തര്‍ജ്ജനി

മുഖമൊഴി

പൊട്ടിപ്പൊളിഞ്ഞ പാതകള്‍

മഴക്കാലം തുടങ്ങിയാല്‍ വെള്ളം കയറി ഗതാഗതം മുടക്കുന്ന റോഡുകളും പൊളിഞ്ഞ് കുണ്ടും കുഴിയുമാകുന്ന നാഷണല്‍ ഹൈവേയും ഉള്‍നാടന്‍ പാതകളും കുറേക്കാലമായി പത്രങ്ങളില്‍ സചിത്രവാര്‍ത്തയാവാറുണ്ട്. ചെറിയ കുഴികള്‍ കുളമോ കിണറോ ആയിമാറിയിട്ടും അനങ്ങാത്ത അധികാരികളോടുള്ള പ്രതിഷേധം കാണിക്കാന്‍ നാട്ടുകാര്‍ കുഴികളില്‍ വാഴവെക്കുകയും ചെടികള്‍ നടുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്താല്‍ ബന്ധപ്പെട്ടവര്‍ പ്രതികരിക്കുമെന്നതിനാലല്ല ജനങ്ങള്‍ ഇത്തരം പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികളും അവരുടെ കീഴിലുള്ള യുവജന - തൊഴിലാളി - സാംസ്കാരിക - വിദ്യാര്‍ത്ഥിസംഘടനകളൊന്നും ജനജീവിതത്തെ ക്ലേശകരമാക്കുന്ന ഈ ഗതാഗതപ്രശ്നത്തില്‍ ഫലപ്രദമായി പ്രതികരിക്കുന്നില്ല എന്നതിനാല്‍ സ്വന്തം നിസ്സഹായത ഇപ്രകാരം പ്രകടിപ്പിക്കുന്നതായി വേണം മനസ്സിലാക്കാന്‍. ചളിവെള്ളം കെട്ടിനില്ക്കുന്ന കുണ്ടും കുഴിയുമായ പാതയിലൂടെ ശയനപ്രദക്ഷിണം നടത്തുകവരെ ചെയ്യുന്നത് ഇക്കഴിഞ്ഞ മഴക്കാലം കഴിഞ്ഞപ്പോള്‍ ടെലിവിഷന്‍ ചാനലുകള്‍ കാണിക്കുകയുണ്ടായി. പ്രതിഷേധങ്ങള്‍ എങ്ങനെ നടന്നാലും അധികാരികള്‍ നിസ്സംഗരായിരിക്കുക തന്നെയാണ്. കഴിഞ്ഞ കൊല്ലത്തെ മഴക്കാലം കഴിഞ്ഞ് തോടും കുളവും കിണറുകളുമായി ദേശീയപാതയും ഉള്‍നാടന്‍ വഴികളും തുടരുന്ന സമയത്തായിരുന്നല്ലോ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ജനങ്ങളുടെ പ്രതിഷേധം ബാലറ്റ് പെട്ടികളിലൂടെ അനുഭവിക്കേണ്ടിവന്നതിനാല്‍ നിയമസഭാതെരഞ്ഞെടുപ്പിനു മുമ്പേ റോഡുകള്‍ നന്നാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായി. സാമ്പത്തികവര്‍ഷത്തിന്റെ ഒടുവില്‍ ഫണ്ട് വിനിയോഗത്തിനായി ചെയ്യുന്ന മാര്‍ച്ച്മാസത്തെ മരാമത്ത് ഏപ്രിലിലും തുടര്‍ന്നു. പലേടത്തും റോഡുകള്‍ ഗതാഗതയോഗ്യമായി. കടുത്ത ജനരോഷത്തില്‍ നിന്നും ജനപ്രതിനിധികളെ രക്ഷിക്കുന്നതില്‍ ഈ റോഡുമിനുക്കല്‍പരിപാടി ഒരു പങ്ക് വഹിച്ചിരുന്നുവെന്നത് വാസ്തവം.

എന്നാല്‍ നമ്മുടെ പൊതുമരാമത്ത് വകുപ്പും അതിന്റെ എഞ്ചിനിയര്‍മാര്‍ക്കും അവരുടെ കരാറുകാര്‍ക്കും മൂന്ന് മാസത്തിലധികം ആയുസ്സുള്ള റോഡുകള്‍ പണിയാനാവില്ല എന്നതാണ് മനസ്സിലാവുന്നത്. മഴ പെയ്തുതുടങ്ങിയതോടെ റോഡിന്റെ മേല്‍ഭാഗത്ത് പുതുതായി ഇട്ട അടര് അപ്പാടെ ഇളകിപ്പോയി. നേരത്തെ ഉണ്ടായിരുന്ന കുഴികളും കിണറുകളും അതോടെ പുനരുജ്ജീവനം നേടി പുറത്തുവന്നു. മൂന്ന് മാസത്തെ ആയുസ്സുമാത്രമുണ്ടായിരുന്ന റോഡ് പണിക്ക് സര്‍ക്കാര്‍ ചെലവാക്കിയ പണം പാഴായി. ജനജീവിതം ദുരിതപൂര്‍ണ്ണമായി. സ്വന്തമായി വാഹനമുള്ളവര്‍ വാഹനം വീട്ടിലിട്ട് ബസ്സില്‍ യാത്രചെയ്യാന്‍ നിര്‍ബ്ബന്ധിതരായി. കുഴികളില്‍ വീണ് വാഹനങ്ങള്‍ക്ക് പറ്റുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ ചിലവാക്കേണ്ട പണവും അതിന്റെ മനക്ലേശവും ഒഴിവാക്കാന്‍ ബസ്സ്‌യാത്രയുടെ ക്ലേശം സഹിക്കാന്‍ ആളുകള്‍ തയ്യാറായി. സ്വന്തമായി വാഹനമില്ലാത്തവര്‍ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാനുമൊക്കെയായി വാടകയ്ക്ക് വാഹനം വിളിക്കുമ്പോള്‍ മോശം റോഡായതിനാല്‍ ആ വഴിക്ക് പോവില്ല എന്ന മറുപടിക്കുമുന്നില്‍ നിസ്സഹായരാവുന്നു. റോഡിന്റെ മോശം അവസ്ഥ കാരണം ബസ്സുകള്‍ പലതും ഓട്ടം നിറുത്തുന്നു. ഓഫീസിലും സ്കൂളുകളിലും പോവേണ്ടവര്‍ സമയത്തിന് ചെന്നെത്താനാവാതെ വഴിയില്‍ കുടുങ്ങുന്നു. ദിവസവും നിസ്സഹായരായി ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുന്ന നിര്‍ഭാഗ്യജന്മത്തെ ശപിച്ച് മറ്റ് മാര്‍ഗ്ഗങ്ങളോന്നുമില്ലാതെ അവര്‍ എല്ലാം സഹിക്കുന്നു.

ഇതിനിടയിലാണ് പുതിയ പൊതുമരാമത്ത് മന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. രണ്ട് കൊല്ലത്തിനകം കേരളത്തിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കും എന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. എന്ത് കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി രണ്ട് കൊല്ലത്തിന്റെ കണക്ക് പറഞ്ഞതെന്ന് അദ്ദേഹത്തിനു തന്നെയേ അറിയൂ. പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാതെരഞ്ഞെടുപ്പിനുമിടയില്‍ ചെയ്തതുപോലെ പുറംമിനുക്കല്‍ പൂര്‍ത്തീകരിക്കാനാണോ രണ്ട് വര്‍ഷത്തെ സമയം പറഞ്ഞത്, അതോ കേരളത്തിലെ റോഡുകള്‍ മൂന്ന് മാസത്തിനകം പൊളിഞ്ഞ് കുണ്ടും കുളവുമാകുന്നത് ശാശ്വതമായി പരിഹരിക്കാനാണോ? നമ്മുടെ അനുഭവം വെച്ച് പറയാവുന്നത്, എന്തായാലും രണ്ടാമത്തേതാവുകയില്ല എന്നുതന്നെയാണ്. കാരണം സ്വന്തം പ്രഖ്യാപനങ്ങള്‍ സത്യമാക്കണം എന്ന നിഷ്ഠ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കുമുള്ള സ്വഭാവഗുണങ്ങളില്‍ പെടില്ല. അതിനാല്‍ മന്ത്രിസഹജമായ പലതരം തമാശപറച്ചിലുകളിലൊന്നായേ ഇത് കണക്കാക്കേണ്ടതുള്ളൂ. അതിലപ്പുറമൊന്നും ഒരു കേരളീയനും പ്രതീക്ഷിക്കുന്നില്ല.

പക്ഷെ, ഇവിടെ ഒരു പ്രശ്നമുണ്ട്. ദേശീയപാതയുള്‍പ്പെടെയുള്ള റോഡുകള്‍ രണ്ട് വര്‍ഷക്കാലം ഗതാഗതയോഗ്യമല്ലാതെ തുടരും എന്നാണല്ലോ ഈ പ്രഖ്യാപനത്തില്‍ നിന്നും മനസ്സിലാക്കാവുന്നത്. വ്യവസായവികസനം, വിനോദസഞ്ചാരം എന്നിങ്ങനെ സര്‍ക്കാര്‍ കാശുണ്ടാക്കാന്‍ കണ്ടിട്ടുള്ള എല്ലാ വികസനപദ്ധതികളുടെയും നടത്തിപ്പിനുള്ള മുന്നുപാധിയാണല്ലോ ഗതാഗതസംവിധാനം. ഗതാഗതയോഗ്യമല്ലാത്ത റോഡുകള്‍ പൊതുമരാമത്തിന്റെ കറവപ്പശുവാക്കിവെച്ച് എങ്ങനെയാണ് വിസനലക്ഷ്യം കൈവരിക്കുക? എന്ത് മായാജാലമാണ് വകുപ്പുമന്ത്രിയും സര്‍ക്കാരും കാണിക്കാന്‍ പോകുന്നത്? കേരളത്തിലെ പൊളിഞ്ഞ റോഡുകളില്‍ സഞ്ചരിച്ച് കേരളീയരുടെ ക്ലേശജീവിതത്തില്‍ പങ്കുപറ്റാന്‍ സന്നദ്ധതയുള്ളവര്‍ മാത്രം ഇവിടെ വന്നാല്‍ മതിയെന്നാണോ? അവരെവെച്ച് വ്യാവസായികവും വിനോദസഞ്ചാരപരവുമായ വികസനലക്ഷ്യം കൈവരിക്കുമെന്നാണോ? ജനപ്രതിനിധികള്‍ സാധാരണക്കാരന്റെ ക്ഷമയും സഹനവും മുതല്‍മുടക്കാക്കി ഇങ്ങനെ ഫലിതം പറയരുത്. കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും ഫലമായ എല്ലാ ക്ലേശങ്ങളും അനുഭവിക്കുന്നവരോട് അല്പം കരുണകാണിക്കണം. അവരെ അവഹേളിക്കാതിരിക്കുക.

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2011-08-10 14:31.

If every Minister takes 2 years to get the roads patched up, we can imagine the state of roads in Kerala. Please re think, dear Minister. Please be bold to use rubberized bitumen for tarring and use better technologies for road making. Make the contractors responsible for 5 year maintenance of the road.

The roads in Kerala are poorly lit during the night and the absence of the white centre line in many places make night driving very hazardous.

Dear PWD Minister, will you be able to at least draw a centre line through the highways in Kerala starting from Trivandrum to Kasaragod during your tenure?

Babu