തര്‍ജ്ജനി

ആര്‍. വി. എം. ദിവാകരന്‍

അഭയം,
കൃഷ്ണന്‍നായര്‍ റോഡ്‌,
കോഴിക്കോട്‌ 673 010.
ഇ മെയില്‍: rvmdivakaran@gmail.com

Visit Home Page ...

ലേഖനം

തുറന്നുവച്ച കഥകള്‍

vp sivakumar pic

മലയാളത്തിലെ ആധുനികതയുടെ വേലിയിറക്കക്കാലത്ത്‌ കഥയെഴുതിത്തുടങ്ങിയയാളാണ്‌ വി പി ശിവകുമാര്‍. 1947 ല്‍ ജനിച്ച്‌, 1993 ല്‍ മരിക്കുന്നതുവരെയുള്ള നാലരപ്പതിറ്റാണ്ടില്‍ ഏതാണ്ട്‌ പകുതിക്കാലം അദ്ദേഹം കഥയെഴുത്തില്‍ സക്രിയനായിരുന്നു. കാരണമന്വേഷിക്കേതില്ലെങ്കിലും, എഴുത്തില്‍ മടുപ്പുതോന്നുന്ന ചിലനാളുകളില്‍ അദ്ദേഹം ഒന്നുമെഴുതിയിട്ടുമില്ല എതും പ്രസ്താവ്യമാണ്‌. ആധുനികതയുടെ വക്താക്കളായ നിരൂപകര്‍ ശിവകുമാറിനെപ്പറ്റി ആധുനികോചിതമായി പഠനങ്ങളെഴുതിയിട്ടുണ്ട്. മരണാനന്തരം പുറത്തുവന്ന ചില പഠനങ്ങളിലെങ്കിലും അയ്യോ പാവം എന്ന മട്ടിലുള്ള പുകഴ്ത്തിപ്പറയലുകളും കാണാം. ഇതുരണ്ടും ആധുനികതയുടെ അളവുകോലുകള്‍ കൊണ്ടുള്ളതും അനുശോചിച്ചുള്ളവയും, ശിവകുമാറിന്റെ രചനകളെ വായിച്ചാസ്വദിക്കാന്‍ ശ്രമിക്കുവര്‍ക്ക്‌ ബാദ്ധ്യതയാവുമെന്ന് തോന്നുന്നു. പി. എം. താജിനും ഇതേ ദുര്യോഗം വന്നുപെട്ടിട്ടുണ്ട്, അകാലത്തില്‍ മരിച്ച മറ്റുപലര്‍ക്കുമെന്നപോലെ.

എഴുതപ്പെട്ട കാലം വച്ചുനോക്കിയാല്‍ രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള ശിവകുമാര്‍ക്കഥകളെ ഇന്ന്‌ വിലയിരുത്താന്‍ ശ്രമിക്കുമ്പോഴും പഴമയുടെ ചില ആനുകൂല്യങ്ങള്‍ അറിയാതെ നല്കിപ്പോകാനിടയുണ്ട്‌. അതുപക്ഷേ ഒഴിവാക്കാനാവില്ലതന്നെ. അക്കാലത്തുതന്നെ ഇന്നത്തെശൈലിയില്‍ എഴുതിയല്ലോ തുടങ്ങിയ ആശ്ചര്യപ്രകടനങ്ങള്‍ ഉദാഹരണം.

അധികമെഴുതിയിട്ടില്ല ശിവകുമാര്‍. തിരുവിതാംകൂര്‍ കഥകള്‍, കരയോഗം, ഒറ്റ എന്നിവയും അസമാഹൃതകഥകള്‍ കൂടി ഉള്‍പ്പെടുത്തി മരണാനന്തരം പുറത്തുവ വി. പി. ശിവകുമാറിന്റെ കഥകളും മാത്രമാണ്‌ അദ്ദേഹത്തിന്റെ കഥാശേഷിപ്പുകള്‍. വിവര്‍ത്തനങ്ങള്‍ വേറെയുണ്ട്, എതാനും പഠനങ്ങളും. വേണ്ടത്രശ്രദ്ധ കിട്ടാതെപോയതിന്‌, അല്ലെങ്കില്‍ കൊണ്ടാടപ്പെടാതെപോയതിന്‌ ഈ എണ്ണക്കുറവാവില്ല കാരണം. ശിവകുമാറിനെ വായിക്കുമ്പോള്‍ തീര്‍ച്ചയായും ഓര്‍മ്മവന്നുപോകുന്ന പത്മരാജനും ഇതേപറ്റു് പറ്റിയിട്ടുണ്ട്. സിനിമാക്കാരന്‍ എന്ന പ്രശസ്തിയില്‍ കഥാകാരന്‍ അവഗണിക്കപ്പെട്ടുപോയി. സിനിമാക്കാരന്റെ കഥകള്‍ എന്നമട്ടി‍ല്‍ വായിച്ചാല്‍പ്പോരല്ലോ പത്മരാജനെ.

ഈ ഉത്തരാധുനികകാലത്തുപോലും ശിവകുമാറിന്റെ ആദ്യകാലകഥകള്‍ പോലും ഒന്നും മുഷിവോ പഴക്കച്ചുവയോ ഇല്ലാതെ വായിച്ചുപോകാം എന്നത്‌ വലിയകാര്യമാണ്‌. ആധുനികതയുടെ അസ്കിത അദ്ദേഹത്തിനുണ്ടാ‍യിരുന്നി‍ല്ല എതിന്‌ തെളിവാകുമോ ഇതെന്ന്‌ അറിയില്ല. തിരുവിതാംകൂര്‍ കഥകള്‍ തന്നെ‍ ഉദാഹരണം. നമുക്കറിയാവുന്ന യാഥാര്‍ഥ്യങ്ങളെ അദ്ദേഹം ഭാവനയാക്കിമാറ്റിയെന്നും അതിലെല്ലാം വക്രിച്ച ഒരു ചിരിയുണ്ടാ‍യിരുന്നുവെന്നും ആധുനികതയുടെ ഗൃഹാതുരവായനയെ ഹാസ്യപ്രധാനമായ കണ്ടുപിടുത്തങ്ങളിലൂടെ അദ്ദേഹം ധിക്കരിച്ചുവെന്നും കെ. പി. അപ്പന്‍ എഴുതിയിട്ടുണ്ട്. നര്‍മ്മകഥകള്‍ എത്‌ ഒരു കുറച്ചുകാട്ടലല്ല. കറുത്തചിരിയെന്നതിന്‌ വെളുത്തചിരിയെക്കാള്‍ ഒട്ടും ഗൌരവക്കൂടുതലുമില്ല. തെളിഞ്ഞചിരിയാണ്‌ ഈകഥകളിലെല്ലാമുള്ളത്‌. ചിരിയെ ചരിത്രവല്ക്കരിച്ച്‌ കരച്ചിലാക്കിമാറ്റേണ്ടതുമില്ല.

പഞ്ചതന്ത്രം കഥയുടെയും ഐതിഹ്യമാലയുടെയും പാരഡികളായി എഴുതിയ കഥകള്‍ ഉദാഹരണം. സമകാലസമൂഹത്തിന്റെ നേര്‍ചിത്രങ്ങളെന്നുള്ള അംഗീകാരം ബോധപൂര്‍വം നിരാകരിക്കുകയാണ്‌ കഥാകൃത്ത്‌. ഭ്രമാത്മകതയ്ക്കുതെ‍ സ്വയം ഒരു വിച്ഛേദസ്വഭാവമുല്ലോ. പറയേണ്ടകാര്യം ഏതുതരത്തില്‍ പറയണമെന്ന എക്കാലത്തെയും പ്രശ്നത്തെ ശിവകുമാര്‍ പലപ്പൊഴും പലമട്ടി‍ല്‍ നേരിടുന്നു‍. തമാശക്കഥയെ ലേബലിങ്ങിനെ ഒട്ടും ഭയക്കാതെ എഴുതിയ മൂന്നു‍പൂക്കള്‍, പിപീലികാന്യായം, ആറാംതന്ത്രം പരദേശിമോക്ഷയാത്ര, ഉഷ്ട്രകകഭോജനന്യായം, പാര തുടങ്ങിയവ ഉദാഹരണം. പാരഡിചമയ്ക്കുക, കഥയ്ക്കകത്ത്‌ കഥാകൃത്തുകേറി ഇടപെടുക, കഥയെ നിരന്തരം അന്യവല്‍കരിക്കുക, തിരക്കഥയുടെ രചനാശൈലി അവലംബിക്കുക, സാഹിത്യവിമര്‍ശനത്തെത്തെ‍ കഥയുടെ ഭാഗമാക്കുക തുടങ്ങി ആധുനികമെന്ന്‌ അന്നും ഉത്തരാധുനികമെന്ന്‌ ഇന്നും വിളിക്കാന്‍ പാകത്തിലുള്ള ശൈലീവൈചിത്ര്യങ്ങള്‍ ഓരോ കഥയിലും മാറിമാറി പരീക്ഷിച്ചു അന്ന്‌ ശിവകുമാര്‍. ഒരു കള്ളിയിലും കൊള്ളിക്കാന്‍ പറ്റാത്തവിധം നിരന്തരം വഴുതിമാറി അദ്ദേഹം.

തിരുവിതാംകൂര്‍ കഥകളിലെ തമാശക്കഥകള്‍ക്ക്‌ ഒരു പ്രവചനസ്വഭാവം കൈവരുന്നതായി ഇന്നത്തെ വായനയില്‍ തോന്നാം. കാകോലുകീയം എന്ന അനുബന്ധകഥ എ. ഡി. ബി.യാനന്തരകാലത്ത്‌ വായിക്കുമ്പോള്‍ തോന്നു‍ന്ന അമ്പരപ്പ്‌ ഉദാഹരണം.ജനതയുടെ സ്ഥിതിവിവരക്കണക്കുകള്‍ക്ക്‌ അവരെത്തെ‍ ഒറ്റിക്കൊടുക്കുന്ന പണിയുണ്ടെന്ന് ‌ പിന്നീ‍ടാണല്ലോ നാം പറഞ്ഞുകേട്ടത്‌. ഘുണാക്ഷരന്യായമെന്ന വെറും തമാശക്കഥ മലയാളത്തിനു ക്ലാസ്സിക്കല്‍ പദവിതേടിയലയുന്ന പുണ്യാത്മാക്കള്‍ വായിച്ചാലോ എന്നാ‍ലോചിക്കുമ്പോള്‍ മറ്റൊരുതരം അമ്പരപ്പ്‌. ഒച്ചുപോയവഴിയില്‍ തെളിഞ്ഞ വെറും വരകളെ നൂറ്റാണ്ടു‍കള്‍ പഴക്കമുള്ള പുരാരേഖയായി വായിക്കകയാണ്‌ അതിലെ ഭാഷാവിദഗ്ധന്‍. ചിന്താവിഷ്ടനായ രാമന്‍ നായര്‍ എന്ന കഥ, ആശാന്‍കൃതിയുടെ പാരഡിയെന്നനിലയില്‍ മാത്രമല്ല ഇന്നു‍ പതിവുള്ളയിനം പാര്‍ട്ടി‍ത്തമാശയെന്ന നിലയിലും ആസ്വാദ്യമാണ്‌. പാര്‍ട്ടി‍യോഫീസിനുള്ളില്‍നിന്ന്‌ ആരോ ഉറക്കെ ഭാഗവതത്തിലെ അജാമിളമോക്ഷം വായിക്കുന്നതു കേട്ടുകൊണ്ട്‌, പുതിയ ഒരിടതുപക്ഷത്തിന്റെ പ്രതീകമായ പോസ്റ്റുമാന്‍ കത്തുംകൊണ്ട് വന്നുചേരുന്ന നേരത്താണ്‌ സുമാര്‍ ഒന്നരക്കോല്‍ വീതിയുള്ള പിളര്‍പ്പിലൂടെ രാമന്‍നായര്‍ ഭൂഗര്‍ഭത്തിലേക്ക്‌ അന്തര്‍ധാനം ചെയ്യുത്‌. വെള്ളഷര്‍ട്ടിന്റെ ഫാഷന്‍ ഔട്ടാവില്ലെന്ന് പറയുംപോലെ, നാട്യങ്ങളില്ലാത്ത എഴുത്തിന്‌ എന്നും പാരായണക്ഷമതയും അര്‍ഥയുക്തതയും കാണുമെന്നത്‌ നേര്‌. ഒരു തെളിഞ്ഞചിരി തന്റെ എക്കാലത്തെയും സ്വപ്നമാണെന്ന്‌ കഥാകൃത്ത്‌ ഒരിക്കലെഴുതിയിട്ടുണ്ട്.

സല്‍കഥാസാഗരമെന്ന പഴഞ്ചന്‍ കഥാപുസ്തകം, അമ്പിളിയമ്മാവന്‍, റേഡിയോപ്പരിപാടികളിലെ അമ്മാവന്‍, മലയാളമനോരമ ആഴ്ചപ്പതിപ്പ്‌, ചെറിയ മനുഷ്യരും വലിയ ലോകവുമെന്ന അരവിന്ദന്റെ കാര്‍ട്ടൂണ്‍‍ പരമ്പര, ഐതിഹ്യമാല തുടങ്ങി ഇന്നും അന്നും കഥാകൃത്തുക്കള്‍ക്ക്‌ ബിബ്ലി‍യോഗ്രഫിയായി നല്‍കാന്‍മാത്രം ആഭിജാത്യമില്ലാത്ത പലതിനോടും തനിക്കുള്ള കടപ്പാട്‌ തുറന്നുപറഞ്ഞിട്ടുണ്ട്‍്‌ ശിവകുമാര്‍. ഇവ നല്‍കിയ സവിശേഷ ഊര്‍ജം കരയോഗമെന്ന രാണ്ടാം സമാഹാരത്തില്‍ ഗുപ്തമായിരിപ്പുണ്ട്‌.

കുളി, ഗാന്ധര്‍വം എന്നീ‍കഥകള്‍ സവിശേഷശ്രദ്ധയര്‍ഹിക്കുന്നു‍. കുഞ്ഞുനാളുതൊട്ട്‌ പുഴയെ പ്രണയിച്ച, പുഴയോരത്തു ജനിച്ച, പുഴയില്‍കുളിച്ചു മതിവരാത്ത, വയസ്സായതോടെ കുളിക്കാന്‍ മേലാതായ, ഒരിക്കല്‍ നിനച്ചിരിക്കാതെ കുളിനിന്ന, ഒടുക്കം ആറ്റില്‍ പിണ്ഡച്ചോറായി മുങ്ങിത്താണ, മകന്‌ മഞ്ഞവെയിലിലെ കാക്കക്കുളിയും ഒരു ചരിഞ്ഞനോട്ടവും മാത്രം ബാക്കിയാക്കിയ പാവം ആറ്റുവക്കത്തെ ഭാരതിയുടെ കഥയാണ്‌ കുളി. കഷ്ടി ഒരപ്പേജില്‍ പറഞ്ഞ ഈ കഥ സൃഷ്ടിക്കുന്ന ഇഫക്ട്‌ വിശദീകരിക്കുക പ്രയാസം. അയല്‍പക്കത്തെ പയ്യന്‍ തന്റെ സഹപാഠിയെ ബലാത്സംഗം ചെയ്ത വാര്‍ത്തകേട്ട്‌, ആരെങ്കിലുമൊരാള്‍ തന്നെയും ബലാത്സംഗം ചെയ്തെങ്കില്‍ എന്ന്‌ ആത്മാര്‍ഥമായും ആഗ്രഹിച്ചുപോയ അമ്മൂമ്മയുണ്ട്‌ ഗാന്ധര്‍വത്തില്‍. ഗന്ധര്‍വനെക്കാത്ത്‌ വഴിക്കണ്ണുംനട്ടു‍കാത്തിരുന്ന അവരെ വന്ന് പിടിച്ചത്‌ ചുടലപ്പിശാച്‌. ആസക്തിയോ കുടുംബനിഷേധമോ സദാചാരനീര്‍ക്കുമിളയോ എന്തുമാവട്ടെ വിവക്ഷിതം, ഇതുണ്ടാ‍ക്കുന്ന ഞെട്ടല്‍ ചെറുതല്ല. നിഴല്‍രൂപങ്ങളെ കഥയില്‍ ലേഡീസ്‌ ഹോസ്റ്റലിന്റെ മതിലിനു പുറത്തുനിന്ന്‌ നഗ്നതാപ്രദര്‍ശനം നടത്തുകയും പിള്ളേരെക്കാണിച്ചുതന്നെ‍ സ്വയംഭോഗം ചെയ്യുകയും പതിവാക്കിയ ഒരമ്പതുകാരനെ കാണാം. കഥാകൃത്ത്‌ അയാളെ വീടുവരെ പിന്തുടര്‍ന്ന് അയാളുടെ കുടുംബത്തിലേക്കൊന്നെത്തിനോക്കുന്നുണ്ട്. ദുസ്വപ്നങ്ങളുടെ കരാളമായ വായിലേക്ക്‌, അകത്തുകയറിയാലടയുന്ന വധയന്ത്രത്തിലേക്ക്‌ നടന്നഭയം തേടുന്ന ഒരു പാവം മനുഷ്യന്‍. വിചിത്രമായൊരന്വേഷണമാണ്‌ ഈ കഥ.

പന്ത്രണ്ടാം മണിക്കൂര്‍ എന്ന കഥ ശിവകുമാറിന്റെ വളര്‍ച്ച അടയാളപ്പെടുത്തു ഒന്നാണ്‌. വല്ലപ്പോഴുമെങ്കിലും ഒന്നു‍ മദ്യപിച്ചും കവിയരങ്ങിനുപോയും ജീവിതത്തിനു വ്യത്യസ്തത നല്‍കാന്‍ ശ്രമിച്ച്‌ നടക്കാതെ പോയ ഒരു പാവം സര്‍ക്കാരുദ്യോഗസ്ഥന്‍ അനിവാര്യമായ മരണത്തിലേക്ക്‌ ഒരു ബസ്സില്‍ സഞ്ചരിക്കുന്ന ഈ കഥ ദുരന്തചിത്രീകരണത്തില്‍ കൈവന്ന സൂക്ഷ്മതയുടെ നിദര്‍ശനമാണ്‌. ഓരോ വാക്കിലും ദുരന്തദുശ്ശങ്ക നിറച്ചുവച്ചിരിക്കുന്നു‍. സോളമന്‍ ഗ്രണ്ടി എന്ന ക്രിസ്ത്യാനിയെക്കുറിച്ചുള്ള നഴ്സറി റൈം കുട്ടി‍കള്‍ പാടുന്നതുകേട്ട്‌ അതിന്റെ ദുരന്തബോധം വിശ്വാസത്തിന്റെ ദുരന്തമായേറ്റുവാങ്ങി വീട്ടി‍ലെത്തുന്ന അയാള്‍ അമ്മയുടെ അത്യാസന്നനിലയെപ്പറ്റിയുള്ള ടെലഗ്രാം കണ്ട് രാത്രി നേരംതെറ്റിവൊരു ബസ്സില്‍ക്കേറി യാത്രതിരിക്കുന്നതും ആ കന്നിട്രിപ്പ്‌ ഡ്രൈവറുടെ അപ്രതീക്ഷിതമരണത്തില്‍ ഒരു കൊക്കയില്‍ അവസാനിച്ച്‌ തലപിളര്‍ന്ന് മരിക്കുന്നതും അതീവകയ്യടക്കത്തോടെ ആഖ്യാനം ചെയ്തിരിക്കുന്നു‍ ഈ കഥ. കഥാന്ത്യം നോക്കുക: ആ മരണം യുക്തിഭദ്രമായിരുന്നു‍.. ബസ്‌ കൊക്കയിലെക്കുവീണ സന്ദര്‍ഭത്തില്‍ത്തന്നെ തൂക്കുമരത്തില്‍നിന്നിറക്കിക്കിടത്തിയ ശവത്തിലെപോലെ അയാളുടെ ഉടുവസ്ത്രത്തില്‍ അല്‍പം മലവും മൂത്രവും പുരണ്ടിരുന്നു.. അന്തിമമായൊരു മൂര്‍ഛയില്‍ സ്രവിച്ച ഒന്നുരണ്ട് തുള്ളി ശുക്ലവും. ഇതാ ഇയാള്‍ ജീവിച്ചിരുന്ന കാലം മുഴുവനും മരണത്തെ കാത്തിരുന്ന ഒരുവനായിരുന്നു എന്നു‍ വിളിച്ചുപറയുംപോലെ നെടുകെ പിളര്‍ന്നു‍പോയ ആ തലയുടെ ഓരോ കഷണത്തിലും ഒരു പകുതി പുഞ്ചിരിവീതം മയങ്ങിക്കിടന്നിരുന്നു.. മരണത്തെ കാത്തുകാത്തുള്ളിരിപ്പായി ഇവിടെ ജീവിതം തന്നെ‍ മാറിപ്പോയതായി നാം അറിയുന്നു‍. രാത്രി പുറപ്പെടാനായി മകനുറങ്ങും വരെ കാത്തിരുന്നി‍രുന്നു‍ അയാള്‍. മകനെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം തന്റെ വാര്‍ധക്യവും മരണവുമാണ്‌ അയാള്‍ ഓര്‍ക്കുക. അവന്‍ വിറയ്ക്കുന്ന കൈകളോടെ തനിക്ക്‌ ഉദകക്രിയ ചെയ്യുന്നത്‌. അകാരണമായ തേങ്ങലോടെ അവന്റെ കണ്ണുകളില്‍ ഉമ്മവച്ചാണ്‌ അയാള്‍ യാത്ര തുടങ്ങിയതെന്ന്‌ പിന്നീ‍ട്‌ ഒരുള്‍ക്കിടിലത്തോടെ നാം ഓര്‍ക്കുന്നു‍. മരണനിഴലിനെ ഇത്രയും ശക്തമായി ആവിഷ്കരിച്ച കഥകള്‍ കുറയും. ശിവകുമാറിന്റെ കഥകളെക്കുറിച്ചുള്ള അന്നത്തെ പൊതുബോധമപ്പാടെ ഈ കഥ മാറ്റിമറിച്ചിരിക്കാനിടയുണ്ട്‌. നന്തനാരുടെ, ഞാന്‍ മരിക്കുന്നു‍ എന്ന കഥ ഓര്‍മിച്ചുകൊണ്ടെഴുതിയ മരിച്ചവന്റെ ലോകത്ത്‌ മിച്ചമെന്ത്‌? എന്ന കഥയാണ്‌ മരണം പ്രമേയമായ മറ്റൊരു കഥ. എന്നാ‍ല്‍ നിര്‍മമതയാണ്‌ അതിന്റെ തനിമ. ആ നാട്ടി‍ലുള്ള ഒട്ടേറെ മനുഷ്യരുടെ ജീവിതത്തില്‍ കുത്തിനിറച്ചിട്ടു‍ള്ള ചപ്പുചവറുകള്‍ക്കിടയില്‍ നന്തന്റേതായി ചില ശേഷിപ്പുകള്‍ ഉണ്ടാ‍യിരുന്നു‍ എന്നതും നേരാണ്‌. കുത്തിക്കെട്ടഴിച്ച ഒരു പുസ്തകം, ഒരു മൂളിപ്പാട്ട്‌, അശ്ലീലം ചുവയ്ക്കുന്ന ഒരു കഥ, ഒരു കത്ത്‌, കണ്ണുനിരിന്റെ ചുവയുള്ള ഒരര്‍ധസ്മൃതി... അത്രമാത്രം. വിജനമായ ചതുപ്പില്‍ നിസ്സഹായമായി താണുപോകുന്ന കൈകള്‍പോലെ ക്രമേണ അവയും ഇല്ലാതായി. കഥയവസാനിക്കുന്നതിങ്ങനെ. എല്ലാ 'കഥകളും' ഒടുങ്ങുതിങ്ങനെതന്നെ.

ഒറ്റയെ സമാഹാരത്തിലെ കഥകളെല്ലാം എല്ലാംകൊണ്ടും വ്യതിരിക്തത പുലര്‍ത്തുന്നവയാണ്‌. പഴയ തമാശശൈലി അല്പം വ്യത്യാസത്തോടെ ശിവകുമാര്‍ തിരിച്ചുപിടിക്കുന്നുണ്ട്.. മകനേ, നമ്മുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണോ ഭാരതമാതാവ്‌ എന്നു‍ പണ്ടൊരുദിവസം സ്കൂള്‍വിട്ടുവന്നയുടനെ നീ ചോദിച്ചില്ലേ? എന്നാ‍രംഭിക്കുന്ന ഭാരതമാതാവ്‌ എന്ന കഥതന്നെ‍ ഉദാഹരണം. (ഹിഗ്വിറ്റയില്‍ പറയുംപോലെ) ഈ ആദ്യവാക്യം വായിച്ചപ്പോള്‍ത്തന്നെ ഒരു മുഴുവന്‍ കഥ തലയിലേക്കു കയറിയതായി അനുഭവപ്പെടുന്നുണ്ട്. ധാന്യപ്പുരയില്‍ എന്ന കഥയില്‍ മറ്റൊരു രചനാശൈലികാണാം. ഫാന്റസിയെ നര്‍മവുമായി കലര്‍ത്തു കയ്യടക്കം നിസ്സാരമല്ലതന്നെ..

ശിവകുമാറിന്റെ ഏറ്റവും പ്രിയപ്പെട്ട കഥയെന്ന വിശേഷണമുള്ള പ്രതിഷ്ഠ മരണത്തെയും സര്‍ഗാത്മകതയെയും അധികാരത്തെയുമൊക്കെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്.‌. ഫാന്റസിയെത്തയൊണ്‌ പ്രമേയപരിചരണത്തിന്‌ ഇവിടെയും കഥാകാരന്‍ ആശ്രയിക്കുന്നത്‌. അധികാരം/കല എന്നൊരു പ്രശ്നദ്വന്ദ്വം സൃഷ്ടിക്കപ്പെടുന്നുണ്ടി‍വിടെ. മരിച്ചു നിശ്ശബ്ദമായി ദൈവസിധിയിലേക്കു മാറ്റപ്പെടുന്ന ഒരാളിന്റെ ചരമചിന്തയെന്നതിനപ്പുറം, പൂര്‍ണതതേടുന്ന ശില്‍പിയുടെയും അധികാരിയുടെയും വ്യാമോഹമായും കലയെ വരുതിയിലാക്കാനുഴറുന്ന അധികാരത്തിന്റെ അശ്ലീലചിന്തയായുമൊക്കെ കഥ പരിണമിക്കുന്നു‍. അമ്മ വന്നു എന്ന കഥയാണ്‌ ശിവകുമാറിന്റെ മാസ്റ്റര്‍പീസെന്ന്‌ ചിലരെങ്കിലും വിചാരിക്കുന്നുണ്ട്. കുഞ്ഞുനാളില്‍ത്തന്നെ രോഗബാധയാല്‍ വൃദ്ധതുല്യനായി മാറി എട്ടാം വയസ്സില്‍ ജരാനരകള്‍ ബാധിച്ചുമരിച്ച രാമുവിന്റെ വളര്‍ച്ചയും വേലത്തരങ്ങളും അവസ്ഥാന്തരങ്ങളുമൊക്കെ ഭ്രമാത്മകമായി വിവരിക്കുന്ന ഈ കഥ ഒരുവേള അവന്റെ അമ്മയുടെ കഥയായിമാറുന്നുണ്ട്. പല അമ്മമാരുടെയും കഥ.

നേരത്തേ സൂചിപ്പിച്ചതുപോലെ, നാട്യങ്ങളില്ലെന്നതാണ്‌ വി പി ശിവകുമാറിന്റെ കഥകളെ പ്രസക്തമാക്കുന്നത്‌. അവ സ്വയം തുറന്നുവച്ചിരിക്കുന്നു‍. തുറന്നമനസ്സോടെ സംവദിക്കുന്നു‍. ഒരേ സമയം പ്രസാദാത്മകവും ദുരന്താത്മകവുമാകാന്‍ പലകഥകള്‍ക്കും കഴിയുന്നു‍. ഈ രണ്ടുഭാവങ്ങളും പരസ്പവിരുദ്ധമല്ലെന്നോ കൂടപ്പിറപ്പുകളാണെന്നോ ഒക്കെ തോന്നി‍യേക്കാം ശിവകുമാറിന്റെ കഥകള്‍ വായിക്കുമ്പോള്‍. അതികഥയെന്ന് വിളിക്കാവുന്ന, കഥതന്നെ‍ പ്രമേയമാകുന്ന മൂന്നു‍കഥാപാത്രങ്ങള്‍ എന്ന കഥ അവസാനിക്കുതിങ്ങനെ: സാരമില്ല, ഇനി ഒരു കഥാപാത്രമായി മാത്രമാണല്ലോ എന്റെ പ്രസക്തി. കഥാകൃത്തുതന്നെ പിന്നീ‍ടൊരു കഥാപാത്രമായി മാറ്റപ്പെടുന്നത്‌ ചിലപ്പോഴെങ്കിലും അനഭികാമ്യമാണെന്ന്‌ തോന്നി‍പ്പോകുന്നു‍.

Subscribe Tharjani |