തര്‍ജ്ജനി

സുനില്‍ ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

അനുഭവം

നടക്കാതെ പോകുന്ന കലാപപരിപാടികള്‍

കുവൈറ്റില്‍ നിന്നും പെട്രോള്‍ ലഗേജായി കൊണ്ടുപോകുന്ന ഒരാളുടെ പ്രതിസന്ധികളുടെ കഥ - ഗള്‍ഫപ്പന്‍. കഴിഞ്ഞ ഓണക്കാലത്ത് കുവൈറ്റിലെ ഒരു മലയാളി സംഘടന അവരുടെ ഓണാഘോഷത്തിന് അവതരിപ്പിക്കാനായി ഒരു കോമഡി സ്കിറ്റ് എഴുതിത്തരണമെന്ന് പറഞ്ഞപ്പോള്‍ രാത്രികളില്‍ നാടകകൃത്ത്‍ ആവേശിച്ച് ഞാനെഴുതിയ ഗള്‍ഫപ്പന്‍ എന്ന ഇരുപത് മിനിറ്റ് നാടകം ഒട്ടേറെ ചര്‍ച്ചകള്‍ക്കൊടുവില്‍ നടക്കാതെ പോയി. വില്ലന്‍, സംഘാടകരിലൊരാള്‍ പറഞ്ഞത് പോലെ കഥയുടെ ഇരുപ്പുവശമാണ്. നായകകഥാപാത്രം നാട്ടിലേക്ക് കൊണ്ടുപോയ നൂറ് ലിറ്റര്‍ പെട്രോള്‍ ഇരുന്നൂറാക്കി തരാമെന്ന് പറഞ്ഞ് ഒരു സംഘം സമീപിക്കുന്നതും, അയാള്‍ വശംവദനാകുന്നതും, 'ടോട്ടലി' അത് അപ്രത്യക്ഷമാകുന്നു. വയറ് കാഞ്ഞിട്ട് അയാള്‍ കുബ്ബൂസ് (അറബിക് റൊട്ടി) ഉണ്ടാക്കുന്നതും അതയാള്‍ വില്ക്കുന്നതും അയാളുടെ വീടുതേടി ദൂരെ നിന്നുപോലും ആളുകള്‍ കുബ്ബൂസ് വാങ്ങാന്‍ വരുന്നതുമാണ് അടുത്ത സീന്‍. ആ ആളുകളൊക്കെ ഗള്‍ഫ് റിട്ടേണീസ് ആണ്. ഉണ്ടാക്കുന്നയാള്‍ക്ക് പോലും കഴിക്കാന്‍ കൊടുക്കാതെ ആള്‍ക്കൂട്ടം കുബ്ബൂസ് പിടിച്ച് പറിച്ചു. ഒന്നുമല്ലേലും നമ്മളൊക്കെ ഒരു തറവാട്ടുകാരല്ലേ എന്ന് പറഞ്ഞ് പൈസയും കൊടുക്കുന്നില്ല അവര്‍. അത്ഭുതറൊട്ടി എന്നും പറഞ്ഞ് ചാനലുകളില്‍ വാര്‍ത്തയും വന്നതോടെ കുബ്ബൂസ്‌കാരന്‍ പട്ടിണി കിടന്നും പണി തുടര്‍ന്നു. കുബ്ബൂസിനുള്ള മാവ് മോഷണം പോയതോടെ അയാള്‍ കുഴഞ്ഞു വീണു മരിച്ചു.

അവിടെ നാടകം അവസാനിപ്പിക്കാമെന്ന് സംഘാടകരിലെ ഏറ്റവും പുരോഗമനവാദി പറഞ്ഞു. പക്ഷെ ഒരു മരണത്തില്‍ അവസാനിപ്പിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. മാത്രമല്ല, നാടകത്തിന്‍റെ പേര് ഗള്‍ഫപ്പന്‍ എന്നാണ്. അതെങ്ങനെയെന്നാല്‍ അല്‍ഭുതറൊട്ടിയുണ്ടാക്കിയ അല്‍ഭുതമനുഷ്യന്‍ എന്ന പേരില്‍ കുബ്ബൂസ്‌കാരന് നാട്ടുകാര്‍ സ്മാരകം പണിയുന്നതും അത് വന്‍വളര്‍ച്ച നേടുന്ന ഒരു ബിസിനസായി പരിണമിക്കുന്നതും, ഗള്‍ഫപ്പന്‍ ബ്രാന്‍ഡ് തുണിത്തരങ്ങളും മറ്റും വാങ്ങാന്‍ ഗള്‍ഫില്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതുമായിരുന്നു എന്‍റെ ക്ലൈമാക്സ്.

അത് നടക്കില്ല, സംഘാടകര്‍ പറഞ്ഞു. ഈ കോമഡി ട്രാജഡിയാകും, അലക്കിത്തേച്ചപോലെ ഒരു സംഘാടകന്‍ പറഞ്ഞു. മലയാളികളെ പൊതുവായും ആള്‍ദൈവങ്ങളെയും പ്രസ്ഥാനങ്ങളെയും പ്രത്യേകമായും ആക്ഷേപിക്കുന്നത് വിലകുറഞ്ഞ ഫാഷനാണെന്ന അഭിപ്രായമുണ്ടായി. വളരുന്ന ഇന്ത്യ ആശയമായി വരുന്ന എന്തെങ്കിലുമാവാം, അല്ലെങ്കില്‍ സുനാമി പോലുള്ള ഭീഷണികള്‍ പട്ടിണി അങ്ങനെയെന്തെങ്കിലുമൊരു വിഷയമാവാമെന്നായതോടെ ചര്‍ച്ച ചൂട് പിടിച്ചു.

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ അസോസിയേഷനുകള്‍ ഉള്ള കുവൈറ്റില്‍ പടര്‍ന്ന് കിടക്കുന്ന മള്‍ട്ടികള്‍ച്ചറലിസം, നാനാത്വത്തില്‍ ഏകത്വം (യൂണിറ്റി ഇന്‍ യൂണിവേഴ്സിറ്റി എന്ന് ഒരു സരസന്‍) അങ്ങനെ പ്രവാസി സംബന്ധമായ വിഷയങ്ങള്‍ അവതരിപ്പിക്കാമെന്ന് വേറൊരു കൂട്ടര്‍. സാമ്പത്തികപ്രതിസന്ധി മൂലമോ കുവൈറ്റീകരണം മൂലമോ നാട്ടിലേക്ക് മടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങളെ സര്‍ക്കാര്‍ എന്തു ചെയ്യും എന്ന രീതിയില്‍ ചിന്തിപ്പിക്കുന്ന നാടകമാണെങ്കില്‍ നന്നായിരിക്കും എന്നും മറ്റൊരു വിനീത അഭിപ്രായം. അല്ല, അതാണല്ലോ ഗള്‍ഫപ്പന്‍ എന്ന് ഞാനും. നിങ്ങളെന്തിന് അപ്പനെയും അമ്മയെയുമൊക്കെ കൊണ്ടുവരുന്നു, പ്രവാസികളുടെ പുനരധിവാസത്തിന്‍റെ കാര്യം മാത്രം പറഞ്ഞാല്‍ പോരേ എന്നായി സുഹൃത്ത് കൂടിയായ സംഘാടകന്‍. വീക്‌ടര്‍ യൂഗോ ശതാബ്ദി വരുന്നു, ചങ്ങമ്പുഴ ശതാബ്ദി വരുന്നു, അതിനാല്‍ അവരുടെ കൃതികളെ ഉപജീവിച്ചുകൊണ്ടുള്ള അവതരണങ്ങളും ആവാമെന്നായിരുന്നു നിശബ്ദതയുടെ മേല്‍ സൂചിതറച്ചപോലെ അടുത്ത അഭിപ്രായം. ചര്‍ച്ച അടുത്ത ദിവസത്തേക്ക് വക്കാമെന്ന് പറഞ്ഞ് പിരിഞ്ഞു.

നാടകചര്‍ച്ച പിന്നെ ഉണ്ടായില്ല. പിന്നീട് ഞങ്ങള്‍ പലതവണ ഒത്തുകൂടിയെങ്കിലും ആരും ഗള്‍ഫപ്പനെക്കുറിച്ച് മിണ്ടിയില്ല. അത്തരമൊരു ഭ്രൂണഹത്യ എന്നില്‍ മാത്രമായി അവശേഷിക്കുന്നു.

Subscribe Tharjani |