തര്‍ജ്ജനി

പി. കെ.നാണു

മുക്കാളി,
വടകര

Visit Home Page ...

ലേഖനം

യു.പി.ജയരാജ് എഴുതിയ കത്തുകളെപ്പറ്റി

1999 ജൂലായ് മാസത്തില്‍ നിര്യാതനായ പ്രശസ്തകഥാകൃത്ത് യു. പി. ജയരാജ്, എഴുപതുകളില്‍ തുടങ്ങി മരിക്കുന്നതിന്റെ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ പലര്‍ക്കുമായിട്ടെഴുതിയ കത്തുകള്‍, അവയില്‍ അടങ്ങിയിട്ടുള്ള സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയനിരീക്ഷണങ്ങള്‍കൊണ്ട് ഏറെ സമ്പന്നമാണ്. ജയരാജ് ശ്രീ. ഗോവര്‍ദ്ധനന് എഴുതിയ കത്തുകള്‍ ഹരിതം ബുക്‌സ്, കോഴിക്കോട് 2008ല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകത്തിനെഴുതിയ ആമുഖക്കുറിപ്പില്‍ ശ്രീ. പ്രതാപന്‍ തായാട്ട് ഇപ്രകാരം നിരീക്ഷിക്കുന്നു: ജയരാജ് കത്തുകളിലൂടെ സംവദിച്ചത് സമരതീക്ഷ്ണമായ ഒരു കാലത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക-സാഹിത്യചരിത്രമാണ്.

ശ്രീ. ഗോവര്‍ദ്ധനന് മാത്രമല്ല, പലര്‍ക്കും ജയരാജ് ഗഹനമായ തന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും നിറഞ്ഞ കത്തുകളെഴുതിയിട്ടുണ്ട്. കൂട്ടത്തില്‍ ഈ ചെറുലേഖനമെഴുതുന്നയാള്‍ക്കും.

ഇതെഴുതുന്നയാളും യു. പി. ജയരാജും തമ്മില്‍ ഒട്ടേറെ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. നല്ല സ്വപ്‌നങ്ങള്‍ പങ്കുവെച്ചവരായിരുന്നു. അംബര്‍നാഥിലെ ഓര്‍ഡ്‌നന്‍സ് / മെഷീന്‍ ടൂള്‍ പ്രോട്ടോടൈപ്പ് ഫാക്ടറിയില്‍ തൊഴില്‍ ചെയ്തിരുന്നവരും ഓര്‍ഡ്‌നന്‍സ് എസ്റ്റേറ്റില്‍ത്തന്നെ താമസിച്ചവരുമായിരുന്നു. ജയരാജ് തലശ്ശേരി (പൊന്ന്യം) കാരനും ഈ ലേഖകന്‍ തലശ്ശേരിയുടെ അടുത്ത പ്രദേശമായ അഴിയൂര്‍ (ചോമ്പാല) നിവാസിയുമെന്നതിനാലുള്ള അടുപ്പം മാത്രമായിരുന്നില്ല ഞങ്ങളെ അംബര്‍നാഥില്‍ സുഹൃത്തുക്കളാക്കിയത്. സാഹിത്യത്തോടും ഇടതുപക്ഷ, പിന്നീട് തീവ്ര ഇടതുപക്ഷരാഷ്ട്രീയത്തോടും ഞങ്ങള്‍ക്ക് തോന്നിയ ആഭിമുഖ്യംകൂടിയായിരുന്നു. ജോലി കഴിഞ്ഞപള്ള വൈകുന്നേരങ്ങളില്‍ കപ്പലണ്ടികൊറിച്ചുകൊണ്ട്, മറ്റു കൂട്ടുകാര്‍ക്കൊപ്പം, അംബര്‍നാഥില്‍ ആവേശഭരിതരായി ഞങ്ങള്‍ സംസാരിച്ചുനടന്നു. ഉത്സാഹഭരിതമായ ചിന്തകളും സ്വപ്‌നങ്ങളും ഞങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി. അംബര്‍നാഥിലെ എ. ടി. എസ് ട്രെയിനിംഗിനുശേഷം ജയരാജ് ഓര്‍ഡ്‌നന്‍സ് ഫാക്ടറി ട്രിച്ചിയിലേക്ക് സ്ഥലംമാറിപ്പോയി. അതില്‍പ്പിന്നെയാണ് കത്തുകളിലൂടെ ഞങ്ങള്‍ സജീവമായി സംവദിച്ചുകൊണ്ടിരുന്നത്.

ഇതെഴുതുന്നയാളിന്റെ ഇന്നുള്ള വലിയ ഖേദങ്ങളിലൊന്ന് ജയരാജ് എഴുതിയ കത്തുകളൊന്നുംതന്നെ സൂക്ഷിച്ചുവെച്ചില്ല എന്നതാണ്. ജയരാജിന്റെ ഓരോ കത്തിലും സാഹിത്യസാംസാകാരികരാഷ്ടീയസംബന്ധമായ ദീപ്തമായ ആലോചനകളും ചര്‍ച്ചകളും ഏതാണ്ട് ശ്ലീലമല്ലെന്ന് ചിലര്‍ക്ക് തോന്നിയേക്കാവുന്നതുമായ അഭിപ്രായങ്ങളുമുണ്ടായിരുന്നു. ജയരാജ് ചര്‍ച്ചചെയ്യാത്ത വിഷയങ്ങളില്ലായിരുന്നു. ട്രെയ്ഡ് യൂനിയന്‍ മുതല്‍ റേ, മൃണാള്‍ സെന്‍ സിനിമകള്‍, സമകാലികസാഹിത്യം തുടങ്ങി പലതും.

അടിയന്തിരാവസ്ഥക്കാലത്ത് ഈ ലേഖകന്‍ അവധിയില്‍ നാട്ടില്‍ വന്നപ്പോള്‍ കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് (അതില്‍ ഈ ലേഖകന് ഒരു പങ്കുമില്ലാതിരുന്നിട്ടുകൂടി) നക്‌സലൈറ്റ് അനുഭാവിയെന്നപേരില്‍ ഈ ലേഖകന്റെ വീട് അര്‍ദ്ധരാത്രിയില്‍ റെയ്ഡ് ചെയ്യുകയും പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും ഉണ്ടായിട്ടുണ്ട്. അന്ന് പോലീസ് പിടിച്ചെടുത്ത കത്തുകളില്‍ നിന്ന് കിട്ടിയ വിവരംവെച്ച് ചിലരെ അന്വേഷിച്ച് പോലീസ് പോയിരുന്നുവെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.

ഈയൊരു അനുഭവംകാരണം ഈ ലേഖകന്‍ തിരിച്ച് അംബര്‍നാഥിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് യു. പി. ജയരാജ് അടക്കമുള്ള സുഹൃത്തുള്‍ എഴുതിയ കത്തുകളെല്ലാം നശിപ്പിക്കുകയായിരുന്നു. അടിയന്തിരാവസ്ഥക്കാലമാണ്. ഭയം നിറഞ്ഞ, സംശയത്തിന്റെ ദിവസങ്ങളാണ്. പോലീസ് ഇവിടെയും വരും, എന്നെയും എനിക്ക് കത്തെഴുതിയവരേയും ഉപദ്രവിക്കും എന്നൊരുഭീതി എനിക്കുണ്ടായിരുന്നു.

എന്റെ അമിതജാഗ്രത കാരണം ജയരാജിന് പിന്നെ വളരെ സൂക്ഷിച്ചായിരുന്നു ഞാന്‍ കത്തുകളെഴുതിയത്. ജയരാജ് ഇങ്ങോട്ടും അതുപോലെ. ഞങ്ങള്‍ രണ്ടുപേരും തൊഴില്‍ചെയ്തിരുന്ന സ്ഥാപനങ്ങള്‍ ഒരേ ഡിപ്പാര്‍ട്ടുമെന്റിലെ (ഡിഫന്‍സ്) സഹോദരസ്ഥാപനങ്ങളായതിനാല്‍ പലപ്പോഴും ഔദ്യോഗികകാര്യങ്ങളുമായി ബന്ധപ്പെട്ട് സ്റ്റാഫ് മെമ്പര്‍മാര്‍ ജയരാജ് ജോലി ചെയ്തിരുന്ന ട്രിച്ചിയിലെ ഫാക്ടറിയിലേക്കും, അവിടുന്ന് ഇങ്ങോട്ടും പോകാറും വരാറുമുണ്ടായിരുന്നു. കത്തുകള്‍ കൊടുത്തയക്കുന്നത് ഇവര്‍ മുഖാന്തിരമായി, പിന്നീട്.

അടിയന്തിരാവസ്ഥ പിന്‍വലിച്ചതിന് ശേഷമാണ് പോസ്റ്റ്‌വഴി ചടുലമായ കത്തുകള്‍ ഞങ്ങള്‍ അയച്ചുതുടങ്ങിയത്. അത് ജയരാജ് മരിക്കുന്നതിന്റെ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ തുടര്‍ന്നുപോന്നു. പിന്നെ മൗനം. കത്തുകള്‍ക്ക് മറുപടി എഴുതുന്നത് നിന്നു. അസുഖബാധയെത്തുടര്‍ന്ന് ജയരാജ് വേദന അനുഭവിച്ചുകൊണ്ടിരുന്ന വല്ലാത്തൊരു ഘട്ടമുണ്ടായിരുന്നു. ആ കാരണത്താലായിരിക്കാം ജയരാജ് എഴുതാതിരുന്നത് എന്ന് ഞാന്‍ ഊഹിക്കുന്നു. അസുഖത്തെക്കുറിച്ച് എഴുത്തിലൂടെ ഒരു സൂചനയും എനിക്ക് തന്നിരുന്നില്ല.

എനിക്ക് തീര്‍ച്ചയായും ഖേദമുണ്ട്, കുറ്റബോധവും - ജയരാജിന്റെ കത്തുകള്‍ സൂക്ഷിച്ചുവെക്കാതിരുന്നതില്‍.

കത്തുകളില്‍ ജയരാജ് ഉത്സാഹഭരിതനായിരുന്നു, രോഷവാനായിരുന്നു. പരിഹാസത്തിന്റെ നിര്‍ദ്ദയമായ നിറത്തിലായിരുന്നു ചില കത്തുകള്‍. പക്ഷെ ഒന്നുണ്ട്- സാഹിത്യത്തേയും സമകാലികരാഷ്ട്രീയത്തേയും സാംസ്കാരികചലനങ്ങളേയും ഗൗരവമായി കണ്ടിരുന്ന, വിപ്ലവസ്വപ്‌നങ്ങളെ താലോലിച്ചിരുന്ന ഒരു നല്ല വ്യക്തിത്വത്തിന്റെ ദൃഢമായ പേശികള്‍ നിറഞ്ഞുനിന്നവയായിരുന്നു. ജയരാജിന്റെ കത്തുകള്‍.

Subscribe Tharjani |