തര്‍ജ്ജനി

വര്‍ത്തമാനം

ഹരിതം മോഹനം.... ഈ കഥാതീരം

ശ്രീ സുസ്മേഷ് ചന്ത്രോത്തുമായി സ്മിത മീനാക്ഷി നടത്തിയ അഭിമുഖസംഭാഷണം.

ഡി, 9 എന്നീ നോവലുകള്‍,
മറൈന്‍ കാന്‍റീന്‍, നായകനും നായികയും എന്നീ നോവെല്ലകള്‍,
വെയില്‍ ചായുമ്പോള്‍ നദിയോരം, ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ഗാന്ധിമാര്‍ഗം, കോക്ടെയ്ല്‍ സിറ്റി, മാമ്പഴമഞ്ഞ, സ്വര്‍ണ്ണമഹല്‍,
മരണവിദ്യാലയം എന്നീ കഥാസമാഹാരങ്ങള്‍

കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്മെന്റ്, അങ്കണം അവാര്‍ഡ്, സാഹിത്യശ്രീ പുരസ്കാരം, കെ. എ. കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരം, തോപ്പില്‍ രവി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, ഈ പി സുഷമ എന്‍ഡോവ്മെന്റ്, ജേസി ഫൌണ്ടേഷന്‍ അവാര്‍ഡ്, പ്രൊഫ.വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്കാരം, ഡിസി ബുക്സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ് (2004-ല്‍ ആദ്യനോവലായ 'ഡി'യ്ക്ക്.) 2, 2009ലെ സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ് തിരക്കഥയ്ക്ക് (ആതിര 10 സി)

തിരക്കഥകള്‍ :'പകല്‍', ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി.

ഇപ്പോള്‍ മാധ്യമം വാരികയില്‍ ‘പേപ്പര്‍ ലോഡ്ജ് ‘എന്ന നോവല്‍ പ്രസിദ്ധീകരിച്ചുവരുന്നു.

?. ഡി എന്ന നോവലിലാണു താങ്കളുടെ സാഹിത്യ ജീവിതത്തിന്റെ തുടക്കമെന്നു പുസ്തകങ്ങളില്‍ പറയുന്നു, പക്ഷേ അതിനുമുന്‍പുള്ള കാലത്തെപ്പറ്റിയൊന്നു പറയാമോ?

കഥകള്‍ എഴുതി, പ്രസിദ്ധീകരിച്ചു തുടങ്ങുന്ന കാലത്തുതന്നെ മനസ്സില്‍ നോവല്‍ എന്ന ആശയമുണ്ടായിരുന്നു. ലാറ്റിനമേരിക്കന്‍ നോവലുകള്‍ വായിച്ച് അതില്‍ നിന്നുള്ള ഒരാവേശം എന്നെ ബാധിച്ചിരുന്നു. സി. വി. രാമന്‍പിള്ളയുടെ നോവലുകളും ആ സാഹിത്യരൂപത്തോട് കൂടുതല്‍ ആകര്‍ഷണം തോന്നുവാന്‍ കാരണമായിട്ടുണ്ട്. സത്യത്തില്‍ ജുവാന്‍ റൂള്‍ഫോയുടെ പെഡ്രോ പരാമോ എന്ന നോവലാണ് എന്റെ മനസ്സില്‍ നോവലെഴുതണമെന്ന ആഗ്രഹം ശക്തമാക്കിയത്. ആ പ്രചോദനത്തില്‍ നിന്ന് പല ആശയങ്ങളും ഞാന്‍ നോവല്‍രൂപത്തില്‍ എഴുതിത്തുടങ്ങുകയും ചെയ്തു. പക്ഷേ അവയൊന്നും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. 2000 ലാണ് കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. പിന്നീട് 2002 ല്‍ ഒരു ഭൂതാവേശം പോലെ ഡി എന്ന നോവല്‍ തുടങ്ങുകയും അത് വേഗത്തില്‍ തന്നെ ആദ്യരൂപം കൈക്കൊള്ളൂകയും ചെയ്തു. ( 2004 ല്‍ ഡി. സി. ബുക്സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ് ഡി യ്ക്കു ലഭിച്ചു.)

? ഡി യില്‍ നിന്ന് പേപ്പര്‍ ലോഡ്ജിലെത്തുമ്പോള്‍ നോവല്‍ എന്ന മാദ്ധ്യമത്തെപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകള്‍ എന്തൊക്കെയാണ് ?

നല്ലൊരു ചോദ്യമാണത്. കഥകളെഴുതുമ്പോള്‍ അനുഭവപ്പെടാത്ത ഒരു സ്വാതന്ത്ര്യം നോവലിലുണ്ട്. കഥയ്ക്ക് അതിന്റേതായ ചിട്ടകളുണ്ട്, അവയെ ലംഘിച്ച് കഥകള്‍ പരിഷ്കരിക്കുന്നത് വളരെ ശ്രമകരമാണ്. പക്ഷേ നോവലില്‍ ഭാഷയും ശൈലിയും ആശയവും എല്ലാം നവീകരിക്കുന്നതിനുള്ള ഇടമുണ്ട്. എത്ര കഥകള്‍ എഴുതിയാലും നിയതമായ ഒരു ചട്ടക്കൂടിനെ ലംഘിച്ച് കഥകള്‍ക്ക് മുമ്പോട്ടുപോകാനാവില്ല. ഒരു അദൃശ്യമായ ഫോര്‍മുലയ്ക്കുള്ളിലാണു് കഥയെഴുതപ്പെടുന്നതെന്നു പറയാം. ഒരു ഭാവത്തിന്റെയോ ജീവിതമുഹൂര്‍ത്തത്തിന്റെയോ സംഭവത്തിന്റെയോ ആവിഷ്കാരമാണു് കഥകളാകുന്നത്. എന്തിനെയും ചെറുതാക്കിയേ കഥയില്‍ കൊണ്ടുവരാനാകൂ. ഒരു സങ്കീര്‍ണമനുഷ്യജീവിതമോ ഒരു രാജ്യത്തിന്റെ ചരിത്രമോ എന്തുവേണമെങ്കിലും നോവലില്‍ ആവിഷ്കരിക്കാം എന്നൊരു സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ കഥകള്‍ ഒന്നൊന്നായി വേര്‍പെട്ടുനില്ക്കുമ്പോള്‍ നോവല്‍ ഒന്നില്‍ നിന്ന് ഒന്നിലേയ്ക്കുള്ള ഒരു പ്രവാഹമാണ്. ഡി എന്ന നോവലില്‍ നിന്നും പേപ്പര്‍ ലോഡ്ജിലെത്തുമ്പോള്‍ ഈ യാത്രയുടെ ഒരു ശക്തിയനുഭവപ്പെടുന്നുണ്ട്. അത് കഥയുടെ വലുപ്പമോ കഥാപാത്രങ്ങളുടെ എണ്ണമോ അവരുടെ മാനസികഭാവങ്ങളിലെ കനത്തിലുള്ള വ്യത്യാസമോ ആയാലും നോവല്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് കടക്കുമ്പോള്‍ വളരുകയാണ്.

? ഇപ്പോള്‍ മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന താങ്കളുടെ പേപ്പര്‍ ലോഡ്ജ് എന്ന നോവലിനെക്കുറിച്ചു പറയുമോ?

എനിക്കേറെ സംതൃപ്തി തന്നിട്ടുള്ള സാഹിത്യരചനയാണ് പേപ്പര്‍ ലോഡ്ജ്. മൂന്നു ഭാഗങ്ങളിലായി പുരോഗമിക്കുന്നതാണ് നോവലിന്റെ ആഖ്യാനശില്പം. ഓരോ കഥാപാത്രവും മറ്റൊരു കഥാപാത്രവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ മൂന്നു ഭാഗങ്ങളിലും വ്യത്യസ്തകഥാപാത്രങ്ങളുടെ വെവ്വേറെ കാഴ്ചപ്പാടുകളില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അതായത് മനുഷ്യജീവിതത്തിലെ ദൃശ്യവും അദൃശ്യവുമായ വികാരങ്ങളെ അന്വേഷിക്കുകയാണതില്‍ ചെയ്യുന്നത്. ഇവിടെ നുണകള്‍ സത്യങ്ങളാകുകയും സത്യങ്ങള്‍ നുണകളാകുകയും ചെയ്യും. കണ്ടതും കേട്ടതുമായിരുന്നില്ല യാഥാര്‍ത്ഥ്യമെന്ന് വായനക്കാരന് സ്വയം ചിന്തിക്കാനവസരം കൊടുക്കുകയാണ് പേപ്പര്‍ ലോഡ്ജിലൂടെ. പാത്രസൃഷ്ടിയിലും ആഖ്യാനരീതിയിലും പ്രമേയത്തിലും കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ മലയാളത്തിലുണ്ടായ നോവലുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണു് പേപ്പര്‍ ലോഡ്ജെന്നു് ഞാന്‍ വിശ്വസിക്കുന്നു. മാതൃഭൂമി ബുക്സാണ് പേപ്പര്‍ ലോഡ്ജ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്.

? താങ്കളുടെ രചനകളില്‍ ഉന്മാദവും സ്വപ്നവും ഒക്കെ കൂടുതലായി കടന്നു വരുന്നുണ്ട്, ഉന്മാദസ്പര്‍ശമുള്ള സ്വപ്നങ്ങള്‍... അല്ലെങ്കില്‍ സ്വപ്നസദൃശമായ ഉന്മാദാവസ്ഥകള്‍... അതെക്കുറിച്ചൊന്നു പറയാമോ?

എന്റെ കഥകളിലും നോവലുകളിലുമൊക്കെ സ്വപ്നസദൃശങ്ങളായ ലോകങ്ങള്‍ വരുന്നുണ്ടെന്നും ഉന്മാദത്തിന്റെ അന്തരീക്ഷത്തെ പിടിച്ചെടുക്കുന്നതാണവയുടെ പ്രമേയങ്ങളെന്നും വാസ്തവത്തില്‍ അവ വായിച്ചവര്‍ പറയുമ്പോഴാണ് ഞാന്‍ ആദ്യമായി ശ്രദ്ധിച്ചതു തന്നെ. അതിനു മുമ്പ് അങ്ങനെ ചിന്തിച്ചിരുന്നില്ല, കാരണം ഉന്മാദത്തിന്റെ ഒരു ലോകമായാലും തുറന്ന ഭാവനയുടെ ലോകമായാലും അത് മന:പൂര്‍വം വിചാരിച്ചു കൊണ്ടുവരുന്നതല്ല. അങ്ങനെയുള്ള കാര്യങ്ങള്‍ സാഹിത്യസൃഷ്ടിയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ബോധപൂര്‍വ്വം ചിന്തിച്ച് ഞാന്‍ എഴുതിയിട്ടുമില്ല. അത് സാദ്ധ്യമാണെന്നും ഞാന്‍ കരുതുന്നില്ല, പലപ്പോഴും എഴുത്ത് എന്നു പറയുന്നത് നമ്മുടെ കൈയില്‍നിന്നും വിട്ടുപോകുന്ന ഒന്നാണ് , നമുക്കതെപ്പറ്റി അവ്യക്തമായ ഒരു രൂപമുണ്ടെങ്കിലും അത് വ്യക്തതയാര്‍ജ്ജിക്കുന്നത് എഴുതുമ്പോഴാണ്. എന്നെ സംബന്ധിച്ചിടത്തോളോം എഴുത്തിന്റെ തലത്തിലാണ് അത് സ്വയം അമൂര്‍ത്തതയില്‍ നിന്ന് മൂര്‍ത്തമായ രൂപത്തിലേയ്ക്കെത്തുന്നത്. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കില്‍ പോലും സാധാരണജീവിതത്തില്‍ നിന്നു വ്യത്യസ്തമായ, വേറിട്ടകാഴ്ചകള്‍ കൊണ്ടുവരണമെന്ന് എനിക്കാഗ്രഹമുണ്ട്. ഒരു പക്ഷേ അതുകൊണ്ടാകാം സ്വപ്നദൃശ്യങ്ങളും ഭ്രമാത്മകരംഗങ്ങളും സ്ഥലങ്ങളും എഴുത്തില്‍ കടന്നുവരുന്നത്. ഉന്മാദത്തെപ്പറ്റി പറയുകയാണെങ്കില്‍ , എന്റെയൊരു നോവലില്‍ ഞാന്‍ പറയുന്നുണ്ട്, എനിക്കുന്മാദത്തിലെത്തുവാന്‍ ഒരു ചാട്ടം മതിയെന്ന്. അതുപോലെ ജീവിതത്തില്‍ അത്തരം മുഹൂര്‍ത്തങ്ങള്‍ ഞാനനുഭവിച്ചിട്ടുണ്ട്, ഇപ്പോഴല്ല, ഇപ്പോള്‍ ഞാനവയെ അതിജീവിച്ചു കഴിഞ്ഞു, വളരെ വ്യക്തിപരമായി പറഞ്ഞാല്‍, ജീവിതത്തിലെ രണ്ടു ഘട്ടങ്ങളില്‍ ഉന്മാദത്തിലേയ്ക്ക് വീണു പോകുമെന്ന് ഭയന്ന അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഒരു ചെറിയ മുഹൂര്‍ത്തത്തിലെ അനുഭവമായിരുന്നില്ല, വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുന്ന അനുഭവമായിരുന്നു. നരകതുല്യമായ ഉന്മാദത്തിന്റെ സാമിപ്യം ഞാനനുഭവിച്ച കാലമായിരുന്നു അത്. ഭ്രമത്തിലേയ്ക്ക് വീണുപോകാതെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് പിടിച്ചു നില്ക്കുവാന്‍ പെടാപ്പാടുപെട്ടിരുന്നു അപ്പോള്‍. മദ്യപിച്ച ഒരാള്‍ മദ്യത്തിനടിമയല്ല എന്നു കാണിക്കുവാന്‍ ശ്രമിക്കുന്നതുപോലെ പരിഹാസ്യമായിത്തീര്‍ന്നിട്ടുമുണ്ട് എന്റെ ശ്രമങ്ങള്‍ പലപ്പോഴും. ആ സമയത്ത് എഴുതിയ കഥകളിലാകാം ഭ്രാന്തിന്റെ പരിസരങ്ങള്‍ കയറിവരുന്നത്. അപ്പോള്‍ കഥാപാത്രങ്ങളെ ആ ഒരു ഭാവത്തില്‍ ചേര്‍ത്തുവയ്ക്കുവാന്‍ എനിക്കെളുപ്പമായിരുന്നു. പക്ഷേ മന:പൂര്‍വ്വമായിരുന്നില്ല ഒരിക്കലും. കേരളകൌമുദിയുടെ ഓണപ്പതിപ്പില്‍ വന്ന ഒരു കഥയുണ്ട്, ‘ കടലേ മറക്കായ്ക ജീവിത പുസ്തകം” അതിലെ കഥാപാത്രം മാനസികരോഗാശുപത്രിയില്‍ നിന്നും പുറത്തുവന്ന ഒരാളാണ്. കഥയെഴുതിത്തുടങ്ങുമ്പോള്‍ അതിന്റെ പ്രധാനപ്രമേയം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ എഴുത്തിന്റെ വഴികളിലാണ് നായകകഥാപാത്രത്തിന്റെ സ്വഭാവം ആ രീതിയില്‍ രൂപപ്പെട്ടത്. പിന്നീട് റെഡ് അറേബ്യയും ഗ്വാണ്ടനാമോയും എഴുതുമ്പോഴും അതു തന്നെയാണു സംഭവിച്ചത്. പ്രമേയത്തെ കഥയുടെ ചതുരങ്ങള്‍ക്കുള്ളിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍ അത് അങ്ങനെയായിത്തീര്‍ന്നതാണ്. പൊതുവായി പറഞ്ഞാല്‍ എല്ലാ എഴുത്തുകാരും ഒരു തരത്തിലെല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉന്മാദത്തിന്റെ പരിസരത്തുകൂടി ആഘോഷമായി കടന്നുപോകുന്നവരാണ്. പക്ഷേ, നിരാശരായി അതിലൂടെ കടന്നുപോകുന്നവരാണ് അതിനെ ക്രിയാത്മകമാക്കാതെ നഷ്ടമാക്കുന്നത്. അല്ലാത്തവര്‍ക്ക് അതില്‍ ഭീതിയുണ്ടെങ്കില്‍ കൂടി ആ ആഘോഷത്തിലെ കാഴ്ചകളെ സ്വന്തം സൃഷ്ടികളില്‍ അവതരിപ്പിക്കുവാന്‍ കഴിയുന്നു.

? താങ്കളുടെ വാമൊഴിയിലും വരമൊഴിയിലും അനുഭവപ്പെടുന്ന കൃത്യത - ഒരു സയന്‍സ് ലാബിലെ കണിശത- എങ്ങനെയാണതു സാദ്ധ്യമാക്കുന്നത്? ബോധപൂര്‍വ്വമുള്ള ഒരു ശ്രമമുണ്ടോ അതിനു പിന്നില്‍?

ഒരു കഥ എങ്ങനെയായിരിക്കണമെന്നു്, കൃത്യമായി എങ്ങനെയായിരിക്കണമെന്ന് പറയാനാകില്ല. ഒരു വിഷയം, അത് വായനക്കാരന്റെ മനസ്സില്‍ എങ്ങനെ തറഞ്ഞുകയറണം എന്ന ഒരു ആലോചനയുണ്ട് എഴുത്തില്‍, അത് കഥാസന്ദര്‍ഭമോ കഥാപാത്രത്തിന്റെ മാനസികഭാവമോ എന്തായാലും ഏറ്റവും കുറച്ചു വാക്കുകള്‍ കൊണ്ട് വായനക്കാരനില്‍ എത്തണം. ഒരു പൂവിന്റെ ഭംഗി എത്രയാണെന്ന് പറയുവാന്‍ നാലുപേജില്‍ വിവരിക്കണമെന്നില്ല, അതിനാവശ്യമായ വാക്കുകളില്‍ അത് വരച്ചിട്ടാല്‍ മതി. കഥയോ നോവലോ എഴുതുമ്പോള്‍ അനാവശ്യമായ വിവരണങ്ങള്‍ ഒഴിവാക്കുന്നത് മനപൂര്‍വ്വം തന്നെയാണ്, അതിനായുള്ള ഒരു ശ്രമം നടത്താറുണ്ട്, അതുകൊണ്ടാകാം നിങ്ങള്‍ പറഞ്ഞ തരത്തിലുള്ള ഒരു കൃത്യത അനുഭവപ്പെടുന്നത്, പക്ഷേ അങ്ങനെ എഴുതുന്നതില്‍ ഞാനൊരു വിജയമാണെന്ന് എനിക്കഭിപ്രായമില്ല, വളരെ ചുരുക്കി , കാച്ചിക്കുറുക്കിയ രീതിയില്‍ മറ്റുള്ളവര്‍ എഴുതിയ പല നല്ല കഥകളും എന്റെ വായനയില്‍ വന്നിട്ടുണ്ട്.

? താങ്കളുടെ സ്ത്രീ കഥാപാത്രങ്ങളുടെ അന്തസ്സ് ഞാന്‍ താല്പര്യത്തോടെ കാണുന്ന കാര്യമാണ്. ആ കഥാപാത്രസൃഷ്ടികളെക്കുറിച്ചുകൂടി പറയൂ.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് എന്റെ രചനകളില്‍ വലിയ പ്രാധാന്യമുണ്ടെന്നുള്ളത് സത്യമാണ്. അത് ബോധപൂര്‍വ്വവുമാണ്. രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് അത് ബോധപൂര്‍വ്വമാകുന്നത്. ഒന്നാമത്തെ കാര്യം, ഒരുപാടു് സ്ത്രീകള്‍ എന്റെ ജീവിതത്തെ അറിഞ്ഞും അറിയാതെയും സ്വാധീനിച്ചിട്ടുണ്ട്. പല സ്ത്രീകളുടെയും പ്രേരണകളും പിന്തുണയും നിശ്ശബ്ദമായ സഹനങ്ങളും നിര്‍ബ്ബന്ധങ്ങളും ഒരു വ്യക്തി എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും എന്നെ രൂപപ്പെടുത്തുവാന്‍ ഒരുപാടു് സഹായിച്ചിട്ടുണ്ട്. രണ്ടാമത്തെ കാരണം എനിക്കു സ്ത്രീകളോടുള്ള ബഹുമാനമാണ്. ഒരു പുരുഷന്‍ എന്ന നിലയില്‍ സ്ത്രീകളോട് ആകാവുന്ന എല്ലാ വികാരങ്ങളുമുണ്ടെങ്കിലും ഞാനവരെ ബഹുമാനിക്കുന്നു എന്നതാണു് വാസ്തവം. ആ ബഹുമാനം എന്റെ കഥാപാത്രങ്ങള്‍ക്കും ഞാന്‍ കൊടുക്കുന്നു. സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ ശക്തിയുള്ളവരാണെന്നു ഞാന്‍ കരുതുന്നു, പ്രകൃതിയുമായി ചേര്‍ന്നും മല്ലിട്ടും ജീവിക്കുവാന്‍ പുരുഷനെക്കാള്‍ സാമര്‍ത്ഥ്യം സ്ത്രീകള്‍ക്കാണ്. എന്റെ എഴുത്തില്‍ സ്ത്രീകള്‍ ശക്തിയുള്ളവരായി കടന്നുവരുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ അവര്‍ക്ക് കഴിയുന്നത്ര മിഴിവുകൊടുക്കുവാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു. എന്റെ വ്യക്തിപരമായ നിരീക്ഷണം പറഞ്ഞാല്‍ സ്ത്രീകഥാപാത്രങ്ങള്‍ക്കു പേരു കൊടുക്കുന്ന കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാറുണ്ട്. അവരെത്ര അപ്രസക്തരാണെങ്കിലും ആ കഥാപാത്രത്തിന്റെ ശാരീരിക-മാനസികാവസ്ഥകളോട് ഇണങ്ങുന്നതും വ്യത്യസ്തമായതുമായ ഒരു പേരു വേണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. എന്നെ സ്വാധീനിച്ച സ്ത്രീകള്‍, അത് ആരെങ്കിലും ഒരാള്‍ എന്നെടുത്തു പറയാനാകില്ല, പലരില്‍ നിന്നും അറിഞ്ഞും അറിയാതെയും ഞാന്‍ കൈക്കൊള്ളുന്ന ചിന്തകളും സ്വഭാവരീതികളും എന്റെ കഥാപാത്രങ്ങളില്‍ പ്രതിഫലിക്കാറുണ്ട്. കത്തിലൂടെയോ ഫോണിലൂടെയോ പരിചയപ്പെടുന്നവരും ഒരു യാത്രയില്‍ ഒന്നു കണ്ടു മറഞ്ഞവരുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ആരെങ്കിലും കഥയ്ക്കുവേണ്ടി അറിഞ്ഞുകൊണ്ടു തരുന്നതല്ല അവയൊന്നും. ജീവിതത്തില്‍ കണ്ടുമുട്ടുന്ന സ്ത്രീകള്‍ അവരുടെ ചിന്തയിലൂടെയോ , ശാരീരികഭാഷയിലൂടെയോ വര്‍ത്തമാനങ്ങളിലൂടെയോ പ്രവര്‍ത്തനങ്ങളിലൂടെയോ നമ്മിലേയ്ക്ക് പകരുന്ന പലതും കഥാപാത്രങ്ങള്‍ക്കു ലഭിക്കുകയാണ്. ആ പകര്‍ച്ചയൊന്നും അവരറിഞ്ഞുകൊണ്ടാവില്ല. എഴുതുന്ന സമയത്ത് കഥാപാത്രത്തിനാവശ്യമായവ ഞാനാ കണ്ടെത്തലുകളില്‍ നിന്നെടുക്കുന്നു. പിന്നെ മറ്റൊരു കാര്യം ഒരു സാഹിത്യസൃഷ്ടിയെ പാരായണക്ഷമമാക്കുന്നതില്‍ അവയിലെ സ്ത്രീകഥാപാത്രങ്ങള്‍ക്കു വലിയൊരു സ്ഥാനമുണ്ട്, കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങള്‍ രചനയുടെ വിജയത്തിനാവശ്യമാണ്. അത്തരത്തിലുള്ള വായനകളും സ്വാധീനിക്കാറുണ്ട്. അത് ഏതുകാലത്തെ സാഹിത്യമെടുത്തു നോക്കിയാലും വാസ്തവമാണ്. ‘9‘ ലെ സരോജവും ‘മറൈന്‍ കാന്റീനി‘ലെ പലതലമുറയില്‍പ്പെട്ട അനവധി സ്ത്രീകളും ‘ഡി ‘യിലെ നദിയും സുഹ്‌റയും ഒക്കെ അങ്ങനെ സൃഷ്ടിക്കപ്പെട്ടവരാണ്. ഞാനിഷ്ടപ്പെട്ട കഥാപാത്രസൃഷ്ടികളാണിവരൊക്കെ. കഥകളിലും അതുപോലെ തന്നെയാണ്.

? താങ്കളുടെ കഥകളില്‍ വ്യക്തിപരമായി എനിക്കേറ്റവും ഇഷ്ടമായ കഥ ഹരിതമോഹനമാണ്, അതിന്റെ പ്രമേയവും അതിലേറെ ആഖ്യാനശൈലിയും വളരെ ഇഷ്ടമാണെനിക്ക്. ഒട്ടും ശബ്ദമില്ലാതെ ഒഴുകുന്ന ഒരു രീതി, ശബ്ദമുണ്ടാക്കാതെ തന്നെ അതു മനസ്സില്‍ പ്രവേശിക്കുകയാണ്.

എഴുതുമ്പോള്‍ പ്രത്യേകതകളൊന്നും തോന്നാതിരുന്ന കഥയാണു ഹരിതമോഹനം. പക്ഷേ ഹരിതമോഹനം എന്ന കഥയിലേയ്ക്ക് നയിച്ച ഒട്ടേറെ സന്ദര്‍ഭങ്ങള്‍ കുട്ടിക്കാലം മുതല്‍ക്കേ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, വളരെ ചെറിയ പ്രായത്തില്‍ ബന്ധുവീടുകളിലേയ്ക്ക് പോകാറുണ്ടായിരുന്നത് ഒരു വനം മുറിച്ചു കടന്നിട്ടാണ്, വന്മരങ്ങള്‍ തിങ്ങിനിറഞ്ഞ കാട്ടിലെ മണ്‍‌നിരത്തിലൂടെ അമ്മയുടെ കൈ പിടിച്ച് അനിയനും ഞാനും നടന്നുപോകുമ്പോള്‍ അമ്മ കഴിയുന്നത്ര നിശ്ശബ്ദത പാലിക്കുമായിരുന്നു. മരം മുറിച്ചെടുക്കാന്‍ വരുന്ന കാട്ടുകള്ളന്‍‌മാരെ അമ്മയ്ക്ക് ഭയമായിരുന്നു. ശ്വാസമടക്കിപ്പിടിച്ചുള്ള ആ യാത്രകളില്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള ലോകമാണു മരങ്ങളുടേത്. തിരിച്ച് വീട്ടിലേയ്ക്കു പോരുമ്പോള്‍ വനത്തില്‍ നിന്ന് പലതരം വൃക്ഷത്തൈകള്‍ ഞാന്‍ പിഴുതെടുക്കുമായിരുന്നു. അത് വീട്ടിലെത്തിച്ച് പറമ്പില്‍ നട്ടുപിടിപ്പികുവാനായിരുന്നു എനിക്ക് താല്പര്യം. അങ്ങനെ വച്ചു പിടിപ്പിച്ചിട്ടുള്ള പല മരങ്ങളും ഇപ്പോഴുമുണ്ട്. പക്ഷേ എറണാകുളത്തേയ്ക്ക് താമസം മാറിയതില്‍ പിന്നെ കാടും മരങ്ങളും എന്നില്‍ നിന്നന്യമായി. അപ്പോഴാണ് മാഹിയില്‍ നിന്ന് എനിക്കൊരു വയലറ്റ് മന്ദാരത്തൈ കിട്ടിയത്. അതിനെ കൊണ്ടുവന്ന് മണ്‍‌ചട്ടിയില്‍ നട്ടതാണ് ഹരിതമോഹനം എന്ന കഥയിലേയ്ക്കുള്ള ആദ്യത്തെ വാക്ക് പാകിയ സംഭവം. അച്ചടിച്ചു വന്നതിനുശേഷം ആ കഥ ഒരുപാടു പ്രശംസയും ആത്മസ്നേഹിതരെയും നേടിത്തന്നിട്ടുണ്ട്.

? പത്തില്‍ കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ കേരളത്തിലെ പ്രസാധകരെപ്പറ്റി എന്താണഭിപ്രായം? ഇംഗ്ലീഷ് , അല്ലെങ്കില്‍ മറ്റു വിദേശഭാഷാപുസ്തകപ്രസാധനത്തില്‍ കാണുന്നതുപോലെയുള്ള ഒരു പാഷന്‍ ഇവിടെ കാണുന്നില്ല എന്നു തോന്നുന്നുണ്ടോ? പുസ്തകങ്ങളുടെ രണ്ടാമത്തെയോ അതിനുശേഷമുള്ളവയോ ആയ പതിപ്പുകളില്‍ മുന്‍ പതിപ്പുകളെക്കുറിച്ചുള്ള വായനക്കാരുടെയോ പത്ര-മാധ്യമങ്ങളുടെയോ അഭിപ്രായങ്ങള്‍ ചേര്‍ത്ത് അവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന രീതി എന്തുകൊണ്ടാണ് സാധാരണമാകാത്തത്?

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും നിലനില്ക്കുന്ന അവസ്ഥ താരതമ്യം ചെയ്യുമ്പോള്‍ കേരളം അക്കാര്യത്തില്‍ വളരെ സമ്പന്നമാണ്, പക്ഷേ അത് വിദേശഭാഷാ പുസ്തകങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. രണ്ടും വളരെ വ്യത്യസ്തമാണ്. ഇന്ത്യയിലെ കാര്യമെടുത്താല്‍ തമിഴ്‌നാടോ അതുപോലെയുള്ള സംസ്ഥാനങ്ങളിലോ പ്രസാധകരംഗം ഇത്രയും കാര്യക്ഷമമല്ല. പുസ്തകങ്ങളുടെ ഒന്നാം പതിപ്പ് കേരളത്തില്‍ ആയിരമോ രണ്ടായിരമോ ഇറങ്ങുമ്പോള്‍ മറ്റിടങ്ങളില്‍ അത് അഞ്ഞൂറിലൊതുങ്ങുന്നു. പക്ഷേ ഇതരഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ ലക്ഷക്കണക്കിനു കോപ്പികളാണു ആദ്യപതിപ്പില്‍ തന്നെ ഇറങ്ങുന്നത്, അത് ഭാഷാപരമായ വ്യത്യാസം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്ക്കുന്ന പുസ്തകത്തിന്റെ കോപ്പികളുടെ എണ്ണം അമ്പതിനായിരമോ ഒരു ലക്ഷമോ ആണ്. കേരളത്തിന്റെ വായനാസംസ്കാരം വച്ചു നോക്കുമ്പോള്‍ അതു കുറവാണെന്ന് തന്നെ പറയാം. അതിനപ്പുറമുള്ള ഒരു പുസ്തകവിപണി കേരളത്തിലെ എഴുത്തുകാരുടെയോ പ്രസാധകരുടേയോ മുമ്പിലില്ല. ഇന്നത്തെ നിലവിലിരിക്കുന്ന വിദ്യാഭ്യാസരീതികളുടെ അടിസ്ഥാനത്തില്‍ ഈ വില്പന കുറവാണെന്നു തന്നെ പറയാം.

രണ്ടാം പതിപ്പുമുതലുള്ള പ്രസിദ്ധീകരണങ്ങളില്‍ , പുസ്തകത്തിനു വായനക്കാരില്‍ നിന്നും വിമര്‍ശകരില്‍ നിന്നും കിട്ടിയ പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിക്കുക എന്നൊരു രീതി നിര്‍ഭാഗ്യവശാല്‍ ഇവിടുത്തെ പ്രസാധകര്‍ പാലിക്കാറില്ല, അത്തരം പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് , വായനക്കാരനെ ആകര്‍ഷിക്കുന്ന പ്രസാധകശൈലി ഇല്ലാത്തതു തീര്‍ച്ചയായും ഖേദകരമാണ്. കേരളത്തിലെ പ്രസാധകര്‍ എന്തുകൊണ്ടോ പുസ്തകത്തിന്റെ രണ്ടാം പതിപ്പിനോടു താല്പര്യം കാട്ടാറില്ല, ഒന്നാം പതിപ്പില്‍ സാധാരണയായി ആയിരം കോപ്പി ഇറക്കുന്നതോടെ തീരുന്ന പ്രവണതയാണു കാണുന്നത്. ഒരു സ്ഥാപനം പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാം പതിപ്പിനോട് മറ്റു പ്രസാധകരും താല്പര്യം കാണിക്കാറില്ല. അതിനാല്‍ മുന്‍‌നിര എഴുത്തുകാരുടേതടക്കം മിക്കവാറും പുസ്തകങ്ങള്‍ ആദ്യത്തെ ആയിരം കോപ്പിയിലൊതുങ്ങുന്നു. എത് എന്തുകൊണ്ടാണെന്നറിയില്ല.

? പകല്‍, എന്നീ സിനിമകളുടെ തിരക്കഥകള്‍ താങ്കള്‍ എഴുതിയതാണല്ലോ, കഥയും നോവലും വിട്ട് തിരക്കഥയിലെത്തുമ്പോള്‍ എന്തൊക്കെ വ്യത്യാസങ്ങളാണു് രചനയില്‍ വരുന്നത്? എഴുതിയ ഏതെങ്കിലും സൃഷ്ടികള്‍ സിനിമയായിക്കാണണമെന്നാഗ്രഹമുണ്ടോ ?

സാഹിത്യരചനയും തിരക്കഥാരചനയും തമ്മില്‍ പ്രകടമായ ഒരുപാടു വ്യത്യാസമുണ്ട്, ഒന്നാമതുതന്നെ സാഹിത്യരചന എഴുത്തുകാരന്‍ അയാളുടെ ഏകാന്തതയിലിരുന്ന് സൃഷ്ടിക്കുന്നതാണ്. പക്ഷേ തിരക്കഥയില്‍ അനവധി ഘടകങ്ങളുടെ സമ്മേളനമുണ്ട്. പ്രത്യേകിച്ച് സാങ്കേതികയുടെ സാമിപ്യമുണ്ടതില്‍, അതിന്റെ ശബ്ദം, ദൃശ്യ ചിത്രീകരണങ്ങള്‍ അഭിനേതാക്കള്‍ എന്നിവ മാത്രമല്ല, ഇവയെയെല്ലാം ഏകോപിപ്പിക്കുന്ന പല മസ്തിഷ്കങ്ങളും അതില്‍ വരുന്നുണ്ട്, ഉദാഹരണത്തിനു്, സംവിധായകന്‍, നിര്‍മ്മാതാവ് ഛായാഗ്രാഹകന്‍, ശബ്ദസന്നിവേശകന്‍ എന്നിവര്‍ക്കെല്ലാം അതില്‍ പങ്കുണ്ട്, അതിനാല്‍ ഒരെഴുത്തുകാരന്‍ ഒറ്റയ്ക്കിരുന്ന് സാഹിത്യസൃഷ്ടി നടത്തുന്നതുപോലെ ഒരു തിരക്കഥ രൂപം കൊള്ളുകയില്ല. അത് പ്രായോഗികമല്ല, അതിന്റെ ആവശ്യവുമില്ല. എഴുത്തുകാരന്റെ ഭാഷയും ശൈലിയും തിരക്കഥയിലും ഉണ്ടാകുമെന്നതൊഴിച്ചാല്‍ സാഹിത്യസൃഷ്ടിയും തിരക്കഥാരചനയും വ്യത്യസ്തങ്ങളാണ്. കഥയെ ദൃശ്യങ്ങളായി വുന്യസിപ്പിക്കുന്ന സാങ്കേതികയാണു് തിരക്കഥയില്‍ ആവശ്യം.

?തിരക്കഥയില്‍ സര്‍ഗ്ഗാത്മകതയുടെ കൂടെ സാങ്കേതിക കൂടി വേണമെന്ന്?

സര്‍ഗ്ഗാത്മകത തീര്‍ച്ചയായും സാങ്കേതികതയോടു കൂടിച്ചേര്‍ന്ന് വേണം, ഒരു നോവലെഴുതുമ്പോള്‍ അതിന് അത്തരം സാങ്കേതികതകള്‍ ആവശ്യമില്ല, പക്ഷേ തിരക്കഥയില്‍ സിനിമ എന്ന മാദ്ധ്യമത്തിന്റെ സാങ്കേതികവശങ്ങള്‍ കൂടി മനസ്സിലാക്കണം. ശബ്ദവും വെളിച്ചവും എല്ലാം തിരക്കഥയില്‍ കടന്നുവരുന്നു. സാങ്കേതികതയുടെയും ചിത്രീകരണോപാധികളുടെയും മാറ്റങ്ങളും അറിഞ്ഞിരിക്കണം.

എന്റെ ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, മരണവിദ്യാലയം എന്നീ കഥകള്‍ ഹൃസ്വചിത്രങ്ങളായി വന്നിട്ടുള്ളവയാണ്, അവ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ( ആതിര 10 സി എന്ന പേരില്‍ അമൃത ടി.വി അവതരിപ്പിച്ച ഹ്രസ്വചിത്രം സുസ്മേഷിന്റെ മരണവിദ്യാലയം എന്ന കഥയാണ്, അതിന് 2009 ലെ മികച്ച തിരക്കഥയ്ക്കുള്ള ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു.) സ്വന്തം കഥകള്‍ തിരക്കഥകളാക്കുന്നതിനും മറ്റു കഥകളില്‍ നിന്ന് തിരക്കഥകള്‍ സൃഷ്ടിക്കുന്നതിനും താല്പര്യമുണ്ട്, എന്റെ രചനകളില്‍ നിന്ന് വീണ്ടും സിനിമനിര്‍മ്മിക്കുന്നതിനുള്ള അവസരങ്ങള്‍ വന്നാല്‍ അതെപ്പറ്റി ആലോചിക്കുകയും ചെയ്യും.

? സ്വന്തം രചനകള്‍ സമകാലികസാഹിത്യരംഗത്ത് ഏതു രീതിയില്‍ വ്യത്യസ്തമാണെന്നു സ്വയം വിലയിരുത്തുന്നു?

കഥകള്‍ക്കും നോവലിനുമൊക്കെ പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്തതയാണു് ഞാനാഗ്രഹിക്കുന്ന കാര്യം. ഒരു കഥാസാമാഹാരത്തില്‍ പത്തു കഥകളുണ്ടെങ്കില്‍ അവ പത്തും പ്രമേയപരമായും ശൈലീപരമായും ഭാഷാപരമായും വ്യത്യസ്തമായിരിക്കണം എന്നു ഞാന്‍ കരുതുന്നു. ഒരേ ശൈലിയില്‍ എഴുതാതിരിക്കുവാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു കഥയുടെ ഏതെങ്കിലും ഒരു ഭാഗം വായിച്ച് അതിന്റെ ശൈലിയില്‍ നിന്നു ‘ഇതു സുസ്മേഷിന്റെ കഥ’ എന്നു വായനക്കാരന്‍ തിരിച്ചറിയുന്നതിനോടെനിക്ക് താല്പര്യമില്ല. അതൊരു റബര്‍സ്റ്റാമ്പു് പതിക്കല്‍ പോലെയാകും. അങ്ങനെ സംഭവിക്കുന്നത് എഴുത്തുകാരന്റെ പരാജയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സമകാലീനഎഴുത്തുകാരില്‍ നിന്നും മുമ്പേ പോയവരില്‍ നിന്നും വ്യത്യസ്തമായി എനിക്ക് പറയുവാന്‍ പറ്റുന്നില്ലെങ്കില്‍ എഴുതാതിരിക്കുകയാണു് നല്ലതെന്നു ഞാന്‍ വിശ്വസിക്കുന്നു. വിജയിച്ച മാതൃക പിന്‍തുടരുക എന്നു പറയുന്നത് ആത്മഹത്യാപരമാണെന്നാണു എന്റെ അഭിപ്രായം. വ്യത്യസ്തത പ്രമേയത്തില്‍ കൊണ്ടുവരാനാഗ്രഹിക്കുമ്പോഴും അവയെല്ലാം തന്നെ തികച്ചും മനുഷ്യപക്ഷത്തു നില്‍ക്കുന്നവയാകണമെന്നു ഞാന്‍ കരുതുന്നു. സാധാരണമനുഷന്റെ ജീവിതത്തില്‍ നിന്നടര്‍ത്തിയെടുത്തതാകണം എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. അതല്ലാത്ത എല്ലാ രചനാപരീക്ഷണങ്ങളും പരാജയമാകുമെന്നണ് എന്റെ വിശ്വാസം.

? കഥയിലെയോ നോവലിലെയോ ഭൂപ്രകൃതിയുടെ സൃഷ്ടി നിര്‍വ്വഹിക്കുമ്പോള്‍ മനസ്സ് കണ്ടറിഞ്ഞ സ്ഥലങ്ങള്‍ തേടിപ്പോകാറുണ്ടോ? കാണാത്ത സ്ഥലങ്ങളെ മനസ്സ് എങ്ങനെയാണു സൃഷ്ടിച്ചെടുക്കുന്നത്?

കഥയോ നോവലോ തിരക്കഥയോ എഴുതുമ്പോള്‍ ആ പ്രമേയം ആവശ്യപ്പെടുന്ന ഒരു രംഗപശ്ചാത്തലമാണ് ഒരുക്കേണ്ടത്. അതൊരു പക്ഷേ നിലവിലുള്ള , നമ്മള്‍ കണ്ടറിഞ്ഞ ഒരു സ്ഥലമാകാം, ചിലപ്പോള്‍ അങ്ങനെയല്ലാതെയുമാകാം. അതുകൊണ്ട് അതില്‍ കൃത്യമായ ഒരു രീതിയില്ല. എന്റെ ഡി എന്ന നോവലിലെ പശ്ചാത്തലം ഡി എന്ന സാങ്കല്പികനഗരമാണ്, അത് തൃശൂരോ, കോട്ടയമോ, പാലക്കാടോ ഞാന്‍ കണ്ടറിഞ്ഞ മറ്റേതെങ്കിലും നഗരങ്ങളുടെയോ പ്രത്യേകതകള്‍ ചേര്‍ത്തെടുത്ത ഒരു സൃഷ്ടിയാകാം. പരിചയമുള്ള സ്ഥലസ്വഭാവങ്ങളെ എന്റെ സാങ്കല്പികനഗരവുമായി ഞാനവിടെ ചേര്‍ത്തുവയ്ക്കുകയാണ്. എന്നാല്‍ ഒമ്പത് എന്ന നോവലില്‍ കേരളത്തിലെ ഹൈ റേഞ്ച് പ്രദേശങ്ങളിലെ കുടിയേറ്റ ചരിത്രമാണുള്ളത്. അതിലെ ഓരോ പ്രദേശവും എനിക്ക് പരിചിതമാണ്, കഥാപാത്രങ്ങള്‍ മാത്രമാണു സാങ്കല്പികം. ഞാന്‍ ജനിച്ചു വളര്‍ന്ന സ്ഥലമായതിനാല്‍ അത് അങ്ങനെതന്നെ നോവലിനു് രംഗമാകുകയാണവിടെ. പിന്നെ തിരക്കഥയുടെ കാര്യത്തില്‍, പലപ്പോഴും കഥ ചിത്രീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കണ്ടറിഞ്ഞ് അതിനനുസരിച്ച് രംഗങ്ങളെ ക്രമപ്പെടുത്തുവാന്‍ കഴിയും. അത് ചിത്രീകരണത്തെ കൂടുതല്‍ സഹായിക്കുകയും ചെയ്യും.

? താങ്കള്‍ ഒരു ബ്ലോഗെഴുതുന്നുണ്ടല്ലോ, അതെപ്പറ്റി?

ബ്ലോഗെഴുതുന്നത് ബൌദ്ധികവ്യായാമത്തിനല്ല. എന്റെ പല പല തോന്നലുകളും കുറിച്ചു വയ്ക്കാനൊരിടം. അത്രയേയുള്ളു. എനിക്കു സ്വയം മനസ്സിനെ സ്വസ്ഥമാക്കാനാണിത്. വളരെ ലളിതമായി ഞാനെഴുതുന്ന കുറിപ്പുകളും ഒപ്പം ഗൌരവമുള്ള പോസ്റ്റുകളും ആസ്വദിച്ചു വായിക്കുന്ന ഒരുപാടു വായനക്കാരുണ്ട് .(സുസ്മേഷിന്റെ ബ്ലോഗ് ഇവിടെ വായിക്കാം)

? നിലവിലിരിക്കുന്ന സാമൂഹ്യനിയമങ്ങള്‍ കഥകാരന്റെ രചനാരീതിയെ ബാധിക്കുമൊ ? എങ്കില്‍ എങ്ങനെ?

ഇല്ല , തീര്‍ച്ചയായും ഇല്ല.

? ഓണാഘോഷങ്ങളെക്കുറിച്ച്?

ഓണം, വിഷു, ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങള്‍ പല കാരണങ്ങളാലും ജീവിതത്തില്‍ നിന്നൊഴിവാക്കിയിട്ടുള്ളയാളാണു് ഞാന്‍. അതേ സമയം ഓണത്തെ സംബന്ധിച്ച വളരെ വ്യക്തിപരമായ സന്തോഷസ്മരണകള്‍ എനിക്കുണ്ടുതാനും. കുട്ടിക്കാലത്തും മുതിര്‍ന്നതിനു ശേഷവും വളരെ അപൂര്‍വമായി എനിക്കു് ലഭിച്ചിട്ടുള്ളവയാണ് ആ ആഹ്ലാദസന്ദര്‍ഭങ്ങള്‍.

? മുമ്പൊക്കെ ആനുകാലികപ്രസിദ്ധീകരണങ്ങളുടെ ഓണപ്പതിപ്പുകള്‍ നല്ല കഥകളുടെ സമാഹാരമായിട്ടാണു ലഭിച്ചുകൊണ്ടിരുന്നത്, പക്ഷേ ഇപ്പോള്‍ അത് സമകാലീന പ്രസക്തിയുള്ള ചര്‍ച്ചകളിലേയ്ക്കു (തീം ബെയ്സെഡ് ആയ) മാറി . അതേപ്പറ്റി എന്താണഭിപ്രായം? വായനക്കാരുടെ താല്പര്യമനുസരിച്ചാണോ ഈ മാറ്റം?

വായനക്കാരുടെ താല്പര്യമനുസരിച്ചാണ് എന്നു പറയാനാകില്ല. കാരണം 2010 ലെ ഓണപ്പതിപ്പുകള്‍ വായിച്ചവരില്‍ നിന്ന് സര്‍വ്വേ നടത്തിയിട്ടല്ലല്ലോ 2011 ലെ ഓണപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. വാര്‍ഷികപ്പതിപ്പുകള്‍ കഥകളുടേതും കവിതകളുടെതുമാകണമെന്നില്ല. പ്രസാധകരുടെ താല്പര്യമാണതില്‍ പ്രധാനം. പിന്നെ ഓണം പത്തു ദിവസത്തില്‍ നിന്ന് നാലു ദിവസമായും ഒരു ദിവസമായും അര ദിവസമായും മാറുമ്പോള്‍ വായനയുടെ ഓണം എവിടെ? പക്ഷേ വ്യക്തിപരമായി പറഞ്ഞാല്‍ , നല്ല കഥകളും നല്ല കവിതകളും നല്ല ലേഖനങ്ങളും എല്ലാമുള്ള ഒരു ഓണസദ്യതന്നെയാകണം ഓണപ്പതിപ്പെന്നുള്ളതാണ് എന്റെ ആഗ്രഹം .

Subscribe Tharjani |
Submitted by നിശാസുരഭി (not verified) on Fri, 2011-10-14 21:03.

:)

അഭിമുഖം നന്നായിരിക്കുന്നു.

മാധ്യമം എന്ന് ശരി വാക്ക്..

Submitted by cjgeorge (not verified) on Thu, 2012-04-19 15:26.

നന്നായിരിക്കുന്നു