തര്‍ജ്ജനി

കെ. ആര്‍. ഹരി

സൌഗന്ധികം,
ലോകനാഥ് വീവേഴ്സിനു സമീപം,
ചൊവ്വ,
കണ്ണൂര്‍ 670 006
ഇ മെയില്‍: leodynasty@yahoo.com

Visit Home Page ...

കഥ

ബന്തര്‍

കെടാന്‍ തുടങ്ങുന്ന വെളിച്ചത്തിന്റെ ഇത്തിരി വെമ്പലിനിടയില്‍ കേട്ട സന്ദേഹത്തിന്‌ മറുപടിയൊന്നും പറയാതെ ബാദുഷ കമ്പളത്തിന്റെ ഒരു മടക്കുകൂടി നിവര്‍ത്തി തലയ്ക്കല്‍ കൈവച്ചു കിടന്നു.

'നാളെ കമ്പോളം തുറക്കുമായിരിക്കും അല്ലേ ബാബ?'

പുറത്തെ ആകാശങ്ങളില്‍ നക്ഷത്രങ്ങള്‍ ഇല്ലായിരുന്നു. തിളക്കം കെട്ട ആ മേലാപ്പിനു താഴെ, കാല്പെരുമാറ്റംപോലും നിലച്ച ബന്തറിന്റെ തെരുവുകള്‍ക്കുമീതെ മീന്‍മണം പറ്റിയ കാറ്റുമാത്രം ഒരു നിശ്വാസമായി പറ്റിക്കിടന്നു.
നീരുവന്ന കാല്‌ ഇടയ്ക്കിടെ വലിക്കുന്നുണ്ട്‌. ബാദുഷ പതുക്കെ കാല്‌ മടക്കി നിവര്‍ത്തി സ്വസ്ഥമായി തിരിഞ്ഞു കിടന്നു.

'അള്ളാ - ഇനി ഇങ്ങനെ എത്ര കാലം കൂടി'

സഫാന്‍ ഉറക്കമായെന്നു് തോന്നുന്നു. പാവം അവന്റെ മനസ്സുനിറയെ ആശങ്കകളാണ്‌. ഉറൂസിന്‌ കച്ചവടം പൊടിപൊടിക്കണമെന്നു് സ്വപ്നം കണ്ടു നടവനാണവന്‍. എന്നിട്ട് ഇത്തിരി കാശുമായി വേണം വീട്ടിലേക്ക്‌ മടങ്ങാന്‍. അവന്റെ ആഗ്രഹം അതായിരുന്നു. ബണ്ട്വാളിലും ഫറാങ്കിപ്പേട്ടിലും, കുഴപ്പങ്ങള്‍ ഇല്ലാതില്ല. ഫറാങ്കിപ്പേട്ടിലെ ഇടുങ്ങിയ തെരുവില്‍, നിരനിരയായി നില്ക്കുന്ന കൊച്ചുവീടുകളുടെ കൂട്ടത്തില്‍ മണ്ണെണ്ണപ്പുകമണം നിറഞ്ഞ കുടുസ്സുമുറികളുള്ള വീട്ടിലുണ്ട്‌ അവന്റെ ഉപ്പയും ഉമ്മയും ബീവിയും സഹോദരീസഹോദരങ്ങളും. അതോര്‍ക്കുമ്പോള്‍ അവന്റെയുള്ളില്‍ തീയാകണം. ചെറുപ്രായത്തിലേ ഉത്തരവാദിത്തങ്ങള്‍ തലയിലേറ്റിയവനാണവന്‍.
പകല്‍ വൈദ്യുതിബന്ധം ശരിയാക്കിയതാണ്‌. നേരം വൈകി പിന്നെയും പോയത്‌ എന്തോ ചില ദു:സൂചനകളായി ബാദുഷയ്ക്ക്‌ തോന്നാതിരുന്നില്ല. ബന്തറില്‍ എത്രയോ രാപകലുകള്‍ കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഓരോ കോണിലും ജീവിതം കഴിക്കുന്ന മുഖങ്ങളെ താനറിയാത്തതല്ലല്ലോ. കല്ലാപ്പുവില്‍ നിന്ന് ഖയാമുദ്ദീനെ എന്തിനാണ്‌ അറസ്റ്റ്‌ ചെയ്തത്‌? പഠിപ്പുള്ള, മാന്യമായി പെരുമാറാനറിയാവുന്ന ഒരു ചെറുപ്പക്കാരനല്ലേ അയാള്‍? ബന്തറില്‍ കണ്ട്‌ മുഖങ്ങളൊന്നും യഥാര്‍ത്ഥമുഖങ്ങളല്ലാ എന്നുവരുമോ? ബാദുഷയ്ക്ക്‌ ബന്തറിനെക്കുറിച്ച്‌ ഒന്നും അറിയില്ല എന്ന് ആരോ മുഖത്തു നോക്കി പറയുന്നതു പോലെ ഒരു നിമിഷം തോന്നി. അതാണോ ശരി? അയാള്‍ സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചോദ്യങ്ങളുടെ പെരുക്കപ്പട്ടികകള്‍ ഇരുട്ടുപോലെ കനത്തു വന്നു. ആ കൂറ്റാകൂറ്റിരുട്ടിനെ തുറിച്ചുനോക്കി ബാദുഷ കിടന്നു.
കൊമ്പിന്റെ പിടിയുള്ള മടക്കുപിച്ചാത്തി കൈയ്യിലിരുന്നപ്പോള്‍ കാലം പിന്നോട്ടോടുകയായിരുന്നു. കൊമ്പിന്റെ പിടിക്ക്‌ മിനുസമേറിയിരിക്കുന്നു. കൃത്യമായി അയാള്‍ക്ക്‌ ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല എന്നു തൊട്ട് അത്‌ കൂടെ കൊണ്ടു നടക്കുകയായിരുന്നുവെന്ന്, ഒരു സന്തതസഹചാരിയെപ്പോലെ. കച്ചവടവും കൂട്ടുകച്ചവടവുമായി നാടുകളില്‍ നിന്ന് നാടുകളിലേക്ക്‌ അലഞ്ഞു നടന്ന ചെറുപ്പകാലം. ഉക്കാരനും അപ്പണ്ണയും ഗുത്തിഗാറിലെ മുഹമ്മദും നായക്കും ചേര്‍ന്ന സംഘങ്ങള്‍. ഒഴിവുനേരങ്ങളില്‍ വഴിയോരങ്ങളിലെ തണലില്‍ ഏര്‍പ്പെടുന്ന രസം പിടിച്ച മഡ്കകളികള്‍. ലാഭനഷ്ടങ്ങള്‍ വീതംവച്ചും സന്തോഷങ്ങളും സങ്കടങ്ങളും, പങ്കിട്ടെടുത്തും ജീവിച്ച ആത്മമിത്രങ്ങള്‍. പുള്ളിപ്പൂവന്‍ ദൈവത്തിന്റെ പുറപ്പാടുകള്‍ കണ്ട എത്ര ഉത്സവങ്ങള്‍. സഹദ്ഷാ ഖ അ ദര്‍ഗ്ഗയിലെ ആണ്ടുനേര്‍ച്ചകളും ചന്ദനക്കുടങ്ങളും. ഉള്ളാള്‍ ഉറൂസിന്റെ വര്‍ണ്ണപൊലിമകള്‍. എല്ലാം നിറം കുടഞ്ഞ ബലൂണ്‍കുലകള്‍ ഉയരുംപോലെ മങ്ങിയഓര്‍മ്മയില്‍ ഓരോന്നായി തെളിഞ്ഞു വരുന്നു. തലപ്പാവും താടിയും വച്ച ഉപ്പൂപ്പാ ഉറുക്കും ചരടും ജപിച്ചു നല്കുമായിരുന്നു. കുടുംബത്തിലെ കാരണവര്‍ ആയിരുന്നെങ്കിലും ഉപ്പൂപ്പാ സാമ്പ്രാണി മണം നിറഞ്ഞ വഖാവിന്റെ ശാന്തതയില്‍ എന്നും അന്തിയുറങ്ങി. അവിടെ ഔലിയാക്കളുടെ പ്രീതിക്കായി നിരന്തരം പ്രാര്‍ത്ഥനകളിലേര്‍പ്പെട്ടു. ഒഴിവുസമയങ്ങളില്‍ കറാമത്തുകളുടെ കഥകള്‍ ഉപ്പൂപ്പാ പറഞ്ഞു തന്നിരുന്നു. ദിവ്യമായ ഏതോ അന്വേഷണവുമായി ഉപ്പൂപ്പാ കാലം കഴിച്ചു കൂട്ടി. ഉപ്പൂപ്പായുടെ ചെല്ലത്തില്‍ ഉണ്ടായിരുതാണ്‌ കൊമ്പിന്റെ പിടിയിട്ട പിച്ചാത്തി. പണികളുള്ള പിത്തള ചുറ്റുകള്‍ അതിന്‌ ഭംഗി കൂട്ടി. ഇത്‌ മടിയില്‍ തിരുകി നടന്ന ഇക്കാലമത്രയും ഒരു ദുരര്‍ത്ഥവും ഉണ്ടായിരുന്നില്ല. ആരും ബാദുഷയെ സംശയിച്ചിരുന്നില്ല. അല്ലെങ്കില്‍ ബാദുഷയെ എന്തിന്‌ സംശയിക്കണം? എന്നാല്‍ ഇന്ന് അത്‌ തന്റെ കൈവെള്ളയില്‍ ഇരുന്നപ്പോള്‍ അയാള്‍ക്ക്‌ ഭയം തോന്നി. ഇതും മടിയില്‍ തിരുകി ബാദുഷ പുറത്തേക്കിറങ്ങിയാല്‍ അപകടമാണ്‌. ആ തിരിച്ചറിവില്‍ അയാള്‍ സ്തബ്ധനായി ഇരുന്നുപോയി.

'യാ റബ്ബീല്‍ ആലമീന്‍ ....'

മനസ്സില്ലാമനസ്സോടെ അയാള്‍ തന്റെ പഴയ ഇരുമ്പുപ്പെട്ടിയിലേക്ക്‌ അത്‌ നിക്ഷേപിച്ചു. നിരോധനാജ്ഞ നീങ്ങുന്ന സമയങ്ങളില്‍ പോലീസിന്റെ സഹായത്തോടെ തുറക്കുന്ന കടകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. വെയിലു പരക്കാന്‍ മടി കാണിച്ചു നിന്ന് അശാന്തിയുടെ ദിവസത്തിലേക്ക്‌ ബാദുഷ മരപ്പാളികള്‍ മാറ്റി നോക്കി. സഫാന്‍ കുനിഞ്ഞിരുന്ന് അവന്റെ മുഷിഞ്ഞ കണക്കുപുസ്തകത്തില്‍ എന്തോ കുത്തിക്കുറിക്കുകയാണ്‌. ബാദുഷ പതുക്കെ ഇറങ്ങി നടന്നു. റോഡരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവ ഈച്ചയാര്‍ത്തും നീരൊലിച്ചും കിടന്നു. കഴിഞ്ഞ ദിവസങ്ങളിലെ ആഹാരം ഒരു പായ്ക്കറ്റ്‌ റൊട്ടിയും, കുപ്പിവെള്ളവുമായിരുന്നു. സഫാന്‍ ക്യൂവില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്നതാണ്‌. ബാദുഷ നീളം വയ്ക്കുന്ന ക്യൂവിനെ ശ്രദ്ധിച്ചില്ല. അതിലെ മുഖങ്ങളെയും, അയാള്‍ നേരെ നടന്നു. നീരുവച്ച കാല്‍ ചെറുതായി മുടന്തുന്നുണ്ടായിരുന്നു. വിശപ്പിനെക്കുറിച്ചയാള്‍ ബോധവാനായിരുന്നില്ല. മേറ്റെന്തോ ആലോചനയിലായിരുന്നു. ധരംസി കാഞ്ചിയുടെ താമസസ്ഥലത്തിന്‌ മുന്നില്‍ അയാള്‍ നിന്നു. ധരംസി ഉമ്മറത്തു തന്നെ നില്പുണ്ട്‌. ഗേറ്റില്‍ പിടിച്ചു കൊണ്ടു നിന്ന് ബാദുഷ വിളിച്ചു.

'ധരംസി ഭായി - ധരംസി ഭായി ..'

ധരംസി അത്‌ കേട്ടെങ്കിലും ആളെ മനസ്സിലാക്കിയ അടുത്ത നിമിഷം മുഖംഉയര്‍ത്താതെ ഉമ്മറത്തു നിന്ന് അകത്തേക്ക്‌ കയറിപ്പോയി.

'ഭായി .........' അയാളുടെ തൊണ്ടയില്‍ എന്തോ കുടുങ്ങി നിന്നു.

'ഭായി, നമ്മള്‍ എന്തു കുറ്റം ചെയ്തിട്ടാണ്‌ ഇങ്ങനെ? എന്ത്‌ പ്രശ്നമാണ്‌ നമ്മുടെ ഇടയില്‍..?'

ഒന്നും വാക്കുകളായി പുറത്തു വന്നില്ല. അതിനുള്ള ശേഷി നഷ്ടപ്പെട്ടതുപോലെ. തളര്‍ന്ന മനസ്സുമായി ഗേറ്റില്‍ നിന്ന് പിടിവിട്ട് ബാദുഷ നടന്നു. തെരുവിന്റെ അങ്ങേത്തലയ്ക്കല്‍ തച്ചു തകര്‍ത്തിട്ടിരിക്കുന്നത്‌ ഗോവിന്ദിന്റെ ചിപ്സുകടയാണ്‌. പായ്ക്കറ്റുകളും കണ്ണാടിക്കൂടും പുറത്തേക്ക്‌ വലിച്ചെറിഞ്ഞിരിക്കുന്നു. ഒരു പാവം കച്ചവടക്കാരനാണയാള്‍. റോഡിന്റെ നടുവിലായി കൂട്ടിയിട്ട് കത്തിച്ച ടയറുകളുടെ കൂമ്പാരത്തില്‍ നിന്ന് ഇപ്പോഴും കറുത്ത പുകയുടെ തിണര്‍പ്പന്‍ വള്ളികള്‍ പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു.
വഴിയോരക്കച്ചവടം പച്ചപിടിച്ചുവരണമെങ്കില്‍ ഇനി ഒന്നു രണ്ടാഴ്ച കഴിയും. മൊത്തകച്ചവടക്കാരില്‍ നിന്ന് വാങ്ങിവച്ചതൊന്നും ചെലവായിട്ടില്ല. കൈയ്യില്‍ പൈസക്കും കുറവ്‌. ബസ്സുകള്‍ ഓടി തുടങ്ങിയാല്‍ അതില്‍ കയറി ധര്‍മ്മസ്ഥലയ്ക്കോ, ചിക്ക്മംഗ്ലൂരിനോ പോയാലോ? സഫാന്റെ ആലോചനകള്‍ അങ്ങനെയായിരുന്നു. ഭിത്തിയില്‍ ഒട്ടിച്ചുവച്ചിരുന്ന ഒരു കഷ്ണം കണ്ണാടിയില്‍ നോക്കി അവന്‍ ഇടയ്ക്കിടെ മുഖം മിനുക്കിക്കൊണ്ടിരുന്നു. ബീവി വിളിച്ചിട്ടുണ്ടാകണം. അതാണങ്ങനെ. ഫോണ്‍ വിളികള്‍ ഇല്ലാതിരുതിനാല്‍ ഇന്നലെ വരെ അവന്‍ ചിന്താകുഴപ്പത്തിലായിരുന്നു. വില്പന സാധനങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരു ഖോജാത്തി സുറുമ അവന്‍ തെരഞ്ഞുപിടിച്ച്‌ പൊതിഞ്ഞു വച്ചിട്ടുണ്ട്‌. അത്‌ അവള്‍ക്ക്‌ കൊടുക്കാനാണ്‌.
ഒരു ആരാധനാലയത്തിന്റെ മതിലിനടിച്ച പെയിന്റിന്റെ നിറം ഇത്ര അപകടം പിടിച്ചതാണോ എന്ന് സഫാന്‍ അത്ഭുതപ്പെട്ടു. ബന്തറില്‍ പടര്‍ന്ന തീയുടെ കാരണം അതായിരുന്നു. അടിച്ച നിറം മാറിപ്പോയതാണ്‌ അക്രമങ്ങളുടെ തുടക്കം. നിറങ്ങളും ചിഹ്നങ്ങളും കൊണ്ട്‌ അപകടം പിടിച്ച കാലമാണിത്‌. അവയെ ഭയപ്പെടണമെന്ന് സഫാന്‍ പഠിച്ചിരിക്കുന്നു. ഓരോ വഴികള്‍ പോലും നിറങ്ങളും ചിഹ്നങ്ങളും കൊണ്ട്‌ വേര്‍തിരിക്കപ്പെടുകയാണ്‌. ഒരു പക്ഷെ തന്റെ വീട്ടിലേക്കുള്ള വഴി പോലും ഒരു നാള്‍ അപ്രാപ്യമായെന്നും വരാം.

' --സഫാന്‍ നിനക്ക്‌ നിന്റെ വീട്ടിലേക്ക്‌ ഇനി അതു വഴി പോകാന്‍ കഴിയില്ല.....'

ഒരു ഞെട്ടലോടെയാണ്‌ അവന്‍ അതോര്‍ത്തത്‌. ബാങ്കറുടെ ഓഫീസും താമസസ്ഥലവും ചേര്‍ന്ന കെട്ടിടത്തിനു മുന്നിലെ ബെഞ്ചില്‍ ബാദുഷ കാത്തിരുന്നു. കുറെ നേരം കഴിഞ്ഞതിനു ശേഷമാണ്‌ ബാങ്കര്‍ അകത്തേക്ക്‌ വിളിപ്പിച്ചത്‌.

'ഓഹോ നിങ്ങളാണ്‌ കഥാപാത്രം അല്ലേ? ' പരിഹാസഭാവത്തിലാണ്‌ നോട്ടം.

'ആരാണ്‌ നിങ്ങള്‍ക്ക്‌ ഇത്‌ തന്നതെന്ന ഓര്‍മ്മയുണ്ട്‌? ' പലിശ തീര്‍ക്കാനായി നല്കിയ രൂപയുടെ ഒറ്റ നോട്ട് നീട്ടിക്കൊണ്ട്‌ അയാള്‍ ചോദിച്ചു. ബാദുഷയ്ക്ക്‌ ഒന്നും മനസ്സിലായില്ല. 'ഹേ മനുഷ്യാ ഇത്‌ വ്യാജനാണ്‌. മസസ്സിലായില്ലേ? കള്ളനോട്ട്. പോലീസ്‌ നിങ്ങളെ പിടിച്ച്‌ അകത്തിടാന്‍ ഇതു മതി. പ്രത്യേകിച്ചു നിങ്ങളുടെ ആള്‍ക്കാര്‍ .....'

ഇടിവെട്ടേറ്റവനെപ്പോലെ നിന്ന ബാദുഷയ്ക്ക്‌ ഒന്നും സംസാരിക്കാന്‍ കഴിയുന്നില്ല.
'ദേ പൊല്ലാപ്പിനൊന്നും ഞങ്ങളില്ല. കൊണ്ടുപോയി കത്തിച്ചു കളയൂ. അതാണ്‌ നല്ലത്‌. ഓരോമിനക്കേടുകള്‍ - രാവിലെ ബാദുഷ നിന്നുവിയര്‍ത്തു. ആത്മാഭിമാനത്തിനേറ്റ ക്ഷതം താങ്ങാന്‍ കഴിയുന്നി‍ല്ല. ഒരു വിധം അയാള്‍ അവിടെ നിന്ന് പുറത്തിറങ്ങി. രൂപയുടെ വ്യാജന്‍ കൈയ്യില്‍ ചുരുണ്ടിരുന്നു. കച്ചവടത്തിനിടയ്ക്ക്‌ ആരോ തന്നതാണ്‌. ഒരാഴ്ച കഴിഞ്ഞിട്ടണ്ടാകും. എങ്ങനെ ഓര്‍ക്കാനാണ്‌. വയസ്സുകാലത്ത്‌ കിട്ടിയ അദ്ധ്വാനത്തിന്റെ വില! പണത്തെ എന്നും താന്‍ ബഹുമാനത്തോടെയല്ലേ കണ്ടിട്ടുള്ളൂ.

..... കൊണ്ടു പോയി കത്തിച്ചു കളയൂ. അതാണ്‌ നല്ലത്‌ ....... ആ വാക്കുകള്‍ ഇപ്പോഴും നെഞ്ചുതുളച്ചു കയറുകയാണ്‌.

'എന്താ ബാബ, എന്തെങ്കിലും കുഴപ്പങ്ങള്‍? - ബാദുഷയുടെ ഇരിപ്പു കണ്ടാണ്‌ സഫാന്‍ അങ്ങനെ ചോദിച്ചത്‌. ഒന്നും ഇല്ലെന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടുകമാത്രം ചെയ്തു. ബന്തറിന്റെ തീരങ്ങളില്‍ നിന്നും വീശിയ മീന്‍മണം പറ്റിയ കാറ്റ്‌ മരപ്പാളികളുടെ ഇടയിലൂടെ നൂഴ്ന്ന് കടന്നുവന്നു.

' ബന്തര്‍ മുഴുവനും ശാന്തമായില്ലേ ബാബ? -- സഫാന്‍ മുട്ടുകാലില്‍ നിന്ന് അയാളുടെ മുഖത്തേക്ക്‌ നോക്കിയാണ്‌ ചോദിച്ചത്‌. ബാദുഷയുടെ മുഖം വിവര്‍ണ്ണമാകുന്നത്‌ സഫാന്‍ ശ്രദ്ധിച്ചു.
'സഫാനെ.........' അയാളുടെ വാക്കുകള്‍ മുറിഞ്ഞു. കൈയുയര്‍ത്തി സഫാന്റെ ചുമലില്‍ പിടിക്കാനയാള്‍ ആഞ്ഞു. ഈ ശാന്തതയാണ്‌ എന്നെ‍ വല്ലാതെ ഭയപ്പെടുത്തുന്നത്‌'

കണ്ണുകളടച്ച്‌ ധ്യാനനിമഗ്നനെപ്പോലെ ആ വൃദ്ധന്‍ ഇരുന്നെങ്കിലും അയാളുടെ കണ്‍പീലികളില്‍ നനവു പടരുന്നത്‌ സഫാന്‍ ശ്രദ്ധിച്ചു.

ബന്തറില്‍ പഴങ്ങളും, പച്ചക്കറികളും വില്ക്കുന്ന ഏതാനും കടകള്‍ മാത്രം തുറന്ന ദിവസമായിരുന്നു, അത്‌. ചരക്കുലോറികളൊന്നും വരാത്തതിനാല്‍ റോഡുകളുടെ പള്ളകള്‍ കാലിയായി കിടന്നു. അങ്ങിങ്ങ്‌ കൊമ്പു കുത്തി കിടന്ന കൈവണ്ടികളുടെ അനാഥവും, വിരസവുമായ കാഴ്ചകളൊഴികെ. ബന്തര്‍ അതിന്റെ സഹജമായ ദിനസരികളിലേക്ക്‌ മടങ്ങി വരാന്‍ തുടങ്ങിയെങ്കിലും ക്രമങ്ങള്‍ക്കെല്ലാം മാറ്റം സംഭവിച്ചിരുന്നു.

അപരിചിതമായ അകലങ്ങളെ സൂക്ഷിക്കാന്‍ ബന്തറിലെ ജനങ്ങള്‍ ശീലിച്ചുതുടങ്ങി. അവരുടെ ഇഴയടുപ്പമുള്ള അഭിസംബോധനകളില്‍പ്പോലും സംശയത്തിന്റെ നിഴലാട്ടങ്ങള്‍ക്ക്‌ എവിടെയോ ഉലച്ചില്‍ തട്ടി. എ.കെ.മെറ്റല്‍സിന്റെ ഗോഡൌണില്‍ പോലീസ്‌ എന്തിനു വേണ്ടിയോ അരിച്ചു പെറുക്കി. പഴയ ബീഡിക്കമ്പനിയുടെ മുകളില്‍ ചില മീറ്റിംഗുകള്‍ കൂടിയിരുന്ന മുറിയില്‍ ഇടയ്ക്കിടെ പോലീസ്‌ വന്നും പോയുമിരുന്നു. ഉച്ചപത്രങ്ങല്‍ കിട്ടിയപാടെ അലസമായി മടക്കിയെറിഞ്ഞിരുവര്‍ കണ്ണും നട്ടിരുന്ന് അതിന്റെ പേജുകള്‍ പരതാന്‍ തുടങ്ങി.

ആ ദിവസങ്ങളെ തുടര്‍ന്നുവന്നത് ചരിത്രത്തില്‍ തന്നെ ലേഖനം ചെയ്യേണ്ടി വന്ന ഒരു കറുത്ത ദിനമായിരുന്നു. അപ്രഖ്യാപിത ഹര്‍ത്താലാകുന്ന ദിവസം. പ്രാകൃതമായ പ്രതിഷേധങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സേന വീണ്ടും എത്തി. അവര്‍ ബന്തറിന്റെ ഒഴുക്കിന്‌ വീണ്ടും തടയണകളിട്ടു. അതും കഴിഞ്ഞ്‌ കച്ചവടത്തിന്‌ മേല്‍ഗതിയൊന്നും കാണാത്തതിനാല്‍ സഫാന്‍ ചിക്‌ മംഗ്ലൂരിന്‌ പോകാന്‍ തന്നെ തീരുമാനിച്ചു. അവന്‍ വില്‍പന സാധനങ്ങളെല്ലാം കെട്ടുകളിലാക്കി. ബസ്സുകാരുമായി പറഞ്ഞുറപ്പിച്ച്‌, തുച്ഛമായ തുക കൊടുത്താല്‍ അവ കൊണ്ടു പോകാം. സഫാന്‍ പോകുതില്‍ ബാദുഷയ്ക്ക്‌ വിഷമമുണ്ട്‌. പക്ഷെ അത്‌ പുറത്ത്‌ കാണിച്ചില്ല. അവന്റെ വില്‍പനസാധനങ്ങളെല്ലാം കയറ്റിക്കൊണ്ടു പോകാന്‍ ബാദുഷയും സഹായിച്ചു. അവശത മറന്നുതന്നെ. പാവം, ഒരു വലിയ കുടുംബത്തിന്റെ താങ്ങാണ്‌. അവന്‍ പോയി രക്ഷപ്പെടട്ടെ.

സുഹര്‍ നമസ്കാരം കഴിഞ്ഞ്‌ പള്ളി പിരിഞ്ഞു. തെരുവിന്റെ ഓരം ചേര്‍ന്നു് ചെരുപ്പുകുത്തിയെത്തേടി ബാദുഷ നടന്നു. ചെരുപ്പിന്റെ വള്ളി കെട്ടണം. ഉച്ചപ്പത്രങ്ങള്‍ക്ക്‌ ആഘോഷിക്കാന്‍ കാര്യമായി ഏതോ വാര്‍ത്ത കിട്ടിയിട്ടുണ്ട്‌. പത്രം ഉയര്‍ത്തിപ്പിടിച്ച്‌ വീശി വിതരണക്കാരന്‍ പയ്യന്‍ ഓടുകയാണ്‌. ബാദുഷ അവനെ ശ്രദ്ധിച്ചു. 'ബസ്സില്‍ സ്ഫോടനം, മരണം, നിരവധി പേര്‍ ആശുപത്രിയില്‍' അവന്‍ വിളിച്ചു പറഞ്ഞത്‌ ചിക്‍മാംഗ്ലൂരിന്‌ പുറപ്പെ' ബസ്സ്തന്നെയാണ്‌.... അതെ, ശരീരത്തിലൂടെ മന്നില്‍പ്പിണര്‍ പാഞ്ഞു. തൊട്ടടുത്ത കമ്പിത്തൂണില്‍ പിടിച്ചു ബാദുഷ നിന്നു.

'അല്‍ഹം ദുലില്ലാഹി റബ്ബീല്‍ ആലമീന്‍'...... അയാള്‍ വിളിച്ചു. പിന്നെ ഓര്‍മ്മകെട്ടുപോയി. ആരൊക്കെയോ താങ്ങിപ്പിടിച്ച്‌ അടുത്തുള്ള കടയുടെ തിണ്ണയിലിരുത്തി. മുഖത്തുവീണ വെള്ളത്തുള്ളികള്‍ ബോധത്തിന്റെ നാമ്പുകളെ നനച്ചു. പക്ഷെ ശരീരം തളരുകയാണ്‌. അവിടെ തന്നെ ചാരിക്കിടന്നു. കടയുടമ പത്രം ഉറക്കെ വായിച്ചതില്‍ നിന്നും വീണ്ടും വാര്‍ത്ത കേട്ടു.

സഫാന്‍ ...........?

'അല്ല, നിങ്ങളുടെ ആരെങ്കിലും........? കടയുടമ ചോദിച്ചതിന്‌ അയാള്‍ക്ക്‌ ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ബസ്സില്‍ കയറ്റിയ കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച ബോംബാണൊണ്‌ സംശയം. അതിന്റെ ഉടമകളെ പോലീസ്‌ തിരയുന്നുണ്ട്‌.

'സഫാനെ, എന്റെ പാവം കുഞ്ഞേ ........' അയാള്‍ കരഞ്ഞു പോയി. ഈ അത്യാഹിതം അറിയിക്കാന്‍ താനൊരാളേയുള്ളൂ. അവന്റെ ഉപ്പ, ഉമ്മ, ബീവി, ഇളയ സഹോദരീ സഹോദരങ്ങള്‍ ...... ദൈന്യത നിറഞ്ഞ ഓരോ മുഖങ്ങളും അയാളുടെ മുന്നില്‍ തെളിഞ്ഞു വന്നു. വലിയ കുടുംബത്തിന്റെ ഓരേയൊരാശ്രയം. ജീവനോടെ അവേശേഷിച്ചിട്ടുണ്ടെങ്കില്‍ അവനെ പോലീസ്‌ വലയം ചെയ്തിട്ടുണ്ടാകും. കയറ്റിക്കൊണ്ടു പോയ വില്‍പനസാധനങ്ങളുടെ ഉടമ അവനാണെന്നുകൂടി അറിഞ്ഞാല്‍ ........ അള്ളാ!

കാക്കികളുടേയും, ബൂട്ടുകളുടേയും ദ്രുതചലനങ്ങള്‍, ചോദ്യംചെയ്യലുകള്‍, ഭീഷണികള്‍, പ്രഹരങ്ങള്‍ .......... അയാള്‍ക്ക്‌ തല പിളരുന്നതുപോലെ തോന്നി. അവിടെ കിടന്നുകൊണ്ട്‌ അയാള്‍ ശക്തമായി തലകുടഞ്ഞു. ഭിത്തിയിലേക്ക്‌ തലതല്ലി. ബോധപ്രവാഹത്തില്‍ നിന്നും ബാദുഷ വീണ്ടു ഊളിയിട്ടു.

കൂടുതല്‍ പേര്‍ മരണമടഞ്ഞെന്നും, അതിന്റെ ചിത്രങ്ങള്‍ സഹിതമുള്ള വാര്‍ത്തകളുമാണ്‌ വൈകീട്ടെത്തിയത്‌. പക്ഷെ അതു നോക്കാന്‍ ബാദുഷ ഉണ്ടായിരുന്നില്ല. ബന്തര്‍ മൂകമായിരുന്നു. അതിന്റെ കടല്‍ത്തീരവും. ഒരു ഇളം കാറ്റപോലും ഇല്ലാത്തവിധം തികച്ചും അന്തിയുടെ മാനത്ത്‌ ഇരുണ്ട മേഘങ്ങള്‍മാത്രം അങ്ങിങ്ങ്‌ ചിതറിക്കിടന്നു. ഇരുട്ടുപെയ്തിറങ്ങാന്‍ തുടങ്ങിയ ആ മണല്‍തീരത്തിലൂടെ എന്തോ പുലമ്പിക്കൊണ്ട്‌, അവശനായ ഒരാള്‍ നടകലുന്നത്‌ കാണാമായിരുന്നു.

Subscribe Tharjani |