തര്‍ജ്ജനി

രാജേഷ് ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കടലാസുകപ്പല്‍

ഓണത്തിന് ഇത്തിരി കോസ്മിക് ഹൊറര്‍

രാജേഷ് ആര്‍. വര്‍മ്മയുടെ കോളം കടലാസുകപ്പല്‍ ആരംഭിക്കുന്നു

ഇതെഴുതുന്ന സമയത്ത്, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പല്‍ശേഖരത്തിന്റെ അവ്യക്തചിത്രം പുറത്തായതിനെത്തുടര്‍ന്ന്, രാജഭക്തിയുടെയും രാജവിരോധത്തിന്റെയും തിരമാലകള്‍ സമൂഹമനസ്സില്‍ ഏറ്റുമുട്ടുന്നതിന്റെ കലമ്പം മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുകയാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരം-കന്യാകുമാരി യാത്രയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രവും നെയ്യാര്‍ ഡാമും കണ്ടത് ഒരേ ദിവസമായതുകൊണ്ടാവാം, എന്റെ മനസ്സില്‍ പടുകൂറ്റന്‍ പത്മനാഭവിഗ്രഹവും നെയ്യാര്‍ ഡാം മ്യൂസിയത്തിലെ തിമിംഗലത്തിന്റെ പ്രതിമയും തമ്മില്‍ എപ്പൊഴോ കലര്‍ന്നുപോയിട്ടുണ്ട്. മൂന്നു നടകളിലായി മൂന്നു ഭാഗങ്ങള്‍ മാത്രം കാണാവുന്ന ഭീമാകാരവും ഒട്ടൊക്കെ ഭീകരവുമായ അനന്തശയനവിഗ്രഹത്തിന്റെ പിറകിലെ ഇരുട്ടിലുണ്ടെന്ന് ഐതിഹ്യങ്ങള്‍ പറയുന്ന ആഴക്കടലും തിമിംഗലപ്രതിമയുടെ പിന്നിലെ ഭിത്തിയില്‍ വരച്ചുവെച്ചിരുന്ന തിരയടിക്കുന്ന കടലും ഓര്‍മ്മയില്‍ സംഗമിച്ചിരിക്കുന്നു.

കരയ്ക്കുകയറിക്കിടക്കുന്ന തിമിംഗലത്തെപ്പോലുള്ള പത്മനാഭവിഗ്രഹം ഈയിടെ ഓര്‍മ്മവന്നത് നീല്‍ ഗെയ്മന്റെ (Neil Gaiman) ‘മരതകവര്‍ണ്ണത്തില്‍ ഒരു ചിത്രം’ (A Study in Emerald) എന്ന കഥ വായിച്ചപ്പോഴാണ്. ഈ കഥയില്‍ രണ്ടു ഭീമാകായമായ ജലജീവികള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്നാമത്തേത് ‘അഫ്ഘാനിസ്ഥാനിലെ ദൈവങ്ങള്‍ക്കും മനുഷ്യര്‍ക്കുമെതിരെ’ നടക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കാന്‍ ആഖ്യാതാവ് പോകുമ്പോള്‍ ഒരു ഭൂഗര്‍ഭതടാകത്തില്‍വെച്ചാണെങ്കില്‍ രണ്ടാമത്തേത്, ലണ്ടനിലെ ഒരു കൊട്ടാരമുറിയുടെ ഇരുട്ടിലാണ്. രണ്ടാമത്തെ അഭൌമജീവി വിക്ടോറിയാ ചക്രവര്‍ത്തിനിയാണെന്നതാണ് ഗെയ്മന്റെ വിധ്വംസകമായ ഫലിതങ്ങളിലൊന്ന്.

രാജഭക്തിയുടെ കാര്യത്തില്‍ തിരുവനന്തപുരത്തെക്കാള്‍ ഒട്ടും പിന്നിലല്ലാത്ത ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന്, അമേരിക്കയിലേക്കു കുടിയേറിയയാളാണു ഗെയ്മന്‍. ഇന്നത്തെ ശാസ്ത്ര-ഭ്രമാത്മക-ഭീകരകഥകളെഴുതുന്നവരിലെ സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന് ഭ്രമാത്മകകഥകള്‍ക്കുള്ള ഏറ്റവും വിലമതിക്കപ്പെടുന്ന സമ്മാനങ്ങളിലൊന്നായ ഹ്യൂഗോ പുരസ്കാരം നേടിക്കൊടുത്ത കഥയാണിത്. ആര്‍തര്‍ കൊനന്‍ഡോയിലിന്റെയും എച്ച്. പി. ലവ്ക്രാഫ്റ്റിന്റെയും കഥകളുടെ തികച്ചും വ്യത്യസ്തമായ ലോകങ്ങള്‍ സംഗമിക്കുന്ന ഒരു സമാഹാരത്തിനുവേണ്ടിയാണ് അദ്ദേഹം ഈ കഥയെഴുതിയത്. മലയാളചെറുകഥയുടെ തുടക്കംതൊട്ടുതന്നെ കൊനന്‍ഡോയില്‍ (1859-1930) മലയാളി വായനക്കാര്‍ക്കു പരിചിതനാണെങ്കില്‍, നമുക്ക് ഏറെക്കുറെ അപരിചിതമായ ഒരു ഇരുണ്ടലോകമാണ് ലവ്ക്രാഫ്റ്റിന്റെ (1890-1937) ഭീകരകഥകളുടേത്. ആഭിചാരവും ഹിംസയും മനുഷ്യദുരിതങ്ങളെക്കുറിച്ച് അല്പം പോലും വ്യാകുലപ്പെടാത്ത ദുഷ്ടദൈവങ്ങളും, അവര്‍ വാഴുന്ന അജ്ഞാതമാനങ്ങളും, അറിയാന്‍ തുനിയുന്നവന്റെ ബുദ്ധിയെത്തന്നെ തളര്‍ത്തുന്ന കൊടിയ അറിവുകളും, മനുഷ്യന്റെ നാവിനു വഴങ്ങാത്ത പൈശാചികഭാഷകളും നിറയുന്ന തന്റെ കഥകളുടെ സ്വഭാവത്തെ വിശേഷിപ്പിക്കാന്‍ ലവ്ക്രാഫ്റ്റ് ഉപയോഗിച്ചിരുന്ന വാക്കാണ് ‘ബ്രഹ്മാണ്ഡഭീകരത‘ (Cosmic Horror) എന്നത്. ലവ്ക്രാഫ്റ്റിയന്‍

ബ്രഹ്മാണ്ഡഭീകരതയുടെ ഭാഗമായ ‘പെരുംപഴവന്‍’ (The Great Old Ones) എന്ന സങ്കല്പജീവികളെയാണ് ഗെയ്മന്‍ ഈ കഥയില്‍ ഉപയോഗിച്ചിരിക്കുന്നത്. ശൂന്യാകാശത്തുനിന്ന് പണ്ടെന്നോ ഭൂമിയിലെത്തുകയും നമ്മെ കീഴടക്കി ഭരിക്കുകയും ഇന്നും നമുക്കിടയില്‍ ഒളിഞ്ഞുകഴിയുകയും ചെയ്യുന്ന ഭീമകായങ്ങളായ ജീവികളാണ് പഴവന്‍. മനുഷ്യഭാഗധേയത്തിന്റെ ക്ഷുദ്രതയെയും വൈകൃതത്തെയും ദ്യോതിപ്പിക്കാന്‍ ലവ്ക്രാഫ്റ്റ് ഉപയോഗിച്ച പഴവന്‍ സങ്കല്പത്തെ രാഷ്ട്രീയമായി പുനര്‍വ്യാഖ്യാനിക്കുകയാണ് ഗെയ്മന്‍ ഈക്കഥയില്‍. ബ്രിട്ടീഷ് രാജവംശം ഇത്തരത്തില്പെട്ട ഭീകരജീവികളുടെ ഒരു പരമ്പരയാണെന്നുള്ള സങ്കല്പമാണ് ‘മരതകവര്‍ണ്ണത്തി ഒരു ചിത്ര‘ത്തിന്റെ കാതലായി വര്‍ത്തിക്കുന്നത്.

മനുഷ്യനും ദൈവങ്ങളും തമ്മിലും പഴയതും പുതിയതുമായ ദൈവങ്ങള്‍ തമ്മിലുമുള്ള നൂറ്റാണ്ടുയുദ്ധങ്ങള്‍ നീല്‍ ഗെയ്മന്റെ മറ്റു കഥകളിലും ആവര്‍ത്തിക്കുന്നുണ്ട്. ‘അമേരിക്കന്‍ ദൈവങ്ങള്‍’ എന്ന നോവലിലും അതിന്റെ സീക്വലുകളിലും ഇത്തരം യുദ്ധങ്ങളും അവയ്ക്കിടയില്‍പ്പെട്ടുപോകുന്ന മനുഷ്യരും പ്രത്യക്ഷപ്പെടുന്നു. അക്കൂട്ടത്തില്‍പ്പെട്ട ‘താഴ്വരയുടെ തമ്പുരാന്‍’ (The Monarch of the Glen) എന്ന നീണ്ടകഥയില്‍ വിജയിച്ച പുതിയ ദൈവങ്ങളും തോറ്റുപിന്‍വാങ്ങിപ്പോയ പഴയദൈവങ്ങളും വീണ്ടും മാറ്റുരയ്ക്കാനായി ആണ്ടിലൊരിക്കല്‍ ഒത്തുചേരുന്ന ഒരു രഹസ്യസങ്കേതമാണു വിഷയം.

ഇതു വായിക്കുന്ന ഒരു മലയാളി വായനക്കാരന്റെ മനസ്സില്‍ പെട്ടെന്നുദിയ്ക്കുന്ന ഓര്‍മ്മ പാതാളത്തില്‍ നിന്നും ആണ്ടിലൊരിക്കല്‍ ഒരു ദിവസത്തേക്കു മടങ്ങിയെത്തുന്ന മാവേലിയുടേതായിരിക്കുമെന്നതില്‍ സംശയമില്ല.

പാതാളം, നരകം, സമുദ്രഗര്‍ഭം തുടങ്ങിയ ലോകങ്ങളില്‍ വസിക്കുന്നതായി ചിത്രീകരിക്കപ്പെടുന്ന ദൈവങ്ങള്‍ പരാജയപ്പെട്ട മനുഷ്യസംസ്കാരങ്ങളുടെ ദൈവങ്ങളായിരുന്നു എന്ന് നരവംശശാസ്ത്രജ്ഞര്‍ പറയുന്നു. വംശങ്ങളും രാജകുടുംബങ്ങളും സാമൂഹ്യവ്യവസ്ഥകളും മാറുമ്പോള്‍ അവയ്ക്കു ദിവ്യത്വം പകര്‍ന്നുകൊണ്ട് തിളക്കമുറ്റ പുതിയ ദൈവങ്ങള്‍ കടന്നുവരുന്നു. പെട്ടെന്നൊന്നും മറഞ്ഞുപോകാന്‍ തയ്യാറല്ലാത്ത പഴയവര്‍ ക്ഷുദ്രദേവതകളായും ഉപദേവതകളായും തരംതാഴ്ത്തപ്പെട്ട് ചെറിയ തട്ടകങ്ങളിലേക്കൊതുങ്ങുന്നു. പുതിയ വ്യവസ്ഥിതിയുടെ തിളക്കം മങ്ങിത്തുടങ്ങുമ്പോള്‍, അവയില്‍ അതൃപ്തിയും അമര്‍ഷവും പൂണ്ട ജനത പണ്ടുള്ളവര്‍ പാടിയ പാട്ടുകളിലെ ‘ആമോദത്തോടെ വസിക്കും‌കാല’ങ്ങള്‍ ഓര്‍മ്മിക്കുന്നു, അന്നത്തെ രാജാക്കന്മാരുടെ നീതിനിഷ്ഠയും അന്നത്തെ ദൈവങ്ങളുടെ പെരുമയും കാരുണ്യവും സങ്കല്പത്തില്‍ക്കണ്ടു് നെടുവീര്‍പ്പിടുന്നു.

Subscribe Tharjani |