscribe Tharjani |