തര്‍ജ്ജനി

രാജേഷ്‌ ചിത്തിര

വള്ളിക്കോട് - കോട്ടയം,
പത്തനംതിട്ട.
ഇമെയില്‍ : rajeshdopet@gmail.com
ബ്ലോഗുകള്‍ :മഷി തണ്ട്
സൂക്ഷ്മദര്‍ശിനി
ഹരിതചിത്രങ്ങള്‍

Visit Home Page ...

കവിത

രണ്ടു വയസ്സുള്ള ദൈവം

ഭ്രൂണാവസ്ഥയുടെ ഒരു ചിത്രത്തില്‍
തന്നെത്തന്നെ വരച്ചുവെച്ച്,
ഉറക്കത്തിലേക്കുള്ള ഈ ഊളിയിടലിന്,
ജലതന്ത്രികളുടെ ഇടമുറിയ്ക്കാതെ
അക്കരെയിലേക്കുള്ള നീന്തലില്‍
ദൈവത്തിന്റെ വിരലൊപ്പു പതിച്ച ശാന്തത.

ഉറങ്ങും മുമ്പേ മുടിയിഴകളിലൂടെ,
നനുനനുത്ത വിരലുകളാല്‍ ,
തന്റേതായ സംഖ്യാക്രമത്തില്‍
ഇനിയിത്രയേ ബാക്കിയുള്ളുവെന്നോട്
പരിഹാസം തൊടാത്തൊരു പുഞ്ചിരി.
ഇടയ്ക്കെപ്പൊഴൊ വേനല്‍ക്കാറ്റില ചാറ്റല്‍ പോലെ
ഉടലാകെ വിരല്‍ പെരുക്കം.

പിണങ്ങിയകന്നൊരു ചില്ലുഗ്ലാസ്സിന്‍,
കരച്ചില്‍ മറന്നൊരു യവനകുമാരിക്ക്,
കൂകല്‍ തെറ്റിയൊരു റെയില്‍ വണ്ടിക്ക്,
കണ്ണുനിറയ്ക്കുന്ന ദൈവം,
ഇനിയും തെളിയാത്ത തന്റെ കൈരേഖകള്‍
വായിച്ചെന്നപോലെ നിസ്സംഗതയുടെ
ഒരപൂര്‍ണ്ണഗാനത്തില്‍ തന്നെ ലയിപ്പിക്കുന്നു.
തനിക്കുമാത്രം പറയാനും,
കേള്‍ക്കാനുമാകുന്ന ഭാഷയില്‍
കഥകളുടെ കാറ്റിനെ കെട്ടഴിച്ചു വിടുന്നു.

തന്നിലേക്കു പാളിയേക്കാവുന്ന രണ്ടു കണ്ണുകള്‍ക്ക്,
പ്രലോഭനത്തിന്റെ പത്തു വിരലുകള്‍ക്ക്,
കാത്തിരിപ്പിന്റെ തിരമുറിച്ചു തളര്‍ന്നിട്ടും
ഞൊടിവേഗത്തില്‍ ഇരുകൈകളും നീട്ടി
പുണരാനായുന്ന ദൈവം പാതിയുറക്കതില്‍
തലേരാത്രി വിതച്ച ചീരവിത്തുകള്‍ മുളച്ചതു കണ്ട്,
പുഞ്ചിരിയാല്‍ മുറിയെ പകലാക്കുന്നു.
കാറ്റു വരച്ച വയല്‍ ചിത്രങ്ങളില്‍ ഞെട്ടിക്കരഞ്ഞ്
ഇരുകൈകളിലും എന്നെ ചേര്‍ത്തണയ്ക്കുന്നു.

തന്നിലേക്കുള്ള വഴിമാത്രം തുറന്നിടുന്ന ദൈവം,
മറ്റെല്ലാ വഴികളിലും നിഴല്‍ വീഴ്ത്തുന്നു.
എന്റേതെ,ന്റേതെന്ന് ചേര്‍ത്തെടുക്കാനായുമ്പോള്‍
കയ്യകലങ്ങളില്‍ അപരിചിത്വത്തിന്റെ
കനല്‍ മുന്തിരിവള്ളികള്‍ പടര്‍ത്തിയകന്നു പോവുന്നു.

ഒരു ചെറു നോട്ടത്തിന്‍ മുനമേലൊരു-
വിരല്‍ സ്പര്‍ശത്തിലിത്രമേല്‍
നോവുന്ന ദൈവമേ,
നീയെത്രമേല്‍ നോവുന്നുണ്ടാകുമീ-
യുലകത്തിലോരൊ മകള്‍ക്കായും..

Subscribe Tharjani |
Submitted by സപ്ന ജോർജ്ജ് (not verified) on Sun, 2011-09-04 18:28.

നന്നായിട്ടുണ്ട്..... ഈ കവിത

Submitted by Anandavalli Chandran (not verified) on Sat, 2011-09-17 17:13.

കവിത ഇഷ്ടപ്പെട്ടു.