തര്‍ജ്ജനി

സപ്ന അനു ജോര്‍ജ്ജ്

ഇ മെയില്‍: sapna_george@hotmail.com

Visit Home Page ...

ലേഖനം

മരങ്ങള്‍ക്കും കവിതകള്‍ക്കുമിടയിലെ വിത്സന്‍

കവിതയും മരവും തന്റെ ജീവിതത്തെ മാറ്റി എഴുതുന്നതില്‍ നിര്‍ണ്ണായകപങ്ക് വഹിച്ചിട്ടുണ്ട് എന്നു വിശ്വസിക്കുന്ന കവിയാണ് കുഴൂര്‍ വിത്സന്‍. അതിനാല്‍ കവിതയെ മരവുമായി ബന്ധിപ്പിച്ച് poeTree നിര്‍മ്മിച്ചിരിക്കയാണ് ഈ കവി. ഇവ രണ്ടും ഇല്ലാതെ ഞാനില്ല എന്നു് വിത്സന്‍ തീര്‍ത്തുപറയുന്നു. കവിതയുടെയും മരത്തിന്റെയും ഒരുമിച്ചുള്ള വേദിയാണു “പോയട്രീ”. കുഴൂര്‍ വിത്സന്‍ എന്ന വ്യക്തിയുടെ ക്രിയാത്മകജീവിതത്തിന്റെ ഒരു പ്രദര്‍ശനവേദി എന്നും പറയാം. സ്വയം വികസിപ്പിച്ച ആശയം മാത്രമാണ് “poeTree“ എന്ന ഈ വാക്ക്. നല്ല ഒരു കര്‍ഷകനായിരുന്ന ഒരു അപ്പന്റെ മകന്‍ ഇത്രമാത്രം മരത്തെ പ്രണയിച്ച്, അതിലലിഴുകിച്ചേര്‍ന്നില്ലെങ്കിലെ അത്ഭുതം ഉള്ളു. “മണ്ണ് രുചിച്ച് നോക്കി വളമൊക്കെ തീരുമാനിക്കുമായിരുന്നു കക്ഷി“ എന്ന് വിത്സന്‍ പറയുന്നു.

കൊടകിലെ മരംവെട്ടുകാരുടെ നോട്ടക്കാരന്‍. മരങ്ങളെക്കുറിച്ചൊക്കെ നല്ല പിടിപാടുണ്ടായിരുന്നു. അപ്പന്‍ വെട്ടിയ മരങ്ങള്‍ക്ക് വേണ്ടി കൂടിയാകണം
വിത്സന്റെ ചില മരക്കവിതകള്‍. കവിതകള്‍ക്ക് മരത്തില്‍ ആരു കൂടോത്രം കൊടുത്തു എന്നുള്ളതിനു തല്ക്കാലം ഇതല്ലാതെ ഇപ്പോള്‍ മറുപടിയില്ല. ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ മരമായി ജനിക്കണം എന്നത് കാല്പനികമായ വെറും സ്വപ്നം മാത്രമല്ല വിത്സന്.

കവിത, കുറിപ്പുകള്‍, വാര്‍ത്ത, കവിതചൊല്ലല്‍ അങ്ങനെ എല്ലാത്തിനുമായി പത്തോളം ബ്ലോഗുകള്‍ ഉണ്ട്, വിത്സണ്. അവയ്ക്ക് ഒരു പൊതുവേദി, അല്ലെങ്കില്‍ പുതിയ കാലത്ത് വളര്‍ന്നുവരുന്ന ഒരു എഴുത്തുകാരന്റെ ഇടം എന്നും ഇതിനെ വിളിക്കാം. വിത്സന്‍ എന്ന വ്യക്തിയുടെ പര്യായമാണ് ഈ വെബ്സൈറ്റ്. അതിലൂടെ കടന്ന് പോകുന്നവര്‍ക്കു ഒരു പകുതിയെങ്കിലും പിടികിട്ടും. അല്ലെങ്കില്‍ത്തന്നെ ഒരു മനുഷ്യനെ മുഴുവനായി ആര്‍ക്കാണു്
മനസ്സിലാക്കാനാവുക? “എനിക്ക് തന്നെ എന്നെ പിടികിട്ടിയിട്ടില്ല‘ വിത്സന്‍ പറയുന്നു.

ഏഷ്യനെറ്റില്‍ നിന്നും എഫ് എമ്മിലേക്കുള്ള ദൂരം അളന്നു തിട്ടപ്പെടുത്താനായിട്ടില്ല, ഇന്നും. മലയാളം അക്ഷരമാല ഇപ്പോഴും ക്രമമായി എഴുതാന്‍ അറിയില്ല. മലയാളം വാക്കുകളുടെ ഉച്ചാരണം നേരെയാക്കാന്‍ ചെറുപ്പത്തില്‍ ആരും ഉണ്ടായിരുന്നുമില്ല. എന്നിരുന്നാലും ഒരു റേഡിയോ വാര്‍ത്താവായനക്കാരന്‍ എന്ന നിലയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുകയാണു് വിത്സന്‍, അതും തരക്കേടില്ലാത്ത ജനകീയതയോടെ തന്നെ. വാര്‍ത്താവായനയില്‍ മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന വാര്‍ത്തകള്‍ ‘വായിക്കുന്നത് മാവേലിക്കര രാമചന്ദ്രന്‍’, ആദ്യമായി വാര്‍ത്ത വായിക്കാന്‍ പറഞ്ഞ ചന്ദ്രസേനന്‍സാറിന്റെ അവതരണം എന്നിവ ഓര്‍ക്കുന്നു. വാര്‍ത്താവായനയില്‍ ഇത് എട്ടാം വര്‍ഷമാണു്.

ജോലി തെരഞ്ഞാണു് വിത്സന്‍ ഗള്‍ഫില്‍ എത്തിയത്. കോളേജ് കാലത്തേ തുടങ്ങിയ മാദ്ധ്യമപ്രവര്‍ത്തനം മാത്രമായിരുന്നു ആകെ അറിയാവുന്ന പണി. കോളേജില്‍ പഠിക്കുമ്പോള്‍ തൃശ്ശൂരില്‍ നിന്നും ഇറങ്ങിയിരുന്ന എക്സ്പ്രസ്സ് ദിനപത്രത്തിന്റെ പ്രാദേശികലേഖകനായിരുന്നു. യു. എ. ഇയില്‍ വന്ന് ആദ്യഇന്റര്‍വ്യൂവില്‍ത്തന്നെ ഏഷ്യാനെറ്റ് റേഡിയോയില്‍ വാര്‍ത്താവായനക്കാരന്‍. ചന്ദ്രസേനന്‍സാര്‍ തന്ന നിര്‍ദ്ദേശങ്ങള്‍ മനസ്സില്‍ ഇന്നും കോറിയിട്ടിട്ടുണ്ട്. വായിക്കാന്‍ ആദ്യം വാര്‍ത്ത എടുത്തുതന്നത് ഇപ്പോഴും ഓര്‍ക്കുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ആനിമോളാണു് ആദ്യം വാര്‍ത്ത എഴുതാന്‍ തന്നത്, പിന്നെ ഏഴ് വര്‍ഷങ്ങള്‍...“.

“ഗള്‍ഫില്‍ വാര്‍ത്താവായനക്കാരന്‍ എന്ന നിലയില്‍ 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒരു പുസ്തകം എഴുതണം“ വിത്സന്‍ പറയുന്നു. അതിലേക്ക് എഴുതിച്ചേര്‍ക്കാന്‍ കുറെയുണ്ട് ഉള്ളില്‍.“ആടുജീവിതത്തിലെ നജീബുമായുള്ള ആദ്യറേഡിയോവര്‍ത്തമാനം ഉള്‍പ്പടെ ഉച്ചാരണശുദ്ധിയില്ലാതിരുന്ന ഈയുള്ളവനെ ചിലരുടെയെങ്കിലും പ്രിയവാര്‍ത്താവായനക്കാരനാക്കി മാറ്റിയ ശക്തിക്ക് ഉള്ളാലെ നന്ദി. എഷ്യാനെറ്റില്‍ നിന്ന് എഫ് എമ്മിലേക്കുള്ള ദൂരം ജീവിതത്തിലെ ദൂരം കൂടിയാണെന്ന് വിത്സന്‍ വിശ്വസിക്കുന്നു. സ്വാഭാവികമായ ഒന്ന്. എ.എമ്മില്‍ ചങ്ക് പൊട്ടിയാണു് ഓരോ വാക്കും ഉച്ചരിച്ചിരുന്നത് എന്ന് മാത്രം ഇപ്പോള്‍ പറയാം, ബാക്കി പിന്നെ!

“മരം എന്ന ജീവനുമായുള്ള ബന്ധം പലയാവര്‍ത്തി വിവരിച്ചിട്ടുള്ളതാണ്. അപ്പന്‍ കുറെക്കാലം കൂപ്പിലായിരുന്നു. ‘അറക്കക്കാരന്‍‘എന്ന വിളിപ്പേരും പുള്ളിക്കുണ്ടായിരുന്നു. അപ്പനു മരങ്ങളോട് നല്ല സ്നേഹവും ആയിരുന്നു. വിശേഷദിവസങ്ങളില്‍ ഒക്കെ അപ്പന്‍ ഞങ്ങള്‍ മക്കളെ പറഞ്ഞ് വിടും മരങ്ങളെ കാണാന്‍. അവര്‍ക്കും ഓണവും വിഷുവും ഒക്കെ ഉണ്ടെന്നാണു പുള്ളിയുടെ മതം". അതിന്റെ ഒരു തുടര്‍ച്ചയാകണം വിത്സന്റെ വൃക്ഷപ്രതിപത്തി. പിന്നെ നോക്കിനോക്കിനില്ക്കേ ഇത്രയും സൗന്ദര്യം വേറെ എന്തിനുണ്ട്? വേണമെങ്കില്‍ പരീക്ഷിച്ചോളൂ എന്നും വിത്സന്‍. തണല്‍, പഴം, വിത്ത്, വീടിന്റെ ഭാഗങ്ങള്‍, മരം മനുഷ്യന്റെ അടിസ്ഥാനം എന്നതിനു ഒട്ടേറെ സാക്ഷ്യങ്ങള്‍ ഉണ്ട്. ഏദന്‍ തോട്ടത്തിലെ മരം, കുരിശുമരം, ബുദ്ധന് ജ്ഞാനോദയം നല്കിയ മരം, അങ്ങനെ എത്രയെത്ര കഥകള്‍!! “ഞാന്‍ ഒരു മനുഷ്യനാണു്, മരമാകാന്‍ കൊതിയും. സ്നേഹിക്കുന്ന,
ആരാധിക്കുന്ന, പൂജിക്കുന്ന, ഉമ്മ കൊടുക്കുന്ന, എന്തിനു കാമിക്കുന്ന മരങ്ങള്‍പോലും ജീവിതത്തില്‍ ഉണ്ട് “ എന്ന് വിത്സന്‍ തീര്‍ത്തു പറയുന്നു.

“കൂട്ടുകാര്‍ ഇല്ലാതെ ഞാനില്ല. ആരാധകരുടെ കാര്യം അറിയില്ല”വണ്ടിയില്‍ കയറിയിരിക്കുന്നത് വിത്സനാണെന്ന് അറിഞ്ഞ് വഴി മറന്ന് പോയ ഒരു ടാക്സിക്കാരനെ ഇന്നും ഓര്‍ക്കുന്നു, വണ്ടിക്കാശ് വാങ്ങില്ലയെന്ന് ഉറപ്പിച്ചുപറഞ്ഞ ആ ശബ്ദവും. “മലയാളകവിതയില്‍ ഏറ്റവുമാദ്യം ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ അഞ്ച് ബ്ലോഗുകളില്‍ ഒന്ന് വിത്സണിന്റെതാണ്. ബ്ലോഗിനെ പരിഹസിച്ചും പുച്ഛിച്ചും അവതരിപ്പിച്ച ഒരു റേഡിയോ ‘റ്റോക്കിലൂടെയാണു്‘ ബ്ലോഗിലേക്ക് വരുന്നത്. അഞ്ച് വര്‍ഷം മുമ്പ് അന്ന് മലയാളത്തില്‍ ഉണ്ടായിരുന്ന അമ്പതോളം ബ്ലോഗര്‍മാര്‍ പിന്നീട് പലതരത്തില്‍ വിത്സന്റെ കൂട്ടുകാരായി. വിശാലമനസ്ക്കന്‍, കുറുമാന്‍, കൈപ്പിള്ളി തുടങ്ങിയവര്‍. അന്ന് ബ്ലോഗിനുവേണ്ടി വാദിച്ച സമീഹ എന്ന പെണ്‍കുട്ടിയാണു ഇ-ലോകത്തേക്ക് വിത്സണെ കൊണ്ടുവന്നത്. സുഹൃത്തുക്കള്‍ എത്രയെന്ന് വിത്സനുതന്നെ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കില്ല എന്നു തീര്‍ച്ചയാണ്.

വിമര്‍ശകനും കവിയും ബ്ലോഗറുമായ രാജു ഇരിങ്ങലിന്റെ അഭിപ്രായത്തില്‍ “സൈബര്‍ലോകത്തെ മലയാളം സെലിബ്രിറ്റികളില്‍ പ്രധാനിയാണ് കുഴൂര്‍ വിത്സന്‍. കവിത, അത് മരത്തിലും മാനത്തും കടലിലും കണ്ടെടുക്കുന്നവന്‍“. പ്രകൃതിയെ അടുത്തറിയുന്നവനെപ്പോലെയൊ പ്രകൃതിയുടെ കൂട്ടുകാരനോ ആവാന്‍ കൊതിക്കുന്ന വിത്സന്‍ സമീപകാലത്ത് ഏറെയും മരക്കവിതകളാണ് എഴുതിയിട്ടുള്ളത്. ഒരു സുഹൃത്ത് എന്ന് പറയുന്നതിനേക്കാള്‍ എനിക്ക് എന്റെ മനസ്സിനോട് സംസാരിക്കുമ്പോലെ എന്തും തുറന്നുപറയാന്‍ എളുപ്പത്തില്‍ സ്നേഹിക്കാന്‍ പറ്റിയ തീര്‍ത്തും പച്ചയായ ഒരു മനുഷ്യനാണ് കുഴൂര്‍ വിത്സന്‍.

വാര്‍ത്തകളുടെ കൂ‌ടെ കൂട്ടുചേരാറുണ്ട് വിത്സന്‍. കൂടെ ചിരിക്കുകയും കരയുകയും ചെയ്യാറുണ്ട്. ചിത്രച്ചേച്ചിയുടെ മകള്‍ നന്ദന മരിച്ച വാര്‍ത്ത വായിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞില്ല എന്നേയുള്ളൂ. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ വാര്‍ത്ത വായിച്ചപ്പോള്‍ ശരീരംപോലും വേറെ രീതിയിലായിരുന്നു. സ്പിരിറ്റ് പിടികൂടിയ വാര്‍ത്ത വായിച്ചപ്പോള്‍ എന്റെ വായില്‍ വെള്ളം നിറഞ്ഞുവെന്നുള്ളത് കൂട്ടുകാരനായ വടക്കാഞ്ചേരിയുടെ തമാശയാണ്. ചിലയിടങ്ങളില്‍ ചിരിയടക്കാന്‍ കഴിയാതെ വാര്‍ത്താവായന പോലും മുറിഞ്ഞുപോയിട്ടുണ്ട്.

വിത്സന്റെതായ ചില കാഴ്ചപ്പാടുകള്‍ നമ്മെ അലോസരപ്പെടുത്തിയേക്കാം. “ശബരിമല, മൂകാംബിക തുടങ്ങിയ ഇടങ്ങള്‍ എന്നും വിളിച്ചുകൊണ്ടിരിക്കും, പോകാറുമുണ്ട്. ആളൊഴിഞ്ഞ പള്ളിപോലെ, അതിനേക്കാള്‍ പ്രിയമാണു് അമ്പലങ്ങളോട്, പരിസരങ്ങളോട്. പെണ്‍ക്രിസ്തു പോലെ ഉള്ളിലുള്ള ഒരു ഈശ്വരനാണു് ഭാരതീയനായ ക്രിസ്തുവെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. “അമ്പലത്തിനുള്ളിലെ യേശുപ്രതിഷ്ഠ“- ഇത് വായിച്ചാല്‍ ആര്‍. എസ്. എസ് കാരും സഭക്കാരും കൊല്ലാന്‍ വരികയൊന്നും വേണ്ട. ഉള്ളില്‍, കവിതയില്‍ പണിഞ്ഞ ഒന്നിനെ ആര്‍ക്കും പൊളിക്കാന്‍ കഴിയില്ലല്ലോ.“തങ്ങളാണു ശരിയെന്ന് എല്ലാവര്‍ക്കും തോന്നാം. തങ്ങള്‍ മാത്രമാണു് ശരിയെന്ന് തോന്നല്‍ തീവ്രവാദമാണ്”.

എല്ലാ മേഖലയിലെയും ചില ആളുകളുടെ വീമ്പുകള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ തോന്നും. തങ്ങള്‍ക്കുശേഷമുള്ള പ്രളയത്തെക്കുറിച്ചുള്ള വിലാപങ്ങളെക്കുറിച്ച് തന്നെ. എന്റെ പ്രായത്തില്‍ ഉള്ളവരുടെ നീതിബോധവും നന്മയും സ്നേഹവും ദേശീയതയും കഴിവും പ്രതിഭയും ഒക്കെ തെളിയിച്ച ആളാണു് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കപില്‍ദേവിനു ശേഷം, സച്ചിന്‍ ഒരു തലമുറയുടെ സത്യം കാണിച്ചത് ക്രിക്കറ്റിലൂടെയാണെങ്കില്‍
മറ്റ് മേഖലകളില്‍ അത് വരാനിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. അത് കൃഷിയിലും കുടുംബത്തിലും പൊതുപ്രവര്‍ത്തനരംഗത്തും വാര്‍ത്തയിലും കവിതയിലും ഒക്കെ വരിക തന്നെ ചെയ്യും“. തന്റെ വിശ്വാസങ്ങള്‍ ശരിയാണ് എന്ന് വസ്തുനിഷ്ടമാണെന്നു് വിത്സന്‍ പറയാതെ തന്നെ നമുക്ക് തീരുമാനിക്കാം എന്നു തോന്നുന്നു.

മുല്ലക്കാട്ട്‌ പറമ്പില്‍ ഔസേപ്പിന്റെയും അന്നകുട്ടിയുടെയും മകനായി 1975 സെപ്റ്റംബര്‍ 10 നു് തൃശ്ശൂര്‍ ജില്ലയിലെ കുഴൂരില്‍ ജനിച്ചു. ശ്രീകൃഷ്ണവിലാസം
എല്‍. പി. സ്ക്കൂള്‍, എരവത്തൂര്‍, ഐരാണിക്കുളം സര്‍ക്കാര്‍ സ്ക്കൂള്‍, പനമ്പിള്ളി സ്മാരക സര്‍ക്കാര്‍ കോളേജ്, സെന്റ്‌ തെരസാസ്‌ കോളേജ്‌ കോട്ടയ്ക്കല്‍, എസ്‌. സി. എംസ്‌ കൊച്ചിന്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. ചന്ദ്രിക ദിനപത്രം, ഡി-നെറ്റ്, കലാദര്‍പ്പണം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. മുമ്പ് ഏഷ്യാനെറ്റ് റേഡിയോയില്‍ വാര്‍ത്താ അവതാരകനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ യു.എ.യിലെ ഗോള്‍ഡ് 101.3 എഫ്.എമ്മിന്റെ ന്യൂസ് ഹെഡ്. ദുബായി പ്രസ് ക്ലബ് അംഗവും ദുബൈ മീഡിയ ഫോറം എക്സിക്യൂട്ടീവ് അംഗവുമാണ്.

മുപ്പത്തഞ്ച് വയസ്സിനിടയ്ക്ക് മറ്റ് മനുഷ്യരെപ്പോലെ, സാധാരണവും അസാധാരണവുമായ നിരവധി നിമിഷങ്ങളിലൂടെ കടന്നുപോന്നിട്ടുണ്ട്. മൂന്ന് വിവാഹങ്ങള്‍ അതിലൊന്നാണു്. ഒന്ന് പഠിക്കുന്ന കാലത്ത് വീട്ടുകാരറിയാതെ. രണ്ട് അമ്മയുടെ സമാധാനത്തിനു പള്ളിയില്‍ വെച്ച്. മൂന്ന് ഗള്‍ഫിലെ ഫാമിലി സ്റ്റാറ്റസ് രേഖകള്‍ ശരിയാക്കാന്‍ രജിസ്റ്റര്‍ ഓഫീസില്‍. മൂന്നിലും പെണ്‍കുട്ടി മേരി തന്നെയാണെന്നത് സന്തോഷം തരുന്നു. "ഉറക്കം ഒരു കന്യാസ്ത്രീ (ഖനി ബുക്സ്), ചിത്രകാരന്‍ സി.സുധാകരനുമായി ചേര്‍ന്ന് സ്ക്കൂളിനെക്കുറിച്ചുള്ള ചെറുകാവ്യം -" ഇ" (പാപ്പിയോണ്‍), "വിവര്‍ത്തനത്തിനു ഒരു വിഫലശ്രമം" (പ്രണത) ഹരിതകം.കോം പ്രസിദ്ധീകരിച്ച 10 കവിതകള്‍ അടങ്ങിയ ഇ-ബുക്ക്‌ എന്നിവയാണു് കൃതികള്‍. www.kuzhur.com ആണ് വെബ്ബ് പേജ്.

Subscribe Tharjani |
Submitted by Justin Jacob (not verified) on Mon, 2011-10-10 23:20.

നന്നായി എഴുതി

Submitted by Sapna Anu B. George (not verified) on Tue, 2011-10-11 11:00.

നന്ദി ജസ്റ്റിന്‍

Submitted by PJJ Antony (not verified) on Tue, 2011-10-11 11:51.

Pleasant reading on an interesting poet and a colourful person and my friend Kuzhur Wilson. Thanks to Sapna Anu George for the highly readable article.

Submitted by Reeni Mambalam (not verified) on Fri, 2011-10-14 06:03.

Sapna, thank you for letting us know more about Kuzhur Wilson.
Good article!

Reeni Mambalam