തര്‍ജ്ജനി

സുനില്‍ കെ. ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

ലേഖനം

നോര്‍വെ: മള്‍ട്ടികള്‍ച്ചറലിസം പരാജയപ്പെട്ടോ?

നോര്‍വെയുടെ നോവുകളെക്കുറിച്ചുള്ള വിശകലനങ്ങളാല്‍ മീഡിയ നിറയുന്നത് പ്രധാനമായും എന്തുകൊണ്ട് നോര്‍വെയിലേത് ഒരു ഭീകരാക്രമണമായി വിശേഷിക്കപ്പെട്ടില്ല എന്ന ചോദ്യം കൊണ്ടാണ്. ബ്രൈവിക് എന്ന ആക്രമണകാരി - മാര്‍ക്സിസ്റ്റുകാരുടെ, മുസ്ലിമുകളുടെ, മള്‍ട്ടികള്‍ച്ചറലിസ്റ്റുകളുടെ മഷിയേല്‍ക്കാത്ത ഒരു നോര്‍വെ സ്വപ്നം കാണുന്നുവെന്ന് പറയുന്ന ക്രിസ്ത്യന്‍ ഫണ്ടമെന്‍റലിസ്റ്റ് - മുസ്ലിമായിരുന്നെങ്കില്‍ ഇസ്ലാമിക ഭീകരവാദത്തിന്റെ കരാളമുഖമായി ഓസ്ലോ ബോംബ് ചിത്രീകരിക്കപ്പെടുമായിരുന്നെന്നാണ് ചില അനലിസ്റ്റുകളുടെയെങ്കിലും അക്ഷരകലാപം. (അമ്പത് ലക്ഷം ജനസംഖ്യയുള്ള നോര്‍വെയില്‍ ഒരു ലക്ഷത്തോളം ഇസ്ലാം മതവിശ്വാസികളുണ്ട്). എന്തുകൊണ്ട് ബ്രൈവിക് മീഡിയാ ഭാഷയില്‍ ഗണ്‍മാന്‍ മാത്രമായി, ടെററിസ്റ്റ് ആയില്ല, ആക്രമണകാരി ബുദ്ധിസ്ഥിരതയില്ലാത്തയാളായി
ചിത്രീകരിക്കാനുണ്ടായതിലെ തിടുക്കം, നോര്‍വെയിലേക്ക് കുടിയേറിപ്പാര്‍ത്തവരുടെ കൂടെ സങ്കരമായാല്‍ തനത് നോര്‍വെ പങ്കിലമാകുമോ, അങ്ങനെ കലാപവിലാപങ്ങള്‍ നിറഞ്ഞു തുളുമ്പി.

ഈ വായനാകലാപത്തിനിടയില്‍, പക്ഷെ, ആനന്ദ് ഗിരിധരദാസ് ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ കുറിപ്പ് ശ്രദ്ധേയമെന്ന് തോന്നി. 1917-ല്‍ നൊര്‍വീജിയന്‍ എഴുത്തുകാരനായ നട്ട് ഹാംസന്‍ എഴുതിയ ഗ്രോത്ത് ഒഫ് ദ സോയില്‍ എന്ന നോവലിലെ നോര്‍വെ ഓര്‍ത്തെടുക്കുന്നു ഗിരിധരദാസ്. (നാഗരിഗകതയോട് പുറം തിരിഞ്ഞ് നിന്ന്, ജീവിതപൂര്‍ത്തീകരണം മണ്ണിലാണെന്ന മട്ടില്‍ എഴുത്ത് അര്‍പ്പിച്ചയാളാണ് ഹാംസന്‍. ആ എഴുത്തുകാരന്‍ സ്വജീവിതത്തിന്റെ പടവുകള്‍ കിളച്ചപ്പോഴൊക്കെ സിവിലൈസേഷനെ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തി. സാഹിത്യ നൊബേല്‍ 1920ല്‍).

'മണ്ണിന്റെ വളര്‍ച്ച'യില്‍ ചുവന്ന ഇരുമ്പുതാടിയുള്ള ഐസക്, വനത്തില്‍, മണ്ണില്‍, സ്വന്തം ആകാശവും ഭൂമിയും കണ്ടെത്തി. ആടുകളോടൊപ്പം ഒരു പെണ്ണും സ്വന്തമായി സസുഖം വാണു. നിലാവില്‍ ഉറങ്ങി. ഐസക്കിന്റെ മണ്ണും പെണ്ണും വിണ്ണും ഐസക്കിന്‍റേതായിരുന്നു. തികച്ചും സ്വാശ്രയം. ആ ലോകത്തേക്ക് ഗവണ്‍മെന്റ് വന്നു,ബ്യൂറോക്രസി വന്നു, ക്രമം വന്നു. അവര്‍ അതിര്‍ത്തികളെക്കുറിച്ചും നികുതിയെക്കുറിച്ചും വാര്‍ഷികതവണകള്‍ വരിസംഖ്യാദികള്‍ എന്നിവയെക്കുറിച്ചും സംസാരിച്ചു. ഐസക് ഒടുവില്‍ ഒപ്പുവച്ചു - ഈ ഭൂമി നടത്തിക്കൊണ്ടു പോകാന്‍ അനുമതിയുണ്ടാകണം എന്നെഴുതിയതിന് താഴെ. ഐസക്കിന്റെ മേല്‍ നിഴല്‍വീഴ്ത്തിയ 'അവര്‍' പക്ഷെ വര്‍ദ്ധിക്കുകയായിരുന്നു. ദൂരെ മറ്റിടങ്ങളില്‍ നിന്നും വന്നവര്‍ അയാളെ ഭ്രാന്ത് പിടിപ്പിച്ചു.

ഗ്രോത്ത് ഒഫ് ദ സോയില്‍ ഉദ്ധരിച്ച് ഗിരിധരദാസ് പറയുന്നു: വരുമാനവും നികുതിയും കൂടുതലായ നോര്‍വെയില്‍ മനുഷ്യര്‍ സൃഷ്ടിച്ച ഓര്‍ഡര്‍, ഐസക്ക് വെറുത്ത ക്രമം, ഇപ്പോള്‍ ആ രാജ്യത്തിന്റെ രക്ഷക്കെത്തിയിരിക്കുന്നു. മദ്യശാലകള്‍ കുറവ്, ചെറുകിടവ്യാപാരങ്ങള്‍ക്ക് പോലും പ്രത്യേക ലൈസന്‍സ് വേണമെന്ന് ഗവണ്‍മെന്റ്. ജനങ്ങളെ അവരില്‍ നിന്ന് രക്ഷിക്കാനാണ് സര്‍ക്കാര്‍ നിയമങ്ങളുണ്ടാക്കിയതെന്ന് ഒരു മദ്ധ്യവയസ്ക്ക ഗിരിധരദാസിനോട് പറഞ്ഞു. നോര്‍വെ ഭൂതത്തെ പഴിക്കാതെ മുന്നോട്ടുനീങ്ങുന്നു എന്ന് പറഞ്ഞ് ഗിരിധരദാസ് കുറിപ്പ് അവസാനിപ്പിക്കുന്നു.

നോര്‍വെ സര്‍ക്കാര്‍ മള്‍ട്ടികള്‍ച്ചറലിസം അനുവദിക്കുന്നു. അതിനാലാണല്ലോ 'ഗണ്‍മാന്‍' ഒരു സര്‍ക്കാര്‍ ഓഫീസ് ബോംബ് വച്ചത്. ബ്രൈവിക് എരിച്ചൊടുക്കിയ ദ്വീപില്‍ ഏറിയവരും കുടിയേറ്റക്കാരുടെ പിന്‍തലമുറക്കാരായിരുന്നു. നോവലിലെ ഐസക് ബ്രൈവിക്കിലൂടെ അവതരിച്ചോ? അത് വായനക്കാരുടെ പല അടരുകളിലുള്ള വായനക്ക് വിടാം. പക്ഷെ സംസ്ക്കാരവൈവിദ്ധ്യം ഒരു ബ്രൈവിക്കിനാല്‍ പരാജയപ്പെടാനുള്ളതല്ല.

Subscribe Tharjani |