തര്‍ജ്ജനി

സുരേഷ്. എം. ജി

ഫോണ്‍: 9946915277
ഇ മെയില്‍‍: suresh_m_g@rediffmail.com

Visit Home Page ...

കഥ

വെയ്റ്റര്‍ ..... ഒരു ബോക്ക്

ഗീ ദ് മോപ്പസാങ്ങിന്റെ ഫ്രഞ്ച്കഥയുടെ സ്വതന്ത്രവിവര്‍ത്തനം

അന്നു വൈകീട്ട് ആ ബിയര്‍ പാര്‍ലറിലേയ്ക്ക് ഞാനെന്തുകൊണ്ട് പോയി? എനിക്കറിയില്ല. അപ്പോള്‍ തണുപ്പേറെയുണ്ടായിരുന്നു. നല്ല മഴയും. മഴത്തുള്ളികള്‍ മഞ്ഞുപാളികള്‍ കണക്കെ വഴിവിളക്കുകള്‍ക്കു ചുറ്റിലും നൃത്തംചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ അതിലൂടെ വെളിച്ചമരിച്ചിറങ്ങുന്നതിനെ അവ തടഞ്ഞില്ല. കടകളില്‍ നിന്നും കുത്തിയൊഴുകിയ വെളിച്ചം നടപ്പാതയിലൂടെ നടന്നുപോകുന്നവരുടെ ചളിനിറഞ്ഞ കാലുകളിലും നിരത്തിലെ ചളിമണ്ണിലും വെളിച്ചം വിതറുന്നുണ്ടായിരുന്നു.

ഞാനങ്ങിനെ പ്രത്യേകാല്‍ ഉദ്ദേശങ്ങളോടെയൊന്നും ഇറങ്ങിത്തിരിച്ചതായിരുന്നില്ല. അത്താഴത്തിനുശേഷം ഒന്നു നടക്കാനിറങ്ങിയതാണ്. ഏതൊക്കെ തെരുവിലൂടെ ഞാന്‍ നടന്നു? ക്രെഡിറ്റ് ല്യോനിയസ്, റ്യൂ വിവിയന്‍ എന്നീ തെരുവകള്‍ രണ്ടും ഞാന്‍ കടന്നു പോയിരിക്കുന്നു. പെട്ടെന്നാണ് പാതിയിലേറെ കസേരകളും നിറഞ്ഞുകിടന്ന ഒരു ബിയര്‍ പാര്‍ലര്‍ എന്റെ കണ്ണില്‍പ്പെട്ടത്. ഞാന്‍ അകത്തേക്കു കയറി. അപ്പോഴും എന്റെ മനസ്സില്‍ പ്രത്യേകാല്‍ ഉദ്ദേശങ്ങള്‍ ഒന്നുമില്ലായിരുന്നു. എനിക്ക് ദാഹവും ഇല്ലായിരുന്നു.

ഒട്ടൊന്ന് ഒഴിഞ്ഞ ഒരിടത്ത് ഒരു ഇരിപ്പിടം ഞാന്‍ കണ്ടെത്തി. ഞാന്‍ കണ്ടെത്തിയ കസേരക്കരികില്‍ വയസ്സനെന്ന് തോന്നിപ്പിക്കുന്ന ഒരുവനിരിക്കുന്നുണ്ടായിരുന്നു. അയാള്‍ ഒരു പൈപ്പ് പുകച്ചുകൊണ്ടിരുന്നു. കറുത്ത കരിക്കട്ടപോലൊരു പൈപ്പ്. അയാള്‍ക്കു മുന്നില്‍ മേശയ്ക്കു മുകളില്‍, അഞ്ചെട്ട് ഗ്ലാസുകള്‍ കൂട്ടിയിട്ടിരിക്കുന്നു. അത് ഒരു പക്ഷേ അദ്ദേഹം അകത്താക്കിയ ബിയറിന്റെ എണ്ണത്തെയായിരിക്കണം സൂചിപ്പിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ അദ്ദേഹം ഒരു സ്ഥിരക്കാരനാണെന്ന് എനിക്കു മനസ്സിലായി. സ്ഥിരക്കാരന്‍ എന്നാല്‍, ബിയര്‍ പാര്‍ലര്‍ കാലത്ത് തുറക്കുമ്പോളുടന്‍ കയറിവന്ന് കടയടക്കുമ്പോള്‍ മാത്രം ഇറങ്ങിപ്പോകുന്ന ഒരുവന്‍. അദ്ദേഹത്തെ കാണുവാന്‍ ഒരു വൃത്തിയുമുണ്ടായിരുന്നില്ല. കഷണ്ടിക്കാരനായിരുന്നു. അയാളുടെ കോട്ടിനുമുകളില്‍ അവിടവിടെ നരച്ച രോമങ്ങള്‍ ചിതറിക്കിടന്നു. അയാള്‍ വള്ളികളില്ലാത്ത കാല്‍ശരായിയാണ് ധരിച്ചിരുന്നത്. എപ്പോഴെങ്കിലും പത്തടി നടക്കേണ്ടിവന്നാല്‍ അപ്പോഴൊക്കെ അദ്ദേഹം കാല്‍ശരായി ഊര്‍ന്നു വീഴാതിരിക്കുവാനായി വലിച്ചു കയറ്റിക്കൊണ്ടിരുന്നു. കോട്ടിന്നടിയില്‍ അദ്ദേഹമെന്തെങ്കിലും ധരിച്ചിട്ടുണ്ടോ എന്നു ഞാന്‍ ശ്രദ്ധിച്ചില്ല. അയാളുടെ ബൂട്ടുകളില്‍ പൊതിഞ്ഞിരുന്ന കാലുകള്‍ എന്നെ ഭയപ്പെടുത്തി. അയാളുടെ കുപ്പായത്തിന്റെ കൈമടക്കുകള്‍ തീര്‍ത്തും കറുപ്പുനിറമായിരിക്കുന്നു. അതുപോലെ തന്നെ അയാളുടെ നഖത്തുമ്പുകളും.

എതിര്‍വശത്ത് എന്നെകണ്ടയുടന്‍ ഈ രൂപം എനിക്കു നേരെ തിരിഞ്ഞു. തീര്‍ത്തും ശാന്തമായ സ്വരത്തില്‍ ചോദിച്ചു.

"എന്തൊക്കെയുണ്ട്?"

ഞാന്‍ അയാളെ രൂക്ഷമായൊന്നു നോക്കി. അടിമുടി.അയാള്‍ തുടര്‍ന്നു .

"എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു."

"എനിക്ക് മനസ്സിലായില്ല."

"ദെ ബാരറ്റ്സ്"

എനിക്കു പെട്ടെന്ന് ഞാന്‍ വിഡ്ഢിയായതുപോലെ തോന്നി. ഇത് ജീന്‍ ദെ ബാരറ്റ്സ് പ്രഭുവാണ്. കോളേജ്ജീവിതകാലത്തെ എന്റെ സഹപാഠി.

ഞാനയാളുടെ കൈ കടന്നു പിടിച്ചു. കൈകള്‍ അമര്‍ത്തിപ്പിടിച്ചു. വാക്കുകള്‍ എന്നില്‍ നിന്നും പുറത്തുവരുവാന്‍ വിസമ്മതിച്ചു. എനിക്കൊന്നും പറയുവാനാകുന്നില്ല. വളരെ കഷ്ടപ്പെട്ട് ഞാന്‍ വിക്കി.

"നിങ്ങള്‍........................ എന്തൊക്കെയുണ്ട്?"

"എനിക്കാകുന്നതുപോലെ മുന്നോട്ടുപോകുന്നു."

"ഇപ്പോഴെന്തുചെയ്യുന്നു?"

"ഞാനെന്താ ചെയ്യുന്നതെന്ന് കണ്ടുകൂടെ?" ഉത്തരം ഒരു മറുചോദ്യമായിരുന്നു.

അതുകേട്ടപ്പോള്‍ എനിക്കെന്തോ വിഷമം തോന്നി. എന്റെ മുഖം ചുകന്ന് തുടുത്തു.

"എന്നും?"

"എന്നും, എന്നും ഒന്നു തന്നെ." മറുപടിക്കകമ്പടിയായി അയാള്‍ ഒരു കവിള്‍ പുകയെടുത്തു.

അതിനുശേഷം വെയ്റ്ററുടെ ശ്രദ്ധയാകര്‍ഷിക്കുവാനായി മേശമേല്‍ താളത്തില്‍ കൊട്ടി. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു.

"വെയ്റ്റര്‍, രണ്ട് ബോക്ക്"

അകലെ മൂലയില്‍ നിന്നും അതിന്റെ പ്രതിധ്വനിയെന്നവണ്ണം "നാലാമത്തെ മേശയില്‍ രണ്ട് ബോക്ക്" എന്ന സ്വരം വന്നു. പിന്നെ അതിന്റേയും പ്രതിധ്വനി വന്നു "ഇതാ കൊണ്ടുപോയിക്കോളൂ".

ഒട്ടും സമയംകളയാതെ, വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ ഒരുവന്‍ രണ്ട് "ബോക്കു"കളുമായെത്തി. പതഞ്ഞുകൊണ്ടിരുന്ന ആ പാനീയം മേശമേല്‍ നിരത്തി. തിരക്കില്‍ അതിലല്പം അയാള്‍ തഴെ തറയില്‍ തൂവി.

ദെ ബരെറ്റ്സ് ഒറ്റ വലിയ്ക്ക് അയാളുടെ ഗ്ലാസിലെ പാനീയം കുടിച്ചുതീര്‍ത്തു. അങ്ങിനെ വലിച്ചു കുടിയ്ക്കുമ്പോള്‍ മീശയില്‍ പറ്റിയ പതയില്‍ ഒന്ന് നാക്കോടിച്ചിട്ട് അയാള്‍ ചോദിച്ചു.

"അപ്പോള്‍ എന്തുണ്ട് പുതിയ വിശേഷങ്ങള്‍?"

പുതിയതെന്നു പറയുവാനായി എനിക്കൊന്നുമില്ലായിരുന്നു. അതിനാല്‍ ഞന്‍ വീണ്ടും വിക്കുവാന്‍ തുടങ്ങി.

"പ്രത്യേകിച്ച് ഒന്നുമില്ല... ചെറിയ ചില കച്ചവടങ്ങളുമായി മുന്നോട്ടുപോകുന്നു."

അയാളുടെ സ്വരം അപ്പോഴും ഏകരൂപിയായി തുടര്‍ന്നു. അയാള്‍ ചോദിച്ചു.

"അത് നിങ്ങളെ ആനന്ദിപ്പിക്കുന്നുണ്ടോ?"

"അങ്ങിനെ ചോദിച്ചാല്‍... ഇല്ല... പക്ഷേ എന്തു ചെയ്യാന്‍.. എന്തെങ്കിലും ചെയ്തല്ലേ പറ്റൂ?"

"കാരണം?"

"എന്തെങ്കിലുമൊരു തൊഴിലു ചെയ്യണ്ടെ?"

"അതുകൊണ്ട് എന്താണുപകാരം? എന്റെ കാര്യം നോക്ക്, ഞാന്‍ ഒന്നും ചെയ്യുന്നില്ല. കണ്ടില്ലേ, ഒന്നും, ഒന്നും ചെയ്യുന്നില്ല. ഒരാളുടെ കയ്യില്‍ ഒരൊറ്റ സൊ** പോലുമില്ലെങ്കില്‍ അയാള്‍ തൊഴില്‍ ചെയ്യുന്നതെന്തിനെന്ന് എനിക്കു മനസ്സിലാകും. എന്നാല്‍ ജീവിക്കാന്‍ വേണ്ടത് കയ്യിലുള്ളപ്പോള്‍ പിന്നെയെന്തിന് തൊഴിലെടുക്കണം? അതുകൊണ്ടെന്തുപകാരം? നിങ്ങള്‍ സ്വയം നിങ്ങള്‍ക്ക് വേണ്ടിയാണോ അതോ മറ്റുള്ളവര്‍ക്ക് വേണ്ടിയാണോ തൊഴില്‍ ചെയ്യുന്നത്? സ്വയം നിങ്ങള്‍ക്ക് വേണ്ടിയാണെന്ന് നിങ്ങള്‍ പറയുമെങ്കില്‍ അത് നിങ്ങളുടെ സ്വന്തം ആനന്ദത്തിനെന്നര്‍ത്ഥം. അത് ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ തൊഴിലെടുക്കുന്നതെങ്കില്‍ നിങ്ങളൊരു വിഡ്ഡിയാണ്, വെറും വിഡ്ഡി."

പൈപ്പ് മാര്‍ബിള്‍ പതിച്ച മേശമേല്‍ വച്ച് അയാള്‍ വീണ്ടും വിളിച്ചു കൂവി.

"വെയ്റ്റര്‍ ഒരു ബോക്ക്." പിന്നെ തുടര്‍ന്നു . "ഇങ്ങിനെ വിളിച്ചുകൂവുമ്പോള്‍ എന്റെ തൊണ്ട വരളുന്നു. എനിക്ക് പരിചയമില്ലാത്തതാണിത്. പിന്നെ, നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത്.... അതെയതെ... ഞാന്‍ ഒന്നും ചെയ്യുന്നില്ല. കാര്യങ്ങളങ്ങിനെ അതിന്റെ വഴിയ്ക്ക് വഴുതി വഴുതി പോകുന്നു. എനിക്ക് വയസ്സായി വരികയും ചെയ്യുന്നു. ഞാന്‍ മരിക്കാറായാല്‍, അല്ലെങ്കില്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് യാതൊരുവിധ മനപ്രയാസങ്ങളുമുണ്ടാകില്ല. എന്റെ ഓര്‍മ്മയില്‍ ഈ ബിയര്‍ പാര്‍ലര്‍ മാത്രമേ ഉണ്ടാകുകയുള്ളു. ഭാര്യയില്ല. കുട്ടികളില്ല. സ്നേഹബന്ധങ്ങളില്ല. ദുഃഖങ്ങളില്ല. ഒന്നുമില്ല. ഒന്നും. എത്ര നല്ല ജീവിതം."

വീണ്ടും അയാളെത്തേടിയെത്തിയ ബിയര്‍ ഗ്ലാസ് അയാള്‍ ഒറ്റവലിയ്ക്കു തന്നെ കാലിയാക്കി. എന്നിട്ട്, ചുണ്ടുകളിലും മീശമേലും നാക്കോടിച്ചു. പൈപ്പ് കയ്യിലെടുത്തു.

ഞാന്‍ അത്ഭുതത്തോടെ അയാളെ തന്നെ വീക്ഷിക്കുകയാണ്. ഞാന്‍ പറഞ്ഞു.

"പക്ഷേ.... നിങ്ങളിങ്ങിനെയായിരുന്നില്ലല്ലോ?"

"ക്ഷമിക്കുക... എന്നോട് ക്ഷമിക്കുക.... കോളേജ് വിട്ടതിനുശേഷം ഞാനിങ്ങനെയായി."

"ഇത് ജീവിതമാണോ സുഹൃത്തേ? ഇതാണോ ശരിയായ മാര്‍ഗ്ഗം? ഇത് ഭയാനകമായ ഒരവസ്ഥയല്ലേ? എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ? സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമായി ആരെങ്കിലുമൊക്കെ വേണ്ടേ? കുറച്ച് സുഹൃത്തുക്കളെങ്കിലും?"

"എന്തിന്? ഞാന്‍ ഉച്ചയ്ക്ക് എഴുന്നേല്ക്കുന്നു. ഇവിടെ വരുന്നു. പ്രാതല്‍ ഇവിടെനിന്നും കഴിയ്ക്കുന്നു. ബിയര്‍ കുടിയ്ക്കുന്നു. വൈകുന്നേരം വരെ ഇവിടെയിരിക്കുന്നു. പിന്നേയും ബിയര്‍ കുടിയ്ക്കുന്നു. പിന്നെ ഏകദേശം ഒന്നൊന്നരയാകുമ്പോള്‍, ഇവര്‍ കടയടക്കുന്നു എന്നതിനാല്‍, ഞാന്‍ വീട്ടില്‍ പോകുന്നു. എനിക്കേറ്റവും ഇഷ്ടമില്ലാത്തതും അതു തന്നെ. വീട്ടില്‍ പോകുക എന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് ആറുവര്‍ഷ്ക്കാലമെങ്കിലും ഞാനീ മൂലയിലെ ഈ ബഞ്ചില്‍ കഴിച്ചിട്ടുണ്ടാകും. ശേഷിച്ച നാലു വര്‍ഷം എന്റെ മെത്തയിലും. മറ്റൊരിടവും ഞാന്‍ ഉപയോഗിച്ചിട്ടില്ല. ചിലപ്പോഴൊക്കെ സ്ഥിരമായി ഇവിടെ വരുന്നവരില്‍ ചിലരുമായി മിണ്ടിയും പറഞ്ഞുമിരിക്കും."

"പാരീസില്‍ എത്തി നിങ്ങള്‍ ആദ്യം എന്താണു ചെയ്തത്?"

"ഞാന്‍ കവെ ദ മെഡിസിസിന് എന്റെ നന്ദി പ്രകാശിപ്പിച്ചു."

"പിന്നെ?"

"പിന്നെ പുഴ കടന്ന് ഇവിടെയെത്തി."

"കാരണം?"

"നിങ്ങളെന്താണീ പറയുന്നത്? ഒരാള്‍ക്ക് എപ്പോഴും ലാറ്റിന്‍ ക്വാര്‍ട്ടിറില്‍ കഴിയുവാനാകുമോ? അവിടെയുള്ള കുട്ടികളുടെ ശബ്ദം..... ഇനി ഞാന്‍ ഇവിടെ നിന്നും മാറും.... വെയ്റ്റര്‍ ഒരു ബോക്ക്."

അയാളെന്നെ കളിയാക്കുകയാണെന്ന ചിന്ത എന്റെ മനസ്സില്‍ കടന്നുകൂടി. എങ്കിലും ഞാന്‍ തുടര്‍ന്നു. "സത്യം പറയ്, നിനക്ക് പ്രേമനൈരാശ്യമാണ്, അല്ലെങ്കില്‍ അതുപോലുള്ള മറ്റെന്തിങ്കിലും ഒരു ദുഃഖം. തുറന്നു പറയ്, എനിക്കുറപ്പാണ്, നിനക്കങ്ങിനെയെന്തോ ആണ്! നിന്റെ മനസ്സിനെ എന്തോ ഒരു ദുഃഖം അലട്ടുന്നുണ്ട്. അത് കണ്ടുപിടിയ്ക്കുവാന്‍ ഞാനൊരു മനശ്ശാസ്ത്രജ്ഞനാകേണ്ടതില്ല. നിനക്കിപ്പോള്‍ എത്ര വയസ്സായി?"

"മുപ്പത്. കണ്ടാല്‍ ഒരു നാല്പത്തിയഞ്ച് തോന്നും, അല്ലേ? കുറഞ്ഞത് നാല്പത്തിയഞ്ച്."

ഞാനയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ചുളിവുകള്‍ വീണ്, കുറ്റിരോമങ്ങള്‍ നിറഞ്ഞ മുഖം. അത് അയാളൊരു വയസ്സനാണെന്ന തോന്നലുണ്ടാക്കി. തലയക്കു മുകളില്‍ ശേഷിച്ച രോമങ്ങള്‍ നീളമുള്ളവയായിരുന്നു. അത് വൃത്തിയായി തിളങ്ങിയിരുന്ന കഷണ്ടിയില്‍ പാറിപ്പറന്നു. കട്ടികൂടിയ പുരികങ്ങളും അതിനേക്കാള്‍ ഘനമേറിയ മീശയും, ഇടതൂര്‍ന്ന താടിയുമുണ്ടയാള്‍ക്ക്. പെട്ടെന്ന് എന്റെ മനസ്സിലേക്ക് ചെളിനിറഞ്ഞ ഒരു ബക്കറ്റ് വെള്ളത്തിന്റെ ചിത്രം ഓടിക്കയറി. ഈ മുടികളെല്ലാം വാരി കഴുകിയെടുത്ത് ചളികയറിയ ഒരു ബക്കറ്റ് വെള്ളം. ഞാന്‍ അയാളെ നോക്കി പറഞ്ഞു:

"സത്യമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ യഥാര്‍ത്ഥപ്രായത്തിനേക്കാള്‍ വളരെക്കൂടുതല്‍ തോന്നിപ്പിക്കുന്നു. നിങ്ങള്‍ സത്യമായും എന്തോ കഠിനമായ ദുഃഖം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്."

അയാള്‍ മറുപടി പറഞ്ഞു.

"ഞാന്‍ പറഞ്ഞല്ലോ, അങ്ങിനെയൊന്നില്ല. ഞാന്‍ പുറത്ത് ശുദ്ധവായുവിലേക്കിറങ്ങാറില്ല. അതുകൊണ്ടു തന്നെ എനിക്ക് പ്രായമേറെയായതുപോലെ തോന്നുന്നു. ഒരു കഫേയിലെ ജീവിതം, അത് സത്യമായും ഒരാളെ ശോഷിപ്പിക്കും."

എനിക്കപ്പോഴും വിശ്വാസമായില്ല.

"നിങ്ങള്‍ കല്യാണം കഴിച്ചിരിക്കണം? പ്രേമിക്കാത്ത ഒരുവന് നിങ്ങളെപ്പോലെ ഒരിക്കലും കഷണ്ടി കയറില്ല."

അയാള്‍ തലയൊന്ന് കുറഞ്ഞു. ശേഷിച്ച മുടികളില്‍ പറ്റിപ്പിടിച്ചിരുന്ന താരന്‍ അയാളുടെ കോട്ടിലേക്ക് പെയ്തുവീണു.

"ഇല്ല! ഞാന്‍ ബ്രഹ്മചര്യം വിട്ടിട്ടില്ല."

അയാള്‍ മുഖമുയര്‍ത്തി. ഞങ്ങളിരുവരുടേയും തലയിലേക്ക് ചൂട് പകര്‍ന്നിരുന്ന, തലയ്ക്ക് മുകളില്‍ ഞാത്തിയിട്ടിരുന്ന വിളക്കുകളിലേക്ക് നോക്കി. എന്നിട്ട് തുടര്‍ന്നു :

"എന്റെ തല കഷണ്ടിയായെങ്കില്‍ അതിന് ഇതിനെ വേണം കുറ്റം പറയുവാന്‍. ഇത് എന്റെ തലമുടികളെ നശിപ്പിക്കുന്നു..... വെയ്റ്റര്‍, ഒരു ബോക്ക്.... നിങ്ങള്‍ക്ക് ദാഹിക്കുന്നില്ലേ?"

"ഇല്ല. നന്ദി. നിങ്ങള്‍ ആളൊരു രസികന്‍ തന്നെ. ഇങ്ങിനെയായത് എന്നുമുതലാണ്? നിങ്ങളുടേത് ഒരു സാധാരണജീവിതമല്ല. സ്വാഭാവികജീവിതരീതികളുമല്ലിത്. ഇതിന്റെയൊക്കെ കാരണമായി ഇതിന്റെയടിയില്‍ എന്തൊക്കെയോ ഉണ്ട്?"

"ഉണ്ട്. അത് എന്റെ ശൈശവത്തില്‍ നിന്നും തുടങ്ങുന്നു. ഞാന്‍ വളരെ ചെറുതായിരിക്കുമ്പോഴേ എനിക്കാദ്യപ്രഹരമേറ്റു. അത് എന്റെ ജീവിത്തില്‍ ഇരുട്ടുവീഴ്ത്തി. ആ ഇരുട്ട് എന്റെറ അവസാനം വരെ എന്റെ കൂടെയുണ്ടാകും."

"എന്താണത്?"

"അറിയണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ കേട്ടോളൂ. ഞാന്‍ വളര്‍ന്ന് വലുതായ ആ കൊട്ടാരം നിനക്കോര്‍മ്മയുണ്ടാകുമല്ലോ? നീയത് മറക്കുവാന്‍ സാദ്ധ്യതയില്ല. അവധി ദിവസങ്ങളെന്നു പറഞ്ഞ് നീയും കുറഞ്ഞത് ഒരഞ്ചാറു മാസമെങ്കിലും അവിടെ കഴിഞ്ഞിട്ടുള്ളതല്ലേ? അപ്പോള്‍ നിനക്കാ നരച്ച വലിയകെട്ടിടം, അതിനുചുറ്റിലുമുള്ള വലിയ തൊടി ഒന്നും മറന്നിട്ടുണ്ടാകില്ല. നാലു ദിശയിലേക്കുമുള്ള വലിയ വാതിലുകള്‍, ഓക്കിന്റെ മരമുപയോഗിച്ചുള്ള വാതിലുകള്‍. ഒന്നും നീ മറന്നിട്ടുണ്ടാകില്ല. അതുപോലെ തന്നെ എന്റെ അച്ഛനമ്മമാരേയും നിനക്കോര്‍മ്മയുണ്ടാകും. അവര്‍ ആചാര്യമര്യാദകള്‍ പാലിക്കുന്നവരായിരുന്നു. ഭയഭക്തിയുള്ളവരായിരുന്നു. കാര്‍ക്കശ്യമുള്ളവരുമായിരുന്നു.

എന്റെ അമ്മയെ ഞാന്‍ ആരാധിച്ചു. അച്ഛനെ എനിക്കല്പം ഭയമായിരുന്നു. എന്നാല്‍ ഇരുവരോടും എനിക്ക് ബഹുമാനമായിരുന്നു. അതിന് കാരണവുമുണ്ട്. ആരൊക്കെ അവരുടെ മുന്നില്‍ എത്തിപ്പെട്ടുവോ അവരൊക്കെ അവര്‍ക്ക് മുന്നില്‍ താണു തൊഴുത് വണങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അവര്‍ മോസ്യേ ല കോംതെയും മദാം ല കോംതസേയുമായിരുന്നു. നാട്ടിലെല്ലാവര്‍ക്കും . ഞങ്ങളുടെ അയല്ക്കാര്‍ക്കൊനക്കെ അവരോട് വലിയ ബഹുമാനമായിരുന്നു.

എനിക്കപ്പോള്‍ പതിമൂന്ന് വയസ്സ് പ്രായം. സന്തുഷ്ടിനിറഞ്ഞ ജീവിതമായിരുന്നു എന്റേത്. സന്തോഷമല്ലാതെ ഒന്നും ഞാനറിഞ്ഞിട്ടില്ല. പ്രായവുമതാണല്ലോ? ഞാന്‍ ജീവിതം ആസ്വദിക്കുകയായിരുന്നു."

ആ വര്‍ഷം സപ്തംബര്‍ അവസാനമായിക്കാണും. തിരിച്ച് സ്കൂളില്‍ പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. പൂന്തോട്ടത്തിലെ കുറ്റിച്ചെടികള്‍ക്കരികെ അവയോട് സല്ലപിച്ചും കളിച്ചും നടക്കുകയായിരുന്നു ഞാനന്ന്. തോട്ടത്തില്‍ കുറ്റിച്ചെടികള്‍ അരികു പാകിയ ഒരു വഴി മുറിച്ചുകടക്കുമ്പോള്‍ ഞാന്‍ എന്റെ അച്ഛനുമമ്മയും നടന്നു പോകുന്നത് കണ്ടു.

ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു അതെല്ലാം. എനിക്കിപ്പോഴും വ്യക്തമായി ഓര്‍ക്കുവാനാകുന്നു. നല്ല കാറ്റുണ്ടായിരുന്നു. കാറ്റില്‍ മരങ്ങളെല്ലാം ആടിയുലയുന്നുണ്ടായിരുന്നു. അവ ഞരങ്ങുകയും മൂളുകയും മാത്രമല്ല, കാറ്റിന്റെ കരുത്തില്‍ ഞരിഞ്ഞമര്‍ന്ന് ഉറക്കെ കരയുന്നുമുണ്ടെന്നു തോന്നി.

മഞ്ഞച്ച ഇലകള്‍ പറവകളെപ്പോലെ പാറിനടക്കുന്നു. അവ മരത്തില്‍ നിന്നും കൊഴിഞ്ഞ് ലക്ഷ്യമേതെന്നറിയാതെ പറക്കുകയായിരുന്നു. ഒന്ന് വട്ടംചുറ്റി, പിന്നെ താഴേക്ക് പതിച്ച്, വഴിയിലൂടെ മൃഗങ്ങളെപ്പോലെ ഓടി... അങ്ങിനെ.... സന്ധ്യയടുക്കാറായിരുന്നു... ഞാന്‍ കുറ്റിച്ചെടികളുടെ മറവില്‍ തന്നെ നില്ക്കുകയാണ്. കാറ്റിന്റേയും മരച്ചില്ലകളുടേയും വേഗത എനിയ്ക്ക് സന്തോഷവും അത്ഭുതവും പകര്‍ന്നുകൊണ്ടിരുന്നു. എന്റെ കണ്ണുകള്‍ ആനന്ദം കൊണ്ട് നിറഞ്ഞു. എനിക്ക് ഭ്രാന്തുപിടിക്കുമെന്ന് തോന്നി. എനിക്ക് കുറുക്കനെപ്പോലെ ഉറക്കെ ഓരിയിടണമെന്നു തോന്നി.

എന്റെ അച്ഛനമ്മമാരെ കണ്ടതും ഞാന്‍ മെല്ലെ മെല്ലെ അവര്‍ക്കരികിലേക്ക് നീങ്ങുവാന്‍ തുടങ്ങി. മരച്ചില്ലകളുടെ മറവുപിടിച്ച്. അവരെയൊന്ന് അത്ഭുതപ്പെടുത്തുക തന്നെയായിരുന്നു എന്റെ ഉദ്ദേശം. പെട്ടെന്ന് അവര്‍ക്കു മുന്നിലേയ്ക്ക് ചാടിവീഴണം. ഒരു കൊള്ളക്കാരനെപ്പോലെ. എന്നാല്‍ അവര്‍ക്ക് ഏതാനും വാരകള്‍ക്കുപ്പുറത്ത് ഞാന്‍ നിന്നു. എന്റെ അച്ഛന്റെ അലര്‍ച്ച എനിക്കു കേള്‍ക്കാനായി. വികാരവിക്ഷോഭം!

നിന്റെ അമ്മ ഒരു വിഡ്ഢിയാണ്. ഒരു വെറും വിഡ്ഢി. അതു പോകട്ടെ. ഇത് നിന്റെ അമ്മയെ ബാധിക്കുന്ന കാര്യമല്ല. നിന്നെ മാത്രം ബാധിക്കുന്നതാണ്. എനിയ്ക്ക് ഈ പണം കിട്ടിയേ തീരൂ. നീ ഇവിടെ ഒപ്പുവയ്ക്കണം.

അമ്മ അവരുടെ ഉറച്ച തീരുമാനം അറിയിച്ചു. ഉറച്ച ശബ്ദത്തില്‍ തന്നെ.

ഇല്ല. ഞാന്‍ ഒപ്പു വയ്ക്കില്ല. ഇത് ജീനിന്റെ ഭാവിയാണ്. ഞാനിത് അവനുവേണ്ടി കാത്തു സൂക്ഷിക്കും. നിങ്ങളുടെ വെപ്പാട്ടികള്‍ക്കായി ധൂര്‍ത്തടിയ്ക്കുവാന്‍ ഞാന്‍ അനുവദിയ്ക്കില്ല. അതിനു വേണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം സ്വത്തുപയോഗിച്ചോളൂ.

അപ്പോള്‍ അച്ഛന്റെ ദ്വേഷ്യം വര്‍ദ്ധിച്ചു. അയാള്‍ അമ്മയെ കഴുത്തില്‍ കയറിപ്പിടിച്ച് കറക്കിയിട്ടു. പിന്നെ മുഖത്ത് ആഞ്ഞടിക്കുവാന്‍ തുടങ്ങി.

അമ്മയുടെ തലയില്‍ നിന്നും തൊപ്പി പറന്നുപോയി. അഴിഞ്ഞുവീണ മുടിച്ചുരുളുകള്‍ തോളിനു കീഴെ പാറിനടന്നു. വരുന്ന അടികളെ തടയുവാന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കനതിനായില്ല. അച്ഛനാകട്ടെ ഒരു ഭ്രാന്തനെപ്പോലെ അമ്മയെ തല്ലിക്കൊണ്ടേയിരുന്നു. എന്റെ അമ്മ നിലത്തുവീണു. മുഖം കൈകള്‍കൊണ്ടു് മറച്ച് അവര്‍ അവിടെ കിടന്നു. അപ്പോള്‍ അച്ഛന്‍ അമ്മയെ ഉരുട്ടി വീണ്ടും മുഖം തന്റെ നേരെ പിടിച്ച്, അമ്മയുടേ കൈകള്‍ വലിച്ചു മാറ്റി അടിയ്ക്കുവാന്‍ തുടങ്ങി.

എനിക്കപ്പോള്‍ ലോകമവസാനിക്കുകയാണെന്ന തോന്നലുണ്ടായി. ഭൂലോക നിയമങ്ങളെല്ലാം മാറിയിരിക്കുന്നുവെന്ന തോന്നല്‍. അമാനുഷികശക്തികളോടുള്ള ഭയം, പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ മനുഷ്യനിലുണ്ടാകുന്ന ഭയം, എല്ലം ഒരുമിച്ച് എന്നിലേക്കാവാഹിക്കപ്പെട്ടു. എന്റെ ഇളംമനസ്സ് സംഭ്രാന്തിയിലായി. അതിന്റെ ഏകാഗ്രത നഷ്ടപ്പെട്ടു. ഞാന്‍ ഉറക്കെ കരയുവാന്‍ തുടങ്ങി. എത്രയുച്ചത്തില്‍ എന്നെനിക്കറിയില്ല. എന്തിനാണ് ഞാന്‍ കരയുന്നതെന്നുപോലും ഞാനപ്പോള്‍ മറന്നിരുന്നു. ഭയമായിരുന്നോ? സങ്കടമായിരുന്നോ? അത്ഭുതമായിരുന്നോ? കരച്ചിലിന്റെ കാരണം എനിക്കറിയില്ലായിരുന്നു. അച്ഛന്‍ കരച്ചില്‍ കേട്ടു. അദ്ദേഹം എന്നെ കണ്ടു. എനിക്കു നേരെ തിരിഞ്ഞു. അയാള്‍ക്കപ്പോള്‍ എന്നെ കൊല്ലണമെന്ന് തോന്നിയിരിക്കുമെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ഞാന്‍ ഓടുവാന്‍ തുടങ്ങി. നേരെ കുറ്റിക്കാട്ടിനകത്തേയ്ക്ക് ഓടിക്കയറി.

ഒരു മണിക്കൂറിലധികം ഞാന്‍ ഓടിയിരിക്കണം. അല്ലെങ്കില്‍ രണ്ട്. എനിക്കറിയില്ല. ചുറ്റിലും ഇരുട്ട് വ്യാപിച്ചിരുന്നു. ഞാന്‍ തളര്‍ന്ന് പുല്ലില്‍ക്കിടന്നു.

എന്നില്‍ ഊര്‍ജ്ജമൊട്ടും അവശേഷിച്ചിരുന്നില്ല. ഭയം എന്നെ തളര്‍ത്തിയിരുന്നു. ഒരു പിഞ്ചുഹൃദയത്തിന് വാരിവിഴുങ്ങാവുന്നതിലും അധികം ദുഃഖം അപ്പോളെന്നിലുണ്ടായിരുന്നു. അത് ഹൃദയത്തെ തകര്‍ത്തെറിഞ്ഞു. തണുപ്പ് അസഹ്യമാകുന്നുണ്ടായിരുന്നു. വിശപ്പും. നേരം വെളുക്കുവാനും വൈകുന്നുവെന്നു തോന്നി. എഴുന്നേല്ക്കുവാന്‍ എനിക്കു ഭയംതോന്നി. വീട്ടിലേക്ക് തിരിച്ചു ചെല്ലുവാന്‍ ഭയംതോന്നി. അവിടെ നിന്നും ഓടിപ്പോകുവാന്‍ ഭയം തോന്നി. വീണ്ടും അച്ഛനെ അഭിമുഖീകരിക്കുവാന്‍ ഭയംതോന്നി. ഇനിയൊരിക്കലും അച്ഛനെ കാണരുതെന്ന് തോന്നി.

തോട്ടത്തില്‍ പണിയെടുക്കുന്ന ഒരാള്‍ എന്നെ കാണുകയും ബലമായി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തില്ലെങ്കില്‍, ദാഹം, ദുഃഖം, വിശപ്പ് എന്നിവയാല്‍ ആ മരത്തിനു ചുവട്ടില്‍ കിടന്ന് ഞാന്‍ മരിച്ചു പോയേനേ.

വീട്ടിലെത്തിയപ്പോള്‍ എന്റെ അച്ഛനമ്മമാര്‍ തീര്‍ത്തും സാധാരണരീതിയില്‍ പെരുമാറുന്നത് ഞാന്‍ കണ്ടു. അമ്മ മാത്രമാണെന്നോട് സംസാരിച്ചത്. 'എന്നെ നീ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു. എവിടെയായിരുന്നു ഇന്നലെ രാത്രി മുഴുക്കെ? രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല ഞാന്‍...'

എനിക്കുത്തരമൊന്നും തോന്നിയില്ല. ഞാന്‍ തേങ്ങുകയായിരുന്നു. അച്ഛന്‍ ഒരക്ഷരം ഉരിയാടിയില്ല.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ സ്കൂളിലേക്ക് മടങ്ങി.

അതെ സുഹൃത്തേ, അന്നാദ്യമായി ഞാന്‍ എല്ലാറ്റിന്റേ യും മറുപുറം കണ്ടു. ചീത്തവശം. അത് അവസാനമായിരുന്നു. എന്നുമുതല്‍ ഒന്നിലും എനിക്ക് നല്ലതു കാണുവാനായില്ല. എന്റെ മനസ്സിന് എന്തു സംഭവിച്ചു? എന്റെ ആശയങ്ങളെ എന്താണു ദുഷിപ്പിച്ചത്? എനിക്കറിയില്ല. എന്നാല്‍ ഒന്നെനിക്കറിയാം. അന്നു തുടങ്ങി എനിക്കൊന്നിനോടും ഒരു രുചിയുമില്ലാതായി. ഒരാഗ്രഹവുമില്ലതായി. ഒരഭിലാഷവുമില്ലാതെയായി. ഒരു പ്രതീക്ഷയുമില്ലാതായി. ഞാനെപ്പോഴും നിലത്തുകിടന്നുകരയുന്ന എന്റെ അമ്മയെ കണ്ടു. അവിടെ ആ തോട്ടത്തില്‍ വച്ച് അമ്മയെ ഉപദ്രവിച്ചുകൊണ്ടിരുന്ന അച്ഛനേയും. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അമ്മ മരിച്ചത്. അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ അമ്മയുടെ മരണശേഷം ഞാന്‍ അച്ഛനെ കണ്ടിട്ടില്ല....... വെയ്റ്റര്‍ ഒരു ബോക്ക്....."

വെയ്റ്റര്‍ അയാളുടെ ബോക്ക് കൊണ്ടു വന്നു. പതിവുപോലെ അത് ഒറ്റവലിയ്ക്ക് കുടിച്ചു തീര്‍ത്തു. പിന്നെ വിറയ്ക്കുന്ന കൈകകളാല്‍ പൈപ്പ് എടുത്തു. അത് പൊട്ടിച്ചു കളഞ്ഞു. എന്നിട്ട് പറഞ്ഞു "നാശം." അയാളുടെ മുഖഭാവം അസഹ്യതയുടേതായിരുന്നു. "ഇതാണ് യഥാര്‍ത്ഥദുഃഖം. മറ്റൊന്നിനെ ഇതുപോലെ നിറം പിടിപ്പിക്കണമെങ്കില്‍ ഇനി ഒരു മാസമെടുക്കും."

മുറിയിലാകെ പുകനിറഞ്ഞിരിക്കുന്നു. ആളുകളും. അവര്‍ മദ്യപിക്കുകയും പുകവലിക്കുകയുമായിരുന്നു. അയാള്‍ മുറിയുടെ മറ്റേ അറ്റത്തു കേള്‍ക്കുവാനായി വിളിച്ചുകൂവി. "ഗര്‍സോന്‍, ഒരു ബോക്ക്... ഒരു പുതിയ പൈപ്പും..."

ബോക്ക് = ബിയര്‍
സൊ = ഒരു നാണയം
ഗര്‍സോന്‍ = Boy

Subscribe Tharjani |