തര്‍ജ്ജനി

സോമശേഖരന്‍

ഏനൊത്തൂര്‍,
ചോറോട്,
വടകര

Visit Home Page ...

ലേഖനം

ജയരാജന്റെ ജീവിതകഥകള്‍

തുറന്നടിച്ചു് അഭിപ്രായങ്ങള്‍ പറയുന്ന, ഒരല്പം മസിലൊക്കെയുള്ള താരതമ്യേന ബലിഷ്ഠകായനായ ഒരാള്‍. പ്രായപൂര്‍ത്തിക്കുചുറ്റുംമാത്രംപ്രായമായ കോളേജ് വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ പെറ്റിബൂര്‍ഷ്വകളുടെ ഒരു ഗ്രൂപ്പുമായാണീ താരതമ്യം. ജയരാജനോ ഒരാധുനികവ്യവസായശാലയായ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ഇലക്ട്രീഷ്യന്‍ ജോലി ചെയ്യുന്ന തൊഴിലാളി. ഞങ്ങള്‍ക്കും ജയരാജനുമിടയിലെ സൌഹൃദത്തിന്റെ കണ്ണിയായ പി. കെ. നാണുവും ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നുവെങ്കിലും ഗുമസ്തപ്പണി ചെയ്യുന്ന ഒരു പെറ്റിബൂര്‍ഷ്വ തന്നെ. വളരെപ്പെട്ടെന്ന് ഞങ്ങളുടെ സംഘത്തിലൊരാളായി അടുത്തുകഴിഞ്ഞ ജയരാജനുമായുള്ള ചിരസൌഹൃദത്തിന്റെ ആദ്യഓര്‍മ്മയാണിത്. ചിരസൌഹൃദം എന്നൊക്കെ പറയുമ്പോള്‍ മൂന്നോ നാലോ തവണമാത്രമേ ഞങ്ങള്‍ നേരിട്ടു് ഇടപഴകിയിട്ടുള്ളൂ. പക്ഷെ അന്നത്തെ സൌഹൃദങ്ങളൊക്കെ അങ്ങനെയാണ്. ഹൃദയത്തില്‍ വേരുപിടിക്കുന്ന ആഴമുള്ളതെന്തോ അവയെപ്പോഴും അവശേഷിപ്പിക്കുന്നു. ഒരു മൂന്നരപ്പതിറ്റാണ്ട് മുമ്പ്, എഴുപതുകളുടെ തുടക്കത്തിലേതാണ് ഈ ഓര്‍മ്മ. അവ ഒരിക്കലും യഥാതഥമാകണമെന്നൊന്നുമില്ല. പിന്നീട് പലവഴിയില്‍ സ്വരൂപിച്ച വെറും മാനസികചിത്രങ്ങളുമായി അത് പിണഞ്ഞുകിടക്കും.

അടിയന്തരാവസ്ഥയില്‍ ഒളിവിലായിരുന്ന ഞാന്‍, അന്ന് പോലീസിന് ഏറ്റവും വേണ്ടപ്പെട്ടവനായിരുന്ന വേണുവിനേയും കൂട്ടി കായണ്ണ പോലീസ് സ്റ്റേഷനാക്രമണത്തിന് തീരുമാനമെടുത്തശേഷം ജയരാജന്റെ വീട് അന്വേഷിച്ച് ചെന്നപ്പോഴും ഈ ഗാഢസൌഹൃദത്തിന്റെ ഉറച്ച വിശ്വാസം എനിക്കുണ്ട്. ജയരാജന് അന്ന് തൃശ്ശിനാപ്പള്ളിയില്‍ത്തന്നെയാണ് ജോലി. ലീവില്‍ വന്നെന്നറിഞ്ഞാണ് ഞങ്ങള്‍ പോയത്. പ്രത്യക്ഷത്തില്‍ ഒരു സൌഹൃദസന്ദര്‍ശനം മാത്രമെങ്കിലും ഗൌരവസ്വഭാവമുള്ള ചില ആലോചനകള്‍ അതിനുപിറകിലുണ്ട്. പോലീസ് സ്റ്റേഷനാക്രമണം കഴിഞ്ഞാല്‍ പോലീസ് നടത്താന്‍ പോകുന്ന തേര്‍വാഴ്ച അന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം ഒരു സാഹചര്യത്തില്‍ കുറച്ചുകാലത്തേക്കെങ്കിലും കേരളം വിട്ടുനില്ക്കുന്നതാണ് സുരക്ഷിതം. വേണു പിടിക്കപ്പെടാതിരിക്കുന്നതാണ് സംഘടനയുടെ നിലനില്പിനാവശ്യം എന്നത് ഏറ്റവും സ്വാഭാവികമായ ചിന്തയാണ്. ജയരാജന്റെ തൃശ്ശിനാപ്പള്ളിയിലെ താമസസ്ഥലത്തേക്ക് എന്റെ കൂടെയുണ്ടായിരുന്ന "ആള്‍" വരുമെന്ന് പറഞ്ഞുറപ്പിച്ച് പരസ്പരം പരിചയപ്പെടുത്തി ഞങ്ങള്‍ തിരിച്ചുപോന്നു.

സ്റ്റേഷനാക്രമണം കഴിഞ്ഞ് പിടിക്കപ്പെട്ട് പോലീസ് ക്യാമ്പിലായിരുന്ന ഒരുമാസം മുഴുവന്‍ ഞാന്‍ ഏറ്റവുമധികം ഭയന്നിരുന്നതും ഈ രഹസ്യത്തെ ഓര്‍ത്താണ്. വേണുവിന്റെ ഒളിവ് വഴിത്താരകളറിയാനിടയുള്ള ഒരാളെന്ന നിലയില്‍ കസ്റ്റഡിയിലായിരുന്ന അവസാനദിവസം വരെ കുപ്രസിദ്ധമായ "ഹോട്ട് ആന്റ് കോള്‍ഡ്" മാര്‍ഗ്ഗങ്ങളുപയോഗിച്ച് പോലീസ് എന്നെ നിരന്തരം ചോദ്യം ചെയ്ത് ഭയപ്പെടുത്തിപ്പോരികയും ചെയ്തു. വേണു പോകാനിടയുള്ള സ്ഥലത്തെക്കുറിച്ചുള്ള ഒരു ചെറിയ സൂചനപോലും അന്ന് ഒരു മില്യണ്‍ ഡോളര്‍ രഹസ്യമാണ്.

വേണു ജയരാജനെ തേടിപ്പോവുകയും മാസങ്ങള്‍ കഴിഞ്ഞാണെങ്കിലും അവിടെവെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. സൌഹൃദത്തിനും ഞങ്ങളുടെ രാഷ്ട്രീയത്തോടുള്ള അനുഭാവത്തിനുപ്പുറം ജയരാജന്റെ കമ്മിറ്റ്മെന്റിനെക്കുറിച്ച് ഞങ്ങളൊരിക്കലും ചര്‍ച്ചചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ വലിയൊരു അപകടത്തിലെത്തിക്കാന്‍ ഞാന്‍ കാരണമായെന്ന് ജയരാജന്‍ ചിന്തിച്ചേക്കുമോ എന്ന് ചില പെറ്റിബര്‍ഷ്വാ ആശങ്കകളും എനിക്കുണ്ടായിരുന്നു. ജയിലില്‍ നിന്നു് പുറത്തുവന്നശേഷം വയനാട്ടില്‍ നടന്ന ഒരു സാംസ്കാരികക്യാമ്പില്‍വെച്ച് വീണ്ടും കണ്ടപ്പോള്‍ എന്റെ ആശങ്കകളെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് എനിക്ക് ബോദ്ധ്യമാവുകയും ചെയ്തു. പഴയ സൌഹൃദത്തിന്റെ അത്ര ഗാഢതയോടെ വയനാട്ടില്‍ നിന്ന് കോഴിക്കോട്ടുവരെ തിരിച്ചുപോന്നതും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. തൃശ്ശിനാപ്പള്ളിയിലെന്തുണ്ടായി എന്നതിനെക്കുറിച്ച് പരസ്പരം ഒരു വാക്കുപോലും പറഞ്ഞതുമില്ല.

2

എഴുപതുകള്‍ മലയാളസാഹിത്യചരിത്രത്തിലെ ചില ദിശാപരിണാമങ്ങള്‍ക്കുകൂടി സാക്ഷിയായ കാലമാണ്. ആധുനികതയുടെ വ്യര്‍ത്ഥതാബോധത്തെ നിരാകരിച്ച് ചരിത്രത്തിലും വിപ്ലവത്തിന്റെ ഭാവിയിലുമുള്ള തീവ്രപ്രതീക്ഷകള്‍ സാഹിത്യത്തിലേക്കും സംക്രമിച്ച കാലമാണത്. നിരാശാഭരിതമായ മനോനിലകളെ പ്രത്യാശയുടെ ഔഷധങ്ങള്‍കൊണ്ട് വിപ്ലവസ്വപ്നങ്ങളിലേക്ക് നടത്തിയെടുത്ത കാലം. രാഷ്ട്രീയത്തെപ്പോലെയോ ചിലപ്പോഴൊക്കെ അതിലധികമോ സാഹിത്യതാല്പര്യങ്ങളില്‍കൂടെ പ്രചോദിതമായിരുന്നു ഞങ്ങളുടെ സംഘം. ഒരു പക്ഷെ സാഹിത്യത്തെക്കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളുമാണ് പരസ്പരം വേര്‍തിരിച്ചറിയാന്‍ വിഷമമായവിധം ഞങ്ങളെ രാഷ്ട്രീയത്തിലേക്ക് വഴിനയിച്ചത്. ആധുനികതയിലെ വ്യക്തിഗതസംത്രാസങ്ങളെ സാമൂഹ്യവും രാഷ്ട്രീയവുമായ അതിന്റെ ആധാരങ്ങളില്‍ നിന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുകകൂടിയാകണം ഞങ്ങളന്ന് ചെയ്തത്. വ്യക്തിയേയും വ്യക്തിഗതചിന്തകളേയും താല്പര്യങ്ങളുമെല്ലാം ആദര്‍ശാത്മകമായ ഒരു സമൂഹചേതനകൊണ്ട് നിര്‍വ്യക്തീകരിച്ച് മറികടന്ന ഒരുതരം മാന്ത്രികസിദ്ധി ആ കാലത്തിനുണ്ട്.

നാണുവും ജയരാജനും ആനുകാലികങ്ങളിലെഴുതി ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ കഥാകൃത്തുക്കളാണന്ന്. സാഹിത്യത്തിനുകൂടി ഇടംനല്കിക്കൊണ്ട് രാഷ്ട്രീയമാസികയായ "സ്ടീറ്റും" ദീനംപിടിച്ച കഥകള്‍ക്കും കവികള്‍ക്കുമെതിരായ രാഷ്ട്രീയാഭിമുഖ്യം പ്രകടമാക്കി സാഹിത്യമാസികയായ "പ്രസക്തിയും" ഏതാണ്ട് അക്കാലത്താണ് പ്രസിദ്ധീകരിച്ചത്. പഴയ ജീവല്‍-പുരോഗമനസാഹിത്യത്തിന്റെ തുടര്‍ച്ച അവകാശപ്പെടുമ്പോഴും യഥാര്‍ത്ഥത്തില്‍ അതിന്റെ ഒരു പ്രേതശരീരം മാത്രമായിക്കഴിഞ്ഞിരുന്ന ദേശാഭിമാനി സ്റ്റഡിസര്‍ക്കിളും അത് പ്രചരിപ്പിച്ച സാഹിത്യചിന്തകളുമാണ് അതേവരെ ആധുനികതയ്ക്കെതിരെ പ്രധാനമായും ശബ്ദമുയര്‍ത്തിപ്പോന്നത്. മനുഷ്യാവസ്ഥകളുടെ ആഴങ്ങളിലേക്ക് കടക്കാന്‍ ഒട്ടും പ്രാപ്തമല്ലാതിരുന്ന ഉള്ളുപൊള്ളയായ ഒരുതരം വെള്ളരിക്കോലങ്ങളാണ് അതിന്റെ മുഖമുദ്രയായിത്തീര്‍ന്ന സാഹിത്യരൂപങ്ങള്‍. മലയാളസാഹിത്യചരിത്രത്തിന് ഓര്‍ത്തുവെക്കാവുന്ന സാഹിത്യകൃതികളൊന്നും ഇത് സംഭാവനചെയ്തുമില്ല. മഹാസാഹിത്യകാരന്മാരും കൃതികളുമായി ഇ. എം. എസ് അടക്കമുള്ളവര്‍ അന്ന് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചവയൊന്നും പില്ക്കാലത്ത് അവര്‍ക്കുതന്നെ ഓര്‍ത്തവെക്കാനായോ എന്ന് സംശയം. അതുകൊണ്ടുകൂടിയാവാം പില്ക്കാലത്ത് ആധുനികസാഹിത്യത്തിന്റെ തന്നെ ധാരകളുമായത് വിവേചനരഹിതമായി സന്ധിചെയ്യുകയാണുണ്ടായത്.

3

തുടക്കത്തില്‍ സൂചിപ്പിച്ചപോലെ വ്യര്‍ത്ഥതാബോധത്തിന്റേയും നിരാശയുടേയും ഗര്‍ത്തങ്ങളിലേക്ക് താണുകൊണ്ടിരുന്ന ആധുനികസാഹിത്യചിന്താലോകത്തെ പ്രത്യാശയുടെ ഗിരിശൃംഗങ്ങളിലേക്കു് ഉയര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് പുതുതായി രൂപപ്പെട്ടുവന്ന നക്‌സല്‍ബാരിവിപ്ലവസാഹിത്യം ചെയ്തത്. സ്വഭാവേനതന്നെ കാല്പനികഭാവനകള്‍ക്ക് കൂടുതല്‍ ഇടമുള്ളതുകൊണ്ടാകണം മലയാളകവിതയിലാണത് തിടംവെച്ചു് ഉയര്‍ന്നുനിന്നത്. മലയാളകാവ്യചരിത്രത്തിന്റെ മുഖ്യധാരയായി മാറിയ കടമ്മനിട്ട, സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപിള്ള, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സിവിക് ചന്ദ്രന്‍ തുടങ്ങിയവരെല്ലാം ഈ വഴിയിയിലൂടെയാണ് ഉയര്‍ന്നുവന്നത്. ഭാഷയിലെ ഉന്നതമായ കാവ്യരചനകള്‍തന്നെ കൂടുതല്‍ ജനകീയവുമാകുന്ന ഒരു അപൂര്‍വ്വസന്ധികൂടിയായി അത് മാറുകയും ചെയ്തു. മലയാളനാടകചരിത്രത്തിലും അത് ഒരു പ്രധാനസ്വാധീനശക്തിയായി മാറി. എന്നാല്‍ ചെറുകഥയും നോവലുമടക്കം ഫിക്‍ഷന്റെ മേഖലയില്‍ അതിന്റെ നേരിട്ടുള്ള സംഭാവനകള്‍ അക്കാലത്തേതായി ഏറെയൊന്നുമില്ല. ജീവിതാനുഭവങ്ങളുടെ നിറവുകള്‍കൊണ്ടേ ഫിക്‍ഷന് നിലനില്ക്കാനാവൂ. രചനാസങ്കേതങ്ങളും പ്രസ്ഥാനഭേദങ്ങളുമൊക്കെ ഏത് തന്നെയായാലും ജീവിതത്തിന്റെ യഥാര്‍ത്ഥതലങ്ങളുടെ ബലവത്തായ ഒരടിത്തറ അവയ്ക്ക് കൂടിയേ കഴിയൂ. പട്ടത്തുവിള, എം. സുകുമാരന്‍, പി. കെ. നാണു, യു. പി. ജയരാജന്‍ എന്നിങ്ങനെ രചനകളില്‍ ഏറെ ലുബ്ധന്മാരായ എഴുത്തുകാരാണ് വൈവിദ്ധ്യപൂര്‍ണ്ണമായ സങ്കേതങ്ങളുപയോഗിച്ചാണെങ്കിലും ഈകാലത്തെ ഫിക്‍ഷനില്‍ അടയാളപ്പെടുത്തിയവര്‍. അപ്പോഴും നോവലുകളുടെ കാര്യത്തില്‍ സുകുമാരന്റേതൊഴിച്ചാല്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതൊന്നുമുണ്ടായില്ല.

പട്ടത്തുവിളയുടെ കഥകളില്‍ പലപ്പോഴും ബൗദ്ധികസംഭവങ്ങളായാണ് വിപ്ലവങ്ങളും അതുമായി ചേര്‍ന്ന കഥാപാത്രങ്ങളുമെല്ലാം പരാമര്‍ശിതമാവുകയും വന്നുപോവുകയും ചെയ്യുന്നത്. മറ്റ് മാതൃകകളുമായി താരതമ്യം എളുപ്പമല്ലാത്തവിധം അപൂര്‍വ്വങ്ങളുമാണ് ആ കഥകള്‍. സുകുമാരന്റെ കഥകള്‍ മിക്കവാറും അന്യാപദേശരൂപത്തിലെഴുതപ്പെട്ടതും കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും മേലെ പലപ്പോഴും രാഷ്ട്രീയപ്രത്യയശാസ്ത്രപക്ഷങ്ങള്‍ പ്രകടമാക്കിനില്ക്കുന്നവയുമാണ്. എന്നിട്ടും അവ ഏറെ മികച്ച കഥകളാവുന്നത് ഒരു കാലത്തിന്റെ മനോനിലകളാണവയില്‍ ഘനീഭവിച്ചുനില്ക്കുന്നതെന്നതിനാലാണ്. നാണുവും ജയരാജനും തനതുവഴികളില്‍ ഏറെ വ്യത്യസ്തതകളോടെയാണെങ്കിലും പരസ്പരം അനുപൂരകമാകുംവിധം ഈ കാലത്തേയും കഥാപാത്രങ്ങളേയും തങ്ങളുടെ കഥകളില്‍ രേഖപ്പെടുത്തുകയും ചെയ്തു.

4

ഹ്രസ്വമെങ്കിലും വിക്ഷുബ്ധമായ ആ കാലത്തിന്റെ ചരിത്രാഖ്യായികകള്‍ കൂടിയാണ് ജയരാജന്റെ കഥകള്‍. അതിലുള്‍പ്പെട്ടവരെ സംബന്ധിച്ചിടത്തോളം ജീവചരിത്രപരമായ രേഖകള്‍കൂടി ഉള്‍ച്ചേര്‍ന്നവയും. പട്ടത്തുവിളയുടെ തുടര്‍ച്ചയെന്ന് തോന്നിക്കുന്നവയും, വിപ്ലവപ്രവര്‍ത്തനങ്ങളോട് കൂടുതല്‍ നേരിട്ട് ചേര്‍ന്നുനില്ക്കുന്നവയുമായ ബൗദ്ധികസംവാദങ്ങള്‍ ജയരാജന്റെ കഥകളിലുണ്ട്. അന്യാപദേശത്തോട് തൊട്ടുനില്ക്കുന്ന ബിംബങ്ങളും പ്രതീകങ്ങളുകൊണ്ട് നിര്‍മ്മിച്ച കഥകളും ജയരാജന്‍ എഴുതിയിട്ടുണ്ട്; `മഞ്ഞ്'പോലെ അക്കാലത്തിന്റെ വസ്തുസ്ഥിതികളോട് കൂടുതല്‍ നേരിട്ട് സംവദിക്കുന്നവ. ഈ സംവാദങ്ങളും പ്രതീകവത്കരണങ്ങളുമെല്ലാം പ്രായോഗികരാഷ്ട്രീയത്തിന് പുറത്തുനിന്നുള്ള നോക്കിക്കാഴ്ചകളെന്നതിനേക്കാള്‍ അതിനകത്തുനിന്നുതന്നെയുള്ള `ഉള്‍ക്കാഴ്ച'കളാകുന്നുവെന്നതാണ് ജയരാജന്റെ കഥകളെ വ്യതിരിക്തമാക്കുന്നത്. ആത്മകഥാഖ്യാനപരമായ ഒരു സ്ഥാനത്തുനിന്നാണ് മിക്കവാറും അവ രചിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുകൂടി ഒരു വിശേഷാര്‍ത്ഥത്തില്‍ അവ കൂടുതല്‍ യഥാതഥവുമായിരിക്കുന്നുവെന്ന് പറയാം.

ഇപ്പോഴെന്റെ കയ്യിലുള്ള നിരാശാഭരിതനായ സുഹൃത്തിനൊരു കത്ത് എന്ന സമാഹാരം എഴുപതുകളിലെ സംവേദനക്ഷമമായ ഒരു മനസ്സിന്റെ ചിന്താപരിണാമങ്ങളെ മൂര്‍ത്തവും സൂക്ഷ്മവുമായി വരച്ചുകാട്ടുന്നു. ഇവയെല്ലാം മിക്കവാറും നേരത്തെ ഒറ്റയൊറ്റയായും സമാഹാരത്തിലും വായിച്ചവ തന്നെ. ആശയകാലുഷ്യങ്ങള്‍ നിറഞ്ഞ അന്നത്തെ വര്‍ത്തമാനത്തിന്റെ ആത്മനിഷ്ഠസന്ദര്‍ഭങ്ങളില്‍നിന്നും മാറി കാലത്തിന്റെ ഒട്ടൊക്കെ വിദൂരത നല്കുന്ന താരതമ്യേന നിര്‍മ്മമമായ പുതിയ വായന, മനസ്സിന്റേയും ചിന്തകളുടേയും ചരിത്രസംക്രമണങ്ങളെ ഈ കഥകള്‍ എത്ര അത്ഭുതകരമായി രേഖപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്നു. ഒരുപക്ഷേ, ഒറ്റ നോവല്‍പോലെ ആദ്യമദ്ധ്യാന്തപ്പൊരുത്തത്തോടെയുള്ള ഒരു ചിന്താശരീരമായാണ് ഈ കഥകള്‍ തുടരുന്നത്.

പലരും തെറ്റിദ്ധരിക്കുന്നതുപോലെ എന്തെങ്കിലും ഒരു സൈദ്ധാന്തികവെളിപാടായല്ലാതെ തന്നെ എഴുപതുകളിലെ സാമൂഹികചരിത്രാവസ്ഥകള്‍ ഒരു ചെറുപ്പക്കാരനെ എങ്ങനെ വിപ്ലവത്തിന്റെ വഴികളിലേക്ക് നയിച്ചവെന്ന് ജയരാജന്റെ കഥകള്‍ വരച്ചുവെക്കുന്നു. ദേശാഭിമാനി, ജനയുഗം കഥകളിലൂടെ വൈകി പ്രസിദ്ധീകരിച്ച ആനന്ദിന്റെ ആള്‍ക്കൂടത്തിലടക്കം ആധുനികസാഹിത്യത്തിലുമെല്ലാം ചര്‍ച്ചയാവുന്ന ജീവിതമൂഹൂര്‍ത്തങ്ങളും പ്രശ്‌നങ്ങളുമൊക്കെത്തന്നെയാണ് ജയരാജന്റെ ആദ്യകഥകളില്‍ വരുന്നതു് - തൊഴിലില്ലായ്മയും വേശ്യാവൃത്തിയും ധനികദരിദ്രഭേദങ്ങളുമൊക്കെത്തന്നെ. ആദ്യത്തേതിലവ പള്ളിപ്പെരുന്നാളിന് വഴിയോരത്ത് കൊണ്ടിറക്കുന്ന യാചകവ്യാപാരംപോലെ കപടവും പ്രകടനപരവുമായപ്പോള്‍, മറുവശത്ത് അവ ജീവതനിരാസത്തിനും നൈരാശ്യത്തിനും വളക്കൂറുള്ള ദാര്‍ശനികസമസ്യകളുടെ കെട്ടുകാഴ്ചകളോടെയാണ് അവതരിപ്പിക്കപ്പെട്ടത്. തൊലിപ്പുറക്കാഴ്ചകളില്‍ ഉപരിപ്ലവമായ വിപ്ലവചേരുവകള്‍ ചേര്‍ത്ത് വിളമ്പുന്ന നവരസങ്ങള്‍ക്കപ്പുറം കൂടുതല്‍ ആഴമേറിയ ജീവിതസമസ്യകള്‍ ഇവ ഉള്‍ക്കൊന്നുവെന്ന തിരിച്ചറിവില്‍നിന്നോ സന്ദേഹങ്ങളില്‍നിന്നോ ഒക്കെയാണ് രണ്ടാമത് പറഞ്ഞ ആധുനികസാഹിത്യം രൂപമെടുത്തത്. ജീവിതാവസ്ഥകളുടെ സങ്കീര്‍ണ്ണതകളിലേക്ക് കുറച്ചുകൂടെ ആഴത്തിലേക്ക് അവ ഇറങ്ങിച്ചെന്നെങ്കിലും അവ വഹിച്ചുപോന്ന ദാര്‍ശനികബലൂണുകളുടെ വൃഥാഭാരങ്ങള്‍ തമസ്സിന്റേയും ലഹരിയുടേയുമെല്ലാം നാല്ക്കവലയില്‍ അവയെ ഉപേക്ഷിക്കുകയാണ് ചെയ്തത്. ചരിത്രത്തിന്റെ ഭാവിയെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമെല്ലാം അത് കൂടുതല്‍ അഗാധസ്പര്‍ശിയായ പരിഗണനകള്‍ വഴി ജയരാജന്റെ കഥകളില്‍ ഇതേ ജീവിതസമസ്യകള്‍ സ്വകീയമായ ഒരു രാസചേരുവകണ്ടെത്തുന്നു. പ്രത്യക്ഷത്തില്‍ കഥകളുടെ ഘടന കുറേക്കൂടി സങ്കീര്‍ണ്ണമാവുന്നതോടൊപ്പംതന്നെ കൂടുതല്‍ തെളിമയാര്‍ന്ന ഒരു ഉള്ളടക്കസ്വരൂപവും അര്‍ത്ഥതലവും രൂപപ്പെട്ടുവരുന്ന സൗന്ദര്യാനുഭങ്ങളായി അവ മാറുകയും ചെയ്യുന്നു.

പതുക്കെ ഈ കഥകള്‍ പ്രത്യക്ഷമോ പരോക്ഷമോ ആയി അക്കാലത്തെ വിപ്ലവപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങളിലേക്ക് കടക്കുന്നു. വിപ്ലവത്തിന്റെ അവസാനതീര്‍പ്പുകളില്‍ ഉറപ്പില്ലാത്ത സന്ദേഹളുടെ ഒരു തലം സൂക്ഷിച്ചുതന്നെ ഒരുവേള അന്ധവിശ്വാസം എന്നുപോലും വ്യാഖ്യാനിക്കാവുന്നവിധം ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം ദൃഢമായി പ്രഖ്യാപിക്കുവാന്‍ ഈ കഥകള്‍ ഒരിക്കലും മറക്കുന്നില്ല. വളരെ സ്വാഭാവികമായി ഇണക്കിച്ചേര്‍ത്ത ഈ ഘടനാരൂപം കഥകള്‍ക്ക് പ്രചരണസാഹിത്യത്തിന് ഒരിക്കലും പ്രാപിക്കാനാവാത്ത ഔന്നത്യം പ്രദാനംചെയ്യുകയും, അവയെ കൂടുതല്‍ സത്യസന്ധമായ, കാലാനുസാരിതയുമുള്ള ആഖ്യാനങ്ങളാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

വിപ്ലവപ്രവര്‍ത്തനങ്ങളെ ഭാവനാചിത്രങ്ങളല്ല, പകരം തന്റെ പരിചയസീമയിലുള്‍പ്പെട്ട പ്രവര്‍ത്തനങ്ങളെ മാത്രമേ ജയരാജന്‍ കഥകളാക്കുന്നുള്ളൂ. ഒരുപക്ഷെ, നേരിട്ടങ്ങനെയല്ലെന്ന് തോന്നിയേക്കാവുന്ന ബീഹാര്‍ എന്ന കഥ പോലും. ആദ്യരാത്രിയുടെ അവകാശംപോലും അപ്പോഴും സൂക്ഷിച്ചുപോന്ന ബീഹാറിജന്മിത്തത്തിന്റെ കീഴിലെ ഒരു ദളിതന്റെ ജീവിതകഥയാണ് കേട്ടറിവുകളിലൂടെയാവാം ഇവിടെ പ്രകടമായ കഥാവസ്തു. ഭോജ്പൂരിനെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍വഴി അന്ന് പുറംലോകം പങ്കുവെച്ച ഒരു സങ്കല്പംകൂടിയാണിത്. എന്നാല്‍ പ്രകടമായിക്കാണുന്ന ഈ കഥാവസ്തുവല്ല, പകരം ജയരാജന്റെ ജീവിതപരിസരത്തുള്ള പാവനമസൃണപ്രണയസങ്കല്പങ്ങളുടെ ഒരു വിരുദ്ധോക്തിയായിക്കൂടി ഈ കഥ മാറുന്നു.

ജയരാജന്‍ ജോലിചെയ്ത തൃശ്ശിനാപ്പള്ളി ഒരു ഘട്ടത്തില്‍ തമിഴ് നക്‌സലൈറ്റ്ഗ്രൂപ്പിന്റെ സജീവസാന്നിദ്ധ്യമുള്ള ഒരിടമായിരുന്നു. തമിഴ് രാഷ്ട്രീയപരിസരത്തുനിന്നു് എഴുതിയ അതേ കഥയുടെ പുനരാഖ്യാനം എന്ന കഥ ജയരാജന് ഇവയുമായുള്ള പരിചയം എടുത്തുകാട്ടുന്നു. കാര്‍മുകില്‍ എന്ന വിപ്ലവനേതാവും ഊമൈക്കോവിലെന്ന ഗ്രാമത്തിലെ ആത്മബോധം കൈവരിച്ച ആയുധമണിയുന്ന ജനങ്ങളെക്കുറിച്ചുമുള്ള പ്രസ്താവങ്ങളുമെല്ലാം ഇത് വ്യക്തമാക്കുന്നു. ജയരാജന്റെ രാഷ്ട്രീയനിലപാടുകള്‍ നന്നായി വെളിപ്പെടുത്തുന്ന ഒരു കഥകൂടിയാണിത്. ആത്മബോധമുള്ള ഏതൊരു രാഷ്ട്രീയാനുഭാവിക്കും തിരിച്ചറിയാവുന്ന കാര്യങ്ങള്‍ കഥാനായകനും കാര്‍മുകിലിനോട് ചേദിക്കുന്നു. ``ഊമൈക്കോവില്‍ ഒരു ചെറിയ ഗ്രാമമല്ലേ? ഈ രാഷ്ട്രത്തിന്റെ ഭൂപടത്തില്‍ അതിന്റെ സ്ഥാനമെന്ത്? ചരിത്രത്തില്‍നിന്നു് ഒന്നും പഠിക്കാന്‍ കൂട്ടാക്കാത്ത നിങ്ങളൊക്കെ ഇപ്പോഴും വിപ്ലവകാരികള്‍ തന്നെയോ? ''. എന്നിട്ടും അയാള്‍ കാര്‍മുകിലിനെ സ്വീകരിക്കുന്നു. ബസ് സ്റ്റോപ്പുവരെ അയാളെ അനുഗമിച്ച് ചായകുടിച്ച് സൗഹൃദപൂര്‍വ്വം പിരിയുന്നു, കഥയുടെ പേരുപോലെ അതിലടങ്ങിയ പഴയ അപകടത്തിന്റെ പുനരാവര്‍ത്തനസാദ്ധ്യതയെ അറിഞ്ഞുതന്നെ. നേരത്തെ ജയരാജന്റെ താമസസ്ഥലത്തുവെച്ച് വേണു അറസ്റ്റ് ചെയ്യപ്പെട്ടതിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു കഥയും ഈ സമാഹാരത്തില്‍ത്തന്നെയുണ്ടല്ലോ. അതാണ് ജയരാജനും ജയരാജന്റെ കഥകളും.

Subscribe Tharjani |