തര്‍ജ്ജനി

രാജേഷ്‌ ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കടലാസുകപ്പല്‍

കാട്ടിലെറിയപ്പെട്ട കുട്ടികളുടെ കഥ

കാട്ടിലകപ്പെട്ട ഹാന്‍സെലും ഗ്രെറ്റെലും പലഹാരങ്ങള്‍ കൊണ്ടുള്ള കുടില്‍ കണ്ടെത്തുന്ന കഥ ഏറെ പ്രശസ്തമാണ്. പലഹാരങ്ങള്‍ തിന്നു വിശപ്പടക്കുന്ന അവരെ വീട്ടുടമയായ കിഴവിത്തള്ള സ്നേഹം നടിച്ച് തടവിലാക്കുന്നു. തങ്ങളെ പുഴുങ്ങിത്തിന്നാനാണ് തള്ളയുടെ ഉദ്ദേശമെന്നു മനസ്സിലാക്കിയ കുട്ടികളിലൊരാള്‍ അവരെ അടുപ്പില്‍ തള്ളിയിട്ടു കൊല്ലുകയും അളവറ്റ സമ്പത്തുമായി രക്ഷപെട്ട് വീട്ടിലെത്തുകയും ചെയ്യുന്നു.

ഗ്രിം സഹോദരന്മാര്‍ നാടോടിക്കഥകള്‍ ശേഖരിച്ചത് മുത്തശ്ശിമാരില്‍നിന്നും വീട്ടമ്മമാരില്‍നിന്നുമായിരുന്നെന്നും ആ വാമൊഴി ഉറവിടങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ടാണ് അവര്‍ കഥകള്‍ രേഖപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതെന്നുമുള്ള വിശ്വാസം കാലാകാലങ്ങളായി പ്രചരിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ സമാഹാരം കൈയെഴുത്തുപ്രതിയില്‍ നിന്ന് അച്ചടിയിലേക്കും, പതിപ്പുകളില്‍നിന്നു പതിപ്പുകളിലേക്കും മുന്നേറുന്ന ഓരോ ഘട്ടത്തിലും അവര്‍ കഥകള്‍ തിരുത്തിക്കൊണ്ടിരുന്നു എന്നതാണ് വാസ്തവം. ശൈലിയിലും കഥാഗതിയിലും തെളിമയുണ്ടാക്കാന്‍ മാത്രമായിരുന്നില്ല ഈ തിരുത്തുകള്‍. കഥകളെയും കഥാപാത്രങ്ങളെയും കുട്ടികള്‍ക്കു യോജിച്ചതാക്കാന്‍ വേണ്ടി പാത്രസൃഷ്ടിയിലെ ഇരുണ്ടനിറങ്ങളും ലൈംഗികസൂചനകളും അവര്‍ മായ്ചുകളഞ്ഞു. ദുഷ്ടകഥാപാത്രങ്ങള്‍ നേരിടുന്ന അന്ത്യത്തിന്റെ ഭീകരതയ്ക്കും സത്കഥാപാ‍ത്രങ്ങളുടെ നന്മയ്ക്കും മിഴിവുപകര്‍ന്നു.

ഗ്രിം സമാഹാരത്തിന്റെ ഒന്നാമത്തെ പതിപ്പില്‍ (1812) കുട്ടികളെ കാട്ടിലുപേക്ഷിക്കുന്നത് പട്ടിണികൊണ്ടു ഗതികെട്ട സ്വന്തം മാതാപിതാക്കളായിരുന്നെങ്കില്‍ രണ്ടാമത്തെ പതിപ്പായപ്പോഴേക്ക് ദുഷ്ടയായ രണ്ടാനമ്മയുടെ നിര്‍ബന്ധത്തിനുവഴങ്ങുന്ന അച്ഛനായിത്തീര്‍ന്നു. പണ്ടൊരിക്കല്‍ ക്ഷാമവും നരഭോജനം പോലും നടമാടിയിരുന്ന ഒരു സമൂഹത്തില്‍ ഈ കഥ ഉയിരെടുക്കുമ്പോള്‍ ഭക്ഷണത്തോടുള്ള കൊതികൊണ്ട് അപകടങ്ങളില്‍ച്ചെന്നുചാടാതിരിക്കാനുള്ള പരിശീലനമായിരുന്നിരിക്കാം കുട്ടികള്‍ക്കാവശ്യം. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ജര്‍മനിയില്‍ ആ കഥകള്‍ ക്രോഡീകരിക്കുന്ന ഗ്രിം സഹോദരന്മാരുടെ ഊന്നല്‍ മാതൃത്വത്തിന്റെ പരിപാവനത്വത്തിലും പിതൃദായത്തിന്റെ വിജയത്തിലും ദൈവഭക്തിയിലുമായിരുന്നു.

ലോകത്തിന്റെ പലഭാഗത്ത് നിലനിന്നിരുന്ന മുത്തശ്ശിക്കഥകളുടെ പാഠഭേദങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചുകൊണ്ടായിരുന്നു അതേ കഥകളുടെ പുതിയഭാഷ്യങ്ങളുമായി ഗ്രിം സഹോദരന്മാരുടെ സമാഹാരം രണ്ടുനൂറ്റാണ്ടു നീണ്ടുനിന്ന ജൈത്രയാത്ര നടത്തിയത്. ഈ കഥകള്‍ മനുഷ്യരാശിയുടെ പൊതുപൈതൃകത്തിന്റെ ഭാഗമായിമാറിയപ്പോള്‍, അവയുടെ പുനരാഖ്യാനങ്ങളുമായി അനവധി എഴുത്തുകാരും ചിത്രകാരന്മാരും നാടകകൃത്തുക്കളും ചലച്ചിത്രകാരന്മാരും മുന്നോട്ടുവന്നു. ജര്‍മന്‍ സാംസ്കാരികത്തനിമയിലും മഹത്വത്തിലും വിശ്വസിച്ചിരുന്ന ഗ്രിം സഹോദരന്മാരുടെ കഥകള്‍ നാസി സാമ്രാജ്യത്തിനു പ്രിയപ്പെട്ട നാട്ടുപഴമകളായിത്തീര്‍ന്നുവെങ്കില്‍ നാസികളെ പരാജയപ്പെടുത്തിയ രാജ്യങ്ങളിലെ കഥാകാരന്മാര്‍ ഗ്രിം കഥകളിലെ ഹിംസാത്മകതയെ നാസിസവുമായി ബന്ധപ്പെടുത്തി പൊളിച്ചെഴുതാന്‍ തുനിയുകയാണുണ്ടായത്. സ്വന്തം കുട്ടികളെ കാട്ടിലുപേക്ഷിക്കുന്ന അച്ഛനമ്മമാരില്‍ സ്വന്തം ജനതയെ കൂട്ടക്കൊലയിലേക്കയച്ച പ്രവൃത്തിയുടെ പ്രതിഫലനം കണ്ട ആന്‍ സെക്സ്റ്റന്‍ ഒരുദാഹാരണം മാത്രം.

പറഞ്ഞിട്ടും പറഞ്ഞിട്ടും പണിതീരാത്ത ഈ കഥകളിലേക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കാഥികരുടെ ഏറ്റവും പുതിയ തലമുറകളും ചെന്നെത്തുകയാണ്.

ബ്രിട്ടിഷ്-കനേഡിയന്‍ കഥാകാരിയായ എമ്മാ ഡോണഹ്യൂവിന്റെ മന്ത്രവാദിനിയെ ചുംബിയ്ക്കല്‍ എന്ന സമാഹാരം (1997) പതിമൂന്നു യക്ഷിക്കഥകളുടെ ഫെമിനിസ്റ്റ്-ലെസ്ബിയന്‍ പൊളിച്ചെഴുത്താണ്. രണ്ടോ മൂന്നോ കഥകള്‍ വായിച്ചുകഴിയുമ്പോള്‍ ബാക്കിയുള്ളവയുടെ പോക്ക് ഊഹിച്ചെടുക്കാമെന്നുള്ളത് ഒരു കുറവായി പറയാമെങ്കിലും പഴയ കഥകളിലുടനീളം പതിയിരിക്കുന്ന സ്ത്രീവിരുദ്ധതയുടെ സാന്നിദ്ധ്യം ഇത്തരമൊരു സമീപനത്തിനു സാധുതപകരുന്നുണ്ട്. ഡോണഹ്യൂവിന്റെ ഹാന്‍സെലിനെയും ഗ്രെറ്റെലിനെയും കാട്ടിലെറിയുന്ന അമ്മയെ അതിനു പ്രേരിപ്പിക്കുന്നത് ദുഷ്ടനായ രണ്ടാനച്ഛനാണ്. അവര്‍ക്ക് അഭയംകൊടുക്കുന്ന കരുണയുള്ള സ്ത്രീ, കൌമാരക്കാരനായ ഹാന്‍സെലിന്റെ ശല്യംസഹിക്കാതെ വരുമ്പോഴാണ് അവനെതിരെ തിരിയുന്നത്. ഒടുവില്‍, സഹോദരനെ രക്ഷപെടുത്തുന്നുണ്ടെങ്കിലും കാട്ടിലെ സ്ത്രീയുടെകൂടെ (അവരുടെ കാമുകിയായി?) കഴിയാന്‍ ഈ കഥയിലെ ഗ്രെറ്റെല്‍ തീരുമാനിക്കുന്നു.

ഓസ്ട്രേലിയന്‍ കാഥികനായ ഗാര്‍ത്ത് നിക്സിന്റെ “ഹാന്‍സെലിന്റെ കണ്ണുകള്‍” (2000) എന്ന കഥയില്‍ കുട്ടികള്‍ ഉപേക്ഷിക്കപ്പെടുന്നത് കാടിനെക്കാളും ഭീകരമായ ഒരു നഗരത്തിലാണ്. സോണി പ്ലേസ്റ്റേഷന്‍ വീഡിയോ ഗെയിമുകളുടെ ഒരു കടയാണ് പലഹാരക്കുടിലിനുപകരം അവരുടെ മുമ്പിലുയരുന്ന ആകര്‍ഷണം. കുട്ടികളെ തടവിലാക്കുന്ന സ്ത്രീയ്ക്ക് ആവശ്യം അവരുടെ ജീവനുറ്റ കണ്ണുകളാണെന്നതും ശ്രദ്ധേയമാണ്.
പുതിയ തലമുറകള്‍ക്കുമുമ്പില്‍ പുതിയ പുതിയ അപകടങ്ങള്‍ രൂപംകൊള്ളുമ്പോഴും, പഴമയുടെ ജീര്‍ണ്ണത കുടഞ്ഞെറിയാനാകാതെ നിത്യജീവിതത്തിനുമേല്‍ കുമിയുമ്പോഴും കുട്ടിക്കഥകള്‍ വീണ്ടും വീണ്ടും പുതിയ അവതാരങ്ങളെടുക്കുന്നു, അവസാനമില്ലാതെ.

Subscribe Tharjani |
Submitted by Calvin (not verified) on Tue, 2011-10-18 06:41.

ഹാന്‍സല്‍ ഗ്രേറ്റല്‍ ന്റെ മൂവീ വേര്‍ഷന്‍ ഇന്നാളു വീണ്ടും കണ്ടതേയുള്ളൂ. അതില്‍ കുട്ടികള്‍ കാട്ടിലുപേക്ഷിക്കപ്പെടുകയല്ല, ഗതികേടു മൂലം സ്വന്തം അമ്മ തന്നെ ദേഷ്യം കൊണ്ട് പറഞ്ഞയക്കുന്നതാണ്

http://www.youtube.com/watch?v=xl5wQFGdEzs

Submitted by Rajesh (not verified) on Tue, 2011-10-18 06:57.

കാല്‍വിന്‍,

മുകളില്‍ പറഞ്ഞതുപോലെ, ഗ്രിം സഹോദരന്മാര്‍ ആദ്യം പുസ്തകത്തിലാക്കിയ കഥയില്‍ സ്വന്തം മാതാപിതാക്കള്‍ തന്നെയായിരുന്നു. എന്നാല്‍, മാതൃത്വത്തിനു വിശുദ്ധികല്പിക്കാനുള്ള ശ്രമത്തില്‍ അവര്‍ തന്നെ അതു പിന്നീടു രണ്ടാനമ്മയാക്കി. രണ്ടാനമ്മമാരും പിതാവിന്റെ മക്കളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ സിന്‍ഡറെല്ല, സ്നോവൈറ്റ് തുടങ്ങി ഒട്ടേറെ മുത്തശ്ശിക്കഥകളിലെ വിഷയമാണ്. പ്രസവത്തെ തുടര്‍ന്നു സ്ത്രീകള്‍ മരിക്കുന്നത് സാധാരണമായിരുന്ന അന്നത്തെ കാലത്ത് പുനര്‍വിവാഹങ്ങളും പല ഭാര്യമാരുടെ മക്കള്‍ തമ്മില്‍ പിതൃസ്വത്തിന്റെപേരിലുണ്ടാകുന്ന അവകാശത്തര്‍ക്കങ്ങളും സുലഭമായിരുന്നു എന്നു ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. പിതാവിന് സ്വത്തിന്മേലുള്ള പരമാധികാരത്തെപ്പറ്റി ഊന്നിപ്പറയുന്നത് പല കഥകളുടെയും ലക്ഷ്യമായിരുന്നു.

ഈ രണ്ടാനമ്മയെ വീണ്ടും തിരികെ അമ്മയാക്കാന്‍ ഇന്നത്തെ പാശ്ചാത്യസമൂഹം ശ്രമം തുടങ്ങിയിരിക്കുന്നു. ഇതും മാറിയ സമൂഹം കഥകളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്നു കാണാന്‍ കഴിയും. വിവാഹമോചനങ്ങള്‍ മൂലം രണ്ടാനമ്മമാരും രണ്ടാനച്ഛന്മാരും ധാരാളമുണ്ടാകുന്ന പശ്ചാത്തലത്തില്‍ അവരെ ദുഷ്ടകഥാപാത്രങ്ങളാക്കുന്ന കഥകള്‍ കുട്ടികള്‍ വായിച്ചാല്‍ കുടുംബങ്ങളില്‍ വിശ്വാസക്കുറവും സ്വരച്ചേര്‍ച്ചയില്ലായ്മയും പരന്നേക്കും എന്നതാവണം ഈ പുതിയ പ്രവണതയ്ക്കുപിന്നില്‍.