തര്‍ജ്ജനി

സംപ്രീത

ഇ മെയില്‍: sampreethakesavan@gmail.com

Visit Home Page ...

കവിത

അയണ്‍

മരണത്തിന്റെ മണവുമായി അതു വരുന്നു
പിന്നെയും പിരിയുമെന്ന്,
സാദ്ധ്യതകള്‍ ഇല്ലെന്ന്.

ഓര്‍ക്കണം ഓരോ ഭൂതകാലവുമെന്നുപറഞ്ഞിട്ടും
കേള്‍ക്കാന്‍ മടിച്ചതിനു മറുപടിയായി
കൂര്‍ത്തുവീര്‍ക്കുന്ന അനുഭവം എന്ന വഴിമുള്ളുമായി,
മാറിച്ചവിട്ടുന്നിടത്തും കുത്തിക്കുത്തി,
ചോരയെ മണ്ണില്‍ കുഴച്ച്,
ചത്തുകൂടെ എന്ന് ആജ്ഞാപിച്ച്,
ഈ പ്രതീക്ഷയുടെ തുരുമ്പന്‍പാലത്തിലേക്ക്‌.

നെഞ്ചില്‍നിന്നൂരാന്‍നോക്കിയ സ്വപ്നങ്ങള്‍ നട്ടെല്ലിനുതറച്ച്
ഋതുവിന്റെ, കന്യകയുടെ, ചോര കുതിരുന്നു
എല്ലാ നനവും ഓടകളായി അടിഞ്ഞ്‌ കരിക്കട്ടയാകുന്നു
നഷ്ടത്തെക്കാള്‍ വലിയതാണോ ഇഷ്ടം? എന്ന്‍
വാശിപിടിക്കുന്നു.

ഒഴുക്കിന്റെ തുടക്കത്തിലേക്ക്
ഒരു ചാട്ടം.
ഈ തുരുമ്പൊടിയുന്നു
പരിസരമാകെ ആ മണം.
ഇരുമ്പിന്റെ,ചുംബിച്ച് ഒപ്പിയ
ഋതുവിന്‍റെ മണം

Subscribe Tharjani |
Submitted by അനൂപ്. പി.കെ (not verified) on Wed, 2011-10-12 23:11.

വ്യക്തിദുഃഖത്തിന്റെ സാന്ദ്രമായ തലം ആവിഷ്കരിക്കുന്ന ഈ രചനയ്ക്ക് നന്ദി, എഴുത്തുകാരിക്കും തര്‍ജ്ജനിക്കും.